ഗാന്ധി വധത്തിന് 75 വർഷങ്ങൾ; ഓർക്കുക, ഗോദ്സെമാർ നമുക്കിടയിൽ തന്നെയുണ്ട്
text_fields
ഹിന്ദുരാഷ്ട്രത്തിനായി പ്രവർത്തിക്കുന്ന ഓരോ സംഘടനയും നാഥുറാമിനെ ഒളിഞ്ഞും തെളിഞ്ഞും ആരാധിക്കുന്നത് നാം കണ്ടുവരുന്നു. ഗാന്ധിജിയെക്കാൾ ഗാന്ധിജിയെ കൊലപ്പെടുത്തിയവർക്കും അവരുടെ രാഷ്ട്രീയത്തിനും പ്രാധാന്യം വരുന്നു. അതിനാൽ ഗാന്ധി സ്മരണ എന്നത് ഗോദ്സെ രാഷ്ട്രീയത്തിന്റെ എതിർ ഓർമയാണ് എന്ന് കവികൂടിയായ ലേഖകൻ വാദിക്കുന്നു. മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1074 പ്രസിദ്ധീകരിച്ചത്അഞ്ചുവർഷങ്ങൾക്ക് മുമ്പുള്ള ഒരു ദിനം. ഒാൾഡ് പുണെയിലെ ഇടുങ്ങിയ തെരുവുകളിലൊന്നിൽ...
Your Subscription Supports Independent Journalism
View Plansഹിന്ദുരാഷ്ട്രത്തിനായി പ്രവർത്തിക്കുന്ന ഓരോ സംഘടനയും നാഥുറാമിനെ ഒളിഞ്ഞും തെളിഞ്ഞും ആരാധിക്കുന്നത് നാം കണ്ടുവരുന്നു. ഗാന്ധിജിയെക്കാൾ ഗാന്ധിജിയെ കൊലപ്പെടുത്തിയവർക്കും അവരുടെ രാഷ്ട്രീയത്തിനും പ്രാധാന്യം വരുന്നു. അതിനാൽ ഗാന്ധി സ്മരണ എന്നത് ഗോദ്സെ രാഷ്ട്രീയത്തിന്റെ എതിർ ഓർമയാണ് എന്ന് കവികൂടിയായ ലേഖകൻ വാദിക്കുന്നു. മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1074 പ്രസിദ്ധീകരിച്ചത്
അഞ്ചുവർഷങ്ങൾക്ക് മുമ്പുള്ള ഒരു ദിനം. ഒാൾഡ് പുണെയിലെ ഇടുങ്ങിയ തെരുവുകളിലൊന്നിൽ ഞങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം തിരക്കിൽ കുരുങ്ങിനിന്നു. പുണെ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലിെൻറ മത്സരവിഭാഗത്തിൽ ഞാൻ തിരക്കഥയെഴുതിയ ‘പാതിരകാലം’ എന്ന സിനിമ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. അതിൽ പെങ്കടുക്കാനാണ് ഞാനും ആ സിനിമയുടെ സംവിധായകൻ പ്രിയനന്ദനനും പുണെയിലെത്തിയത്. അവിടെ താമസിക്കുന്ന ഞങ്ങളുടെ പ്രിയസുഹൃത്ത് കാർട്ടൂണിസ്റ്റും ചിത്രകാരനുമായ സുനിൽ നമ്പു എന്ന സുനിൽരാജും അന്ന് ഞങ്ങൾക്കൊപ്പം കൂടിയിരുന്നു. പുെണമലയാളികളുടെ ഒരു കൂട്ടായ്മയിൽ പെങ്കടുക്കാൻ അതിെൻറ ഭാരവാഹിയായിരുന്ന ഹരിനാരായണൻ ക്ഷണിച്ചതിനെ തുടർന്ന് അവിടേക്ക് പോവുകയായിരുന്നു ഞങ്ങൾ. അന്ന് പുണെയിൽ താമസിക്കുന്ന പ്രിയസുഹൃത്തും കഥാകൃത്തുമായ ഇ. സന്തോഷ്കുമാറും പ്രസ്തുത കൂടിച്ചേരലിൽ പെങ്കടുക്കാൻ വരുന്നുണ്ട്. തൃശൂർ വിട്ടതിന് ശേഷം സന്തോഷിനെ ആദ്യമായി കാണാൻ പോകുകയാണ്. അതായിരുന്നു എെൻറ രഹസ്യാഹ്ലാദം.
പക്ഷേ, ഒാൾഡ് പുണെ അതിെൻറ ഇടുക്കംകൊണ്ടും വാഹനപ്പെരുപ്പംകൊണ്ടും ഞങ്ങളെ കുടുക്കി. എെൻറ തലമുറയിലെ ആരെയുംപോലെ മൊബൈലിൽ തലപൂഴ്ത്താതെ പുറത്തേക്ക് നോക്കിയിരുന്നു. പലതരം മനുഷ്യരുെട മുഖഭാവങ്ങളിൽനിന്ന് അവരുടെ കഥ പിടിച്ചെടുക്കാൻ ശ്രമിച്ചു.
പെെട്ടന്ന് സുനിൽ നമ്പു ഒരാളെ ചൂണ്ടിക്കാട്ടി: ‘‘ദാ, നാഥുറാം ഗോദ്സെ.’’
ഞാൻ അയാളെ നോക്കി. ചിത്രങ്ങളിൽ കണ്ടിട്ടുള്ള ഗോദ്സെയുടെ മുഖച്ഛായയുമായി സാദൃശ്യമുള്ള ഒരാൾ. വൃദ്ധൻ. ചിരിപോലൊന്ന് എെൻറ ചുണ്ട് ഉണ്ടാക്കി.
‘‘ഇതുപോലെ ഒരുപാട് മനുഷ്യർ ഇൗ ഭാഗത്തുണ്ട്. ഇൗ ഛായയുള്ളവർ’’, നമ്പു പറഞ്ഞു. ‘‘ഇൗ പ്രദേശത്തെവിടെനിന്നോ ആണ് സാക്ഷാൽ ഗോദ്സെ പുറപ്പെട്ടത്.’’
ഇത്തവണ ചുണ്ടിലെ ചിരി മാഞ്ഞു. സുഷുമ്നയിലൂടെ ചരിത്രത്തിെൻറ ഒരു വഴിത്തിരിവ് വൈദ്യുതാഘാതംപോലെ പാഞ്ഞു. ചരിത്രത്തിലെ ഒരു പാതിരാക്കാലം തുടങ്ങുന്നത് ഇവിടെനിന്നാണ് - ഞാൻ സ്വയം പറഞ്ഞു.
1994ൽ അരവിന്ദ് രാജഗോപാലിന് കൊടുത്ത ഇൻറർവ്യൂവിൽ ഗോപാൽ ഗോദ്സെ, നാഥുറാമിെൻറ സഹോദരനും ഗാന്ധി വധത്തിലെ കൂട്ടുപ്രതിയുമായ സദാശിവ് പേട്ടിലെ, വിനായക് എന്ന അപ്പാർട്മെൻറിലെ തെൻറ ഫ്ലാറ്റിൽ ഇരുന്ന് ഫ്രണ്ട്ലൈൻ ദ്വൈവാരികയുടെ പ്രതിനിധി അരവിന്ദ് രാജഗോപാലുമായി മറയില്ലാതെ സംസാരിച്ചു: ‘‘ഞങ്ങൾ സഹോദരർ. എല്ലാവരും ആർ.എസ്.എസിൽ ആയിരുന്നു. നാഥുറാം, ദത്താത്രേയ, ഞാൻ, ഗോവിന്ദ്. ഞങ്ങളുടെ വീട്ടിൽ എന്നതിനെക്കാൾ ആർ.എസ്.എസിലായിരുന്നു ഞങ്ങൾ വളർന്നത് എന്ന് ഒരാൾക്ക് പറയാൻ കഴിയുംവിധം. അത് ഞങ്ങൾക്ക് കുടുംബംപോലെയായിരുന്നു.’’
അക്കാലത്ത് എൽ.കെ. അദ്വാനി, നാഥുറാമിെൻറ ആർ.എസ്.എസ് ബന്ധം തള്ളിക്കളഞ്ഞ് പ്രസ്താവനയിറക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഗോപാൽ ഗോദ്സെയുടെ മറുപടി ഇതായിരുന്നു:
‘‘അയാളുടെ ഭീരുത്വമാണ് അങ്ങനെ പറയിക്കുന്നത്. ‘പോ, ഗാന്ധിയെ കൊല്ല്’ എന്നൊരു തീട്ടൂരം ആർ.എസ്.എസ് ഇറക്കിയിട്ടില്ലെന്ന് നിങ്ങൾക്ക് പറയാം. പക്ഷേ, നിങ്ങൾ നാഥുറാമിനെ തള്ളിക്കളയാൻ പാടില്ല. ഹിന്ദു മഹാസഭ ഒരിക്കലും നാഥുറാമിനെ തള്ളിപ്പറഞ്ഞിട്ടില്ല. 1944ൽ ഹിന്ദു മഹാസഭയുടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുേമ്പാൾ നാഥുറാം ആർ.എസ്.എസിെൻറ ‘ബൗദ്ധിക് കാര്യവാഹ്’ ആയിരുന്നു.

ഹിന്ദുരാഷ്ട്രത്തിനായി പ്രവർത്തിക്കുന്ന ഒാരോ സംഘടനയും നാഥുറാമിനെ ഒളിഞ്ഞും തെളിഞ്ഞും ആരാധിക്കുന്നത് നാം കണ്ടുവരുന്നു. ഗ്ലോബൽ ഹിന്ദു ഫൗണ്ടേഷൻ എന്ന വിദേശത്തെ ഒരു സംഘടന നരേന്ദ്ര മോദി അധികാരത്തിൽ വന്ന ഉടനെ മനുഷ്യവിഭവ മന്ത്രാലയത്തിനെഴുതി: ‘‘ഒരു ദേശീയ നായകൻ എന്ന പ്രതിച്ഛായ നാഥുറാം ഗോദ്സെക്ക് നൽകുന്നതിനുേവണ്ടി സ്വാതന്ത്ര്യ സമര സേനാനി എന്ന നിലയിൽ അദ്ദേഹത്തിെൻറ വീരചരിതം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്നതിനായി ശ്രമങ്ങൾ ആരംഭിക്കേണ്ടതുണ്ട്. ഉത്തർപ്രദേശിൽ ഹിന്ദുമഹാസഭ ഗോദ്സെക്ക് ക്ഷേത്രം പണിയാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സംഘ്പരിവാർ എം.പിയായ സാക്ഷിമഹാരാജ് ഇന്ത്യൻ പാർലമെൻറിലിരുന്ന് ഗോദ്സെയെ ‘രാജ്യസ്നേഹി’ എന്ന് വിശേഷിപ്പിച്ചു. 1998ൽ ഒൗട്ട്ലുക് മാഗസിന് കൊടുത്ത അഭിമുഖത്തിൽ അന്നത്തെ ആർ.എസ്.എസ് മുഖ്യൻ രാജേന്ദ്ര സിങ് എന്ന രാജുഭയ്യ നാഥുറാം ഗോദ്സെയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഇങ്ങനെ പറഞ്ഞു: ‘‘അഖണ്ഡഭാരതം എന്ന സങ്കൽപനമാണ് ഗോദ്സെയെ പ്രചോദിപ്പിച്ചത്. അയാളുടെ ഉദ്ദേശ്യം ശരിയായിരുന്നു. പക്ഷേ, തെറ്റായ വഴികൾ ആണ് അയാൾ പ്രയോഗിച്ചത്. കോടിക്കണക്കിന് മനുഷ്യർ പാകിസ്താനിൽനിന്ന് കുടിയേറുന്നതുകണ്ട് അദ്ദേഹം സ്തബ്ധനായി. നേതാക്കളെ കൊല്ലാൻ തീരുമാനിച്ചു.’’
ഇങ്ങനെ മുഴുവനായും പകുതിയായും മുക്കാലായും ദശാംശമായുമൊക്കെ നാഥുറാം വിനായക് ഗോദ്സെയെ അവകാശപ്പെടുന്നുണ്ട് ഹിന്ദുസംഘടനകൾ. ഗാന്ധിവധത്തോടെ ലോകം മുഴുവൻ വെറുത്ത പ്രതിച്ഛായയല്ല ഗോദ്സെക്ക് അവരുടെ ഇടയിൽ. ഇപ്പോൾ ഭരണത്തിലിരിക്കുന്ന കക്ഷിയും അവരെ നിയന്ത്രിക്കുന്ന ആർ.എസ്.എസും ഗാന്ധിവധത്തിലെ ഒരു പ്രതിയായിരുന്ന വീർസവർക്കറുടെ ചിത്രം പാർലമെൻറിൽ തൂക്കിയിടുന്നതിൽ വിജയിച്ചു. അങ്ങേയറ്റം ജനവിരുദ്ധതയിലാണ് സവർക്കർ മരിച്ചത് എന്നോർക്കണം. അദ്ദേഹത്തിെൻറ ശവസംസ്കാരത്തിന് വിരലിൽ എണ്ണാവുന്നവരേ പെങ്കടുത്തിരുന്നുള്ളൂ. എന്നാൽ ഹിന്ദുത്വശക്തികളുടെ ചരിത്രാരോഹണത്തിെൻറ ആദ്യപടിയിൽതന്നെ സവർക്കർ പാർലെമൻറിൽ ഒൗദ്യോഗിക ബഹുമാനിതൻ ആയി. തെളിവില്ലെന്ന് കണ്ട് വെറുതെവിട്ട പ്രതി ഇത്രയും ബഹുമാനിതനെങ്കിൽ കൃത്യം നിർവഹിച്ച് കുറ്റമേറ്റെടുത്ത് ഞാനത് ചെയ്തത് ഇൗ രാജ്യത്തിലെ ഹിന്ദുസമുദായത്തിന് വേണ്ടിയാണെന്ന് പ്രഖ്യാപിച്ച ഒന്നാം പ്രതി അതിലും എത്രയോ മുകളിലായിരുന്നിരിക്കണം.
അരിവാങ്ങാൻ റേഷൻകടയിൽ ക്യൂനിൽക്കുന്ന ഗാന്ധിയുടെ മുന്നിൽ വലിയ കാറിൽ വന്നിറങ്ങുന്ന ഗോദ്സെയെ വരച്ചുകാണിച്ചത് എൻ.വിയാണ്. പൊതുധാരണകളിലും ഒാർമകളിലും തിരുത്തലുകൾ വരുത്തിയാണ് മൗലികവാദ ശക്തികൾ എക്കാലത്തും കരുത്താർജിക്കുക. പൊതുബോധത്തിൽ ഗാന്ധിസ്മരണയെ ഉയർത്തിക്കൊണ്ടുവരാനും ഹിന്ദുത്വ ശക്തികൾ തുടർച്ചയായി പരിശ്രമിച്ചുകൊണ്ടിരിക്കവെ ഗാന്ധിവധവും അതുമായുള്ള ആർ.എസ്.എസ് ബന്ധവും പരിശോധിക്കുന്ന പ്രധാനപ്പെട്ട ഒരു പുസ്തകം 2015ൽ പുറത്തിറങ്ങുകയുണ്ടായി. ‘സംശയാതീതം’ (Beyond doubt) എന്ന തലക്കെട്ടിൽ ഇറങ്ങിയ പുസ്തകം യഥാർഥത്തിൽ ഗാന്ധിവധത്തെ സംബന്ധിച്ച നിരവധി രേഖകളുടെ ഒരു സംപുടമാണ്. ഹിന്ദുത്വ രാഷ്ട്രീയമായി നേർക്കുനേർ പൊരുതിനിൽക്കുന്ന ടീസ്റ്റ സെറ്റൽവാദ് ആണ് ഈപുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.

മീറത്തിലെ ഓഫിസിൽ സ്ഥാപിച്ച ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോദ്സേയുടെ പ്രതിമയിൽ മാല ചാർത്തുന്ന ഹിന്ദു മഹാസഭാ നേതാക്കൾ Smita Sharma/The New York Times
ആർ.എസ്.എസും ഗാന്ധിവധവുമായുള്ള ബന്ധം ആദ്യം വെളിപ്പെടുത്തുന്നത് അന്നത്തെ നെഹ്റു ഗവൺെമൻറ് തന്നെയാണ്. ഗാന്ധിവധം കഴിഞ്ഞ് രണ്ടുദിവസത്തിനിപ്പുറം ആർ.എസ്.എസ് നിരോധിക്കപ്പെട്ടു. ആർ.എസ്.എസിനെ നിരോധിച്ചതെന്തിന് എന്ന് വ്യക്തമാക്കുന്ന സർക്കാർ രേഖ ഇങ്ങനെ പറയുന്നു:
‘‘നമ്മുടെ രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വെറുപ്പിെൻറയും ഹിംസയുടെയും പ്രേരണകളെ തിരിച്ചറിയാനും രാജ്യത്തിെൻറ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്നതും അതിെൻറ സൽപ്പേരിനെ കളങ്കപ്പെടത്തുന്നതുമായ ശക്തികളെ ഇല്ലാതാക്കാൻ രാഷ്ട്രീയ സ്വയം സേവക സംഘത്തെ ചീഫ് കമീഷണർ പ്രവിശ്യകളിൽ നിയമവിധേയമല്ലാതാക്കി പ്രഖ്യാപിക്കുന്നു. ഗവർണർ പ്രവിശ്യകളിലും ഇതേ പ്രഖ്യാപനം നടപ്പിലാക്കുന്നതാണ്.’’ ആർ.എസ്.എസ് ചെയ്ത കുറ്റമായി പ്രസ്തുത നിരോധനം ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു: ‘‘... ജനങ്ങളെ ഭീകരവാദത്തിെൻറ വഴികളിലേക്ക് നയിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്യുക, ഗവൺമെൻറിനെതിരെ ജനവികാരം ആളിക്കത്തിക്കുക, ആയുധശേഖരണം നടത്തുക, പൊലീസിനും സേനക്കുമെതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുക.., എതിർക്കപ്പെടേണ്ടതും ഹാനികരവുമായ പ്രവർത്തനങ്ങളിൽ തുടർച്ചയായി ഏർപ്പെടുക വഴി സംഘം സൃഷ്ടിക്കുകയും പോഷിപ്പിക്കുകയും ചെയ്ത ഹിംസയുടെ സംസ്കാരം നിരവധി ഇരകളെ സൃഷ്ടിക്കുകയുണ്ടായി. അതിൽ അവസാനത്തേതും ഏറ്റവും വിലപ്പെട്ടതുമായ ആൾ ഗാന്ധി ആയിരുന്നു.’’
അന്നത്തെ ആഭ്യന്തര മന്ത്രി ഏത് നേതാവിനോടാണോ സംഘകുടുംബം ഏറ്റവും കൂടുതൽ ഉദാരമായി പെരുമാറുകയും തങ്ങളുടെതന്നെ നേതാവായി അംഗീകരിക്കുകയും ചെയ്തിട്ടുള്ളത്, അതേ സാക്ഷാൽ സർദാർ വല്ലഭ്ഭായ് പേട്ടൽ ആണെന്ന് ഒാർക്കണം. 1948 സെപ്റ്റംബർ 11ന് സർദാർ പേട്ടൽ അന്നത്തെ ആർ.എസ്.എസ് മുഖ്യൻ എം.എസ്. ഗോൾവൽക്കർക്ക് ഇങ്ങനെ എഴുതുകയുണ്ടായി:
‘‘... അവരുടെ പ്രസംഗങ്ങൾ വർഗീയവിഷം നിറച്ചവയാണ്. ഹിന്ദുക്കളെ ഉത്സാഹിപ്പിക്കാനും സംഘടിപ്പിക്കാനും വിഷം തുപ്പേണ്ട കാര്യമില്ല. ഇൗ വിഷത്തിെൻറ അന്തിമഫലമായി ഗാന്ധിയുടെ മൂല്യവത്തായ ജീവത്യാഗം രാജ്യത്തിന് സഹിക്കേണ്ടതായി വന്നിരിക്കുന്നു. ആർ.എസ്.എസിനെ ചൊല്ലി സഹതാപത്തിെൻറ ഒരണുപോലും ഗവൺമെൻറിലും പൊതുജനങ്ങളിലും അവശേഷിക്കുന്നില്ല. മറിച്ച് അതിനോടുള്ള എതിർപ്പ് പെരുകിക്കൊണ്ടിരിക്കുന്നു.
ആർ.എസ്.എസുകാർ ഗാന്ധിവധത്തിന് ശേഷം ആഹ്ലാദം പ്രകടിപ്പിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തതോടെ ഇൗ എതിർപ്പ് പാരമ്യത്തിലെത്തിയിരിക്കുകയാണ്. ഇൗ സാഹചര്യത്തിൽ ആർ.എസ്.എസിനെതിരെ നടപടിയെടുക്കുക എന്നത് ഗവൺമെൻറിനെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാൻ വയ്യാത്തതാണ്.
ഗാന്ധിവധം ആർ.എസ്.എസ് ആഘോഷിച്ചിരുന്നു എന്നത് ഇൗ രേഖ വെളിവാക്കുന്നു. കവി ഒ.എൻ.വി. കുറുപ്പ് അദ്ദേഹത്തിെൻറ ഒാർമക്കുറിപ്പുകളിലൊന്നിൽ തിരുവനന്തപുരത്ത് ഗാന്ധിവധത്തെതുടർന്ന് ആർ.എസ്.എസ് നടത്തിയ മധുരപലഹാരവിതരണം പരാമർശിക്കുന്നത് ഇതോടൊപ്പം കൂട്ടിവായിക്കണം.
ഇങ്ങനെ നിരവധി ഒൗദ്യോഗികവും അനൗദ്യോഗികവുമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ ഗാന്ധിവധത്തിൽ ആർ.എസ്.എസിെൻറ പങ്ക് വെളിപ്പെടുത്താനുള്ള ശ്രമം ഇൗ പുസ്തകം നടത്തുന്നുണ്ട്. അതോടൊപ്പം ഇൗ പുസ്തകം ചെയ്യുന്ന പ്രധാനപ്പെട്ട ഒരു കാര്യം ഗാന്ധിവധത്തിെൻറ കാരണമായി ഹിന്ദു വർഗീയ സംഘടനകൾ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ പരിശോധിക്കലാണ്. അവരുടെ നിർമിതികളാണ് പല കാരണങ്ങളും എന്ന് ഇൗ പുസ്തകത്തിെൻറ വസ്തുനിഷ്ഠ അന്വേഷണം തെളിയിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പാകിസ്താന് അനുകൂലമായ വാദം ഉയർത്തിയതിെൻറ പേരിലാണ് ഗാന്ധിജി കൊല്ലപ്പെട്ടത് എന്ന പച്ച നുണയാണ്. ഒരുപക്ഷേ, രാജ്യത്തിെൻറ വിഭജനത്തെ അങ്ങേയറ്റംവരെ എതിർത്ത അക്കാലത്തെ ഏക നേതാവ് ഗാന്ധിജിയായിരുന്നു. ജിന്നയെ ഇന്ത്യൻ യൂനിയെൻറ പ്രധാനമന്ത്രിയായി നിർദേശിച്ചുകൊണ്ടും കാബിനറ്റിലെ എല്ലാ അംഗങ്ങളെയും ജിന്നക്ക് നിയമിക്കാനുള്ള സ്വാതന്ത്ര്യം നൽകിക്കൊണ്ടും വിഭജനം ഒഴിവാക്കാൻ അവസാന നിമിഷംവരെ ഗാന്ധിജി പ്രവർത്തിച്ചു. എന്നാൽ, വീർ സവർക്കർ ഉൾപ്പെടെയുള്ള ഹിന്ദുത്വ പ്രണേതാക്കൾ വിഭജനത്തിന് വേണ്ടിയാണ് വാദിച്ചത്. പാകിസ്താന് 55 കോടി കൊടുക്കാനുള്ള സത്യഗ്രഹത്തിലാണ് വധിക്കപ്പെടുേമ്പാൾ ഗാന്ധിജി ഏർപ്പെട്ടിരുന്നതെന്നും അതിൽ രോഷാകുലരായ ഹിന്ദു യുവാക്കളുടെ വൈകാരികമായ എടുത്തുചാട്ടമാണ് ഗാന്ധിജിയുടെ കൊലപാതകത്തിൽ എത്തിച്ചതുമെന്ന പെരും നുണയും ഇൗ പുസ്തകം തുറന്നുകാട്ടുന്നു. ഗാന്ധിജി അവസാനത്തെ നിരാഹാരം തുടങ്ങുന്നത് ഹിന്ദു -മുസ്ലിം മൈത്രിക്ക് വേണ്ടിയാണ്. വിഭജനത്തിെൻറ രക്തരൂഷിതമായ അധ്യായങ്ങളായി ഇന്ത്യയിലെ ഒാരോ ദിനവും മാറിക്കൊണ്ടിരിക്കുേമ്പാഴാണ് അതിനെ തടയാൻ തെൻറ ജീവനെ മുൻനിർത്തിക്കൊണ്ട് ഗാന്ധിജി നിരാഹാര സമരം ഇരിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ദിവസങ്ങളിൽ ഗാന്ധിജിയുടെ യാത്ര മുഴുവൻ ഇൗ യുദ്ധമുന്നണിയിലൂടെയായിരുന്നു. കൊളോണിയൽ ശക്തികൾ തുടങ്ങിവെക്കുകയും വർഗീയശക്തികൾ തുടരുകയും ചെയ്ത ഭിന്നിപ്പിെൻറ പ്രത്യയശാസ്ത്രം ജനങ്ങളിൽനിന്ന് പറിച്ചെറിയാനായിരുന്നു ആ യാത്ര. കിഴക്കൻ പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ബംഗാളിൽനിന്നാണ് ഗാന്ധിജി ഡൽഹിയിൽ എത്തിയത്. സംഘർഷഭരിതമായ ഡൽഹിയെ കൂട്ടക്കൊലയിലേക്ക് എത്തിക്കാതിരിക്കാനുള്ള വമ്പിച്ച രാഷ്ട്രീയ ഇടപെടൽ ആയിരുന്നു, ഗാന്ധിജിയുടെ അവസാന നിരാഹാരം.

ഇത് മറച്ചുവെച്ചാണ് 55 കോടി പാകിസ്താന് നൽകാൻ വേണ്ടിയാണ് ഗാന്ധിജി നിരാഹാരമിരുന്നത് എന്ന കള്ളം സംഘ്പരിവാർ ഗാന്ധിവധത്തെ തുടർന്ന് അടിച്ചിറക്കിയത്. തീർച്ചയായും പാകിസ്താന് നൽകാനുള്ള 55 കോടി ഉടൻ കൊടുക്കാൻ ഗാന്ധിജി ഗവൺമെൻറിനോട് നിർദേശിച്ചിരുന്നു എന്നത് സത്യംതന്നെ.
ഇൗ 55 കോടിയുടെ പിന്നിൽ ഒരു കഥയുണ്ട്. വർഗീയവാദികൾ നിശ്ശബ്ദത പാലിക്കുന്ന കഥ. വിഭജനം അംഗീകരിക്കപ്പെട്ടപ്പോൾ അന്നത്തെ അഖണ്ഡ ഖജനാവിൽ 375 കോടി രൂപയായിരുന്നു നീക്കിയിരിപ്പ്. ഉഭയകക്ഷി ചർച്ച പ്രകാരം അതിൽ 75 കോടി രൂപയാണ് പാകിസ്താന് നൽകാൻ ഉണ്ടായിരുന്നത്. അതിൽ ആദ്യ ഗഡുവായ ഇരുപത് കോടി രൂപ കൊടുത്തുകഴിഞ്ഞിരുന്നു. ബാക്കി തുകയായ 55 കോടി രൂപ അതിന് നിശ്ചയിച്ച അവധിയിൽ കൊടുക്കുന്നത് സംബന്ധിച്ച് ഒരു തർക്കമുണ്ടായി. പാകിസ്താൻ കശ്മീരിനെ ആക്രമിച്ചതിനെ തുടർന്ന് ഇൗ 55 കോടി രൂപ തൽക്കാലം പിടിച്ചുവെക്കാൻ നെഹ്റുവിെൻറ മേൽ സമ്മർദമുണ്ടായി (കശ്മീർ അന്ന് ഇന്ത്യൻ യൂനിയെൻറ ഭാഗം ആയിട്ടില്ല).
എന്നാൽ മൗണ്ട് ബാറ്റൺ, ഇത്തരം നടപടികൾ ഇപ്പോൾ പിറവിയെടുത്ത ഒരു രാജ്യത്തിെൻറ അന്താരാഷ്ട്ര പ്രതിച്ഛായക്ക് കോട്ടം തട്ടിക്കുന്നതാണ് എന്ന് ഗാന്ധിജിയോട് ചൂണ്ടിക്കാണിക്കുകയുണ്ടായി. അതേ തുടർന്നാണ് 55 കോടി രൂപ പാകിസ്താന് കൊടുക്കാൻ ഗാന്ധിജി നിർദേശിച്ചത്.
വസ്തുതകൾ ഇങ്ങനെയായിരിക്കെത്തന്നെയും ഗാന്ധിജിയുടെ നിരാഹാരം അതിനെ ചൊല്ലിയായിരുന്നില്ല. 1948 ജനുവരി 13ന് തന്നെ പാകിസ്താന് പണം കൊടുക്കാനുള്ള തീരുമാനം കാബിനറ്റ് കൈക്കൊണ്ടിരുന്നു. എന്നിട്ടും ഗാന്ധിജി നിരാഹാരം തുടർന്നത്, 55 കോടിയും നിരാഹാരവും തമ്മിൽ ഒരു ബന്ധവും ഇല്ലാത്തതുകൊണ്ടാണ്. ഇന്ത്യയിലെ ആഭ്യന്തര ജീവിതം തകർന്നുപോവാതിരിക്കാനും അതിനെ മതേതരമായി പരുവപ്പെടുത്താനുമാണ് ഗാന്ധിജി ശ്രമിച്ചിരുന്നത്.
ഇൗ ‘മതേതരം’ എന്ന പദത്തിന് ഗാന്ധി വധവുമായി അടുത്ത ബന്ധം ഉണ്ട്. വർഗീയവാദികൾ തെറിവാക്കായി ഉപയോഗിക്കുന്ന പദം ആണത്. ‘കപട മതേതരവാദികൾ’ എന്നേ അവർ പറയൂ.
1933 മുതൽ ഗാന്ധിജിയുടെ എഴുത്തുകളിൽ ആവർത്തിച്ചു വരുന്ന ഒന്നാണ് ‘മതേതരം’ എന്ന പ്രയോഗം. ഒരുപക്ഷേ, ഹിന്ദുവർഗീയ ശക്തികളെ ഏറ്റവും പ്രകോപിപ്പിച്ചത് അതായിരിക്കാം. കാരണം, ഗാന്ധിജിയുടെ ജീവന് നേരെ ആദ്യ ആക്രമണം ഉണ്ടാകുന്നത് 1934ലാണ്. 1934 മുതൽ തുടർച്ചയായി അഞ്ച് വധശ്രമങ്ങൾ ഗാന്ധിജിക്ക് നേരെ ഉണ്ടായതായി ഇതിലെ രേഖകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. അഞ്ചും നിഴലിലാക്കുന്നത് ഹിന്ദുത്വ ശക്തികളെതന്നെയാണ്. ഒരേ സംഘം തന്നെയാണ്, ഗോദ്സെയുടെയും ആപ്തെയുടെയും നേതൃത്വത്തിലുള്ള, ഇൗ വധശ്രമങ്ങൾക്ക് പിന്നിൽ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
(1) 1934 ജൂൺ 25ന് പുണെയിൽ വെച്ച് ഗാന്ധിജി സഞ്ചരിച്ച കാറിന് നേരെ ബോംബേറുണ്ടായി. ഇതിലെ പ്രതികളെ പിടിച്ചതായോ വിചാരണ ചെയ്തതായോ ഒൗദ്യോഗിക രേഖകൾ ഒന്നുമില്ല. ഗാന്ധിജിയുടെ സഹചാരിയായിരുന്ന പ്യാരേലാൽ അടക്കം പലരും കരുതുന്നത് ഗോദ്സെ -ആപ്തേ സഖ്യമാണ് ഇത് ചെയ്തതെന്നാണ്.
(2) 1944 ജൂലൈയിൽ പാഞ്ച്ഗനിയിൽ വെച്ച് ഗാന്ധിജി ആക്രമിക്കപ്പെട്ടു. അവിടെ ഗാന്ധിജി താമസിച്ചിരുന്ന ദിൽക്കുഷ് ബംഗ്ലാവിൽ വെച്ച് ഒരു യുവാവ് കത്തിയോട് കൂടി ഗാന്ധിജിയുടെ നേർക്ക് ഒാടി വന്നു. പുണെയിൽ നിന്ന് വന്ന ബസിലാണ് കൊലയാളി സംഘം പാഞ്ച്ഗനിയിൽ എത്തപ്പെട്ടത്. അത് നയിച്ചിരുന്നത് ഗോദ്സെ ആണ് എന്ന് വിശ്വസിക്കപ്പെടുന്നു.
(3) 1944ൽ സേവാഗ്രാമിൽവെച്ചാണ് മൂന്നാമത് വധശ്രമം നടന്നത്. ഇതും നടത്തിയത് ഒരു സംഘമാണ്. ഗോദ്സെ തന്നെയാണ് നേതാവ് എന്ന് പറയപ്പെടുന്നു.
(4) 1946 ജൂണിൽ പുണെയിലേക്കുള്ള റെയിൽപ്പാളം കേടുവരുത്തി ഗാന്ധിജി സഞ്ചരിക്കുന്ന ട്രെയിനിനെ അട്ടിമറിക്കാനായിരുന്നു കൊലയാളികൾ ശ്രമിച്ചത്. പക്ഷേ, എൻജിൻ ഡ്രൈവറുടെ സമർഥമായ ഇടപെടൽകൊണ്ട് ഗാന്ധിജിയുടെയും അനേകായിരം ആളുകളുടെയും ജീവൻ രക്ഷപ്പെട്ടു.
(5) ജനുവരി 20, 1948: മദൻലാൽ പഹ്വ ഇൗ ശ്രമത്തിൽ പിടിയിലായി. ഗാന്ധിജിയെ കൊല്ലാൻ പുണെ സംഘം എത്തിയിട്ടുണ്ടെന്ന് പഹ്വ മൊഴി നൽകിയിട്ടും അദ്ദേഹത്തിെൻറ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 1948 ജനുവരി 30ന് ഗാന്ധി എന്ന നക്ഷത്രം പൊലിഞ്ഞു.
ഇൗ വധശ്രമങ്ങൾക്ക് പിന്നിൽ അണിനിരന്നത് പുണെയിലെ ബ്രാഹ്മണ സംഘമാണ്. തിലകെൻറ അനുയായികൾ ആയിരുന്നവരും എന്നാൽ ഗാന്ധിജിയുടെ മതേതര നിലപാടിനോട് വെറുപ്പുള്ളവരും ആയിരുന്നു അവർ. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടാൽ ഹിന്ദു രാജ്യം, കൃത്യമായി പറഞ്ഞാൽ ബ്രാഹ്മണ രാജ്യം, സ്ഥാപിക്കാൻ കഴിയും എന്ന രാഷ്ട്രീയ സ്വപ്നം തകർന്നത് ഗാന്ധിജി വന്നതോട് കൂടിയാണ്. ഇൗ പകയാണ് ഗാന്ധിവധത്തിന് പിന്നിലെ ഹേതു എന്ന് ഇൗ പുസ്തകം പേർത്തും പേർത്തും വെളിവാക്കുന്നു.

അതിനാൽ ഗാന്ധി സ്മരണ എന്നത് ഗോദ്സെ രാഷ്ട്രീയത്തിെൻറ എതിർ ഒാർമയാണ്. ഭൂതത്തിന് മേൽ മതംകൊണ്ടും ദേശീയതകൊണ്ടും നുണകൊണ്ടും പണിയുന്ന സംഘ്പരിവാർ വ്യാജ നിർമിതിയുടെ അടിത്തറ പിളർക്കുന്ന പുസ്തകം ആണിത്. ഹിന്ദുത്വവാദികൾ സ്വാതന്ത്ര്യ സമരസേനാനികളോ ദേശീയവാദികളോ വിഭജന വിരുദ്ധരോ ഒന്നുമായിരുന്നില്ല എന്ന് തെളിവുകൾ നിരത്തി പ്രഖ്യാപിക്കുന്ന പുസ്തകം ആണിത്.
നമ്പു ചൂണ്ടിക്കാട്ടിയ മുഖച്ഛായകൾ പതുക്കെ പതുക്കെ കാറിെൻറ വർത്തുള പ്രതലങ്ങളിൽ ഏേങ്കാണിച്ച പ്രതിബിംബങ്ങളായി. അവ ഞങ്ങളുടെ മേലാണോ പ്രതിഫലിക്കുന്നതെന്ന് പെെട്ടന്ന് ഞാൻ പേടിച്ചു. ഒരു സംസ്കാരത്തെയെമ്പാടും കീഴടക്കാൻ ഗോദ്സെയുടെ പ്രതിച്ഛായകൾ വെമ്പുേമ്പാൾ അതിനെതിരെ പൊതുബോധ നിർമിതി അത്യാവശ്യമാണ്. അതിന് അത്യാവശ്യം വേണ്ട പുസ്തകമാണ് ‘സംശയാതീതം’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.