‘‘സി. രവിചന്ദ്രനു തുടക്കം മുതൽ പ്രകടമായ ആർ.എസ്.എസ് ബന്ധമാണുള്ളത്’’ -കെ. വേണു സംസാരിക്കുന്നു
text_fields
കേരളത്തിന്റെ ധൈഷണിക രംഗത്ത് പലവിധ ഇടപെടൽ നടത്തിയ കെ. വേണു സംസാരിക്കുന്നു. ജാതി, രാഷ്ട്രീയം, കോൺഗ്രസ്, കമ്യൂണിസം, സംഘ്പരിവാർ, യുക്തിവാദം എന്നിവയെല്ലാം സംസാര വിഷയമാകുന്നു. ആത്മകഥ പുറത്തുവരുകയും അതിന് മികച്ച ആത്മകഥക്കുള്ള പുരസ്കാരം നേടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ സംസാരം. മനുസ്മൃതി കത്തിക്കൽ സമരത്തിന് നേതൃത്വം കൊടുത്ത ഒരാളെന്ന നിലയിൽ ജാതി വിഷയത്തെ നേരിടുന്നതിൽ കമ്യൂണിസം പരാജയപ്പെടുന്നുവെന്ന്...
Your Subscription Supports Independent Journalism
View Plansകേരളത്തിന്റെ ധൈഷണിക രംഗത്ത് പലവിധ ഇടപെടൽ നടത്തിയ കെ. വേണു സംസാരിക്കുന്നു. ജാതി, രാഷ്ട്രീയം, കോൺഗ്രസ്, കമ്യൂണിസം, സംഘ്പരിവാർ, യുക്തിവാദം എന്നിവയെല്ലാം സംസാര വിഷയമാകുന്നു. ആത്മകഥ പുറത്തുവരുകയും അതിന് മികച്ച ആത്മകഥക്കുള്ള പുരസ്കാരം നേടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ സംസാരം.
മനുസ്മൃതി കത്തിക്കൽ സമരത്തിന് നേതൃത്വം കൊടുത്ത ഒരാളെന്ന നിലയിൽ ജാതി വിഷയത്തെ നേരിടുന്നതിൽ കമ്യൂണിസം പരാജയപ്പെടുന്നുവെന്ന് നേരത്തേ ബോധ്യപ്പെട്ടിരുന്നോ?
പഴയ രാഷ്ട്രീയ കാലത്ത് തന്നെ ജാതിവിഷയത്തെക്കുറിച്ച് പഠിക്കാൻ ഒരു സബ് കമ്മിറ്റി തന്നെ ഉണ്ടാക്കി. മുരളി കണ്ണമ്പള്ളിയൊക്കെയായിരുന്നു അതിന്റെ നേതൃനിരയിൽ. അപ്പോഴാണ് മഹാരാഷ്ട്രയിലൊക്കെ പോയി പഠിക്കുന്നത്. ഈ അവസരത്തിലാണ് കമ്യൂണിസ്റ്റ് പാർട്ടി വലിയ പരാജയമാണെന്ന് തിരിച്ചറിയുന്നത്. കമ്യൂണിസ്റ്റ് പാർട്ടിക്ക് തൊഴിലാളികൾക്കിടയിൽ ശക്തിയുണ്ട്. പക്ഷേ, ഉള്ളിലേക്ക് പോകുേമ്പാൾ അംബേദ്കർ രാഷ്ട്രീയത്തിനാണ് മഹാരാഷ്ട്രയിൽ സ്വാധീനമുള്ളതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അന്ന്, മഹാരാഷ്ട്രയിൽ മഹാത്മാ ഫൂലെയുടെ സത്യശോധക് പ്രസ്ഥാനം വലിയ സ്വാധീനം ചെലുത്തുകയായിരുന്നു. ഇവിടത്തെ എസ്.എൻ.ഡി.പി പോലെയുള്ള സംഘടനയാണത്. ജനങ്ങൾ മുഴുവൻ ആ പ്രസ്ഥാനത്തിലേക്കാണ് പോകുന്നത്. അതുതന്നെ, തമിഴ്നാട്ടിലും നടന്നു. രാമമൂർത്തിയെപ്പോലുള്ള വലിയ നേതാക്കൻമാരിന്ന് തൊഴിലാളി യൂനിയൻ രംഗത്ത് ശക്തമാണ്. പക്ഷേ, ഡി.എം.കെ പോലുള്ള സംഘടന അവിടെയുണ്ട്. കേരളത്തിൽ മാത്രമാണ് ചെറിയ മാറ്റം സംഭവിക്കുന്നത്. അതിനു പ്രധാന കാരണം, ഇവിടെ, നവോത്ഥാന പ്രവർത്തനത്തിന്റെ ഭാഗമായി നടന്ന ക്ഷേത്രപ്രവേശന സമരമാണ്. അക്കാലത്ത്, ഇതിനു നേതൃത്വം കൊടുത്ത കോൺഗ്രസ് -സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയാണ് പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിലേക്ക് വരുന്നത്. ഈ സാഹചര്യത്തിൽ വർണ ജാതിഘടനയെ തകർക്കുകയെന്ന രീതിയിലാണ് മനുസ്മൃതി കത്തിക്കുന്നതുൾപ്പെടെയുള്ള സമരത്തെ കണ്ടത്.
സംഘ്പരിവാർ രാഷ്ട്രീയത്തിന് ഇന്ത്യയിൽ എത്രമാത്രം വേരുറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്?
ഇന്ത്യൻ സമൂഹത്തിൽ ബി.ജെ.പി രാഷ്ട്രീയത്തിനു കൃത്യമായൊരു ആധിപത്യത്തിനു കഴിഞ്ഞില്ലെന്ന വിലയിരുത്തലാണെനിക്കുള്ളത്. അതിനു പ്രധാനകാരണം സ്വാതന്ത്ര്യസമരകാലത്തെ മഹാത്മാ ഗാന്ധിയുടെ ഇടപെടലായിരുന്നു. മുമ്പ് ഞങ്ങളൊക്കെ ഗാന്ധിജിയെ പൂർണമായി തള്ളിക്കളഞ്ഞതാണ്. പിന്നീട്, അതേക്കുറിച്ച് പഠിക്കാനിടവന്നപ്പോഴാണ് ഗാന്ധിജിയുടെ ഇടപെടലൊക്കെ എത്ര മഹത്തരമാണെന്ന് തിരിച്ചറിയുന്നത്. 1920ൽ ബാലഗംഗാധര തിലകൻ കോൺഗ്രസിന്റെ നേതൃത്വത്തിലിരിക്കെ മരണപ്പെടുന്നു. അപ്പോഴാണ് ഗാന്ധി നേതൃനിരയിലേക്ക് കടന്നുവരുന്നത്. അന്നുമുതൽ, ഗാന്ധി ആവർത്തിക്കുന്നത് താൻ ഒരു സനാതന ഹിന്ദുവായിരിക്കുേമ്പാൾ തന്നെ ഹിന്ദു, മുസ്ലിം, സിഖ് സാഹോദര്യമായിരിക്കും സ്വാതന്ത്ര്യസമരത്തിന്റെ അടിസ്ഥാന സമീപനം എന്നാണ്. ഇതാണ്, അദ്ദേഹം എന്നും മുന്നോട്ടുവെച്ചത്. അത്, ’48ൽ ഗാന്ധി കൊല്ലപ്പെടുന്നതുവരെ തുടർന്നു. മാത്രമല്ല, ‘‘ഈശ്വര്, അല്ലാഹ്, തേരേ നാം’’ പോലുള്ള പ്രാർഥനാഗാനങ്ങൾ വലിയ സ്വാധീനം ചെലുത്തി. നാട്ടിൻപുറത്തെ സാധാരണ ജനങ്ങൾക്കുവരെ ‘‘ഈശ്വര്, അല്ലാഹ്, തേരേ നാം’’ എന്നുപറഞ്ഞാൽ, അർഥം മനസ്സിലാകും. അതുവഴിയുണ്ടാകുന്ന മതസൗഹാർദ അന്തരീക്ഷം ആഴത്തിൽ നിലനിർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. അതേറ്റെടുത്തു നടപ്പാക്കാനാണ് നെഹ്റുവും അംബേദ്കറും ഉൾപ്പെടെ ശ്രമിച്ചത്. അതിന്റെ അടിത്തറ ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. അതാണ്, പ്രതീക്ഷക്ക് വകനൽകുന്നുവെന്ന് കരുതാൻ കാരണം. കോൺഗ്രസിനുതന്നെ ഒന്നു ശക്തിപ്പെട്ടാൽ പരിഹരിക്കാൻ കഴിയുന്നതേയുള്ളൂവെന്ന ചിന്തക്ക് കാരണം.
കോൺഗ്രസ് ഭൂരിപക്ഷ സമുദായ താൽപര്യം സംരക്ഷിക്കുന്ന പാർട്ടിയാണെന്ന വിമർശനത്തെ കുറിച്ച്?
ഫലത്തിൽ ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള പാർട്ടി തന്നെയാണ് കോൺഗ്രസ്. ഭൂരിപക്ഷം ഹിന്ദുസമൂഹംതന്നെയാണതിലുള്ളത്. അതിന്റേതായ പ്രശ്നം നിലനിൽക്കുന്നുണ്ട്. ഗാന്ധിയിൽനിന്നുൾക്കൊണ്ട മതേതര പാരമ്പര്യം തുടർന്ന് കൊണ്ടുപോകുന്നതിൽ വീഴ്ചയുണ്ടായി. അതിനെ നെഹ്റുവിന്റെയൊക്കെ കാലത്ത് ബോധപൂർവം മറികടക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. പിന്നീട് അതൊരു ഒഴുക്കായി മാറുകയായിരുന്നു. ഈ പ്രശ്നത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടുപോകാനുള്ള നേതൃത്വം കോൺഗ്രസിനില്ലാതെ പോയതാണ് പ്രധാന വെല്ലുവിളി.
ആർ.എസ്.എസ് കേരളത്തിൽ ഭീഷണിയുയർത്തുന്നില്ലെന്ന സി. രവിചന്ദ്രന്റെ പ്രസ്താവന ശ്രദ്ധയിൽപെട്ടിട്ടുണ്ടോ?
പൂർണമായും തെറ്റാണത്. ആർ.എസ്.എസിന് ഏറ്റവും കൂടുതൽ ശാഖകൾ കേരളത്തിലാണുള്ളത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെക്കാൾ കേരളമാണവരുടെ ശക്തികേന്ദ്രം. പ്രത്യക്ഷത്തിൽ കാണാനില്ലെങ്കിലും ഭീഷണിതന്നെയാണ്. അത് ഇവിടെ, പ്രകടമാകാത്തതിനു കാരണം ഇവിടത്തെ ഇടതുപക്ഷ മനസ്സുതന്നെയാണ്. ആ അടിത്തറയെ ഇളക്കാൻ മാത്രം ആർ.എസ്.എസ് വളർന്നിട്ടില്ല. രവിചന്ദ്രനു തുടക്കം മുതൽ പ്രകടമായ ആർ.എസ്.എസ് ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ പ്രസംഗശൈലിയിൽ വീണുപോയവരുണ്ട്. ഈ പ്രവർത്തനംകൊണ്ട് യുക്തിവാദികളാവാൻ ആഗ്രഹിച്ചവരെ ആർ.എസ്.എസ് ധാരയിലേക്കെത്തിക്കാൻ കഴിഞ്ഞിട്ടുണ്ടാവാം. ഈ ഗ്രൂപ്പിന്റെ ആർ.എസ്.എസ് ബന്ധം ഇപ്പോൾ പ്രകടമായിക്കൊണ്ടിരിക്കുന്നു. ഈ ആശയംവെച്ചുകൊണ്ട് യുക്തിവാദി ഗ്രൂപ്പിനു മുന്നോട്ടുപോകാൻ കഴിയില്ല.
അഭിമുഖത്തിന്റെ പൂർണരൂപം മാധ്യമം ആഴ്ചപ്പതിപ്പ് വെബ്സീനിൽ വായിക്കാം - ‘‘ഈ ആശയവുമായി യുക്തിവാദി ഗ്രൂപ്പിനു മുന്നോട്ടു പോകാൻ കഴിയില്ല’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
