Begin typing your search above and press return to search.
proflie-avatar
Login

'ഇത് കൊള്ളയാണ് സാർ'; കാപെക്സിലെ അഴിമതികളെയും കെടുകാര്യസ്ഥതകളെയും 'മാധ്യമം' ലേഖകൻ തുറന്നുകാണിക്കുന്നു-Exclusive

16 കശുമാവിൽനിന്ന് 400 മെട്രിക് ടൺ ഉൽപാദിപ്പിക്കുന്ന മാജിക് എന്താണ്? കേരള സംസ്ഥാന കശുവണ്ടി തൊഴിലാളി അപെക്സ് സഹകരണ സംഘ (കാഷ്യൂ വർക്കേഴ്സ് അപെക്സ് ഇൻഡസ്ട്രിയൽ കോഓപറേറ്റിവ് സൊസൈറ്റി അഥവാ കാപെക്സ്)ത്തിൽ നടക്കുന്ന അഴിമതികളെയും കെടുകാര്യസ്ഥതകളെപ്പറ്റിയും 'മാധ്യമം' ലേഖകൻ നടത്തുന്ന അന്വേഷണം.

ഇത് കൊള്ളയാണ് സാർ; കാപെക്സിലെ അഴിമതികളെയും കെടുകാര്യസ്ഥതകളെയും  മാധ്യമം ലേഖകൻ തുറന്നുകാണിക്കുന്നു-Exclusive
cancel
camera_alt

കാപെക്സ് ആസ്ഥാനം                                                                                             -ചിത്രം: അനസ് മുഹമ്മദ്

കേരളത്തിൽ കശുവണ്ടിവ്യവസായത്തിന്‍റെ ഈറ്റില്ലം കൊല്ലമാണ്. 'ലോകത്തെ കശുവണ്ടി തലസ്ഥാനം' എന്നും കൊല്ലത്തെ വിളിക്കുന്നുണ്ട്. അതിനാൽ, കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ട പല സർക്കാർ സ്ഥാപനങ്ങളുടെയും ആസ്ഥാനം കൊല്ലത്താണ്. ജില്ലയിലെ മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനവും കശുവണ്ടി വ്യവസായമേഖലയിൽ ജോലിചെയ്തിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോൾ കശുവണ്ടി മേഖലയിലെ അഴിമതിയുടെ കേന്ദ്രവും കൊല്ലമാണ്.

വ്യവസായം നിലനിർത്താൻ എല്ലാ കാലത്തും തോട്ടണ്ടിക്കായി കേരളത്തിന് അന്യസംസ്ഥാനങ്ങളെയും വിദേശരാജ്യങ്ങളെയും ആശ്രയിക്കേണ്ടി വന്നു. ആഭ്യന്തരവിപണിയിൽനിന്നുള്ള തോട്ടണ്ടിയുടെ ലഭ്യതക്കുറവും കുടിവറുപ്പ് എന്ന പേരിൽ അറിയപ്പെടുന്ന അനധികൃത കശുവണ്ടി സംസ്കരണവും വിപണനവും ഈ വ്യവസായം നേരിടുന്ന പ്രധാന പ്രതിസന്ധിയാണ്. എന്നാൽ പി.കെ. ഗുരുദാസൻ മന്ത്രിയായിരുന്നപ്പോൾ കശുവണ്ടി വികസന കോർപറേഷനിലും കാപെക്സിലും വർഷം 288 ദിവസം വരെ തൊഴിൽ നൽകാനായി. പിന്നീട് ആഫ്രിക്കയിൽനിന്നുള്ള തോട്ടണ്ടിയുടെ ഇറക്കുമതി കുറഞ്ഞതും വ്യവസായികൾക്കിടയിലെ കിടമത്സരവും വ്യവസായത്തെ പ്രതികൂലമായി ബാധിച്ചു. തോട്ടണ്ടി ക്ഷാമത്തെ തുടർന്ന് 2015-16 കാലഘട്ടത്തിൽ കൊല്ലത്തെ സർക്കാർ ഫാക്ടറികൾ ഉൾപ്പെടെ എല്ലാ ഫാക്ടറികളും മാസങ്ങളോളം ഷട്ടറിട്ടു. തോട്ടണ്ടിയുടെ വിലയിലുണ്ടായ വർധനയും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ഇറക്കുമതി തീരുവയും ചെറുകിട വ്യവസായികളെ കടക്കെണിയിലാക്കി. തൊഴിലാളികൾക്കു മിനിമം കൂലി നൽകാൻ തയാറാകാതെ മറ്റു സ്വകാര്യ ഫാക്ടറികളും അടച്ചുപൂട്ടി.

കശുവണ്ടി വ്യവസായ രംഗത്തു പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമാണ് കേരള സംസ്ഥാന കശുവണ്ടി തൊഴിലാളി അപെക്സ് സഹകരണ സംഘം (കാഷ്യു വർക്കേഴ്സ് അപെക്സ് ഇൻഡസ്ട്രിയൽ കോഓപറേറ്റിവ് സൊസൈറ്റി -കാപെക്സ്). ഈ മേഖലയിലെ തൊഴിൽദാതാവ്. തൊഴിലാളിവർഗ സ്നേഹത്താലാണ് സഹകരണസംഘം എന്ന ആശയം ഉയർത്തിയത്. മുതലാളിമാരുടെ കഴുത്തറുപ്പൻ ചൂഷണത്തിന് അറുതിവരുത്താനാണ് സഹകരണ മേഖലയിൽ കമ്പനികൾ ആരംഭിച്ചത്. കാപെക്സിന്‍റെ ആസ്ഥാനവും കൊല്ലത്താണ്. കാപെക്സിനു കീഴിലുള്ള പത്ത് ഫാക്ടറികളിൽ ഒമ്പതെണ്ണവും കൊല്ലം ജില്ലയിലാണ് പ്രവർത്തിക്കുന്നത്. തൊഴിലാളി ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നുവെന്ന് നിരവധി പരാതികൾ ഉയർന്നു.

അഴിമതിയെന്ന രോഗത്തിന്‍റെ പിടിയിലാണ് കാപെക്സ്. 2021 ഏപ്രിൽ മുതൽ ജൂൺ വരെ ഹെഡ് ഓഫിസിലും ഫാക്ടറികളിലും സംസ്ഥാന ധനകാര്യ പരിശോധനാ വിഭാഗം പരിശോധന നടത്തിയപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് മറനീക്കി പുറത്തു വന്നത്. വയനാട്ടിലെ എടവക വില്ലേജ് ഓഫിസ്, എടവക പഞ്ചായത്ത് കാര്യാലയം, ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റ്, അമരവിള മോട്ടോർ വെഹിക്കിൾ ചെക്ക്പോസ്റ്റ്, ചരക്കുസേവന നികുതി (ജി.എസ്.ടി) വകുപ്പിന്‍റെ ആസ്ഥാന കാര്യാലയം തുടങ്ങിയ ഓഫിസുകളിൽനിന്നും കാപെക്സുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചേപ്പാഴാണിത്.

ക്രമക്കേടുകളുടെ ആരംഭം

കശുവണ്ടി വ്യവസായം നേരിടുന്ന വലിയ പ്രതിസന്ധി ആവശ്യത്തിനു തോട്ടണ്ടി ലഭ്യമല്ല എന്നുള്ളതാണ്. അടഞ്ഞുകിടന്ന കശുവണ്ടി ഫാക്ടറികൾ തുറക്കാനായി ഗുണനിലവാരവും വിലയും ഉറപ്പുവരുത്തി കശുവണ്ടി വാങ്ങുന്ന വിഷയത്തിൽ പദ്ധതി തയാറാക്കുന്നതിന് ധനമന്ത്രി, കാഷ്യു വകുപ്പിന്‍റെ ചുമതലയുള്ള ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, അഡീഷനൽ ചീഫ് സെക്രട്ടറി (കാഷ്യു) എന്നിവർ ഉൾപ്പെടുന്നവർ 2017ൽ ഉന്നതതല യോഗം ചേർന്നു. തുടർന്ന് ഗുണനിലവാരവും ന്യായവിലയും ഉറപ്പുവരുത്തി നാടൻ തോട്ടണ്ടി വാങ്ങാൻ കശുവണ്ടി വികസന കോർപറേഷനും കാപെക്സിനും അനുമതി നൽകി. നിലവിലെ പ്രതിസന്ധികൾ പരിഹരിക്കാനാണ് തോട്ടണ്ടി സംഭരിക്കാൻ 2018 മാർച്ച് 17ന് സർക്കാർ ഉത്തരവിറക്കിയത്. പൊതുമേഖല പ്ലാന്റേഷനുകൾ, സർക്കാർ ഫാമുകൾ, കർഷകരുടെ സഹകരണ സൊസൈറ്റികൾ എന്നിവിടങ്ങളിൽനിന്നും തോട്ടണ്ടി സംഭരിക്കാനായിരുന്നു തീരുമാനം. ഈ തോട്ടണ്ടിക്ക് നൽകേണ്ട വില നിശ്ചയിക്കുന്നതിന് വില നിർണയ സമിതി രൂപവത്കരിച്ചു. 2018ലെ സീസൺ ആരംഭിച്ചതോടെ വില നിശ്ചയിക്കാൻ 2018 ഏപ്രിൽ 17ന് വിലനിർണയ സമിതി യോഗം ചേർന്നു. കിലോക്ക് 138 രൂപ വിലയ്ക്ക് തോട്ടണ്ടി വാങ്ങാൻ തീരുമാനിച്ചു. അതിന്‍റെ അടിസ്ഥാനത്തിൽ 2008ലെ തോട്ടണ്ടി വിളവെടുപ്പ് സീസണിൽ കൃഷി, പട്ടിക ജാതി-വർഗ വികസനം, ജയിൽ എന്നീ വകുപ്പുകളുടെ കീഴിലുള്ള പ്ലാന്റേഷനുകളിൽനിന്നും മറ്റിതര വകുപ്പുകളുടെ കീഴിലുള്ള സ്ഥലങ്ങളിൽനിന്നും സഹകരണ സംഘങ്ങൾ, കർഷകർ എന്നിവരിൽനിന്നും കശുവണ്ടി വികസന കോർപറേഷനും കാപെക്സും സംഭരിക്കുന്ന തോട്ടണ്ടിയുടെ പരമാവധി വില കിലോക്ക് 138 രൂപയാണെന്ന് നിശ്ചയിച്ച് 2018 മേയ് 18ന് ഉത്തരവ് പുറപ്പെടുവിച്ചു.

ഉത്തരവ് പുറപ്പെടുവിച്ചതോടെ നാടൻ തോട്ടണ്ടി സംഭരണത്തിനുള്ള പുതുവഴി വെട്ടാൻ കാപെക്സ് എം.ഡി ആർ. രാജേഷ് രംഗത്തിറങ്ങി. നാടൻ തോട്ടണ്ടി നൽകാൻ തയാറായി മാനന്തവാടി തെക്കുംമറ്റത്തിൽ ഹൗസിൽ ടി.സി. ഷിബു 2018 മേയ് 10ന് കാപെക്സ് എം.ഡിക്ക് കത്തുനൽകി. കത്ത് പ്രകാരം അദ്ദേഹം പാട്ടത്തിനെടുത്തതും സ്വന്തമായുമുള്ള 10 ഹെക്ടർ സ്ഥലത്ത് കശുമാവ് കൃഷിചെയ്യുന്ന വ്യക്തിയാണ്. ഈ പ്രദേശത്തുനിന്ന് ലഭിക്കുന്ന 400 മെട്രിക് ടൺ നാടൻ പച്ച തോട്ടണ്ടി കാപെക്സിന് കിലോക്ക് 138 രൂപ നിരക്കിൽ കൊല്ലത്ത് നൽകാമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഈ കത്ത് മേയ് 11ന് ഇ-മെയിലിലാണ് എം.ഡിക്ക് ലഭിച്ചത്. അതേ ദിവസം നടന്ന ഡയറക്ടർ ബോർഡ് യോഗത്തിന്‍റെ അജണ്ടയിൽ ഷിബുവിന്‍റെ കത്ത് ഉൾപ്പെടുത്തി. യോഗം തോട്ടണ്ടി വാങ്ങാൻ എം.ഡിയെ വ്യവസ്ഥകളോടെ ചുമതലപ്പെടുത്തി.

1. കർഷകന് 400 മെട്രിക് ടൺ തോട്ടണ്ടി നൽകാനുള്ള കശുമാവ് തോട്ടങ്ങൾ ഷിബുവിന് സ്വന്തമായും പാട്ടത്തിനെടുത്ത വകയിലും ഉണ്ടോയെന്ന് വില്ലേജ് ഓഫിസർ അല്ലെങ്കിൽ തഹസിൽദാർ അല്ലെങ്കിൽ കൃഷി ഓഫിസർ സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലം രേഖാമൂലം വാങ്ങി ഉറപ്പുവരുത്തണം.

2. ആർ.ബി.എസ് കട്ടിങ് ടെസ്റ്റ് നടത്തുന്ന ഏജൻസി ആയതിനാൽ ഉണക്കി കട്ടിങ് ടെസ്റ്റ് നടത്തുന്നതിനു പകരം തോട്ടണ്ടി പച്ച കട്ട് ചെയ്യുമ്പോൾ ഒരു കിലോ തോട്ടണ്ടിക്ക് എന്ത് നഷ്ടം വരും എന്ന് രേഖാമൂലം എഴുതി വാങ്ങണം. ഈ നഷ്ടം ഒരു കിലോക്ക് തോട്ടണ്ടിയുടെ ഫാം ഗേറ്റ് നിരക്കിൽനിന്നും ഫാക്ടറി ഡെലിവറിയിലേക്കുള്ള അധികരിച്ച തുകയായ 4.50 രൂപക്ക് താഴെയാണെങ്കിൽ അംഗീകരിക്കാനും കരാറിൽ ഏർപ്പെടാനും എം.ഡിയെ ചുമതലപ്പെടുത്തി.


2019 ജൂൺ 13ന് നടന്ന ഡയറക്ട് ബോർഡ് യോഗത്തിലും ഷിബുവുമായുള്ള കരാർ ചർച്ച ചെയ്തു. കർഷകനാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം ഷിബു ഹാജരാക്കിയിരുന്നു. അതോടൊപ്പം പാട്ടത്തിനെടുത്ത കൃഷിസ്ഥലങ്ങളുടെ കരാർ പത്രവും 2018 മേയ് 19ന് അയച്ചുനൽകി. ഷിബുവിന്‍റെ ആവശ്യപ്രകാരം പച്ചക്ക് നാടൻ തോട്ടണ്ടിയുടെ കട്ടിങ് ടെസ്റ്റ് നടത്തുന്ന സർവേയറായ ആർ.ബി.എസ് മാരിടൈം സർവിസിനോട് ഇക്കാര്യം കാപെക്സ് ആരാഞ്ഞു. 2018 മേയ് 16ന് ആർ.ബി.എസ് വിശദമായ റിപ്പോർട്ട് നൽകി. തോട്ടണ്ടി ഉണക്കി കഴിയുമ്പോൾ ഏകദേശം 12.36 രൂപയുടെ കുറവ് വരും എന്നായിരുന്നു അവർ നൽകിയ റിപ്പോർട്ട്. ഷിബുവിന് 130 രൂപ മാത്രമേ നൽകാൻ കഴിയുകയുള്ളൂ. അതിനാൽ, പച്ചക്ക് കട്ടിങ് ടെസ്റ്റ് നടത്താൻ ആവുന്നതല്ലെന്നും ഒരു മാസത്തെ ക്രെഡിറ്റ് പീരിയഡിൽ മാത്രമേ തോട്ടണ്ടി എടുക്കാൻ സാധിക്കൂ എന്ന് അറിയിച്ച് 2018 മേയ് 24ന് ഷിബുവിന് കത്തു നൽകി.

അതിന് 2018 മേയ് 30ന് ഷിബു മറുപടി നൽകി. അതിൽ 2018 മേയ് 11ന് ഡയറക്ടർ ബോർഡിന് നിവേദനം നൽകിയപ്പോൾ മുതൽ സംഭരിച്ച് സൂക്ഷിച്ച പച്ച തോട്ടണ്ടിയാണിതെന്നും തീരുമാനങ്ങളെടുക്കാൻ വൈകിയതിനാൽ പച്ചക്ക് സൂക്ഷിച്ചാൽ കേടുവരുമെന്നുള്ളതിനാൽ ഉണക്കി സൂക്ഷിക്കുകയാണെന്നും അറിയിച്ചു. 2018 മേയ് 30ന് സെക്യൂരിറ്റി ഡെപോസിറ്റ് കെട്ടിവെക്കാൻ അറിയിച്ചു കാപെക്സിൽനിന്ന് ഷിബുവിന് കത്തുനൽകിയെങ്കിലും കർഷകൻ ആയതിനാൽ സാധ്യമല്ലെന്ന ഷിബുവിന്‍റെ വാദവും അംഗീകരിച്ചു. ഒടുവിൽ കരാറിൽ ഒപ്പുവെക്കാൻ തീരുമാനിച്ചു. 150 മെട്രിക് ടൺ മുതൽ 400 മെ.ടൺ വരെ തോട്ടണ്ടി ഇറക്കാൻ ബോർഡ് അംഗീകരിച്ചു. ഇതെല്ലാം സത്യകഥനമാണ്. എന്നാൽ, ഫയലുകൾക്കുള്ളിലേക്ക് പ്രവേശിക്കുമ്പോഴാണ് മറിമായം തിരിച്ചറിയുന്നത്.

തോട്ടണ്ടി വാങ്ങിയതിൽ കാപെക്സിന് കോടികളുടെ നഷ്ടം വരുത്തിയ എം.ഡി ആർ. രാജേഷ് നടത്തിയത് ആസൂത്രിത നീക്കമാണ്. കർഷകരിൽനിന്ന് തോട്ടണ്ടി വാങ്ങുന്നത് സംബന്ധിച്ച് പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും അറിയിപ്പ് നൽകണമെന്ന വ്യവസ്ഥ പാലിച്ചില്ല. ഡയറക്ടർ ബോർഡ് യോഗം ചേരുന്ന ദിവസം 2018 മേയ് 11 രാവിലെ തോട്ടണ്ടി നൽകാമെന്ന് മാനന്തവാടിക്കാരൻ ഇ-മെയിൽ മുഖാന്തരം അറിയിപ്പ് നൽകിയതിൽ ദുരൂഹതയുണ്ട്. കർഷകരിൽനിന്നു സംഭരിക്കുന്നത് തോട്ടണ്ടിയുടെ പരമാവധി വില 138 രൂപയാണെന്നിരിക്കെ കർഷകന് ജി.എസ്.ടി രജിസ്ട്രേഷൻപോലും ആവശ്യമില്ല. എന്നാൽ, ഷിബു നൽകുന്ന തോട്ടണ്ടിക്ക് 138 രൂപക്ക് പുറമെ ജി.എസ്.ടി നൽകണമെന്നാണ് ഡയറക്ടർ ബോർഡ് യോഗത്തിനു മുമ്പാകെ എം.ഡി ആവശ്യപ്പെട്ടത്. വില്ലേജ് ഓഫിസറുടെയോ തഹസിൽദാറുടെയോ കൃഷി ഓഫിസറുടെയോ കത്ത് വേണമെന്ന് ബോർഡ് യോഗത്തിൽ തീരുമാനിച്ചിരുന്നു.

ഷിബു എടവക വില്ലേജ് ഓഫിസിൽനിന്ന് തീയതിപോലും രേഖപ്പെടുത്താതെ സാക്ഷ്യപത്രം ഹാജരാക്കി. അതിൽ ഷിബുവിനും കുടുംബാംഗങ്ങൾക്കും ആകെ കൈവശമുള്ള ഭൂമി 2.94 ഹെക്ടറാണ്. പാട്ടവ്യവസ്ഥയിൽ എടുത്തിട്ടുള്ള 6.87 ഹെക്ടർ സ്ഥലമാണെന്നും സാക്ഷ്യപ്പെടുത്തി. പാട്ടത്തിനെടുത്ത പുരയിടവും ചേർത്താൽ ആകെ 9.81 ഹെക്ടർ പുരയിടം. അവിടെ തോട്ടണ്ടി കൃഷി നടത്തുന്നുണ്ടെന്നു മാത്രമാണ് സാക്ഷ്യപ്പെടുത്തിയത്. ബോർഡ് ആവശ്യപ്പെട്ടതുപോലെ കൃഷിയിൽനിന്നുള്ള വിളവ് 400 മെട്രിക് ടൺ വരെ ലഭിക്കുമെന്ന് സാക്ഷ്യപ്പെടുത്തിയില്ല. എം.ഡി ഇക്കാര്യം ഡയറക്ടർ ബോർഡിൽനിന്ന് മറച്ചുവെച്ചു.

2018 മേയ് 11ലെ ബോർഡ് യോഗത്തിലെ വ്യവസ്ഥ പാലിക്കാൻ എം.ഡി തയാറായില്ല. 400 മെ.ടൺ തോട്ടണ്ടി നൽകാനുള്ള തോട്ടങ്ങൾ ഷിബുവിന്‍റെ പക്കലോ അദ്ദേഹം പാട്ടത്തിനെടുത്ത ഭൂമിയിലോ ഉണ്ടോയെന്ന് വില്ലേജ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം രേഖാമൂലം വാങ്ങി ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ തോട്ടണ്ടി വാങ്ങാൻ പാടുള്ളൂ എന്ന ബോർഡ് തീരുമാനത്തിലെ അടിസ്ഥാന വ്യവസ്ഥകൾ പാലിച്ചില്ല. 400 മെട്രിക് ടൺ തോട്ടണ്ടി നൽകാനുള്ള തോട്ടങ്ങൾ ഷിബുവിന്റെ കൈവശം പാട്ടത്തിനെടുത്ത ഭൂമി ഉൾപ്പെടെ ഉണ്ടെന്ന് എടവക വില്ലേജ് ഓഫിസർ സാക്ഷ്യപ്പെടുത്തി നൽകിയിട്ടില്ലെന്ന വിവരം പരിശോധിക്കുകയോ ഡയറക്ടർ ബോർഡ് മുമ്പാകെ അവതരിപ്പിക്കുകയോ ചെയ്തില്ല.

തോട്ടണ്ടി വാങ്ങാൻ കാപെക്സ് 2018 ജൂൺ രണ്ടിനാണ് ഷിബുവുമായി കരാർ ഒപ്പിട്ടത്. 10 ദിവസത്തിനകം തോട്ടണ്ടി ഇറക്കണമെന്നും 2018 ജൂൺ 11വരെ മാത്രമേ കരാറിന് കാലാവധിയുള്ളൂവെന്നും രേഖപ്പെടുത്തിയിരുന്നു. എന്നാൽ, കരാർ കാലാവധിക്കുള്ളിൽ മൂന്ന് ലോഡ് 34.13 മെട്രിക് ടൺ തോട്ടണ്ടി മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ. കരാർ കാലഹരണപ്പെട്ടത് മറച്ചുപിടിച്ചാണ് ഡയറക്ടർ ബോർഡ് യോഗത്തിൽ ഷിബു അയച്ച ഇ-മെയിൽ (പിതാവിന്‍റെ അസുഖവും പ്രതികൂല കാലാവസ്ഥയും) ചൂണ്ടിക്കാണിച്ച് സപ്ലൈ ചെയ്യാനുള്ള സമയം 15 ദിവസംകൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടു. കരാർ കാലഹരണപ്പെട്ട വിവരം ഡയറക്ടർ ബോർഡിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നില്ല. തുടർന്ന് ഡയറക്ടർ ബോർഡിന്‍റെ അനുമതിയോടെ 2018 ജൂൺ 19 മുതൽ 26 വരെ നടത്തിയ 365.02 മെട്രിക് ടൺ തോട്ടണ്ടി വാങ്ങി. എം.ഡിയുടെ ഈ നടപടി സ്വേച്ഛാപരവും ക്രമവിരുദ്ധവും കാപെക്സിന്‍റെ താൽപര്യത്തിന് വിരുദ്ധവും ആയിരുന്നു.

16 കശുമാവുകളിൽനിന്ന് 400 മെട്രിക് ടൺ

വയനാട്ടിൽ ഷിബുവിന്‍റെയും കുടുംബാംഗങ്ങളുടെയും സ്ഥലത്തും പാട്ടത്തിനെടുത്ത ഭൂമിയിലും കശുമാവ് കൃഷി ചെയ്യുന്നുണ്ടെന്ന സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നായിരുന്നു ഷിബു വില്ലേജ് ഓഫിസിൽ ആവശ്യപ്പെട്ടത്. വില്ലേജ് ജീവനക്കാർക്കൊപ്പം ഈ സ്ഥലത്ത് നടത്തിയ സ്ഥലപരിശോധനയിൽ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. അപേക്ഷയിൽ പറയുന്ന ഭൂമിയിൽ ആകെ 16 കശുമാവ് മരങ്ങളേയുള്ളൂ. നിലവിലുള്ള കൃഷിയുടെ പ്രായം കണക്കിലെടുത്താൽ അഞ്ച് വർഷമായി ഈ സ്ഥലങ്ങളിലൊന്നും കശുമാവ് കൃഷിയില്ല. ഇക്കാര്യം എടവക വില്ലേജ് ഓഫിസറും കൃഷി ഓഫിസറും രേഖാമൂലം എഴുതി നൽകി. 400 മെട്രിക് ടൺ പോയിട്ട് ഒരു മെട്രിക് ടൺ തോട്ടണ്ടിപോലും നൽകാൻ പ്രാപ്തിയുള്ള കശുമാവ് കർഷകനല്ല ഷിബു. അദ്ദേഹം സമർപ്പിച്ച രേഖകൾ പരിശോധിക്കുന്നതിൽ എം.ഡി ആർ. രാജേഷ് ബോധപൂർവമായ വീഴ്ച വരുത്തി.

സർക്കാർ ഉടമസ്ഥതയിലുള്ള ആറളം ഫാമിൽനിന്നും 2016 മുതൽ 2020 വരെയുള്ള നാടൻ തോട്ടണ്ടി വിളവെടുപ്പ് നടത്തിയത് സംബന്ധിച്ച കണക്കുകൾ പരിശോധിച്ചാൽ കണക്കിലെ കള്ളക്കളി വ്യക്തമാവും. ആറളത്ത് 2017ലാണ് കൂടുതൽ കശുവണ്ടി വിളവുണ്ടായത്. ആ വർഷം 614 ഹെക്ടറിൽനിന്ന് 316 ടൺ വിളവാണ് ലഭിച്ചത്. (2018- 253 ടൺ, 2019- 144 ടൺ, 2020- 130 ടൺ) പൂർണമായും കശുമാവ് മാത്രം കൃഷി ചെയ്യുന്ന ആറളം ഫാമിലെ സ്ഥലത്തെ വിളവിന്‍റെ കണക്കാണിത്. അതുപ്രകാരം ഷിബു കൃഷി ചെയ്തതായി കാണിച്ചുള്ള 10 ഹെക്ടറിൽ പൂർണമായി കശുമാവ് തോട്ടമാണെന്ന് സമ്മതിച്ചാലും പരമാവധി 5.15 ടൺ തോട്ടണ്ടിയേ ലഭിക്കൂ. ഇത്തരത്തിൽ അടിസ്ഥാന വിവരങ്ങൾ പോലും പരിശോധിക്കാതെയാണ് 10 ഹെക്ടറിൽ നിന്ന് 400 മെട്രിക് ടൺ വരെ തോട്ടണ്ടി നൽകാമെന്ന സാക്ഷ്യപത്രം അംഗീകരിച്ചത്. ഡയറക്ടർ ബോർഡ് യോഗത്തിൽ അഡീഷനൽ അജണ്ടയായിട്ടാണ് ഷിബുവിന്റെ കത്ത് ഉൾപ്പെടുത്തിയത്.

തോട്ടണ്ടി വാങ്ങുന്നതുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ഡെപോസിറ്റ് കെട്ടിവെക്കാൻ ആവശ്യപ്പെട്ടപ്പോൾ ഷിബു കർഷകൻ ആയതിനാൽ സെക്യൂരിറ്റി നൽകാൻ സാധ്യമല്ലെന്ന് അറിയിച്ചു. തോട്ടണ്ടി വാങ്ങലുമായി ബന്ധപ്പെട്ട് ഷിബു സമർപ്പിച്ച ടാക്സ് ഇൻവോയ്സിലും, ജി.എസ്.ടിയുമായി ബന്ധപ്പെട്ട ഇ-വേ ബില്ലുകളിലും ഷിബു സ്വന്തം പേര് രേഖപ്പെടുത്തിയിട്ടില്ല. മാനന്തവാടി തെക്കുംമറ്റത്തിൽ ട്രേഡിങ് കമ്പനി, സ്പൈസസ് മർച്ചന്റ് വാളേരി പി.ഒ എന്നാണ് കമ്പനിയുടെ വിലാസം. അതും ഡയറക്ടർ ബോർഡിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നില്ല. രേഖകൾപ്രകാരം ഷിബു എന്ന കർഷകൻ അല്ല മറിച്ച് മാനന്തവാടി തെക്കുംമറ്റത്തെ ട്രേഡിങ് കമ്പനിയാണ് തോട്ടണ്ടി നൽകിയത്. എടവക ഗ്രാമപഞ്ചായത്തിലെ രജിസ്റ്റർ പ്രകാരം ഹിൽ പ്രൊഡ്യൂസ് ഷോപ്പാണ് ഷിബു രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിൽ ഷിബു തോട്ടണ്ടി കർഷകൻ അല്ല. ടി.സി. ഷിബു 400 മെ.ടൺ തോട്ടണ്ടി നൽകാൻ ശേഷിയുള്ള കർഷകനാണെന്ന ഉറപ്പുവരുത്തി തോട്ടണ്ടി വാങ്ങാനാണ് എം.ഡിയെ ചുമതലപ്പെടുത്തിയത്. എന്നാൽ, ഷിബു വ്യാപാരിയാണെന്ന കാര്യം മറച്ചുവെച്ചതും എം.ഡിയാണ്.

തോട്ടണ്ടി വിദേശി തന്നെ

കാപെക്സിന്‍റെ 10 കമ്പനികളിലേക്ക് 22 ലോഡ് തോട്ടണ്ടി എത്തിച്ചു. ലോഡ് ഇറക്കിയ ലോറികളിൽ ഭൂരിഭാഗവും തമിഴ്നാട് രജിസ്ട്രേഷനുള്ളതായിരുന്നു. ഫയലുകളും രേഖകളും പരിശോധിച്ചപ്പോൾ വയനാട്ടിലെ മാനന്തവാടിയിൽനിന്ന് ഇ-വേ ബിൽ സൃഷ്ടിച്ച് രണ്ടു മണിക്കൂർകൊണ്ട് കൊല്ലത്തെ കമ്പനികളിൽ തോട്ടണ്ടി ഇറക്കിയ മാജിക്കാണ് നടന്നത്.

തോട്ടണ്ടി വാങ്ങലുമായി ബന്ധപ്പെട്ട ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റ്, അമരവിള എക്സൈസ് ചെക്ക്പോസ്റ്റ്, മോട്ടോർ വാഹന വകുപ്പിന്‍റെ അമരവിള ചെക്ക്പോസ്റ്റ്, ചരക്കുസേവന നികുതി വകുപ്പിന്റെ ആസ്ഥാന കാര്യാലയം, ഫാക്ടറികൾ എന്നിവിടങ്ങളിലെ രേഖകളിൽ കാര്യങ്ങൾ പകൽപോലെ വ്യക്തമാണ്. തെക്കുംമറ്റത്തിൽ ട്രേഡിങ് കമ്പനി തമിഴ്നാട്ടിൽനിന്ന് വാങ്ങിയ തോട്ടണ്ടിയാണ് കാപെക്സിന് നൽകിയതെന്ന് കണ്ടെത്തി. കേരളത്തിലെ സാധാരണക്കാരായ കശുമാവ് കർഷകർക്ക് ന്യായമായ വില കിട്ടുന്നതിന് കർഷകരിൽനിന്ന് തോട്ടണ്ടി വാങ്ങാനുള്ള സർക്കാർ ഉത്തരവിനെ ദുരുപയോഗം ചെയ്ത് അന്യ സംസ്ഥാനത്തുനിന്നും വിദേശരാജ്യത്തുനിന്നും ഇറക്കുമതി ചെയ്ത ഗുണമേന്മ കുറഞ്ഞ തോട്ടണ്ടി വിറ്റ് കൊള്ളലാഭം നേടാൻ ഷിബുവിനു വഴിയൊരുക്കിയത് എം.ഡി ആർ. രാജേഷാണെന്നും തെളിഞ്ഞു. ഇതിലൂടെ കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നു. തോട്ടണ്ടി വാങ്ങലിലൂടെ കാപെക്സിനുണ്ടായ സാമ്പത്തിക നഷ്ടം വലുതാണ്. തമിഴ്നാട്ടിലെ കമ്പനികൾ എന്ത് വിലയ്ക്കാണ് തോട്ടണ്ടി വിദേശരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തതെന്ന് കണ്ടെത്തണം. ആ തോട്ടണ്ടി തെക്കുംമറ്റത്തിൽ ട്രേഡിങ് കമ്പനി എന്ത് വിലയ്ക്കാണ് വാങ്ങിയതെന്നതിനെ ആശ്രയിച്ചിരിക്കും കൊള്ളയുടെ തോത്. അതിന് വിശദമായ വിജിലൻസ് അന്വേഷണം ആവശ്യമാണ്. കാപെക്സിന് ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതോടൊപ്പം കേരളത്തിലെ സാധാരണക്കാരായ കശുമാവ് കർഷകർക്ക് ന്യായമായ വില കിട്ടാതിരിക്കുകയും ചെയ്തു.

കമ്പനികളിലെ കള്ള ബില്ലുകൾ

പെരുമ്പുഴ ഫാക്ടറിയിലെ വാച്ചേഴ്സ് ഡയറിയിൽ കെ.എൽ 01 യു 1383 എന്ന ലോറി 2018 ജൂൺ ഏഴിന്, രാവിലെ 9.30ന് ഫാക്ടറിയിൽ എത്തി 140 ചാക്ക് തോട്ടണ്ടി ഇറക്കി എന്നാണ് രേഖപ്പെടുത്തിയത്. അതിന്‍റെ ഇ-വേ ബില്ലും മറ്റ് വിവരങ്ങളും ഫയലിൽ സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ ചരക്ക് സേവന നികുതി വകുപ്പിലെ രേഖകൾ പ്രകാരം അതേദിവസം ഉച്ചക്ക് 12.50ന് ലോറി എത്തിയ മറ്റൊരു ഇ-വേ ബിൽ കൂടി കണ്ടെത്തി. അമരവിള ചെക്ക്പോസ്റ്റിലെ രേഖകളിൽ അതേ ലോറി ഏഴിന് പുലർച്ചെ 12.03ന് തോട്ടണ്ടിയുമായി തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് പ്രവേശിച്ചു. ബിൽ പ്രകാരം തെക്കുംമറ്റത്തിൽ ട്രേഡിങ് കമ്പനി തമിഴ്നാട്ടിലെ സൗത്തേൺ കാഷ്യു എക്സ്പോർട്ടേഴ്സിൽനിന്ന് വാങ്ങിയ തോട്ടണ്ടിയാണ് കാപെക്സിന്‍റെ പെരുമ്പുഴ ഫാക്ടറി 2018 ജൂൺ ഏഴിന് രാവിലെ ഒമ്പതിന് എത്തിച്ചതെന്ന് വ്യക്തം. ജൂൺ ഏഴിന് പുലർച്ചെ അമരവിള ചെക്ക്പോസ്റ്റ് കടന്ന ഈ വാഹനത്തിലൂടെ മാനന്തവാടിയിൽനിന്ന് കൊല്ലത്തെ കമ്പനിയിൽ അതേ ദിവസം രാവിലെ 9.10ന് തോട്ടണ്ടി എത്തിക്കുക അസാധ്യമാണ്. തെക്കുംമറ്റത്തിൽ ട്രേഡിങ് കമ്പനി നാടൻ തോട്ടണ്ടി കൊണ്ടുവന്നതായി കാണിച്ച ഇ-വേ ബിൽ പ്രകാരം തോട്ടണ്ടി യഥാർഥത്തിൽ എത്തിച്ചിട്ടില്ല. മറിച്ച് തമിഴ്നാട്ടിലെ സ്ഥാപനത്തിൽനിന്ന് എത്തിച്ച തോട്ടണ്ടിയാണിതെന്ന് വ്യക്തം.

മറ്റൊരു കമ്പനിയായ ചാത്തിനാംകുളത്ത് ടി.എൻ 69 എ.എൽ 7866 എന്ന കണ്ടെയ്നറിൽ 2018 ജൂൺ 23ന് ഉച്ചക്ക് 2.40ന് 255 ചാക്ക് നാടൻ തോട്ടണ്ടി ഇറക്കിയതായി ഇ-വേ ബില്ലുണ്ട്. എന്നാൽ, ചരക്കുസേവന നികുതി വകുപ്പിൽനിന്ന് ലഭിച്ച രേഖകൾപ്രകാരം മറ്റ് രണ്ട് ഇ- വേ ബില്ലുകൂടി സൃഷ്ടിച്ചതായി കണ്ടെത്തി. ഈസ്റ്റ് വെസ്റ്റ് കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആഫ്രിക്ക അടക്കമുള്ള വിദേശരാജ്യത്തുനിന്ന് ഇറക്കുമതി ചെയ്ത തോട്ടണ്ടിയിൽ 20,400 കിലോ തമിഴ്നാട് തൂത്തുക്കുടി സൗത്തേൺ കേരള കാഷ്യൂസ് എക്സ്പോർട്ടേഴ്സ് എന്ന സ്ഥാപനത്തിന്‍റെ കൊല്ലം ജില്ലയിലെ ചാത്തിനാംകുളം എന്ന സ്ഥലത്ത് എത്തിക്കുന്നതിനു വേണ്ടിയായിരുന്നു ഈ ഇ- വേ ബിൽ. രണ്ടാമത്തെ ബിൽ പ്രകാരം ഇതേ തോട്ടണ്ടി സൗത്ത് കേരള കാഷ്യു എക്സ്പോർട്ട്സ് എന്ന സ്ഥാപനം കൊല്ലത്തുനിന്ന് തെക്കുംമറ്റത്തിൽ ട്രേഡിങ് കമ്പനിക്ക് നൽകി. ഈ മൂന്ന് ഇ-ബില്ലുകൾ പരിശോധിച്ചാൽ, ആഫ്രിക്ക അടക്കമുള്ള വിദേശരാജ്യത്തുനിന്ന് സിംഗപ്പൂർ തുറമുഖം വഴി തൂത്തുക്കുടി തുറമുഖത്ത് ഇറക്കുമതി ചെയ്ത തോട്ടണ്ടിയാണ് കിളയല്ലൂർ കമ്പനിയിൽ എത്തിച്ചത്. ചെങ്ങമനാട്, ഇരവിപുരം, എരുവ, പത്തിയൂർ, നാവായിക്കുളം എന്നിവിടങ്ങളിലെ ഫാക്ടറിയിലും വിദേശ തോട്ടണ്ടി ഇറക്കി.

കാപെക്സിലേക്ക് തോട്ടണ്ടി കൊണ്ടുവന്ന വാഹനങ്ങൾക്ക് അതേദിവസം തോട്ടണ്ടി കൊണ്ടുവരാനായി ഒന്നിലധികം ഇ- വേ ബില്ലുകൾ സൃഷ്ടിച്ചിരുന്നു. 'കർഷക'നായ ടി.സി. ഷിബുവിൽനിന്ന് തോട്ടണ്ടി വാങ്ങുന്നതിനു പകരം തെക്കുംമറ്റത്തിൽ ട്രേഡേഴ്സ് എന്ന വ്യാപാര സ്ഥാപനത്തിൽ നിന്ന് തോട്ടണ്ടി വാങ്ങിയെന്നാണ് ബില്ല്. തെക്കുംമറ്റത്തിൽ കാപെക്സിന്‍റെ വിവിധ കമ്പനികളിലേക്ക് നൽകിയ തോട്ടണ്ടി കൊണ്ടുവന്ന വാഹനങ്ങൾക്ക് കാപെക്സിന് തോട്ടണ്ടി എത്തിക്കാനായി ഇ-വേ ബിൽ സൃഷ്ടിച്ച ദിവസം തന്നെ തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖം അടക്കമുള്ള സ്ഥലങ്ങളിൽനിന്നും തോട്ടണ്ടി കൊണ്ടുവരുന്നതിനായി വാഹനങ്ങൾക്ക് ഇ-വേ ബില്ലുകൾ സൃഷ്ടിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ചുരുക്കത്തിൽ വിദേശ രാജ്യങ്ങളിൽനിന്ന് തമിഴ്നാട്ടിൽ ഇറക്കുമതി ചെയ്ത തോട്ടണ്ടി വാങ്ങി നാടൻ തോട്ടം എന്ന ലേബലൊട്ടിച്ച് തെക്കുംമറ്റത്തിൽ ട്രേഡേഴ്സ് കാപെക്സിനെ പറ്റിച്ചു.


ടി.സി. ഷിബുവിൽനിന്ന് തോട്ടണ്ടി വാങ്ങിയതിന് കാപെക്സ് എം.ഡി 5.51 കോടിയാണ് നൽകിയത്. കാപെക്സിൽ കരാറടിസ്ഥാനത്തിൽ ജോലിയിൽ തുടരുന്ന കമേഴ്സ്യൽ അസിസ്റ്റൻറ് മഞ്ജു, അക്കൗണ്ട്സ് ഓഫിസർ സജീവ് കുമാർ എന്നിവരാണ് എം.ഡിക്ക് പുറമേ പേമെന്റ് സംബന്ധിച്ച ഫയൽ പരിശോധിച്ചത്. ആദ്യഘട്ടത്തിൽ 5.16 കോടി രൂപ അനുവദിച്ചു കൊടുത്തു. തുടർന്ന് രണ്ടാം ഗഡുവായി 35,23,761 രൂപയും കൊടുത്തു. ഈ ഉദ്യോഗസ്ഥർക്കു പുറമേ സസ്പെൻഷൻ കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിച്ച കമേഴ്സ്യൽ മാനേജർ പി. സന്തോഷ് കുമാർ കൂടി പരിശോധിച്ചശേഷമാണ് തുക അനുവദിച്ചത്. അതേസമയം, പേമെന്റിന് ആധാരമായ വൗച്ചറുകൾ, ഇ-വേ ബില്ലുകൾ എന്നിവ ഷിബുവിന്‍റെ പേരിൽ ആയിരുന്നില്ല. തെക്കുംമറ്റത്തിൽ എന്ന സ്ഥാപനത്തിന്‍റെ പേരിലുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. ഷിബുവിന്‍റെ പേരിനു പകരം തെക്കുംമറ്റത്തിൽ കമ്പനിയുടെ പേരിൽ തുക അനുവദിച്ചത് ഗുരുതര വീഴ്ചയാണ്. അക്കാര്യം ചൂണ്ടിക്കാണിക്കാനും ഫയലിൽ രേഖപ്പെടുത്താനും അക്കൗണ്ട്സ് ഓഫിസർ സജീവ് കുമാർ, കമേഴ്സ്യൽ അസിസ്റ്റൻറ് മഞ്ജു, കമേഴ്സ്യൽ മാനേജർ പി. സന്തോഷ് കുമാർ എന്നിവർ തയാറായില്ല.

2019ലെ ക്രമക്കേടുകൾ

ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് എം.ഡിയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. തുടർന്ന് ഔദ്യോഗികതല അന്വേഷണം നടത്താൻ ധനകാര്യവകുപ്പിലെ ജോയന്റ് സെക്രട്ടറി അജിത് കുമാറിനെ ചുമതലപ്പെടുത്തി 2019 ഒക്ടോബർ മൂന്നിന് ഉത്തരവിട്ടു. അജിത്കുമാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. 2019 ഫെബ്രുവരി 25ന് കൂടിയ വില നിർണയ സമിതിയുടെ തീരുമാനപ്രകാരം മാർച്ച് 31 വരെയുള്ള കശുവണ്ടി സംഭരിക്കാൻ കിലോക്ക് 123 രൂപയായി നിശ്ചയിച്ചു. ഏപ്രിൽ ഒന്നുമുതലുള്ള വില നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിനെ ചുമതലപ്പെടുത്താനും സമിതി തീരുമാനിച്ചു. തുടർന്ന് കിലോക്ക് 123 രൂപയായി നിശ്ചയിച്ചു ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടർ ഉത്തരവിട്ടു. 2019 മാർച്ച് 11ന് കൂടിയ ബോർഡ് മീറ്റിങ്ങിലെ തീരുമാനപ്രകാരമാണ് പ്ലാന്റേഷൻ കോർപറേഷൻ, ആറളം ഫാം, ജയിൽവകുപ്പ്, കോഓപറേറ്റിവ് സൊസൈറ്റികൾ, കൂടാതെ, കർഷകർ എന്നിവരിൽനിന്നും നേരിട്ട് വില നിർണയ സമിതി നിശ്ചയിച്ച വിലയായ 123 രൂപക്ക് മുൻവർഷങ്ങളിലേതുപോലെ വാങ്ങുന്നതിന് തീരുമാനമെടുത്തത്.

സർക്കാർ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ മാർച്ച് 11ന് കൂടിയ കാപെക്സ് ബോർഡ് മീറ്റിങ്ങിൽ ടെൻഡർ ഇല്ലാതെ തോട്ടണ്ടി മുൻവർഷങ്ങളിലെപോലെ 2019ലും വാങ്ങാൻ തീരുമാനിച്ചു. ഗുണനിലവാര പരിശോധനയുടെ അടിസ്ഥാനത്തിൽ പണം നൽകുന്നതാണെന്നും കാണിച്ച് നോട്ടിസ് ഇട്ടു. പരമാവധി തോട്ടണ്ടി കർഷകർക്ക് ആശ്വാസം ലഭിക്കുന്നവിധത്തിൽ വാങ്ങാനും അതിന് കാപെക്സ് മാതൃകയാകണമെന്നും ഡയറക്ടർ ബോർഡ് യോഗം തീരുമാനമെടുത്തു. കാസർകോട് ജില്ലയിൽനിന്നുള്ള ഒരുകൂട്ടം കർഷകർക്ക് വേണ്ടി പി. നാരായണൻ ധർമൻ എന്നയാൾ മാർച്ച് 26 കത്ത് വഴി കർഷകരിൽനിന്ന് ശേഖരിച്ചുെവച്ചിരിക്കുന്ന 45 മുതൽ 50 ലോഡ് വരെ തോട്ടണ്ടി നൽകാൻ കഴിയും എന്ന് മാനേജിങ് ഡയറക്ടറെ അറിയിച്ചു. എം.ഡിയുടെ നിർദേശപ്രകാരം ഏപ്രിൽ മൂന്നിന് നൽകിയ മറുപടിയിൽ കർഷകനാണെന്ന് തെളിയിക്കാൻ വില്ലേജ് ഓഫിസറുടെ മുദ്രപത്രത്തിലുള്ള സാക്ഷ്യപത്രം, ജി.എസ്.ടി രജിസ്ട്രേഷൻ വിവരങ്ങൾ എന്നിവ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ആ കത്തിനു ലഭിച്ച മറുപടിയിൽ കർഷകനാണെന്ന് തെളിയിക്കുന്ന കുറച്ചുപേരുടെ സർട്ടിഫിക്കറ്റുകൾ കൃഷി ഓഫിസറുടെ പക്കൽനിന്ന് ലഭിച്ചുവെന്നും ബാക്കിയുള്ളവരുടെ സർട്ടിഫിക്കറ്റുകൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നൽകാമെന്നും കുറിച്ചു. കൈവശമുള്ള സർട്ടിഫിക്കറ്റുകൾ ആധാരമാക്കി ഇറക്കാൻ ഉത്തരവ് നൽകണമെന്നും പി. നാരായണൻ അറിയിച്ചു.

ജി.എസ്.ടി രജിസ്ട്രേഷൻ ഇല്ലാത്തതിനാൽ സുഹൃത്തിന്‍റെ ബില്ലിൽ തോട്ടണ്ടി അയച്ചു നൽകണമെന്നും കരാറിൽ ഉൾപ്പെടുത്തണമെന്നും അപേക്ഷിച്ചു. കേരളത്തിൽ മാത്രം വിളഞ്ഞ തോടുകൂടിയ പച്ച തോട്ടണ്ടി പരമാവധി 500 മെട്രിക് ടൺ 15ന് മുമ്പ് എത്തിക്കണമെന്ന വ്യവസ്ഥയിൽ എം.ഡി മഹ്സൂബ് കമ്പനിയുമായി 2019 ഏപ്രിൽ 20ന് കരാർ ഒപ്പിട്ടു. കരാറൊപ്പിട്ട ഏപ്രിൽ 20ന് തന്നെ ആദ്യം തോട്ടണ്ടി കാസർകോടുനിന്ന് ലോറിയിൽ കയറ്റി വിട്ടു. 21ന് പെരിനാട് ഫാക്ടറിയിൽ തോട്ടണ്ടി എത്തി. സമയപരിധിയിൽ 449.60 മെ.ടൺ തോട്ടണ്ടി കാപെക്സിലെ വിവിധ സൈറ്റുകളിൽ എത്തിച്ചു. എന്നാൽ, ഇത് യഥാർഥ കർഷകരിൽനിന്ന് നേരിട്ട് വാങ്ങിയ തോട്ടണ്ടി ആണോ എന്നും അതോ വ്യാപാരികളിൽനിന്ന് സംഭരിച്ചതാണോ എന്നും ഇങ്ങനെ സംഭരിക്കുന്നതിനാൽ യഥാർഥ കർഷകർക്ക് ഗുണം ലഭിക്കുന്നുണ്ടോ എന്നും പരിശോധിക്കാനുള്ള ആർജവം കാപെക്സ് സ്വീകരിച്ചില്ല.

വില നിർണയസമിതി അംഗീകരിച്ച സംഭരണവിലയ്ക്ക് പുറമേ കാപെക്സിൽ തോട്ടണ്ടി എത്തിക്കാൻ ഒരു കിലോക്ക് 3.50 രൂപ നിരക്കിൽ വണ്ടിക്കൂലിയും കയറ്റുകൂലിയും അനുവദിച്ചിരുന്നു. ഫലത്തിൽ ഒരു കിലോ തോട്ടണ്ടി എത്തിക്കുന്നതിന് ആകെ 126.50 രൂപ കാപെക്സിന് ചെലവഴിക്കേണ്ടി വന്നു. കാഷ്യു ബോർഡ് വഴി ഇറക്കുമതി ചെയ്യുന്ന അസംസ്കൃത കശുവണ്ടിയുടെ വില ക്രമാതീതമായി താഴ്ന്നതിനെ തുടർന്ന് നാടൻ തോട്ടണ്ടിയുടെ വില കുറയുന്ന സാഹചര്യമുണ്ടായി. തുടർന്ന് മേയ് ആറിന് കൂടിയ വിലനിർണയ സമിതി കശുവണ്ടിയുടെ സംഭരണവില മേയ് ആറു മുതൽ 110 രൂപയായി നിശ്ചയിക്കുകയും ചെയ്തു. ഈ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ 2019 മേയ് ആറിന് ശേഷം കാപെക്സിൽ എത്തിച്ച നാടൻ തോട്ടണ്ടിക്ക് ഒരു കിലോക്ക് 113.50 രൂപയാണ് അനുവദിച്ചത്. കണക്കുകൾപ്രകാരം മേയ് ആറിന് ശേഷം എത്തിച്ച തോട്ടണ്ടിയുടെ അളവ് 49,645 കിലോയാണ്.

സാധാരണക്കാരായ കശുവണ്ടി കർഷകർക്ക് പരമാവധി ആശ്വാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് 123 രൂപക്ക് കശുവണ്ടി സംഭരിക്കാൻ സർക്കാർ തീരുമാനിച്ചത്. കർഷകരിൽനിന്ന് 500 മെ.ടൺ തോട്ടണ്ടി ശേഖരിക്കാൻ തീരുമാനമെടുത്തിരുന്നില്ല. കരാർ പത്രത്തിൽ 23 കർഷകർ നൽകുന്ന തോട്ടണ്ടി എത്തിക്കുന്നതിനാണ് കരാർ ഒപ്പുവെച്ചത്. അവരുടെ കൃഷിഭൂമിയിൽനിന്ന് ഇത്രയും അളവ് ലഭ്യമാകുമോ എന്നുള്ള പരിശോധന കാപെക്സ് എം.ഡി നടത്തിയിട്ടില്ല. ഡയറക്ടർ ബോർഡ് തീരുമാനത്തിന്‍റെ മറവിൽ കർഷകരിൽനിന്ന് നേരിട്ട് സംഭരിച്ചു എന്ന വ്യാജേന വ്യാപാരികൾക്ക് ഗുണം ചെയ്യുന്ന വിധത്തിൽ അമിതമായ അളവിൽ തോട്ടണ്ടി സംഭരിക്കാൻ എം.ഡി അവസരമൊരുക്കുകയാണ് ചെയ്തത്. 2018ൽ തോട്ടണ്ടി സംഭരിച്ചതിന്‍റെ തനിയാവർത്തനമാണ് 2019ലെ നാടൻ തോട്ടണ്ടി സംഭരണത്തിലും സംഭവിച്ചതെന്ന് വ്യക്തം.

കരാർപത്രിക പ്രകാരം സ്വീകരിച്ച നടപടിക്രമങ്ങളും 2019 മേയ് രണ്ടിന് കൂടിയ കാപെക്സ് ബോർഡ് യോഗം സാധൂകരണം നൽകി അംഗീകരിക്കുകയുണ്ടായി. ബോർഡ് അംഗീകാരം വാങ്ങിയതിലൂടെ തന്‍റെ ഭാഗം സുരക്ഷിതമാക്കുന്നതിന് എം.ഡി പ്രത്യേകം ശ്രദ്ധിച്ചു. മെഹ്സൂഖ് കമ്പനിയിൽനിന്ന് 449. 60 മെട്രിക് ടൺ തോട്ടണ്ടി വാങ്ങിയ സമയത്ത് പ്ലാന്റേഷൻ കോർപറേഷനിൽനിന്ന് 82.54 മെട്രിക് ടണും ആറളം ഫാമിൽനിന്ന് 112. 98 മെട്രിക് ടണും മാത്രമാണ് സംഭരിച്ചത്.

നഷ്ടം വരുത്തിയത് 2.09 കോടി

ആദ്യം എത്തിയ നാല് ലോഡിന് 53.05 ലക്ഷം ഏപ്രിൽ 25ന് തന്നെ നൽകി. മേയ് എട്ടുവരെ എത്തിച്ച മുഴുവൻ തോട്ടണ്ടിയുടെയും 80 ശതമാനം വിലയായ 4.72 കോടി മേയ് എട്ടിന് ബാങ്ക് അക്കൗണ്ടിലേക്ക് നൽകി. ബാക്കി 20 ശതമാനമായ 1.18 കോടി രൂപ കരാർ പ്രകാരം കട്ടിങ് ടെസ്റ്റ് റിസൽട്ടിന് ശേഷം മാത്രമേ നൽകാൻ കഴിയുകയുള്ളൂ. തോട്ടണ്ടി നൽകിയ ഇനത്തിൽ കാഷ്യൂ ബോർഡിന് വൻതുക കുടിശ്ശികയായി നൽകാനുള്ളപ്പോഴാണ് മഹ്സൂഖ് കമ്പനിക്ക് തുക അനുവദിക്കാൻ എം.ഡി അമിത താൽപര്യം കാണിച്ചത്. കാഷ്യൂ ബോർഡ് ഇറക്കി നൽകിയ തോട്ടണ്ടി പ്രോസസ് ചെയ്ത പരിപ്പു വിൽപന നടത്തിയ തുക വകമാറ്റിയാണ് എം.ഡി കമ്പനിക്ക് വളരെ വേഗത്തിൽ തുക കൈമാറിയതെന്നും പരിശോധനയിൽ വ്യക്തമായി.

മെഹ്സൂഖ് കമ്പനി കാപെക്സിലേക്ക് തോട്ടണ്ടി നൽകിയത് സംബന്ധിച്ച് ചരക്ക് സേവന നികുതി (ജി.എസ്.ടി) വകുപ്പ് നൽകിയ വാഹനങ്ങളുടെ വിവരങ്ങൾ പരിശോധിച്ചപ്പോൾ കാര്യങ്ങളാകെ മാറിമറിഞ്ഞു. കമ്പനി തോട്ടണ്ടി എത്തിക്കുന്നതിനായി ഉപയോഗിച്ചിട്ടുള്ള വാഹനങ്ങളുടെ ഇ-വേ ബില്ലുകളാണ് സത്യകഥ പറഞ്ഞത്. മെഹ്സൂഖ് കമ്പനി തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വ്യാപാരികളിൽനിന്ന് തോട്ടണ്ടി എടുക്കുന്നതിനായി വാഹനങ്ങൾക്കായി ഇ- ബില്ലുകൾ സൃഷ്ടിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ഉൾപ്പെടെയുള്ള വ്യാപാരികളിൽനിന്ന് വാങ്ങിയ തോട്ടണ്ടിയാണ് െമഹ്സൂഖ് കമ്പനി നാടൻ തോട്ടണ്ടി എന്നപേരിൽ നൽകിയതെന്ന് വ്യക്തമായി. നാടൻ തോട്ടണ്ടി എന്ന പേരിൽ െമഹ്സൂഖ് കമ്പനിയിൽനിന്ന് തോട്ടണ്ടി വാങ്ങിയതിലൂടെ കാപെക്സിന് നഷ്ടം നേരിട്ടു.

2019 ഏപ്രിൽ -മേയ് മാസം കേരള കാഷ്യൂ ബോർഡ് ഘാന ഒറിജിനൽ തോട്ടണ്ടി കയറ്റുമതി, കയറ്റിയിറക്കു കൂലി ഉൾപ്പെടെ 75 രൂപ നിരക്കിൽ ആവശ്യാനുസരണം തോട്ടണ്ടി ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന അവസരത്തിലാണ് 2018ലെ പോലെ 2019 ലും തോട്ടണ്ടി ഇറക്കുമതി അഴിമതി നടത്തിയത്. കാപെക്സിന് 2.09 കോടി നഷ്ടം വരുത്തിെവച്ച് സ്വന്തം നിലയിൽ സാമ്പത്തിക ലാഭം കൊയ്തുവെന്നും പരിശോധനയിൽ കണ്ടെത്തി.

മെഹ്സൂഖ് കമ്പനി ഉടമയും കാപെക്സ് എം.ഡിയും തമ്മിലുണ്ടാക്കിയ കരാർ വ്യവസ്ഥ പ്രകാരം 2019 വർഷം കേരളത്തിൽ മാത്രം വിളഞ്ഞതോടോടു കൂടിയ പച്ച തോട്ടണ്ടിയാണ് കാപെക്സിന് നൽകേണ്ടത്. ആ വ്യവസ്ഥ ലംഘിച്ചാണ് അന്യസംസ്ഥാനങ്ങളിലെ വ്യാപാരികളിൽനിന്ന് ഉൾപ്പെടെ തോട്ടണ്ടി വാങ്ങി കാപെക്സിന് നൽകിയത്. അതിനാൽ കരാർ വ്യവസ്ഥകൾ ലംഘിച്ച് നൽകിയ തോട്ടണ്ടിയുടെ വിലയിനത്തിൽ കമ്പനിക്ക് നൽകാൻ ശേഷിക്കുന്ന 1.18 കോടി അനുവദിച്ചു നൽകേണ്ടതില്ല. രണ്ടു ഘട്ടങ്ങളിലായി മെഹ്സൂഖ് കമ്പനിയിൽനിന്ന് തോട്ടണ്ടി വാങ്ങിയതിലൂടെ കാപെക്സിന് 2.09 കോടി (2,09,35,000) നഷ്ടം ഉണ്ടായി. മെഹ്സൂഖിന് അനുവദിച്ചു നൽകാൻ ശേഷിക്കുന്ന 1.18 കോടി രൂപ നൽകാതിരുന്നാൽ കാപെക്സിന്‍റെ നഷ്ടം 91. 27 ലക്ഷം രൂപ ആയി കുറയും. കേരളത്തിലെ കർഷകരിൽനിന്ന് നാടൻ തോട്ടണ്ടി ന്യായമായ വിലയ്ക്ക് സംഭരിക്കാനുള്ള സർക്കാറിന്‍റെ തീരുമാനത്തെ പൂർണമായും അട്ടിമറിച്ച് സർക്കാർ ഉത്തരവിനും കരാർ വ്യവസ്ഥക്കും വിരുദ്ധമായി തോട്ടണ്ടി വാങ്ങിയതിലൂടെ വ്യാപാരികൾക്ക് കൊള്ളലാഭവും കാപെക്സിന് നഷ്ടവും ഉണ്ടാക്കുന്നതിനു കാരണക്കാരനായ ആർ. രാജേഷിൽനിന്ന് 91.27 ലക്ഷം രൂപ ഈടാക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

2018ൽ തോട്ടണ്ടിവാങ്ങലിലൂടെ കാപെക്സിന് ഉണ്ടായ സാമ്പത്തികനഷ്ടം കണക്കാക്കിയിട്ടില്ല. കാരണം തമിഴ്നാട്ടിലെ കമ്പനികൾ തോട്ടണ്ടി തെക്കുംമറ്റത്തിൽ കമ്പനിക്ക് എന്തു വിലയ്ക്കാണ് നൽകിയത് എന്നത് അന്വേഷിക്കണം. തമിഴ്നാട്ടിലെ കമ്പനികൾക്ക് വിദേശരാജ്യങ്ങളിൽനിന്ന് എന്തു വിലയ്ക്ക് വാങ്ങി എന്നതും അറിയില്ല. അതിന് വിശദമായ വിജിലൻസ് അന്വേഷണം നടത്തണം. 2018ൽ തട്ടിപ്പു നടത്തിയിട്ടും വെള്ളാന എം.ഡിയായി കാപെക്സിൽ തുടർന്നു. അത് 2019ലെ തട്ടിപ്പിന് കാരണമായി.

ആദ്യ റിപ്പോർട്ട് ലഭിച്ചപ്പോൾ എം.ഡിയെ 2019 മേയിൽ സസ്പെൻഡ് ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. എന്നാൽ, 2021 ഫെബ്രുവരിയിൽ രാജേഷിനെ വീണ്ടും തിരിച്ചെടുത്തു. എം.ഡി സ്ഥാനത്ത് രാജേഷിനെ ഇരുത്തരുതെന്ന ധനകാര്യവകുപ്പിന്‍റെ നിർദേശം മറികടന്നാണ് വ്യവസായവകുപ്പ് ഉത്തരവിറക്കിയത്. രാജേഷിനെ സസ്പെൻഡ് ചെയ്തതിനെ തുടർന്ന് ധനകാര്യവകുപ്പിലെ അഡീഷനൽ സെക്രട്ടറിക്കായിരുന്നു ചുമതല. ചട്ടങ്ങൾ പാലിക്കാതെ തോട്ടണ്ടി ഇറക്കുമതിചെയ്ത കരാറുകാരന് നൽകാനുള്ള തുക നൽകാനാണ് വീണ്ടും രാജേഷിനെ നിയമിച്ചതെന്നും ആരോപണമുയർന്നു. എന്നാൽ, പുതിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മന്ത്രി പി. രാജീവിന് ഈ വെള്ളാനയെ സംരക്ഷിക്കാനായില്ല. ധനകാര്യ പരിശോധനവിഭാഗത്തിന്റെ ശിപാർശ മന്ത്രിക്ക് അംഗീകരിക്കേണ്ടിവന്നു. ഒടുവിൽ 2022 ജനുവരിയിൽ എം.ഡിയെ പുറത്താക്കി വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ ഉത്തരവിറക്കി. ക്രമക്കേടിൽ വിശദമായ അന്വേഷണം നടത്തുന്നതിന് വിജിലൻസിന് അനുമതി നൽകിയാണ് ഉത്തരവ്.

പോരാട്ടവും മറുപടിയും

സി.പി.എം നേതാക്കളാണ് കാപെക്സിലെ എം.ഡിയെ സംരക്ഷിക്കുന്നതെന്ന് അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന എ.ഐ.ടി.യു.സി നേതാവ് അയത്തിൽ സോമൻ പറഞ്ഞു. നിലവിൽ ഹൈകോടതിയിൽ സോമൻ കേസ് നൽകിയിട്ടുണ്ട്. തോട്ടണ്ടി ഇറക്കുമതിയിൽ കാപെക്സിൽ അഴിമതി നടത്തിയ എം.ഡി ആർ. രാജേഷിനെ പുറത്താക്കണമെന്നാണ് കോടതിയിലെ ഹരജിയിൽ ആവശ്യപ്പെട്ടത്. അന്വേഷണ റിപ്പോർട്ട് ലഭിച്ചപ്പോൾ എം.ഡി കുറ്റക്കാരനാണെന്ന് മുൻമന്ത്രി തോമസ് ഐസക്കിന് ബോധ്യമായി. അതിനാലാണ് എം.ഡിയെ സസ്പെൻഡ് ചെയ്തത്. സി.പി.എമ്മിന്‍റെ ഉയർന്ന നേതാക്കൾ ഇടപെട്ടാണ് ആ സസ്പെൻഷൻ പിൻവലിച്ചത്. സി.പി.എം മന്ത്രിമാരെ സ്വാധീനിച്ചു. വീണ്ടും കസേരയിൽ കയറിയിട്ട് സസ്പെൻഷൻ കാലത്തെ മൊത്തശമ്പളം എഴുതിയെടുത്തു. ഇപ്പോൾ അവിഹിതമായ നിയമനങ്ങൾ നടത്തുകയാണ്.

കോൺഗ്രസിലും സി.പി.എമ്മിലും ആർ. രാജേഷിന് സ്വാധീനമുണ്ട്. കാെപക്സിലേക്ക് നാടൻ തോട്ടണ്ടി എടുത്ത വകയിൽ ഏഴ്-എട്ട് കോടിയുടെ തട്ടിപ്പ് നടന്നു. അണ്ടിപ്പരിപ്പ് കച്ചവടത്തിലും അഴിമതി നടത്തിയിട്ടുണ്ട്. ടെൻഡർ വിളിക്കാതെ മുതലാളിമാരുമായി വിലപേശൽ നടത്തിയാണ് പരിപ്പ് കച്ചവടം.

മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ആദ്യം എം.ഡിക്ക് അനുകൂലമായിരുന്നില്ല. എന്നാൽ ഭർത്താവ് തുളസീധരക്കുറുപ്പ് ചെയർമാനായിരുന്നപ്പോൾ അദ്ദേഹത്തെയും എം.ഡി പാട്ടിലാക്കി. സഹകരണസംഘമാണെങ്കിലും അതിന്‍റെ ബൈലോയിലല്ല പ്രവർത്തനം നടത്തുന്നതെന്നും സോമൻ പറഞ്ഞു. മന്ത്രി പി. രാജീവിനെ വിളിച്ച് കാപെക്സിൽ നടന്ന അഴിമതിയുടെ മുഴുവൻ കാര്യങ്ങളും സോമൻ പറഞ്ഞു. വിവരങ്ങൾ എഴുതി അറിയിക്കാനാണ് മന്ത്രി നിർദേശിച്ചത്. അതുപ്രകാരം എല്ലാവിവരങ്ങളും എഴുതി അറിയിച്ചു. അതിന് ഫലമുണ്ടായി.

സോമൻ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് എം.ഡി നൽകിയ മറുപടിയും രസകരമാണ്.

''ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ മനഃപൂർവം തേജോവധം ചെയ്യുന്ന വിധം നിരവധി പരാതികൾ സർക്കാറിനും സെക്രേട്ടറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിജിലൻസിനും ഹൈകോടതിയിലും നൽകി. ഏതാണ്ട് 26ൽ കൂടുതൽ പരാതികളാണ് പൊതുമേഖലാസ്ഥാപനമായ കാപെക്സിലെ ഉദ്യോഗസ്ഥർക്കെതിരെ നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർ കാപെക്സിലെത്തി പരിശോധിച്ച് പരാതിയുടെ നിജസ്ഥിതി ബോധ്യപ്പെട്ടു. എന്നിട്ടും താങ്കൾക്ക് കാപെക്സിനോടുള്ള പക തീരാതെ കൊല്ലം ക്രൈം ഡിറ്റാച്ച്മെന്റിലും തിരുവനന്തപുരം ഡി.ഐ.സിക്കും കൊല്ലം ഡി.ഐ.സിക്കും വീണ്ടും പരാതി. അതിലും അന്വേഷണം പൂർത്തിയാക്കി. മുൻ സർക്കാറിന്‍റെ കാലത്ത് ഫാക്ടറികളിലും മുഖ്യ ഓഫിസിലും നിരവധി താൽക്കാലിക നിയമനങ്ങൾ ബോർഡിന്‍റെ അനുമതിപോലുമില്ലാതെ നടത്തിയിട്ടും താങ്കൾ അതിനെതിരെ ഒരു പരാതി നൽകുകയോ ചെറുവിരലനക്കുകയോ ചെയ്തിട്ടില്ലെന്ന വസ്തുത വിസ്മരിക്കരുത്. ഈ സാഹചര്യത്തിൽ താങ്കൾക്ക് ഇപ്പോൾ കാപെക്സിനെതിരെ നിക്ഷിപ്ത താൽപര്യം ഉണ്ടെന്ന് ഞങ്ങൾക്ക് ബോധ്യമാകുന്നു'' -നിയമത്തിന്‍റെ ചരിത്രത്തിൽ ഇത് വിചിത്രമായൊരു മറുപടിയാണ്.

കൊള്ളയുടെ കണക്ക്

2019 മേയ് മാസം ഘാന ഒറിജിനൽ തോട്ടത്തിൽ ക്യാഷ്യൂ ബോർഡ് കാപെക്സിന് ലഭ്യമാക്കിയ വില/കാഷ്യൂ ബോർഡ് 2018 മേയ് -ജൂൺ മാസങ്ങളിൽ ടെൻഡർ നടപടികൾ വാങ്ങിയ തോട്ടണ്ടിയുടെ പരമാവധി വില 75 രൂപ

െമഹ്സൂഖ് ട്രേഡിങ് കമ്പനിയിൽനിന്ന് വാങ്ങിയ തോട്ടണ്ടിയുടെ വില കിലോ- 123 രൂപ

വാങ്ങിയ തോട്ടണ്ടിയുടെ അളവ്- 399.95 മെ.ടൺ

ഒരു കിലോഗ്രാം വാങ്ങിയതിൽ ഉണ്ടായ നഷ്ടം- 123 -75 =48 രൂപ

െമഹ്സൂഖ് കമ്പനിയിൽനിന്ന് ഒന്നാം ഘട്ടത്തിൽ തോട്ടണ്ടി വാങ്ങിയതിലുണ്ടായ നഷ്ടം- 399. 95 മെട്രിക് ടൺ x 48 രൂപ = 1.91 കോടി രൂപ

കമ്പനിയിൽനിന്ന് രണ്ടാം ഘട്ടത്തിൽ തോട്ടണ്ടി വാങ്ങിയ അളവ്- 49.64 മെ.ടൺ

വാങ്ങിയ തോട്ടണ്ടിയുടെ വില- കിലോക്ക് 110 രൂപ

ഒരു കിലോ വാങ്ങിയതിലുണ്ടായ നഷ്ടം- 110 -75 =35 രൂപ

രണ്ടാംഘട്ടത്തിൽ തോട്ടണ്ടി ഉണ്ടായ നഷ്ടം- 49. 64X 35 = 17,37,400 രൂപ

ആകെ നഷ്ടം 2.09 കോടി

മെഹ്സൂഖ് കമ്പനിക്ക് ആകെ നൽകേണ്ട തുക- 5.90 കോടി

നാളിതുവരെ അനുവദിച്ചു നൽകിയ തുക- 4.72 കോടി

നൽകാൻ അവശേഷിക്കുന്ന തുക- 1.18 കോടി

കമ്പനിക്ക്‌ ഇനി നൽകേണ്ട തുക അനുവദിക്കാത്തതിനാൽ കാപെക്സിന്‍റെ നഷ്ടം- 2.09-1.18 കോടി =91.27 ലക്ഷം

ഉപജീവന ബത്ത കൈപ്പറ്റിയതിലും ക്രമക്കേട്

കേരളത്തിലെ നാടൻ തോട്ടണ്ടിയുടെ സംഭരണവുമായി ബന്ധപ്പെട്ട് സർക്കാറിന്‍റെ വില നിർണയ സമിതി നിശ്ചയിച്ച സംഭരണവിലയെക്കാൾ ഉയർന്ന നിരക്കിൽ തോട്ടണ്ടി സംഭരിച്ചതിനും കർഷകരിൽനിന്ന് തോട്ടണ്ടി സംഭരിക്കുന്നതിന് പകരം ഒരു പി.ഡബ്ല്യു.ഡി കോൺട്രാക്ടറിൽനിന്ന് വാങ്ങിയതിനും രാജേഷിനെ അന്വേഷണവിധേയമായി 2019ൽ സസ്പെൻഡ് ചെയ്തിരുന്നു. കാപെക്സ് എം.ഡിക്ക് 2020 ഡിസംബർ 23ലെ ഉത്തരവ് പ്രകാരം സസ്പെൻഷൻ കാലയളവിൽ കെ.എസ്.ആർ വ്യവസ്ഥക്ക് വിധേയമായി ഉപജീവനബത്ത അനുവദിച്ചിരുന്നു. എന്നാൽ ഉത്തരവിലെ നിർദേശങ്ങൾക്ക് വിരുദ്ധമായി ആർ. രാജേഷ് ഉപജീവനബത്ത സ്വയം അനുവദിച്ചു വാങ്ങിയതിലൂടെ അധികമായി 7.08 ലക്ഷം രൂപ കൈപ്പറ്റി. ഉത്തരവിനും കെ.എസ്.ആർ വ്യവസ്ഥകൾക്കും വിരുദ്ധമായി ഉപജീവനബത്തയിനത്തിൽ രാജേഷ് അധികമായി കൈപ്പറ്റിയ തുകയും ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ഡി.എ കുടിശ്ശിക ഇനത്തിൽ സസ്പെൻഷൻ കാലയളവിൽ അധികമായി കൈപ്പറ്റിയിട്ടുണ്ടെങ്കിൽ ആ തുകയും കൈപ്പറ്റിയ തീയതി മുതൽ 18 ശതമാനം പലിശസഹിതം അദ്ദേഹത്തിന്‍റെ പക്കൽനിന്ന് ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ശിപാർശകൾ.

കേരളത്തിലെ സാധാരണക്കാരായ കശുമാവ് കർഷകർക്ക് ന്യായമായ വില കിട്ടുന്നതിനായി കർഷകരിൽനിന്ന് തോട്ടണ്ടി വാങ്ങുന്നതിനുള്ള 2018, 2019 വർഷങ്ങളിലെ സർക്കാർ ഉത്തരവുകളെ അട്ടിമറിച്ച് അന്യസംസ്ഥാനങ്ങളിൽനിന്ന് / വിദേശരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത ഗുണമേന്മ കുറഞ്ഞ തോട്ടണ്ടി, വ്യാപാരികളിൽനിന്ന് വാങ്ങി അവർക്ക് കൊള്ളലാഭം നേടുന്നതിന് വഴിയൊരുക്കി. കാപെക്സിന് വൻ സാമ്പത്തിക നഷ്ടം വരുത്തിയതിന് കാരണക്കാരനായ എം.ഡി ആ സ്ഥാനത്ത് തുടരുന്നത് സർക്കാറിന്‍റെയും കാപെക്സിന്‍റെയും താൽപര്യങ്ങൾക്കു വിരുദ്ധമാണ്. അതിനാൽ രാജേഷിനെ അടിയന്തരമായി കാപെക്സിന്‍റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാണ് ഒന്നാമത്തെ ശിപാർശ.

കൊള്ളലാഭം നേടുന്നതിന് ടി.സി. ഷിബു എന്ന വ്യാപാരിക്ക് 2018ൽ രാജേഷ് ഒത്താശ നൽകി. തോട്ടണ്ടി വാങ്ങലിൽ കാപെക്സിനുണ്ടായ സാമ്പത്തികനഷ്ടം കണക്കാക്കണം. തുക അനുവദിച്ചു നൽകിയതിൽ അക്കൗണ്ട്സ് ഓഫിസർ കെ. സജീവ് കുമാറിനും കമേഴ്സ്യൽ അസിസ്റ്റൻറ് സഞ്ജുവിനും കമേഴ്സ്യൽ മാനേജർ പി. സന്തോഷ് കുമാറിനും ഗുരുതര വീഴ്ച സംഭവിച്ചു.

സർക്കാർ ഉത്തരവിനു വിരുദ്ധമായി ആർ. രാജേഷിന് ഉപജീവനബത്ത അനുവദിച്ചുകൊടുത്തതിൽ കെ. സജീവ് കുമാർ, പി. സന്തോഷ് കുമാർ എന്നിവർ ഉത്തരവാദികളാണ്. കെ. സജീവ് കുമാർ സർവിസിൽനിന്ന് വിരമിച്ച ശേഷവും കാപെക്സിൽ ജോലി ചെയ്യുന്നത് ക്രമവിരുദ്ധമായിട്ടാണ്. വീഴ്ചകൾക്ക് പ്രധാന ഉത്തരവാദിയായ കെ. സജീവ് കുമാറിനെയും കാപെക്സിലെ സേവനത്തിൽനിന്ന് ഒഴിവാക്കണം. ഈ വിഷയത്തിൽ ബന്ധമുള്ള സ്ഥിരം ജീവനക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കണം.

തോട്ടണ്ടിയുടെ വിലയിനത്തിൽ െമഹ്സൂഖ് കമ്പനിക്ക് നൽകാൻ ശേഷിക്കുന്ന 1.18 കോടി നൽകേണ്ടതില്ല. രണ്ടു ഘട്ടങ്ങളിലായി മെഹ്സൂഖ് കമ്പനിയിൽനിന്ന് വാങ്ങി അതിലൂടെ കാപെക്സിന് സംഭവിച്ച നഷ്ടമായ 2.09 കോടിയിൽ (2,09,35,000) 1.18 കോടി കുറവ് ചെയ്യണം. ബാക്കിയുള്ള 91.27 ലക്ഷം രൂപ നഷ്ടം ഉണ്ടാക്കുന്നതിന് കാരണക്കാരനായ ആർ. രാജേഷിൽനിന്ന് ഈടാക്കണം.

2020 ഡിസംബർ 23ലെ ഉത്തരവിനു വിരുദ്ധമായി ഉപജീവന ബത്തയിൽ അധികമായി കൈപ്പറ്റിയ 7.06 ലക്ഷം രൂപയും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ഡി.എ കുടിശ്ശിക ഇനത്തിൽ തുക കൈപ്പറ്റിയിട്ടുണ്ടെങ്കിൽ ആ തുകയും 18 ശതമാനം പലിശസഹിതം എം.ഡിയിൽനിന്നും ഈടാക്കാൻ നടപടി സ്വീകരിക്കണം. രാജേഷിനെതിരെയുള്ള അച്ചടക്കനടപടി ഭരണവകുപ്പ് തുടർനടപടി സ്വീകരിക്കണം.

വിലനിർണയ സമിതിയുടെ ഉത്തരവുപ്രകാരം കർഷകരിൽനിന്ന് ഭാവിയിൽ തോട്ടണ്ടി സംഭരിക്കുമ്പോൾ യഥാർഥ കർഷകനാണെന്ന് ഭരണവകുപ്പ് ഉറപ്പുവരുത്തേണ്ടതും അതിന് വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നുമാണ് ശിപാർശ.


പൊതുമേഖലയിലെ കശുവണ്ടിവ്യവസായത്തെ പ്രഫഷനലാക്കുമെന്നാണ് മന്ത്രി പി.രാജീവ്‌ നിയമസഭയിൽ പറഞ്ഞത്. പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കാനാണ്‌ ശ്രമം. ഗൗരവമായിത്തന്നെ ഇക്കാര്യം ചർച്ചചെയ്യും, കർക്കശമായ സമീപനമുണ്ടാകും. തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തണം. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് കശുവണ്ടിമേഖലക്ക് വലിയ സംഭാവനയാണ് സർക്കാർ നൽകിയത്. അഴിമതിയുടെ ജ്വലനമാണ് ഇവിടെ നടന്നത്. അഴിമതിക്കാർക്ക് പലതരത്തിൽ രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നു. അഴിമതി ഇവിടെ ഒരു രോഗം മാത്രമല്ല, അതൊരു രാഷ്ട്രീയ ആദർശമായി മാറുകയാണ്. ഇവിടെ അഴിമതി വളരെ ലളിതമാണ്. അത് ഈ കാലഘട്ടത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിന്‍റെ ഭാഗമാണ്. മലയാളികളുടെ രാഷ്ട്രീയമനസ്സിനെ ഇത്തരം അഴിമതി കഥകൾ പിടിച്ചുലക്കുന്നില്ല. ഇതിനെ സംബന്ധിച്ച് രാഷ്ട്രീയക്കാർക്ക് അതിഗംഭീരമായി ന്യായങ്ങളൊന്നും അവതരിപ്പിക്കാനാവില്ല. അഴിമതിയെന്നത് തൊഴിലാളികൾക്ക് അറിയാവുന്ന യാഥാർഥ്യമാണ്. അവർ അത് നേരിട്ട് കണ്ടുനിൽക്കുകയാണ്.

തൊഴിലാളിവർഗ രാഷ്ട്രീയത്തിന്‍റെ അപചയത്തിന്‍റെ കൊടിയടയാളമാണ് കാപെക്സിൽ നടന്ന തട്ടിപ്പ്. തൊഴിലാളികളിൽനിന്ന് അമർഷത്തിന്‍റെ ആരവങ്ങളൊന്നും ഉയരുന്നില്ല. രാഷ്ട്രീയ മൂല്യത്തകർച്ചയിൽനിന്നാണ് ഈ തട്ടിപ്പ് അരങ്ങേറുന്നത്.

Show More expand_more
News Summary - capex cashews Corruption -web exclusive