Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPremiumchevron_rightWeb Exclusivechevron_right‘ഏകസിവിൽ കോഡ്...

‘ഏകസിവിൽ കോഡ് രാഷ്ട്രീയ ലക്ഷ്യം മുന്‍നിർത്തി ഉയര്‍ത്തുന്ന വിഷയം മാത്രം’ -കപിൽ സിബൽ, നവികാ കുമാർ അഭിമുഖത്തിന്റെ പൂർണരൂപം

text_fields
bookmark_border
‘ഏകസിവിൽ കോഡ് രാഷ്ട്രീയ ലക്ഷ്യം മുന്‍നിർത്തി ഉയര്‍ത്തുന്ന വിഷയം മാത്രം’ -കപിൽ സിബൽ, നവികാ കുമാർ അഭിമുഖത്തിന്റെ പൂർണരൂപം
cancel

നവികാകുമാർ: ഏകസിവില്‍ കോഡുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന വിവാദങ്ങളെക്കുറിച്ച് എന്തു തോന്നുന്നു? കപിൽ സിബൽ: ഒരു ചിന്താശൂന്യമായ പ്രവര്‍ത്തനമായാണ് തോന്നുന്നത്.എന്താ അങ്ങനെ പറഞ്ഞത്?എന്താണതിലൂടെ മുന്നോട്ടുവെക്കുന്നതെന്ന് എനിക്കറിയാത്തതുകൊണ്ട്. നിങ്ങള്‍ക്കുപറയാമോ ഏക സിവില്‍ കോഡെന്നാല്‍ എന്താണെന്ന്? എന്താണ് ഏകീകരിക്കാന്‍ ശ്രമിക്കുന്നത്? ആചാരങ്ങളാണോ? ആചാരങ്ങള്‍ നിയമമാണെന്ന് ഭരണഘടനയുടെ പതിമൂന്നാം അനുഛേദത്തില്‍ പറയുന്നുണ്ടെന്ന് അറിയാമല്ലോ. ഹിന്ദുക്കള്‍ക്ക് മാത്രമുള്ള ഹിന്ദു അവിഭക്ത കുടുംബം (HUF) എന്ന നിയമം നിങ്ങള്‍ എടുത്ത് കളയുമോ? ആ നിയമപ്രകാരം ബിസിനസ് ചെയ്യുന്നവരും കൃഷി...

Your Subscription Supports Independent Journalism

View Plans

നവികാകുമാർ: ഏകസിവില്‍ കോഡുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന വിവാദങ്ങളെക്കുറിച്ച് എന്തു തോന്നുന്നു?

കപിൽ സിബൽ:  ഒരു ചിന്താശൂന്യമായ പ്രവര്‍ത്തനമായാണ് തോന്നുന്നത്.

എന്താ അങ്ങനെ പറഞ്ഞത്?

എന്താണതിലൂടെ മുന്നോട്ടുവെക്കുന്നതെന്ന് എനിക്കറിയാത്തതുകൊണ്ട്. നിങ്ങള്‍ക്കുപറയാമോ ഏക സിവില്‍ കോഡെന്നാല്‍ എന്താണെന്ന്? എന്താണ് ഏകീകരിക്കാന്‍ ശ്രമിക്കുന്നത്? ആചാരങ്ങളാണോ? ആചാരങ്ങള്‍ നിയമമാണെന്ന് ഭരണഘടനയുടെ പതിമൂന്നാം അനുഛേദത്തില്‍ പറയുന്നുണ്ടെന്ന് അറിയാമല്ലോ. ഹിന്ദുക്കള്‍ക്ക് മാത്രമുള്ള ഹിന്ദു അവിഭക്ത കുടുംബം (HUF) എന്ന നിയമം നിങ്ങള്‍ എടുത്ത് കളയുമോ? ആ നിയമപ്രകാരം ബിസിനസ് ചെയ്യുന്നവരും കൃഷി നടത്തുന്നവരും ഒക്കെയായ കോടിക്കണക്കിന് ഹിന്ദുക്കളുണ്ടിവിടെ. ഗോവയുടെ കാര്യത്തില്‍ എന്താണ് നിങ്ങള്‍ ചെയ്യുക? ഗോവയില്‍ പോര്‍ച്ചുഗീസുകാരുടെ കാര്യത്തില്‍? 30 വയസ്സുള്ള ഒരു ഗോവ സ്വദേശിക്ക് കുട്ടികളുണ്ടായില്ലെങ്കില്‍ വീണ്ടും വിവാഹം കഴിക്കാമെന്ന് നിയമമുണ്ടല്ലോ, അത് നിങ്ങള്‍ എടുത്തുകളയുമോ? വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ എന്താണ് ചെയ്യുക? ഒരു കരട് രേഖയെങ്കിലും കൈയിലുണ്ടോ?

ലിംഗ അസമത്വം പോലുള്ള പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും എന്നാണ് കരുതുന്നത്? ലോ കമീഷന്‍ ആണ് അത് മുന്നോട്ടുവെക്കുന്നത്?

2021 ലെ ലോ കമീഷന്‍ പറഞ്ഞത് ഏകസിവില്‍ കോഡ് പ്രാവര്‍ത്തികമല്ല എന്നായിരുന്നല്ലോ. പാര്‍ട്ടിയും പദവിയുമെല്ലാം മാറുന്നതിനനുസരിച്ച് മാറുന്നതാണ് ലോ കമീഷന്‍? ഭരണഘടനാ അസംബ്ലിയില്‍ അംബേദ്കര്‍ പറഞ്ഞതെന്താണെന്നറിയാമോ? ഹിന്ദു വിവാഹ നിയമത്തെക്കാളും ഹിന്ദു നിയമത്തെക്കാളും മുമ്പ് 1937 ല്‍ നടപ്പിലാക്കിയ ഒന്നാണ് ശരീഅത്ത് ആക്ട്. സ്വമേധയാ അംഗീകരിക്കുന്നവര്‍ക്കു മാത്രമേ ആ ആക്ട് ബാധകമാവൂ എന്നായിരുന്നു അതിന്റെ മാനദണ്ഡം. നിങ്ങള്‍ക്ക് ഏകസിവില്‍ കോഡ് വേണമെന്നുണ്ടെങ്കില്‍ അതുതന്നെയായിരിക്കണം മാനദണ്ഡം. ആദ്യം പൊതുസമ്മതി തേടണം. മത-മതേതര സമുദായങ്ങളുടെ നേതാക്കളുമായി, ആദിവാസികളുമായെല്ലാം ചര്‍ച്ചകളുണ്ടാവണം. ആരും ഒന്നും ചര്‍ച്ച ചെയ്യുന്നില്ലല്ലോ. കഴിഞ്ഞ ഒമ്പതു വര്‍ഷമായി ചര്‍ച്ചയുണ്ടായില്ല. ഇല്ലാത്ത വിഷയത്തെക്കുറിച്ചാണ് ഇപ്പോഴത്തെ കോലാഹലങ്ങളെല്ലാം. പ്രതിപക്ഷവും തോക്കില്‍ കയറിവെടിവെക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങള്‍ക്കു മുന്നില്‍ ഇല്ലാത്ത ഒന്നിനെ എങ്ങനെയാണ് അനുകൂലിക്കാനും പ്രതികൂലിക്കാനും കഴിയുക?

ഏകസിവില്‍ കോഡ് അതിന്റെ ശൈശവ ദശയിലാണെന്നാണോ?

അല്ല. ഇത് ഒരു രാഷ്ട്രീയ ലക്ഷ്യം മുന്‍നിർത്തി ഉയര്‍ത്തുന്ന വിഷയം മാത്രമാണ്. ലവ്ജിഹാദും, അയോധ്യയുമെല്ലാം കൂമ്പൊടിഞ്ഞപ്പോള്‍ പൊക്കിയെടുത്ത ഒന്ന്. ഇലക്ഷനു മുമ്പ് ഇതിന്റെ ബഹളം നടക്കാനും അതിന്റെ പേരില്‍ കൂടുതല്‍ ധ്രുവീകരണം ഉണ്ടാക്കാനും വേണ്ടിയുള്ളത്. അല്ലെങ്കില്‍ കഴിഞ്ഞ ഒമ്പതു വര്‍ഷം ഇല്ലാത്ത ചര്‍ച്ചയെന്താകാനാണ് ഇപ്പോള്‍? കരട് രേഖയെവിടെ എന്നാണ് എനിക്ക് പ്രധാനമന്ത്രിയോടും മറ്റു മന്ത്രിമാരോടും ചോദിക്കാനുള്ളത്.


അങ്ങനെയെങ്കില്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം അഞ്ചു വര്‍ഷത്തിനുള്ളില്‍ തന്നെ ഹിന്ദു കോഡ് നിലവില്‍വന്നു, അതും രാഷ്ട്രീയലക്ഷ്യത്തോടെയായിരുന്നോ?

അത് ഉടനെ പിന്‍വലിക്കുകയും ചെയ്തു. നെഹ്‌റു അവതരിപ്പിച്ച ആ പരിഷ്‌കാരം യാഥാസ്ഥിതിക ഹിന്ദുക്കള്‍ എതിര്‍ക്കുകയായിരുന്നു. മറ്റൊരു രസകരമായ കാര്യം ഞാന്‍ പറയാം. ഗോള്‍വാള്‍ക്കര്‍ ഏകസിവില്‍ കോഡിനെക്കുറിച്ച് ഓര്‍ഗനൈസറില്‍ 1972 ആഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തില്‍ പറഞ്ഞത്: ഏകീകരണം രാഷ്ട്രങ്ങളുടെ തകര്‍ച്ചയിലേക്ക് വഴി തുറക്കുന്നതാണ് എന്നായിരുന്നു. താന്‍ നാനാത്വത്തില്‍ വിശ്വസിക്കുന്നയാളാണെന്നാണ് അദ്ദേഹം പറയുന്നത്. സഹിഷ്ണുതയും ഏകീകരണവും വ്യത്യസ്തമാണ്. അതിവിശാലമായ നാനാത്വത്തിലും പുരാതന കാലം മുതല്‍ക്കേ ഇന്ത്യ ക്രമപ്രവൃദ്ധമായും ശക്തമായും നിലകൊണ്ടിട്ടുണ്ട്. ഐക്യം ഉണ്ടാവണമെങ്കില്‍ സഹിഷ്ണുത അത്യാവശ്യമാണ്. ഇതൊക്കെ ഞാന്‍ പറയുന്നതല്ല, ഗോള്‍വാള്‍ക്കര്‍ പറയുന്നതാണ്. അവര്‍ സഹിഷ്ണുതയെ വെറുപ്പാക്കി മാറ്റി.

സഹിഷ്ണുതയെ വെറുപ്പാക്കി മാറ്റി എന്നതൊക്കെ ഓരോ പ്രകടനങ്ങളല്ലേ? കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു കാര്‍ട്ടൂണിന്റെ പേരില്‍ മറ്റൊരു പാര്‍ട്ടിക്കാരന്റെമേല്‍ കേസ് ചുമത്തിയതിനെ എങ്ങനെ കാണുന്നു?

പ്രകടനങ്ങളോ? സത്യമാണത്. മണിപ്പൂരില്‍ നടക്കുന്നത് അതല്ലേ? ഒരു സാധുവിനെക്കൊണ്ട് ഉച്ചത്തില്‍ പലതും വിളിപ്പിക്കാന്‍ ശ്രമിക്കുന്നത് അതല്ലേ? കോണ്‍ഗ്രസല്ല ആരു ചെയ്താലും അത്തരം പ്രവൃത്തികളെല്ലാം അപലപനീയമാണ്. രാഷ്ട്രീയ പാര്‍ട്ടികളും വൈവിധ്യം നിറഞ്ഞതാണ് യൂനിഫോമിറ്റി അവര്‍ക്കുമില്ലല്ലോ. ജീവിതത്തിനും പ്രകൃതിക്കുമൊന്നും ഈ ഏകതാനത ഇല്ല. പക്ഷേ, സഹിഷ്ണുതയുണ്ടുതാനും. അതുകൊണ്ട്, നാനാത്വത്തില്‍ എപ്പോഴും സഹിഷ്ണുത നിലനില്‍ക്കുന്നുണ്ട്.

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടി, അവള്‍ ഒരു സമുദായത്തിലാണെങ്കില്‍ 18 വയസ്സ് തികഞ്ഞാല്‍ മാത്രമേ വിവാഹിതയാകാന്‍ അനുവാദമുള്ളൂ എന്നും മറ്റൊരു സമുദായത്തിലാണെങ്കില്‍ ഋതുമതിയായ ഉടന്‍ വിവാഹം സാധുവാകുന്നു എന്നും രണ്ടു നിയമം നിലനില്‍ക്കുന്നു. വിവാഹം കഴിച്ചയക്കെപ്പെടാനുള്ള പക്വത രണ്ടാമതു പറഞ്ഞ പെണ്‍കുട്ടിക്ക് ഉണ്ടാകുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

ഹിന്ദു സമുദായത്തില്‍ ഇതെല്ലാം 17 വയസ്സിനു മുമ്പേ നടക്കുന്നുണ്ടെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? നിയമവിരുദ്ധമാണെങ്കിലും അതിനെയാണ് ആചാരം എന്നു വിളിക്കുന്നത്. അതിനെതിരെ നിയമം കൊണ്ടുവരണമെന്നുണ്ടെങ്കില്‍ അത് അവിടെ കൊണ്ടുവരണം. നോക്കൂ, ഈ ഉദാഹരണങ്ങളൊക്കെ നമുക്കറിയാം. ഞാന്‍ ഏകസിവില്‍ കോഡിന് അനുകൂലമല്ല, എതിരുമല്ല, എന്താണ് ഏകസിവില്‍ കോഡ് എന്നു മാത്രമാണ് എനിക്കറിയേണ്ടത്. ഈ രാജ്യം പലവിധ വിളകള്‍ സമൃദ്ധിയായി വിളയുന്ന മനോഹരമായ ഒരു പാടമാണ്. ആ വിളകള്‍ക്കിടയില്‍ കഞ്ചാവ് ചെടികളുണ്ടെങ്കില്‍ അവയെ മാത്രം പിഴുതെറിയുകയാണ് വേണ്ടത്.

സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിടുന്ന ഈ രാജ്യത്ത് സാമൂഹിക പരിഷ്‌കരണം സംഭവിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ?

തീര്‍ച്ചയായും. ഒരു ചര്‍ച്ച കൊണ്ടുവരൂ. ഞാനെന്തിന് നോ പറയണം. പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ നിങ്ങളോ എന്നോട് ഇതിന്റെ ഇതിവൃത്തം പറഞ്ഞു തരുന്നില്ല. ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡിന്റെ കരടെന്ന പേരില്‍ കൊണ്ടുവന്നതിന് ഇതുമായി ഒരു ബന്ധവുമില്ല. കാരണം, അതുണ്ടാക്കിയവര്‍ക്ക് ഭരണഘടന അറിയില്ല. 44ാം അനുഛേദത്തില്‍ പറയുന്നത് ഏകസിവില്‍ കോഡെന്നത് രാജ്യമൊട്ടുക്ക് നടപ്പിലാകേണ്ടതാണ് അല്ലാതെ ഒരു സംസ്ഥാനത്ത് മാത്രമായി വേണ്ടതല്ല എന്നാണ്. ബി.ജെ.പി സംസ്ഥാനങ്ങളില്‍ ഏകസിവില്‍ കോഡും മറ്റുള്ള സംസ്ഥാനങ്ങളില്‍ സാധാരണ സിവില്‍ കോഡുമെന്നാണോ പറയുന്നത്? ഉത്തരാഖണ്ഡിലെ പരിഷ്‌കരണത്തിന്റെ രേഖ കൃത്യമായി ലഭ്യവുമല്ല. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിന് വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കണം എന്നുപറയുന്ന പരിഷ്‌കരണങ്ങളോട് സിഖ് സമുദായം എങ്ങനെ പ്രതികരിക്കും എന്നെനിക്കറിയില്ല. പൊതു സമ്മതി വേണം. ഒരു കാര്യം കേന്ദ്രത്തില്‍ തീരുമാനിച്ച് മറ്റുള്ളവരോട് പറയലല്ല പൊതുസമ്മതിയെന്നതിന്റെ അര്‍ഥം. അതിന് പരസ്പര കൂടിയാലോചന നടക്കണം.


കപില്‍ സിബല്‍ ഒരു കോണ്‍ഗ്രസുകാരനാണെന്നാണ് എനിക്ക് ഓര്‍മയുള്ള കാലം മുതലുള്ള ധാരണ. ഇപ്പോഴതല്ല...

എന്റെ ഹൃദയത്തില്‍ ഞാന്‍ കോണ്‍ഗ്രസുകാരനാണ്. ആ ആശയധാരയാണ് പിന്തുടരുന്നത്. വ്യക്തികളോടേ പ്രശ്‌നമുള്ളൂ, ആശയത്തോടില്ല. ആ ആശയം പ്രതിപക്ഷമാണ്. ആ ആശയം ഭരണഘടനയാണ്. അതില്‍ വ്യതിചലനമുണ്ടെങ്കില്‍ തിരുത്തപ്പെടുകയും വേണം. കോണ്‍ഗ്രസ് വിട്ടെങ്കിലും ഇന്നും എനിക്ക് അതിലുള്ളവരോട് വളരെ അടുത്ത ബന്ധമാണുള്ളത്. അവര്‍ക്കെതിരെ ഒരു അനീതിയുണ്ടാകുമ്പോള്‍ അവരോടൊപ്പം ഞാന്‍ നില്‍ക്കുകയും ചെയ്യും.

ഇന്ത്യയിലെ ജനാധിപത്യത്തിന് കാര്യമായ പ്രശ്‌നമുണ്ട്. നിങ്ങളൊരു പാര്‍ട്ടിയിലാണെങ്കില്‍- അത് ഏതു പാര്‍ട്ടിയാണെങ്കിലും- ആ പാര്‍ട്ടി നിഷ്‌കര്‍ഷിക്കുന്ന പരിധിക്കപ്പുറത്തേക്ക് നിങ്ങള്‍ക്ക് അഭിപ്രായ, ആശയപ്രകടന സ്വാതന്ത്ര്യമില്ല. അത് ഇന്ത്യയിലെ രാഷ്ട്രീയവൃത്തത്തിന്റെ പ്രധാന പോരായ്മയാണ്, ജനാധിപത്യത്തിന്റെയും. ഇന്ന് ഞാന്‍ സന്തോഷവാനാണ്. കാരണം, ഒരു പാര്‍ട്ടിയിലായിരുന്നപ്പോള്‍ പറയാനാവാത്ത കാര്യങ്ങള്‍ ഇന്നെനിക്ക് പറയാന്‍ കഴിയുന്നു.

എങ്കില്‍ താങ്കള്‍ എന്തിനാണ് ‘കേരള സ്റ്റോറി’ നിരോധനത്തിനുവേണ്ടി കോടതിയില്‍ വാദിച്ചത്?

‘കേരള സ്‌റ്റോറി’യിലെ ഡയലോഗ് എന്താണെന്നറിയുമായിരുന്നെങ്കില്‍ നിങ്ങളും നിരോധനത്തിന് വാദിച്ചേനെ. അതുകൊണ്ടാണ് സുപ്രീംകോടതി അന്തിമവാദത്തിന് കേസ് നീക്കിയത്. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നു പറയുന്നത് ഭരണഘടനാപരമായി പരിധിയുള്ള ഒന്നാണ്. നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. മാനനഷ്ടക്കേസിന്റെ പേരില്‍ പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെടാന്‍ ഇവിടെ നിയമമില്ലേ?

നിങ്ങള്‍ കോണ്‍ഗ്രസിന്റെ ജി-23 ഗ്രൂപ്പിന്റെ ഭാഗമായിരുന്നില്ലേ? കോണ്‍ഗ്രസ് പാര്‍ട്ടി പരിഷ്‌കരണത്തിന് വിധേയമല്ല എന്നഭിപ്രായമുണ്ടോ?

ജി-23 ഇന്നില്ല. അതിനുള്ളിലെ വൈജാത്യങ്ങളില്‍ ഞാന്‍ നിരാശനാണ്. പക്ഷെ അതൊക്കെ സ്വാഭാവികമാണ്.

പ്രതിപക്ഷ സഖ്യം എന്ന ആശയത്തോട് യോജിപ്പുണ്ടോ?

ജനാധിപത്യത്തിന് ശക്തമായ പ്രതിപക്ഷത്തോടു കൂടി മാത്രമേ അതിജീവിക്കാന്‍ കഴിയുകയുള്ളൂ. കോണ്‍ഗ്രസ് പാര്‍ട്ടി ഇന്നത്തെ സ്ഥിതിയില്‍ ദുര്‍ബലമാണ്. ഒരു പുതിയ വിഷന്‍ അവതരിപ്പിച്ചാല്‍ മാത്രമേ പ്രതിപക്ഷ സഖ്യത്തിന് പ്രസക്തിയുണ്ടാകൂ. ആ വിഷന്‍ ഈ സര്‍ക്കാറിന്റേതിന് വ്യത്യസ്തമായിരിക്കണം. ജനങ്ങള്‍ക്ക് മനസ്സിലാവണം ഇവരുടെ കൈയില്‍ ഒരു ബദല്‍ പദ്ധതിയുണ്ടെന്ന്. അതില്ലാതെ കേവലമായ പരിപാടികള്‍ കൊണ്ട കാര്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതിനുള്ളില്‍ ഭിന്നിപ്പുണ്ടാകരുത്. ഉദാഹരണത്തിന്, എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം മൗലികാവകാശമാണെന്ന നിയമം 12ാം ക്ലാസ് വരെയാക്കുന്ന ആലോചന അവതരിപ്പിച്ചാല്‍, അതില്‍ ആര്‍ക്കും വിയോജിപ്പുണ്ടാകാനിടയില്ല. അത്തരം വിഷയങ്ങള്‍ കണ്ടെത്തി പദ്ധതി തയാറാക്കണം. രാജ്യത്തെ യുവതലമുറക്ക് വേണ്ടത് അവതരിപ്പിക്കണം. അപ്പോള്‍ മാത്രമാണ് സഖ്യത്തിന് വിജയമുണ്ടാകൂ.

സഖ്യത്തിലെ പാര്‍ട്ടികളില്‍ പലതും സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ മറുപക്ഷത്തുള്ളവരാണെന്ന കാര്യം സഖ്യത്തെ ബാധിക്കില്ലേ?

ഓരോന്നായി നോക്കാം. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്. ഇവിടെയൊന്നും പ്രശ്‌നമില്ല. ഡല്‍ഹിയിലെ കാര്യം കര്‍ണാടകയിലേക്ക് നോക്കിയാല്‍ മനസ്സിലാകുമല്ലോ. കേരളത്തിലാകട്ടെ, എൽ.ഡി.എഫ് ജയിച്ചാലും യു.ഡി.എഫ് ജയിച്ചാലും ബി.ജെ.പിക്ക് എതിരാണല്ലോ. തെലങ്കാനയിലും പ്രശ്‌നമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. പഞ്ചാബില്‍ പക്ഷേ, പ്രശ്‌നമുണ്ടാകും. മൊത്തത്തില്‍ നോക്കിയാല്‍ 90 ശതമാനം സ്ഥലത്തും പ്രശ്‌നത്തിന് വകയില്ല. പ്രശ്‌നമുള്ളിടത്ത് അവരത് പരിഹരിക്കട്ടെ.

കപിൽ സിബൽ സമാജ്‍വാദി പാർട്ടി പ്രതിനിധിയായി രാജ്യസഭയിലേക്കുള്ള നോമിനേഷൻ നൽകുന്നു

കപിൽ സിബൽ സമാജ്‍വാദി പാർട്ടി പ്രതിനിധിയായി രാജ്യസഭയിലേക്കുള്ള നോമിനേഷൻ നൽകുന്നു

രാഹുല്‍ ഗാന്ധി അമേരിക്കയില്‍ പോവുകയും ജമാഅത്തെ ഇസ്‌ലാമിയടക്കമുള്ള ദേശവിരുദ്ധ നിലപാടുകള്‍ പുലര്‍ത്തുന്ന സംഘങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നത് ശരിയാണോ?

ദേശീയതയാണ് നിങ്ങളെക്കൊണ്ട് ഈ ചോദ്യം ചോദിപ്പിക്കുന്നത്. രാഹുലിന്റെ ദേശീയത വേറെയായിരിക്കും. ദേശസ്‌നേഹവും ദേശീയതയും വ്യത്യസ്തമാണ്. രാഹുല്‍ ആരുമായി സഹകരിക്കുന്നു എന്നത് എന്റെ വിഷയമല്ല. പക്ഷേ, അദ്ദേഹത്തിന്റെ ദേശസ്‌നേഹത്തില്‍ എനിക്ക് സംശയമേതുമില്ല.

പഞ്ചാബിയായ താങ്കള്‍ക്ക് വിഭജനത്തിന്റെ മുറിവുകള്‍ പരിചിതമല്ലേ? നിങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി പോലുള്ളവരുമായി സഹകരിക്കുമോ?

ഞാന്‍ ജമാഅത്തെ ഇസ്‌ലാമിയെ പ്രതിനിധാനംചെയ്ത് സുപ്രീംകോടതിയില്‍ വാദിച്ച വക്കീലാണ്. അനീതിയാണെന്ന് എനിക്കു ബോധ്യപ്പെട്ട വിഷയങ്ങള്‍ക്കെതിരെ ഞാന്‍ നിലകൊള്ളും. രാഹുലിന്റെ കാര്യം പറയേണ്ടത് ഞാനല്ല.

യഥാര്‍ഥത്തില്‍ നിങ്ങളുടെ നിലപാട് ഇന്ന് എവിടെയാണ്

മോദിയുടെ കാര്യം കുഴപ്പത്തിലാണെന്നാണ് രാജ്യത്തെ സാധാരണക്കാരോട് ഇടപഴകുമ്പോള്‍ എനിക്ക് ബോധ്യപ്പെട്ടത്. ബി.ജെ.പിയോട് അനുഭാവമുണ്ടായിരുന്നവരില്‍ ഇന്ന് മാറ്റങ്ങള്‍ പ്രകടമാണ്. ഏകസിവില്‍കോഡ് വിവാദം അതില്‍ നിന്നും ശ്രദ്ധ തെറ്റിക്കാനുള്ള ഉപാധിയല്ലേ.

തമിഴ്‌നാട്ടില്‍ സെന്തില്‍ ബാലാജിയോടുള്ള നടപടിയെക്കുറിച്ച്...

ഞെട്ടിപ്പിക്കുന്നതാണത്. ഗവര്‍ണര്‍ക്ക് അതിനുള്ള അധികാരമൊന്നുമില്ല. അരുണാചല്‍ പ്രദേശ് വിധിയില്‍ സുപ്രീംകോടതി ഗവര്‍ണറുടെ മൂന്ന് അധികാരങ്ങളെ വരച്ചുകാണിച്ചിട്ടുണ്ട്. അതിലൊന്നും തമിഴ്‌നാട്ടില്‍ കണ്ടത് വരില്ല. അവിടത്തെ ബി.ജെ.പിപോലും അതിനെതിരെ പ്രതികരിച്ചില്ലേ. ബി.ജെ.പിയിതര സര്‍ക്കാറുകളെ അനിശ്ചിതത്വത്തിലാക്കാനുള്ള പണി ഗവര്‍ണര്‍മാരെ ഏൽപിച്ചിരിക്കുകയാണ് കേന്ദ്രം. തമിഴ്‌നാട് ഗവര്‍ണര്‍ അവിടത്തെ അറ്റോണി ജനറലിനോടുപോലും ആലോചിക്കാതെയാണ് ഇതു ചെയ്തത്. രാജാവിനോടുള്ള കൂറു കാരണം. എല്ലാകാലത്തും ഇതുപോലുള്ള ഗവര്‍ണര്‍മാരുണ്ടായിട്ടുണ്ടെങ്കിലും ഇത്ര പരിധിവിട്ടിട്ടില്ല.

കോണ്‍ഗ്രസിന്റെ നിലവിലെ പ്രവര്‍ത്തനം വിലയിരുത്താമോ?

മുമ്പത്തേതിനേക്കാളും നന്നായി അവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആകെയുള്ള ബദല്‍ കോണ്‍ഗ്രസാണെന്ന് ജനം തിരിച്ചറിഞ്ഞു വരുന്നു. വ്യക്തികളെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kapil sibalMadhyamam Weekly Webzine
News Summary - kapil sibal-navika kumar interview
Next Story