Begin typing your search above and press return to search.
proflie-avatar
Login

'പ്രതികാരം ചോദിക്കുന്ന ഹിന്ദു രാജ്യത്തിന്റെ പുതിയ ഏലസാണിത്'; അരുന്ധതി റോയ് എഴുതുന്നു

Arundhati Roy
cancel

മുസ്‍ലിംകളുടെ വീടുകളും കടകളും വ്യാപാര ഇടങ്ങളും ബുൾഡോസറുപയോഗിച്ച് തകർത്തുകൊണ്ടിരിക്കുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി തുടരുന്ന ഈ ക്രൂരതക്ക് പിന്നിൽ പ്രധാനമന്ത്രിയുടെ പാർട്ടി തന്നെയാണ്. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളിയായെന്ന സംശയമാണ് കാരണമായി നിരത്തുന്നത്. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഇതേ കുറിച്ച് അഭിമാനപൂർവം വീമ്പു പറയുന്നു.ആഴത്തിൽ വീഴ്ചകളുള്ള ദുർബലമായ ഈ ജനാധിപത്യം ഒട്ടും ലജ്ജയില്ലാതെ ക്രിമിനൽ ഫാഷിസ്റ്റ് സംവിധാനമായി പരിവർത്തിക്കപ്പെട്ടിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. അതും വൻ ജനപിന്തുണയോടെ.

ഹിന്ദു ദൈവ പുരുഷന്മാരായി ​കെട്ടിയെഴുന്നള്ളിക്കപ്പെട്ട ഗുണ്ടാനേതാക്കളുടെ കൈയിലാണ് ഭരണം എന്ന പോലെയാണ് കാര്യങ്ങൾ. അവരുടെ രേഖയിൽ, മുസ്‍ലിംകളാണ് ഒന്നാം നമ്പർ പൊതുശത്രു. മുമ്പ് കൂട്ടക്കുരുതികൾ, ആൾക്കൂട്ടക്കൊലകൾ, ആസൂത്രിത കൊലകൾ, കസ്റ്റഡി മരണങ്ങൾ, വ്യാജ പൊലീസ് ഏറ്റുമുട്ടൽ കൊലകൾ, തെറ്റായ കാരണങ്ങൾ നിരത്തി ജയിലിലടക്കൽ തുടങ്ങിയവ​യൊക്കെയായിരുന്നു മുസ്‍ലിംകൾ നേരിട്ട ശിക്ഷകൾ. വീടുകളും വാണിജ്യ കേന്ദ്രങ്ങളും തകർക്കുന്നത് പുതിയ രീതിയാണ്. അങ്ങനെ ശരിക്കും ഫലമേറെയുള്ള ഒന്നുകൂടി ഈ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു.

ഈ പ്രതിഭാസം റിപ്പോർട്ട് ചെയ്യപ്പെടുകയും എഴുതുകയും ചെയ്യുന്നത് നിരീക്ഷിച്ചാൽ, ദൈവികവും പ്രതികാരാത്മകവുമായ ശേഷി ബുൾഡോസറിന് കൽപിക്കപ്പെടുന്നുണ്ട്. ഭീമൻ ലോഹനഖങ്ങളുമായി ''ശത്രുവിനെ നിഗ്രഹിക്കാൻ'' ഉപയോഗിക്കുന്ന ഈ യന്ത്രം, പുരാണങ്ങളിൽ പിശാചുക്കളെ കൊല്ലുന്ന ദൈവം വിഷയമാകുന്ന കോമഡി ചിത്രീകരണങ്ങളായാണ് അവതരിപ്പിക്കപ്പെടുന്നത്. പ്രതികാരം ചോദിക്കുന്ന ഹിന്ദു രാജ്യത്തിന്റെ പുതിയ ഏലസ്സാണിത്. അടുത്തിടെ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഒറ്റ വസ്തുവിന് അരികെ നിന്നായിരുന്നു ഫോട്ടോക്ക് പോസ് ചെയ്തത്- എന്താണ് താൻ ചെയ്യുന്നതെന്നും എന്തിന്നാണ് അംഗീകാരം നൽകുന്നതെന്നും അറിയാതെയായിരിക്കില്ല അദ്ദേഹം അത് ചെയ്തിട്ടുണ്ടാകുക. മറ്റൊരു രാജ്യം സന്ദർശിക്കുന്ന ഭരണാധികാരി ഒരു ബുൾഡോസറിനൊപ്പം ഫോട്ടോക്കു പോസ് ചെയ്യുന്നത് എന്തു മാത്രം വിചിത്രമാണ്? .

​ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബുൾഡോസറുമായി ഫോട്ടോ ഷൂട്ടിൽ

മറുവശത്ത്, സർക്കാർ വക്താക്കൾക്ക് പറയാനുള്ളത് തങ്ങൾ മുസ്‍ലിംകളെയല്ല ലക്ഷ്യം വെക്കുന്നതെന്നും അനധികൃത നിർമിതികൾ തകർക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ്. ഒരർഥത്തിൽ, മുനിസിപ്പൽ ശുദ്ധികലശം മാത്രം. എന്നാൽ, ആ ന്യായം നിലനിൽക്കുന്നില്ല. പരിഹസിക്കലാണ്. ഭീതി വിതക്കലും. രാജ്യത്തെ ഓരോ പട്ടണത്തിലെയും നിർമിതികളിലേറെയും പൂർണമായോ ഭാഗികമായോ നിയമവിരുദ്ധമാണെന്നത് അധികൃതർക്ക് മാത്രമല്ല മിക്കവാറും ഇന്ത്യക്കാർക്കുമറിയാവുന്ന വസ്തുത തന്നെയാണ്. നോട്ടീസ് നൽകാതെയും അപ്പീലിന് അവസരമില്ലാതെയും വാദം കേൾക്കാതെയും മുസ്‍ലിംകളുടെ വീടുകളും വ്യവസായങ്ങളും തകർക്കുക വഴി അവർ നേടുന്നത് ഒരു വെടിക്ക് ഒരു പാട് പക്ഷികളെയാണ്.

ബുൾഡോസർ കാലത്തിന് മുമ്പ്, മുസ്‍ലിംകൾക്ക് ശിക്ഷ നടപ്പാക്കിയിരുന്നത് ജാഗ്രത പോരാളികളും പൊലീസും ചേർന്നായിരുന്നു. പൊലീസ് ശിക്ഷയിൽ നേരിട്ട് പങ്കാളികളാകുകയോ മാറിനിന്ന് നിരീക്ഷിക്കാൻ തീരുമാനിക്കുകയോ ചെയ്തു. വസ്തുവകകൾ ബോൾഡോസറുകൾ ഉപയോഗിച്ച് തകർക്കുന്നതിന് സാക്ഷിയായി പൊലീസ് മാത്രമല്ല, മുനിസിപൽ അധികൃതർ, മാധ്യമങ്ങൾ എന്നിവരെല്ലാമുണ്ട്. 'പിശാചിനെ' ഉന്മൂലനം ചെയ്യുന്ന കാഴ്ച വലിയ കണ്ണിൽ മാധ്യമങ്ങൾ കാണിക്കുന്നു. കോടതികളാകട്ടെ, ഇടപെടാതെ ദൂരേക്ക് നോക്കിനിൽക്കുകയാണ്. ഇത് മുസ്ലിംകളോട് പറയുന്നതിതാണ്: ''നിങ്ങളുടെ വിഷയമാണ്. നിങ്ങൾ തന്നെ നോക്കിക്കോളണം. സഹായം എവിടെനിന്നും വരാനില്ല. അപ്പീൽ നൽകാൻ കോടതിയുണ്ടാകില്ല. പഴയ ജനാധിപത്യത്തിൽ തിരുത്തലിന്റെയും ശരിപ്പെടുത്തലിന്റെയുമായി ഉള്ള ഓരോ സ്ഥാപനവും ഇപ്പോൾ നിങ്ങൾക്കെതിരെ പ്രയോഗിക്കാവുന്ന ഒരു ആയുധം മാത്രമാണ്''.

മറ്റു സമുദായക്കാരായ സർക്കാർ വിരുദ്ധ പ്രക്ഷോഭകരു​ടെ സ്വത്തുവകകളൊന്നും ഇ​തേ രീതിയിൽ ലക്ഷ്യം വെക്കപ്പെടുന്നില്ല.ഉദാഹരണത്തിന്, ബി.ജെ.പി സർക്കാറിന്റെ പുതിയ സൈനിക റിക്രൂട്ട്മെൻറ് നയത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ പതിനായിരക്കണക്കിന് യുവാക്കൾ വടക്കേ ഇന്ത്യയിലുടനീളം ആക്രമണോത്സുകമായാണ് പ്രതിഷേധം നടത്തിയത്. ട്രെയിനുകളും വാഹനങ്ങളും കത്തിച്ചു. റോഡുകൾ തടഞ്ഞു. ബി.ജെ.പി ഓഫീസ് പോലും അവർ കത്തിച്ചു. പക്ഷേ, അവരിലേറെയും മുസ്‍ലിംകളായിരുന്നില്ല. അതിനാൽ അവരുടെ വീടുകളും കുടുംബങ്ങളും സുരക്ഷിതരായി പുലർന്നുപോരുന്നു.

ദേശീയ തെരഞ്ഞെടുപ്പിൽ പാർലമെന്റിൽ ഭൂരിപക്ഷം നേടാൻ 20 കോടി മുസ്‍ലിം ജനസംഖ്യയുടെ വോട്ട് വേണ്ടെന്ന് 2014ലെയും 2019ലെയും രണ്ട് പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പി തെളിയിച്ചതാണ്. അപ്പോൾ പിന്നെ നാം നോക്കുന്നത് വോട്ടുനിഷേധത്തിന്റെ വഴിയാണ്. അതിനാകട്ടെ, അപകടകരമായ അനന്തരഫലങ്ങളുണ്ട് താനും. കാരണം, നിനക്ക് വോട്ടവകാശം നഷ്ടപ്പെട്ടോ, നീ പിന്നെ വിഷയമല്ല. നീ അപ്രധാനിയാണ്. നിന്നെ ഉപയോഗിക്കാം, ദുരുപയോഗിക്കാം. അതിനാണ് നാം സാക്ഷിയാകുന്നതും.

ബി.ജെ.പിയിൽ ഉയർന്ന പദവി വഹിക്കുന്നവർ പോലും മുസ്‍ലിംകൾ പവിത്രമെന്ന് കരുതുന്നവരെ പരസ്യമായി അപഹസിച്ചിട്ടും യഥാർഥ അണികളുടെ പിന്തുണ നഷ്ടമായില്ല. അർഥവത്തായ വിമർശനവും വന്നില്ല. ഈ പരിഹാസങ്ങൾക്കെതിരെ മുസ്‍ലിംകൾ നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം സ്വാഭാവികം. ഹിംസയുടെയും മൃഗീയ ആക്രമണങ്ങളുടെയും പരമ്പരകൾക്കു പിറകെയാണ് ഈ സംഭവവുമെന്നതു തന്നെ കാരണം. അതിനിടക്കു പക്ഷേ, ആ​രോ ദൈവനിന്ദ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത് മാത്രം ശ്രദ്ധിക്കപ്പെട്ടു. കാരണം, അങ്ങനെയൊരു നിയമം കൊണ്ടുവരാൻ ബി​.ജെ.പിക്കാകും ഏറ്റവും സന്തോഷം. അതുവഴി ഹിന്ദുദേശീയതയെ കുറിച്ച ഏതുതരം അഭിപ്രായപ്രകടനങ്ങളും ഈ നിയമപ്രകാരം കുറ്റകരമാക്കി മാറ്റൽ എളുപ്പമാകും. ഇന്ത്യ പതിച്ചുകൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ ഗർത്തത്തെ ബോധവത്കരിക്കുന്ന ബൗദ്ധിക നിരീക്ഷണങ്ങളെ ഇല്ലാതാക്കലും വിമർശനങ്ങൾ നിശ്ശബ്ദമാക്കലും ആയാസരഹിതമാകും. വ്യക്തിഗത ​പ്രതിഷേധക്കാരിൽ ​എ.ഐ.എം.ഐ.എം നേതാവ് ആവശ്യ​പ്പെട്ടത് ഇയാളെ തൂക്കി​ലേറ്റണമെന്നാണ്. മറ്റുള്ളവർ തലവെട്ടണമെന്നും. മുസ്‍ലിംകളെ കുറിച്ച വാർപ്പുമാതൃകകളെ ഒന്നുകൂടി ഉറപ്പിക്കുന്നവയായി ഇ​വയെല്ലാം എന്നതു മാത്രം മിച്ചം. പരിഹാസത്തിന്റെയും വധഭീഷണികളുടെയും കൂറ്റൻ മതിലുകൾ അതിരിട്ട ഈ സമയത്ത്, സംഭാഷണം സാധ്യമാകുമെന്ന് തോന്നുന്നില്ല.


പ്രതിഷേധങ്ങൾ തീർത്ത ധ്രുവീകരണം ബി.ജെ.പിക്ക് പിന്തുണ ഏറ്റിയിട്ടേയുള്ളൂ. നിന്ദ നടത്തിയ ബി.ജെ.പി വക്താവിനെ പാർട്ടി സസ്​പെൻഡ് ചെയ്തിട്ടുണ്ട്. അവരെ പക്ഷേ, പാർട്ടി അണികൾ ആവേശത്തോടെ ഏറ്റെടുത്തിട്ടുമുണ്ട്. അവരുടെ രാഷ്ട്രീയ ഭാവി കൂടുതൽ ശോഭനമാണെന്നാണ് സൂചന. ശത്രു സേനക്ക് ലഭിക്കാതിരിക്കാൻ യുദ്ധങ്ങളിൽ എല്ലാം തീയിടുന്നതിന്റെ രാഷ്ട്രീയ വകഭേദത്തിനൊപ്പമാണ് ഇന്ത്യയിൽ നാമിന്ന് ജീവിക്കുന്നത്. വർഷങ്ങളെടുത്ത് നാം സൃഷ്ടിച്ചെടുത്ത ഓരോ സ്ഥാപനവും- തകർക്കപ്പെടുന്നു. ​ഞെട്ടിക്കുന്നതാണിത്. സ്വന്തം രാജ്യത്തിന്റെ ചരിത്രവും സാംസ്കാരിക നാനാത്വവുമായി ബന്ധമില്ലാത്ത ഒരു പുതിയ യുവ തലമുറ വളർന്നുവരുന്നു. 400 ടി.വി ചാനലുകളുടെ സഹാ​യത്തോടെ ഭരണകൂടം മത​ഭ്രാന്തിന്റെയും വിദ്വേഷത്തിന്റെയും ചെണ്ടമേളങ്ങൾ ഉച്ചസ്ഥായിയിൽ മുഴക്കിക്കൊണ്ടിരിക്കുന്നു. ഹിന്ദു- മുസ്‍ലിം വിഭാഗങ്ങളിൽ രണ്ടിടത്തും വിഷം വമിക്കുന്നവർ ഇതിന് കാറ്റുപകരുക കൂടി ചെയ്യാനുണ്ട് താനും.

ഹിന്ദുത്വ തീവ്രവലതുപക്ഷത്ത് നിരന്തരം പ്രശ്നക്കാരായ ഒരു വിഭാഗമുണ്ട്. ബി.ജെ.പിയെ തുണക്കുന്നവരായതിനാൽ മോദി സർക്കാറിന് അവരെ നിയന്ത്രിക്കാനാവില്ല. സമൂഹ മാധ്യമങ്ങളിൽ, മുസ്‍ലിം വംശഹത്യക്ക് പരസ്യമായ ആഹ്വാനങ്ങൾ പതിവാണ്. തിരിച്ചുവരവ് എളുപ്പമല്ലാത്ത ഒരു ഘട്ടം എത്തിയിരിക്കുന്നു. ഇതിനെതിരെ നിലകൊള്ളുന്നവർ, വിശിഷ്യാ ഇന്ത്യയിലെ മുസ്‍ലിം സമുദായം എങ്ങനെ അതിജീവിക്കാനാകും എന്ന് ഉണർന്നു ചിന്തിക്കണം. ഉത്തരം ലളിതമല്ലാത്ത ചോദ്യങ്ങളാണിവ. കാരണം, ഇന്ത്യയിൽ പ്രതിഷേധം പോലും, അത് സമാധാനപൂർണമാണെങ്കിൽ പോലും ഭീകരതക്കു സമാനമായ കുറ്റകൃത്യമാണ്.

കടപ്പാട്: അൽജസീറ വിവർത്തനം: കെ.പി മൻസൂർ അലി

Show More expand_more
News Summary - India is becoming a Hindu-fascist enterprise -Arundhati Roy