Begin typing your search above and press return to search.
proflie-avatar
Login

ഹിൻഡൻബർഗ് ഭൂതം അദാനിയെ വിഴുങ്ങുമോ?

ഹിൻഡൻബർഗ് ഭൂതം അദാനിയെ വിഴുങ്ങുമോ?
cancel

മേരിക്കൻ റിസർച് സ്ഥാപനമായ ഹിൻഡൻബർഗ് തുറന്നു വിട്ടിരിക്കുന്നത് ഒരു ഭൂതത്തേയാണ്. ഗൗതം അദാനിയെന്ന ഫോബ്സ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് വരെ കയറിയ വ്യവസായിയെ അപ്പാടെ വീഴ്ത്താൻ ശേഷിയുള്ള ഒരു ഭൂതത്തെ. പക്ഷേ അവതാരലക്ഷ്യം പൂർത്തിയാക്കാൻ ഹിൻഡൻബർഗ് തുറന്ന് വിട്ട ഭൂതത്തിന് സാധിക്കുമോയെന്നുള്ളത് ഇപ്പോൾ പറയാറായിട്ടില്ല. എങ്കിലും അദാനിയെന്നത് ഊതിവീർപ്പിച്ച ബലൂൺ മാത്രമാണെന്നും അൽപായുസ്സ് മാത്രമേ അതിനുള്ളുവെന്നും ബോധ്യപ്പെടുത്താൻ ഹിൻഡൻബർഗിന്റെ റിസർച് റിപ്പോർട്ടിന് സാധിച്ചിരിക്കുന്നുവെന്ന് വേണം അനുമാനിക്കാൻ.തങ്ങളുടെ 87 ചോദ്യങ്ങൾക്ക് 400 പേജിൽ കൂടുതലുള്ള ദീർഘമായ മറുപടി നൽകാൻ അദാനി ഗ്രൂപ്പിനെ ഹിൻഡൻബർഗ് നിർബന്ധിതരാക്കിയിരിക്കുന്നു. അടിത്തറ ഇളകും എന്ന സൂചനകൾ ലഭിച്ചത് കൂടി കൊണ്ടാവും ദേശീയതയുടെ കൂട്ടുപിടിച്ച് ഹിൻഡൻബർഗിനെ എതിർക്കാൻ അദാനി അരയും തലയും മുറുക്കി രംഗത്തെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും

പക്ഷേ, അദാനിയുടെ മറുപടി​ക്ക് ശേഷം ഹിൻഡൻബർഗ് റിസർച് ഉയർത്തിയ ചോദ്യങ്ങൾ കൂടുതൽ പ്രസക്തമാവുകയാണ് ചെയ്തത്. കേവലം ഒരു ഓഹരി തട്ടിപ്പിനപ്പുറത്ത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തന്നെ തകർക്കാൻ ശേഷിയുളളതാണ് അദാനിയുടെ ചെയ്തികളെന്ന് റിസർച് റിപ്പോർട്ടിൽ നിന്നും വായിച്ചെടുക്കാം. അദാനി തകർന്നാൽ ബാങ്കിങ് മുതൽ രാജ്യത്തെ പല പൊതുമേഖല സ്ഥാപനങ്ങളുടേയും അസ്ഥിവാരമിളകുമെന്ന് ചിലർക്കെങ്കിലും ഇപ്പോൾ മനസിലായിട്ടുണ്ട്. അധികാരത്തിലെത്തിയത് മുതൽ ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താവായ നരേന്ദ്ര മോദിയുടെ കോർപറേറ്റുകൾക്ക് വേണ്ടിയുള്ള വഴിവിട്ട സഹായങ്ങൾ സാധാരണ ജനങ്ങളുടെ മേൽ വന്നു ഭവിക്കുമോ എന്ന ആശങ്ക എല്ലായിടത്തും ഉയർന്നിട്ടുണ്ട്.

ഹിൻഡൻബർഗ് ഉയർത്തുന്ന ചോദ്യങ്ങൾ

രണ്ട് വർഷത്തെ ഗവേഷണത്തിന് ശേഷമാണ് ഹിൻഡൻബർഗ് അദാനിയെ കുറിച്ചുള്ള റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. 17.8 ട്രില്യൺ രൂപ മൂല്യമുള്ള അദാനി സാമ്രാജ്യം വർഷങ്ങളായി ഓഹരിയിൽ കൃത്രിമം കാണിച്ചും മറ്റ് ചില തട്ടിപ്പുകൾ നടത്തിയുമാണ് നിലനിൽക്കുന്നതെന്ന ഗുരുതര ആരോപണമാണ് റിപ്പോർട്ട് ഉയർത്തുന്നത്. അദാനി ഗ്രൂപ്പിന്റെ തലപ്പത്തുള്ള ഗൗതം അദാനി​യുടെ വ്യക്തിഗത ആസ്തി ഏകദേശം 120 ബില്യൺ ഡോളറാണ്. ഇതിൽ 100 ബില്യണും അദാനി കൂട്ടിച്ചേർത്തത് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിലാണ്. ഹൃസ്വകാലയളവിലെ സമ്പത്തിലെ വലിയ വർധനവ് തട്ടിപ്പിലൂടെ ഉണ്ടായതാണെന്ന് ഹിൻഡൻബർഗ് പറയുന്നു. അദാനി ഗ്രൂപ്പി​ലെ മുൻ ജീവനക്കാരുമായി സംസാരിച്ചും ആയിരക്കണക്കിന് രേഖകൾ പരിശോധിച്ചുമാണ് ഹിൻഡൻബർഗ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഏഴോളം വരുന്ന അദാനി ലിസ്റ്റഡ് കമ്പനികളുടെ ഓഹരിമൂല്യം യഥാർഥത്തിലുള്ള മൂല്യത്തേക്കാൾ എത്രയോ അധികമാണെന്ന് റിപ്പോർട്ട് പറയുന്നു. തട്ടിപ്പ് നടത്തിയതിന് സർക്കാറിന്റെ നാല് അന്വേഷണങ്ങളാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്. കള്ള​പ്പണം വെളുപ്പിക്കൽ, നികുതിദായകരുടെ പണം ദുരുപയോഗം ചെയ്യൽ, അഴിമതി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഏകദേശം 17 ബില്യൺ ഡോളറിന്റെ കൃത്രിമം അദാനി ഗ്രൂപ്പ് നടത്തിയിട്ടുണ്ടെന്നും ഇതിൽ അന്വേഷണം നേരിടുകയാണെന്നും ഹിൻഡൻബർഗ് പറയുന്നു. അദാനിയുടെ കുടുംബാംഗങ്ങൾ പ്രതിയായ വിവിധ സാമ്പത്തിക തട്ടിപ്പുകേസുകളെ കുറിച്ചും ഏജൻസി വിശദമായി പറയുന്നുണ്ട്.


ഇന്ത്യയിൽ ഓഹരി വിപണിയിലടക്കം തട്ടിപ്പ് നടത്താൻ വിദേശത്ത് രൂപീകരിച്ച കടലാസ് കമ്പനികളെ വൻതോതിൽ അദാനി മറയാക്കിയിട്ടുണ്ട്. മൗറീഷ്യസ്, കരീബിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം അദാനിക്ക് കടലാസ് കമ്പനികളുണ്ട്. അ​ദാനിയുടെ സഹോദരൻ വിനോദ് അദാനിയുടേയും അടുത്തയാളുകളുടേയും പേരിൽ മൗറീഷ്യസിൽ 33 കടലാസ് കമ്പനികളുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. ഒരു പ്രവർത്തനവുമില്ലാത്ത ഫോൺ നമ്പറോ അഡ്രസോ പോലുമില്ലാത്ത കമ്പനികളാണ് ഇവയെല്ലാം. അദാനിയുടെ ഇന്ത്യയിലേക്കുള്ള കമ്പനികളിലേക്ക് കള്ളപ്പണം എത്തിക്കുന്നത് ഈ കടലാസ് കമ്പനികളിലൂടെയാണ്. സാമ്പത്തികമായി ഒരു മെച്ചവുമുണ്ടാക്കാത്ത അദാനിയുടെ ഇന്ത്യയിലെ കമ്പനികളുടെ മൂല്യം ഈ പണമുപയോഗിച്ച് ഉയർത്തുന്നു. എന്നിട്ട് വൻ തുക പൊതുമേഖല ബാങ്കുകളിൽ നിന്നുൾപ്പടെ വായ്പയായി വാങ്ങുന്നു. ഇതിനൊപ്പം ഓഹരികളിൽ കൃത്രിമം കാണിക്കാനും കടലാസ് കമ്പനികളെ ഉപയോഗിക്കുന്നു. ലിസ്റ്റഡ് കമ്പനികളിൽ ഉടമകളല്ലാത്തവർ കൈവശം വെക്കേണ്ട ഓഹരികളെ കുറിച്ച് സെബി ചട്ടമുണ്ട്. നാലോളം അദാനി കമ്പനികൾ ഇത് ലംഘിച്ചുവെന്നും ഇവ ഓഹരി വിപണിയിൽ നിന്ന് പുറത്താകുന്ന അവസ്ഥയിലാണെന്നും റിപ്പോർട്ട് പറയുന്നുണ്ട്. ഓഹരി കമ്പോളത്തിൽ മുമ്പ് തട്ടിപ്പ് നടത്തി കുപ്രസിദ്ധിയാർജിച്ച ചില ദല്ലാളൻമാരുമായുള്ള അദാനി ഗ്രൂപ്പിന്റെ ബന്ധവും ഹിൻഡൻബർഗ് തുറന്നുകാട്ടുന്നു. ചുരുക്കത്തിൽ ദീർഘമായ തങ്ങളുടെ റിപ്പോർട്ടിലൂടെ അദാനി ഗ്രൂപ്പ് എന്നത് തട്ടിപ്പിന്റെ ഒരു തട്ടികൂട്ട് പ്രസ്താനമാണെന്നാണ് ഹിൻഡൻബർഗ് പറയുന്നത്.

ആരാണ് ഹിൻഡൻബർഗ് റിസർച്ച്

ഇന്റർനാഷണൽ ബിസിനസിൽ ബിരുദമുള്ള നഥാൻ ആൻഡേഴ്സൺ 2017ൽ യു.എസിലാണ് ഹിൻഡൻബർഗ് റിസർചിന് തുടക്കം കുറിക്കുന്നത്. ഓഹരി, വായ്പ, കടപത്രങ്ങൾ എന്നിവയിൽ ഗവേഷണം നടത്തുകയും റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയുമാണ് കമ്പനിയുടെ പ്രധാന ദൗത്യം. മനുഷ്യനുണ്ടാക്കിയ ദുരന്തങ്ങളാണ് തങ്ങൾ എപ്പോഴും തേടുന്നതെന്നാണ് കമ്പനിയുടെ വെബ്സൈറ്റിലെ വിശദീകരണം. ഇത്തരത്തിൽ കമ്പനികളിലെ ക്രമക്കേട്, സംശയാസ്പദമായ ഇടപാടുകൾ എന്നിവയെ കുറിച്ചെല്ലാം ഹിൻഡൻബർഗ് പഠനം നടത്തുന്നു. 1937 ഹിൻഡൻബർഗ് എന്ന എയർഷിപ്പ് മനുഷ്യനിർമിതമായ ചില പിഴവുകൾ മൂലം തകർന്നിരുന്നു.

ഹിൻഡൻബർഗ് തീ പിടിച്ച് നിമിഷങ്ങൾക്കകമുള്ള ദൃശ്യം

ഈ എയർഷിപ്പിന്റെ ഓർമക്കായാണ് നഥാൻ തന്റെ കമ്പനിക്ക് ഹിൻഡൻബർഗ് റിസർച്ച് എന്ന് പേര് നൽകിയത്. ഹിൻഡൻബർഗിന് സംഭവിച്ച തകർച്ച മറ്റാർക്കും സംഭവിക്കാതിരിക്കാൻ കൂടിയാണ് തങ്ങളുടെ റിസർചെന്നാണ് ഇവരുടെ ഭാഷ്യം. 2020ൽ നിക്കോള കോർപ്പ് എന്ന ഇലക്ട്രിക് ട്രക്ക് നിർമ്മാതാക്കൾക്കെതിരായ റിപ്പോർട്ടാണ് ഹിൻഡൻബർഗിനെ പ്രശസ്തമാക്കിയത്. തങ്ങളുടെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ ഒരു വിഭാഗം നിക്ഷേപർക്ക് നൽകിയാണ് ഇത്തരം സ്ഥാപനങ്ങൾ പണമുണ്ടാക്കുന്നത്.

വീഴുമോ അദാനി ‘സാമ്രാജ്യം’

ഗൗതം അദാനി കെട്ടിപ്പൊക്കിയത് ഒരു ‘കടലാസ്’ സാമ്രാജ്യമാണെങ്കിലും ഹിൻഡൻബർഗ് അതിനെ അപ്പാടെ വീഴ്ത്തുമെന്ന് പ്രവചിക്കുക വയ്യ. കേന്ദ്രം ഭരിക്കുന്ന സർക്കാർ നൽകുന്ന അകമഴിഞ്ഞ പിന്തുണ തന്നെയാണ് അവരെ പിടിച്ചുനിർത്തുന്നത്. അദാനിക്കെതിരായ നീക്കം രാജ്യത്തിനെതിരാണെന്ന ഒരു ധ്വനി സൃഷ്ടിക്കാനാണ് അദാനി ഗ്രൂപ്പ് ഇപ്പോൾ ശ്രമിക്കുന്നത്. അതിന് അതേ ഭാഷയിൽ ഹിൻഡൻബർഗ് തിരിച്ചടിനൽകുകയും ചെയ്തു. വർത്തമാന ഇന്ത്യയിൽ അദാനിയുടെ ഈ നീക്കത്തിന് പിന്തുണ ലഭിച്ചേക്കാം. ഓഹരി വിപണിയിൽ തിരിച്ചടി പൂർണമായും മറികടക്കാൻ സാധിച്ചില്ലെങ്കിലും അദാനി എന്റർപ്രൈസ് പോലുള്ള ചില ഓഹരി വിലകളിൽ പച്ചകത്തിയത് ഗൗതം അദാനിക്ക് നേരിയ ആശ്വാസത്തിനുള്ള വക നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ മറ്റ് കമ്പനികളുടെ ഓഹരി വിലകളും ഉയർന്നാൽ അത് ഗൗതം അദാനിക്ക് മുന്നിൽ പുതിയ വഴി തുറന്നിടും. നിലവിലെ പ്രതിസന്ധി​യെ മറികടക്കാൻ പ്രമുഖ പത്രങ്ങളിൽ പരസ്യങ്ങളുമായി അദാനി രംഗത്തെത്തിയിട്ടുണ്ട്. ചിലർ അദാനിയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ വാഴ്ത്തുപാട്ടുകളും ആരംഭിച്ചു വിദഗ്ധമായ പി.ആർ പ്രവർത്തനങ്ങൾ കൂടി ചേരുന്നതോടെ നിലവിലെ പ്രതിസന്ധി ഗൗതം അദാനിയെ മറികടക്കാൻ തന്നെയാണ് സാധ്യത. വരും ദിവസങ്ങളിൽ അദാനി ഓഹരികൾ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചി​ന്റേയും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റേയും അപ്പർ സർക്യൂട്ടുകൾ ഭേദിച്ചേക്കാം. പക്ഷേ ഹിൻഡൻബർഗ് ഉയർത്തിയ ആ ചോദ്യങ്ങൾ എക്കാലത്തും നിലനിൽക്കുന്നത് തന്നെയാണ്.

അദാനിയുടെ കൈവശമുള്ള ആസ്ട്രേലിയയിലെ കോൾ പോർട്ട്

ബ്രോക്കറേജ് സ്ഥാപനങ്ങളായ ജെഫറീസിന്റേയും സി.എൽ.എസ്.എയുടെ റിപ്പോർട്ട് പ്രകാരം ഏകദേശം രണ്ട് ലക്ഷം കോടി രൂപയാണ് അദാനിയുടെ കടം. ഇതിൽ ബാങ്കുകളിൽ നിന്നും വായ്പയായി ഏകദേശം 40 ശതമാനം പണം അദാനിയെടുത്തിട്ടുണ്ട്. ബാങ്ക് വായ്പയിലെ 40 ശതമാനത്തിൽ 30 ശതമാനവും നൽകിയത് പൊതുമേഖല ബാങ്കുകളാണ്. സ്വകാര്യ ബാങ്കുകൾ 10 ശതമാനത്തിൽ താഴെ മാത്രമാണ് അദാനിക്ക് വായ്പ നൽകിയിരിക്കുന്നത്. അതും തുറമുഖം, വിമാനത്താവളം പോലെ അദാനിക്ക് ശക്തമായ സാന്നിധ്യമുള്ള കമ്പനികൾക്കായാണ് സ്വകാര്യ ബാങ്കുകൾ വായ്പ നൽകിയിരിക്കുന്നത്. അതുകൊണ്ട് അദാനി സാമ്രാജ്യം പൊളിഞ്ഞാൽ വലിയ തിരിച്ചടിയുണ്ടാവുക രാജ്യത്തെ പൊതുമേഖല ബാങ്കുകൾക്കായിരിക്കും. ഇതിനൊപ്പമാണ് എൽ.ഐ.സി പോലുള്ള പല പൊതുമേഖല സ്ഥാപനങ്ങളും അദാനി ഗ്രൂപ്പിൽ വൻ തുക നിക്ഷേപിച്ചിട്ടുണ്ട്. അദാനി തകർന്നാൽ ഇത്തരത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളും പ്രതിസന്ധിയിലാവും. ഇതിനൊപ്പം 13ഓളം തുറമുഖങ്ങളും ആറ് വിമാനത്താവളങ്ങളും ഇന്ന് നിയന്ത്രിക്കുന്നത് ഗൗതം അദാനിയാണ്. സർക്കാറിന്റെ പല അടിസ്ഥാന സൗകര്യവികസന പദ്ധതികളുടേയും ചുക്കാൻ പിടിക്കുന്നതും അദാനിയാണ്. വലിയൊരു തകർച്ച കമ്പനിക്കുണ്ടായാൽ ഇവയെല്ലാം അനിശ്ചിതത്വത്തിലാവും. അത് മൂലം സമ്പദ്‍വ്യവസ്ഥക്കുണ്ടാക്കുന്ന തിരിച്ചടി പ്രവചനങ്ങൾക്കും അപ്പുറത്തായിരിക്കും.

Show More expand_more
News Summary - Hindenburg Research's and gautam adani