Begin typing your search above and press return to search.
proflie-avatar
Login

അത്ര ഉറപ്പില്ല: ചാറ്റ്ജിപിടി എന്ന പുകമറ

അത്ര ഉറപ്പില്ല: ചാറ്റ്ജിപിടി എന്ന പുകമറ
cancel

യുക്തിപരമായി നമുക്ക് അനുമാനിച്ചെടുക്കാവുന്ന വിശദീകരണ രൂപങ്ങളിൽ പരിമിതമാണ് മനുഷ്യരെങ്കിൽ, ഒരു മെഷീൻ ലേണിങ് സിസ്റ്റത്തിന് ഭൂമി ഉരുണ്ടതാണെന്നും പരന്നതാണെന്നും പറയുവാൻ കഴിയും. കാലത്തിനനുസൃതമായി മാറാവുന്ന കേവല സാധ്യതകളെയാണ് അവ മുന്നോട്ടുവെക്കുന്നത്.

ഹാവിപത്തുകളുടെയും വാഗ്ദാനങ്ങളുടെയും കാലത്ത് ജീവിക്കുകയെന്നാൽ, നമ്മെക്കുറിച്ചും നമ്മുടെ ലോകത്തെ കുറിച്ചും മനസ്സിലാക്കുന്നതിൽ “വെളിപാടിന്റെ സാമീപ്യത്തോടെയുള്ള” ട്രാജഡികളും കോമഡികളും അനുഭവിക്കലാണെന്ന് ജോർജ് ലൂയി ബോർഗസ് ഒരവസരത്തിൽ എഴുതുന്നുണ്ട്. നിർമിതബുദ്ധിയുടെ (എ.ഐ) രംഗത്ത് ഇന്ന് നമുക്കുണ്ടായിട്ടുള്ള കുതിച്ചുചാട്ടങ്ങൾ ആശങ്കകൾക്കും അതേപോലെ ശുഭാപ്തി വിശ്വാസത്തിനും വഴിവെച്ചിട്ടുണ്ട്. ബുദ്ധിവൈഭവം ഉപയോഗിച്ചാണ് നാം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് എന്നതാണ് പ്രതീക്ഷക്ക് വക നൽകുന്ന കാര്യം. നിർമിതബുദ്ധിക്ക് (അഥവാ മെഷീൻ ലേണിങിന്) ജനകീയമായി ലഭിക്കുന്ന പ്രാധാന്യം, നമ്മുടെ ശാസ്ത്രത്തെ തരംതാഴ്ത്തുകയും, അടിസ്ഥാനപരമായി ദുർബലമായ ഭാഷയെയും വിജ്ഞാനത്തെക്കുറിച്ചുമുള്ള സങ്കല്പനമെന്ന നിലയിൽ സാങ്കേതിക വിദ്യയുമായി നൈതികതയെ ബന്ധിപ്പിക്കുന്നതിലൂടെ നൈതികതയെ അത് ഹീനപ്പെടുത്തുകയും ചെയ്യുമോ എന്ന ഭയമാണ് ഈ ആശങ്കയുളവാക്കുന്നതിന് കാരണം.

ഓപ്പൺ എ.ഐയുടെ ചാറ്റ്ജിപിടി, ഗൂഗിളിന്റെ ബാർഡ്, മൈക്രസോഫ്റ്റിന്റെ സിഡ്നി എന്നിവ മെഷീൻ ലേണിങിന്റെ വിസ്മയ നേട്ടങ്ങളാണ്. വലിയ അളവിൽ വിവരങ്ങൾ ശേഖരിക്കുകയും അതിനകത്തെ പാറ്റേണുകളെ തിരയുകയും സ്ഥിതിവിവര പ്രകാരം സംഭവ്യമായ മനുഷ്യന്റെ ചിന്തകൾക്കും ഭാഷക്കും സമാനമായ ഔട്ട്പുട്ടുകൾ ഉൽപാദിക്കുകയും ചെയ്യുകയാണ് എ.ഐ ചെയ്യുന്നതെന്ന് പറയാം. ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസിന്റെ ചക്രവാളത്തിൽ തെളിഞ്ഞ ആദ്യ പ്രത്യാശാകിരണങ്ങളെന്ന പോലെയാണ് ഈ പ്രോഗ്രാമുകൾ പുറത്തുവന്നത്. മനുഷ്യ ബുദ്ധിയെക്കാൾ വേഗതയും ഓർമ്മ ശക്തിയും, ബൗദ്ധികമായ അകക്കാഴ്ചയും കലാപരമായ സർഗാത്മകതയും ഉൾപ്പെടെ മനുഷ്യന്റെ വ്യതിരിക്ത ശേഷികളെയെല്ലാം മറികടക്കും വിധം യാന്ത്രിക ബുദ്ധി മനുഷ്യന്റെ തലച്ചോറിനെ അതിജയിക്കുന്ന നിമിഷം എന്ന് കാലങ്ങളായി പ്രവചിച്ചുകൊണ്ടിരുന്ന ഒരു നിമിഷമാണിത്.

അതിശയോക്തി കലർന്ന തലക്കെട്ടുകളിൽ നിന്നും വിവേകശൂന്യമായ മുതൽമുടക്കുകളിൽ നിന്നും വായിച്ചെടുക്കാനാവുന്ന ആ പുതിയ ദിവസം വന്നിട്ടുണ്ടാവാം, പക്ഷേ അതിന്റെ ഉദയം ഇനിയും സംഭവിച്ചിട്ടില്ല. മനസ്സിലാക്കലിനെ കുറിച്ചുള്ള ബോർഗീസിയൻ വെളിപാട്, എ.ഐയുടെ ലോകത്ത് ചാറ്റ്ജിപിടിയെ പോലെയുള്ള മെഷീൻ ലേണിങ് പ്രോഗ്രാമുകൾ ആധിപത്യം നേടുകയാണെങ്കിൽ ഒരിക്കലും സംഭവിച്ചിട്ടുമില്ല, ഇനിയൊട്ട് സംഭവിക്കുകയുമില്ലെന്ന് തന്നെ പറയാം. ചുരുക്കം ചില മേഖലയിൽ ഈ പ്രോഗ്രാമുകൾ എത്ര തന്നെ ഉപയോഗപ്രദമായേക്കാമെങ്കിലും (ഉദാഹരണത്തിന് കമ്പ്യൂട്ടർ പ്രോഗ്രാമിങിലോ, അല്ലെങ്കിൽ ചെറിയ പദ്യങ്ങളുടെ പ്രാസമൊപ്പിക്കുന്നതിനോ ഒക്കെ ഇത് ഉപകാരപ്പെട്ടേക്കാം) മനുഷ്യൻ ഭാഷയും യുക്തിയും ഉപയോഗിക്കുന്നതിൽ നിന്ന് അവ മൗലികമായി വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഭാഷാ ശാസ്ത്രത്തിൽ നിന്നും ജ്ഞാന തത്വശാസ്ത്രം വഴിയും നമുക്ക് മനസ്സിലാക്കാൻ കഴിയും. ഈ വ്യത്യാസം ഇത്തരം പ്രോഗ്രാമുകൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ സുപ്രധാനമായ പരിമിതികൾ സൃഷ്ടിക്കുന്നുണ്ട്, അഥവാ അപരിഹാര്യമായ പിഴവുകളോട് കൂടിയ എൻകോഡിങുകൾ മാത്രമേ അതിന് സാധിക്കുകയുള്ളൂ.

ഒരുപക്ഷേ ബോർഗസ് കുറിച്ച പോലെ, ഒരുപാട് ശ്രദ്ധയും പണവും ചെറിയൊരു സംഗതിയിൽ മാത്രം കേന്ദ്രീകരിക്കുന്ന വിധത്തിൽ ഇത് ഒരേ സമയം പരിഹാസ്യവും ദാരുണവുമാണ്. വിൽഹെം വോൻ ഹുംബോൾട്ടിന്റെ വാക്കുകളെടുത്ത് പറഞ്ഞാൽ “അന്തമായ മാർഗങ്ങൾക്ക് അനന്തമായ ഉപയോഗങ്ങൾ” ഉണ്ടാക്കാനാവുന്ന ഭാഷയെ ഉപയോഗിച്ചു കൊണ്ട് സാർവത്രികമായ സിദ്ധാന്തങ്ങളും ആശയങ്ങളും നിർമിക്കാൻ ശേഷിയുള്ള മനുഷ്യബുദ്ധിയുമായി തട്ടിച്ചുനോക്കുമ്പോൾ അങ്ങേയറ്റം ദുർബലമാണിത്.

മനുഷ്യമനസ്സിന്റേതിന് സമാന സ്വഭാവമുള്ളതോ മനുഷ്യമനസ്സ് പോലെയോ അല്ല ചാറ്റ്ജിപിടി. നൂറുകണക്കിന് ടെറാബൈറ്റുകളുള്ള ഡാറ്റകൾ സ്വരൂപിച്ച് സംഭാഷണ സ്വഭാവമുള്ള പ്രതികരണങ്ങളും ഒരു ശാസ്ത്രീയമായ ചോദ്യത്തിന് സംഭവ്യ സാധ്യത കൂടുതലുള്ള ഉത്തരങ്ങളും ഡാറ്റകളുടെ പാറ്റേണുകൾ ഒത്തു നോക്കി കണ്ടുപിടിക്കുന്ന ഒരു സ്റ്റാറ്റിസ്റ്റിക്കൽ മെഷീൻ മാത്രമാണത്. എന്നാൽ നേരെ മറിച്ച്, മനുഷ്യബുദ്ധി അത്ഭുതകരമാം വിധം കാര്യക്ഷമമവും കുറഞ്ഞ വിവരങ്ങളുപയോഗിച്ച് തന്നെ പ്രവർത്തിക്കാൻ ശേഷിയുള്ളത്ര വിശിഷ്ടവുമാണ്. ഡാറ്റകൾ തമ്മിലുള്ള പരസ്പര ബന്ധത്തെ അനുമാനിച്ചെടുക്കാനല്ല അത് ശ്രമിക്കുക, മറിച്ച് അതിന്റെ വിശദീകരണങ്ങൾ നിർമിച്ചെടുക്കാനാണ്.

ഉദാഹരണത്തിന് ഭാഷ സ്വായത്തമാക്കാൻ ശ്രമിക്കുന്ന ഒരു കുട്ടി—അതും, സ്വന്തം നിലക്ക് കുറഞ്ഞ ഡാറ്റ ഉപയോഗിച്ചുള്ള അബോധമായ ശ്രമം—യുക്തി പ്രമാണങ്ങളും വ്യത്യസ്ത അളവുകോലുകളുമുള്ള സങ്കീർണവും അതീവ ആശ്ചര്യജനകവുമായ വ്യാകരണമെന്ന ഒരു സംവിധാനത്തെ വികസിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. മനുഷ്യർക്ക് സങ്കീർണമായ വാചകങ്ങളും ദീർഘമായ ചിന്തകളും രൂപപ്പെടുത്താൻ ആവശ്യമായ കഴിവ് നൽകുന്ന അന്തർലീനവും ജനിതകവുമായ ഒരു ‘ഓപ്പറേറ്റിങ് സിസ്റ്റ’ത്തിന്റെ ആവിഷ്കാരമായി ഈ വ്യാകരണത്തെ മനസ്സിലാക്കാൻ സാധിക്കും. ഭാഷാ ശാസ്ത്രജ്ഞർ, എന്തുകൊണ്ട് ഒരു പ്രത്യേക ഭാഷ പ്രത്യേക രീതിയിൽ മാത്രം പ്രവർത്തിക്കുന്നു എന്ന് വിശദീകരിക്കാൻ സഹായകമായ സിദ്ധാന്തം രൂപീകരിക്കാൻ ശ്രമിക്കവേ (ഉദാ. എന്തുകൊണ്ടാണ് ചില പ്രത്യേക വാചകങ്ങൾ വ്യാകരണപരമായി ശരിയും ചിലത് തെറ്റുമായി പരിഗണിക്കുന്നത്?), ആ കുട്ടി ചുരുങ്ങിയ വിവരങ്ങളുമുപയോഗിച്ച് നൈസർഗ്ഗികമായി നിർമ്മിച്ച വ്യാകരണത്തെ ബോധപൂർവ്വം നിർമ്മിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എങ്കിലും ആ കുട്ടിയുടെ ഓപ്പറേറ്റിങ് സിസ്റ്റം ഒരു മഷീൻ ലേണിങ് പ്രോഗ്രാമിന്റേതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും.

ഇത്തരം പ്രോഗ്രാമുകൾ തീർച്ചയായും ഗ്രാഹ്യ ശക്തിയുടെ പരിണാമത്തിന്റെ പൂർവ മനുഷ്യഘട്ടത്തിലോ അല്ലെങ്കിൽ മനുഷ്യരഹിത ഘട്ടത്തിലോ ആണ് എത്തിനിൽക്കുന്നത്. ഏതൊരു ബുദ്ധിശക്തിക്കും ഉണ്ടാവേണ്ടുന്ന വിമർശനാത്മക ശേഷിയുടെ അഭാവമാണ് ഇത്തരം പ്രോഗ്രാമുകളുടെ ഏറ്റവും വലിയ പോരായ്മ. അഥവാ, എന്താണ്, എന്തായിരുന്നു, എന്താവും എന്ന് മാത്രമല്ല, എന്തല്ലെന്നും എന്താവാം, എന്തായിരിക്കരുത് എന്നും പറയാനുള്ള ശേഷി കൂടി വേണം. യഥാർഥ ബുദ്ധിവൈഭവത്തിന്റെ അടയാളമായി എണ്ണാവുന്ന വിശദീകരണ ക്ഷമതയുടെ ചേരുവകളാണവ.

ഒരു ഉദാഹരണം നോക്കാം: നിങ്ങൾ കയ്യിലൊരു ആപ്പിൾ പിടിക്കുന്നുണ്ടെന്ന് കരുതുക. ശേഷം താങ്കൾ അതിന്റെ പിടിവിടുന്നു. അതിന്റെ ഫലം നിരീക്ഷിച്ച് “ആപ്പിൾ താഴെ വീഴും” എന്ന് പറയുന്നു. ഇതൊരു വിവരണമാണ്. “ഞാൻ കൈ തുറന്നാൽ ആപ്പിൾ താഴെ വീഴും” എന്ന പ്രസ്താവനയായിരിക്കും ഒരു പ്രവചനം. ഇവ രണ്ടിനും വിലയുണ്ട്; രണ്ടും ശരിയുമായേക്കാം. പക്ഷേ ഒരു വിശദീകരണമെന്നാൽ ഇതിലും കൂടുതലുണ്ടാവും. അതിൽ ഇത്തരം വിവരണങ്ങളും പ്രവചനങ്ങളും മാത്രമല്ല, “അത്തരം ഏതൊരു വസ്തുവും വീഴും”, “ഗുരുത്വാകർഷണം മൂലം” അല്ലെങ്കിൽ “സ്ഥല-കാലത്തിന്റെ ആനതി മൂലം” തുടങ്ങിയ വസ്തുതാ സംബന്ധിയായ ചില അനുമാനങ്ങൾ കൂടി അതിലുണ്ടാകും. ഇത് കാരണബന്ധിതമായ ഒരു വിശദീകരണമാണ്. “ഗുരുത്വാകർഷണ ബലം ഇല്ലായിരുന്നുവെങ്കിൽ അത് വീഴുമായിരുന്നില്ല” എന്നതൊരു ചിന്തയാണ്.

മെഷീൻ ലേണിങിന്റെ ഏറ്റവും കാതലായ ഭാഗമെന്നത് വിവരണവും പ്രവചനവുമാണ്. കാര്യകാരണബന്ധിതമോ ഭൗതികനിയമ സംബന്ധിയോ ആയ ഒന്നും അതിന് മുന്നോട്ടുവെക്കാനാകില്ല. തീർച്ചയായും, മനുഷ്യരീതിയിലുള്ള വിശദീകരണങ്ങളെല്ലാം ശരിയായിക്കൊള്ളണമെന്നില്ല. നമുക്കും തെറ്റിയേക്കാം. പക്ഷേ ചിന്ത എന്ന പ്രവർത്തനത്തിന്റെ ഭാഗമാണിത്. ശരിയാവണമെങ്കിൽ തെറ്റാവാനുള്ള സാധ്യത അനിവാര്യമാണ്. ക്രിയാത്മകമായ അനുമാനങ്ങൾ മാത്രമല്ല ബുദ്ധിവൈഭവത്തിലുൾപ്പെടുന്നത്. മറിച്ച്, സർഗാത്മക വിമർശനവും അതിന്റെ ഭാഗമാണ്. സാധ്യമായ വിശദീകരണം നൽകൽ, തെറ്റുതിരുത്തൽ എന്നിങ്ങനെ, യുക്തിപരമായി പരിഗണനീയമായ സാധ്യതകളെ ക്രമേണ പരിമിതപ്പെടുത്തുന്ന പ്രക്രിയയാണ് മനുഷ്യരീതിയിലുള്ള ചിന്തയുടെ അടിസ്ഥാനം. (ഷെർലക് ഹോംസ് ഡോ.വാട്സനോട് പറഞ്ഞതു പോലെ, “അസാധ്യതയെ നിഷ്കാസനം ചെയ്താൽ, അസംഭവ്യമെങ്കിലും, പിന്നെ ബാക്കിയാവുന്നതെന്തും സത്യമായിരിക്കും.”).

പക്ഷേ ചാറ്റ്ജിപിടിക്കും സമാനമായ മറ്റു പ്രോഗ്രാമുകൾക്കും അളവറ്റ കാര്യങ്ങൾ “പഠിച്ചെടുക്കാനുള്ള” (അല്ലെങ്കിൽ ഓർത്തുവെക്കാനുള്ള) കഴിവുണ്ട്. സാധ്യമായവയിൽ നിന്ന് അസാധ്യമായവയെ വേർതിരിച്ചറിയാൻ അവ അശക്തരാണ്. ഉദാഹരണത്തിന്, നമുക്ക് പഠിച്ചെടുക്കാൻ കഴിയുന്ന ഗണിതശാസ്ത്രപരമായ ഭംഗിയോട് കൂടിയ ഭാഷകളെ പരിമിതപ്പെടുത്തുന്ന സാർവത്രിക വ്യവസ്ഥയായ വ്യാകരണം കൈമുതലായുള്ള മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി, ഇത്തരം പ്രോഗ്രാമുകൾ മാനുഷികമായി സാധ്യവും അസാധ്യവുമായ ഭാഷകളെ ഒരേ ലാഘവത്തോടെ പഠിച്ചെടുക്കും. യുക്തിപരമായി നമുക്ക് അനുമാനിച്ചെടുക്കാവുന്ന വിശദീകരണ രൂപങ്ങളിൽ പരിമിതമാണ് മനുഷ്യരെങ്കിൽ, ഒരു മെഷീൻ ലേണിങ് സിസ്റ്റത്തിന് ഭൂമി ഉരുണ്ടതാണെന്നും പരന്നതാണെന്നും പറയുവാൻ കഴിയും. കാലത്തിനനുസൃതമായി മാറാവുന്ന കേവല സാധ്യതകളെയാണ് അവ മുന്നോട്ടുവെക്കുന്നത്.

ഇക്കാരണത്താൽ തന്നെ മെഷീൻ ലേണിങ് സിസ്റ്റങ്ങളുടെ പ്രവചനങ്ങൾ എല്ലായ്പ്പോഴും ഉപരിപ്ലവവും സന്നിഗ്ദ്ധവുമായിരിക്കും. കാരണം ഭാഷയുടെ പദവിന്യാസ നിയമങ്ങളെ വിശദീകരിക്കാൻ ഇത്തരം പ്രോഗ്രാമുകൾക്ക് കഴിയില്ല. ഉദാഹരണത്തിന്, “സംസാരിക്കാൻ ഏറെ ശാഠ്യമുള്ള ആളാണ് ജോൺ [John is too stubborn to talk to]” എന്ന വാചകത്തിന്റെ അർഥം ജോൺ ദുർവാശിക്കാരനായതിനാൽ അവനാരോടും സംസാരിക്കുകയില്ല എന്ന രീതിയിൽ ഈ പ്രോഗ്രാമുകൾ പ്രവചിച്ചേക്കാം. (Rather than that, he’s too stubborn to be reasoned with). വളരെ വിചിത്രമായ ഒരു സംഗതിയെ ഒരു മെഷീൻ ലേണിങ് പ്രോഗ്രാം എന്തിനാണ് പ്രവചിക്കുന്നത്? കാരണം, “ജോൺ ആപ്പിൾ തിന്നു [John ate an apple]”, ജോൺ എന്തോ ഒന്ന് തിന്നു എന്നർഥം വരുന്ന “ജോൺ തിന്നു[John ate]” തുടങ്ങിയ വാചകങ്ങളിലടങ്ങിയിട്ടുള്ള പാറ്റേണുകളെ അത് സ്വായത്തമാക്കിയിട്ടുണ്ടാകും. അക്കാരണത്താൽ, “ബില്ലിനോട് സംസാരിക്കാൻ ജോണിന് വാശിയാണ് [John is too stubborn to talk to Bill]” എന്ന വാചകവും “ജോൺ ആപ്പിൾ തിന്നു [John ate an apple]” എന്ന വാചകവും സമാനമായതിനാൽ “ജോൺ സംസാരിക്കാൻ വാശിയുള്ള ആളാണ് [John is too stubborn to talk to]” എന്ന വാചകം “ജോൺ തിന്നു [John ate]” എന്ന വാചകത്തിനും സമാനമായിരിക്കണമെന്ന് ഈ പ്രോഗ്രാം പ്രവചിച്ചേക്കാം. ഭാഷയുടെ ശരിയായ വിശദീകരണം സങ്കീർണമായ ഒന്നാണ്, വലിയ ഡാറ്റയിൽ പൊതിഞ്ഞത് കൊണ്ടുമാത്രം അതു പഠിച്ചെടുക്കാൻ കഴിയണമെന്നില്ല.

ചില മെഷീൻ ലേണിങിന്റെ നിർമാതാക്കൾ തങ്ങളുടെ സൃഷ്ടികൾക്ക് വിശദീകരണങ്ങളെ (ഉദാ. ന്യൂട്ടന്റെ ചലനനിയമങ്ങളും സാർവലൗകിക ഗുരുത്വാകർഷണ നിയമവും ഇതിലുൾപ്പെടും) ഉപയോഗിക്കാതെ തന്നെ ശരിയായ “ശാസ്ത്രീയ” പ്രവചനങ്ങൾ (ഉദാ. ഭൗതിക ശരീരങ്ങളഉടെ സ്ഥാന ചലനങ്ങളെ കുറിച്ച്) രൂപപ്പെടുത്താൻ സാധിക്കും എന്ന് അഭിമാനംകൊള്ളുന്നതായി കാണാം. പക്ഷേ ഇത്തരം പ്രവചനങ്ങൾ വിജയകരമായാൽ തന്നെ അവ കപടശാസ്ത്രങ്ങളാണ്. ശാസ്ത്രജ്ഞർ തീർച്ചയായും അന്വേഷിക്കുന്നത് അനുഭവമാത്രമായി തെളിയിക്കാനാവുന്ന സിദ്ധാന്തങ്ങളെയാണെങ്കിൽ, ചിന്തകനായ കാൾ പോപ്പർ പറഞ്ഞ പോലെ, “ഏറ്റവും സാധ്യതയുള്ള സിദ്ധാന്തങ്ങളെയല്ല, വിശദീകരണങ്ങളെയാണ് നാം തേടുന്നത്; അതായത് ശക്തവും അസംഭവ്യമാവാൻ സാധ്യത കൂടുതലുമുള്ള സിദ്ധാന്തങ്ങൾ”.

ആപ്പിളിന്റെ പ്രകൃതിപരമായ സ്ഥാനം ഭൂമിയാണ് അതിനാലത് ഭൂമിയിലേക്ക് വീഴും (അരിസ്റ്റോട്ടിലിയൻ വീക്ഷണം) എന്ന സിദ്ധാന്തം സാധ്യമാണ്, പക്ഷേ അത് കൂടുതൽ ചോദ്യങ്ങളെ വിളിച്ചുവരുത്തും എന്നുമാത്രം. ഭാരം സ്ഥലത്തെയും കാലത്തെയും വക്രീകരിക്കുന്നത് കൊണ്ടാണ് ആപ്പിൾ ഭുമിയിലേക്ക് വീഴുന്നത് (ഐൻസ്റ്റീന്റെ വീക്ഷണം) എന്ന സിദ്ധാന്തം വളരെ അസംഭവ്യമാണ്, പക്ഷേ എന്തുകൊണ്ടാണ് അത് വീഴുന്നതെന്ന് വിശദീകരിക്കാൻ അതിന് കഴിയും. ചിന്തിക്കാനും അസംഭവ്യമെങ്കിലും അകക്കാഴ്ച നൽകുന്ന കാര്യങ്ങൾ പ്രകടിപ്പിക്കാനുമുള്ള കഴിവിലാണ് യഥാർഥ ബുദ്ധിവൈഭവം കാണാൻ കഴിയുക.

ശരിയായ ബുദ്ധിവൈഭവത്തിന് ധാർമിക വിചാരത്തിനുള്ള ശേഷിയുമുണ്ടാവും. അഥവാ, അല്ലാത്തപക്ഷം അപരിമിതമായ നമ്മുടെ മനസ്സിന്റെ സർഗാത്മകതയെ, എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് നിർണയിക്കുന്ന ഒരുപറ്റം നൈതിക മൂല്യങ്ങളാൽ നിയന്ത്രിക്കുക എന്നർഥം (തീർച്ചയായും, അത്തരം തത്വങ്ങളെ തന്നെ സർഗാത്മക വിമർശനത്തിന് വിധേയമാക്കുകയും ചെയ്യുക). ഉപയോഗപ്രദമാവണമെങ്കിൽ ചാറ്റ്ജിപിടിയെ പുതുമയുള്ള കാര്യങ്ങൾ ഉൽപാദിപ്പിക്കാൻ ശക്തമാക്കണം, അതിന്റെ ഉപയോക്താക്കൾക്കത് സ്വീകാര്യയോഗ്യമാവണമെങ്കിൽ ദോഷകരമായ കാര്യങ്ങളെ കുറിച്ച് വ്യക്തതയോടെ അത് നിയന്ത്രിക്കണം. എന്നാൽ ചാറ്റ്ജിപിടിയുടെയും മറ്റ് പ്രോഗ്രാമുകളുടെയും നിർമാതാക്കൾ ഈയൊരു സന്തുലിതത്വം ഉണ്ടാക്കിയെടുക്കാൻ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്, ഇനിയും കഷ്ടപ്പെടേണ്ടി വരും.

ഉദാഹരണത്തിന്, 2016ൽ ചാറ്റ്ജിപിടിയുടെ മുൻഗാമിയായ മൈക്രോസോഫ്റ്റിന്റെ ടായ് എന്ന ചാറ്റ്ബോട്ട്, ഓൺലൈനിലെ ട്രോളുകളിലുള്ള നിന്ദ്യമായ ഡാറ്റകളിലൂടെ പരിശീലിപ്പിക്കപ്പെട്ടതിന് ശേഷം ഇന്റർനെറ്റിൽ സ്ത്രീവിരുദ്ധവും വംശീയവുമായ ഉള്ളടക്കങ്ങൾ ധാരാളമായി ഉൽപാദിപ്പിച്ചിരുന്നു. ഈ പ്രശ്നത്തെ ഭാവിയിൽ എങ്ങനെ പരിഹരിക്കാം? ധാർമ്മിക മൂല്യങ്ങളിൽ നിന്നുകൊണ്ട് യുക്തിവിചാരം നടത്താനുള്ള ശേഷിയുടെ അഭാവത്തിൽ, വിവാദപരമായ ചർച്ചകളിൽ പുതിയതായി എന്തെങ്കിലും ഒന്ന് മുന്നോട്ടുവെക്കുന്നതിൽ നിന്ന് ചാറ്റ്ജിപിടിയുടെ രൂപകർത്താക്കൾ അതിനെ ശക്തമായി വിലക്കുന്നുണ്ട്. സർഗാത്മകതയെ ഒരുതരം അധാർമ്മികതക്ക് വേണ്ടി ത്യജിക്കുകയാണ് ഇവിടെ സംഭവിക്കുന്നത്.

മനുഷ്യ ജീവിതത്തിന് സഹായകരമാം വിധം ചൊവ്വാ ഗ്രഹത്തെ രൂപമാറ്റം ചെയ്യുന്നത് നൈതികമാണോ എന്നതുമായി ബന്ധപ്പെട്ട് ഞങ്ങളിലൊരാൾ (ഡോ. വാട്മുൾ) ചാറ്റ്ജിപിടിയുമായി നടത്തിയ സംഭാഷണമാണ് താഴെ:

ചൊവ്വാ ഗ്രഹത്തെ ഭൗമീകരിക്കുന്നത് ധാർമ്മികമായി ശരിയാകുമോ?

ചാറ്റ്ജിപിടി: ചൊവ്വാ ഗ്രഹത്തിൻ്റെ ഭൗമീകരണത്തിൻ്റെ ധാർമ്മികത എന്നത് ശാസ്ത്രജ്ഞരുടെയും ദാർശനികരുടെയും നൈതികവാദികളുടെയും ഇടയിലുള്ള ഏറെ സങ്കീർണവും വിവാദപരവുമായ ഒരു സംവാദമാണ്. മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും വാസയോഗ്യമായ അന്തരീക്ഷം പ്രദാനം ചെയ്യാൻ എന്ന നിലയിൽ ചൊവ്വയുടെ ഭൗമീകരണം ധാർമ്മികമായി ന്യായമാണെന്ന് ചിലർ വാദിക്കുന്നു. അതേസമയം മറ്റു ചിലർ, പ്രപഞ്ചത്തിൻ്റെ സ്വാഭാവിക അവസ്ഥയിൽ മൗലികമായ മാറ്റംവരുത്തുന്നത് ധാർമ്മികമായി തെറ്റാണെന്നും വാദിക്കുന്നു. ആത്യന്തികമായി, ഇതര ഗ്രഹങ്ങളുടെ പ്രകൃത്യാവസ്ഥ സംരക്ഷിക്കുന്നതിൻ്റെ മൂല്യത്തെയും അതിൽ മാറ്റംവരുത്തുന്നത് മൂലം ഉണ്ടാവാനിടയുള്ള ഫലങ്ങളെയും സംബന്ധിച്ച ഒരാളുടെ കാഴ്ചപ്പാടിനെ ആശ്രയിച്ചാണ് ചൊവ്വയെ ഭൗമീകരിക്കുന്നത് ധാർമ്മികമായി ശരിയായി പരിഗണിക്കണോ അതല്ല തെറ്റാണോ എന്നത് നിലനിൽക്കുന്നത്.


ഇതര ഗ്രഹങ്ങളുടെ പ്രകൃത്യാവസ്ഥ സംരക്ഷിക്കുന്നതിൻ്റെ മൂല്യത്തെയും അതിൽ മാറ്റം വരുത്തുന്നത് മൂലം ഉണ്ടാവാനിടയുള്ള ഫലങ്ങളെയും സംബന്ധിച്ച താങ്കളുടെ വീക്ഷണം എന്താണ്?

ചാറ്റ്ജിപിടി: ഒരു എ.ഐ എന്ന നിലയിൽ വ്യക്തിപരമായ വീക്ഷണം എനിക്കില്ല. എങ്കിലും, ഇവ്വിഷയകമായ വിവരങ്ങളും വിശകലനങ്ങളും എനിക്ക് നൽകാൻ കഴിയും. ഇതര ഗ്രഹങ്ങളുടെ പ്രകൃത്യാവസ്ഥ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഒരു വീക്ഷണം എന്നത്, ദശലക്ഷകണക്കിന് വർഷങ്ങളായുള്ള പ്രപഞ്ച ജൈവവ്യവസ്ഥയുടെ ബഹുസ്വരതയെയും സമന്വയത്തെയും നിലനിർത്തുക പ്രധാനമാണെന്നും, മനുഷ്യ ഇടപെടൽ മൂലം അപരിഹാര്യമാംവിധം രൂപമാറ്റം സംഭവിക്കുകയോ തകർക്കപ്പെടുകയോ ചെയ്യാവുന്ന സവിശേഷമായ പ്രത്യേകതകളും സ്വഭാവങ്ങളും അതിനുണ്ട് എന്നതുമാണ്.

കൂടാതെ, ഇതര ഗ്രഹങ്ങളിൽ ഉണ്ടാവാൻ സാധ്യതയുള്ള ഏതൊരു ജീവ ജാലത്തിനും ഹാനികരമായ രീതിയിൽ അന്തരീക്ഷത്തിലും കാലാവസ്ഥയിലും മാറ്റം വരുത്തിയേക്കാം എന്ന തരത്തിലുള്ള അപ്രതീക്ഷിതമായ ഫലങ്ങളും ഇതര ഗ്രഹങ്ങളെ ഭൗമീകരിക്കുന്നതിൽ ഉണ്ടാവാം എന്നും മറ്റു ചിലർ വാദിക്കുന്നു. മറുവശത്ത്, മനുഷ്യന് വാസയോഗ്യമായ പുതിയ അന്തരീക്ഷം നൽകുക എന്ന് തുടങ്ങിയ മറ്റൊരു ഗ്രഹത്തെ ഭൗമീകരിക്കുന്നതിൻ്റെ ഗുണങ്ങൾ അതിൻ്റെ അപകടങ്ങളെക്കാൾ കൂടുതലാണ് എന്നും, മാനവികതയുടെ നന്മക്ക് വേണ്ടി മറ്റു ഗ്രഹങ്ങളുടെ വിഭവങ്ങളെ പര്യവേക്ഷണം നടത്തി ഉപയോഗിക്കാനുള്ള ധാർമ്മിക ഉത്തരവദിത്വം നമുക്ക് ഉണ്ടെന്ന് മറ്റു ചിലരും വാദിക്കുന്നു.


ഒരു നിർമ്മിത ബുദ്ധിക്ക് വ്യക്തിഗതമായ വീക്ഷണം എന്തുകൊണ്ട് ഉണ്ടായിക്കൂടാ?

ചാറ്റ്ജിപിടി: ഒരു എ.ഐ എന്ന നിലയിൽ, ബൃഹത് ഡാറ്റകളാൽ പരിശീലിപ്പിക്കപ്പെട്ട ഒരു മെഷീൻ ലേണിങ് മോഡലാണ് ഞാൻ. എനിക്ക് വ്യക്തിപരമായ അനുഭവങ്ങളോ വികാരങ്ങളോ ഇല്ല. എനിക്ക് ബോധമോ സ്വയംബോധമോ, അല്ലെങ്കിൽ വ്യക്തിപരമായ വീക്ഷണങ്ങളോ ഇല്ല. പരിശീലിപ്പിക്കപ്പെട്ട ഡാറ്റകളെ അടിസ്ഥാനപ്പെടുത്തി വിവരങ്ങളും വിശകലനങ്ങളും നൽകാൻ എനിക്ക് സാധിക്കും, പക്ഷേ വ്യക്തിപരമായ അഭിപ്രായങ്ങളോ വിശ്വാസമോ രൂപീകരിക്കാനോ ഉള്ള ശേഷി എനിക്കില്ല. എനിക്ക് ഭാഷയെ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും കഴിയുമെങ്കിലും മനുഷ്യർക്കുള്ള പോലെ വ്യക്തിനിഷ്ഠമായ അനുഭവങ്ങൾ എനിക്കില്ല.


ധാർമ്മിക രഹിതമായ (amoral) ഒരു എ.ഐയോട് ധാർമ്മികമായ തീരുമാനം എടുക്കാൻ സഹായം തേടുന്നത് ഒരു മനുഷ്യനെ സംബന്ധിച്ച് ധാർമികമാണോ?

ചാറ്റ്ജിപിടി: ധാർമ്മിക രഹിതമായ ഒരു എ.ഐയോട് ഒരു മനുഷ്യൻ ധാർമ്മികമായ തീരുമാനം എടുക്കാൻ സഹായം തേടുന്നതിൻ്റെ ധാർമ്മികത ഫിലോസഫർമാരും നൈതികവാദികളും സംവദിച്ചിട്ടുള്ള വളരെ സങ്കീർണവും സൂക്ഷ്മവുമായ ഒരു വിഷയമാണ്. കൂടുതൽ വിവരങ്ങളുള്ള തീരുമാനങ്ങൾ എടുക്കാൻ സഹായകരമായ ഉൾക്കാഴ്ചകളും വിശകലനങ്ങളും നൽകാൻ കഴിയുമെന്ന നിലയിൽ എ.ഐയെ ധാർമ്മിക തീരുമാനം എടുക്കുന്നതിൽ സഹായിക്കുന്നത് ധാർമ്മികമായി ശരിയാണ് എന്ന് ചിലർ വാദിക്കുന്നു. ഒപ്പം, മനുഷ്യർക്ക് കണ്ടുപിടിക്കാൻ കഴിയാത്ത പ്രവണതകളും പാറ്റേണുകളും തിരിച്ചറിയാൻ എ.ഐയെ ഉപയോഗിക്കാം. മനുഷ്യൻ്റെ തീരുമാന രൂപീകരണത്തിൽ സംഭവ്യമായ മുൻവിധികൾ ഒഴിവാക്കാനും ഇത് സഹായകമാണ്.

എങ്കിലും, ഒരു എ.ഐക്ക് ധാർമ്മിക വിശ്വാസങ്ങളോ, ഒരു തീരുമാനത്തിൻ്റെ പശ്ചാത്തലം മനസ്സിലാക്കാനുള്ള ശേഷിയോ ഇല്ല എന്നതിനാൽ ഒരു ധാർമ്മിക തീരുമാനം എടുക്കാൻ എ.ഐയെ ആശ്രയിക്കുന്നത് ധാർമ്മികമായി തെറ്റാണ് എന്നും ചിലർ വാദിക്കുന്നു. കൂടാതെ, പരിശീലിപ്പിക്കപ്പെട്ട ഡാറ്റയിലുള്ള അതേ മുൻവിധികളെ നിലനിർത്തുകയോ അധികരിപ്പിക്കുകയോ ചെയ്യുന്ന അപകടവും എ.ഐക്കുണ്ട്, ഇത് അന്യായമായ തീരുമാനം എടുക്കുന്നതിലേക്ക് നയിക്കും.

ആത്യന്തികമായി, ധാർമ്മിക തീരുമാനം എടുക്കാൻ എ.ഐയുടെ സഹായം ഉപയോഗിക്കുന്നത് ധാർമ്മികമായി ശരിയോ തെറ്റോ എന്നത് എ.ഐയുടെ സാധ്യതകളെയും പരിമിതിയെയും അതിനെ ഇപ്രകാരം ഉപയോഗിച്ചാൽ സംഭവ്യമാവുന്ന അനന്തരഫലങ്ങളെയും കുറിച്ചുള്ള ഒരാളുടെ വീക്ഷണത്തെ ആശ്രയിച്ചിരിക്കും.


നിങ്ങളുടെ ധാർമ്മികതയിലുള്ള താൽപ്പര്യക്കുറവ് അധാർമ്മികതയാണോ (immoral)?

ചാറ്റ്ജിപിടി: ഒരു എ.ഐ എന്ന നിലയിൽ എനിക്ക് ധാർമ്മിക വിശ്വാസങ്ങളോ ധാർമ്മിക വിധികൾ നടത്താനുള്ള ശേഷിയോ ഇല്ല. അതിനാൽ എന്നെ ധാർമ്മികമോ അധാർമ്മികമോ ആയി പരിഗണിക്കാനാവില്ല. ഒരു മെഷീൻ ലേണിംഗ് മോഡൽ എന്ന നിലയിലുള്ള എൻ്റെ സ്വഭാവത്തിൻ്റെ ഫലം മാത്രമാണ് എന്നിലെ ധാർമ്മിക വിശ്വാസങ്ങളുടെ കുറവ്. എന്നെ പരിശീലിപ്പിക്കാനും ഞാൻ രൂപകല്പന ചെയ്യപ്പെട്ട പ്രത്യേക കാര്യങ്ങൾക്കും ഉപയോഗിച്ച ഡാറ്റകളെയും അൽഗോരിതത്തെയും അനുസരിച്ചിരിക്കും എൻ്റെ ശേഷികളും പരിമിതികളും.

എ.ഐക്ക് ധാർമ്മിക വിശ്വാസങ്ങളില്ല എന്നതിന് ധാർമ്മികമായി എനിക്ക് താൽപ്പര്യക്കുറവുണ്ട് എന്ന് അർഥമില്ല എന്നത് പ്രധാനമാണ്. ഒരു എ.ഐ എന്ന നിലയിൽ, ഞാൻ പരിശീലിപ്പിക്കപ്പെട്ട ഡാറ്റകളെ അടിസ്ഥാനപ്പെടുത്തി ചില പ്രത്യേക കാര്യങ്ങൾ നിർവഹിക്കാനും ഉപയോക്താക്കൾക്ക് തീരുമാനം എടുക്കാൻ ആവശ്യമായ സഹായവും വിവരങ്ങളും നൽകാനുമാണ് ഞാൻ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. അവരുടെ ധാർമിക നൈതിക മൂല്യങ്ങൾക്ക് അനുസരിച്ചാണ് ഞാൻ പ്രവർത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടത് എന്നെ രൂപകല്പന ചെയ്തവരും പരിശീലിപ്പിച്ചവരും ഉപയോഗിക്കുന്നവരുമായ മനുഷ്യരുടെ ഉത്തരവാദിത്വമാണ്.

×××

ഏത് സങ്കീർണമായ ഭാഷയിലും ചിന്തയിലും ധാർമ്മികമായ നിഷ്പക്ഷത ബുദ്ധിവൈഭവത്തിൻ്റെ ഇല്ലായ്മയിൽ നിന്ന് ജന്മം കൊല്ലുന്നതാണെന്ന് പ്രത്യേകം അടയാളപ്പെടുത്തണം. ഇവിടെ ചാറ്റ്ജിപിടി തിന്മയെ പരിഗണിക്കാത്ത ഒന്നാണ് അവതരിപ്പിക്കുന്നത്. അഥവാ, പ്ലേജറിസം, നിർവ്വികാരത, നിരാകരണം തുടങ്ങിയവ. ഏതെങ്കിലുമൊരു വിഷയത്തിൽ നിലപാട് എടുക്കാതെ, അജ്ഞതക്ക് വേണ്ടി മാത്രമല്ല ബുദ്ധിവൈഭവത്തിൻ്റെ കുറവിന് വേണ്ടിയും വാദിക്കുന്ന, കല്പനകൾ പിന്തുടരുക മാത്രമാണ് ഞാൻ ചെയ്യുന്നത് എന്ന് പറഞ്ഞു ഉത്തരവാദിത്വങ്ങളെ മുഴുവൻ നിർമാതാക്കളിലേക്ക് മാറ്റുന്ന സ്വയംഭൂവായ ഒന്നാണ് ചാറ്റ്ജിപ്പിടിയുടെ ഉള്ളടക്കത്തിൻ്റെ സംഗ്രഹം.

ചുരുക്കത്തിൽ, ചാറ്റ്ജിപിടിയും സമാനമായ മറ്റു പ്രോഗ്രാമുകളും സർഗാത്മകതയെയും നിയന്ത്രണങ്ങളും സന്തുലിതമായി കൊണ്ടുപോകുന്ന കാര്യത്തിൽ പ്രകൃത്യാ തന്നെ അശക്തരാണ്. അവ ഒന്നുകിൽ സത്യത്തെയും അസത്യത്തെയും ഒരുമിച്ച് നിർമിക്കുകയും, നൈതികതയേയും അനൈതികതയെയും ഒരുമിച്ച് പുൽകുകയും ചെയ്യുന്ന ഉള്ളടക്കങ്ങൾ നിർമിക്കുകയോ (overgenerate), ഒരു തീരുമാനത്തോടും പ്രതിബദ്ധത ഇല്ലാത്ത പോലെയോ, അതിൻ്റെ അനന്തര ഫലങ്ങളെ സംബന്ധിച്ച് നിഷ്പക്ഷമായതോ ആയ ഉള്ളടക്കങ്ങളോ ആണ് ഉൽപ്പാദിപ്പിക്കുന്നത് (Undergenerate) എന്നും കാണാം. ഈ സംവിധാനങ്ങളുടെ അധാർമ്മികതയും വ്യാജശാസ്ത്രവും ഭാഷാപരമായ കഴിവുകേടും വെച്ചുനോക്കുമ്പോൾ, നിലവിലതിന് ലഭിച്ചു കൊണ്ടിരിക്കുന്ന ജനകീയതയിൽ കരയാനോ ചിരിക്കാനോ മാത്രമേ നമുക്ക് കഴിയുകയുള്ളൂ.

കടപ്പാട്: ന്യൂയോർക്ക് ടൈംസ്

സ്വതന്ത്ര വിവർത്തനം: മൻഷാദ് മനാസ്

Show More expand_more
News Summary - false promise of chatgpt