
അവസാന ചിരി കുന്നുംപുറത്ത് സുരേന്ദ്രന്മാർക്കുള്ളതാണ്
text_fieldsസംഘ്പരിവാർ സംഘടനകൾ തെരഞ്ഞെടുപ്പിൽ സമൃദ്ധമായി കള്ളപ്പണമൊഴുക്കിയതിലേക്ക് നീങ്ങുകയാണ് 'െകാടകര കള്ളപ്പണക്കേസ്'. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനിലേക്ക് നീളുന്ന കേസ് യഥാർഥത്തിൽ എന്താണ്? കുഴൽപണം തെരഞ്ഞെടുപ്പിൽ എങ്ങനെയൊക്കെയാണ് സ്വാധീനിച്ചിട്ടുള്ളത്? അവസാനം ആരാണ് ജയിക്കുക?- വിശകലനം.
കുന്നുംപുറത്ത് സുരേന്ദ്രനോട് ഹൃദയംഗമമായ നന്ദി ചൊേല്ലണ്ടത് കോൺഗ്രസാണ്. അതിവേഗം ആയുസ്സറ്റുകൊണ്ടിരിക്കുന്ന മുത്തശ്ശിപ്പാർട്ടിക്ക് കേരളത്തിലെങ്കിലും തൽക്കാലം ജീവസന്ധാരണം നടത്താം. അത്രക്ക് കെട്ടുപോയി, ജനമനസ്സിൽ അവരുടെ യഥാർഥ ശത്രു. ആയതിെൻറ ഫുൾ െക്രഡിറ്റ് രണ്ട് ധിഷണാശാലികൾക്കുള്ളതാണ്- കേന്ദ്ര വിദേശകാര്യ ശിങ്കിടിമന്ത്രി മുരളീധരനും ടിയാെൻറ വിശ്വസ്ത ശിങ്കിടി സുരേന്ദ്രനും. കാരണം, ഇമ്മാതിരി ഉരുപ്പടിയെ കേരളംപോലൊരു രാഷ്ട്രീയദേശത്ത് പാർട്ടി അധ്യക്ഷനാക്കാൻ മിനിമം പാക്കിഡേമുകളുടെ ചർമകാന്തി വേണം.
ശബരിമല കേസുകെട്ടാണ് മുരളീധരസംഘത്തിന് ഈ കുയ്യാനയെ നെറ്റിപ്പട്ടം കെട്ടിച്ച് തൻകാര്യം സാധിക്കാനുള്ള 'സുവർണാവസരം' ഒരുക്കിയത്. ഇരുമുടിക്കെട്ട് നിലത്തെറിഞ്ഞിട്ട് പൊലീസുകാരെ പഴിക്കുക, വർഗീയവിഷ വിന്യാസത്തിൽ ശശികല മൂർത്തിയുടെ പുല്ലിംഗമായി തകർത്താടുക, വിഷയമേതായാലും വായില്ലാക്കോടാലിയാവുക ഇത്യാദി തറസാമർഥ്യങ്ങൾ സങ്കോചലാഞ്ഛനയില്ലാതെ പ്രദർശിപ്പിക്കാൻ കുമ്മനംതൊട്ട് ശ്രീധരൻ പിള്ള വരെയുള്ളവർക്ക് പ്രകൃത്യാ കഴിവില്ല; കൃഷ്ണദാസിനു പോലും (ആകപ്പാടെയുള്ള കോംപറ്റീഷൻ മറ്റേ സുരേന്ദ്രനിൽനിന്നാണ് - ശോഭ). ഈ വിശിഷ്ട യോഗ്യതയുടെ ഉന്തിനൊപ്പം ഒരു തള്ളായി ഭവിച്ചത്, പിണറായി സർക്കാർ സുരേന്ദ്രനെതിരെ എടുത്ത കേസ് പരമ്പരയാണ്. അതോടെ, ഞാഞ്ഞൂലിന് ഫണം വെച്ചു, മുരളീധരസംഘത്തിന് ലഡു പൊട്ടി. വാസ്തവത്തിൽ, ശബരിമല പുകിലുകൊണ്ട് ബി.ജെ.പിക്കുണ്ടായ ഏക 'നേട്ടം' ഈ വിത്തിെൻറ ആരോഹണമാണ്. അത് പാർട്ടിക്ക് വലിയ ഗുണമാണെന്ന് കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചു. അവരത് വിശ്വസിച്ചു. അവിടെയാണ് രണ്ട് കാര്യങ്ങൾ വ്യക്തമായത്. ഒന്ന്, അങ്ങനെ ധരിപ്പിച്ച മുരളീധരനും അന്നതിന് ചൂട്ടുപിടിച്ച ആർ.എസ്.എസിനും കേരളദേശത്തെപ്പറ്റി കാര്യമായ ഗ്രാഹ്യമില്ല. തങ്ങൾ ഇച്ഛിക്കുംവിധം കേരളത്തിെൻറ മനോനില പരിണമിച്ചോളും എന്ന ആഗ്രഹചിന്തയാണ് ഇഷ്ടന്മാരെ ഇന്നും ഭരിക്കുന്നത്. രണ്ട്, തറസാമർഥ്യക്കാരുടെ ചെലവിൽ എവിടെയും അധികാരം കവരാം എന്ന കേന്ദ്ര നേതൃത്വത്തിെൻറ ചിന്താനിലവാരത്തിന് അനുരൂപമായി ഈ പുതിയ അവതാരപ്രതിഷ്ഠ. വെടി ഒന്ന്, കിളി രണ്ട്.
കുന്നുംപുറത്ത് സുരേന്ദ്രനിലൂടെ കേന്ദ്ര നേതൃത്വത്തിന് ബഹുപഥ്യമായ ഈ സമവാക്യം മാത്രമല്ല പൂരിപ്പിച്ചു കിട്ടിയത്. രാജ്യത്ത് ഏറ്റവും ഭീമമായ കള്ളപ്പണക്കിഴിയുള്ള കക്ഷിയാണ് കഴിഞ്ഞ രണ്ട് ദശകങ്ങളായി ഈ പ്രസ്ഥാനം. വർഗീയത കഴിഞ്ഞാൽ അതാണ് അവരുടെ ശരിയായ മൂലധനം. വർഗീയ വിഭജനം വഴിക്കുള്ള വോട്ട് മാത്രം കൊണ്ട് മിക്ക സംസ്ഥാനങ്ങളും കൈപ്പിടിയിലാക്കാൻ കഴിയില്ല. അതിനാണ് പർച്ചേസ് എന്ന ജനാധിപത്യവിരുദ്ധമായ രാഷ്ട്രീയ തന്ത്രം. ആയതിലേക്കുള്ള ആവനാഴിയാണ് പാർട്ടി ഫണ്ട്. അത് വിനിയോഗിക്കാൻ പ്രാദേശികതലങ്ങളിൽ സാമർഥ്യമുള്ള തറവേലക്കാരെ ആവശ്യമുണ്ട്. ഈ രണ്ട് ആവശ്യങ്ങളും നിവർത്തിച്ചുകൊടുക്കാൻ പ്രാപ്തിയുള്ള കഥാപാത്രമാണ് സുരേന്ദ്രൻ എന്ന് കേന്ദ്രനേതൃത്വം വിശ്വസിച്ചു. ആ വിശ്വാസത്തിനൊത്ത പ്രകടനങ്ങൾ സുരേന്ദ്രനും നടത്തി. കേരളം പിടിക്കാൻ 30-35 സീറ്റു മതി, ബാക്കി തങ്ങൾ ഒപ്പിച്ചെടുക്കുമെന്ന് പൗരാവലിയുടെ മുഖത്ത് നോക്കി വിളംബരം നടത്തിയ കഥാപാത്രമാണ്. ജനായത്തത്തിനും പൗരബോധത്തിനും എന്തു വില കൊടുക്കുന്നുണ്ട്, ഈ 'രാഷ്ട്രീയ നേതാവ്' എന്നത് ഊഹിച്ചുകൊൾക. ചുരുക്കിയാൽ, ഇത്തരമൊരു കഥാപാത്രത്തിെൻറ അച്ചുതണ്ടിൽ ഭ്രമിച്ചാൽ എന്തുണ്ടാവുമോ അതു മാത്രമാണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളത്, അത് ഇത്രവേഗം സംഭവിച്ചതിലേ ഇത്തിരി അത്ഭുതത്തിന് വകയുള്ളൂ.
നോക്കൂ, എത്ര നിസ്സാരമായാണ് കേഡറും കെട്ടുറപ്പും അവകാശപ്പെടുന്ന ഒരു ദേശീയ കക്ഷിയുടെ കള്ളപ്പണക്കിഴി ചോർന്നത്. ഈ കിഴിവെച്ച് പലേടത്തും പലവുരു പാർട്ടി പരസ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയം നടത്തിയിട്ടുണ്ട്. അവിടങ്ങളിലൊക്കെ കോടികളൊഴുക്കിയത് കേന്ദ്രനേതൃത്വം നേരിട്ടല്ല, പ്രാദേശിക ഭാരവാഹികളാണ്. അവിടെയൊന്നും ഒരു 'കൊടകരപ്പറ്റ്' പറ്റിയിട്ടില്ല എന്നതിനർഥം അവിടെയൊന്നും സുരേന്ദ്രന്മാരില്ല എന്നല്ല. മറിച്ച്, നമ്മുടെ കുന്നുംപുറം അച്ചുതണ്ട് രാഷ്ട്രീയത്തിലെന്നപോലെ ഇക്കാര്യത്തിലും അംഗൻവാടി നിലവാരത്തിലാണെന്നാണ്. മുരളീധരപക്ഷത്തിെൻറ നിലവാരം സുരേന്ദ്രനിലൂടെ വെളിവായിപ്പോകുന്നു എന്നേയുള്ളൂ. ആയതിനാൽ, ഏതുവിധേനയും ഈ അച്ചുതണ്ട് ബി.ജെ.പിയുടെ അമരത്ത് തുടരാൻ മുട്ടിപ്പായി പ്രാർഥിക്കുകയാണ് കേരളത്തിലെ കോൺഗ്രസുകാർ ചെയ്യേണ്ടത്.
കൊടകര എപ്പിസോഡിന് പല മാനങ്ങളുണ്ട്. അതിെൻറ തൊലിപ്പുറമാനത്തിൽ പിടിച്ചുതുടങ്ങിയാണ് ബി.ജെ.പിയുടെ പ്രതിരോധ പങ്കപ്പാട്. ആരുടെയോ പണം ആരോ കവർന്നു. അതുസംബന്ധിച്ച പരാതി കിട്ടിയ പൊലീസ് കവർച്ചക്കാരെയും തൊണ്ടിമുതലിനെയും കണ്ടെത്തി കേസ് അവസാനിപ്പിക്കുക. കള്ളപ്പണമാണ് മുതലെങ്കിൽ, ആ കേസ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് വിടുക. പകരം, പരാതിക്കാരനായ ധർമരാജെൻറ കോൾഹിസ്റ്ററി ചികഞ്ഞ് അയാളുടെ പരിചയക്കാരെ അപകീർത്തിപ്പെടുത്തുകയാണ് പൊലീസ്. ധർമരാജൻ ബി.ജെ.പിയുടെ ബന്ധുവായതിനാൽ ഈ വഴിപിഴച്ച അന്വേഷണം വഴി ബി.ജെ.പിയെ നശിപ്പിക്കാനുള്ള കുതന്ത്രമാണ് സംസ്ഥാന ഭരണകക്ഷി നടത്തുന്നത്- ഇങ്ങനൊക്കെയാണ് പ്രതിരോധ വായ്ത്താരി, എത്ര സരളസുന്ദരമായ യാഥാർഥ്യ വായന!
ഇതിലും സരളമാണ് യാഥാർഥ്യമെന്നതാണ് രസകരം. പണം അപഹരിക്കപ്പെട്ടത് കഴിഞ്ഞ ഏപ്രിൽ മൂന്നിന് പുലർച്ചെ. പൊലീസിൽ പരാതി ചെന്നത് ഏപ്രിൽ ഏഴിന് രാത്രി. ഇതിനിടെ അഞ്ച് പകലും നാല് രാത്രിയുമുണ്ട്. പണംനഷ്ടപ്പെട്ടവരാരും ഇത്ര അവധാനതയോടെ പരാതിപ്പെട്ട ചരിത്രമില്ല. അവിടെയാണ് മർമം. പരാതിക്കാരൻ ഈ ദീർഘിച്ച ഇടക്കാലമത്രയും കൂലങ്കഷമായ ആലോചനയിലായിരുന്നത്രേ. തെൻറ ചാർട്ടേഡ് അക്കൗണ്ടൻറുമായും അഭിഭാഷകരുമായും കൂടിയാലോചിച്ച് ഒരു തീരുമാനമെടുക്കാൻ. 25 ലക്ഷം പോയെന്നാണ് പരാതി. തുകയുടെ േസ്രാതസ്സ് കാണിക്കാൻ വേണ്ട കാര്യാലോചനയായി കണക്കാക്കാം. എന്നാൽ, പരാതിപ്പെടുന്നത് ഏപ്രിൽ ഏഴ് രാത്രി. ഏപ്രിൽ ആറിനായിരുന്നു കേരളത്തിൽ വോട്ടെടുപ്പ്. വോട്ടും തെരഞ്ഞെടുപ്പുമൊക്കെ രാഷ്ട്രീയക്കാരുടെ തലവേദനകളാണ്. കോഴിക്കോട്ടെ ഒരു അബ്കാരിക്ക് സ്വന്തം കാശ് കളവുപോയാൽ അമ്മാതിരി ജനാധിപത്യ ഉത്കണ്ഠകൾ പതിവില്ല. മാത്രമല്ല, എങ്ങനെയാണ് മലബാറിലെ ധർമരാജെൻറ കാശ് കൊടകരയിൽ വരുന്നത്? ഈ ചോദ്യങ്ങളിലൂടെ കേരള പൊലീസ് പോയ പോക്കിലാണ് ബി.ജെ.പി എന്ന അദൃശ്യകക്ഷി കളിയരങ്ങിലെത്തുന്നത്. അതിനകം പിടിയിലായിക്കഴിഞ്ഞിരുന്ന കവർച്ചക്കാർ ആയതിലേക്ക് വേണ്ട വെളിച്ചം വീശുകയും ചെയ്തിരുന്നു.
സംഗതി ലളിതം, ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന ഉറ്റബന്ധുവാണ് ധർമരാജൻ. ടി സാമഗ്രിപ്പട്ടികയിൽ പണം ഒഴികെ സകലമാന ചണ്ടിപണ്ടലങ്ങളുമുണ്ട്. ഒരബ്കാരി എന്തിന് പോസ്റ്ററും രസീതും ബാഡ്ജുമൊക്കെ കൊണ്ടുനടക്കണം എന്ന് ചോദിക്കരുത്. ഉറ്റബന്ധുവല്ലേ, ചൂലും ചപ്പുകോരിയും വരെ വിന്യസിച്ചെന്നിരിക്കും. ആ വകയിൽ 9.8 കോടി രൂപയുമായി ധർമരാജൻ തൃശൂരിലെത്തുന്നു, 6.3 കോടി അവിടെ ബി.ജെ.പി ജില്ലാ കേന്ദ്രത്തിലിറക്കുന്നു. ശിഷ്ടം 3.5 കോടി. അത് ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് കൊടുക്കാൻ പോയവഴിക്കാണ് പണക്കവർച്ചയെന്നാണ് വാദിമൊഴി തെന്ന. 25 ലക്ഷം നഷ്ടപ്പെട്ടെന്ന പരാതി മണിക്കൂറുകൾക്കകം പൊളിയുന്നു. കാരണം, കവർച്ചക്കാരിൽനിന്നുതന്നെ മുക്കാൽകോടി കിട്ടുന്നു. പിന്നീട് പലേടത്തും റെയ്ഡ് നടത്തിയപ്പോൾ തുക ഒരു കോടി അഞ്ച് ലക്ഷമായി ഉയരുന്നു. സ്വാഭാവികമായും പരാതിക്കാരൻ സംശയത്തിെൻറ നിഴലിലാവുന്നു. അങ്ങനെയാണ് വാദിയുടെ ഫോൺവിളികൾ പരിശോധിക്കാൻ അന്വേഷകർ നിർബന്ധിതരാവുന്നത്. കാരണം, 25 ലക്ഷത്തിൽ കൂടുതൽ നഷ്ടപ്പെട്ടതായി വാദി പറയുന്നില്ല; തൊണ്ടി മുതൽ ഇപ്പോൾതന്നെ അതിെൻറ നാലിരട്ടിയുണ്ട്. അപ്പോൾ, ഒന്നുകിൽ വാദി നുണ പറയുന്നു. അല്ലെങ്കിൽ, കവർച്ചക്കാരുടെ കിഴിയിൽ മറ്റു കവർച്ചകളിൽനിന്നുള്ള പണംകൂടിയുണ്ട്.
ഇതിൽ രണ്ടാം യുക്തിയാണ് ബി.ജെ.പി ഒടുവിലായി അഭയമാക്കിത്തുടങ്ങിയിരിക്കുന്നത്. അതായത്, ഒല്ലൂരിൽ നേരത്തേ ഒരു കള്ളപ്പണക്കവർച്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് ഫണ്ട് വകയാണെന്ന കിംവദന്തിയുണ്ട്. ആ പണം കൊടകരയിലെ തൊണ്ടിയിൽ ഉൾപ്പെട്ടിട്ടുെണ്ടങ്കിലോ? യുക്തി കൊള്ളാം. പക്ഷേ, കഷ്ടപ്പെട്ട് റാഞ്ചിയ ഒരു കിഴി അപ്പാടെ പിടിക്കപ്പെട്ടിരിക്കെ പഴയൊരു കഷ്ടപ്പാടിെൻറ അധ്വാനഫലം അതിലേക്കിട്ട് സമ്പൂർണ ദാരിദ്ര്യം വരിക്കാൻ മാത്രം പടുവിഡ്ഢികളല്ലല്ലോ കുഴൽപണ സംഘങ്ങൾ (പിടിക്കപ്പെട്ട സ്ഥിതിക്ക് വാദി പറയുന്ന 25 ലക്ഷം മടക്കിക്കൊടുത്ത് മിച്ച കാശ് കീശയിലിട്ട്, ഇതിന്മേലുള്ള കോടതി വ്യവഹാരം നിസ്സാരമായി നടത്തുകയാണ് വേണ്ടതെന്ന് അവരെ ആരും പഠിപ്പിക്കേണ്ടതില്ല). ഇതാണ് ബി.ജെ.പി കാലികമായി ബൗദ്ധിക നിലവാരം- കണ്ണടച്ചിരുട്ടാക്കൽ. ബി.ജെ.പി ഇരുട്ടെന്നു പറഞ്ഞാൽ നാട്ടുകാർ കണ്ണടച്ചോണം. അങ്ങനെ സൃഷ്ടിച്ച കൃത്രിമ തമസ്സിലൂടെയാണ് കേരളത്തിലേക്ക് കള്ളപ്പണത്തിെൻറ സമീപ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴുക്കുണ്ടായത്. 2010 തൊട്ട് ഒാരോ തെരഞ്ഞെടുപ്പിലും അത് ക്രമാനുഗതമായി പെരുകിവരുന്നു. സത്യത്തിൽ തെരഞ്ഞെടുപ്പ് എന്നത് ഒരുമാതിരിപ്പെട്ട രാഷ്ട്രീയ കക്ഷികളുടെെയല്ലാം ചങ്കിടിപ്പിക്കുന്ന വാക്കാണ്^ രാഷ്ട്രീയമായി മാത്രമല്ല, സാമ്പത്തികമായും. പഞ്ചായത്താവട്ടെ, നിയമസഭയാവട്ടെ, ലോക്സഭയാവട്ടെ തെരഞ്ഞെടുപ്പെന്നു കേട്ടാൽ സിരകളിൽ ഡോപമൈൻ തിരതള്ളിത്തുളുമ്പുന്ന ഒരു കക്ഷിയേയുള്ളൂ- ബി.ജെ.പി. കേരളത്തിൽ അതിന് രണ്ട് വിശേഷാൽ കാരണങ്ങളാണുള്ളത്. ഒന്ന്, തദ്ദേശസഭ തൊട്ട് മീതേക്ക് എവിടെയും ഒന്നും നഷ്ടപ്പെടാനില്ലാതിരുന്ന കക്ഷിയാണ് ബി.ജെ.പി, ഒന്നുമില്ലാത്തവർക്ക് കിട്ടുന്നതെന്തും വലിയ നേട്ടം മാത്രമാണ്. രണ്ട്, കഴിഞ്ഞ 10 കൊല്ലമായി ഏതു തെരഞ്ഞെടുപ്പിനും കേന്ദ്രത്തിൽനിന്ന് മറിക്കുന്ന ഗംഭീര കിഴികൾ. മോദി അധികാരം പിടിക്കുകകൂടിയായതോടെ പാർട്ടി ഫണ്ടിെൻറ സൂനാമിയാണ് ഓരോ തെരഞ്ഞെടുപ്പുകാലത്തും. സംഗതി ഗോപ്യക്കിഴിയായതിനാൽ വിരുതുള്ള താക്കോൽസ്ഥാനീയർക്ക് സ്വന്തംനിലക്കും തടിച്ചുകൊഴുക്കാം. കേരളത്തിലെ ചില ബി.ജെ.പി പ്രമുഖർ ഇങ്ങനെ കഴിഞ്ഞ 10 കൊല്ലത്തിൽ ആർജിച്ച സമ്പദ്വികാസത്തിെൻറ ചിത്രമെഴുത്ത് വരാനിരിക്കുന്നേയുള്ളൂ. ബി.ജെ.പി ദേശീയമായിത്തന്നെ ഒരു തെരഞ്ഞെടുപ്പധിഷ്ഠിത പാർട്ടിയായതിെൻറ പൊരുൾ ഇവിടെയാണ്. മോദിയെ നോക്കൂ, സദാ പ്രചാരണ മോഡിലാണ് പ്രധാനമന്ത്രി- ഭരണവും രാഷ്ട്രീയ വിഭാവനയുമൊന്നും ടിയാനെ തീണ്ടുന്ന പ്രശ്നമല്ല. കോവിഡ് മാനേജ്മെൻറും അച്ചുകുത്തും ഇത്ര കേമമായി കുളമാക്കിയിട്ടും വല്ല കൂസലുമുണ്ടോ- ദേ അടുത്ത ജനുവരിയിലെ യു.പി തെരഞ്ഞെടുപ്പിനുള്ള കുപ്പായമിട്ട് കുതിച്ചുതുടങ്ങുകയായി. ഈ പ്രചാരണ മോഡുകൊണ്ട് മൂന്നു ഗുണങ്ങളുണ്ട്. ഒന്ന്, തെരഞ്ഞെടുപ്പു ഫണ്ട് സദാ കൊഴുപ്പിച്ചെടുത്തുകൊണ്ടിരിക്കാം. രണ്ട്, ഫണ്ടു കൂട്ടി അധികാരം നിലനിർത്താം, പിടിച്ചെടുക്കാം. അതുകൊണ്ട് ഫണ്ട് ദായകർ സ്ഥിരമായി പിന്നാലേ മണ്ടിക്കൊണ്ടിരിക്കും. മൂന്ന്, സുസ്ഥിര പ്രചാരണ മേളത്തിലൂടെ ഭരണപരവും നയപരവുമായ യഥാർഥ പ്രശ്നങ്ങൾ തമസ്കരിക്കാം. ഇവ്വിധം ഒരു ദേശീയ കമ്പക്കെട്ടായി ഭരണരാഷ്ട്രീയത്തെ നിലനിർത്തുന്നത് അണികൾക്ക് സദാ വിനോദലഹരി പകരും. പ്രാദേശിക നേതൃത്വങ്ങൾക്ക് (സംസ്ഥാന തലംതൊട്ട് താഴേക്ക്) ഈ ഉത്സാഹ മൂഡിനൊപ്പം സ്വയം വികസിക്കാനുള്ള പണത്തിെൻറ സുലഭ്യതയും ഉറപ്പാക്കുന്നു തെരഞ്ഞെടുപ്പുകൾ. അണികൾക്കുള്ള ലഹരിക്ക് ഭംഗം വരാതിരിക്കാൻ മതങ്ങളിലെന്നപോലെ രാഷ്ട്രീയത്തിലുമുണ്ട് വിപുലമായ ആചാരങ്ങൾ; പൊലിമയുള്ള ചടങ്ങുകൾ; പ്രാദേശിക നേതൃത്വങ്ങൾക്കുള്ള വികസനോപാധികൾക്ക് ഭംഗംവരാതിരിക്കാനുള്ളതാണ് ധൂർത്തമായ തെരഞ്ഞെടുപ്പു ഫണ്ട്. അത് കൈവരുന്ന പ്രാദേശിക നേതാക്കളെ സായുധരും ആത്മവിശ്വാസികളുമാക്കുന്നു. ടി വികാസം കൂടുതലായി കൈവരുന്നവർ ആത്മവിശ്വാസത്തിനപ്പുറം നെഗളിപ്പിെൻറ തലത്തിലേക്കുയരുന്നു. അതാണ് ചുരുങ്ങിയ കാലംകൊണ്ട് നമ്മുടെ കുന്നുംപുറത്ത് വിദ്വാന് പറ്റിയത്. ഈ മനോപരിണാമത്തിൽ സംഭവിക്കുന്ന കൈയബദ്ധം മാത്രമാണ് കൊടകര കാരണം. ഇന്ത്യൻ രാഷ്ട്രീയം ചലിക്കുന്നതുതന്നെ കള്ളപ്പണത്തിന്മേലാണ്. അത് നശിപ്പിക്കാൻ ഒരു രാഷ്ട്രീയ കക്ഷിയും കൂട്ടുനിൽക്കില്ല.
കള്ളപ്പണത്തിെൻറ രാഷ്ട്രീയ ഖജാനകൾ
വ്യക്തികളായാലും സ്ഥാപനങ്ങളായാലും പ്രസ്ഥാനങ്ങളായാലും സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം ധൂർത്തമായി എവിടെയും വിന്യസിക്കില്ല. അവിടെയാണ് ബി.ജെ.പിയുടെ വ്യത്യസ്തത. അവർ ധൂർത്തടിക്കുകയാണെന്ന് മറ്റുള്ളവർക്ക് തോന്നിക്കുക മാത്രമാണ്. യഥാർഥത്തിൽ കഥ അങ്ങനെയല്ല. വണിക്കുകൾക്കും വ്യവസായികൾക്കും പുകഴ്പെറ്റ പടിഞ്ഞാറൻ ഇന്ത്യക്ക് ചില സാമാന്യ മനോഭാവങ്ങളുണ്ട്. ഉദാഹരണത്തിന് ഗുജറാത്തി വണിക്കുകൾ. കാശ് എറിഞ്ഞുകളയുന്നവരല്ല. എറിഞ്ഞുപിടിക്കുന്നവരാണ്. എന്നുവെച്ചാൽ, കാശുകൊണ്ട് വല വിരിച്ച് കാശുകൊയ്തെടുക്കുന്നവർ. വണിക്കുകളേക്കാൾ വിപുലമായ വലവിരിച്ച് (ദീർഘകാല, ദേശാതീത വലകൾ) കാശിെൻറ തോതും മൂല്യവും പലമടങ്ങ് കൂട്ടിയെടുക്കുന്നവരാണ് വ്യവസായികൾ. പടിഞ്ഞാറൻ ഇന്ത്യയുടെ ഈ തന്ത്രസമുച്ചയത്തിൽനിന്നാണ് പുതിയ ബി.ജെ.പിയുടെ (1980കൾക്കു ശേഷമുള്ള ജനസംഘാനന്തര രൂപത്തിെൻറ) ഫണ്ട് വിനിയോഗത്തിെൻറ മൂലതത്ത്വങ്ങൾ. പണം പിരിച്ചുകൊണ്ടേയിരിക്കുക; അങ്ങനെ നിരന്തരം പിരിക്കാനുള്ള ആധാരം രാഷ്ട്രീയാധികാരമോ അധികാര സാധ്യതയോ ആണ്. അധികാരത്തിനു വേണ്ട ആധാരമാകട്ടെ പണവും. ഇങ്ങനെ പരസ്പരാശ്ലേഷിയായ ഈ ധനതത്ത്വമാണ് ബി.ജെ.പി രാഷ്ട്രീയത്തിെൻറ പ്രത്യയശാസ്ത്ര മർമം. അതിെൻറ ആടയാഭരണങ്ങൾ മാത്രമാണ് ദേശാഭിമാനവും വികസന വായ്ത്താരിയുമൊക്കെ. ഗോൾവാൾക്കറുടെ 'ചിന്താധാരാ' തത്ത്വങ്ങൾ അന്തർലീനമാകുേമ്പാൾതന്നെ അധികാരം കൈപ്പിടിയിലൊതുക്കാനുള്ള പ്രയോഗദീപിക ഇപ്പറഞ്ഞ വണിക് മനോനിലയുടെ സംഭാവനയാണ്.
1980കൾ വരെ മുഖ്യമായും വണിക്കുകളുടെ കക്ഷിയായിരുന്നു ഈ രാഷ്ട്രീയ പ്രസ്ഥാനം, അഥവാ അതിെൻറ മുൻരൂപം. അല്ലറചില്ലറ ഗുജറാത്തി കോർപറേറ്റുകൾ മാത്രമാണ് സംഭാവനകൾ നൽകിയിരുന്നത്. കാരണം, സ്ഥിരമായി അധികാരത്തിലുള്ള കോൺഗ്രസായിരുന്നു വ്യവസായി ലോകത്തിെൻറ ഇഷ്ടപാത്രം. ജവഹർലാൽ നെഹ്റു ഇന്ത്യൻ വ്യവസായികളോട് അത്ര നല്ല ബന്ധം പുലർത്തിയില്ലെങ്കിലും കോൺഗ്രസിെൻറ ഖജാൻജികൾ കോർപറേറ്റുകളെ തലോടിയും താലോലിച്ചുമാണ് പണം വരുത്തിയിരുന്നത്. ബിർളാ ഗ്രൂപ്പായിരുന്നു ആത്മമിത്രം. കോൺഗ്രസിെൻറ എത്രയോ എം.പിമാരെ സ്പോൺസർ െചയ്ത് തീറ്റിപ്പോറ്റിയിരുന്നത് ബിർളകളാണെന്നത് പരസ്യമായിരുന്നല്ലോ.
അടിയന്തരാവസ്ഥക്കു ശേഷം 1977ൽ ജനതാ സർക്കാർ വരുന്നു. ജനസംഘക്കാർ അതിൽ കയറിപ്പറ്റുന്നു. കോർപറേറ്റുകളുമായി ചങ്ങാത്തമുണ്ടാക്കുന്ന ഹിന്ദുത്വ പരിവാരത്തിെൻറ ശ്രമം അവിടെത്തുടങ്ങുന്നു. വൈകാതെ ബി.ജെ.പി രൂപപ്പെടുന്നു. പാർട്ടി നേതൃത്വം പ്രത്യേക ഊന്നൽ നൽകുകയായി, കോർപറേറ്റ് പ്രീണനത്തിന്. പരമ്പരാഗത പിന്തുണക്കാരായ വ്യാപാരമേഖലക്കു പുറമെ ശക്തമായ ഒരു വ്യവസായ ലോബികൂടി ബി.ജെ.പി പടുക്കുന്നു. ആദ്യമൊക്കെ, വിദേശ കോർപറേറുകളുമായുള്ള മത്സരത്തിൽ വൈഷമ്യം പൂണ്ടുനിന്ന ചില ഇന്ത്യൻ കോർപറേറ്റുകളായിരുന്നു ഈ ലോബിയിലുണ്ടായിരുന്നത്. പിന്നാലെ ഇടത്തരം വ്യവസായികളും ഈ ലോബിയിൽ ചേക്കേറി. 1989നു ശേഷം സാഹചര്യങ്ങൾ ബി.ജെ.പിക്ക് അനുകൂലമായിത്തുടങ്ങി - മണ്ഡൽ, മസ്ജിദ് രാഷ്ട്രീയങ്ങൾക്ക് നന്ദി. അടുത്ത പത്ത് കൊല്ലത്തിൽ ഇന്ത്യൻ വ്യാപാര, വ്യവസായ ലോബികളും വിദേശങ്ങളിലെ സുഹൃത്തുക്കളും (ഹിന്ദുത്വ അനുഭാവികൾ) വഴി പാർട്ടി വൻ ഫണ്ട് സ്വരൂപിക്കുന്നു. 1999-2004 കാലത്തെ വാജ്പേയി ഭരണംകൂടിയായതോടെ ഈ ധനവരവ് സുസ്ഥിരപ്പെടുന്നു. ഈ കാലയളവിലാണ് കോൺഗ്രസിനെ കടത്തിെവട്ടി ബി.ജെ.പി സാമ്പത്തിക ഭദ്രത കൈവരിക്കുന്നത്.
യു.പി.എയുടെ ഭരണകാലത്ത് (2004-2014) ബി.ജെ.പിയുടെ ഫണ്ട് വരവ് പുഷ്ടിപ്പെട്ടതേയുള്ളൂ. മുഖ്യകാരണം വിദേശ ഇന്ത്യക്കാരായ ഹിന്ദുത്വ പ്രേമികൾ. അമേരിക്കയിലെ ഗുജറാത്തി വ്യവസായികളും വിശ്വഹിന്ദു പരിഷത്തിെൻറ വിദേശ യൂനിറ്റുകളും വിദേശത്തുള്ള ഹിന്ദു ക്ഷേത്രങ്ങളും ഉദാരമായി സംഭാവനകൾ ചൊരിഞ്ഞുകൊണ്ടിരുന്നു. അഴിമതികുംഭകോണങ്ങളാൽ അഭിഷിക്തമായ യു.പി.എ സർക്കാർ നരേന്ദ്ര മോദിക്ക് വഴിമാറിയതോടെ ഇന്ത്യൻ വ്യവസായ ലോകം അപ്പാടെ ബി.ജെ.പിക്ക് പിന്നിലായി. ബാക്കിയുള്ളത് എല്ലാവർക്കുമറിവുള്ള ചരിത്രം, അതിെൻറ പിന്നാമ്പുറക്കണക്കാണ് ശ്രദ്ധിക്കേണ്ടത്.
ഇക്കഴിഞ്ഞ പാർലെമൻറ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിെൻറ സോഷ്യൽ മീഡിയ ചുമതലയുള്ള ദിവ്യസ്പന്ദന പറയുന്നു, പാർട്ടി ഖജാന ഏതാണ്ട് കാലിയാണെന്ന്, മുല്ലപ്പള്ളിയും സമാന വിഷമം പരസ്യമാക്കിയിരുന്നു. മുത്തശ്ശിപ്പാർട്ടിക്ക് പല സംസ്ഥാനങ്ങളിലും കാര്യാലയ നടത്തിപ്പിനുപോലും പണം തികയുന്നില്ല. പാർട്ടി ഫണ്ടിലേക്കുള്ള സംഭാവനകളുടെ കണക്ക് ആ നേരു പറയുന്നുണ്ട്. 2018-19ൽ കോൺഗ്രസിന് മൊത്തം കിട്ടിയത് 225 കോടി രൂപ. ചെലവ് 321 കോടി. അങ്ങനെ ചരിത്രത്തിലാദ്യമായി 96 കോടിയുടെ കമ്മി അനുഭവമായപ്പോഴാണ് രാഹുൽ ഗാന്ധി സംഭാവനകൾക്കായി പരസ്യമായ അഭ്യർഥന നടത്തിയത്. 2018ലെ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പാണ് പാർട്ടിയെ പെട്ടെന്ന് ഈ പരുവത്തിലെത്തിച്ചതെങ്കിലും 2014ൽ കേന്ദ്ര ഭരണനഷ്ടം സംഭവിച്ചിടത്താണ് കുഴപ്പങ്ങളുടെ തുടക്കം. തുടർന്നുള്ള ഒരൊറ്റ കൊല്ലത്തിൽ സംഭാവനകളുടെ ഇടിവ് ഒറ്റയടിക്ക് 12 ശതമാനം.
സമാന്തരമായി ബി.ജെ.പി ആർജിച്ചുകൊണ്ടിരുന്ന ധനപുഷ്ടിയാണ് മറ്റു കക്ഷികളുടെ രാഷ്ട്രീയാരോഗ്യം തന്നെ ക്ഷയിപ്പിച്ചുകളഞ്ഞത്. ഉദാഹരണമായി 2012ൽ വെളിപ്പെടുത്തിയ രേഖകൾ പ്രകാരം കോൺഗ്രസിനു കിട്ടിയത് 356 കോടി രൂപയായിരുന്നെങ്കിൽ ബി.ജെ.പിക്ക് കിട്ടിയത് 309 കോടിയാണ്. തൊട്ടടുത്ത കൊല്ലം (കുംഭകോണങ്ങളുടെ വർഷം) കോൺഗ്രസിന് കിട്ടിയത് 598 കോടി. ബി.ജെ.പിക്ക് 673 കോടി. കോർപറേറ്റുകൾ കോൺഗ്രസിനെ തഴഞ്ഞ് ബി.ജെ.പിയിലേക്ക് മാത്രമായി മനസ്സ് തിരിക്കുന്നതാണ് തുടർന്നുള്ള വർഷങ്ങളിൽ കണ്ടത്. അവരുടെ സംഭാവനകളിൽ 80 ശതമാനത്തിലധികവും ഇൗ ഒരു പാർട്ടിക്കായി. 2018-19ലെത്തുേമ്പാൾ അത് 92 ശതമാനമായി. ബി.ജെ.പിക്ക് 400 കോടി, കോൺഗ്രസിന് വെറും 19 കോടി.
2019-20ലെ കണക്കാണ് ബി.ജെ.പിയുടെ ധനപ്രമത്തതയുടെ നക്കൽചിത്രം നൽകുക. പ്രഖ്യാപിത കണക്കു പ്രകാരം മാത്രം പാർട്ടിക്ക് ഈ ഒരു കൊല്ലം കിട്ടിയ സംഭാവന 2513 കോടി രൂപ. ഇതിൽ പേരു വെളിപ്പെടുത്താത്ത സ്രോതസ്സുകളിൽനിന്നുള്ളത് 1612.04 കോടി. കോൺഗ്രസിനു കിട്ടിയത് 728.88 കോടി രൂപ. ഇവിടെ ശ്രദ്ധേയമാവുന്നത് അജ്ഞാതമാക്കി വെക്കുന്ന സ്രോതസ്സുകളിൽനിന്നുള്ള വരായ്കയാണ്. 2004-2019 കാലയളവിൽ ഇന്ത്യയിലെ ദേശീയ പാർട്ടികൾക്കെല്ലാംകൂടി ഈ േസ്രാതസ്സുകളിൽനിന്നു കിട്ടിയത് ഒട്ടാകെ 11,234 കോടിയാണ് (ഇലക്ഷൻ കമീഷനു മുന്നിൽ സമർപ്പിച്ച രേഖകളിൽനിന്ന്). 2018-19ൽ സമർപ്പിച്ച രേഖകൾ പ്രകാരമുള്ള ഒരു താരതമ്യം നോക്കുക: ഏഴു ദേശീയ കക്ഷികൾക്കു കിട്ടിയ മൊത്തം സംഭാവന: 3449.37 കോടി രൂപ. ഇതിൽ പേരുവിവരം വെളിപ്പെടുത്തിയ സംഭാവന 951.66 കോടി. അജ്ഞാത സ്രോതസ്സുകളിൽനിന്നുള്ളത് 2512.98 കോടി. ഇപ്പറഞ്ഞ ഗോപ്യസ്രോതസ്സുകളിൽനിന്നും ബി.ജെ.പിക്കുള്ള കിഴി 1612.04 കോടി.
കാപട്യത്തിലെ ഐക്യമുന്നണി
നിലവിലുള്ള നിയമപ്രകാരം ഇരുപതിനായിരം രൂപക്കു താഴെയുള്ള സംഭാവനകൾക്ക് പേരു വെളിപ്പെടുത്തേണ്ട കാര്യമില്ല. അപ്പോൾപിന്നെ വലിയ സംഭാവനകൾ എങ്ങനെ അജ്ഞാതമാകുന്നു? അവിടെയാണ് ജനാധിപത്യ രാഷ്ട്രീയത്തിൽ ജനതയെ ഇസ്പേഡാക്കുന്ന ഒത്തുകളിയുടെ രാഷ്ട്രീയം. പേരു വെളിപ്പെടുത്താവുന്ന വരുമാനവും വെളിപ്പെടുേത്തണ്ട ആവശ്യമില്ലാത്ത വരുമാനവും എന്ന വകതിരിവുതന്നെയാണ് പൗരാവലിയെ പറ്റിക്കാനുള്ള പ്രാഥമിക തന്ത്രം. രാഷ്ട്രീയകക്ഷികൾ പൊതുപ്രവർത്തനം നടത്തുന്നു, തെരഞ്ഞെടുപ്പു ജയിക്കുന്ന ജനപ്രതിനിധികൾ പൊതുചെലവിൽ ജീവിക്കുന്നു. എന്നിരിക്കെ രാഷ്ട്രീയ കക്ഷികൾ അവയുടെ പണത്തിെൻറ കാര്യത്തിലും പൊതുജനങ്ങളോട് ഉത്തരവാദിത്തെപ്പട്ട് കഴിയേണ്ടവരല്ലേ? അങ്ങനെയാണെന്ന് 2013ൽ സെൻട്രൽ ഇൻഫർമേഷൻ കമീഷണർ വിധിച്ചു. എന്നുവെച്ചാൽ, അവയെല്ലാം വിവരാവകാശച്ചട്ടത്തിനു കീഴിൽ വരുമെന്ന്. എന്നാൽ, ഘടാഘടിയന്മാരായ ദേശീയകക്ഷികൾ ഈ വിധി പുറങ്കാലിനടിച്ചു. വിധിനടത്തിപ്പിന് സ്വന്തം യന്ത്രമില്ലാത്ത സി.ഐ.സി സംഗതി സുപ്രീംകോടതിക്കു വിട്ടു. കൊല്ലം എട്ടാകുന്നു, പരമോന്നത നീതിപീഠം അനങ്ങിക്കൊടുത്തിട്ടില്ല.
ഇക്കാര്യത്തിൽ ഇതിലും ഗംഭീരമായ ഒരു പൗരാവകാശ സേവ നമ്മുടെ രാഷ്ട്രീയ കക്ഷികൾ അനുഷ്ഠിച്ചതു കൂടി പറയാം. നമ്മുടെ ദേശീയകക്ഷികളുടെ വെബ്സൈറ്റ് തുറന്നാലുടൻ കിട്ടും, അവരുടെ ആദായനികുതി കണക്കുകളുടെ റിപ്പോർട്ട്്. പൗരാവലിക്കുവേണ്ടി സി.എ. ജിയോ അതുപോലെ ഏതെങ്കിലും സ്വതന്ത്ര സ്ഥാപനമോ നടത്തിയ കണക്കെടുപ്പല്ല, പാർട്ടികൾ സ്വന്തമായി കണക്കുണ്ടാക്കി ആദായനികുതി വകുപ്പിനു സമർപ്പിക്കുന്ന ഉരുപ്പടിയാണിത്. ഈ രേഖകളിലെവിടെയും സ്വതന്ത്രനും വിശ്വസ്തനുമായ ഒരു അംഗീകൃത ഓഡിറ്ററുടെ കൈയൊപ്പു മാത്രം കാണില്ല. ജ്ഞാതവും അജ്ഞാതവുമായ സ്രോതസ്സുകളിൽനിന്നുള്ള പണം സ്വീകരിക്കുന്ന കക്ഷികളെ പൗരാവലിയങ്ങ് കണ്ണടച്ചു വിശ്വസിച്ചുകൊള്ളണം.
ഈ കാപട്യം ഹിമാലയം കയറുക വിദേശ സംഭാവനകളുടെ കാര്യത്തിലാണ്. 2014ൽ ഡൽഹി ഹൈകോടതിയുെട ഒരു വിധി. പല വിദേശ കോർപറേറ്റുകളുടെയും സംഭാവന കൈപ്പറ്റിയതിൽ ബി.ജെ.പിയും കോൺഗ്രസും കുറ്റക്കാരെന്നാണ് വിധിയുടെ ചുരുക്കം. 2016ൽ രണ്ടു കക്ഷികളും രാഷ്ട്രീയ ശത്രുത മാറ്റിവെച്ച് ഒരു മെയ്യായിക്കൊണ്ട് ഫോറിൻ കോൺട്രിബ്യൂഷൻ െറഗുലേഷൻ ആക്ട് -2010 ഭേദഗതി ചെയ്യുന്നു. 'വിദേശ സ്രോതസ്സ്' എന്നതിന് പുതിയ നിർവചനം നൽകി മുൻകാല പ്രാബല്യത്തോടെയുള്ള നിയമഭേദഗതി. മാറ്റം ഇത്രേയുള്ളൂ -തങ്ങൾക്കു സംഭാവന ചെയ്ത വിദേശ കമ്പനികളെ 'ഇന്ത്യൻ' എന്നങ്ങ് റീ ക്ലാസിഫൈ ചെയ്തു. ഒരു ഉളുപ്പുമില്ലാതെ നടത്തിയ ഭേദഗതി പക്ഷേ മറ്റൊരു കുഴപ്പത്തിൽ ചെന്നു പെട്ടു. 2010നു മുമ്പായിരുന്നു കേസിനാസ്പദമായ മിക്ക സംഭാവനകളും. ഇൗ വിദ്വാന്മാരുണ്ടാക്കിയ പുതിയ ഭേദഗതിയിൽ അത് പെട്ടില്ല. അങ്ങനെ 2018ൽ പാർലമെൻറിൽ രണ്ടാമതൊരു ബില്ലുകൂടി ഇതേ വിഷയത്തിൽ കൊണ്ടുവരേണ്ടി വന്നു. 1976ലെ എഫ്.സി.ആർ.എ ഭേദഗതി ചെയ്യുന്ന മുൻകാല പ്രാബല്യത്തോടെയുള്ള ബില്ല്. എങ്ങനെയുണ്ട് നമ്മുടെ ഏറ്റവും വലിയ രണ്ട് രാഷ്ട്രീയ കക്ഷികളുടെ ഗൂഢാലോചനയും ഒത്തുപൊരുത്തവും. എവിടെനിന്നു കാശു കിട്ടുന്നു എന്നാരും ചോദിക്കരുത്, നാട്ടുകാർ വിശേഷിച്ചും. നമ്മെ സേവിക്കാൻ അഹോരാത്രം പാടുപെടുന്നവരല്ലേ -ശുദ്ധാത്മാക്കൾ.
ഈ ഒത്തുകളിക്കുശേഷമാണ് നരേന്ദ്ര മോദി സർക്കാർ അടുത്ത മേജർസെറ്റ് കുത്സിതത്വത്തിലേക്കു കടക്കുന്നത്. രാഷ്ട്രീയ ഖജാനയിലെ കള്ളപ്പണം പെരുക്കാനുള്ള ഒരു ത്രിതല പരിവർത്തന പദ്ധതി. സ്രോതസ്സുകളെ പൗരാവലിക്ക് അജ്ഞാതമാക്കി നിർത്തുന്ന തെരഞ്ഞെടുപ്പു ബോണ്ടുകൾ, കോർപറേറ്റ് സംഭാവനകൾക്കുണ്ടായിരുന്ന പരിധി റദ്ദാക്കൽ, കമ്പനികൾ തങ്ങളുടെ രാഷ്ട്രീയ സംഭാവനകൾ വാർഷിക ലാഭനഷ്ടക്കണക്കിൽ വ്യക്തമാക്കിയിരിക്കണം എന്ന വ്യവസ്ഥ നീക്കംചെയ്യൽ. ഈ സൂത്രവിദ്യകളെല്ലാം ചേർന്നപ്പോൾ വിദേശ ഫണ്ടിങ്ങിനുള്ള വാതിൽ മലർക്കെ തുറക്കുകയായി.
തെരഞ്ഞെടുപ്പ് ബോണ്ട് എന്ന ആശയമിറക്കിയപ്പോൾതന്നെ റിസർവ് ബാങ്കും തെരഞ്ഞെടുപ്പു കമീഷനും അപായസൂചന മുഴക്കിയതാണ്. ഇത് കള്ളപ്പണം വെളുപ്പിക്കും വ്യാജ ഇടപാടുകൾ പെരുക്കും എന്നൊക്കെ ധനമന്ത്രാലയത്തിന് റിസർവ് ബാങ്ക് മുന്നറിയിപ്പു നൽകി. വിദേശത്തുനിന്ന് വ്യാജ കമ്പനിയുടെ പേരിൽ ഇവിടേക്ക് പണമൊഴുകും എന്ന് തെരഞ്ഞെടുപ്പ് കമീഷനും പറഞ്ഞുനോക്കി. ഇതെല്ലാം അഭിലഷിച്ചുകൊണ്ടാണ് ഈ നടപടിയെന്ന് അവരുണ്ടോ അറിയുന്നു. ഈ ദുരവസ്ഥയിൽ ഉറക്കം നഷ്ടപ്പെട്ട ഒരു ജനാധിപത്യപ്രക്രിയയെയും ഉത്തരവാദിത്തബോധമുള്ള രാഷ്ട്രീയക്കാരെയും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ജനതയുടെ സാമാന്യബോധത്തെ സ്വാധീനിക്കാൻ രാഷ്ട്രീയ ട്രൈബലിസത്തെ ആശ്രയിക്കുകയാണ് സകല കക്ഷികളും. പത്രഭാഷയിൽ പറഞ്ഞാൽ, തലക്കെട്ടിലേക്ക് മാത്രം ആകർഷിക്കുക, ഉള്ളടക്കത്തെ സൈലൻറ് മോഡിലിടുക, പോളിങ് ബൂത്തിലെത്തുേമ്പാൾ പേരും ചിഹ്നവും നോക്കി ബട്ടണമർത്തിയാൽ മതി. പേരിെൻറയും ചിഹ്നത്തിെൻറയും നേരുംനെറിയും തിരക്കണ്ട. ഇതാണ് ജനപ്രാതിനിധ്യത്തിന് മത്സരിക്കുന്നവരുടെ പൊതുനിലപാടെങ്കിൽ ആര്, ആരെ പഴിക്കാനാണ്? രാഹുൽ മാങ്കൂട്ടം എന്ന കോൺഗ്രസ് യുവത്വം ഈയിടെ ടി.വി പെട്ടിയിലിരുന്ന് കെ. സുരേന്ദ്രനെതിെര കണ്ഠക്ഷോഭം ചെയ്യുന്നു. തോൽക്കുമെന്നുറപ്പുള്ള കക്ഷി എന്തിന് ഒരു മണ്ഡലത്തിൽ അഞ്ചുകോടി ചെലവിടുന്നു. ജയിക്കാനിടയുള്ള കോൺഗ്രസിനും സി.പി.എമ്മിനുപോലും അതിെൻറ നാലിലൊന്നു കൂലി മതിയാവുേമ്പാൾ. യുവരക്തത്തിെൻറ ക്ഷോഭതാപലൈൻ അങ്ങനെ പോകുന്നു. അപ്പോൾ, ഒരു മണ്ഡലത്തിൽ ഒന്ന്, ഒന്നര കോടി വേണം. 87 മണ്ഡലങ്ങളിലാണ് കോൺഗ്രസ് ഇക്കുറി പയറ്റിയത്. ഏതാണ്ട് 100 കോടിയുടെ ഏർപ്പാട് എന്നല്ലേ മനസ്സിലാക്കേണ്ടത്? ടി പണം എവിടുന്നു വന്നെന്ന് കേന്ദ്ര രാഹുൽജി പറയില്ല, പിന്നല്ലേ ഇൗ ലോക്കൽ രാഹുൽജി? തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ വിശ്വസ്തതയുടെയും സുതാര്യതയുടെയും കാര്യത്തിൽ അവസാന ചിരി സാദാ രാഷ്ട്രീയക്കാരനു സംവരണം ചെയ്തിട്ടുള്ളതാണ്.
തൽക്കാലം അവസാന ചിരി ബി.ജെ.പിക്കുള്ളതാണ്. 1980കളിൽ തുടങ്ങിയ അതിെൻറ ഇന്ധനപ്പിരിവ് ക്രമാനുഗതമായി പോഷിപ്പിച്ചു വന്ന പാർട്ടി ആ വഴിക്ക് ഒരു റാഡിക്കൽ തിരിവുകൂടി നടത്തി. അതായിരുന്നു നോട്ടു റദ്ദാക്കൽ. 'കള്ളപ്പണത്തിനു കർട്ടനിടാൻ' എന്ന വ്യാജേന 2016 നവംബറിൽ മോദി പുരപ്പുറത്തു കയറി വിളംബരം നടത്തുേമ്പാൾ ഭരണകക്ഷി ബുജികൾക്ക് ഒരു കണക്കും ഗൂഢലക്ഷ്യവുമുണ്ടായിരുന്നു. കണക്കിത്ര മാത്രം - വിലയില്ലാതാക്കപ്പെടുന്ന 500, 1000 നോട്ടുകളെല്ലാം കൂടി 15.44 ലക്ഷം കോടിക്കുള്ളത്. ഇതിൽ ഒരു 10 ലക്ഷം കോടി മടങ്ങിവരുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, 2018ൽ റിസർവ് ബാങ്ക് വെളിപ്പെടുത്തിയ കണക്കുപ്രകാരം 15.31 ലക്ഷം കോടി തിരികെ ബാങ്കുകളിലെത്തി. എന്നുെവച്ചാൽ, വെറും 16,000 കോടി അഥവാ മൊത്തം കറൻസിയുടെ 1.04 ശതമാനം മാത്രമാണ് മടങ്ങിയെത്താതെ േപായത് (മടങ്ങിവരാത്ത തുകയേക്കാൾ 4000 കോടി കൂടുതൽ ചെലവിടേണ്ടി വന്നു, റിസർവ് ബാങ്കിന് പുതിയ നോട്ടടിക്കാൻ). അപ്പോൾ കള്ളപ്പണം?
ഇംഗിതം മറ്റൊന്നായിരുന്നു. ഏതാനും മാസം അപ്പുറത്ത് ചില സംസ്ഥാന തെരഞ്ഞെടുപ്പുകളുണ്ടായിരുന്നു. അതിൽ, അത്യാവശ്യമായി പിടിക്കേണ്ടിയിരുന്നത് ഉത്തർപ്രദേശ്. അവിടെത്ത ധനസമ്പന്നരായ സമാജ്വാദി, ബി.എസ്.പി എന്നീ 'രണ്ടു കക്ഷികളെ കാഷ്ലെസാക്കി'യെടുക്കണം. അതിനുള്ള സർജിക്കൽ സ്ട്രൈക്കാണ് മൊത്തം ജനാവലിയുടെയും പള്ളക്കടിച്ച ഡീമോണിറ്റൈേസഷൻ. ആ പാർട്ടികൾ പ്രതീക്ഷിച്ചപോലെ പാപ്പരായി, ബി.ജെ.പി യു.പി പിടിച്ചു. പക്ഷേ, രാജ്യത്തിെൻറ സമ്പദ് മേഖല ഒരു വഴിക്കായി -വിശേഷിച്ചും 80 ശതമാനം വരുന്ന അസംഘടിത മേഖലയിലെ മനുഷ്യജീവിതങ്ങൾ. എലിയെ പിടിക്കാൻ ഇല്ലം ചുടുന്ന വിദ്യ. മനുസ്മൃതിയിലുണ്ടോ എന്നറിയില്ല. ഏതായാലും ടീം മോദി അത് ഭംഗിയായി പ്രയോഗിച്ചു. ഈ പ്രയോഗത്തിെൻറ ഗോപ്യഫലങ്ങളിൽ പ്രധാനപ്പെട്ടത്, നോട്ടുനിരോധനശേഷം രാഷ്ട്രീയ കക്ഷികളുടെ സമ്പത്തുകൾ തമ്മിലുള്ള ഭീമമായ അന്തരമാണ്.
2020ലെ കണക്കുപ്രകാരം രാജ്യത്തെ ദേശീയവും പ്രാദേശികവുമായ 48 കക്ഷികളുടെ ആകെ സ്വത്ത് 7372 കോടി രൂപക്കുള്ളതാണ്. ഇതിൽ ബി.ജെ.പിയുടേത് 2900 കോടി രൂപക്കുള്ളത്. അതായത് രാഷ്ട്രീയ കക്ഷികളുടെ മൊത്തം സ്വത്തിെൻറ ക്ലീൻ 54.29 ശതമാനം. രണ്ടാം റാങ്കുകാരിയായ മുത്തശ്ശിപ്പാർട്ടിക്ക് 928.84 കോടിക്കുള്ള വകയുണ്ട്. നൂറിലേറെ വയസ്സായിട്ടും 60 കൊല്ലം ഭരിച്ചിട്ടും വീതം 17.36 ശതമാനം മാത്രം. ഇത്ര ബൃഹത്തായ കള്ളപ്പണ കാൻവാസിൽ കൊടകരയിലെ കവർച്ചക്ക് വെറുമൊരു മൊട്ടുസൂചി നഷ്ടത്തിനപ്പുറം വല്ല വിലയുമുണ്ടോ? തൽക്കാലത്തേക്ക് ബി.ജെ.പിയെ ഒന്നു നാറ്റിച്ചെടുക്കാം. അതിനപ്പുറം അധികാര രാഷ്ട്രീയവും കള്ളപ്പണവും തമ്മിലുള്ള രക്തബന്ധത്തിന് മാറ്റമൊന്നുമില്ല. അത്തരം യാഥാർഥ്യബോധമുള്ള മാനങ്ങളിലേക്ക് 'െകാടകര'യെ വിപുലെപ്പടുത്താൻ ഇന്ത്യൻ രാഷ്ട്രീയം അതിെൻറ പൗരാവലിയെ അനുവദിക്കുന്ന പ്രശ്നമില്ല. കാരണം പരമ ലളിതം. കള്ളപ്പണമാണ് നമ്മുടെ ജനാധിപത്യ രാഷ്ട്രീയ പ്രവർത്തനത്തിെൻറ യഥാർഥ ഇന്ധനം. അതുകൊണ്ട് തന്നെ അവസാന ചിരി കുന്നുംപുറത്ത് സുരേന്ദ്രന്മാർക്കുള്ളതാണ്.