Begin typing your search above and press return to search.
proflie-avatar
Login

നിർമിത ബുദ്ധിയും തൊഴിലിന്റെ ഭാവിയും: വിദഗ്ധർ പ്രതികരിക്കുന്നു

AI and the future of work
cancel

നിർമിത ബുദ്ധിയിലെ അഞ്ച് വിദഗ്ധരുമായുള്ള ഈ സംഭാഷണം ബൃഹദ് ഭാഷാ മാതൃകകൾ കലാകാരന്മാരേയും നോളജ് വർക്കേഴ്‌സിനെയും ഏതുവിധത്തിൽ ബാധിക്കുന്നു എന്നതിനെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. പരിപൂർണത കൈവരിക്കാത്ത ഈ സാങ്കേതികവിദ്യ തെറ്റായ വിവരങ്ങൾ, രചനാമോഷണം തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾ കൂടി ഉയർത്തുന്നതിനെ കുറിച്ചും ചർച്ച ചെയ്യുന്നു.

വിയന്ത്രത്തിലും വിദ്യുച്ഛക്തിയിലും തുടക്കമിട്ട് കമ്പ്യൂട്ടറിലും ഇൻ്റർനെറ്റിലുമെത്തിനിൽക്കുന്ന സങ്കേതികവിദ്യയിലെ കുതിച്ചു ചാട്ടങ്ങൾ എക്കാലത്തും തൊഴിൽ വിപണിയെ അസന്തുലിതപ്പെടുത്തിയിട്ടുണ്ട്. ചില തൊഴിലുകളുടെ പുറന്തള്ളലുകൾക്കും മറ്റു ചിലതിന്റെ കടന്നുവരവിനും അത് കാരണമായിട്ടുണ്ട്. ഏറ്റവും മികച്ച കമ്പ്യൂട്ടറുകൾക്ക് പോലും ഒന്നും അറിയില്ല എന്നതാണ് യാഥാർത്ഥ്യം എന്നിരിക്കെ ‘നിർമിത ബുദ്ധി’ എന്നത് ഒരു തെറ്റായ സംജ്ഞയായി (misnomer) തുടരുന്നു. എന്നാൽ നിർമിത ബുദ്ധിയുടെ കടന്നുവരവോടെ സാങ്കേതികവിദ്യ അതിൻ്റെ വളർച്ചയിലെ ഒരു നിർണായക ദിശയിലെത്തുകയും അത് കലാകാരന്മാരേയും നോളജ് വർക്കേഴ്‌സിനെയും¹ ബാധിക്കാനാരംഭിക്കുകയും ചെയ്തിരിക്കുന്നു.

വിശേഷിച്ചും ബൃഹദ് ഭാഷാ മാതൃകകളുടെ² ആവിർഭാവത്തോടെ കമ്പ്യൂട്ടറുകൾക്ക് മനുഷ്യസദൃശ്യമായ ലിഖിത ഭാഷ ഉത്പാദിപ്പിക്കാനും വിവരണാത്മക വാക്യങ്ങളെ യഥാർഥ ചിത്രങ്ങളിലേക്ക് പരിവർത്തിപ്പിക്കാനുമുള്ള ശേഷി കൈവന്നിരിക്കുന്നു. നിർമിത ബുദ്ധിയിലെ വിദഗ്ധരുമായുള്ള ഈ സംഭാഷണം ബൃഹദ് ഭാഷാ മാതൃകകൾ (large language models) കലാകാരന്മാരേയും നോളജ് വർക്കേഴ്‌സിനെയും എവ്വിധമാണ് ബാധിക്കുന്നത് എന്നതിനെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. കൂടാതെ, പരിപൂർണത കൈവരിക്കാത്ത ഈ സാങ്കേതികവിദ്യ തെറ്റായ വിവരങ്ങൾ, രചനാമോഷണം തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾ കൂടി ഉയർത്തുന്നുണ്ട്..

അരുൺ നുറ ചെയ്ത സാഡ് സൂപ്പർഹീറോസ് ഓഫ് കേരള എന്ന എ.ഐ. ചിത്രങ്ങളുടെ സീരീസിൽ നിന്ന്


എല്ലാവർക്കും സൃഷ്ടിപരത; എന്നാൽ ഇത് നയിക്കുന്നത് കഴിവുകളുടെ ശോഷണത്തിലേക്കോ?

- ലിൻ പാർക്കർ (അസോ. വൈസ് ചാൻസലർ, യൂനിവേഴ്സിറ്റി ഓഫ് ടെന്നസീ)

സൃഷ്ടിപരതയും നോളജ് വർക്കുകളും എല്ലാവരെയും പ്രാപ്യമാക്കുന്നതിൽ ബൃഹദ് ഭാഷാ മാതൃകകൾക്ക് വലിയ പങ്കുണ്ട്. ഇൻ്റർനെറ്റ് കണക്ഷനുള്ള ഏതൊരാൾക്കും ആവിഷ്ക്കാരത്തിനും വിശാലമായ വിവരങ്ങളെ സംഗ്രഹിച്ചു മനസിലാക്കുന്നതിനും ചാറ്റ്ജിപിറ്റി (ChatGPT), ദാൽ-ഇ2 (Dall-E) പോലുള്ള ടൂളുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

മനുഷ്യസദൃശ്യമായ ബൃഹദ് ഭാഷാ മാതൃകകൾ കാഴ്ചവെക്കുന്ന പ്രവർത്തന ഗാംഭീര്യമാണ് ഏറ്റവും മുഖ്യമായ സവിശേഷത. ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ തന്നെ ഒരു തുടക്കക്കാരന് പോലും മികച്ച ക്വാളിറ്റിയിൽ ബിസിനസ് പ്രസൻ്റേഷനുകൾക്കാവശ്യമായ മാതൃകകൾ നിർമ്മിക്കാനും മാർക്കറ്റ് പിച്ചുകൾ രൂപീകരിക്കാനും ഭാവനാ ശൂന്യത മറികടക്കാനും ചില പ്രത്യേക ആവശ്യങ്ങൾ സാധിപ്പിക്കുന്നതിനായുള്ള കമ്പ്യൂട്ടർ കോഡുകൾ നിർമ്മിക്കാനും എ.ഐ ടൂളുകൾ³ വഴി സാധിക്കും. ഇവ പലപ്പോഴും പ്രസ്തുത മേഖലകളിലെ വിദഗ്ധരായ മനുഷ്യരുടെ കഴിവിനെ പോലും വെല്ലുന്ന തരത്തിലുള്ളതാണ്.

ഇത്തരം നവ എ.ഐ ടൂളുകൾക്ക് തീർച്ചയായും മാനസിക വ്യവഹാരങ്ങളെ വായിക്കുക സാധ്യമല്ല. ഒരു യൂസർ (മനുഷ്യൻ) ഉദ്ദേശിക്കുന്ന തരത്തിലുള്ള ഫലം ലഭിക്കണമെങ്കിൽ പുതിയതും ലളിതവുമായ, മനുഷ്യ ക്രിയാത്മകതയെ പ്രതിഫലിപ്പിക്കുന്ന ടെക്സ്റ്റ് പ്രോംപ്റ്റുകൾ⁴ അത്യാവശ്യമാണ്. മനുഷ്യൻ്റെയും നിർമിത ബുദ്ധിയുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ വിജയകരമായ ഒരു ഫലം ലഭിക്കുകയുള്ളൂ. ഈ കൂട്ടായ പ്രവർത്തനത്തിൻ്റെ ഉദാഹരണമാണ് ഇറ്ററേറ്റീവ് പ്രോംപ്റ്റിങ് (iterative prompting). ആവർത്തിത നിർദേശങ്ങളിലൂടെ യൂസർക്ക് ഫലം ലഭിക്കുന്നത് വരെ എ.ഐ സംവിധാനം ഫലങ്ങൾ ഉത്പാദിപ്പിച്ചു കൊണ്ടേയിരിക്കും. ഈയിടെ നടന്ന കൊളറാഡോ സ്റ്റേറ്റ് ഫെയർ കോമ്പറ്റീഷനിൽ ഡിജിറ്റൽ ആർട്ടിസ്റ്റ് വിഭാഗത്തിൽ വിജയം കൈവരിച്ച വ്യക്തി നിർമ്മിച്ചെടുത്ത എ.ഐ ടൂൾ ഇതിൻ്റെ മികച്ച ഉദാഹരണമാണ്. ബ്രഷുകളും ഛായങ്ങളും ഉപയോഗിക്കാതെ എ.ഐ ടൂളുകളുടെ സഹായത്തോടെ തന്റെ സർഗാത്മകതയെ വരച്ചുകാട്ടാൻ ഈ വ്യക്തിക്ക് സാധിക്കുകയുണ്ടായി.

കൊളറാഡോ സ്റ്റേറ്റ് ഫെയർ കോമ്പറ്റീഷനിൽ ഡിജിറ്റൽ ആർട്ടിസ്റ്റ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ചിത്രം

എ.ഐ ടൂളുകൾ സർഗാത്മകതയുടെയും നോളജ് വർക്കിൻ്റെയും വിശാല പ്രപഞ്ചം എല്ലാ മനുഷ്യർക്കു മുന്നിലും തുറന്നുവെക്കുന്നതിലൂടെ ധാരാളം പ്രയോജനങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും അവയ്ക്ക് അതിൻ്റേതായ ഏതാനും പോരായ്മകളുണ്ട്. ഒന്നാമതായി, ഏറെ പ്രാധാന്യമേറിയ ചില മാനുഷിക കഴിവുകളുടെ നഷ്ടത്തിന് ഇത് ഇടയാക്കും. വിശേഷിച്ചും രചനാവൈഭവത്തിൻ്റെ നഷ്ടം. ആയതിനാൽ നീതിയുക്തവും അഭിലഷണീയവുമായ പഠനഫലങ്ങൾ ഉറപ്പുവരുത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബൃഹദ് ഭാഷാ മാതൃകകളുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന പോളിസികൾ നിർമ്മിക്കേണ്ടതും നടപ്പിലാക്കേണ്ടതും അനിവാര്യമാണ്.

രണ്ടാമതായി, എ.ഐ ടൂളുകൾ ബൗദ്ധിക സ്വത്തിൻ്റെ (intellectual property) സംരക്ഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു. ലോകത്തുള്ള പെയിൻ്റിങുകൾ, രചനകൾ, സംഗീതം, ശിൽപകല തുടങ്ങിയ കലാമാതൃകകളാൽ മനുഷ്യരിലെ ക്രിയാത്മകത നിരന്തരം പ്രചോദിതമാവുന്നുണ്ട്. അതേസമയം, ഇത്തരം പകർപ്പവകാശം ഉള്ളതും ഇല്ലാത്തതുമായ കലാസങ്കേതങ്ങളെ ബൃഹദ് ഭാഷാ മാതൃകകൾ നീതിയുക്തവും വ്യക്തവുമായി ഏതു വിധത്തിൽ ഉപയോഗപ്പെടുത്തുമെന്ന ചോദ്യം മറുപടിയില്ലാതെ കിടക്കുകയാണ്. ഇവ്വിഷയം നിലവിൽ കോടതികളുടെ പരിഗണനയിലായതിനാൽ ഭാവിയിൽ ബൃഹദ് ഭാഷാ മാതൃകകളുടെ രൂപീകരണത്തിലും ഉപയോഗത്തിലും പ്രതിഫലനങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

ഇത്തരം പുതിയ എ.ഐ ടൂളുകളുടെ സ്വീകാര്യത സമൂഹത്തെ ആശ്രയിച്ചിരിക്കുന്നു. നിലവിൽ പൊതുസമൂഹം ഇത്തരം ടൂളുകളെ ഏറ്റെടുക്കാൻ താൽപര്യപ്പെടുന്നതായി കാണാൻ സാധിക്കും. സംഭാഷണ ബോട്ടായ ചാറ്റ്ജിപിറ്റിയുടെയും ചിത്രങ്ങളുടെ ഉത്പാദനത്തിനുള്ള ദാൽ-ഇ മിനിയുടെയും വ്യാപകമായ സ്വീകാര്യത ഇത് തെളിയിക്കുന്നു. ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത സർഗാത്മക ശേഷിയേയും അത്തരം ശേഷികൾ എല്ലാ മനുഷ്യരിലേക്കും എത്തിക്കുന്നതിൻ്റെ ആവശ്യകതയെക്കുറിച്ചും ഇത് സൂചിപ്പിക്കുന്നു.

കൃത്യതക്കുറവുകൾക്കുള്ള സാധ്യത, പക്ഷപാതങ്ങൾ, രചനാമോഷണം

- ഡാനിയേൽ അകൂന്യ (കമ്പ്യൂട്ടർ സയൻസ് അസോസിയേറ്റ് പ്രൊഫസർ, കൊളറാഡോ യൂണിവേഴ്സിറ്റി)

കമ്പ്യൂട്ടർ കോഡ് എഴുതാൻ സഹായിക്കുന്ന ടൂളായ ജിറ്റ്ഹബ് കോപൈലറ്റ് (GitHub Copilot) സ്ഥിരമായി ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ. ചാറ്റ്ജിപിറ്റിയും അതുപോലെയുള്ള ടൂളുകളും ഉപയോഗിച്ച് എ.ഐ നിർമിത കോഡുകൾക്കായി മണിക്കൂറുകൾ ഞാൻ ചെലവഴിച്ചിട്ടുണ്ട്. എൻ്റെ അനുഭവത്തിൽ ഞാൻ മുമ്പൊന്നും ചിന്തിക്കാത്ത തരത്തിലുള്ള ആശയങ്ങൾ കണ്ടെത്താൻ ഈ ടൂളുകൾ വളരെ സഹായകമാണ്.

കോഡിലേക്കോ സുഗ്രാഹ്യമായ വാക്യങ്ങളിലേക്കോ എൻ്റെ നിർദേശങ്ങളെ വിവർത്തനം ചെയ്യാനുള്ള ഭാഷാ മാതൃകകളുടെ ശേഷി എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. എൻ്റെ ആശയങ്ങളുടെ ഒഴുക്കിനെ മെച്ചപ്പെടുത്താനുള്ള പുതിയ വഴികൾ കണ്ടെത്താൻ, അല്ലെങ്കിൽ നിലവിലുണ്ടെന്ന് എനിക്കറിവില്ലാത്ത സോഫ്റ്റ്‌വെയർ പാക്കേജുകൾ കൊണ്ട് സൊല്യൂഷനുകൾ നിർമ്മിക്കാനൊക്കെ അവ വളരെ ഉപകാരപ്രദമാണ്. എന്താണ് ഈ ടൂളുകൾ നിർമിക്കുന്നത് എന്ന് ഒരു തവണ കണ്ടാൽ പിന്നെ അവയുടെ ഗുണമേന്മ വിലയിരുത്താനും വലിയ തോതിൽ എഡിറ്റ് ചെയ്യാനും എനിക്ക് കഴിയും. എല്ലാത്തിലുമുപരി സർഗാത്മകമെന്ന് കണക്കാക്കുന്നവയുടെ നിലവാരം അവയിലൂടെ മെച്ചപ്പെടുത്താമെന്നും ഞാൻ കരുതുന്നു.

എന്നാൽ എനിക്ക് ചില എതിർപ്പുകളുണ്ട്.

ചെറുതാവട്ടെ വലുതാവട്ടെ അവയുടെ കൃത്യതക്കുറവുകളാണ് ഒരു പ്രധാനപ്പെട്ട പ്രശ്നം. കോപൈലറ്റും ചാറ്റ്ജിപിറ്റിയും ഉപയോഗിച്ച് ആശയങ്ങൾ വെറും പൊള്ളയായവയാണോ അല്ലയോ എന്ന് കണ്ടെത്താനാണ് ഞാൻ നിരന്തരം ശ്രമിച്ചത്. ഉദാഹരണത്തിന് ദുർബലമായ കോഡുകൾ അല്ലെങ്കിൽ അർഥശൂന്യമായ വാക്യങ്ങൾ, തെറ്റായ സമീകരണങ്ങളോ നിഗമനങ്ങളോ ആയ തികച്ചും തെറ്റായ ഫലങ്ങൾ, പ്രവർത്തിപ്പിക്കാൻ പറ്റാത്ത കോഡുകൾ തുടങ്ങിയവ. ഈ ടൂളുകൾ ഉത്പാദിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ച് ഉപയോക്താക്കൾക്ക് ഒരു വിമർശനാത്മക സമീപനമില്ലെങ്കിൽ ഇവയുണ്ടാക്കാവുന്ന അപകടസാധ്യത ഏറെയാണ്.

ഈയടുത്ത് മെറ്റ അതിൻറെ ശാസ്ത്രീയ വാക്യങ്ങൾക്കായുള്ള ഗലക്റ്റിക്ക (Galactica) എന്ന ബൃഹദ് ഭാഷാ മാതൃകയെ പ്രവർത്തനരഹിതമാക്കി. അത് അവാസ്തവമായ കാര്യങ്ങൾ വാസ്തവമെന്ന് തോന്നിക്കുന്ന തരത്തിൽ അവതരിപ്പിച്ചു എന്നതായിരുന്നു കാരണം. വാസ്തവമെന്ന് തോന്നിക്കുന്ന അസത്യങ്ങളാൽ ഇൻ്റർനെറ്റിനെ മലീമസമാക്കുമെന്നതായിരുന്നു അതിന് പിന്നിലെ ആശങ്ക.


മറ്റൊരു പ്രശ്നം പക്ഷപാതിത്വങ്ങളാണ്. ഭാഷാ മാതൃകകൾക്ക് കൊടുക്കുന്ന വിവരങ്ങളുടെ പക്ഷപാതിത്വങ്ങളിൽ പഠിക്കാനും അത് പകർത്താനും കഴിയും. ഈ പക്ഷപാതിത്വങ്ങളെ വാക്യനിർമ്മിതിയിൽ കണ്ടെത്താൻ പ്രയാസകരമായിരിക്കും. എന്നാൽ ചിത്രനിർമ്മിതികളിൽ അത് പ്രകടമായിരിക്കും. ചാറ്റ്ജിപിറ്റിയുടെ നിർമാതാക്കളായ ഓപ്പൺഎഐയിലുള്ള ഗവേഷകർ ഈ മാതൃക എങ്ങനെ പ്രതികരിക്കുമെന്നതിനെ കുറിച്ച് താരതമ്യേന ജാഗ്രതയുള്ളവരായിരിക്കുമ്പോൾ തന്നെ ഉപയോക്താക്കൾ ഈ സുരക്ഷാ വലയങ്ങളെ ഭേദിക്കുന്നത് പതിവായിരിക്കുകയാണ്.

മറ്റൊരു പ്രശ്നമാണ് രചനാമോഷണം. ഈയടുത്ത് നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നത് ചിത്ര നിർമാണ ടൂളുകൾ പലപ്പോഴും മറ്റുള്ളവരുടെ വർക്കുകളെ പകർത്തുന്നു എന്നതാണ്. സമാന വസ്തുത ചാറ്റ്ജിപിറ്റിയുടെ കാര്യത്തിലും സംഭവിക്കുമോ? അതേകുറിച്ച് നമുക്കറിയില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഈ ടൂൾ മിക്കവാറും അതിൻ്റെ പരിശീലന വിവരങ്ങളെ പരാവർത്തനം (paraphrase) ചെയ്യുകയായിരിക്കും. അതായത് രചനാമോഷണത്തിൻ്റെ ഒരു പുരോഗമിച്ച രൂപം. പരാവർത്തനം ചെയ്യുന്നത് തിരിച്ചറിയുന്ന കാര്യത്തിൽ വാക്യങ്ങളിലെ രചനാമോഷണം കണ്ടെത്തുന്ന പ്ലേജരിസം (plagiarism) ടൂളുകൾ വളരെ പിന്നിലാണ് എന്നതാണ് എൻ്റെ ലാബുകളിലെ പഠനങ്ങൾ കാണിച്ചുതരുന്നത്.

ഈ ടൂളുകളുടെ ശേഷികൾ വെച്ച് നോക്കുമ്പോൾ ഇവയൊക്കെ അവയുടെ ശൈശവ ദശയിലാണ്. അവയുടെ നിലവിലെ പരിമിതികൾക്ക് പരിഹാരങ്ങളുണ്ടെന്നാണ് ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ ഞാൻ വിശ്വസിക്കുന്നത്. ഉദാഹരണമായി, ടൂളുകൾക്ക് നിർമിത വാക്യങ്ങളെ ജ്ഞാന ശേഖരങ്ങളുമായി ഒത്തുനോക്കി ഫാക്റ്റ് ചെക്ക് നടത്താൻ കഴിയും, നവീകരിച്ച രീതികൾ ഉപയോഗിച്ച് ബൃഹദ് ഭാഷാ മാതൃകകളിൽ നിന്ന് പക്ഷപാതിത്വങ്ങളെ തിരിച്ചറിയാനും നീക്കം ചെയ്യാനും കഴിയും. അതുപോലെ ഫലങ്ങളെ കുറച്ചുകൂടെ മികവാർന്ന പ്ലേജരിസം ടൂളുകളിലൂടെ കടത്തിവിടാനും സാധിക്കും.

മനുഷ്യരെ മറികടക്കുന്നതോടെ വൈദഗ്ധ്യം നേടിയതും 'മനുഷ്യനിർമിതവുമായ’ തൊഴിലുകൾ അവശേഷിക്കും

- കെൻ്റാരോ തൊയാമ (കമ്മ്യൂണിറ്റി ഇൻഫർമേഷൻ പ്രൊഫസർ, മിഷിഗൻ യൂണിവേഴ്സിറ്റി)

നമ്മൾ മനുഷ്യർ നമ്മുടെ വ്യതിരിക്തതയിൽ വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ഈ വിശ്വാസം തെറ്റാണെന്ന കാര്യം ശാസ്ത്രവും സാങ്കേതികവിദ്യയും തുടർച്ചയായി തെളിയിച്ചുകൊണ്ടിരുന്നു. ആയുധങ്ങൾ ഉപയോഗിക്കുന്ന, സംഘങ്ങൾ രൂപീകരിക്കുന്ന, സംസ്കാരം പകർന്നുകൊടുക്കുന്ന ഏക ജീവികൾ മനുഷ്യരാണെന്ന് ആളുകൾ വിചാരിച്ചിരുന്ന ഒരു ഘട്ടമുണ്ടായിരുന്നു. പക്ഷേ ഇക്കാര്യങ്ങളോരോന്നും മറ്റു ജീവികളും ചെയ്യുന്നുണ്ടെന്ന് ശാസ്ത്രം കാണിച്ചുതന്നു.

അതേസമയം ബൗദ്ധിക വ്യായാമങ്ങൾക്ക് മനുഷ്യ മസ്തിഷ്കം ആവശ്യമാണെന്ന വാദത്തെ സാങ്കേതിക വിദ്യ ഒന്നിനു പുറകെ ഒന്നായി റദ്ദു ചെയ്തുകൊണ്ടിരുന്നു. ആദ്യത്തെ സങ്കലന യന്ത്രം കണ്ടുപിടിച്ചത് 1623ലാണ്. ഇക്കഴിഞ്ഞ വർഷം ഒരു കമ്പ്യൂട്ടർ നിർമിത പെയിൻറ്റിങ് ഒരു കലാമത്സരത്തിൽ വിജയിച്ചു. ഞാൻ വിശ്വസിക്കുന്നത് കമ്പ്യൂട്ടറുകൾ മനുഷ്യ ധിഷണയെ മറികടക്കുന്ന വിചിത്ര ഘട്ടം അടുത്തെത്തിയെന്നാണ്.

ഏറ്റവും പ്രഗത്ഭരായ മനുഷ്യരെക്കാളും സമർഥവും ക്രിയാത്മകവുമായി യന്ത്രങ്ങൾ മാറുമ്പോൾ മനുഷ്യ ബുദ്ധിയെയും ക്രിയാത്മകതയെയും എങ്ങനെയാണ് വിലയിരുത്തുക? അതിനൊരു തുടർച്ചയുണ്ടാകാനാണ് സാധ്യത. ചില മേഖലകളിലെങ്കിലും ആളുകൾ മനുഷ്യർ കാര്യങ്ങൾ ചെയ്യുന്നതിനാണ് - യന്ത്രങ്ങൾ അതെത്ര മികച്ച രീതിയിൽ ചെയ്യുമെങ്കിലും - വിലകൽപ്പിക്കുക. ഐ.ബി.എമ്മിൻ്റെ ഡീപ് ബ്ലൂ (എ.ഐ ഉപയോഗിച്ചുള്ള ചെസ്സ് പ്രോഗ്രാം) ലോകചാമ്പ്യൻ ഗാരി കാസ്പറോവിനെ കീഴടക്കിയിട്ട് കാൽനൂറ്റാണ്ട് കഴിഞ്ഞു. എന്നിട്ടും മനുഷ്യരുടെ ചെസ് അതിൻ്റെ എല്ലാ നാടകീയതകളോടെയും ഇന്നും അരങ്ങേറുന്നു.

1996ലും 1997ലുമായിരുന്നു ഐ.ബി.എമ്മിൻ്റെ ഡീപ് ബ്ലൂവും ലോക ചാമ്പ്യൻ ഗാരി കാസ്പറോവും തമ്മിലെ ചെസ് മത്സരം.


മനുഷ്യശേഷി ഉപയോഗപ്പെടുത്തുന്നത് ചിലവേറിയതും അസംഗതവുമായ മറ്റ് മേഖലകളുണ്ടാകും. ഉദാഹരണത്തിന് ഈ ചിത്രീകരണം നോക്കുക:


മിക്കപ്പോഴും മാഗസിൻ ലേഖനത്തിൻ്റെ കൂടെയുള്ള ചിത്രം വരച്ചത് ഒരു വ്യക്തിയാണോ അതോ കമ്പ്യൂട്ടറാണോ എന്നത് വായനക്കാർ ശ്രദ്ധിക്കാറില്ല. അവരെ സംബന്ധിച്ചിടത്തോളം അത് പ്രസക്തവും പുതുമയുള്ളതും പലപ്പോഴും ആസ്വാദ്യവുമായിരിക്കണം. ഒരു കമ്പ്യൂട്ടറിന് നന്നായി വരക്കാൻ കഴിയുമെങ്കിൽ കടപ്പാട് കൊടുക്കുന്ന ഭാഗത്ത് മേരി ചെൻ എന്നാണോ അതല്ല സിസ്റ്റം എക്സ് എന്നാണോ എന്ന് വായനക്കാർ നോക്കുന്നുണ്ടാകുമോ? ചിത്രകാരന്മാർ നോക്കുന്നുണ്ടായിരിക്കും. പക്ഷേ വായനക്കാർ അതൊന്നും ശ്രദ്ധിക്കുന്നു പോലുമുണ്ടാകില്ല.

അതോടൊപ്പം തീർച്ചയായും ഈ ചോദ്യം കറുപ്പും വെളുപ്പുമല്ല. പല മേഖലകളും സങ്കര സ്വഭാവത്തിലായിരിക്കും. അധിക ജോലികളും കമ്പ്യൂട്ടറുകൾ നിർവഹിക്കുമ്പോൾ ഭാഗ്യവാന്മാരായ ചില മനുഷ്യർ വൈദഗ്ധ്യം വേണ്ടുന്ന ചില സ്ഥാനങ്ങൾ കണ്ടെത്തും. ഉത്പാദനത്തെ കുറിച്ച് ആലോചിക്കുമ്പോൾ ഇന്നധികവും നിർവഹിക്കപ്പെടുന്നത് റോബോട്ടുകളാലാണ്. പക്ഷേ, ചില മനുഷ്യർക്ക് യന്ത്രങ്ങളുടെ മേൽനോട്ടം വഹിക്കേണ്ടി വരുന്നു. അതോടൊപ്പം മനുഷ്യ നിർമിത ഉത്പന്നങ്ങൾക്കുള്ള വിപണി വേറെയായി അവശേഷിക്കുകയും ചെയ്യുന്നു.

ചരിത്രമെന്നത് ഏതെങ്കിലും തരത്തിലുള്ള ഒരു വഴികാട്ടിയാണെങ്കിൽ നിർമിത ബുദ്ധിയിലെ മുന്നേറ്റങ്ങൾ ഒരുപാട് തൊഴിലുകൾ അപ്രത്യക്ഷമാകാൻ കാരണമാകും എന്നുള്ളത് അത് തീർച്ചപ്പെടുത്തുന്നുണ്ട്. മനുഷ്യമാത്ര വൈഭവമുള്ള ക്രിയാത്മക വിഭാഗം സമ്പന്നരായിരിത്തീരും. പക്ഷേ അവർ എണ്ണത്തിൽ തുച്ഛമായിരിക്കും. എന്നാൽ അതോടൊപ്പം ക്രിയാത്മകമായ സാങ്കേതികവിദ്യ കൂടി കൈവശമുള്ളവരായിരിക്കും അതിസമ്പന്നരായിത്തീരാൻ പോകുന്നത്. ഏതെങ്കിലും തരത്തിലുള്ള ശുഭപ്രതീക്ഷയുണ്ടെങ്കിൽ അത്, മാന്യമായ ഉപജീവനം കണ്ടെത്താൻ കഴിയാത്ത കുറേ മനുഷ്യർ നിയന്ത്രണ വിധേയമല്ലാത്ത അസമത്വത്തെ രാഷ്ട്രീയമായ ഇച്ഛാശക്തി സംഭരിച്ച് നേരിടുമായിരിക്കും എന്നുള്ളതാണ്.


പഴയ തൊഴിലുകൾക്ക് വിട... ഇനി പുതിയ തൊഴിലുകളുടെ കാലം…

- മാർക്ക് ഫിൻലെയ്സൻ (കമ്പ്യൂട്ടർ സയൻസ് അസോസിയേറ്റ് പ്രൊഫസർ, ഫ്ലോറിഡ ഇൻ്റർനാഷണൽ യൂനിവേഴ്സിറ്റി)

ബൃഹദ് ഭാഷാ മാതൃകകൾ സങ്കീർണമായ ശ്രേണികൾ (sequences) പൂർത്തീകരിക്കാൻ ശേഷിയുള്ള മെഷീനുകളാണ്. ഉദാഹരണത്തിന് "എന്റെ പഴകൊട്ടയിൽ ഇപ്പോഴുള്ളത്.." എന്ന ശ്രേണി ഒരു ബൃഹദ് ഭാഷാ മാതൃകക്ക് നൽകിയാൽ "ആപ്പിളുകളാണ്" എന്ന് കൂട്ടിച്ചേർത്ത് അത് മറുപടി നൽകും. ചാറ്റ്ജിപിറ്റിയെപ്പോലുള്ള ബൃഹദ് ഭാഷാ മാതൃകകൾ ട്രില്യൺ കണക്കിന് വാക്കുകളാൽ പരിശീലിക്കപ്പെട്ട എ.ഐ ടൂളാണ്. ഇത്തരം ബൃഹദ് ഭാഷാ മാതൃകകളുടെ തന്മയത്വവും സമഗ്രതയും വഴക്കവും സന്ദർഭത്തിനനുസരിച്ച് സംവേദനം ചെയ്യാനുള്ള ശേഷിയും എ.ഐ ഗവേഷകരെപ്പോലും അമ്പരപ്പിച്ചിട്ടുണ്ട്.

ഓട്ടോമാറ്റിക് സംവിധാനത്തെ പ്രയോജനപ്പെടുത്തുന്ന ഏതൊരു സാങ്കേതിക വിദ്യയും വിപണിയിൽ പ്രസ്തുത കഴിവിനെ വിറ്റ് ഉപജീവനം കണ്ടെത്തുന്ന ജനതയെ ഗുരുതരമായി ബാധിക്കും. ഇവിടെ എ.ഐ ടൂളുകൾ അനുരൂപവും സാധാരണവുമായ വാചകങ്ങളെ നിർമ്മിക്കുമ്പോൾ അതേ തൊഴിൽ ചെയ്ത് ജീവിക്കുന്ന മനുഷ്യരുടെ കാര്യം പ്രയാസത്തിലാവും. ഇത് മനസിലാക്കാൻ 1980കളിൽ വേഡ് പ്രൊസസിങ് പ്രോഗ്രാമുകൾ ആദ്യമായി അവതരിപ്പിച്ചപ്പോഴുണ്ടായ അനന്തരഫലങ്ങൾ മാത്രം പരിശോധിച്ചാൽ മതി. ടൈപ്പിസ്റ്റ് പോലുള്ള ചില തൊഴിൽ മേഖലകൾ പാടെ അപ്രത്യക്ഷമായി. അതേസമയം ഒരു പേർസണൽ കമ്പ്യൂട്ടർ കൈവശമുള്ള ഏതൊരാൾക്കും മികച്ച നിലവാരമുള്ള ഡിജിറ്റൽ രേഖകൾ ഏളുപ്പത്തിൽ സ്വയം നിർമിക്കാൻ സാധിക്കുന്ന സാഹചര്യമുണ്ടായി. ഇത് ഉൽപാദനക്ഷമതയിലെ വർധനവിനും കാരണമായി.

കൂടാതെ, മുൻകാലങ്ങളിൽ ഊഹിക്കുക പോലും സാധ്യമല്ലാതിരുന്ന ചില തൊഴിലുകളുടേയും കഴിവുകളുടേയും ആവിർഭാവത്തിനും ഇതിടയാക്കി. എംഎസ് ഓഫീസിലെ റെസ്യൂമെ ഫീച്ചർ ഇതിൻ്റെ ഉദാഹരണമാണ്. ഉയർന്ന നിലവാരവും ശേഷിയും സാങ്കേതികതയും ഉൾക്കൊള്ളുന്ന രേഖകൾക്ക് വിപണിയിൽ ആവശ്യകത സൃഷ്ടിക്കാനും ഇത് കാരണമായി. എൻ്റെ വീക്ഷണത്തിൽ ബൃഹദ് ഭാഷാ മാതൃകകളുടെ കാര്യത്തിലും ഇതേ മാതൃക ആവർത്തിക്കാനാണ് സാധ്യത. ഇനിയങ്ങോട്ട് അനുരൂപവും സാധാരണവുമായ വാചകങ്ങൾ നിർമ്മിക്കാൻ മറ്റു വ്യക്തികളെ ആശ്രയിക്കേണ്ടതില്ല. ബൃഹദ് ഭാഷാ മാതൃകകൾ തന്നെ ധാരാളം. അതേസമയം നവീനവും മുൻകാലങ്ങളിൽ ഊഹിക്കുക പോലും സാധ്യമല്ലാതിരുന്ന പല തൊഴിലുകളുടെ സൃഷ്ടിപ്പിലേക്കും ഇത് നയിക്കുമെന്നത് തീർച്ചയാണ്.


ഇത് തിരിച്ചറിയാൻ ബൃഹദ് ഭാഷാ മാതൃകകളുടെ അപര്യാപ്തത വെളിപ്പെടുന്ന മൂന്ന് ഘട്ടങ്ങളെ പരിശോധിച്ചാൽ മതി.

ഒന്നാമതായി, ഉപയോക്താവ് ഉദ്ദേശിക്കുന്ന തരത്തിലുള്ള ഫലം ലഭിക്കാനാവശ്യമായ നിർദേശങ്ങൾ നിർമ്മിക്കാൻ മാനുഷികമായ നൈപുണ്യം അത്യാവശ്യമാണ്. ഈ പ്രോംപ്റ്റുകളിലെ ചെറിയ മാറ്റങ്ങൾ പോലും ഫലങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കും.

രണ്ടാമതായി, ബൃഹദ് ഭാഷാ മാതൃകകൾ അനുചിതവും അർഥശൂന്യവുമായ ഫലങ്ങൾ യാതൊരു മുന്നറിയിപ്പും കൂടാതെ ഉൽപാദിപ്പിക്കാൻ സാധ്യതയുണ്ട്.

മൂന്നാമതായി, എ.ഐ വിദഗ്ധരുടെ അഭിപ്രായത്തിൽ ബൃഹദ് ഭാഷാ മാതൃകകക്ക് അമൂർത്തമായ ധാരണകൾ ഒന്നും തന്നെയില്ല. തെറ്റും ശരിയും വിവേചിച്ചറിയാനുള്ള സാമാന്യബോധം ഇത്തരം മാതൃകകൾക്കില്ല എന്ന് ചുരുക്കം. പ്രത്യേകിച്ച്, താരതമ്യേന വളരെ ലളിതമായ മനോവ്യവഹാരം നടത്താൻ പോലും ഇവക്ക് സാധിക്കുന്നില്ല. ഇത് തെറ്റിദ്ധരിപ്പിക്കുന്ന, പക്ഷപാതപൂർണമായ, യുക്തിരഹിതമായ, അതുമല്ലെങ്കിൽ പ്രഥമദൃഷ്ട്യാ തന്നെ അവാസ്തവമായ ഫലങ്ങളിലേക്ക് നയിക്കാനിടയാക്കും.

ഇത്തരം അപര്യാപ്തതകൾ സൃഷ്ടിപരതയുള്ള നോളജ് വർക്കേഴ്‌സിൻ്റെ സാധ്യത വർധിപ്പിക്കുന്നുണ്ട്. സാധാരണക്കാരായ വായനക്കാർക്കു വേണ്ടി തയ്യാറാക്കുന്ന കണ്ടൻ്റുകൾക്കു പോലും പ്രോംപ്റ്റ് ചെയ്യുവാനും ഒത്തുനോക്കുവാനും എഡിറ്റ് ചെയ്യുവാനും സർവ്വോപരി യന്ത്രങ്ങൾ നൽകുന്ന ഫലങ്ങളെ യാഥാർഥ്യമാക്കുവാനും മാനുഷികമായ സൃഷ്ടിപരതയും നോളജ് വർക്കേഴ്സും അത്യാവശ്യമാണ്. സമീപകാല ഭാവിയിലേക്ക് നോക്കുമ്പോൾ പല രൂപത്തിലുള്ള സവിശേഷമായ ഉയർന്ന സാങ്കേതിക ഭാഷകൾ മെഷീനുകളുടെ കൈയ്യെത്താദൂരത്ത് തന്നെയായിരിക്കാനാണ് സാധ്യത. കൂടാതെ പുതിയ തൊഴിൽ സാധ്യതകളും ഇക്കാലയളവിൽ രൂപപ്പെട്ടു വരും. കമ്പോളത്തെ തൃപ്തിപ്പെടുത്താനായുള്ള ചില പ്രത്യേക രൂപത്തിലുള്ള പ്രതികരണങ്ങളെ ഉത്പാദിപ്പിക്കാൻ ബൃഹദ് ഭാഷാ മാതൃകകളിൽ ചില ക്രമീകരണങ്ങൾ വരുത്തിയുള്ള ബിസിനസുകൾ ഇത്തരം പുതിയ തൊഴിലുകൾക്കുള്ള മികച്ച ഉദാഹരണമാണ്.

ചുരുക്കത്തിൽ, ബൃഹദ് ഭാഷാ മാതൃകകൾ ക്രിയാത്മകതക്കും നോളജ് വർക്കേഴ്സിനും തടസങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇത്തരം പുതിയകാല ടൂളുകളെ ഏറ്റെടുക്കാനും ഉപയോഗപ്പെടുത്താനും സന്നദ്ധരായ ഒരു സമൂഹത്തിന് ധാരാളം വിലപ്പെട്ട അവസരങ്ങൾ ഇവ മുന്നോട്ടു വെക്കുന്നു.

സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടം പുതിയ കഴിവുകളുടെ കണ്ടെത്തലുകളിലേക്ക്

- കേസീ ഗ്രീൻ (ബയോ മെഡിക്കൽ ഇൻഫർമാറ്റിക്സ് പ്രൊഫസർ, യൂനിവേഴ്സിറ്റി ഓഫ് കൊളറാഡോ ആൻഷൂട്ട്സ് മെഡിക്കൽ കാമ്പസ്)

സാങ്കേതികവിദ്യ തൊഴിലുകളുടെ പ്രകൃതത്തെ മാറ്റിമറിക്കുന്നു എന്നുള്ളത് യാഥാർഥ്യമാണ്. നോളജ് വർക്കും ഇതിന്ന് അപവാദമല്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ തന്മാത്രാ പഠനങ്ങളിലുണ്ടായ ദ്രുതഗതിയിലുള്ള പുരോഗമനം കാരണം ജീവശാസ്ത്രവും വൈദ്യശാസ്ത്രവും വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ചെലവ് കുറഞ്ഞതും വേഗതയേറിയതുമായ ഡി.എൻ.എ ശ്രേണീകരണം, ആപ്പുകളുടെ രൂപത്തിലുള്ള വൈദ്യശാസ്ത്രത്തിൻ്റെ ഡിജിറ്റൽവൽക്കരണം, ടെലിമെഡിസിൻ, വിവര വിശകലനം തുടങ്ങിയവ ഇത് സൂചിപ്പിക്കുന്നു.

സാങ്കേതികവിദ്യയിലുണ്ടാകുന്ന ചില ചുവടുവെപ്പുകൾ മറ്റുള്ള മാറ്റങ്ങളെക്കാൾ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. വേൾഡ് വൈഡ് വെബിൻ്റെ പ്രാരംഭദശയിൽ, ഉയർന്ന് വരുന്ന കണ്ടെൻ്റുകളെ ചിട്ടപ്പെടുത്താൻ യാഹൂ മനുഷ്യരിൽ നിന്നുള്ള മേൽനോട്ടക്കാരെ ചുമതലപ്പെടുത്തുകയുണ്ടായി. എന്നാൽ സെർച്ച് റിസൾട്ടുകളെ മുൻഗണനാ ക്രമത്തിൽ ക്രമീകരിക്കുന്നതിനായി വെബ്ബിനകത്തെ പരസ്പരബന്ധിതമായ പാറ്റേണുകളെ ഉപയോഗപ്പെടുത്തുന്ന അൽഗോരിതത്തിൻ്റെ കടന്നുവരവോടെ വിവരങ്ങൾ കണ്ടെത്തുന്ന രീതി പാടെ മാറുകയുണ്ടായി.

ഓപ്പൺഎഐയുടെ ചാറ്റ്ജിപിറ്റിയുടെ കടന്നുവരവ് മറ്റൊരു കുതിച്ചു ചാട്ടത്തെ കുറിക്കുന്നു. സംഭാഷണങ്ങൾക്കായി തയ്യാറാക്കപ്പെട്ട ഏറ്റവും പുതിയ ബൃഹദ് ഭാഷാ മാതൃകയായ ചാറ്റ്ജിപിറ്റി അങ്ങേയറ്റം പ്രയോജനപ്രദമായ ഒരു സമ്പർക്കമുഖമായി സ്വയം വർത്തിക്കുന്നു. ഇത് ഒരു പതിറ്റാണ്ടിനിടയിലുണ്ടായ നിർമ്മിത ബുദ്ധിയുടെ ദ്രുതഗതിയിലുള്ള പുരോഗതിയെ അടയാളപ്പെടുത്തുന്നു. ഈ ടൂളിന് കവർ ലെറ്ററുകൾ എഴുതാനും ഉപയോക്താവ് തിരഞ്ഞെടുത്ത ഭാഷാശൈലിയിലെ പൊതുവായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ അവരോട് നിർദേശിക്കാനും സാധിക്കും.


ഗൂഗിളിൻ്റെ കടന്നുവരവോടെ ഇൻ്റർനെറ്റിലെ വിവരങ്ങൾ കണ്ടെത്തുന്നതിലുള്ള ശേഷിയിൽ മാറ്റം വന്നതു പോലെ, എ.ഐ ടൂളുകളുടെ കടന്നുവരവോടെ ബൃഹദ് ഭാഷാ മാതൃകകളിൽ നിന്നും ഏറ്റവും മികച്ച ഫലങ്ങൾ ലഭ്യമാക്കുന്നതിനായുള്ള കഴിവുകൾ പ്രോംപ്റ്റ് നിർമിക്കുന്നതിലും അതിനുള്ള മാതൃകകൾ ഉത്പാദിപ്പിക്കുന്നതിലും കേന്ദ്രീകരിക്കപ്പെടും. ഇതുവഴി ഉദ്ദിഷ്ട രൂപത്തിലുള്ള ഫലങ്ങൾ ലഭ്യമാവുകയും ചെയ്യും.

ഉദാഹരണത്തിന് എ.ഐ ടൂളുകൾ ഉപയോഗിച്ചുകൊണ്ട് ഒരു കവർ ലെറ്റർ തയ്യാറാക്കുകയാണെന്ന് കരുതുക. ഇവിടെ പല തരത്തിലുള്ള പ്രോംപ്റ്റുകൾ ഉപയോഗിക്കാം. “ഡാറ്റാ എൻട്രി സ്പെഷ്യലിസ്റ്റ് ജോലിക്ക് വേണ്ട ഒരു കവർ ലെറ്റർ എഴുതുക” എന്ന പ്രോംപ്റ്റ് പ്രത്യേകമായ ഫലം ഉത്പാദിപ്പിക്കുമ്പോൾ “ഒരു ജോലിക്ക് വേണ്ട ഒരു കവർ ലെറ്റർ എഴുതുക” എന്ന പ്രോംപ്റ്റ് ഏത് തൊഴിലിനോടും ചേർത്ത് വെക്കാവുന്ന കവർ ലെറ്റർ ഉത്പാദിപ്പിക്കുന്നു. ജോലി സംബന്ധിയായ കൂടുതൽ വിശദാംശങ്ങളും നിർദേശങ്ങളും റെസ്യൂമെ അടക്കമുള്ള മറ്റു വിവരങ്ങളും പ്രോംപ്റ്റുകളായി നൽകിക്കഴിഞ്ഞാൽ അതത് ജോലിക്കുതകുന്ന പ്രത്യേകമായ ഫലങ്ങൾ ഉത്പാദിപ്പിക്കാം.

സാങ്കേതികവിദ്യയിലുണ്ടായ മറ്റെല്ലാ പുരോഗതികളെയും പോലെത്തന്നെ എ.ഐ മാതൃകകളുടെ കടന്നുവരവും വിശാല പ്രപഞ്ചവുമായി മനുഷ്യർ ഇടപെടുന്ന രീതിയെ മാറ്റിമറിക്കും. ഇവിടെ ഉയരുന്ന ഏറ്റവും പ്രസക്തമായ ചോദ്യം ഒന്ന് മാത്രമാണ്. സമൂഹം ഈയൊരു ചരിത്രഘട്ടത്തെ സമത്വം ഉറപ്പ് വരുത്താനാണോ?, അതല്ല, വിവേചനങ്ങൾക്ക് ആക്കം കൂട്ടാനാണോ ഉപയോഗപ്പെടുത്തുക?

കുറിപ്പുകൾ:

1. പഠനപരിശീലനങ്ങളിലൂടെ സ്വായത്തമാക്കുന്ന അറിവിനെ ഉപയോഗപ്പെടുത്തി ജോലി ചെയ്യുന്നവർ. ഡോക്ടർ, ഡിസൈനർ മുതൽ അക്കാദമീഷ്യൻ വരെ ഈ ഗണത്തിൽ പെടുന്നവരാണ്.

2. വലിയ വിവരശേഖരത്തിൽ നിന്നുള്ള അറിവുകളുടെ അടിസ്ഥാനത്തിൽ നേരത്തെ പരിശീലിക്കപ്പെട്ട മാതൃകയിൽ വാക്യങ്ങളെ ഉത്പാദിപ്പിക്കാനും പ്രവചിക്കാനും വിവർത്തനം ചെയ്യാനും സംഗ്രഹിക്കാനും തിരിച്ചറിയാനും ശേഷിയുള്ള കൃത്യതയേറിയ നിർദേശങ്ങളുടെ ഒരു കൂട്ടം (algorithm).

3. നിർമിത ബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ.

4. പ്രത്യേക പ്രവൃത്തികൾ നിർവഹിക്കുന്നതിനായി ഒരു കമ്പ്യൂട്ടറിലേക്ക് നൽകപ്പെടുന്ന നിർദേശങ്ങൾ.

കടപ്പാട്: ദി കോൺവർസേഷൻ

സ്വതന്ത്ര വിവർത്തനം: ഷഹീൻ അഹ്‌മദ്

Show More expand_more
News Summary - AI and the future of work