വിജയ് ബാബു കേസ്: സത്യം തെളിയിക്കുകയെന്നത് കുറ്റകൃത്യം പോലെ ഭീകരമെന്ന് ഡബ്ല്യു.സി.സി
text_fieldsകൊച്ചി: അതിജീവിതക്ക് മുന്നിലെ തടസ്സങ്ങളെല്ലാം നേരിട്ട് സത്യം തെളിയിക്കുകയെന്നത് ആ കുറ്റകൃത്യം പോലെതന്നെ ഭീകരമാണെന്ന് വിമൻ ഇൻ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി). യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയതിനോട് ഫേസ്ബുക്ക് പേജിലാണ് ഇങ്ങനെ പ്രതികരിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതയെ അപമാനിക്കുകയും നിയമത്തിന്‍റെ മുന്നിൽനിന്ന് ഒളിച്ചോടുകയും പരാതിക്കാരിയെ സ്വാധീനിച്ച് പരാതി പിൻവലിക്കാൻ ശ്രമിക്കുകയും ചെയ്തയാളാണ് വിജയ് ബാബു.
ഇയാളിൽനിന്ന് അതിക്രമങ്ങൾ ഉണ്ടായതായി ഇതിന് മുമ്പും അടുത്ത് ബന്ധമുള്ള സ്ത്രീകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിപ്പെടുന്നവരെ നിശ്ശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണ് ഇവിടെ തിരിച്ചറിയേണ്ടത്. നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 376 പ്രകാരം 28 ശതമാനത്തിൽ താഴെ ബലാത്സംഗക്കേസുകളിലെ മാത്രമേ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടാറുള്ളൂ. അതിന്‍റെ കാരണവും ഇതേ പാറ്റേൺ ആണ്.
ഇയാൾ നിയമത്തിന്‍റെ മുന്നിൽനിന്ന് ഒളിച്ചോടി അതിലൂടെ അറസ്റ്റ് ഒഴിവാക്കി. സോഷ്യൽ മീഡിയയിൽ പരാതിക്കാരിയുടെ പേര് പരസ്യമായി അവളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് വിഡിയോ ഡിലീറ്റ് ചെയ്ത് പരാതിക്കാരിയെ സ്വാധീനിച്ച് പരാതി പിൻവലിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. ഇക്കാര്യത്തിൽ അവളെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതിനാൽ ഡബ്ല്യു.സി.സി എന്നും എപ്പോഴും അവർക്കൊപ്പമാണെന്ന് ആവർത്തിച്ചാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.