Begin typing your search above and press return to search.
proflie-avatar
Login

ജാതിയും ജനപ്രിയ സംസ്കാരവും: മൂന്ന് ഇന്ത്യകൾ

caste and mainstream media
cancel

രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളിൽ പ്രതിഫലിക്കുന്നത് അത് കൈയാളുകയും അതിൽ പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ ഭൂരിപക്ഷ സ്വഭാവത്തെയാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ വലിയൊരളവോളം വരുന്ന ദലിത്, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളെ അത് വളരെ സ്വാഭാവികമായി അപ്രത്യക്ഷരാക്കുന്നു. ഈ അവസ്ഥയെ എങ്ങനെയാണ് സാമൂഹിക മാധ്യമങ്ങളും ഇൻ്റർനെറ്റ് ലഭ്യതയും പുതുകലകളും ചേർന്ന് മാറ്റിമറിക്കുന്നതെന്ന് പരിശോധിക്കുന്നു.

2021 നവംബറിൽ വാഷിംഗ്ടണിലെ കെന്നഡി സെന്ററിൽ വെച്ച് ഇന്ത്യൻ സ്റ്റാൻഡപ്പ് കൊമേഡിയനായ വീർ ദാസ് അവതരിപ്പിച്ച ആറ് മിനിറ്റ് നീണ്ട അവതരണം ഇന്ത്യയിലെ സമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു. കാവിവൽകൃത കാല്പനികതകൾ യാഥാർഥ്യമായിരിക്കുന്ന സമകാലിക ഇന്ത്യയും ഈയടുത്ത കാലം വരെ പ്രബല വിഭാഗങ്ങളുടെ അധീനതയിലായിരുന്ന നാഗരിക മധ്യവർഗ ഇന്ത്യയും തമ്മിൽ തുലനം ചെയ്യുന്ന രണ്ട് ഇന്ത്യകളെ കുറിച്ചുള്ള ഒരു ഗദ്യ കവിത പാരായണം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളോടും കുട്ടികളോടുമുള്ള പെരുമാറ്റം, പാക്കിസ്ഥാനെതിരെയുള്ള ക്രിക്കറ്റ് മാച്ചിലുണ്ടാകുന്ന ജയ-പരാജയങ്ങളോടുള്ള അമിത പ്രകടനങ്ങൾ എന്നുതുടങ്ങി പ്രായോഗികമായി ഭ്രാന്തമെന്ന് തോന്നിപ്പിക്കുന്ന ഇന്ത്യൻ സമൂഹത്തിലെ ചെയ്തികളുടെ ഇരട്ടത്താപ്പുകൾക്ക് ദേശീയവും അന്തർദേശീയവുമായ ശ്രദ്ധ കിട്ടിക്കൊണ്ടിരിക്കുന്ന ഒരു സന്ദർഭത്തിലാണ് വീർ ദാസ് ഈ ദ്വന്ദം നിർമ്മിക്കുന്നത്.

പ്രതീക്ഷിച്ച പോലെ തന്നെ വമ്പിച്ച പ്രതികരണമാണ് അവതരണത്തിന് ലഭിച്ചത്. ഹാളിൽ നിറഞ്ഞു നിന്ന, ഒരുപക്ഷേ പ്രവാസി ഇന്ത്യക്കാർ ഭൂരിപക്ഷമുള്ള സദസ്സ് വലിയ ഹർഷാരവങ്ങളാണ് അദ്ദേഹത്തിന്റെ പെർഫോമൻസിന് നൽകിയത്. ഇന്ത്യയിൽ വലിയ അർഥത്തിലുള്ള പിന്തുണ സാമൂഹ്യ മാധ്യമങ്ങളിലൂടെ ദാസിനു ലഭിച്ചിട്ടുണ്ടെങ്കിലും, ദേശാഭിമാന സംരക്ഷണം താൽപര്യമുള്ള കക്ഷികളിൽ നിന്ന് ജന്മനാടിനെ അപകീർത്തിപ്പെടുത്തിയതിന് നിയമമടപടികളോടൊപ്പമുള്ള ഭീഷണികളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. സ്ത്രീവിരുദ്ധവും ജാതീയവുമായ അടിസ്ഥാനപരമായി രാഷ്ട്രീയ ശരികേടുകൾ നിറഞ്ഞ തമാശകൾ പറഞ്ഞതിന്റെ ചരിത്രം അദ്ദേഹത്തിനുണ്ടെങ്കിലും ലിബറലുകളൊക്കെ അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനെ കുറിച്ചാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം, ആൾകൂട്ട കൊലപാതകത്തിന് എപ്പോഴും സാധ്യതയുള്ള, ന്യൂനപക്ഷത്തോട് വിദ്വേഷമുള്ള, നോൺ വെജ് വിരോധികളായ, ജാതിയെയും ലിംഗത്തെയും അടിസ്ഥാനപ്പെടുത്തിയുള്ള തെരുവക്രമണങ്ങൾ അധികരിച്ച ഇന്ത്യയിലെ കാവിവൽക്കരിക്കപ്പെട്ട സമകാലിക സമൂഹത്തെ കുറിച്ച് സംസാരിക്കാൻ അദ്ദേഹം കാണിച്ച ധൈര്യത്തെ മറ്റു ചിലർ അംഗീകരിക്കുന്നുമുണ്ട്. പക്ഷേ ഈ കൂട്ടരും ഈയടുത്തകാലം വരെ അനുഭവിച്ചിരുന്ന, ഇപ്പോൾ ഇല്ലാതായിരിക്കുന്ന ഹിംസ കുറഞ്ഞ ഒത്തൊരുമയുള്ള ഒരു സമൂഹത്തെ കുറിച്ച് ഗൃഹാതുരത്വത്തോടെ ഓർക്കുന്നവരാണ്.

കെന്നഡി സെന്ററിൽ വീർ ദാസ്

ദാസും അദ്ദേഹത്തിന്റെ വിമർശകരും അദ്ദേഹത്തെ പിന്തുണക്കുന്നവരും കൈവശം വെക്കുന്ന ഭൂമിശാസ്ത്രപരവും രൂപകപരവുമായ ഇടം കൈവശമില്ലാത്തതിന്റെ പേരിൽ ഈ രണ്ട് തരം ഇന്ത്യയിൽ നിന്നും അന്യാധീനപ്പെട്ടു പോയ അനേകം ശബ്ദങ്ങൾ വേറെയുമുണ്ട് - മൂന്നാമതൊരു ഇന്ത്യ. രാജ്യത്തെ ജനസംഖ്യയുടെ 30 ശതമാനം വരുന്ന ദലിതരും തദ്ദേശീയ ജനവിഭാഗവും അല്ലെങ്കിൽ ആദിവാസികളും പ്രത്യേക ഗോത്രവിഭാഗങ്ങളും (മുൻപ് ക്രിമിനൽ ഗോത്രങ്ങളെന്ന് പ്രത്യേകം തരംതിരിച്ചിരുന്നു) അടങ്ങിയ വലിയൊരു വിഭാഗം പാർശ്വവൽകൃത വിഭാഗമാണിവർ. ഇതിനോടൊപ്പം, ഇംഗ്ലീഷ് സംസാരിക്കാത്ത, ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും, വിദൂര കുഗ്രാമങ്ങളിലോ അല്ലെങ്കിൽ നഗരങ്ങളിലെ ജനനിബിഢമായ ദരിദ്ര ഇടങ്ങളിലോ താമസിക്കുന്ന, ചെറിയ മൊബൈൽ ഫോണുകൾ ഉപയോഗിക്കാൻ അറിയുന്നത് പോയിട്ട് സ്വന്തമായി അങ്ങനെയൊന്ന് ഇല്ലാത്ത ജനസംഖ്യയുടെ ഏകദേശം 55 ശതമാനം വരുന്ന മറ്റു പിന്നാക്ക വിഭാഗങ്ങളുമുണ്ട് (ഓ.ബി.സികൾ).

മൂന്നാമത്തെ ഇന്ത്യ

എന്നിരുന്നാലും, കുറച്ച് വിദ്യാഭ്യാസം ലഭിക്കുകയും സ്മാർട്ട്ഫോണും ഇന്റർനെറ്റും ട്വിറ്ററുമൊക്കെ ഉപയോഗിക്കാൻ അവസരമൊരുക്കുന്ന ഒരു ജോലി തരപ്പെടുകയും അതുവഴി ജനപ്രിയ സംസ്കാരം എന്തൊക്കെയാണ് ഉൽപ്പാദിച്ചു കൊണ്ടിരിക്കുന്നത് എന്നതു സംബന്ധിച്ച് അറിയുകയും മേല്പറഞ്ഞ രണ്ട് ലോകത്തും കാലെടുത്തുവെക്കാൻ സാധിച്ച ഈ വിഭാഗങ്ങളിലെ ആളുകൾക്ക് ദാസിന്റെ ബൈനറിയിലുള്ള ഇന്ത്യയോടല്ല തങ്ങൾ ചേർന്നുനിൽക്കുന്നതെന്ന് ഞൊടിയിടയിൽ തന്നെ ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ രണ്ട് ഇന്ത്യകളും, ഗവേഷണ പ്രബന്ധങ്ങളുടെയോ പോപ്പുലർ സിനിമകളുടെയോ ആവശ്യത്തിനായി അവരുടെ കഥകളും പാട്ടുകളും കൈവശപ്പെടുത്താനല്ലാതെ ജനപ്രിയ വ്യവഹാരത്തിനകത്ത് അവരുമായി ഇടപെടാത്ത, ലൈംഗിക പീഡനം, ദുരഭിമാനക്കൊല, അതേപോലെ ഡാം, റോഡുകൾ, എയർപോർട്ടുകൾ തുടങ്ങിയ വികസന പദ്ധതികളിൽ ഭവനരഹിതരാക്കപ്പെട്ടവർ എന്നു തുടങ്ങിയ വ്യത്യസ്ത തരം നിഷ്ഠൂരതകളുടെ ഇരകളായി മാത്രം മാധ്യമങ്ങൾ ചിത്രീകരിക്കുന്ന, അതുമല്ലെങ്കിൽ അപരന്റെ മതത്തെയും, ശരീരത്തെയും, ലിംഗത്തെയും കേന്ദ്രീകരിച്ചുള്ള തമാശകളിൽ പരിഹാസപാത്രമാക്കപ്പെടുന്നവരോ ആയ മൂന്നാമതൊരു ഇന്ത്യയുമായാണ് അവർ ചേർന്നു നിൽക്കുന്നത്. മുഖ്യധാരയുടെ എതിരാളികളായും ജനപ്രിയ സംസ്കാരത്തിനകത്ത് ഈ മൂന്നാം ഇന്ത്യയിലെ മക്കൾ ആവിഷ്കരിക്കപ്പെടാറുണ്ട്. കറുപ്പ് - വെളുത്തവർ, ദരിദ്രർ - സമ്പന്നർ, അല്ലെങ്കിൽ മധ്യവർഗം, ഗ്രാമീണർ - നഗരവാസികൾ, എളിയവർ - പരുഷർ, ഹീറോ - വില്ലൻ, ദേശദ്രോഹി - ദേശസ്നേഹി, കലാപകാരി - നിയമങ്ങളനുസരിക്കുന്നവർ, തുടങ്ങിയ ദ്വന്ദങ്ങൾ ചില ഉദാഹരണങ്ങളാണ്. കഴിഞ്ഞ വർഷങ്ങളിലിറങ്ങിയ ഹിന്ദി ബി-ഗ്രേഡ് സിനിമകളിലെ വില്ലന്മാരുടെയും വശീകരിക്കാൻ വരുന്ന സ്ത്രീകഥാപാത്രങ്ങളുടെയും പേരുകളിൽ ഇത് പ്രതിഫലിക്കുന്നതായി കാണാം; കഴുത്തിൽ കുരിശ് ധരിച്ച റോക്കിയെന്നോ ജോണിയെന്നോ (അല്ലെങ്കിൽ അഹ്മദോ ഹുസൈനോ) പേരുള്ളയാളായിരിക്കും വില്ലനെങ്കിൽ, സ്ത്രീകൾ ജൂലിയെന്നോ റോസിയോന്നോ അഞ്ജൂമെന്നോ പേരുള്ള പരമ്പരാഗത സാരിയേക്കാൾ ഉടുപ്പോ സൽവാറോ ധരിച്ചവരായിരിക്കും. അവരുടെ സംസാരഭാഷ പരുഷവും അവർ പ്രതിനിധീകരിക്കുന്ന തൊഴിലാളി വർഗത്തിന്റേതുമായിരിക്കും. നഗര ചേരികളോ കുഗ്രാമങ്ങളോ പോലുള്ള സമൂഹത്തിന്റെ തുരുത്തുകളിൽ ജീവിക്കുന്നവരായാണ് അവരെ അവരിപ്പിക്കാറുള്ളത്. ഒന്നുകിൽ നായകന്റെയോ അല്ലെങ്കിൽ വില്ലന്റെയോ സേവകരോ തൊഴിലാളികളോ എന്ന നിലയിലായിരിക്കും അവരുടെ തൊഴിൽ.


ഉദാഹരണത്തിന്, തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിലെ നിർമാതാക്കളും അഭിനേതാക്കളും സംവിധായകരും മിക്ക സാങ്കേതിക വിദഗ്ധരും തെലുങ്കുകാരുടെ സാംസ്കാരിക തലസ്ഥാനമെന്ന് കരുതുന്ന അവിഭജിത ആന്ധ്രപ്രദേശിന്റെ തീരപ്രദേശങ്ങളിൽ നിന്ന് വരുന്നവരും സിനിമാ കഥാപാത്രങ്ങളുടെ സംസാര ഭാഷ ഈ പ്രദേശങ്ങളിലുപയോഗിക്കുന്ന സംസ്കൃതവൽകൃത തെലുങ്കുമായിരുന്നു. പക്ഷേ തെലുങ്കാനയിൽ സംസാരിക്കുന്ന തെലുങ്ക് ഭാഷയോ? വില്ലൻ അല്ലെങ്കിൽ ഹാസ്യ വേഷങ്ങൾ ചെയ്യുന്ന കഥാപാത്രങ്ങളുടെ വായിൽ നിന്നായിരുന്നു ആ ഭാഷ വന്നിരുന്നത്. തെലുങ്ക് സംസ്ഥാനങ്ങൾ വിഭജിക്കപ്പെടുകയും തെലങ്കാനക്ക് സ്വന്തമായി ഒരു ഭൂപ്രദേശം ലഭിക്കുകയും തങ്ങളുടെ ചരിത്രവും, പുരാതനവും വ്യത്യസ്തവുമായ ഭാഷാഭേദവും തിരിച്ചുപിടിക്കാൻ കഴിയുകയും ചെയ്തതിനു ശേഷം മാത്രമാണ് തെലുങ്ക് സിനിമകളിലെ ഭാഷാപരമായ ഈ വിവേചനം തുറന്നുകാട്ടപ്പെടാൻ തുടങ്ങിയത്.

പക്ഷേ ഇത് സിനിമകളുടെ കാര്യത്തിൽ മാത്രമാണോ പറയാൻ കഴിയുക? യഥാർഥ ജീവിതത്തിലെങ്ങനെയാണ്? ജീൻസോ കൂളിംഗ് ഗ്ലാസോ അല്ലെങ്കിൽ പുതിയ വസ്ത്രമോ ധരിച്ചതിന്റെ പേരിൽ, മീശ വളർത്തിയതിന്റെയോ അല്ലെങ്കിൽ കുതിരയെ കൈവശം വെച്ചതിന്റെയോ പേരിൽ മർദ്ദിക്കപ്പെടുന്ന ദലിത് യുവാക്കളെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പതിവാണ്. ഗ്രാമങ്ങളിലെ ദലിതരുടെ വിവാഹ ഘോഷയാത്രയിൽ (ബറാത്ത്) വരൻ വിവാഹ വേദിയിലേക്ക് വെളുത്ത കുതിരയിലാണ് സഞ്ചരിക്കുന്നതെങ്കിൽ പ്രദേശത്തെ പ്രബല ജാതികളിൽ പെട്ടവരുടെ ആക്രമണത്തിന് അവർ പലപ്പോഴും ഇരയാകാറുണ്ട്. ഉത്തരേന്ത്യയുമായി ബന്ധപ്പെട്ട ആചാരങ്ങളെന്ന നിലയിൽ അവിടങ്ങളിലാണ് ഇത് കാര്യമായി സംഭവിക്കാറുള്ളതെങ്കിലും, അതിന്റെ വകഭേദങ്ങൾ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളിലുമുണ്ട്.

കർണാടകയിലെ ഒരു ഗ്രാമത്തിലെ ദലിത് പുരുഷൻ പിറന്നാൾ ദിനത്തിൽ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയ രണ്ടു വയസ്സുകാരനായ മകൻ ക്ഷേത്രത്തിനുള്ളിൽ ഓടിക്കളിച്ചതിന്റെ പേരിൽ ക്ഷേത്രാധികാരികൾ 25000/- രൂപ പിഴയീടാക്കിയത് ദിവസങ്ങൾക്ക് മുൻപാണ്. ദലിതനായ പിഞ്ചുബാലന്റെ പ്രവേശനത്താൽ അശുദ്ധമാക്കപ്പെട്ട ക്ഷേത്രത്തെ ശുദ്ധീകരിക്കാനുള്ള അനുഷ്ഠാനങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനായിരുന്നു പ്രസ്തുത പണം. പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള ദലിത് കോളനികളെ സംബന്ധിച്ച് തങ്ങളേതെങ്കിലും തരത്തിലുള്ള ജാതിക്രമമോ നിയമങ്ങളോ ലംഘിച്ചാൽ വീടിന് പുറത്തുവെച്ച് വേട്ടയാടപ്പെടുന്നത് ഒരു പതിവാണ്. ഇത്തരത്തിൽ ഏതെങ്കിലും ഒരാൾ ‘അതിക്രമം’ പ്രവർത്തിച്ചാൽ സമുദായം ഒന്നടങ്കം ശിക്ഷിക്കപ്പെടും.

കർണാടകയിലെ ദലിത് സാംസ്കാരിക മുന്നേറ്റം

കർണാടകയിലെ മന്ത്രിയായിരുന്ന പ്രസന്ന കുമാർ ബസവലിംഗപ്പയാണ് കർണാടകയിലെ ശക്തമായ ദലിത് പ്രസ്ഥാനത്തിന് (1970-90) തിരികൊളുത്തിയത്. “കന്നഡയിൽ അതുവരെ ഉണ്ടായിരുന്ന സാഹിത്യങ്ങളൊക്കെയും ‘ഭൂസയാണ്’ (അഥവാ നിസ്സാരമാണ്)” എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിന്റെ ഫലമായി കർണാടകയിലൊട്ടാകെ ഉണ്ടായ കോലാഹലങ്ങളെ തുടർന്ന് അദ്ദേഹത്തിന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നെങ്കിലും, ‘ദലിത് സംഘർഷ സമിതി’ എന്ന ബാനറിന് കീഴിൽ ദലിതരെ ഒരുമിച്ചു കൂട്ടി കൊണ്ടുള്ള ദലിതരുടെ ശക്തമായ പ്രതിമുന്നേറ്റത്തിന് ഇത് തുടക്കം കുറിച്ചു. ഇത് വിദ്യാർഥികളെയും തൊഴിലാളികളെയും മറ്റു സാധാരണ ജനങ്ങളെയും ശക്തമായ പ്രതിസാംസ്കാരിക രൂപങ്ങൾക്ക് വേണ്ടി അണിനിരത്തുകയും ധാരാളം നാടകങ്ങളും പാട്ടുകളും കവിതകളും എഴുത്തുകളും പുറത്തുവരികയും ചെയ്തു. ജനങ്ങൾ തങ്ങളുടെ ജീവിതവും അനുഭവങ്ങളും അവരവരുടെ ഭാഷാ വകഭേദങ്ങളിൽ അവതരിപ്പിക്കുന്ന പുതിയൊരു ധാര കന്നഡ സാഹിത്യത്തിൽ കടന്നുവന്നു. മറാത്തി (വടക്ക്-പടിഞ്ഞാറൻ), ഉറുദു (വടക്ക്-കിഴക്കൻ) ഭാഷകളുടെ ശക്തമായ സ്വാധീനമുള്ള ഇപ്പോഴും പാർശ്വവൽകൃതമായി തുടരുന്ന വടക്കൻ കർണാടക ഭാഷാ വകഭേദം ദലിതരും ആദിവാസികളും സ്ത്രീകളുമടങ്ങളിയ അരികുവൽകൃത വിഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികളിൽ ഉപയോഗിക്കപ്പെടാൻ തുടങ്ങി.

പ്രസന്ന കുമാർ ബസവലിംഗപ്പ

സാഹിത്യ അക്കാദമിയുടെ ജ്ഞാനപീഠ പുരസ്കാരം ആകെ 8 കന്നഡ എഴുത്തുകാർക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ‘കന്നഡ സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക്’ 2010ൽ ചന്ദ്രശേഖര കംബാറിനാണ് പ്രസ്തുത പുരസ്കാരം ലഭിച്ചത്. തന്റെ എഴുത്തുകളിൽ ജനങ്ങളുടെ ഭാഷാ വകഭേദങ്ങളെ ഉപയോഗിക്കുന്ന കംബാർ നാടോടി സാഹിത്യത്തിലെ ശക്തമായ എഴുത്തുകാരനും അതോടൊപ്പം ഹമ്പിയിലെ കന്നഡ സർവ്വകലാശാല സ്ഥാപകനും രണ്ടു വട്ടം അതിന്റെ വൈസ് ചാൻസലറുമായിരുന്നു. കൂടാതെ നാടകകലയിൽ നിപുണനുമാണദ്ദേഹം. സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ ലഭിച്ച സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ആധുനിക-നാടൻ രൂപങ്ങളുടെ മിശ്രണമാണ് അദ്ദേഹത്തിന്റെ നാടകങ്ങൾ. പക്ഷേ അദ്ദേഹത്തിന് ദേശീയ പുരസ്കാരം ലഭിച്ചതായുള്ള പ്രഖ്യാപനം വന്നപ്പോൾ വ്യാപകമായ അതൃപ്തികൾ ഉയർന്നു.

ചന്ദ്രശേഖര കംബാർ

പ്രമുഖരും കഴിവുള്ളവരുമായ ധാരാളം സാഹിത്യകാരന്മാർ കന്നഡത്തിൽ ഉണ്ടായിരിക്കേ “യാതൊരു കഴിവുമില്ലാത്ത ഒരു വ്യക്തി തെരഞ്ഞെടുത്തതിൽ വേദന തോന്നുന്നു” എന്ന തരത്തിൽ മാധ്യമ പ്രവർത്തക ആചാര്യനായ പട്ടീൽ പുത്തപ്പയെപോലുള്ള പൊതു വ്യക്തിത്വങ്ങളുടെ പ്രസ്താവനകൾ വരെ പുറത്തുവരികയും ചെയ്തിരുന്നു (ഇന്ത്യൻ എക്സ്പ്രസ്സ്, 21 സെപ്തംബർ 2011). പാർശ്വവൽകൃത തൊഴിലാളി വർഗ ഓ.ബി.സി. സമുദായമായ കമ്മാർ സമുദായാംഗമാണ് കംബാർ എന്നതും പുരസ്കാര ജേതാക്കളായ ബാക്കി ഏഴു പേരിൽ ഭൂവടമകളും രാഷ്ട്രീയമായി ശക്തരുമായ വൊക്കലിഗ്ഗ-ഗൗഡ ജാതിയിൽ പെട്ട കുപ്പാളി വെങ്കട്ടപ്പ പുട്ടപ്പ (കുവെംപു) ഒഴികെ ബാക്കിയുള്ളവർ ബ്രാഹ്മണരും ആയിരുന്നു എന്നതാണ് ഇവിടെ പ്രധാനം. ഏറെ ആദരിക്കപ്പെടുന്ന സാഹിത്യകാരനും സാംസ്കാരിക നായകനുമായ ഒരു വ്യക്തിക്ക് പുരസ്കാരം ലഭിച്ചതിന്റെ പേരിൽ അദ്ദേഹം വരേണ്യ വിഭാഗങ്ങളുടെ പുറത്താണെന്ന ഒറ്റക്കാരണത്താൽ പരസ്യമായി ആക്ഷേപമുന്നയിക്കാൻ അവസരമുണ്ടാക്കികൊടുക്കുന്ന അത്രയും ശക്തമായി ജാതീയ ധാർഷ്ഠ്യമാണ് നിലനിൽക്കുന്നത്.

അപരനെ അടയാളപ്പെടുത്തുന്നു

ഇന്ത്യയിലെ ജനപ്രിയ സംസ്കാരത്തിനകത്ത് ‘അപരത്വത്തെ’ നിർണയിക്കുന്നതിൽ എന്ത് പങ്കാണ് ജാതി വഹിക്കുന്നത്? നാലു തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ ഒരു ദലിത് സ്ത്രീയും ദേശീയ രാഷ്ട്രീയത്തിൽ നേതാവുമായ മായാവതിയെ ഏറെ നിസാരമാക്കി സംസാരിച്ച ഇതേ വീർ ദാസിനെ നാം കൂടുതൽ പരിശോധനാ വിധേയമാക്കേണ്ടതുണ്ട്. ഇന്ത്യൻ സ്ത്രീകളുടെയും സവിശേഷമായി ദലിത് സ്ത്രീകളുടെയും ഐക്കണാണ് മായാവതിയെന്ന് പറയാൻ കഴിയും. ദാസിന്റെ രണ്ട് ഇന്ത്യകളെ കുറിച്ചുള്ള വീഡിയോക്ക് ശേഷം വൈറലായ മറ്റൊരു പഴയ വീഡിയോയിൽ താൻ എന്തുകൊണ്ടാണ് മായാവതിയെ ‘വെറുക്കുന്നത്’ എന്നദ്ദേഹം വ്യക്തമാക്കുന്നുണ്ട് – അവർ കാണാൻ ഒരു പുരുഷനെ പോലെയായത് കൊണ്ടൊന്നുമല്ല, മറിച്ച്, സകല പുരുഷന്മാരുടെയും നോട്ടുമാല അണിഞ്ഞുഞ്ഞ്, പുരുഷ മനോസങ്കല്പത്തെ തകർക്കുന്ന തരത്തിൽ സ്തനഭാഗം കാണുന്ന രീതിയിലുള്ള ഒരു ചിത്രം അദ്ദേഹം കണ്ടതാണ് കാരണം (ഇന്ത്യയിലെ ചില ഭാഗങ്ങളിൽ വധൂവരന്മാർ പരസ്പരം ആശീർവദിക്കുന്ന പതിവ് രീതിയാണ് നോട്ടുമാല അണിയിക്കൽ).

മായാവതി

ദലിത് സ്ത്രീകൾക്കെതിരെ, അത് നാലു തവണ മുഖ്യമന്ത്രിയായ സ്ത്രീയോ അതല്ല വിനീതയായ ഒരു ഗ്രാമീണ സ്ത്രീയോ ആവട്ടെ, പൊതു ജലസംഭരണിയിൽ നിന്നോ പ്രബലജാതികളുടെ ഏരിയയിൽ നിന്നോ വെള്ളം ശേഖരിക്കാൻ പോയാലോ വയലുകളിലോ വീടുകളിലോ ജോലിക്ക് പോയാലോ ഒക്കെ ഉണ്ടാവുന്ന വ്യവസ്ഥാപിതമായ അപമാനം ഇന്ത്യയിലെ ചെറു പട്ടണ പ്രദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും പതിവാണ്. വെള്ളം പോലുള്ള മനുഷ്യന്റെ അടിസ്ഥാന ആവശ്യത്തിന് പോലും പ്രാദേശിക അധികാര/ജാതി വരേണ്യരുടെ ദയാവായ്പിനെ ആശ്രയിച്ചു കഴിയുന്നവരാക്കി ദലിതരെ, പ്രത്യേകിച്ച് ദലിത് സ്ത്രീകളെ നിലനിർത്തുന്നതിനു വേണ്ടി, അവരുടെ തന്നെ ജല സ്രോതസ്സുകളിൽ നിന്ന് ദലിത് ബസ്തികളെ പലപ്പോഴും അകറ്റി നിർത്താറുണ്ട്. വാചികമോ ശാരീരികമോ ആയ അധിക്ഷേപം, പരസ്യമായി നഗ്നരാക്കൽ, ലൈംഗികോപദ്രവം, പീഢനം, കൊലപാതകം എന്നിവയൊക്കെ ഇതിലുൾപ്പെടും. ദലിത് സമുദായത്തിൽ നിന്നുൾപ്പെടെയുള്ള പോലീസും രാഷ്ട്രീയക്കാരും പ്രബല വിഭാഗങ്ങളുമൊക്കെ നീതി ലഭ്യമാകുന്നതിനെ തടയുന്നതിനാൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് യാതൊരു ശമനവുമുണ്ടായിട്ടില്ല. പോലീസ് പരാതിക്കാരെ സ്വീകരിക്കാൻ കൂട്ടാക്കാതിരിക്കുകയോ അല്ലെങ്കിൽ പരാതിയിൽ തെറ്റായ വിവരങ്ങൾ ചേർത്ത് കോടതിയിൽ വാദിച്ചു നിൽക്കുക അസാധ്യമാക്കുകയോ ചെയ്യും. പലപ്പോഴും നിയമങ്ങളുടെ പിടിയിൽ നിന്ന് കുറ്റവാളികൾക്ക് തടിയൂരാൻ സഹായകമായ രീതിയിൽ മദ്ധ്യസ്ഥർ സ്ത്രീയുടെ/പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ഒത്തുതീർപ്പ് സ്വീകരിച്ച് പരാതി പിൻവലിക്കാൻ വേണ്ടി നിർബന്ധിക്കുകയും ചെയ്യാറാണ് പതിവ്. സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ ഇത്തരം പ്രശ്നങ്ങളെ മാധ്യമങ്ങളിൽ എത്തിക്കാറുണ്ടെങ്കിലും, അതിജീവിതരുടെ സ്വകാര്യതയിലേക്ക് കൈകടത്തിക്കൊണ്ടും അവരുടെ ഇടവും സ്വത്വവും വെളിപ്പെടുത്തിക്കൊണ്ടും അക്രമികളുടെ ആക്രമണത്തിന് അവരെ വിട്ടുക്കൊടുക്കുക വഴി ഇത്തരം മീഡിയ കവറേജുകൾ അതിജീവരെ സംബന്ധിച്ച് ഇരുതല മൂർച്ചയുള്ള വാളായി മാറുകയാണ് ചെയ്യാറ്.

ദലിതർ പ്രത്യേകിച്ച് സ്ത്രീകൾ ഭരണഘടനാപരമായ സംവരണങ്ങളിലൂടെ പഞ്ചായത്ത് പോലുള്ള പൊതു സ്ഥാപനങ്ങളിലേക്കോ ഗ്രാമത്തിന്റെ സർപഞ്ചായോ (ഗ്രാമത്തലവൻ) തിരഞ്ഞെടുക്കപ്പെട്ടാലും ഔദ്യോഗിക യോഗങ്ങൾ സംഘടിപ്പിക്കാനും പങ്കെടുക്കാനും അവരെ അനുവദിക്കാറില്ലെന്ന് മാത്രമല്ല ദേശീയ അവധി ദിനങ്ങളിൽ ദേശീയ പതാക ഉയർത്താനുള്ള അവരുടെ അവകാശത്തെ പോലും വകവെച്ച് കൊടുക്കാറില്ല. ഇത്തരം വിഷയങ്ങൾ മാധ്യമങ്ങൾ ഉയർത്തിക്കാണിക്കാറുണ്ടെങ്കിലും കുറ്റവാളികൾക്കെതിരെ കേസെടുക്കുകയും അവർ ശിക്ഷിക്കപ്പെട്ടുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ട ജില്ലാ ഭരണാധികാരികളിൽ നിന്ന് ഇത്തരം പരാതിയുടെ തുടർനടപടികൾ അപൂർവമായേ ഉണ്ടാവാറുള്ളൂ.

ജാതി അക്രമങ്ങളിൽ കുറ്റവാളികളെ സംരക്ഷിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക്

ഈ കാര്യങ്ങൾ നമ്മെ മാധ്യമങ്ങളിളുടെ പങ്കിലേക്ക് എത്തിക്കും. ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ രോഹിത് വെമുലയെന്ന ദലിത് വിദ്യാർഥിയുടെ സ്ഥാപനവൽകൃത കൊലപാതകത്തിന് ശേഷമാണ് അക്കാദമിക ഘടനകളിൽ പ്രത്യേകിച്ച് സയൻസ് സംബന്ധിയായ ഇടങ്ങളിൽ ദലിതർക്കെതിരെയുള്ള വ്യവസ്ഥാപിതമായ വിവേചനങ്ങൾക്ക് ദേശീയ ശ്രദ്ധ ലഭിച്ചത്. മാധ്യമങ്ങൾ ഇത്തരം വിഷയങ്ങൾ ഉയർത്തിക്കാട്ടുമ്പോൾ, വിവിധ ഭരണകൂട സ്ഥാപനങ്ങളുടെയും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെ മാധ്യമങ്ങൾ മറച്ചുവെച്ച് കൊണ്ടു പോലും പ്രതികൾക്ക് പൊതുശ്രദ്ധ ലഭിക്കാനും ഇത് കാരണമാകുന്നുണ്ട്. രോഹിത്തിന്റെ ചെറിയ പ്രായത്തിൽ തന്നെ, മൂന്ന് കുട്ടികളുടെ ജനനത്തിന് ശേഷം ദലിതായതിന്റെ പേരിൽ മാതാവിനെ ഉപേക്ഷിച്ചു പോയ പിതാവ് ദലിതനല്ലാതിരിക്കെ രോഹിത് ശരിക്കും ദലിതനാണോ എന്ന ചോദ്യങ്ങൾ ഉയർന്നു വന്നതോടെ രോഹിത് വെമുലക്ക് നീതി ലഭ്യമാക്കാനുള്ള നിയമനടപടികൾ തടസ്സപ്പെടുകയാണുണ്ടായത്. പ്രാദേശിക മാധ്യമങ്ങളിലുൾപ്പെടെ പലതലങ്ങളിലായി കവർ ചെയ്യപ്പെട്ട അതിഭീകരമായ ഒരു അനീതിയാണ് ഇതെങ്കിലും പൗരസമൂഹത്തിനും പൊതുജനാഭിപ്രായത്തിനും കുടുംബത്തിന് നീതി ലഭ്യമാക്കാൻ മതിയായ രീതിയിൽ അധികാരികളുടെ മേൽ സമ്മർദ്ദം ചെലുത്താനും സാധിച്ചിരുന്നില്ല. അക്കാദമിക, ഭരണകൂട, മുഖ്യധാരാ-സാമൂഹിക മാധ്യമ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാധാരണ ജനങ്ങൾക്കിടയിലെ സാമൂഹിക ഇടപാടുകളിൽ വരെയും വ്യാപകമായിക്കൊണ്ടിരിക്കുന്ന സ്ഥാപനവൽകൃത വിവേചനങ്ങൾക്കെതിരെയുള്ള പാർശ്വവൽകൃത വിഭാഗങ്ങളുടെ പ്രക്ഷോഭത്തെ രാജ്യത്താകമാനം വ്യാപിപ്പിക്കാൻ ഈ കേസിന് കഴിഞ്ഞുവെന്നത് മറ്റൊരു സംഗതിയാണ്.

രോഹിത് വെമുല

എങ്കിലും ദലിതരുടെ അപരവൽക്കരണം ഇങ്ങനെ വ്യാപിക്കുന്നതിന്റെ ശരിയായ മാനദണ്ഡവും അവർക്കെതിരെ തുടർന്നുകൊണ്ടിരിക്കുന്ന അക്രമണങ്ങളുടെ കാരണവും ദലിതർക്കെതിരെയുള്ള ക്രൂരമായ കുറ്റകൃത്യങ്ങളോടൊപ്പം കുറ്റവാളികൾക്ക് ലഭിക്കുന്ന സുരക്ഷയാണ്. ഹഥ്രാസ് സംഭവത്തിൽ പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെയും കുടുംബത്തെയും ആവർത്തിച്ച് ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ബിജെപി എം.എൽ.എക്ക് അതിൽ നിന്നൊക്കെ മാറിനിൽക്കാൻ സാധിച്ചത് ഒരു ഉദാഹരണമാണ്. രണ്ടാമത്തെ ഉദാഹരണം, ഹഥ്രാസ് സംഭവത്തിൽ തന്നെ ഇരയായ പെൺകുട്ടിയുടെ മൃതദേഹം കത്തിച്ച് നീക്കം ചെയ്ത അതിഭീകരമായ പാതകം ചെയ്യാൻ ഹഥ്രാസ് അധികാരികൾക്ക് സാധിച്ചു എന്നതാണ്. കൂടാതെ, പീഡിപ്പിക്കുകയും കൂട്ടബലാത്സംഗത്തിനിരയാക്കി കൊല്ലുകയും ചെയ്ത പ്രസ്തുത കേസിൽ കുറ്റാരോപിതരായ ഠാക്കൂർ പുരുഷന്മാരുടെ പിന്തുണയോടെ ജാതി പഞ്ചായത്ത് നടത്താനുള്ള അനുമതി നൽകുക വഴി പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്താനുള്ള സാഹചര്യം ഒരുക്കി കൊടുക്കുക കൂടിയാണ് അധികാരികൾ ചെയ്തത്. യു.പി ഭരിക്കുന്ന അജയ് ബിഷ്ത്, ഠാക്കൂർ ജാതിക്കാരനാണെന്നതാണ് ഈ വിഭാഗത്തിന് തങ്ങൾ അജയ്യരാണെന്ന തോന്നലുണ്ടാക്കുന്നത്. ഒരു റിപ്പോർട്ടർ മാത്രമാണ് ഈ കേസിനെ വിദഗ്ധമായി വിടാതെ പിന്തുടർന്ന് റിപ്പോർട്ട് ചെയ്തത്. ബാക്കിയുള്ളവരൊക്കെ അടുത്ത ബ്രേക്കിങ് ന്യൂസും തേടിപോവുകയായിരുന്നു.

കുറ്റവാളികളെ സംരക്ഷിക്കുന്നതിൽ മാധ്യമങ്ങളുടെ ചരിത്രം

2006ൽ മഹാരാഷ്ട്രയിലെ ഖൈർലാഞ്ചി ഗ്രാമത്തിൽ ഒരു ദലിത് കുടുംബത്തിൽ പെട്ട നാല് പേർക്കെതിരെ നടന്ന ആൾകൂട്ട കൊല ഇവയിൽ ഏറ്റവും അസാമാന്യമായ ഒരു സംഭവമായിരുന്നു. പ്രസ്തുത കുറ്റകൃത്യത്തെ റിപ്പോർട്ട് ചെയ്യുന്നതും രേഖപ്പെടുത്തുന്നതും തടയാൻ പോലീസും മീഡിയയും പരമാവധി ശ്രമിച്ചു. ദിവസങ്ങൾ കഴിഞ്ഞതോടെ ഇതിനെതിരായ പ്രതിഷേധത്തിൽ ദലിത് യുവാക്കൾ മാത്രം അവശേഷിക്കുകയും പ്രസ്തുത പ്രശ്നത്തെ പൊതു ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് ഡെക്കാൻ ക്വീൻ തീവണ്ടി ബോഗിക്ക് തീവെക്കേണ്ടി വരികയും ചെയ്തു. ഒരു ദേശീയ പത്രത്തിൽ ഇന്റേണായിരുന്ന വിദേശ വിദ്യാർഥി സബ്രീന ബക്ക്വാൾട്ടർ എന്ന സ്ത്രീയായിരുന്നു ഈ സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് അവരോട് രാജ്യം വിടാൻ ആവശ്യപ്പെടുകയും അവ്യക്തമായ കാരണങ്ങൾ പറഞ്ഞു കൊണ്ട് അവരുടെ വിസ പുതുക്കി കൊടുക്കാതിരിക്കുകയുമാണ് ഉണ്ടായത്. അവരുടെ റിപ്പോർട്ട് ഇംഗ്ലീഷ് പത്രങ്ങളിൽ പ്രസിദ്ധീകൃതമായതിന് ശേഷം മാത്രമാണ് പ്രാദേശിക ഭാഷാ മാധ്യമങ്ങൾ പോലും പ്രസ്തുത സ്റ്റോറി കവർ ചെയ്യാൻ നിർബന്ധിതരായത്.

ജയ് ഭീം

ജാതി വ്യവസ്ഥയിലെ പ്രബല വിഭാഗങ്ങൾ അവരുടെ ജാതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിൽ അധികാരം സ്ഥാപിക്കാൻ വ്യത്യസ്ത മാർഗങ്ങൾ സ്വീകരിക്കും. തങ്ങളുടെ സ്വത്വത്തെയോ ‘സ്വാഭിമാനത്തെയോ’ അധിക്ഷേപിക്കുന്നതെന്ന് തോന്നുന്ന ഉള്ളടക്കങ്ങളുള്ള സിനിമയുടെ നിർമാതാക്കൾക്കും അഭിനേതാക്കൾക്കുമെതിരെ വലിയ തോതിലുള്ള പ്രക്ഷോഭങ്ങൾ ഉണ്ടാക്കിയെടുക്കാൻ അവർക്ക് കഴിയും. മാധ്യമ സ്ഥാപനങ്ങളുടെ ഉടമകളും ജീവനക്കാരും മിക്കപ്പോഴും അവരുടെ വൃത്തത്തിൽ നിന്നുള്ളവരായിരിക്കും എന്നതാണ് ഇതിന് സഹായിക്കുന്ന ഏറ്റവും വലിയ ഘടകം. ജോധാ അക്ബർ, പദ്മാവത് പോലുള്ള സിനിമകളുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും മറ്റു സിനിമകൾക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളും പൊതു സമാധാനത്തെ അസ്ഥിരപ്പെടുത്തിയതും റിലീസിന് മുന്നേ അഭിനേതാക്കൾക്കും നിർമാതാക്കൾക്കുമെതിരെ ഭീഷണി ഉയർത്തുകയും അവരുടെ തലക്ക് വിലയിടുകയും ചെയ്തതുമൊക്കെ, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഏതെങ്കിലും ഒരു ജാതിയെ അധിക്ഷേപിക്കുന്ന ഉള്ളടക്കമാണ് ഇവയിലുള്ളത് എന്ന് തോന്നിയത് കൊണ്ടാണ്. പുതുതായി റിലീസായ ജയ് ഭീം എന്ന സിനിമയിൽ ഒരു ആദിവാസിയുടെ കസ്റ്റഡി മരണത്തിന്റെ ഉത്തരവാദിയായി വണ്ണിയർ ജാതിയിൽ പെട്ട പോലീസ് ഉദ്യോഗസ്ഥനെ ചിത്രീകരിച്ചു എന്ന കാരണം പറഞ്ഞ് സിനിമയിലെ നായകനായ സൂര്യയെ വണ്ണിയർ ജാതിയിൽ പെട്ട ആളുകൾ ആക്രമിച്ചിരുന്നു. ഇതേതുടർന്ന് സൂര്യക്കും അദ്ദേഹത്തിന്റെ വീടിനും പോലീസിന്റെ സായുധ സംരക്ഷണം നൽകുകയായിരുന്നു. സിനിമയിൽ സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഒരു ഭാഗത്ത് വണ്ണിയർ ജാതിയുമായി ബന്ധപ്പെട്ട ചിഹ്നമടങ്ങിയ ഒരു കലണ്ടർ ഉപയോഗിച്ചുവെന്ന കാരണത്താൽ വണ്ണിയാറുകൾ ആയുധമെടുക്കുക വരെ ചെയ്തിരുന്നു. ചിത്രത്തിലെ ഈ ഭാഗം എഡിറ്റ് ചെയ്യുകയും സംവിധായകൻ ടി.ജെ ജ്ഞാനവേൽ ക്ഷമാപണം നടത്തുകയും അതേസമയം സൂര്യയെ ഉന്നംവെച്ചുള്ള ആക്രമണങ്ങൾ അന്യായമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

മീഡിയ: ബഹുസ്വരതകളും പ്രതിനിധാനവും

മാധ്യമ സ്ഥാപനങ്ങളിൽ പാർശ്വവൽകൃത വിഭാഗങ്ങളിൽ നിന്നുള്ളവരെ വിരളമായേ കാണാൻ കഴിയുകയുള്ളൂ, തീരുമാനാധികാരമുള്ള തസ്തികകളിൽ തീരെ ഇല്ലെന്നും പറയാം. മാധ്യമയിടങ്ങളിൽ അല്പമെങ്കിലുമുള്ള പാർശ്വവൽകൃത ശബ്ദങ്ങൾ, സാമൂഹിക മാധ്യമങ്ങളിലൂടെ നിപുണരായ ആദിവാസി ദലിത് യുവാക്കൾക്ക് തങ്ങളുടെ ശബ്ദങ്ങൾ കേൾപ്പിക്കാൻ സഹായകരമായത് ഡിജിറ്റൽ ടെക്നോളജികളുടെ ആധുനിക സങ്കേതങ്ങളിലൂടെ മാത്രമാണ്. ഉദാഹരണത്തിന്, ഇംഗ്ലീഷ്, ഹിന്ദി, സ്വന്തം ഭാഷയായ ധൂം (ഡോമുകൾ ശ്മശാനവുമായി ബന്ധപ്പെട്ട തൊഴിലെടുക്കുന്ന, അതിനാൽ വളരെ ബഹിഷ്കരിക്കപ്പെടുന്നു ജാതിയിൽ നിന്നുള്ളതാണ്) തുടങ്ങി അനവധി ഭാഷകളിൽ റാപ്പ് ചെയ്യുന്ന സുമീത് സാമോസ് എന്ന റാപ്പർക്ക് ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സങ്കേതങ്ങളുടെ സഹായമില്ലായിരുന്നെങ്കിൽ ഒരിക്കലും ഇത്രത്തോളം അറിയപ്പെടാൻ കഴിയുമായിരുന്നില്ല.

അറിവ്

റോളിങ് സ്റ്റോൺ ഇന്ത്യ മാഗസിൻ എഞ്ചോയ് എഞ്ചാമി എന്ന സൂപ്പർ ഹിറ്റ് ആൽബത്തെ കുറിച്ച് ചെയ്ത ഫീച്ചറിന്റെ കവറിൽ നിന്നും പ്രസ്തുത ആൽബത്തിന്റെ രചയിതാവും ഗായകനുമായ അറിവിനെ ഒഴിവാക്കിയത് മറ്റൊരു ഉദാഹരണമാണ് (ആൽബത്തിൽ പെർഫോം ചെയ്ത ദലിതേതരായ മറ്റു രണ്ട് പേരെയും കവറിൽ ഉൾപ്പെടുത്തിയിരുന്നു). ജാതിയെ മുഖ്യ പ്രമേയമാക്കിക്കൊണ്ട് സാമ്പ്രദായിക രീതികളിൽ നിന്നും വ്യത്യസ്തമായ സിനിമകളെടുത്ത യുവ സംവിധായകൻ പാ രഞ്ജിത്താണ് ഈ അന്യായമായ പുറന്തള്ളലിനെ ആദ്യം ചൂണ്ടിക്കാണിച്ചത്. ദിവസങ്ങൾ നീണ്ട വിമർശന ശരങ്ങൾക്ക് ശേഷം റോളിംഗ് സ്റ്റോൺ ഇന്ത്യ അടിയറവ് പറയുകയും അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തുകയും ഉടൻ തന്നെ അദ്ദേഹത്തെക്കുറിച്ച് മാത്രമായി ഒരു ഫീച്ചർ ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു; ഈ വിഷയം സാമൂഹ്യ മാധ്യമങ്ങളിൽ ദിവസങ്ങളോളം പ്രചരിച്ചതാണ് കുറ്റവാളികളായ മാധ്യമ സ്ഥാപനത്തെ ഇപ്രകാരം പ്രതികരിക്കാൻ നിർബന്ധിതരാക്കിയത്.

രോഹിത് വെമുല സംഭവത്തിന് ശേഷം പാർശ്വവൽകൃത വിഭാഗങ്ങളിൽ നിന്നുള്ള യുവ സമൂഹം അത്തരം വിഷയങ്ങളെ കുറിച്ച് വാചാലരും സജീവവുമാവുകയും, നിലവിൽ ഇത്തരം വിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ളതോ കുറഞ്ഞത് പാർശ്വവൽകൃതർ ജീവനക്കാരായുള്ളതോ ആയ മുഖ്യധാരാ മാധ്യമ വ്യവഹാരങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന മാധ്യമ സ്ഥാപനങ്ങൾ ഉണ്ടായിവരികയും ചെയ്തിട്ടുണ്ട്. ക്രമേണ, ഇത്തരം പാർശ്വവൽകൃത ശബ്ദങ്ങളെ മുഖ്യധാരാ മാധ്യമങ്ങളും അവരുടെ പാനലുകളിൽ ഉൾക്കൊണ്ടു തുടങ്ങി. ഇത്തരം ശബ്ദങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ വരും വർഷങ്ങളിൽ കൂടുതൽ ഉൾക്കൊള്ളിക്കുകയും അതുവഴി നിലവിൽ മാധ്യമങ്ങൾ കൊണ്ടു നടക്കുന്ന പക്ഷപാതിത്വപരമായ വ്യവഹാരങ്ങൾ മൂലം നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുപിടിക്കാൻ സാധിക്കുമെന്നും പ്രത്യാശിക്കാം.

കടപ്പാട്: ഇ.പി.ഡബ്ല്യൂ എൻഗേജ്

വിവർത്തനം: മൻഷാദ് മനാസ്

ഇംഗ്ലീഷ് ലേഖനം ഇവിടെ വായിക്കാം.

Show More expand_more
News Summary - caste and mainstream media