Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അ​യ്യോ ആസിഡ് ! -ആസിഡുകളെക്കുറിച്ച് കൂടുതൽ അറിയാം
cancel
Homechevron_rightVelichamchevron_rightTeacher's Clubchevron_rightഅ​യ്യോ ആസിഡ് !...

അ​യ്യോ ആസിഡ് ! -ആസിഡുകളെക്കുറിച്ച് കൂടുതൽ അറിയാം

text_fields
bookmark_border

സിഡുകൾ, ഈ വാക്ക് പലപ്പോഴും പേടിപ്പെടുത്താറുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഉപകാരപ്രദമാകുന്നതും ഇതുതന്നെ. നമ്മുടെ ദഹനപ്രക്രിയയെ സഹായിക്കാൻ ആമാശയം ചെറിയ തോതിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉൽപാദിപ്പിക്കുന്നു. നമ്മുടെ ശരീരത്തിന് ആവശ്യമായ ഭക്ഷണങ്ങളിലും ആസിഡ് അടങ്ങിയിരിക്കുന്നു. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങളുണ്ട് നിത്യജീവിതത്തിലെ ആസിഡിന്റെ സാന്നിധ്യത്തിന്. ആസിഡുകളെക്കുറിച്ചറിയാം.

രണ്ടുതരം ആസിഡുകൾ

പ്രകൃതിദത്തമായ ഉറവിടങ്ങളിൽനിന്ന് ലഭിക്കുന്ന ആസിഡുകളെ ഓർഗാനിക് ആസിഡുകൾ എന്നും മിനറലുകളിൽനിന്ന് ഉണ്ടാക്കുന്ന ആസിഡുകളെ മിനറൽ ആസിഡ് അല്ലെങ്കിൽ സിന്തറ്റിക് ആസിഡ് എന്നും വിളിക്കുന്നു. സിട്രിക് ആസിഡ് (നാരങ്ങ), ലാക്ടിക് ആസിഡ് (തൈര് ) എന്നിവ ഓർഗാനിക് ആസിഡുകളാണ്. സൾഫ്യൂരിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവ മിനറൽ ആസിഡിന്റെ ഉദാഹരണങ്ങളും.

രുചിയൂറും ആസിഡ്

നാം കുടിക്കുന്ന സോഡയിലെ ആസിഡാണ് കാർബോണിക് ആസിഡ്. കാർബൺ ഡൈഓക്സൈഡ് ജലത്തിൽ ലയിപ്പിച്ചാണ് കാർബോണിക് ആസിഡ് ഉണ്ടാക്കുന്നത്. കോളകളിൽ സാധാരണയായി ഉപയോഗിക്കുന്ന ആസിഡാണ് ഫോസ്‌ഫോറിക് ആസിഡ്.

രാസവസ്തുക്കളുടെ രാജാവ്

രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് സൾഫ്യൂരിക് ആസിഡാണ്. എണ്ണശുദ്ധീകരണത്തിനും മലിനജല സംസ്കരണത്തിനും സൾഫ്യൂരിക് ആസിഡ് ഉപയോഗിക്കാറുണ്ട്. വീര്യം കൂടിയ ഈ ആസിഡ് ചർമത്തിലായാൽ പൊള്ളലേൽക്കും.

സ്പിരിറ്റ്‌ ഓഫ് സാൾട്ട്

സ്പിരിറ്റ്‌ ഓഫ് സാൾട്ട് എന്ന പേരിൽ അറിയപ്പെടുന്ന ആസിഡാണ് ഹൈഡ്രോക്ലോറിക് ആസിഡ്. എ.ഡി 800ൽ ജാബിർ ഇബ്നു ഹയ്യാൻ എന്ന ആൽകെമിസ്റ്റാണ് ഈ ആസിഡ് കണ്ടുപിടിച്ചതെന്ന് കരുതപ്പെടുന്നു. ലോഹ ശുദ്ധീകരണം, എണ്ണക്കിണറുകളിലെ പാറകളെ ലയിപ്പിക്കൽ, ജലാറ്റിന്റെ നിർമാണം എന്നിവക്കെല്ലാം HCI ഉപയോഗിക്കുന്നു.

സൂപ്പർ ആസിഡുകൾ

ശുദ്ധമായ സൾഫ്യൂരിക് ആസിഡിനേക്കാളും പ്രോട്ടോണിന്റെ കെമിക്കൽ പൊട്ടൻഷ്യൽ കൂടിയ ആസിഡുകളാണ് സൂപ്പർ ആസിഡുകൾ. ഫ്ലൂറിനേറ്റഡ് കാർബൊറേൻ ആസിഡ്, ക്ലോറിനേറ്റഡ് കാർബൊറേൻ ആസിഡ് തുടങ്ങിയവ ഉദാഹരണങ്ങളാണ്.

പുകയും ആസിഡ്

വായുവിൽ പുകയുന്ന ആസിഡാണ് അക്വാഫോർട്ടിസ് എന്നും സ്പിരിറ്റ്‌ ഓഫ് നൈറ്റർ എന്നും പേരുള്ള നൈട്രിക് ആസിഡ്. വ്യാവസായിക അടിസ്ഥാനത്തിലുള്ള രാസവളങ്ങളുടെ നിർമാണം, ടി.എൻ.ടി, നൈട്രോഗ്ലിസറിൻ തുടങ്ങിയ സ്ഫോടക വസ്തുക്കളുടെ നിർമാണം എന്നിവക്കെല്ലാം നൈട്രിക് ആസിഡ് ഉപയോഗിക്കുന്നു.

ആദ്യത്തെ ആസിഡ്

ആദ്യം കണ്ടുപിടിച്ച അല്ലെങ്കിൽ ആദ്യമായി തിരിച്ചറിഞ്ഞ ആസിഡാണ് അസറ്റിക് ആസിഡ്. വിനാഗിരിയിലെ പ്രധാന ഘടകമാണിത്. എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത് അസറ്റിക് ആസിഡാണ്.

ഫോർമിക് ആസിഡ്

ഉറുമ്പ് എന്നർഥം വരുന്ന ലാറ്റിൻ പദമായ ഫോർമിക് എന്നതിൽനിന്നാണ് ഈ പേര് ലഭിച്ചത്. ഉറുമ്പുകടിയേൽക്കുമ്പോൾ ചൊറിച്ചിൽ അനുഭവപ്പെടാൻ കാരണമായ വസ്തു ഫോർമിക് ആസിഡാണ്. റബർ പാൽ ഉറച്ചു കട്ടിയാകാൻ ഉപയോഗിക്കുന്നതും ഫോർമിക് ആസിഡാണ്.

അക്വാറീജിയ

സ്വർണം, പ്ലാറ്റിനം പോലുള്ള ലോഹങ്ങളെ അലിയിപ്പിക്കാൻ കഴിയുന്ന ദ്രാവകത്തിന്റെ പേരാണ് അക്വാറീജിയ. നൈട്രിക് ആസിഡും ഹൈഡ്രോക്ലോറിക് ആസിഡും 1:3 അനുപാതത്തിൽ ചേർത്താണ് അക്വാറീജിയ നിർമിക്കുന്നത്. രാജദ്രാവകം എന്നാണ് അക്വാറീജിയ എന്ന പദത്തിനർഥം.

മാലിക് ആസിഡ്

1785ൽ കാൾ വിൽ ഹെം ഷീലെയാണ് മാലിക് ആസിഡ് ആദ്യമായി ആപ്പിൾ ജ്യൂസിൽനിന്ന് വേർതിരിച്ചെടുത്തത്. ആപ്പിളിന്റെ ലാറ്റിൻ പദമായ Malumൽ നിന്നാണ് ഈ പേരുണ്ടായത്. ആപ്പിൾ, മുന്തിരിങ്ങ, പാഷൻഫ്രൂട്ട്, ബ്ലാക്ക്ബെറി തുടങ്ങിയ പഴവർഗങ്ങളിലാണ് മാലിക് ആസിഡ് പ്രധാനമായും കണ്ടുവരുന്നത്. പഴവർഗങ്ങളുടെ പഴുപ്പ് കൂടുന്നതിനനുസരിച്ച് അവയിലെ മാലിക് ആസിഡിന്റെ അളവ് കുറഞ്ഞുവരുന്നു.

ചൊറിയും ആസിഡ്

ചേന, ചേമ്പ് തുടങ്ങിയ ആഹാരവസ്തുക്കൾ മുറിക്കുമ്പോൾ നമുക്ക് ചൊറിച്ചിൽ അനുഭവപ്പെടാറില്ലേ. ഓക്സാലിക് ആസിഡ് എന്ന വിരുതനാണ് ഈ ചൊറിച്ചിലിന് പിന്നിൽ.

യൂറിക് ആസിഡ്

മനുഷ്യൻ, മറ്റു പല ജീവിവർഗങ്ങൾ എന്നിവയുടെ മൂത്രത്തിൽ ഉള്ള ആസിഡാണിത്. മനുഷ്യശരീരത്തിലുള്ള പ്രോട്ടീനായ പ്യൂരിൻ വികസിക്കുമ്പോഴാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്. സാധാരണഗതിയിൽ ഈ യൂറിക് ആസിഡ് രക്തത്തിൽ അലിഞ്ഞ് ചേരുകയും മൂത്രം വഴി പുറത്തേക്ക് പോവുകയും ചെയ്യുന്നു.

ആസിഡ് മഴ

സൾഫർ ഡൈഓക്സൈഡ് അന്തരീക്ഷത്തിലെ ഓക്സിജനുമായി ചേർന്ന് സൾഫർ ട്രൈഓക്സൈഡ് ആയും ഇത് അന്തരീക്ഷത്തിലെ ജലാംശവുമായി പ്രവർത്തിച്ച് സൾഫ്യൂരിക് ആസിഡായും മാറുന്നു. നൈട്രജൻ ഡൈഓക്സൈഡ് ഓക്സിജന്റെ സാന്നിധ്യത്തിൽ ജലാംശവുമായി പ്രവർത്തിച്ച് നൈട്രിക് ആസിഡായി മാറുന്നു. ഇവ മഴവെള്ളത്തോടൊപ്പം പെയ്തിറങ്ങുന്നതാണ് അമ്ലമഴ. ഇത് മണ്ണിനും ജലത്തിനും ആവാസവ്യവസ്ഥക്കും ദോഷകരമാവാറുണ്ട്.

അറീനിയസ് സിദ്ധാന്തം

ആസിഡ്, ആൽക്കലി തുടങ്ങിയവയെക്കുറിച്ച് ആദ്യമായി ശാസ്ത്രീയ സിദ്ധാന്തം അവതരിപ്പിച്ചത് അറീനിയസ് ആണ്. ഇതനുസരിച്ച് ജലത്തിൽ ലയിക്കുമ്പോൾ ഹൈഡ്രജൻ അയൺ ഉണ്ടാകുന്നവയെ ആസിഡുകൾ എന്നും ഹൈഡ്രോക്സൈഡ് അയണുകൾ ഉണ്ടാകുന്നവയെ ആൽക്കലികൾ എന്നും അറീനിയസ് വിളിച്ചു.

ലവ്റി- ബ്രോൺസ്റ്റഡ് സിദ്ധാന്തം

ഈ സിദ്ധാന്തം അവതരിപ്പിച്ചത് ലവ്റി -ബ്രോൺസ്റ്റഡ് എന്നീ വ്യക്തികളാണ്. ഇതനുസരിച്ച് ഒരു പ്രോട്ടോണിനെ ദാനംചെയ്യാൻ കഴിവുള്ള രാസവസ്തുവിനെ ആസിഡായും സ്വീകരിക്കാൻ കഴിവുള്ള രാസവസ്തുവിനെ ആൽക്കലിയായും കണക്കാക്കുന്നു.

അന്റാസിഡുകൾ

ആമാശയത്തിനകത്ത് ദഹനത്തിന് സഹായിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡിന്റെ അംശം കൂടുമ്പോൾ അത് വയറെരിച്ചിലിനു കാരണമാകാറുണ്ട്. ഇത് ലഘൂകരിക്കാനുള്ള ഔഷധങ്ങളാണ് അന്റാസിഡുകൾ. അലുമിനിയം ഹൈഡ്രോക്സൈഡ്, അലുമിനിയം കാർബണേറ്റ്, സോഡിയം ബൈകാർബണേറ്റ്, മഗ്‌നീഷ്യം ഹൈഡ്രോക്സൈഡ് തുടങ്ങിയവയാണ് ഇവയിലെ മുഖ്യ ഘടകങ്ങൾ.

ലിറ്റ്മസ് പേപ്പർ

ആസിഡുകളെയും ആൽക്കലികളെയും വേർതിരിച്ചറിയാനുള്ള ഏറ്റവും ലളിതമായ മാർഗമാണ് ലിറ്റ്മസ് പേപ്പർ. ആസിഡുകൾ നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പ് നിറമുള്ളതാക്കുന്നു. ആൽക്കലികൾ ചുവന്ന ലിറ്റ്മസ് പേപ്പറിനെ നീല നിറമുള്ളതാക്കുന്നു.

pH മൂല്യം

ഒരു ലായനിയിലുള്ള ഹൈഡ്രജൻ അയണുകളുടെ ഗാഢത അടിസ്ഥാനമാക്കി ഒരു പദാർഥത്തിന്റെ ആസിഡ്-ആൽക്കലി സ്വഭാവം പ്രസ്താവിക്കുന്ന രീതിയാണിത്. pH സ്കെയിലിൽ ഒന്നുമുതൽ 6.9 വരെയുള്ള അക്കങ്ങൾ ആസിഡ് സ്വഭാവത്തെയും 7.1 മുതൽ 14 വരെയുള്ള അക്കങ്ങൾ ആൽക്കലി സ്വഭാവത്തെയും കാണിക്കുന്നു. 7 എന്ന സംഖ്യ സൂചിപ്പിക്കുന്നത് ആ ലായനി നിർവീര്യമാണ് (neutral) എന്നാണ്. pH സ്കെയിലിൽ ഒന്നിൽനിന്ന് 6.9 ലേക്ക് ആസിഡുകളുടെ ശക്തി കുറഞ്ഞുവരുന്നു.

പ്രകൃതിദത്ത ആസിഡുകളും അവയുടെ ഉറവിടങ്ങളും

1. ടാർടാറിക് ആസിഡ് പുളി

2. സിട്രിക് ആസിഡ് നാരങ്ങ

3. അസറ്റിക് ആസിഡ് വിനാഗിരി

4.അസ്കോർബിക് ആസിഡ് നെല്ലിക്ക, പേരക്ക

5. ഫോർമിക് ആസിഡ് ഷഡ്പദങ്ങൾ

6. ഓക്സാലിക് ആസിഡ് തക്കാളി

7. മാലിക് ആസിഡ് ആപ്പിൾ

8. ലാക്ടിക് ആസിഡ് തൈര്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Acid
News Summary - Acid Chemical compound
Next Story