Begin typing your search above and press return to search.
proflie-avatar
Login

ഇന്ത്യയിൽ മാവോവാദികളുടെ പ്രസക്​തി നഷ്​ടമായോ? അവർക്ക്​ പിടിച്ചുനിൽക്കാനാവുമോ?

ഇന്ത്യയിൽ മാവോവാദികളുടെ പ്രസക്​തി നഷ്​ടമായോ? അവർക്ക്​ പിടിച്ചുനിൽക്കാനാവുമോ?
cancel
നി​േരാധിത സംഘടനയായ സി.പി.​െഎ (മാവോയിസ്​റ്റ്​) തുടർച്ചയായി തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്​. ഭരണകൂട വേട്ട ശക്​തമായി. നേതാക്കൾ പിടിയിലാകുകയോ കൊല്ല​പ്പെടുകയോ ചെയ്യുന്നു. ഇൗ പശ്ചാത്തലത്തിൽ മാവോവാദികളുടെ പ്രസക്​തി നഷ്​ടമായോ? അവർക്ക്​ പിടിച്ചുനിൽക്കാനാവുമോ?-മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖക​െൻറ നിരീക്ഷണവും വിശകലനവും.

ന്ത്യയിലെ മാവോവാദികളുടെ കഴിഞ്ഞ 17 വര്‍ഷത്തെ സായുധ വിപ്ലവശ്രമങ്ങളുടെ ചരിത്രത്തില്‍ 2021 നവംബര്‍ ഒരുപക്ഷേ ഏറ്റവും തിരിച്ചടി നേരിട്ട കാലമായി ചരിത്രം രേഖപ്പെടുത്താന്‍ ഇടയുണ്ട്. സി.പി.ഐ (മാവോയിസ്​റ്റ്) എന്ന സംഘടനയുടെ 2004ലെ രൂപവത്​കരണശേഷം രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളില്‍ ഏതാണ്ട് ഒരേസമയം സംഘടനാപരമായ നിലയില്‍ ഇത്രയധികം തിരിച്ചടി പാര്‍ട്ടിക്ക് നേരിട്ട സന്ദര്‍ഭം ഒരുപക്ഷേ വേറെയുണ്ടാവില്ല. കേരളവും തമിഴ്നാടും കർണാടകയും ചേര്‍ന്ന സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ ചുമതലയുള്ള പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ ബി.ജി. കൃഷ്ണമൂര്‍ത്തിയും വയനാട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കബനി ദളത്തി​െൻറ കമാന്‍ഡറായ സാവിത്രിയും കേരളത്തിലെ ഭീകരവിരുദ്ധ സേനയുടെ പിടിയിലായതാണ് തിരിച്ചടികളുടെ തുടക്കം. നവംബര്‍ 9നായിരുന്നു ഇരുവരും അറസ്​റ്റിലായത്. അതിനും ഒരാഴ്ച മുമ്പ് കഴിഞ്ഞ ഏഴു വര്‍ഷമായി മാവോവാദികളുടെ സന്ദേശവാഹകനായിരുന്നു (കുറിയര്‍) എന്നു സംശയിക്കുന്ന രാഘവേന്ദ്രയെ കണ്ണൂരില്‍നിന്ന്​ കസ്​റ്റഡിയില്‍ എടുത്തിരുന്നു. വയനാട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ലിജേഷ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രാമു അതിനും ഏതാനും ആഴ്​ചകള്‍ക്ക് മുമ്പ് പൊലീസിന് കീഴടങ്ങിയിരുന്നു. കേരളത്തിലെ അറസ്​റ്റുകള്‍ കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷമാണ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായ പ്രശാന്ത് ബോസും (കിഷന്‍ ദാ), അദ്ദേഹത്തി​െൻറ പത്‌നിയും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമായ ഷീല മറാന്‍ഡിയും ഝാര്‍ഖണ്ഡില്‍ അറസ്​റ്റുചെയ്യപ്പെടുന്നത്. അതിന് തൊട്ടുപിറകെ മഹാരാഷ്​ട്രയിലെ ഗഡ്ചിറോളി വനമേഖലയില്‍ നവംബര്‍ 13ന് നടന്നുവെന്നു പറയപ്പെടുന്ന ഏറ്റുമുട്ടലില്‍ സമുന്നത മാവോവാദി നേതാക്കളിലൊരാളായ മിലിന്ദ്​ തെൽതുംബ്‌ഡെ അടക്കം 26 പേര്‍ കൊല്ലപ്പെട്ട സംഭവം മാ​േവാവാദികളെ അക്ഷരാർഥത്തില്‍ ഞെട്ടിച്ചുവെന്നു പറയാം.


ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാവോവാദി തീവ്രവാദമാണെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങി​െൻറ വിലയിരുത്തലിനു ശേഷം ഒരുപക്ഷേ ആദ്യമായിട്ടാവും മാവോവാദികളുടെ സ്വാധീനമേഖലകള്‍ എന്നറിയപ്പെടുന്ന ഇടങ്ങളില്‍ സംഘടന ഒരേ തരത്തില്‍ ഒന്നിനു പിറകെ ഒന്നായുള്ള തിരിച്ചടികള്‍ നേരിടുന്നത്. ഗഡ്​ചിറോളി ഏറ്റുമുട്ടല്‍ നടന്ന് ഒരു മാസം കഴിഞ്ഞുവെങ്കിലും അതിനെ പറ്റിയുള്ള സി.പി.ഐ (മാവോയിസ്​റ്റ്​) പാര്‍ട്ടിയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. അത്തരം വിഷയങ്ങളില്‍ പാര്‍ട്ടിയുടെ സാധാരണഗതിയിലുള്ള പ്രതികരണ രീതിയുമായി താരതമ്യംചെയ്യുമ്പോള്‍ ഈ നിശ്ശബ്​ദത അസാധാരണമാണ്. പശ്ചിമഘട്ട സോണിലെ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍പിടിച്ചിരുന്ന കൃഷ്ണമൂര്‍ത്തിയുടെ അറസ്​റ്റു മുതല്‍ ഗഡ്ചിറോളി ഏറ്റുമുട്ടല്‍വരെയുള്ള സംഭവങ്ങള്‍ നല്‍കുന്ന സൂചന മാവോവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ സുരക്ഷാസേന താല്‍ക്കാലികമായെങ്കിലും നിർണായക മുന്‍കൈ നേടിയെന്നാണ്. തെല്‍തുംബ്‌ഡെയെപോലുള്ള ഉന്നത നേതാവിനെ ഇത്ര അനായാസമായി ഏറ്റുമുട്ടലില്‍ വധിക്കാനാവില്ല എന്നാണ് മാ​േവാവാദികളുടെ പ്രവര്‍ത്തനത്തെ പറ്റി ധാരണയുള്ളവരുടെ വിലയിരുത്തല്‍. കേന്ദ്ര-സംസ്ഥാന തലങ്ങളിലെ ഉന്നത നേതാക്കള്‍ വളയപ്പെടുന്ന സാഹചര്യങ്ങളില്‍ ശക്തമായ ചെറുത്തുനിൽപ്​ നടത്തി നേതാക്കള്‍ക്ക് സുരക്ഷിതമായി പിന്‍വാങ്ങാന്‍ പറ്റുന്ന സാഹചര്യമൊരുക്കുന്ന നിലയിലുള്ള സൈനികശേഷി മാവോവാദികള്‍ കൈവരിച്ചുവെന്ന് കണക്കാക്കപ്പെടുന്ന മേഖലയിലാണ് തെല്‍തുംബ്‌ഡെ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ നടന്നിരിക്കുന്നത്. തെല്‍തുംബ്‌ഡെയുടെ നീക്കങ്ങള്‍ കൃത്യമായി ചോര്‍ത്തി നല്‍കിയതി​െൻറ അടിസ്ഥാനത്തില്‍ വളരെ ആസൂത്രിതമായി നടത്തിയ ആക്രമണമാണ് ഗഡ്ചിറോളിയില്‍ നടന്നിരിക്കുകയെന്നാണ് മാവോവാദികളുടെ പ്രാഥമിക നിഗമനം. ഭക്ഷണത്തിലോ മറ്റോ മായം കലര്‍ത്തി നിഷ്‌ക്രിയരാക്കിയതിനു ശേഷം കൊലപ്പെടുത്തിയതിനുള്ള സാധ്യതകളും അവര്‍ തള്ളിക്കളയുന്നില്ല. ഏറ്റുമുട്ടല്‍ നടന്നുവെന്ന് പറയുന്ന പ്രദേശം സന്ദര്‍ശിച്ച ഛത്തിസ്ഗഢിലെ ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലി​െൻറ ലേഖക​െൻറ റിപ്പോര്‍ട്ടു പ്രകാരം പറയുന്ന സ്ഥലത്ത് ഏറ്റുമുട്ടല്‍ നടന്നതി​െൻറ ലക്ഷണങ്ങള്‍ ഒന്നും ദൃശ്യമല്ലെന്ന് പറയുന്നു. എന്തായാലും ഇക്കാര്യത്തില്‍ മാവോവാദികള്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

മാവോവാദികളുടെ ഭാവിതന്നെ പരുങ്ങലില്‍ ആണെന്ന ചര്‍ച്ചകള്‍ മുഖ്യധാര മാധ്യമങ്ങളിൽ, സ്വാഭാവികമായും സജീവമായ ഇക്കാലയളവില്‍, പാര്‍ട്ടിയുടെ പേരില്‍ വന്നുവെന്നു പറയപ്പെടുന്ന പ്രസ്താവന അതേസമയം അമ്പരപ്പിക്കുന്നതാണ്. പാര്‍ട്ടിയുടെ സമുന്നത നേതാവായ കൊബാഡ് ഗാന്‍ഡിയെ സംഘടനയില്‍നിന്നും പുറത്താക്കിയെന്ന പ്രസ്താവന ഡിസംബറി​െൻറ തുടക്കത്തില്‍ പുറത്തുവന്നു. 10 വര്‍ഷത്തോളം നീണ്ട ജയില്‍ജീവിതത്തിനു ശേഷം 2019ല്‍ പുറത്തുവന്ന ഗാന്‍ഡി മാര്‍ക്‌സിസം-ലെനിനിസം-മാവോവാദം തത്ത്വങ്ങളില്‍നിന്ന്​ വ്യതിചലിച്ചുവെന്നും സംഘടന അച്ചടക്കവും മര്യാദകളും പുലര്‍ത്തുന്നതില്‍ പരാജയമടഞ്ഞുവെന്നും പാര്‍ട്ടി വക്താവായ അഭയ് പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു. ഗാന്‍ഡി എഴുതിയ ഫ്രാക്‌ചേര്‍ഡ് ഫ്രീഡം: എ പ്രിസണ്‍ മെമ്മയര്‍ എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങളാണ് അദ്ദേഹത്തെ പുറത്താക്കുന്നതിനുള്ള പ്രധാന കാരണമെന്ന് കരുതപ്പെടുന്നു.

മാവോവാദി പ്രവര്‍ത്തനങ്ങള്‍ അതി​െൻറ അവസാന ഘട്ടത്തിലാണെന്ന് കേന്ദ്ര സര്‍ക്കാറി​െൻറ സീനിയര്‍ സുരക്ഷ ഉപദേഷ്​ടാവായ കെ. വിജയകുമാര്‍ അഭിപ്രായപ്പെടുന്നു. കേന്ദ്രസര്‍ക്കാറി​െൻറ തലത്തില്‍ മാവോവാദി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന വ്യക്തിയാണ് സർവിസില്‍നിന്നും വിരമിച്ച വിജയകുമാര്‍. ഏറ്റുമുട്ടലുകളില്‍ നേതാക്കളുടെ മരണം, അറസ്​റ്റുകള്‍, പ്രായാധിക്യംമൂലമുള്ള നേതാക്കളുടെ മരണം, പുതിയ റിക്രൂട്ട്‌മെൻറില്‍ ഉണ്ടായ ശോഷണം, നിരന്തരമായ സുരക്ഷ ഓപറേഷന്‍സ് എന്നിവയാണ് മാവോവാദി പ്രവര്‍ത്തനങ്ങളെ അതി​െൻറ അവസാന പാദത്തില്‍ എത്തിച്ചതെന്ന് അദ്ദേഹം വിലയിരുത്തുന്നു. തെല്‍തുംബ്​ഡെയുടെ മരണം വലിയ തിരിച്ചടിയാണെന്ന് വിജയകുമാര്‍ വിലയിരുത്തുന്നു. മഹാരാഷ്​ട്ര, മധ്യപ്രദേശ്, ഛത്തിസ്ഗഢ് (എം.എം.സി) എന്ന പുതിയ സോണി​െൻറ നേതാവായിരുന്ന തെല്‍തുംബ്‌ഡെ മേഖലയില്‍ ഏറ്റവുമധികം ജനസ്വാധീനമുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തി​െൻറ വിയോഗം ഈ മേഖലയില്‍ പ്രസ്ഥാനത്തി​െൻറ വളര്‍ച്ചക്ക് ഗണ്യമായി തടയിടും എന്നാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കിഷന്‍ദായുടെയും ഷീല മറാന്‍ഡിയുടെയും അറസ്​റ്റും സുരക്ഷാ സേനയുടെ വലിയ നേട്ടമാണെന്ന്​ വിജയകുമാര്‍ അവകാശപ്പെടുന്നു. അവിഭക്ത കമ്യൂണിസ്​റ്റു പാര്‍ട്ടിയുടെ കാലം മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകനായ 75കാരനായ കിഷന്‍ദാ മാവോവാദി കമ്യൂണിസ്​റ്റ്​ സെൻററും പീപ്പിള്‍സ് വാര്‍ ഗൂപ്പും തമ്മിലുള്ള ലയനത്തിന് മുന്‍കൈയെടുത്ത പ്രധാന നേതാക്കളില്‍ ഒരാളായി കരുതപ്പെടുന്നു. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തോളം ഒളിവില്‍ പ്രവര്‍ത്തിക്കുന്ന കിഷന്‍ദാ ബിഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ് തുടങ്ങിയ കിഴക്കന്‍ സംസ്ഥാനങ്ങളിലെ മാവോവാദി പ്രവര്‍ത്തനങ്ങളുടെ പ്രധാന സംഘാടകനായിരുന്നു. ആർ​.കെ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഹര്‍ഗോപാല്‍ രാമകൃഷ്ണ, തെലങ്കാന സംസ്ഥാന സെക്രട്ടറി ഹരിഭൂഷന്‍ എന്നിവര്‍ ഈ വര്‍ഷം മരണമടഞ്ഞതും കടുത്ത നഷ്​ടമാണെന്ന് വിലയിരുത്തപ്പെടുന്നു.

എഴുതിത്തള്ളാറായിട്ടില്ല

മാവോവാദികള്‍ ദുര്‍ബലാവസ്ഥയിലാണെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും പ്രസ്ഥാനത്തെ എഴുതിത്തള്ളാന്‍ സമയമായിട്ടില്ലെന്നു മാത്രമല്ല അങ്ങനെയുള്ള സമീപനം ആത്മഹത്യാപരമായിരിക്കുമെന്നും കരുതുന്നവർ ധാരാളമാണ്. അതിര്‍ത്തി രക്ഷാസേനയുടെ (ബി.എസ്​.എഫ്​) മുന്‍ ഡയറക്ടര്‍ ജനറല്‍ പ്രകാശ് സിങ്ങി​െൻറ അഭിപ്രായം അതാണ്. കഴിഞ്ഞ 10 വര്‍ഷത്തെ ചരിത്രത്തില്‍ മാവോവാദികള്‍ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണെന്ന കാര്യം ശരിയാണ്. എന്നാല്‍ അവരെ എഴുതിത്തള്ളാനാവില്ല. എല്ലാം അവസാനിച്ചുവെന്നു കരുതിയ രണ്ടു ഘട്ടത്തില്‍നിന്നും ശക്തമായ തിരിച്ചുവരവ് നടത്തിയ ചരിത്രം അവര്‍ക്കുണ്ടെന്ന കാര്യം മറക്കരുത്, ഇക്കഴിഞ്ഞ നവംബര്‍ 18ന് എഴുതിയ ലേഖനത്തില്‍ സിങ്​ ചൂണ്ടിക്കാട്ടി. 1972ല്‍ ചാരു മജുംദാര്‍ കൊല്ലപ്പെട്ടതോടെ പ്രസ്ഥാനം അവസാനിച്ചുവെന്ന വിലയിരുത്തല്‍ തെറ്റാണെന്നു തെളിഞ്ഞു. അതുപോലെ 1993ല്‍ കോണ്ടപ്പള്ളി സീതാരാമയ്യ അറസ്​റ്റു ചെയ്യപ്പെട്ടതോടെ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് ഏതാണ്ട് അവസാനിച്ചതായി കണക്കാക്കപ്പെട്ടു. രണ്ടു വിലയിരുത്തലുകളും തെറ്റായെന്നു മാത്രമല്ല കൂടുതല്‍ ശക്തമായ നിലയിലാണ് പ്രസ്ഥാനം തിരിച്ചുവരവ് നടത്തിയതെന്നും സിങ്​ അഭിപ്രായപ്പെടുന്നു. അതി​െൻറ കാരണവും അദ്ദേഹം വിശദീകരിക്കുന്നു. നക്‌സലൈറ്റ്/മാവോവാദ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരാനുള്ള സാമൂഹിക-സാമ്പത്തിക കാരണങ്ങള്‍ അതുപോലെ നിലനില്‍ക്കുന്നതാണ് തിരിച്ചടികള്‍ക്ക് ശേഷവും പ്രസ്ഥാനം ഉയര്‍ന്നുവരുന്നത്. ഈ അവസ്ഥയില്‍ മാറ്റം വരുന്നതിലൂടെ മാത്രമെ മാവോവാദികളെ പൂർണമായും പരാജയപ്പെടുത്താനാവുകയുള്ളൂവെന്നാണ് അദ്ദേഹത്തി​െൻറ നിഗമനം. രാജ്യത്തി​െൻറ ഭൗതിക-ധന സമ്പത്തി​െൻറ 50 ശതമാനവും അതിസമ്പന്നരായ 10 ശതമാനം പേരുടെ കരങ്ങളില്‍ ആയിരിക്കുമ്പോള്‍ 50 ശതമാനം ജനതയുടെ പക്കല്‍ വെറും 10 ശതമാനം മാത്രമാണുള്ളതെന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാവോവാദികളെ ഒന്നു-രണ്ടു കൊല്ലങ്ങള്‍ക്കകം തുടച്ചുനീക്കാമെന്ന വ്യാമോഹങ്ങള്‍ക്ക് പകരം സര്‍ക്കാര്‍ അവരെ സമാധാന ചര്‍ച്ചകള്‍ക്കായി ക്ഷണിക്കണം എന്നും സിങ്​ നിർ​േദശിക്കുന്നു. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സായുധ വിഘടന സംഘടനകളുമായി സര്‍ക്കാര്‍ സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതുപോലെ മാവോവാദികളുമായും ചര്‍ച്ച നടത്തണം. ഇപ്പോഴത്തെ അവസ്ഥയില്‍ ശക്തമായ നിലയില്‍നിന്നും സര്‍ക്കാറിന് ചര്‍ച്ചകളില്‍ ഏര്‍പ്പെടാനാവുമെന്നും അദ്ദേഹം പറയുന്നു.

കൊബദ്​ ഗാന്ധി

വിപ്ലവത്തി​െൻറ പ്രധാന അടവും തന്ത്രവും നീണ്ടുനില്‍ക്കുന്ന ഗറിലയുദ്ധമാണെന്ന് തുറന്നു പ്രഖ്യാപിക്കുന്ന മാവോവാദികളെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ തിരിച്ചടികള്‍ അവരുടെ നിലപാടുകളിലും വീക്ഷണങ്ങളിലും വലിയ മാറ്റങ്ങള്‍ വരുത്തില്ലെന്ന് വിലയിരുത്തപ്പെടുന്നു. മുന്നേറ്റങ്ങള്‍പോലെ തിരിച്ചടികളും വിപ്ലവശ്രമങ്ങളുടെ ഭാഗമാണെന്നാണ് അനുഭാവിയായ ഒരാളി​െൻറ വിലയിരുത്തല്‍. തിരിച്ചടി ഉണ്ടായാല്‍ ഉടന്‍ അതുവരെ പിന്തുടര്‍ന്ന സിദ്ധാന്തവും പ്രയോഗവും പുനഃപരിശോധിക്കണമെന്ന സമീപനം ശരിയല്ല, അദ്ദേഹം പറയുന്നു. തിരിച്ചടിയുടെ കാരണങ്ങളും വളര്‍ച്ച മുരടിക്കുന്നതും കര്‍ശനമായ വിലയിരുത്തലുകള്‍ക്ക് വിധേയമാക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതി​െൻറ അർഥം ഇതുവരെ പിന്തുടര്‍ന്ന നയങ്ങളെല്ലാം കാലഹരണപ്പെട്ടു എന്നല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നക്‌സല്‍ബാരി കലാപം മുതല്‍ ഇതുവരെയുള്ള ചരിത്രം ത​െൻറ വാദങ്ങളെ സാധൂകരിക്കുന്നതിനായി അദ്ദേഹം നിരത്തുന്നു. നക്‌സല്‍ബാരി മുതലുള്ള ചരിത്രമെടുത്താല്‍ ഭരണകൂട ഭീകരത ഇത്രയധികം അനുഭവിച്ച, അനുഭവിക്കുന്ന ഒരു രാഷ്​ട്രീയ പ്രസ്ഥാനം ഇന്ത്യയില്‍ ഉണ്ടാവില്ല. തുറന്ന നിലയില്‍ ഒരു തരത്തിലുമുള്ള രാഷ്​ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവര്‍ക്കാവില്ല. വ്യവസ്ഥാവിരുദ്ധമായ എല്ലാ ചിന്തകളും പ്രവര്‍ത്തനങ്ങളും പ്രച്ഛന്നവേഷധാരിയായ മാവോവാദമാണെന്ന നിലയില്‍ ഇന്ത്യയിലുടനീളം പൊലീസ്-സൈനിക അടിച്ചമര്‍ത്തല്‍ നേരിടുന്നു. ഒരു തെരുവ് നാടകം പോലും നടത്താനാവില്ല. 'അര്‍ബന്‍ നക്‌സല്‍' എന്ന പ്രയോഗംതന്നെ വ്യവസ്ഥാപിതമാക്കപ്പെട്ടിരിക്കുന്നു. അന്തരിച്ച പ്രശസ്ത എഴുത്തുകാരനും സാംസ്​കാരിക പ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാഡ്​ 'ഞാന്‍ അര്‍ബന്‍ നക്‌സല്‍' എന്ന ബോര്‍ഡ് തൂക്കി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതുപോലുള്ള പ്രതിഷേധം നടത്താന്‍പോലും ഇപ്പോള്‍ പലരും ഭയപ്പെടുന്നു. അടിച്ചമര്‍ത്തല്‍ അത്രയധികം ഭീകരമാണ്. ഭീമ-കൊറേഗാവ്​ കേസ്​ അതി​െൻറ നല്ല ഉദാഹരണമാണ്. റോമില ഥാപ്പറും പ്രഭാത് പട്‌നായിക്കും ദേവകി ജയിനുമടക്കം സുപ്രീം കോടതിയില്‍ ഈ ഗൂഢാലോചന കേസ്​ തള്ളിക്കളയണമെന്ന് ഹരജി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. നിലനില്‍പ്പിനായി ഊർധ്വശ്വാസംവലിക്കുന്ന ഒന്നായി മാവോവാദികള്‍ മാറിയെങ്കില്‍ ഭരണകൂടം എന്തിനാണ് ഇത്രയധികം അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതെന്ന അനുഭാവിയുടെ ചോദ്യത്തിന് ഉത്തരം പറയുക എളുപ്പമല്ല.

സായുധ പ്രവര്‍ത്തനം മാത്രമല്ല

അന്ധമായ സായുധപ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ് മാവോവാദികള്‍ എന്ന പ്രചാരണങ്ങളെയും അദ്ദേഹം തള്ളിക്കളയുന്നു. ഭരണകൂട ഭീകരത അസഹനീയമായ നിലയില്‍ എത്തിയ സാഹചര്യങ്ങളില്‍ മാത്രമാണ് പൂർണമായും അണ്ടര്‍ഗ്രൗണ്ടിലേക്കും സായുധ സ്‌ക്വാഡുകളിലേക്കും പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത്, അദ്ദേഹം പറയുന്നു. 1980കളിലെ ആന്ധ്രപ്രദേശിലെയും ബിഹാറിലെയും അനുഭവങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും ഇക്കാര്യം ബോധ്യപ്പെടും. പ്രശസ്ത പൗരാവകാശ പ്രവര്‍ത്തകനായ അന്തരിച്ച കെ. ബാലഗോപാല്‍ മുതല്‍ നരവംശ ശാസ്ത്രജ്ഞയായ അല്‍പ ഷാ വരെയുള്ളവരുടെ രചനകള്‍ പഠിക്കുന്ന ആര്‍ക്കും അക്കാര്യം ബോധ്യപ്പെടും. ഇന്നത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ നക്‌സലൈറ്റു പ്രസ്ഥാനത്തി​െൻറ തുടക്കകാലത്തെ സായുധ പ്രവര്‍ത്തനങ്ങള്‍ വളരെ നിസ്സാരമായിരുന്നു. സായുധശക്തിയെക്കാള്‍ ഏറ്റവും അടിത്തട്ടിലെ ജനങ്ങളുടെ പങ്കാളിത്തമായിരുന്നു അതി​െൻറ അടിത്തറ. കടുത്ത അടിച്ചമര്‍ത്തലും അരക്ഷിതാവസ്ഥയും നേരിടുന്ന ഇപ്പോഴത്തെ സാഹചര്യത്തിലും അവരുടെ സ്വാധീന മേഖലകളില്‍ ബഹുജന സമരങ്ങള്‍ ഏറ്റെടുക്കുന്നതിലും പങ്കാളിത്തംവഹിക്കുന്നതിലും മാവോവാദികള്‍ സജീവമാണ്. ഛത്തിസ്ഗഢില്‍ ഒരു ഖനന പദ്ധതിക്കെതിരെയും പൊലീസ് ക്യാമ്പുകള്‍ക്കെതിരെയും ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന ബഹുജന പ്രക്ഷോഭങ്ങള്‍ സമീപകാലത്ത് നടന്നിരുന്നു. മാവോവാദികളാണ് അതിന് പിന്നിലെന്ന് സംസ്ഥാന സര്‍ക്കാറും പൊലീസും അഭിപ്രായപ്പെട്ടിരുന്നു. ആന്ധ്രപ്രദേശിലും തെലങ്കാനയിലുമെല്ലാം വീണ്ടും ചുവടുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മാവോവാദികള്‍ ജനകീയ സമരങ്ങളെ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചുള്ള ഉത്​കണ്ഠകള്‍ മാധ്യമ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കേരളത്തില്‍പോലും അത്തരം വാര്‍ത്തകള്‍ ഭരണകൂടത്തി​െൻറ ഭാഗത്തുനിന്ന്​ ഇടക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്.


മാര്‍ക്‌സിസം, വിപ്ലവം, സോഷ്യലിസ്​റ്റു സമൂഹങ്ങളിലെ അപചയം എന്നിവയെകുറിച്ചുള്ള സൈദ്ധാന്തികമായ സംവാദങ്ങളും നക്‌സലൈറ്റ്​/മാവോവാദി പ്രസ്ഥാനത്തെ ശ്രദ്ധേയമാക്കുന്നതില്‍ പങ്ക് വഹിക്കുന്നു. ഒരു കമ്യൂണിസ്​റ്റു പാര്‍ട്ടി അതി​െൻറ ലക്ഷ്യങ്ങളുടെ നേര്‍ വിപരീതമാവുന്ന പ്രക്രിയയെകുറിച്ചുള്ള മാവോയുടെ വിലയിരുത്തലുകള്‍ മുന്നോട്ടുവെക്കുന്ന സൈദ്ധാന്തിക സമസ്യകള്‍, ഇന്ത്യയിലെ ജാതി പ്രശ്‌നം, ഇന്ത്യന്‍ ദേശരാഷ്​ട്ര സ്വത്വത്തി​െൻറ ആശയാടിത്തറയായി ബ്രാഹ്മണ്യം പ്രവര്‍ത്തിക്കുന്നതി​െൻറ രീതിശാസ്ത്രം, സ്ത്രീകളുടെ അടിച്ചമര്‍ത്തലുമായി ബന്ധപ്പെട്ട സവിശേഷതകള്‍, സാമ്രാജ്യത്വവും ഇന്ത്യന്‍ ഭരണവർഗങ്ങളുമായുള്ള കെട്ടുപാടുകള്‍, ഇന്ത്യന്‍ സമ്പദ്ഘടനയുടെ ആശ്രിതാവസ്ഥ തുടങ്ങിയ ഒട്ടനവധി വിഷയങ്ങളില്‍ ചൈതന്യവത്തായ സൈദ്ധാന്തിക സംവാദങ്ങള്‍ കെട്ടഴിച്ചുവിടുന്നതില്‍ നക്‌സലൈറ്റ്​/മാവോവാദി പ്രസ്ഥാനത്തി​െൻറ സംഭാവന അവഗണിക്കാവുന്നതല്ല. വിപ്ലവകരമായ സാമൂഹികപരിവര്‍ത്തനങ്ങളെ കുറിച്ചുള്ള സങ്കൽപനങ്ങളില്‍ ആകമാനം വ്യത്യസ്​തങ്ങളായ നിരവധി വീക്ഷണങ്ങള്‍ സജീവമായ സംവാദങ്ങളാവുന്ന കാലഘട്ടത്തിലാണ് മാവോവാദികളുടെ അതിജീവന ശേഷിയെക്കുറിച്ചുള്ള ഭിന്ന വീക്ഷണങ്ങളും പരിശോധനാവിധേയമാകുന്നത്. കിഷന്‍ ദായുടെ അറസ്​റ്റും തെല്‍തുംബ്‌ഡെയുടെ മരണവും കിഴക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പശ്ചിമേന്ത്യന്‍ സംസ്ഥാനങ്ങളിലും മാ​േവാവാദികളുടെ പ്രവര്‍ത്തനത്തെ താല്‍ക്കാലികമായെങ്കിലും തളര്‍ത്തുമെന്ന വിലയിരുത്തല്‍ അവഗണിക്കാവുന്നതല്ല. ഈ സാഹചര്യം ഉപയോഗപ്പെടുത്തി മധ്യ ഇന്ത്യയിലെ മാവോവാദികളുടെ ശക്തികേന്ദ്രങ്ങളില്‍ കടുത്ത സൈനിക നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ''ശത്രു മുന്നേറുമ്പോള്‍ പിന്മാറുകയെന്ന'' ഒളിപ്പോര്‍ തന്ത്രം സര്‍വവ്യാപിയായ നിരീക്ഷണ സംവിധാനങ്ങളുടെ കാലത്ത് എത്രത്തോളം പ്രയോജനപ്പെടുമെന്നതിനെ ആശ്രയിച്ചാവും മാവോവാദികളുടെ അതിജീവന ശേഷി ഒരുപക്ഷേ നിർണയിക്കപ്പെടുക.


Show More expand_more
News Summary - india Maoist disappearance