Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശാസ്ത്രീയമായി പേരിടാം -ജീവികളുടെ വർഗീകരണം
cancel
Homechevron_rightVelichamchevron_rightWork Sheetchevron_rightശാസ്ത്രീയമായി പേരിടാം...

ശാസ്ത്രീയമായി പേരിടാം -ജീവികളുടെ വർഗീകരണം

text_fields
bookmark_border

ഭൂമുഖത്ത് കോടാനുകോടി ജീവജാലങ്ങളുടെ സാന്നിധ്യമുണ്ടെന്ന് നമുക്കറിയാമല്ലോ. പ്രകൃതിയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നത് ജീവികളുടെ സാന്നിധ്യവും വൈവിധ്യവുമാണ്. ഇത്തരത്തിൽ ഭൂമുഖത്ത് കാണപ്പെടുന്ന ഈ ജൈവവൈവിധ്യത്തെ പരസ്പരം വേർതിരിച്ചറിയുന്നത് എങ്ങനെയായിരിക്കും? മനുഷ്യൻ ആദിമകാലം മുതൽതന്നെ ജീവികളെ വർഗീകരിക്കാനുള്ള ശ്രമം ആരംഭിച്ചുവെന്ന് നമുക്കറിയാം. ഇനിയും വർഗീകരിക്കാത്ത നിലവധി ജീവജാലങ്ങളും നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ ഭൂമുഖത്തുള്ള സസ്യങ്ങൾ, മൃഗങ്ങൾ, സൂഷ്മാണുക്കൾ മുതലായവ ജീവിക്കുകയും ഇടപഴകുകയും ചെയ്യുന്ന ആവാസവ്യവസ്ഥയിലും ജീവികൾക്കിടയിൽ തന്നെയും വൈവിധ്യമുണ്ടെന്ന് അറിയാമല്ലോ. ഇതിൽ ദശലക്ഷക്കണക്കിന് ഇനങ്ങളെ വർഗീകരിക്കുന്നതിന് നമുക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഇനിയും വർഗീകരിക്കപ്പെടാത്ത നിരവധി ഇനം ജീവികൾ ഭൂമുഖത്തുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. ജീവികളെ വ‍ർഗീകരിക്കുന്നതിന് നിരവധി മാർഗങ്ങൾ ശാസ്ത്രജ്ഞർ അവലംബിച്ചിട്ടുണ്ട്. പുരാതന ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിലാണ് വ‍ർഗീകരണശാസ്ത്രത്തെക്കുറിച്ച് ആദ്യ ചർച്ച ആരംഭിച്ചത്. എന്നാൽ, ആദ്യമായി ജീവികളെ ശാസ്ത്രീയമായി വർഗീകരിച്ചത് കാൾ ലിനേയസ് എന്ന ശാസ്ത്രജ്ഞനാണ്.

വർഗീകരണം (Taxonomy)

ജീവികളെ തിരിച്ചറിഞ്ഞ് സാമ്യങ്ങളുടെയും വ്യത്യാസങ്ങളുടെയും അടിസ്ഥാനത്തിൽ തരംതിരിച്ച് ശാസ്ത്രീയമായി പേര് നൽകുന്ന പ്രക്രിയയാണ് വ‍ർഗീകരണം. സാമ്യങ്ങളുടെ അടിസ്ഥാനത്തിൽ ജീവികളെ വലിയ വിഭാഗത്തിലും വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ ചെറിയ തലത്തിലും ഉൾപ്പെടുത്തുകയാണ് വ‍ർഗീകരണത്തിൽ ചെയ്യുന്നത്.

ജീവികളെ വർഗീകരിക്കുന്നതിന്റെ ആവശ്യകത എന്ത്?

  • ജൈവവൈവിധ്യത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ സഹായിക്കുന്നു.
  • വിവിധ ജീവജാലങ്ങൾ തമ്മിലുള്ള പരസ്പരബന്ധം മനസ്സിലാക്കുന്നു. അതുവഴി ജൈവവൈവിധ്യം നിലനിർത്തേണ്ടതിന്റെ ആവശ്യകത ഉൾക്കൊള്ളുന്നു.
  • ലളിതഘടനയുള്ള ജീവികളിൽനിന്ന് സങ്കീർണഘടനയുള്ള ജീവികളുടെ രൂപപ്പെടലിനെ വിശദീകരിക്കാൻ കഴിയുന്നു.
  • ജീവികൾക്കിടയിലെ പരിണാമബന്ധങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.
  • വിവിധ ഭൗമമേഖലകളിൽ ജീവിക്കുന്ന സസ്യ-ജന്തു ജാലങ്ങളെസംബന്ധിച്ച അറിവ് ലഭിക്കാൻ സഹായിക്കുന്നു.

പേരുകളിലെ വൈവിധ്യം

ഒരേ ജീവിക്കുതന്നെ വ്യത്യസ്ത പ്രദേശങ്ങളിൽ വ്യത്യസ്ത നാമമാണ്. ഉദാഹരണമായി പപ്പായ- കറമൂസ, കപ്പളങ്ങ, ഓമയ്ക്ക എന്നീ വ്യത്യസ്ത പേരുകളിൽ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ അറിയപ്പെടുന്നു. ഇത്തരത്തിൽ ഒരു ഭാഷയിൽ തന്നെ ഇത്രയും വൈവിധ്യമാർ‍ന്ന പേരുകൾ ഉണ്ടെങ്കിൽ മറ്റ് ഭാഷകളിലെ പേരുകൾ കൂടിയാവുമ്പോൾ എത്ര വൈവിധ്യമാർന്ന പേരുകളായിരിക്കും ഓരോ ജീവികൾക്കും ഉണ്ടാവുക. ഇത് മറികടക്കുന്നതിനുള്ള മാർഗമാണ് ഒരുജീവിക്ക് ഒരു ശാസ്ത്രീയനാമം എന്നത്. ഇത്തരത്തിൽ പൊതുവെ അംഗീകരിക്കപ്പെട്ട ശാസ്ത്രീയ നാമകരണരീതിയാണ് ദ്വിനാമ പദ്ധതി. (Binomial Nomenclature). ശാസ്ത്രീയമായി ജീവികളെ ആദ്യമായി വർഗീകരിച്ച കാൾ ലിനേയസ് ആണ് ഈ പദ്ധതി ആവിഷ്കരിച്ചത്. വ്യത്യസ്ത വ‍ർഗീകരണ തലങ്ങളിലൂടെയാണ് ലിനേയസ് ജീവികളെ വർഗീകരിച്ചത്. തന്റെ വർഗീകരണ രീതികളെ ഉൾപ്പെടുത്തിക്കൊണ്ട് സിസ്റ്റമ നാച്വറ എന്ന പേരിൽ ഒരു പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. ആധുനിക വർഗീകരണ ശാസ്ത്രത്തിലെ അടിസ്ഥാന പുസ്തകമായി ഇന്നും ഇത് പരിഗണിക്കപ്പെടുന്നു.

ലിനേയസ് രൂപവത്കരിച്ച അടിസ്ഥാന വർഗീകരണ ശ്രേണി

ഹയറാർക്കിയൽ സിസ്റ്റം ഉപയോഗിച്ചാണ് സാധാരണജീവികളെ വർഗീകരിക്കുന്നത്. ലിനേയസ് ആണ് ഈ സിസ്റ്റത്തിന്റെ ഉപജ്ഞാതാവ്. ഇപ്രകാരം ജീവിവർഗത്തെ പ്രധാനമായും ഏഴു ഗണങ്ങളായി തിരിക്കുന്നു. കിങ്ഡം, ഫൈലം, ക്ലാസ്, ഓർഡർ, ഫാമിലി, ജീനസ്, സ്പീഷിസ് എന്നിവയാണ് ഏഴു ഗണങ്ങൾ.

വർഗീകരണതലങ്ങളും അവയുടെ പ്രത്യേകതകളും

കിങ്ഡം (Kingdom)

ലിനേയസിന്റെ വർഗീകരണതലത്തിലെ ഏറ്റവും ഉയർന്ന വിഭാഗമാണിത്. ചില പൊതുസ്വഭാവങ്ങളുടെ അടിസ്ഥാനത്തിൽ ജീവികളെ ഒറ്റ വിഭാഗമായി തരം തിരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. എല്ലാ ജന്തുക്കളിലും ചില പൊതുസ്വഭാവങ്ങൾ കാണുന്നുവെന്ന് അറിയാമല്ലോ. അതുകൊണ്ട് എല്ലാ ജന്തുക്കളെയും അനിമേലിയ എന്ന കിങ്ഡത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വർഗീകരണശ്രേണിയിലെ അവസാനതലമായ സ്പീഷിസിൽനിന്ന് കിങ്ഡത്തിലെത്തുമ്പോൾ ജീവികളിലെ പൊതുസ്വഭാവങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതായി കാണാം.

ഫൈലം

കിങ്ഡത്തിനും ക്ലാസിനുമിടയിലുള്ള ഒരു വ‍ർഗീകരണതലമാണ് ഫൈലം. ജന്തുക്കളിൽ തന്നെ ചില പൊതുസ്വഭാവങ്ങൾ മാത്രം പ്രകടിപ്പിക്കുന്ന ജന്തുക്കളെ എടുക്കാം. ഭൂമുഖത്ത് കാണുന്ന നട്ടെല്ലുള്ള ജന്തുക്കളും അല്ലാത്തവയും ഉണ്ടല്ലോ. അവയിൽ നട്ടെല്ലുള്ളവയെ മാത്രം പരിഗണിച്ചാൽ അവയെ നമുക്ക് ഒരു പൊതു വിഭാഗത്തിൽപെടുത്താമല്ലോ. എന്നാൽ, അവയെല്ലാം തന്നെ ജന്തുക്കളുമാണ്. അതുകൊണ്ട് അനിമേലിയ വിഭാഗത്തിൽപെട്ട നട്ടെല്ലുള്ള ജന്തുക്കൾ ഫൈലം കോർഡേറ്റ എന്ന വിഭാഗത്തിൽപെടുന്നു.

ക്ലാസ്

ഫൈലത്തിനും ഓ‍ർഡറിനും ഇടയിലുള്ള വർഗീകരണതലമാണ് ക്ലാസ്. ഒരു ഫൈലത്തിലെ ജീവികൾ തമ്മിൽ നിരവധി വ്യത്യസ്തതകൾ ഉണ്ടാവും. എന്നാൽ, അവയിൽ ചില ജീവിവർഗങ്ങൾ തമ്മിൽ സാമ്യതകളും ഉണ്ടാവും. ഇത്തരത്തിൽ ഒരു ഫൈലത്തിൽ സാമ്യതയുള്ള ജീവികളുടെ കൂട്ടമാണ് ക്ലാസ്. ഉദാഹരണമായി ഫൈലം കോർഡേറ്റയിൽ കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുന്നവ ഉൾപ്പെട്ടവ ക്ലാസ് മമേലിയ

ഓ‍ർഡർ

ക്ലാസിനും ഫാമിലിക്കുമിടയിൽ വരുന്ന വർഗീകരണതലമാണ് ഓർഡർ. ഈ വിഭാഗത്തിൽ പെടുന്ന ജീവിവർഗങ്ങൾ തമ്മിൽ വളരെയധികം പൊതുസവിശേഷതകൾ പങ്കിടുന്നു. ഉദാഹരണം: പ്രൈമേറ്റുകൾ- മനുഷ്യൻ, കുരങ്ങ് മുതലായവ ഈ വിഭാഗത്തിൽപെടുന്നു.

ഫാമിലി

ഓ‍ർഡറിനും ജീനസിനും ഇടയിൽ വരുന്ന വർഗീകരണതലമാണ് ഫാമിലി. ഫാമിലിയെ ഉപഫാമിലിയായും തിരിച്ചിട്ടുണ്ട്. ഫാമിലിയിലെ ജീവികൾ തമ്മിൽ പല സാമ്യതകളും കാണപ്പെടുന്നു. സിംഹം, കടുവ, പുള്ളിപ്പുലി എന്നിവ ഉൾപ്പെടുന്ന പാന്തീറ എന്ന ജീനസും പൂച്ചകൾ ഉൾപ്പെടുന്ന ഫെലിസ് എന്ന ജീനസും ഫെലിഡെ എന്ന ഫാമിലിയിൽ ഉൾപ്പെടുന്നു. പുലിയും പൂച്ചയും തമ്മിൽ ചില സാമ്യങ്ങളും വ്യതിയാനങ്ങളും നിങ്ങൾക്ക് വ്യക്തമായി കാണാൻ കഴിയും.

ജീനസ്

ഫാമിലിക്കും സ്പീഷിസിനും ഇടയിൽ വരുന്ന വർഗീകരണതലമാണ് ജീനസ്. സാമ്യതയുടെ പേരിലുള്ള ആദ്യ ഗ്രൂപ് ആണ് ജീനസ്. കാരണം സ്പീഷിസിൽ സാമ്യതയുള്ള ജീവജാലങ്ങളെ വ‍ർഗീകരിച്ചിരിക്കുന്ന ആദ്യതലമാണ് ജീനസ്. ദ്വിനാമപദ്ധതിയിൽ നൽകുന്ന ജീവികളുടെ ശാസ്ത്രീയനാമത്തിൽ ആദ്യ നാമം ജീനസിന്റെയും രണ്ടാമത്തെ നാമം (Surname) സ്പീഷിന്റേതും ആകും. മനുഷ്യന്റെ ശാസ്ത്രീയ നാമം ഹോമോസാപ്പിയൻസ് എന്നാണെന്ന് നിങ്ങൾക്കറിയാമല്ലോ. അതിൽ ഹോമോ എന്നത് ജീനസ് നാമവും സാപ്പിയൻസ് എന്നത് സ്പീഷിസ് നാമവും ആണ്. പരസ്പരബന്ധമുള്ള സ്പീഷിസുകളുടെ കൂട്ടമാണ് ജീനസ്. പാന്തീറ എന്ന ജീനസിൽ ഉൾപ്പെടുന്ന ജീവികളാണ് സിംഹം, പുള്ളിപ്പുലി, കടുവ എന്നിവ. എന്നാൽ, അവ യഥാക്രമം ലിയോ, പാരഡിസ്, ടൈഗ്രിസ് എന്നീ സ്പീഷിസിൽ ഉൾപ്പെട്ടവയാണ്. ചില ജീവികളുടെ ജീനസും സ്പീഷിസും ഒന്നുതന്നെയായിരിക്കും. ഉദാഹരണം നാജനാജ, കട്ല മുതലയവ.

സ്പീഷിസ്

ലിനേയസിന്റെ വർഗീകരണരീതിയിൽ ജീവശാസ്ത്രത്തിൽ പൊതുവായി ജീവികളെ തരംതിരിക്കാനുള്ള അടിസ്ഥാനതലം എന്നത് സ്പീഷിസ് ആണ്. സ്പീഷിസ് എന്ന പദം ജീനസിൽനിന്ന് വേറിട്ട് തിരിച്ചറിഞ്ഞത് ജോൺ റേ എന്ന ശാസ്ത്രജ്ഞനാണ്. വളരെയധികം സമാനതകളുള്ള സ്വതന്ത്രമായി ഇണചേരാൻ കഴിവുള്ള ജീവികൾ ഉൾപ്പെട്ടതാണ് സ്പീഷിസ്. സമാനസ്വഭാവമുള്ള ജീവികളുടെ കൂട്ടമാണ് സ്പീഷിസ്. മനുഷ്യന്റെ ശാസ്ത്രീയനാമം ഹോമോ സാപ്പിയൻസ് എന്നാണല്ലോ. അതിൽ സാപ്പിയൻസ് എന്നത് മനുഷ്യന്റെ സ്പീഷിസ് നാമമാണ്. അതേപോലെ ഹോമോ എന്നത് മനുഷ്യൻ ഉൾപ്പെടെയുള്ള ജീവിവർഗങ്ങളുടെ ജീനസ് നാമമാണ്.

സ്പീഷിസ് മുതൽ കിങ്ഡം വരെയുള്ള തലങ്ങളിൽപെടുത്തി കാൾലിനേയസ് സസ്യങ്ങളെയും വർഗീകരിച്ചു. ആധുനികമായ പല വർഗീകരണ മാർഗങ്ങളും നിർദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇവയെത്തന്നെ ഇന്നും ഉപയോഗിക്കുന്നു. കാൾലിനേയസിന്റെ വർഗീകരണം രണ്ട് കിങ്ഡം വർഗീകരണം എന്നപേരിലാണ് അറിയപ്പെടുന്നത്. പ്ലാന്റേ (സസ്യലോകം), അനിമേലിയ (ജന്തുലോകം) എന്നിവയാണവ. എന്നാൽ, ജീവലോകങ്ങളുടെ വൈവിധ്യത്തെക്കുറിച്ച് പിന്നീട് നേടിയ അറിവുകളുടെ വെളിച്ചത്തിൽ റോബർട്ട് എച്ച് വിറ്റാക്കർ ജീവികളെ അഞ്ച് കിങ്ഡങ്ങളായി തരംതിരിച്ചു.

അഞ്ച് കിങ്ഡം വർഗീകരണം

1. മൊനീറ

ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശജീവികൾ ചേർന്ന വിഭാഗമാണ് മൊനീറ. ഉദാഹരണം: ബാക്ടീരിയ

2. പ്രോട്ടിസ്റ്റ

ന്യൂക്ലിയസോടുകൂടിയ ഏകകോശ ജീവികൾ ഉൾപ്പെട്ട ജീവിവർഗമാണ് ഇത്. അമീബ, പാരമീസിയം, യൂഗ്ലീന തുടങ്ങിയ ന്യൂക്ലിയോസ്സോട് കൂടിയ ഏകകോശ ജീവികൾ ഈ വിഭാഗത്തിൽ പെടുന്നു.

3. ഫംജൈ

യീസ്റ്റ്, പൂപ്പൽ, കൂൺ തുടങ്ങിയ സൂക്ഷ്മാണുക്കൾ ഉൾപ്പെടുന്ന ജീവിവർഗമാണ് ഫംജൈ. ഇവ സഞ്ചരിക്കാൻ കഴിവില്ലാത്ത പരപോഷികളായ ജീവികളാണ്.

4. പ്ലാന്റേ (സസ്യലോകം)

സ്വപോഷികളും സഞ്ചരിക്കാൻ കഴിവില്ലാത്തതുമായ ബഹുകോശികൾ ഉൾപ്പെട്ട ജീവിവർഗമാണ് പ്ലാന്റേ. അലൈംഗികവും ലൈംഗികവുമായ രീതിയിലുള്ള പ്രത്യുല്പാദനമാണ് ഈ ജീവിവർഗത്തിൽ നടക്കുന്നത്. പായലുകൾ, ധാന്യം വഹിക്കുന്ന സസ്യങ്ങൾ, മരങ്ങൾ, കുറ്റിച്ചെടികൾ മുതലായവ ഉദാഹരണങ്ങളാണ്.

5. അനിമേലിയ

പരപോഷികളും സഞ്ചാരശേഷിയുള്ളവയുമായ ബഹുകോശജീവികൾ ഉൾപ്പെട്ട ജീവിവർഗമാണ് അനിമേലിയ. ഉദാഹരണം: എല്ലാ ജന്തുക്കളും

അഞ്ച് കിങ്ഡം വർഗീകരണത്തിന് തുടർച്ചയായി ആറ് കിങ്ഡം വർഗീകരണം നി‍ർദേശിക്കപ്പെട്ടു. ആധുനികകാലഘട്ടത്തിൽ ജനിതകശാസ്ത്രം വളരെ വികാസം പ്രാപിച്ചിരിക്കയാണല്ലോ. അതു കൊണ്ടുതന്നെ ജനിതഘടന പരിശോധിച്ചുള്ള വർഗീകരണരീതിയും ഇന്ന് ധാരാളമായി കാണുന്നു.

ഒരു വർഗീകരണ ഉദ്യമമവും പരിപൂർണമാണെന്ന് അവകാശപ്പെടാനാവില്ല. കൂടുതൽ സ്വീകാര്യമായവ പൊതു അംഗീകാരം നേടുന്നു. പുതിയ ജീവിവർഗങ്ങളെ കണ്ടെത്തുന്നതും അവയെ വർഗീകരിക്കുകയും ചെയ്യുന്ന പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കുന്നു. ലോകമെമ്പാടുമുള്ള ഗവേഷകർ ഇന്നും വർഗീകരണശാസ്ത്രത്തിൽ ഇന്നും ഗവേഷകർ തുടർന്നുകൊണ്ടേയിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxonomyEducation News
News Summary - taxonomy scientific study of naming groups of biological organisms
Next Story