‘മാധവ് ഗാഡ്ഗിൽ: ദുര മൂത്ത വികസന ഭ്രാന്തിനെതിരെ നിലകൊണ്ട പരിസ്ഥിതി ശാസ്ത്രജ്ഞൻ’
text_fieldsകൽപറ്റ: ആധുനികതയുടെ വികസന ഭ്രാന്തിന്റെ തേരോട്ടത്തിൽ ഉന്മൂലനം ചെയ്യപ്പെടുന്ന പ്രകൃതി, ഭൂമിയിലും ജീവജാലങ്ങളിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകുകയും അത്തരം വികസനത്തെ ചെറുക്കണമെന്ന് നിരന്തരം ഉദ്ബോധിപ്പിക്കുകയും ചെയ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായിരുന്നു മാധവ് ഗാഡ്ഗിൽ എന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി യോഗം അനുസ്മരിച്ചു.
പശ്ചിമഘട്ടത്തിന്റെ നാശത്തെക്കുറിച്ച് അദ്ദേഹം ഉത്കണ്ഠാകുലനായിരുന്നു. പശ്ചിമഘട്ടത്തിലുടനീളം സഞ്ചരിച്ച് അദ്ദേഹം ജൈവവൈവിധ്യത്തെക്കുറിച്ചും
ഭൂഘടനയെക്കറിച്ചും മനുഷ്യരെക്കുറിച്ചും അദ്ദേഹം ആഴത്തിൽ പഠിച്ചു. ജന്തു, സസ്യ ജാലങ്ങളെക്കുറിച്ചു മാത്രമല്ല, പശ്ചിമഘട്ടത്തിൽ ഉടനീളമുള്ള നിരവധി ആദിമ ഗോത്ര ജനതയെക്കുറിച്ചും പരമ്പരാഗത കർഷകരെക്കുറിച്ചും ആഴത്തിലുള്ള അറിവും ഉത്കണ്ഠയും അദ്ദേഹത്തിനുണ്ടായിരുന്നു.
ഗാഡ്ഗിൽ അധ്യക്ഷനായ പശ്ചിമഘട്ട വിദഗ്ധ സമിതിയുടെ ശിപാർശകൾ അതിന്റെ യഥാർഥ സത്തയിൽ ജനങ്ങളിൽ അവതരിപ്പിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് സാധിച്ചില്ല എന്നത് ദുഃഖകരമാണ്. കഴിയുന്നേടത്തോളം തെറ്റിദ്ധാരണ പരത്തും വിധം പ്രചരിപ്പിക്കുന്നതിനായിരുന്നു കേരള സർക്കാർ ഉത്സാഹം കാണിച്ചത്. കേരള സർക്കാറും മുഴുവൻ രാഷ്ട്രീയ സംഘടനകളും മതമേലധ്യക്ഷന്മാരും സംഘടിത ലോബിയുടെ പ്രേരണയാൽ റിപ്പോർട്ടിനെതിരെ പത്മവ്യൂഹം ചമച്ചു. വാസ്തവത്തിൽ പശ്ചിമഘട്ടത്തിൽ അധിവസിക്കുന്ന മൂന്നുകോടി അധസ്ഥിതരുടെയും കർഷകരുടെയും മാഗ്നാകാർട്ട ആകുമായിരുന്നു ഒരു ചരിത്ര സംരംഭത്തെ ഗളച്ഛേദം നടത്തി കുഴിച്ചുമൂടിയത് ചരിത്രത്തിന്റെ വിരോധാഭാസമായിരുന്നു.
കേരളത്തിലെ മഹാ പ്രളയം കേവലം പ്രകൃതി ക്ഷോഭമല്ല, മനുഷ്യ നിർമിത ദുരന്തമാണെന്നും കേരളം ഇരന്നു വാങ്ങിയതാണതെന്നും ആദ്യം വിളിച്ചു പറഞ്ഞത് ഗാഡ്ഗിൽ ആയിരുന്നു. ഇത്തരം ദുരന്തങ്ങൾ അദ്ദേഹം വളരെ നേരത്തെ പ്രവചിക്കുകയും നിരന്തരം മുന്നറിയിപ്പു നൽകുകയും ചെയ്തിട്ടുണ്ടായിരുന്നെങ്കിലും വികസന ദുരമൂത്ത നമ്മൾ അതിന് ചെവി കൊടുത്തില്ല.
2019ലെ പൂത്തുമല ഉരുൾപൊട്ടലിന്നു ശേഷം അദ്ദേഹം വയനാട്ടിൽ വരികയും ദുരന്ത ഭൂമിയിൽ സന്ദർശനം നടത്തുകയും ഇരകളായവരെ കാണുകയും ചെയ്തു. ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ വൻ പ്രക്ഷോഭം അരങ്ങേറിയ വയനാട്ടിൻ ഗാഡ്ഗിലിനെ കേൾക്കാൻ വൻ ജനാവലിയാണ് തടിച്ചു കൂടിയത്. പിന്നീട് മുണ്ടക്കൈ-ചൂരൽമല ദുരന്തമുണ്ടായപ്പോൾ വയനാട്ടിലെത്താൻ ശ്രമിച്ചെങ്കിലും അനാരോഗ്യം കാരണം നടക്കാതെ പോയി. മേപ്പാടി-ആനക്കാംപൊയിൽ തുരങ്ക പാതയുടെ ആലോചന തുടങ്ങിയപ്പോൾ തന്നെ അതിനെ ശക്തിയുക്തം ഗാഡ്ഗിൽ എതിർത്തു. തുരങ്ക നിർമാണം വലിയ ദുരന്തങ്ങൾക്ക് ഇട വരുത്തുമെന്ന് മുന്നറിയിപ്പു നൽകുകയും പിന്മാറണമെന്ന് സർക്കാറിനോട് അഭ്യർഥിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. വയനാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ലക്കുകെട്ട വികസന ആഭാസങ്ങളിൽ ഗാഡ്ഗിൽ ഉത്കണ്ഠാകുലനായിരുന്നു.
ഗാഡ്ഗിലിന്റെ നിര്യാണത്തിൽ വയനാട് പ്രകൃതി സംരക്ഷണ സമിതി യോഗം അനുശോചനം രേഖപ്പെടുത്തി. എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. ബാബു മൈലമ്പാടി, തോമസ് അമ്പലവയൽ, എം. ഗംഗാധരൻ, സണ്ണി മരക്കടവ്, പി.എം. സുരേഷ് , രാമകൃഷ്ണൻ തച്ചമ്പത്ത്, എ.വി. മനോജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

