കടുവയും കുഞ്ഞുങ്ങളുടെയും കൂട്ടമരണം: പശുവിന്റെ ജഡം തിന്നതിനെ തുടർന്നെന്ന് റിപ്പോർട്ട്
text_fieldsബംഗളൂരു: ചാമരാജനഗറിൽ കടുവയും നാല് കുഞ്ഞുങ്ങളുടെയും ജീവഹാനിക്ക് കാരണം പശുവിന്റെ ജഡത്തിൽനിന്ന് വിഷബാധയേറ്റാണെന്ന് റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം പറയുന്നതായി ചാമരാജനഗർ സർക്കിൾ വനം ചീഫ് കൺസർവേറ്റർ ടി. ഹിരാലാൽ പറഞ്ഞു. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടുവകളുടെ ആന്തരികാവയവങ്ങളും സാമ്പിളുകളും പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. പകുതി തിന്നുകഴിഞ്ഞ പശുവിന്റെ സാമ്പിളുകളും പരിശോധനക്ക് അയച്ചു. ഏത് വിഷമാണ് ഉപയോഗിച്ചത്, എത്ര വിഷം ഉപയോഗിച്ചു തുടങ്ങിയ വിവരങ്ങൾ ലഭ്യമാകുന്നേയുള്ളൂ. കടുവക്ക് ഏകദേശം 10 വയസ്സും കുഞ്ഞുങ്ങൾക്ക് ഏകദേശം എട്ട് മുതൽ 10 മാസം വരെ പ്രായവുമായിരുന്നു. ഇവ ഏകദേശം മൂന്ന് ദിവസം മുമ്പ് ജീവഹാനി സംഭവിച്ചെന്നാണ് നിഗമനം.
പശുവിന്റെ ജഡത്തിൽ വിഷം ചേർത്ത് മനഃപൂർവം കാട്ടിനുള്ളിൽ സൂക്ഷിച്ചതാണോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. പശുവിന്റെ ഉടമയെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. വനം നിരീക്ഷകർക്കും ഗാർഡുകൾക്കും ശരിയായ ശമ്പളം നൽകിയിട്ടില്ലേ എന്നും പട്രോളിങ് സംവിധാനത്തിൽ എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് സി.സി.എഫ് അറിയിച്ചു.
പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊപ്പ ഗ്രാമത്തിലെ ഏതാനുംപേരെ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ഈ വിഷയത്തിൽ അന്വേഷണം നടത്താൻ എൻ.ടി.സി.എ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. എൻ.ടി.സി.എ ബംഗളൂരു റീജനൽ ഓഫിസ് എ.ഐ.ജി വി. ഹരിണിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

