Begin typing your search above and press return to search.
proflie-avatar
Login

'തൊ​​ട്ടു​​പോ​​വ​​രു​​ത്' ; കെ.ഇ.എൻ എഴുതുന്നു

വർത്തമാനകാലത്ത് വെറുപ്പ് അതിവേഗം പടർത്തിക്കൊണ്ടിരിക്കുകയാണ് ഹിന്ദുത്വ ഫാഷിസ്റ്റുകൾ. രാമനവമി, ഹനുമാൻ ജയന്തി ആഘോഷങ്ങളുടെ മറവിൽ മുസ്ലിംകളുടെ ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുന്നു. ഐക്യത്തിന്റെ ആഘോഷമായിരുന്ന ഉത്സവങ്ങൾ എങ്ങനെയാണ് നമുക്ക് അങ്ങനെ അല്ലാതായി തീർന്നത്? നമുക്ക് മുന്നിലെ മാതൃക ആരാണ്?

തൊ​​ട്ടു​​പോ​​വ​​രു​​ത് ; കെ.ഇ.എൻ എഴുതുന്നു
cancel

ഒ​​ന്ന്

''ക​​ഥ​​ക​​ളെ​​ഴു​​തി, നാ​​ട​​ക​​ങ്ങ​​ളെ​​ഴു​​തി, പാ​​ട്ടു​​ക​​ളെ​​ഴു​​തി, തി​​ര​​ക്ക​​ഥ​​ക​​ളെ​​ഴു​​തി... അ​​ങ്ങ​നെ പ​​ല​​തും. സ്വ​​ന്തം മാ​​ധ്യ​​മ​​മെ​​ന്താ​​ണെ​​ന്ന് തി​​രി​​ച്ച​​റി​​യാ​​നു​​ള്ള ശ്ര​​മ​​ത്തി​​ൽ എ​​ഴു​​തി​​പ്പോ​​യ ക​​ഥ​​ക​​ളാ​​ണി​​വ'' - കെ.​ടി. ​മു​​ഹ​​മ്മ​​ദ് (കെ.​ടി​​യു​​ടെ ക​​ഥ​​ക​​ൾ)

നാടകപ്രതിഭയെന്ന നിലയിൽ, മലയാളിസമൂഹത്തിൽ നിറഞ്ഞുനിൽക്കുന്ന കെ.ടിയുടെ, 'കണ്ണുകൾ' എന്ന കഥയാണ്, കഥാകൃത്ത് എന്ന നിലയിൽ കെ.ടിയെക്കുറിച്ച് പരാമർശിക്കുമ്പോൾ പൊതുവിൽ എടുത്തുപറയാറുള്ളത്. 1951ൽ ലോക കഥാമത്സരത്തിൽ ഒന്നാംസമ്മാനം ലഭിച്ചതോടുകൂടിയാണ്, ആ കഥ അത്രമേൽ പ്രശസ്തമായത്. എന്നാൽ ഇന്ത്യ-പാക് വിഭജന പശ്ചാത്തലത്തിൽ കെ.ടി എഴുതിയ, കഥയെന്ന അർഥത്തിൽ അത്രമേൽ അന്ന് ശ്രദ്ധിക്കപ്പെടാതിരുന്ന, മതവും ചെണ്ടയും ഇന്ന്, അന്നത്തേക്കാളേറെ ശ്രദ്ധാപൂർവം വായിക്കപ്പെടേണ്ട കഥകളിലൊന്നായി മാറിയിരിക്കുന്നു. കാലപ്രവാഹത്തിൽ എന്തിന്റെയും പ്രാധാന്യവും പ്രസക്തിയും കൂടുകയും കുറയുകയും ചെയ്യാമെന്ന സാമൂഹികശാസ്ത്ര തത്ത്വത്തിന്റെ സ്ഥിരീകരണമാണ്, മറ്റെന്തുമെന്നപോലെ ആ കഥയുടെ സ്ഥാനക്കയറ്റവും!

കെ.ടിയുടെ മറ്റ് കഥകളിൽനിന്ന് ആ കഥയെ മാത്രം കാലം പ്രത്യേകം തിരഞ്ഞെടുക്കാനിടയാക്കിയത്, ഉത്സവങ്ങൾക്കിടയിൽനിന്നു പോലും ബുൾഡോസറുകൾ ചിരിക്കുന്ന ഒരവസ്ഥയാണ്. രാമനവമി, ഹനുമാൻ ജയന്തി ആഘോഷങ്ങളുടെ മറവിൽ രാജസ്ഥാനിലെ കരൗലിയിൽനിന്നും മധ്യപ്രദേശിലെ ഖാർകോണിൽനിന്നും ഡൽഹിക്കടുത്തുള്ള ജഹാംഗീർപുരിയിൽനിന്നും വരുന്ന വാർത്തകൾ അസ്വസ്ഥതകൾ മാത്രം വിതച്ചാണ് മുന്നേറുന്നത്. മുമ്പ് വർണശബളമായ കരിമരുന്ന് പ്രയോഗങ്ങൾക്കും കുഴൽവിളികൾക്കും വാദ്യമേളങ്ങൾക്കും ഒത്തുചേരലുകൾക്കും അവസരമൊരുക്കി മനസ്സുകളിൽ ആഹ്ലാദം മുളപ്പിച്ച് കടന്നുപോയ അതേ ഉത്സവങ്ങൾ തന്നെയാണ് ഇപ്പോൾ ത്രിശൂലവും വാളും കൊലവിളിയുമായി തെരുവിൽ നവഫാഷിസ്റ്റ് ശക്തികളുടെ നേതൃത്വത്തിൽ മാർച്ച് നടത്തുന്നത്. പൂക്കളങ്ങൾ കൊലക്കളങ്ങളാവുമ്പോൾ, വിസ്മയം സൃഷ്ടിക്കുന്ന വാദ്യമേളങ്ങൾ കുറ്റവാളികളാകും. കെ.ടിയുടെ കഥയിലെ ചെണ്ടയെ വില്ലനാക്കിയത് മതമാണ്. എന്നാൽ, അത്ഭുതം! സംഘർഷമുണ്ടാവാൻ സാധ്യതയുണ്ടായിരുന്ന ഒരവസ്ഥയെപ്പോലും മനുഷ്യജീവിതത്തിെന്റ അനാവശ്യഭാരം കുറയ്ക്കുന്നൊരു നർമത്തിലൂടെ, സൗഹൃദമാക്കി ആ കഥക്ക് മാറ്റാനായി! മലപോലെ വന്നത് മഞ്ഞുപോലെ പോയി എന്നൊരാശ്വാസം പങ്കുവെക്കാൻ, കെ.ടി സ്വന്തം കഥക്ക് ആദ്യം ഇടാനുദ്ദേശിച്ചിരുന്ന പേര്, മലയും മഞ്ഞും എന്നായിരുന്നു. എന്നാലൊരു രണ്ടാംവട്ട ആലോചനയിലാണ് ആ പേര് മതവും ചെണ്ടയും എന്നായി മാറിയത്.

കുറച്ച് കൊല്ലങ്ങൾക്കു മുമ്പ് ഞങ്ങളുടെ നാട്ടിൽ നടന്ന ഒരു സംഭവമാണ് ഈ കഥ. ഇതിൽ മതവും ചെണ്ടയുമുണ്ട്. സംഭവം രണ്ടിെന്റയും പരസ്പര സംഘട്ടനമാണ്. മറ്റു ചിലതുകൂടി നിങ്ങളിതിൽ കണ്ടേക്കും; കുറെ കത്തികളും കഠാരകളും വടികളും. പിന്നെ ഹിന്ദുക്കളെന്നും മുസ്ലിംകളെന്നും പറയുന്ന കുറെ മനുഷ്യരും. എന്നാൽ നിങ്ങളിവിടെ മതത്തിെന്റ മാഹാത്മ്യവും ചെണ്ടയുടെ ശബ്ദവും മാത്രം ശ്രദ്ധിച്ചാൽ പോരാ; ആ സംഘട്ടനത്തിെന്റ അനന്തര ഫലത്തെക്കൂടി നോക്കേണ്ടതുണ്ട്. എന്നുവെച്ചാൽ കട്ടപിടിച്ച മനുഷ്യരക്തവും കുറെ മൃതശരീരങ്ങളും മാത്രം പ്രതീക്ഷിച്ചുകൊണ്ടിരുന്നാൽ പോരാ എന്നർഥം. അതിെന്റ അപ്പുറത്തേക്കും കാര്യങ്ങളുണ്ടാവാം. തീർച്ചയായും കാര്യങ്ങളുണ്ട്...(മതവും ചെണ്ടയും)

വിശ്വാസികളാവൂ മനുഷ്യരാവൂ എന്നോ, മതം ഉപേക്ഷിക്കൂ മനുഷ്യരാകൂ എന്നോ അല്ല, എങ്ങനെയായാലും മനുഷ്യരാവൂ എന്നാണ് കെ.ടി കഥ ആവിഷ്കരിക്കുന്നത്. നിങ്ങളുടെ നേർച്ച പോലുള്ള ഉത്സവങ്ങളുടെ ഭാഗമായി നിങ്ങൾക്ക് ബഹളംവെക്കാമെങ്കിൽ, ഞങ്ങൾക്ക് ഞങ്ങളുടെ ക്ഷേത്ര ഉത്സവകാലത്തും ബഹളം വെക്കാൻ അവകാശമുണ്ടെന്ന ന്യായമായ തർക്കമാണ് കഥയിൽ വിവരിക്കുന്ന കാര്യങ്ങളെ സംഘർഷത്തിലേക്ക് നയിച്ചത്.

ജഹാംഗീർപുരി സി ​ബ്ലോക്കിൽ കടകളും​ കെട്ടിടങ്ങളും തകർക്കാൻ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ എത്തിച്ച ബുൾഡോസർ തടയുന്ന സി.പി.എം നേതാവ് വൃന്ദ കാരാട്ട്

അപരം സൃഷ്ടിക്കപ്പെടുന്നതോടെ ന്യായം പോലും അന്യായവും തുടർന്ന് ആക്രമവുമായി തീരുന്നതാണ്, ആ കഥയിൽ ആദ്യം കാണുന്നതെങ്കിൽ, സഹൃദയത്വം അതിനെ എപ്രകാരം അതിവർത്തിക്കുന്നു എന്നതാണ് പിന്നീട് അതിൽ കാണുന്നത്! കൊള്ളരുതായ്മ പള്ളിക്കാകാമെങ്കിൽ, ക്ഷേത്രത്തിനുമാവാമെന്ന് പറയുന്നതിലൂടെ, കൊള്ളരുതായ്മക്ക് കരുത്ത് ഇരട്ടി വർധിക്കുകയാണെന്ന, നീതിബോധത്തിെന്റ കണക്കാണ്, കെ.ടി കഥയിൽ കവിതയായി നിറയുന്നത്!

നിങ്ങളുടെ ഭാഗത്തു ന്യായമില്ല. പാടില്ലെങ്കിൽ ആർക്കും പാടില്ല. കുട്ടികൾ പറയുന്നത് ശരിയാ... എന്നും, ഞങ്ങളുടെ ഉത്സവത്തിന്റന്ന് ഈ പള്ളിയുടെ മുമ്പീക്കൂടി ഞങ്ങള് ഹിന്ദുക്കളാണെങ്കി ഇതു സത്യം...ഞങ്ങള് മുട്ടീംകൊണ്ട് പോകാതിരിക്കൂല എന്ന് പ്രത്യക്ഷത്തിൽ ഭീഷണി മുഴക്കുന്ന ശങ്കരൻകുട്ടി നായരാണ്, തെന്റ സഹൃദയത്വംകൊണ്ട്, ഹിന്ദു-മുസ്ലിം സംഘർഷത്തെ സൗഹൃദത്തിലേക്കുയർത്തുന്നത്. കെ.ടിയുടെ കഥയിൽ മതവും ചെണ്ടയും പള്ളിയും ക്ഷേത്രവും നേർച്ചയും ഉത്സവവും, മരിച്ചാളീം മക്കളെ... എന്ന് ആഹ്വാനം ചെയ്യുന്ന അബ്ദുറഹിമാൻ ഹാജിയും, ഒന്നും വിട്ടുകൊടുക്കാത്ത അപ്പുക്കുട്ടനും, വേലായുധനും കലഹത്തിനപ്പുറം നിലകൊള്ളുന്ന പള്ളി ഇമാമായ അസ്സയിൻ കുട്ടി മുസ്‍ല്യാരും എല്ലാമുണ്ടായിട്ടും, കഥയിൽ കെ.ടി ഒരൊറ്റയാളെക്കുറിച്ച് മാത്രമാണ്, സഹൃദയൻ എന്ന് പറഞ്ഞിട്ടുള്ളത്. അത് പള്ളിക്ക് മുമ്പിൽ ചെണ്ടമുട്ടാൻ സമ്മതിക്കുകയില്ലെന്ന് ശഠിച്ചവരോട്, ഞങ്ങൾ ഹിന്ദുക്കളാണെങ്കി മുട്ടീംകൊണ്ട് പോവും എന്ന് പറഞ്ഞ ശങ്കരൻ നായരെ മാത്രമാണ്.

കഥയിലെ നാടകീയമായ വഴിത്തിരിവാണ് ആ ''മുട്ടീംകൊണ്ട് പോവും'' എന്ന ധീരപ്രയോഗത്തിൽ വിസ്മയപ്പെട്ടത്. ഒടുവിൽ പ്രതീക്ഷിക്കപ്പെട്ട ആ സംഘർഷ സമയമായി. എട്ടുമണി. അതാ ശങ്കരൻകുട്ടി നായരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുമായി ഘോഷയാത്ര വരുന്നു. ആകെ വല്ലാത്തൊരു നിശ്ശബ്ദത. അപ്പോഴാണ് കൊല്ലിനും കൊലക്കും വേണ്ടി പള്ളിക്കുമുമ്പിൽ തടിച്ചുകൂടിയവരുടെ ചുണ്ടിൽ ചിരി പടർന്നത്. അതിലൊരാൾ ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു. ''അതാ ശങ്കരൻകുട്ടിനായർ പള്ളീെന്റ മുമ്പിൽകൂടി മുട്ടീംകൊണ്ട് പോണ്...'' അപ്പോൾ ശങ്കരൻകുട്ടിനായരും പറഞ്ഞു. ഞാൻ പണ്ടും അേത്ര പറഞ്ഞുള്ളൂ. പള്ളിയുടെ മുമ്പിൽകൂടി മുട്ടീംകൊണ്ട് ഞാൻ പോകും. അതു ഞാൻ ചെയ്തു. കഥ അവസാനിക്കുന്നിടത്ത് ഇങ്ങനെ: അയാളുടെ തലയിൽ ഒരു മാവിെന്റ മുട്ടിയാണുണ്ടായിരുന്നത്.

അപ്രസക്തമായ മതകലഹമെന്ന കീറാമുട്ടിയെ വികാരഭീകരതയുടെ മഴു എടുക്കാതെയും സുഖമായി കീറാനാവുമെന്ന് ഒരു കഥയിലൂടെ പതിറ്റാണ്ടുകൾക്കു മുമ്പ്, അനുഭൂതിസാന്ദ്രമായി, നർമമധുരമായി കെ.ടി ആവിഷ്കരിച്ചു.

എന്നാലിന്നും കേരളം ചേട്ടയെ അകത്തിരുത്തി ഭഗവതിയെ പുറത്താക്കി വാതിലടയ്ക്കുകയും അതേ ചേട്ടക്ക് ശക്തിപകരുംവിധമുള്ള ബോർഡ് വെക്കുകയും ചെയ്യുന്ന തിരക്കിലാണ്. അഹിന്ദുക്കൾക്ക് പ്രവേശനമില്ല, അമുസ്ലിംകൾക്ക് പ്രവേശനമില്ല എന്ന ബദലുക്കുബദൽ ബോർഡുകൾ ദേവാലയത്തിെന്റ മുമ്പിലുയരുമ്പോൾ, ദൈവകാരുണ്യം രണ്ടിടത്തും കുറയാനാണ് സാധ്യത! അഹിന്ദുക്കൾ എന്ന ബോർഡ് ചിലയിടങ്ങളിൽ വ്യക്തതക്കു വേണ്ടിയാവാം, ഒന്നുകൂടി കുറുകി മുസ്‍ലിംകൾ എന്ന് കൃത്യമായി തീർന്നിരിക്കുന്നു! സാധാരണഗതിയിൽ, ഒരു മതവിശ്വാസിയും ഇതര മതവിശ്വാസികളുടെ ആരാധനാലയങ്ങളിലേക്ക്, സർവർക്കും സ്വാഗതം എന്ന ബോർഡ് വെച്ചാൽപോലും കയറില്ല. എന്നിട്ടല്ലേ, അല്ലാതെ കയറുന്നത്?

പിന്നെ ഈയടുത്ത് പുറത്തിറങ്ങിയ സുജിത്ലാൽ സംവിധാനവും, ബിനുലാൽ ഉണ്ണി തിരക്കഥയും എഴുതിയ ശ്രദ്ധേയമായ രണ്ട് എന്ന സിനിമയിൽ പറയുംവിധം വല്ല പ്രാഥമിക ആവശ്യങ്ങളും നിർവഹിക്കാൻ, അത്രമേൽ അനിവാര്യമായതിനാലും, വേറൊരു വഴിയില്ലാത്തതിനാലും കയറിയതാണെങ്കിൽ, അതിെന്റപേരിൽ അവരോട് കയർക്കുന്നത് അങ്ങേയറ്റം നിന്ദ്യവുമാകും.

ഇടശ്ശേരി മുമ്പെഴുതി: വെളിച്ചം തൂകീടുവോളം പൂജാർഹം താനൊരാശയം..! എന്നിട്ടും ചിലർ ആരാധനാലയങ്ങളിൽനിന്ന് ഉള്ള വെളിച്ചത്തെപ്പോലും തല്ലിയിറക്കി അവിടെ അവരവരുടെ സ്വന്തം ഇരുട്ടിനെ കുടിയിരുത്തുന്ന തിരക്കിലാണ്.


സാധാരണ മുട്ടികളെപ്പോലും, കീറാമുട്ടികളാക്കാനുള്ള തീവ്ര ശ്രമത്തിലാണ് അവർ വ്യാപൃതരാവുന്നത്. എന്നാൽ സങ്കുചിതമാവുന്ന വിശ്വാസത്തിന് സ്വപ്നം കാണാനാവാത്ത വിസ്തൃതിയിലേക്കാണ്, സൗന്ദര്യശാസ്ത്രം വഴി തുറക്കുന്നത്. വികാരഭീകരതകളുടെ കീറാമുട്ടി അതോടെ പരസ്പരം കെട്ടിപ്പുണരുന്ന കൃഷ്ണൻകുട്ടിയും മമ്മൂട്ടിയുമായി മാറും! അപ്പോഴുണ്ടാവുന്നൊരു അപൂർവ സൗരഭ്യമാണ് കെ.ടിയുടെ കഥ പകുക്കുന്നത്. എല്ലാ ആരാധനാലയങ്ങളും എല്ലാവർക്കും എന്ന് പറയാനാവുംവിധമെങ്കിലും മനുഷ്യർ വളർന്നാൽ വെറും കെട്ടിടങ്ങളായി ചുരുങ്ങാതെ, ആരാധനാലയങ്ങളും കോരിത്തരിക്കും!

ഉൗർജം ഉൽപാദിപ്പിക്കേണ്ട, ഉത്സവങ്ങൾ പോലും ചോരയും കണ്ണീരുമൊഴുക്കുന്നൊരു, ഇപ്പോഴത്തെ ഇന്ത്യനവസ്ഥകൂടി കണ്ടതിനു ശേഷമായിരുന്നെങ്കിൽ, ചോംസ്കി, ഇന്ത്യ ഇത് അതിഭയാനകം എന്ന് കുറച്ചുമുമ്പ് പറഞ്ഞതിനുമപ്പുറം പറയേണ്ടിവരുമായിരുന്നു. രണ്ടു കൈയുമില്ലാത്ത വാസംശേഖ് മധ്യപ്രദേശിലെ ഖാർഗോണിൽ, പൊലീസിനെ കല്ലെറിഞ്ഞതിെന്റ പേരിൽ അറസ്റ്റ് ചെയ്യപ്പെടുന്നു! പതിറ്റാണ്ടുകളായി ദുരിതനടുവിൽ കഷ്ടപ്പെട്ടു ജീവിക്കുന്ന വീടുകളെ ബുൾഡോസറുകൾ ഇടിച്ചുവീഴ്ത്തുന്നു! റോഹിങ്ക്യൻ മോഡൽ മുസ്ലിം വംശഹത്യ നടത്തുന്നവർക്ക്, ആത്മീയ മാഫിയ തലവന്മാർ ഒരു കോടിരൂപ സമ്മാനമായി പ്രഖ്യാപിക്കുന്നു. ഇതെല്ലാം കണ്ടിട്ടും ഒന്നും കാണാതെ അശ്ലീലമായി മാറുന്ന മൗനങ്ങളിൽ അധികാരികൾ അഭിരമിക്കുന്നു. അപ്പോഴാണ് മതനിരപേക്ഷതയെ തൊട്ടുപോകരുത് എന്ന നീതിയുടെ ശബ്ദം തലസ്ഥാനനഗരിയെ മഹത്ത്വപ്പെടുത്തിയത്. ആയൊരു ശബ്ദം കേൾക്കാനായി പീഡിത മതസമൂഹങ്ങൾ എത്രയോ കാലമായി പ്രതീക്ഷാപൂർവം കാത്തിരിക്കുകയായിരുന്നു. ആ സ്വപ്നശബ്ദമാണ്, ജഹാംഗീർപുരിയിൽ ഫാഷിസ്റ്റ് മുരൾച്ചകൾക്കും ബുൾഡോസർ അലർച്ചകൾക്കും മുകളിൽ സഖാവ് വൃന്ദാകാരാട്ട് ഉയർത്തിയത്. സംഘർഷകാലത്ത് ഇന്ത്യൻ മതനിരപേക്ഷത നിർവഹിച്ച പ്രതീകാത്മക പ്രതിരോധത്തിെന്റ കവിതയായി ആ തൊട്ടുപോകരുത് എന്നുള്ളതിനെ ഭാവികാലവും അഭിമാനത്തോടെ നിവർന്നുനിന്ന് അഭിവാദ്യം ചെയ്യും. എന്നാൽ, പ്രതീകാത്മക പ്രതിരോധങ്ങൾ, മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിരന്തര ജനകീയ സമരങ്ങളായി വളരുന്നില്ലെങ്കിൽ, നമ്മുടെ ജീവിതം, ഭയങ്ങളിൽ സ്തംഭിക്കും.

രണ്ട്

ടി.പി. വേണുഗോപാലെന്റ ഭയപ്പാടം എന്ന ശ്രദ്ധേയമായ കഥാസമാഹാരം പങ്കുവെക്കുന്നത്, അങ്ങനെയുണ്ടാവാനിടയുള്ളൊരു ഭയസംഭ്രമങ്ങളുടെ ഇരുണ്ട ലോകമാണ്. ജനാധിപത്യം ഭയാധിപത്യമായി മാറുമ്പോൾ, നട്ടെല്ലിലേക്കുവരെ ഭീതിയുടെ മരവിപ്പ് പടരും. പഴയ തർക്കശാസ്ത്രം അനശ്വരമാക്കിയ ആ കയറിൽ മാത്രമല്ല, വാക്കുകളിൽപോലും പുതിയകാലം അപ്പോൾ പാമ്പുകളെ കണ്ടുതുടങ്ങും.

ക്രയവിക്രയങ്ങൾക്ക് ഇനി മുതൽ പണത്തിനു പകരം ഭയം ഉപയോഗിക്കണമെന്നും, അവശ്യവസ്തുക്കളുടെ വിലയിടിയുന്നത് കൺമുന്നിൽ കാണാമെന്നും ഉള്ള രാജവിളംബരം പാതിരക്കാണ് പറകൊട്ടി പ്രജകളെ അറിയിച്ചത്. പണമിടപാട് സ്ഥാപനങ്ങൾ അതോടെ ഭയമിടപാട് സ്ഥാപനങ്ങളായി.

ഭയച്ചാക്കുകൾ അട്ടിവെച്ച കൂറ്റൻ കണ്ടെയ്നറുകൾ ഖജനാവ് ലക്ഷ്യമാക്കി പാഞ്ഞു. രാജസേവകർക്കും പരികർമികൾക്കും വേതനം കിട്ടിയത് റബർബാന്റിട്ട ഭയക്കെട്ട്. പാടത്തും പറമ്പത്തും പണിയെടുക്കുന്നവർക്ക് അന്തിക്ക് കൂലി ഭയപ്പൊതി. പലഹാരക്കടയിലും പലചരക്കു കടയിലും പോകുന്നവർ പേഴ്സിൽ ഭയം കുത്തിത്തിരുകി. മരുന്നുശാലക്കുമുന്നിൽ രോഗികൾ ഭയവുമായി വരിനിന്നു. പിച്ചക്കാർക്ക് നൽകാനായി വീട്ടുകാർ ഭയം ചില്ലറയാക്കി വെച്ചു.

മുറുക്കാൻ കടക്കാരൻ മുകുന്ദേട്ടെന്റ പെട്ടിയിൽ വൈകീട്ട് നിറഞ്ഞത് ഭയം. ബാഹുലേയൻ മുതലാളി കളത്തിലിറക്കിയത് നിലവറയിൽനിന്നെടുത്ത പൂത്ത ഭയം. മനോരോഗ വിദഗ്ധൻ വാരിജാക്ഷെന്റ തുകൽബാഗിൽ വിയർപ്പിലും കണ്ണീരിലും കുതിർന്ന ഭയം. ബിവറേജസിെന്റ മേശവലിപ്പിൽ, നുരഞ്ഞു പൊന്തിയ ഭയം.

പത്രക്കാരനും പാൽക്കാരനും മാസാവസാനം രശീതിനൽകി വാങ്ങിയത് ഭയം. ക്ഷേത്രഭണ്ഡാരത്തിലും വഴിപാട് കൗണ്ടറിലും ഭയത്തിെന്റ കൂമ്പാരം. കുട്ടികൾക്ക് പോക്കറ്റ്മണിയായി കിട്ടിയത് ഭയം. പട്ടാളക്കാരനായ മകൻ പോേസ്റ്റാഫിസു വഴി അമ്മക്കയച്ചുകൊടുത്തത് ഭയം. എഴുത്തുകാർക്ക്, കഥക്കും കവിതക്കും റോയൽറ്റി കിട്ടിയത് ഭയം.

ഭയാധിപത്യത്തിെന്റ ലഹരിയിൽ നാടും നഗരവും ഉണർന്നു.

രാജവിളംബരം അക്ഷരംപ്രതി നടപ്പായതിൽ അധികാരികൾ ഊറ്റംകൊണ്ടു. ചുരുങ്ങിയ നാളുകൾക്കുള്ളിൽ, അവശ്യവസ്തുവായി മാറിക്കഴിഞ്ഞ മനുഷ്യമാംസം മാർക്കറ്റുകളിൽ സുലഭമായും സൗജന്യമായും കിട്ടിത്തുടങ്ങിയല്ലോ. (ഭയാധിപത്യം ടി.പി. വേണുഗോപാലൻ: ഭയപ്പാടം)

കക്ക നീറ്റിക്കൊടുക്കപ്പെടും, കുതിർത്ത അരി വറുത്ത് പൊടിച്ച് കൊടുക്കപ്പെടും, ഹരജികൾ തയാറാക്കി കൊടുക്കപ്പെടും എന്നിങ്ങനെയുള്ള അറിയിപ്പുകളാണ് മുമ്പ് നാം വായിച്ചിരുന്നത്. അതൊരു സമാധാന കാലമായിരുന്നു. കുരുതിക്കളങ്ങൾക്ക് കുറുകെപോലും അന്ന് സ്നേഹക്കിളികൾ പറന്നിരുന്നു. ആ കാലം അപ്രത്യക്ഷമാവുകയാണ്.

മനുഷ്യരെ ചുട്ട് കൊടുക്കപ്പെടും, ഭ്രൂണം കുന്തത്തിൽ കോർത്ത് കൊടുക്കപ്പെടും, തല വെട്ടിപ്പിളർത്തി കൊടുക്കപ്പെടും, ഏത് മൂത്രപ്പുരയിലും കാമറകൾ വെച്ചുകൊടുക്കപ്പെടും എന്നിങ്ങനെയുള്ള അജ്ഞാത കേന്ദ്രങ്ങളിൽനിന്നുള്ള അറിയിപ്പുകളാണ് പിറകെ വന്നത്. അന്ന് കളിക്കളങ്ങളിൽ, ഭയങ്ങൾ മാത്രം കളിക്കാനിറങ്ങി, പിന്നെ അവിടെനിന്ന് പുളകത്തിെന്റ പൂക്കളൊന്നും വിരിഞ്ഞതേയില്ല. അനുരാഗികളുടെ ആകാശങ്ങളിൽപോലും നക്ഷത്രങ്ങൾ തെളിഞ്ഞില്ല. കുഞ്ഞുങ്ങളുടെ കൊഞ്ചലുകളിലെ ഈണംവരെ വിതുമ്പലുകൾക്കിടയിൽ മുറിഞ്ഞുപോയി. ഒരിക്കൽ ഉള്ളം കുളിർപ്പിച്ചിരുന്ന വാക്കുകളൊക്കെയും കഴുത്തറുക്കുന്ന വാളുകളായി! സമാധാനത്തെക്കുറിച്ചുള്ള അസ്വസ്ഥ സ്വപ്നങ്ങൾ ബാക്കിവെച്ച് അക്കാലവും നിലവിളിച്ച് കടന്നുപോയി.

താടി വളർന്നത് പെെട്ടന്നായിരുന്നു

നെറ്റിയിൽ ഭസ്മവും കുങ്കുമവും പ്രത്യക്ഷപ്പെട്ടു

ഉടുപ്പും പുതപ്പും കാവിനിറമായി

കൈയിൽ ത്രിശൂലവും വന്നുചേർന്നു

ചുണ്ടിൽ രാമനാമവും.

പിന്നീടാണ് ആഹാരരീതി മാറിയത്.

അത്താഴം, ശിശുക്കളുടെ മാംസമായി

ദാഹം തീർക്കാൻ മുതിർന്നവരുടെ രക്തവും

അങ്ങനെയാണ് ഞങ്ങളുടെ നഗരങ്ങളെല്ലാം കാടുകളായത്

ഗുഹകളിലിരുട്ടകറ്റാൻ

ഇപ്പോൾ ഞങ്ങൾ മനുഷ്യരെ കത്തിക്കുന്നു

ഹാ, എന്തൊരു കൊതിപ്പിക്കുന്ന സുഗന്ധം (നരഭോജികൾ- സച്ചിദാനന്ദൻ)

സത്യം ശ്വസിച്ചും സമത്വമാർന്നും/ സ്നേഹസത്തു നുകർന്നും കൃതാർഥരായി/ സദ്ധർമത്തൂടെ ചരിക്കട്ടെ മാനവ–/രിദ്ധര സ്വർഗമായ് തീർന്നിടട്ടേ എന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് മലയാളത്തിെന്റ മഹാകവി കുമാരനാശാൻ ജാതികാലുഷ്യങ്ങൾക്ക് നടുവിൽനിന്നുകൊണ്ടുതന്നെ സർവർക്കും ഒരു നവജീവിതം ആശംസിച്ചു.

അങ്ങനെ തുളസിച്ചെടിയും ആൽമരവും ഹിന്ദുവായി/ ഈന്തപ്പനയും മൈലാഞ്ചിയും മുസ്‍ലിമുമായി/ ആനയും പശുവും ഹൈന്ദവനായപ്പോൾ/ ആടും പോത്തും മുസൽമാനായി... വിഭജിക്കാൻ ബാക്കി, ഇനിയീ ആകാശവും ഭൂമിയും/ വെള്ളവും വെളിച്ചവും മാത്രമെന്ന് യുവകവികളിൽ ശ്രദ്ധ അർഹിക്കുന്ന നാസർ ഇരിമ്പിളിയം നമ്മുടെ അടിതെറ്റുന്ന കാലത്തെ ആശങ്കാപൂർവം അടയാളപ്പെടുത്തി! അപ്പോഴും പ്രത്യാശയുടെ ഭാനുമാനിൽനിന്ന് കാറ്റിൽ കടപൊട്ടി പറന്നെത്തിയ കതിരുപോലെ ഉത്സവങ്ങൾ ഇടവേളകളിലെങ്കിലും അനൗപചാരികമായ വലിയൊരു ആശംസാവാക്യമായി നമുക്കിടയിൽ നിർവൃതി പകർന്നു.

വ്യത്യസ്ത അനുഷ്ഠാനങ്ങൾക്കൊപ്പം ഉത്സവങ്ങളെന്നും സുഭിക്ഷതയുടെയും സൗഹൃദത്തിെന്റയും ഭാഷ സംസാരിച്ചു. പുതുവസ്ത്രങ്ങളും അധികഭക്ഷണവും പലതരം കളികളും യാത്രകളും പൊടി പറത്തുന്ന തെരുവ് കച്ചവടവുമായി അതെന്നും, ജീവിതത്തിനു മുകളിൽ മനോഹരമായൊരു മഴവില്ലുപോലെ വിടർന്നുനിന്ന് മന്ദഹസിച്ചു. കാവിലായാലും പള്ളിയിലായാലും ഉത്സവചടങ്ങളുകളിൽ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും, ഉത്സവച്ചിട്ടകളെല്ലാം ഏറക്കുറെ ഒരുപോലെയായിരുന്നു! എവിടെനിന്നൊക്കെയോ വലിയ പൊരിച്ചാക്കുകളും പലനിറങ്ങളിലുള്ള ബലൂണുകളും അപ്പപ്പോൾ ചുട്ടെടുക്കുന്ന ചൂടൻ പലഹാരങ്ങളും കിലുങ്ങും കുപ്പിവളകളും കുലുക്കിക്കുത്തും മുച്ചീട്ടും ചട്ടികളിയും സൗഹൃദംപുതുക്കലും എല്ലാമായാണത്, പൊടി പൊടിച്ചത്. വൈവിധ്യങ്ങളുടെ വർണശബളമായ വേറൊരു ലോകത്തെത്തിയതുപോലെ സ്വയം വിസ്മയപ്പെട്ടൊരു സ്വന്തം കുട്ടിക്കാലമാണ് ഉത്സവങ്ങൾ ഞങ്ങളുടെയൊക്കെ സ്മരണകളിൽ ഇന്നും നിറയ്ക്കുന്നത്. ഇപ്പോൾ പക്ഷേ തലസ്ഥാനത്തുനിന്ന് വരുന്നത്, ആ സ്മരണകളെയൊക്കെ പിളർക്കുന്ന പുതിയ വാർത്തകളാണ്. തനിനിറം മറ്റൊന്നായിരുന്നുവോ എന്ന് സങ്കടപ്പെടുത്തുംവിധം കാര്യങ്ങളാകെ കീഴ്മേൽ മറിയുകയാണ്. ആശിക്കാനില്ലൊരു മന്ദഹാസം/ ചേച്ചിക്ക് മറ്റൊരു ചുണ്ടിൽനിന്നും എന്നതുപോലുള്ളൊരു കണ്ണീരാശംസ!

സർവ ആശംസകളും ഇനിയും നിലവിൽ വന്നിട്ടില്ലാത്ത ഒരു നല്ല സാമൂഹികാവസ്ഥക്കുവേണ്ടിയുള്ള നിലവിളികളാണ്. ചീത്തയായ ഇന്നിെന്റ നടുവിൽനിന്നും, നല്ല നാളെകളിലേക്ക് തുറന്നിരിക്കുന്ന ജീവിത സങ്കടങ്ങളുടെ സംഗ്രഹമാണത്. എത്ര വീഴുമ്പോഴും പിന്നെയുമെഴുന്നേൽക്കുന്ന പിടങ്ങാനറിയാത്ത ഒരിച്ഛയാണതിൽനിന്നും ചങ്ങലകൾ പൊട്ടിക്കുന്നത്. മനസ്സിെന്റ ഇരുൾമടക്കുകളിൽ മറഞ്ഞിരിക്കുന്ന അസ്വസ്ഥമോഹങ്ങളുടെ മന്ദഹാസങ്ങളിൽവെച്ചാണ് ആശംസകൾ, ആഘോഷവേദികളാവുന്നത്. ഒരൽപസമയം കഴിയുന്നതോടെ ഈയൊരാഹ്ലാദം അവസാനിക്കുമെന്ന ആശങ്കാപൂർണമായ തിരിച്ചറിവും, ഒരിക്കലുമവസാനിക്കാത്ത ഒരാഘോഷമായി ജീവിതത്തെ മാറ്റാനുള്ള തിരക്കുമാണ് ആശംസകളിൽ കണ്ണുനീർ തിളക്കങ്ങളായി തീരുന്നത്. പൊള്ളയായ ശുഭാപ്തി വിശ്വാസങ്ങൾക്കും വന്ധ്യമായ അശുഭാപ്തി വിശ്വാസങ്ങൾക്കുമപ്പുറം കടക്കുമ്പോഴാണ് ആശംസകൾക്ക് സ്വന്തം കാലത്തെ അഭിമുഖീകരിക്കാനുള്ള ശക്തി ലഭിക്കുന്നത്. ഭൗതികസമൃദ്ധിയും ആത്മീയ സാധ്യതകളും സർഗാത്മകമായി സമന്വയിക്കുന്ന, ഒരു പുതിയ ലോകത്തെയാണ് ഉത്സവങ്ങളൊക്കെയും സ്വപ്നം കാണുന്നത്. കൂട്ടായ്മയുടെ നൃത്തവേദിയായി മനുഷ്യർ പരിണമിക്കുന്ന ഒരു കാലത്തിലേക്കാണത് മിഴികൾ തുറന്നു വെച്ചിരിക്കുന്നത്. ഇന്നത്തെ വിഭജിതമായ മനുഷ്യാവസ്ഥ സൃഷ്ടിക്കുന്ന വിള്ളലുകൾക്കിടയിൽ വീണവർക്ക് ആശംസകളുടെ ലോകത്തിലേക്കൊരിക്കലും വിടരാനാവില്ല. ആശംസകൾക്കാവട്ടെ അവരുടെ സങ്കുചിതത്വങ്ങളെ ഒരിക്കലും ആശ്ലേഷിക്കാനുമാവില്ല. പറഞ്ഞുവരുന്നത് പ്രത്യയശാസ്ത്ര സങ്കീർണതകളൊക്കെയും നിലനിൽക്കെതന്നെ, ആഘോഷങ്ങളൊക്കെയും ആശംസകൾ കൂടിയാണെന്ന പ്രാഥമിക വസ്തുതയാണ്.

അനുഭവങ്ങളും ആഗ്രഹങ്ങളും അനുഭൂതികളും സ്മരണകളും അധികാരവും വേർതിരിച്ചറിയാനാവാത്തവിധം കുടിച്ചേർന്നാണ് ചരിത്രത്തിൽ ഉത്സവങ്ങളോരോന്നും ഉയർന്നുവന്നത്. ഒരുത്സവവും ഇതിനൊരപവാദമല്ല. മനുഷ്യരാരും ഉത്സവങ്ങളോടൊപ്പം ജനിക്കുകയല്ല, മറിച്ച് സാമൂഹികവികാസത്തിെന്റ സവിശേഷഘട്ടങ്ങളിൽ അനിവാര്യവും യാദൃച്ഛികവുമായ വസ്തുനിഷ്ഠ-ആത്മനിഷ്ഠ സമ്മർദങ്ങളുടെ ഭാഗമായി ഉത്സവങ്ങളോരോന്നും ഉയർന്നുവരുകയാണ്.

രാജസ്ഥാനിലെ കരൗലിയിൽ ഹിന്ദുത്വവാദികൾ അഗ്നിക്കിരയാക്കിയ തുണിക്കടയിൽ തകർന്നിരിക്കുന്ന ഉസ്മാനും സമീപത്തെ കടയിൽ ഇരിക്കുന്ന രവിയും. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു

ഉത്സവങ്ങൾ ബോധപൂർവമായ തീരുമാനങ്ങളുടെ മാത്രം ഭാഗമല്ലാത്തതുപോലെ കേവല അബോധ അടിയൊഴുക്കുകളുടെയും ഭാഗമല്ല. ബോധാബോധങ്ങളുടെ അതിർത്തി തന്നെയും ദീർഘകാലാടിസ്ഥാനത്തിൽ നിശ്ചലവുമല്ല. ഉത്സവം രൂപംകൊണ്ടതുപോലെ തന്നെ, ചരിത്ര വളർച്ചക്കിടയിൽ പലവിധ രൂപാന്തരങ്ങൾക്കുമത് ഇനിയും വിധേയമാവുകയും ചെയ്യും. പക്ഷേ അപ്പോഴൊന്നും വാളും ത്രിശൂലവും പകയും ഉത്സവങ്ങളുടെ ഭാഗമായി കൊലവിളി നടത്തുന്ന ഒരു ദുരവസ്ഥ വന്നുചേരുമെന്ന് നമുക്ക് കരുതാനാവുമായിരുന്നില്ല. ബുൾഡോസറുകൾക്ക് മാമൻ പദവി കിട്ടുമെന്ന് അത്രപോലും പ്രതീക്ഷിക്കാൻ അന്നൊന്നും കഴിയുമായിരുന്നില്ല.

യാത്രക്കിടയിൽ മഹാനായ കൺഫ്യൂഷിയസ് കാട്ടിൽ ഒറ്റക്കിരുന്ന് കരയുന്നൊരു മനുഷ്യനെ കണ്ടുമുട്ടിയെത്ര. എന്തിനാണ് താങ്കൾ കരയുന്നതെന്ന് അദ്ദേഹം തിരക്കി. കാട്ടിൽവെച്ച് കൂടെയുണ്ടായിരുന്ന ഭാര്യയെയും മക്കളെയും പുലി പിടിച്ചു. ഞാനൊറ്റയായി. ഇനിയും ഇവിടെ ഇങ്ങനെ കരഞ്ഞുകൊണ്ടിരുന്നാൽ താങ്കളെയും പുലി പിടിക്കില്ലേ, അതുകൊണ്ട് നാട്ടിലേക്ക് പോയ്ക്കൂടെ. കൺഫ്യൂഷിയസ് ചോദിച്ചു. കണ്ണീരോടെ അയാൾ പറഞ്ഞത് നാട്ടിൽ സർക്കാർ ഉണ്ടെന്നായിരുന്നു! ജീവിതം നഷ്ടപ്പടുന്നതിനെക്കാൾ ഭയാനകമാണ്, ജീവിതത്തെ രക്ഷിക്കാൻ ബാധ്യതപ്പെട്ടവർ അതിനെ അകാരണമായി ശിക്ഷിക്കുന്നതെന്ന തത്ത്വമാണ് മേൽചൊന്ന ആ പഴയ പുലിക്കഥാ വിവരണത്തിൽ തെളിയുന്നത്. നീതിനിഷേധം മാത്രമല്ല, നീതിയുടെ വിളംബവും വിവേചനവുമാണ്, ഉത്തരേന്ത്യയിൽ ചില സ്ഥലങ്ങളിലെങ്കിലും ഒരമ്ലമഴപോലെ പെയ്തിറങ്ങുന്നത്.

സത്ഭരണമുണ്ടാകുമ്പോൾ ആകാശത്തുനിന്നും മധുരമഞ്ഞ് പൊഴിയുമെന്ന് പഴയൊരു ചൈനീസ് പഴമൊഴി! നാവിൻ തുമ്പത്തെ മധുരം നിമിഷങ്ങൾക്കകം തീരും. എന്നാൽ സ്മരണയിലെ മധുരങ്ങൾ മരണമില്ലാത്ത കോരിത്തരിപ്പുകളായി തുടരും. സത്യ-സ്വപ്നങ്ങളെ സമകാലികതയുമായി നിരന്തരം ബന്ധിപ്പിക്കുന്ന സ്മരണകൾ സർഗരചനകളുടെ േസ്രാതസ്സാവുമ്പോൾ, ജീവിതം സജീവമാകും. വെറുപ്പിന് സൂചികുത്താനിടമില്ലാത്തവിധം, എവിടെയൊക്കെയോ നിന്ന് സൗഹൃദങ്ങൾ അപ്പോൾ ആ ജീവിതത്തിലേക്ക് ഇരച്ചുവരും.

നവഫാഷിസം ഉത്സവങ്ങളെപ്പോലും സംഘർഷേസ്രാതസ്സാക്കും. സ്വകാര്യ അഭിരുചികളിലേക്കും വ്യത്യസ്ത വിശ്വാസങ്ങളിലേക്കും ബുൾഡോസറുകൾ ഇടിച്ചു കയറ്റും. മുട്ടതർക്കത്തിനും തട്ടതർക്കത്തിനുമിടയിലിട്ടവർ മതനിരപേക്ഷതയെ നാണം കെടുത്തും. കർണാടകയിലെ ചില പ്രദേശങ്ങളെ ആഴ്ചകളോളം ഇരുട്ടിലാഴ്ത്തിയ ഒരു തർക്കം സ്കൂൾ കുട്ടികൾക്ക് സർക്കാർ ആഴ്ചയിൽ മൂന്നുദിവസം പുഴുങ്ങിയ കോഴിമുട്ട നൽകാൻ തീരുമാനിച്ചതാണ്! ആവശ്യമുള്ളവർ മാത്രം കഴിച്ചാൽ മതി. എന്നിട്ടും ആവശ്യമില്ലാത്തവർ ആജ്ഞാപിച്ചത് ആരും കഴിച്ചുപോകരുതെന്നാണ്. കുറെ ദിവസങ്ങൾ, 'The Raw over boiled eggs' എന്ന പേരിൽ ലോകം ആ വാർത്ത വായിച്ചിരിക്കും. ഇങ്ങനെയുമൊരു സർക്കാറും ലോകത്തുണ്ടോ എന്നോർത്തവർ ആർത്താർത്തു ചിരിച്ചിരിക്കും. തട്ടപ്രശ്നത്തിൽകൂടി തൊട്ടുകൊണ്ടാണ് ഇന്ത്യനവസ്ഥയെക്കുറിച്ച് നോംചോംസ്കി ഭയാനകം എന്ന് പറഞ്ഞുപോയത്. അനാഥമായിപ്പോകുന്ന പീഡിതരുടെ നിലവിളിയെ ഒന്നാശ്ലേഷിക്കാൻപോലുമാകാതെപോവുന്ന ഇന്ത്യനാകാശത്തുനിന്നും മധുരമഞ്ഞല്ല, കാര്യമായി ഒന്നും പ്രതീക്ഷിക്കാനില്ല. പിന്നെ ആകെ ബാക്കിയാവുന്നത് പ്രതീക്ഷിക്കാനാകായ്മയിൽനിന്നുള്ള പ്രതീക്ഷകളാണ്. സിനിമകളായും നോവലുകളായും പാട്ടുകളായും ദീർഘനിശ്വാസങ്ങളായും കഥകളായും കവിതകളായും ചങ്കിടിപ്പായും, പറയപ്പെടാതെ പോവുന്ന ഉത്കണ്ഠകളായും അതുണ്ടായികൊണ്ടിരിക്കുന്നുണ്ട്. ആകാശത്തുനിന്ന് മധുരമഞ്ഞൊന്നും വീഴുന്നില്ലെങ്കിലും ഭൂമിയിൽ വെറുപ്പിെന്റ ചോര ഒഴുകരുതെന്ന് കൊതിച്ചുകൊണ്ട്!

Show More expand_more
News Summary - ken kunjahammed article