Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightWeeklychevron_rightബ​പ്പി ലാ​ഹ​രി​യു​ടെ ...

ബ​പ്പി ലാ​ഹ​രി​യു​ടെ ബ​ർ​ത്ത് ഡേ ​ബോ​യ്

text_fields
bookmark_border
ബ​പ്പി ലാ​ഹ​രി​യു​ടെ  ബ​ർ​ത്ത് ഡേ ​ബോ​യ്
cancel

മുംബൈയിലെ കോച്ചിവിറക്കുന്ന മഞ്ഞുകാലം മാറിയ ഒരു ഫെബ്രുവരി 19നാണ് ബപ്പി ലാഹരിയെ കണ്ടുമുട്ടിയത്. സ്ഥലം ബാന്ദ്ര ബസ് സ്റ്റാൻഡിലെ മെഹബൂബ് സ്റ്റുഡിയോ. അവസരം ഒരുക്കിത്തന്നത് വി. മേനോൻ. അദ്ദേഹം ബോളിവുഡിൽ 15 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അതിൽ പാതി സിനിമയുടെ പാട്ടുകൾ കമ്പോസ് ചെയ്തത് ബപ്പി ലാഹരിയാണ്. സനം തേരേ ഹേ ഹം എന്ന ചിത്രത്തിലെ പൈസാ ദേ പൈസ എന്ന ഗാനം സൂപ്പർ ഹിറ്റും പോപ്പുലറുമായി. വി. മേനോൻ നിർമാണ ചുമതല കൂടി വഹിച്ച കന്നി ചിത്രമാണ് താജ് ഔർ തൽവാർ. അതിനുള്ള അലങ്കാരമായി സ്റ്റുഡിയോവിൽ അങ്ങിങ്ങ് ചിത്ര പരസ്യവും തൂക്കിയിട്ടുണ്ട്. ആ സിനിമയുടെ ആദ്യഘട്ടമായ റെക്കോഡിങ്ങിനാണ് വിശിഷ്ട അതിഥികൾ എത്തിയിരുന്നത്. സ്വാഭാവികമായും ഒട്ടുമുക്കാലും പേർ ഫിലിം സെലിബ്രിറ്റികൾ. മേനോൻ കൂട്ടിക്കൊണ്ടുചെന്നത് ബപ്പി സാഹിബിൻെറ അരികിലേക്ക്. അദ്ദേഹം പാട്ടിലെ സരിഗമ ഹൈ പഞ്ച് ആവേശത്തിലാണ്. ദേഹത്താകെ ആഭരണങ്ങൾ പ്രദർശനത്തിന് അണിഞ്ഞിട്ടുണ്ട്. അദ്ദേഹം ധരിച്ചിരുന്ന പുതു പുത്തൻ വെള്ള സഫാരി സൂട്ടിന് സ്വർണ തിളക്കം നന്നായി ഇണങ്ങി.

‘ഇതെന്റെ സോൾ ഗഡി. ഫിലിം ജേണലിസ്റ്റാണ്.’ മേനോൻ പരിചയപ്പെടുത്തി. സംഗീതജ്ഞൻ ഈ ലോകത്തൊന്നുമല്ലാത്ത ഭാവം. റിതം തെറ്റാതെ ഹരം പിടിച്ചു മൂളിപ്പാടിക്കൊണ്ട് ഷേക്ക് ഹാൻഡ് തന്നു. ‘ഹലോ, വെൽക്കം.’ സ്വാഗതവും നേർന്നു. മഞ്ഞുതുള്ളി വീണു കുളിരേറ്റ അനുഭവം. മേനോൻ വീണ്ടും ബപ്പി സാഹിബിനെ സ്വകാര്യം മൊഴിഞ്ഞ് ശല്യപ്പെടുത്തി. ‘പുള്ളിയുടെ ഹാപ്പി ബർത്ത്ഡേ ആണിന്ന്. ഒന്നു വിഷ് ചെയ്താൽ നന്നാകും.’ കേട്ടപാതി ബപ്പി സാഹിബിന്റെ മൂഡ് മാറി. തൊട്ടടുത്തെത്തി. അരേ അരേ അരേ... ബർത്ത് ഡേ ബോയ്. ആഹ്ലാദത്തിലൊരു ഗാഢ ആലിംഗനം തന്നു. ആശംസ വാത്സല്യം ഓർക്കാപ്പുറത്തായി. നല്ല കസ്തൂരി മണക്കുന്ന പെർഫ്യൂം സുഗന്ധം പൊതിഞ്ഞു. സ്വർഗീയ അനുഭൂതിയിൽ ലയിച്ചുനിന്നു. വേർപെട്ടതും അദ്ദേഹം മാന്ത്രിക കൈവിരലുകൾ മടക്കിയും നിവർത്തിയും മനക്കണക്കു ചെയ്ത് തിട്ടപ്പെടുത്തി, ക്രിസ്മസ് ന്യൂഇയർ ബർത്ത്ഡേ ബോയ്! ആരേയും കേൾവിയിൽ അതിശയിപ്പിക്കുന്ന വിശദീകരണവും കൂട്ടിച്ചേർത്തു. അതായത്, ക്രിസ്മസ് കഴിഞ്ഞുവരുന്ന പുതുവർഷ ദിനം (2026 വ്യാഴാഴ്ച) തന്നെ ആയിരിക്കും താങ്കളുടെ ജന്മദിനവും. ഈ കലണ്ടർ കണ്ടുപിടിത്തം മറ്റെല്ലാവരെപ്പോലെ മാതാപിതാക്കൾക്കും എനിക്കും പുതിയ അറിവായി. അത്ഭുതംകൂറി താനെ കൈവണങ്ങി. ഇരുതോളുതട്ടി സുദിനത്തിൻെറ അഭിനന്ദന വർഷവും ചൊരിഞ്ഞു.

ഒരു പാട്ടുകൂടിയായാൽ സെലിബ്രേഷൻ ഗ്രാൻഡായി. അടുത്ത അഭ്യർഥനകൂടി സംവിധായകൻ ശങ്കിച്ച് അപേക്ഷ വെച്ചു. ബപ്പി ലാഹരിയുടെ മുഖം മാലാഖ ഭംഗിയിൽ പ്രകാശിച്ചു. വിരൽ ഞൊടിച്ച് സമ്മതമരുളി. ‘വൈ നോട്ട്.’

അദ്ദേഹം ഉപേക്ഷ കാട്ടാതെ സന്നദ്ധനായി. ഭാരിച്ച തൊണ്ട തടവി വിടർത്തി. വായ് ശുദ്ധി വരുത്തി. ചടുന്നനേ സീൻ മാറ്റി. ആലാപനത്തിനുള്ള തയാറെടുത്തു. വൺ ടൂ ത്രീ പറഞ്ഞതും കരഘോഷം മുഴങ്ങി. മാംസള തൊണ്ട വീർപ്പിച്ച് ഉച്ചത്തിൽ പാടുകയായി.

‘ഗോരോം കീ നാ കാലോം കീ ദുനിയാഹേ ദിൽ വാലോം കീ... നാ സോനാ നാ ചാന്ദി ഹം കോ പ്യാർ.’

മിഥുൻ ചക്രവർത്തി നായകനായ ഡിസ്കോ ഡാൻസറിലെ ഗാനം. അതേ ശ്രുതിയിലും ഒച്ചരാഗത്തിലും പാടി പൂർത്തിയാക്കി. ആരാധകരുടെ കരഘോഷ മേളം തിരുതകൃതി. നന്ദി. പരിസരം ശാന്തമായതും പ്രഖ്യാപനമിറക്കി. തീർന്നിട്ടില്ല സെലിബ്രേഷൻ. ഓരോരുത്തരും തിരു മധുരം പങ്കുപറ്റിയ ശേഷമേ റെക്കോഡിങ്ങിലേക്കു പ്രവേശിക്കൂ.

ശരിക്കും ഒരു മാന്ത്രികന്റെ കൗശല കുസൃതിയിൽ ബപ്പി സാഹിബ് ഉണർന്നു പ്രവർത്തിച്ചു. പോക്കറ്റിൽ നിന്ന് കൈയിലെടുത്ത കാഡ്ബറി മിൽക്കി ബാർ ഉയർത്തിക്കാട്ടി. ഒപ്പം സിൽക്ക് കവർ ലേശം പൊട്ടിച്ചു നീക്കി. വിരലറ്റംകൊണ്ട് അടയാളം വെച്ചു. ബർത്ത്ഡേ ബോയ്ക്കുള്ള കഷണം ധർമസങ്കടത്തിലായവന്റെ വായ മുട്ടി. മധുരം സുലഭം. ചുണ്ടു നുഴഞ്ഞതും പടക്കം പൊട്ടുന്ന ഒച്ചയിൽ ഹാപ്പി ബർത്ത് ഡേ ടൂ യൂ ഡിയർ... ആശംസയും. എല്ലാവരും കൈയടിച്ചു. ഒരുമിച്ചേറ്റു പാടി. നിറയെ മോതിരവും ബ്രേസ്ലറ്റുമണിഞ്ഞ കൈ അനായാസം തട്ടി കുടഞ്ഞു. ചലോ റെക്കോഡിങ് എന്നുപറഞ്ഞ് അകത്തേക്ക് ക്ഷണിച്ചു.

അതിനു ശേഷം മൂന്നുപ്രാവശ്യം പലയിടങ്ങളിൽ വെച്ച് ബപ്പി ലാഹരിയെ കണാൻ അവസരം ലഭിച്ചു. അപ്പോഴെല്ലാം ഷാർപ് മെമ്മറി പവറുള്ള അദ്ദേഹം ബർത്ത് ഡേ ബോയ് എന്ന കുസൃതിപ്പേര് വിളിച്ചാണ് അഭിസംബോധന ചെയ്തത്.


ബപ്പി ലാഹരിയുടെ ഇത്തരം അവസരോചിതമായ ഇടപെടലുകളാകണം കലാവാസനയിലും സമയാസമയം തിങ്ങിത്തിളങ്ങിയത്. ഡിസ്കോ ഡാൻസറിലേയും നമക്ക് ഹലാലിലേയും വൈദ്യുതി ചടുലമായ പാട്ടുകൾ ഹിന്ദിക്കാരനെ മാത്രമല്ല ആകർഷിച്ചത്. പാശ്ചാത്യ ഭാരതീയരുടേയും സംഗീത സമ്രാട്ടായി അദ്ദേഹം ചിരകാലം കോട്ടംതട്ടാതെ വാഴട്ടെ. ഡിസ്കോ ഡാൻസ്, നിശാ ക്ലബുകളിൽ ബപ്പി ലാഹരിയുടെ ശബ്ദായമാനമായ സംഗീതം തരംഗമുളവാക്കി. മഹാ നഗരങ്ങളുടെ സന്ധ്യാ ഉല്ലാസ ശൈലിയായി റോക്ക് ഡാൻസ് ഫ്ലോറുകൾ! ഗിന്നസ് ബുക്കിൽ റോക്ക് ചക്രവർത്തി കിരീടം നേടി. വിവിധ ഭാഷകളിലായി അഞ്ഞൂറ് ചിത്രങ്ങൾക്കായി അയ്യായിരം ഗാനങ്ങൾ ചിട്ടപ്പെടുത്തി ഗിന്നസ് ബുക്കിലും ഇടം നേടി.

ചൽത്തേ ചൽത്തേ മേരാ യേ ഗീത് യാദ് രക്ക് നാ... കബി അൽവിദ നാ കഹനാ... കിഷോർ കുമാറിനു വേണ്ടി നൽകിയ ബ്രേക്ക്! ലോക ജനതയിന്നും ബപ്പി ലാഹരിക്കുള്ള ശോക ആദരമായി അത് പാടി ഉയർത്തുന്നു. ബഹുമാന പുരസ്സരം ആ ശംഖൊലി നാദം 2022 ഫെബ്രുവരി 15ന് ചിരകാല ഓർമയായി.

പാട്ടുകാരായ മാതാപിതാക്കളുടെ മകനായാണ് ബപ്പി ലാഹരി 1952ൽ ജനിച്ചത്. മൂന്നാം വയസ്സുമുതൽ തബല വായിക്കാൻ പഠിച്ചു. നൻഹ ശിക്കാരി എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി. ബോളിവുഡിലെ ഒരിക്കലും മറക്കാത്ത ഡിസ്കോ ഗാനനൃത്ത ചുവടുകളാൽ അതിവേഗം ലോകപ്രശസ്തനായി. ജനപ്രിയ ബംഗാളി തെലുങ്ക് സിനിമാ ഗാനങ്ങൾക്കും സംഗീതമേകി. ഒരു വർഷത്തിൽ 180ലേറെ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കി ഗിന്നസ് ലോക റെക്കോഡിൽ ഇടംപിടിച്ചു. 1997ൽ ഇറങ്ങിയ മലയാള സിനിമ ‘ദി ഗുഡ് ബോയ്സി’ലെ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഈണമിട്ടു. മറ്റൊരു മലയാള ചിത്രം 2014ൽ റിലീസ് ചെയ്ത പാണ്ഡവപുരാണം. 2022ലെ ഭാഗി 3 ആയിരുന്നു ബപ്പി ലാഹരി സംഗീതമേകിയ അവസാന ചിത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bappi Lahirilife`menaceMadhyamam weeklyBollywood
News Summary - Bappi Lahari's birthday boy
Next Story