Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pazhassi raja
cancel
Homechevron_rightVelichamchevron_rightSpecial Storieschevron_rightവീരകേരള സിംഹം

വീരകേരള സിംഹം

text_fields
bookmark_border

സ്വാതന്ത്ര്യസമര ചരിത്രരേഖകളിൽ 'വീരകേരള സിംഹം' എന്ന്​ അടയാളപ്പെടുത്തപ്പെട്ട യോദ്ധാവാണ് കേരളവർമ​ പഴശ്ശിരാജ. കേരളത്തിൽ അക്കാലത്ത്​ നൂറുകണക്കിന്​ നാട്ടുരാജാക്കന്മാരുണ്ടായിരുന്നു. എന്നിട്ടും പഴശ്ശിരാജാവിന്​ മാത്രം എന്തുകൊണ്ടാണ്​​ അത്തരമൊരു ഖ്യാതി​ ലഭിച്ചതെന്ന്​ അറിയണ്ടേ​?. ​ഇന്ത്യയെ കൊള്ളയടിക്കാനെത്തിയ ബ്രിട്ടീഷ്​ സാമ്രാജ്യത്വ ശക്തികൾക്കെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാക്കൻമാരിൽ ഒരാളായിരുന്നു പഴശ്ശിരാജ. ബ്രിട്ടീഷുകാർക്കെതിരെ വർഷങ്ങളോളം അദ്ദേഹം നടത്തിയ ചെറുത്തുനിൽപും പോരാട്ടവും പരിഗണിച്ചാണ്​ 'വീരകേരള സിംഹം' എന്ന്​ പഴശ്ശിരാജാവിനെ ചരിത്രങ്ങളിൽ രേഖപ്പെടുത്തിയത്​. വെള്ളക്കാർ ഏറ്റവും ഭയന്നിരുന്ന നാട്ടുരാജാവ്​ കൂടിയായിരുന്നു അദ്ദേഹം. തന്നിൽനിന്ന്​ ബ്രിട്ടീഷുകാർ കൈയടക്കിയ അധികാരം തിരിച്ചുപിടിക്കാനും കേരളമണ്ണി​െൻറ സ്വാതന്ത്ര്യത്തിനും കൂടി വേണ്ടിയായിരുന്നു പഴശ്ശിരാജാവ്​ പോരാടിയത്​.

ജനനം

1753 ജനുവരി മൂന്നിന് കോട്ടയം രാജകുടുംബത്തിലായിരുന്നു കേരളവർമ പഴശ്ശിരാജയുടെ ജനനം. ഇപ്പോൾ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്തുള്ള കോട്ടയം എന്ന സ്ഥലത്തായിരുന്നു രാജവംശത്തി​െൻറ ആസ്ഥാനം. പുരളിമലയിൽ കോട്ടകെട്ടി താമസിച്ചതിനാൽ പുരളീശന്മാര്‍ എന്നുവിളിക്കപ്പെടുന്ന കോട്ടയം തമ്പുരാക്കന്മാര്‍, മികച്ച ഭരണാധികാരികൾ എന്നനിലയിൽ ഏറെ പേരുകേട്ടവരായിരുന്നു. മലയാളസാഹിത്യത്തിനും ഇൗ രാജവംശം നൽകിയ സംഭാവനകൾ ഏറെയാണ്​.

പഴശ്ശിദിനം

കേരളവർമ പഴശ്ശിരാജ രക്തസാക്ഷിത്വം വരിച്ചിട്ട് 2021​ നവംബർ 30ന്​​ 216 വർഷം തികയുകയാണ്​. 1805 നവംബര്‍ 30ന് ശനിയാഴ്ച വയനാട് പുല്‍പള്ളി മാവിലാത്തോട്ടി​ൻെറ കരയിൽ വെച്ചായിരുന്നു 50ാം വയസ്സിൽ പഴശ്ശിരാജാവ്​ മരണംപുൽകിയത്​.


ബ്രിട്ടീഷുകാരുടെ കണ്ണിലെ കരട്​

ബ്രിട്ടീഷുകാർ നിരന്തരം വേട്ടയാടിയ നാട്ടുരാജാവാണ്​ പഴശ്ശിരാജ. അതിന്​ കാരണങ്ങൾ ഏറെയായിരുന്നു. ഒന്നാം മൈസൂർ യുദ്ധത്തിൽ പഴശ്ശിരാജാവ്​ ബ്രിട്ടീഷുകാരെ സഹായിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്​. അതിന്​ പകരമായി രാജാവിന്​ വാഗ്ദാനം ചെയ്​തത്​ കോട്ടയത്തിന്​ സ്വതന്ത്രപദവി നൽകാമെന്നായിരുന്നു. എന്നാൽ, യുദ്ധത്തിന്​ ശേഷം ഇംഗ്ലീഷുകാർ വാഗ്ദാനം ലംഘിച്ചു. അവർ കോട്ടയം നാട്ടുരാജ്യത്തി​െൻറ ആഭ്യന്തരകാര്യങ്ങളിലടക്കം ഇടപെടാൻ തുടങ്ങി. അത്​ മാത്രമല്ല, രാജാവെന്ന നിലയിൽ പഴശ്ശിയുടെ അവകാശങ്ങളും അധികാരങ്ങളും അംഗീകരിക്കാതെ ബ്രിട്ടീഷുകാർ, കോട്ടയം രാജ്യത്ത്​ നികുതി പിരിക്കാനുള്ള അധികാരം അദ്ദേഹത്തി​െൻറ ശത്രുവും അമ്മാവനുമായ കുറുമ്പ്രനാട്​ രാജാവിന് നല്‍കി.

എന്നാൽ, ഇംഗ്ലീഷുകാർ​ അനധികൃതമായി ഈടാക്കിയിരുന്ന നികുതിപിരിവ് നിരോധിച്ചുകൊണ്ട് 1795 ജൂണ്‍ 28ന് ഉത്തരവിറക്കിക്കൊണ്ടാണ്​ പഴശ്ശിരാജാവ്​ അതിന്​ പകരംവീട്ടിയത്​​. അതോടെ അദ്ദേഹം ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി മാറി. പഴശ്ശിക്കായുള്ള വേട്ടയും തുടങ്ങി. എന്നാൽ, ഒരിക്കൽപോലും രാജാവിനെ പിടിക്കാൻ അവർക്കായില്ല.

ഒന്നാം പഴശ്ശി വിപ്ലവം

1793 മുതൽ 1797 വരെ നീണ്ട ഒന്നാം പഴശ്ശിവിപ്ലവം ബ്രിട്ടീഷുകാരുടെ തെറ്റായ നികുതിനയങ്ങള്‍ക്കെതിരായുള്ള പോരാട്ടമായിരുന്നു. ബ്രിട്ടീഷുകാർ ഒാരോ പ്രദേശങ്ങളിലെയും നികുതി പിരിക്കാൻ അവിടത്തെ നാടുവാഴികൾക്ക്​ അധികാരം നൽകി. അതിൽ ഒരു നിശ്ചിത തുക ബ്രിട്ടീഷുകാർക്ക്​ നൽകാനും കരാറായി. എന്നാൽ, ജനങ്ങൾ അതിനെതിരെ എതിർപ്പുമായി രംഗത്തെത്തി. കാരണം, സാധാരണക്കാർക്ക്​ താങ്ങാവുന്നതിലും അപ്പുറമായ തുകയായിരുന്നു കമ്പനി കരമായി നിശ്ചയിച്ചത്​.

അതോടെ പഴശ്ശി ഇംഗ്ലീഷുകാർക്കെതിരെ കലാപത്തിനൊരുങ്ങി. ജനങ്ങളും അതിന്​ ശക്തമായ പിന്തുണ നൽകി. 1795 ജൂണ്‍ 28ന്​ എല്ലാ നികുതിപിരിവുകളും രാജാവ്​ നിരോധിക്കുകയും കമ്പനിയെ വകവെക്കാതെ ഭരിക്കുകയും ചെയ്​തു. പിന്നാലെ കമ്പനിപ്പട്ടാളവും പഴശ്ശിയുടെ പടയും തമ്മിൽ നിരന്തരം പോരാട്ടങ്ങൾ നടന്നു. ഒടുവിൽ ബോംബെ ഗവര്‍ണറായിരുന്ന ജോനാഥന്‍ മലബാറിലേക്കെത്തി ചിറക്കല്‍ രാജാവി​െൻറ മധ്യസ്ഥതയില്‍ താല്‍ക്കാലിക ഒത്തുതീര്‍പ്പുണ്ടാക്കി. യുദ്ധവിരുദ്ധ കരാര്‍പ്രകാരം കുറുമ്പ്രനാട് രാജാവിന് നികുതി പിരിക്കാനുള്ള അവകാശം റദ്ദാക്കി. പിന്നാലെ 1797ല്‍ ഒന്നാം പഴശ്ശി വിപ്ലവം അവസാനിക്കുകയും ചെയ്​തു.

രണ്ടാം പഴശ്ശി യുദ്ധം

1799ലെ നാലാം ആഗ്ലോ-മൈസൂര്‍ യുദ്ധാനന്തരമുണ്ടാക്കിയ രണ്ടാം ശ്രീരംഗപട്ടണ സന്ധിപ്രകാരം വയനാട് കമ്പനിയുടെ വകയായി പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ, വയനാട്​ കൈയടക്കാൻ ഇംഗ്ലീഷുകാരെ അനുവദിക്കില്ലെന്നും അവിടെ നികുതി പിരിക്കാനുള്ള നീക്കം തടയുമെന്നും പഴശ്ശിയും ​പ്രഖ്യാപിച്ചു. ഇത്​ 1800 മുതൽ 1805 വരെ നടന്ന പഴശ്ശിയുദ്ധത്തിന്​ കാരണമായി.

വയനാട്ടിലെ ആദിവാസി വിഭാഗമായ കുറിച്യറായിരുന്നു പഴശ്ശിപ്പടയിലെ പ്രധാന പോരാളികൾ. കുറിച്യരുടെ പിന്തുണയും വയനാട്ടിലെ ഭൂമിശാസ്​ത്രവുമൊക്കെ പഴശ്ശിക്ക്​ അനുകൂലമായിരുന്നെങ്കിലും അംഗബലവും ആയുധബലവും കൊണ്ട്​ ഇംഗ്ലീഷ്​ സൈന്യം നടത്തിയ ശക്തമായ ആക്രമണത്തിൽ പഴശ്ലിരാജാവിന്​ പലപ്പോഴായി പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.

വെള്ളക്കാരെ കുഴക്കിയ ഒളിപ്പോര്​

പഴശ്ശിരാജാവിനെ കുടുക്കാൻ നിരന്തരം ശ്രമങ്ങൾ നടത്തിയെങ്കിലും ഒരിക്കൽപോലും ബ്രിട്ടീഷുകാർക്ക്​ അതിന്​ കഴിഞ്ഞില്ല, ഒടുവിൽ 1796 ഏപ്രില്‍ 19ന് രാത്രി കേണല്‍ ആര്‍തര്‍ വെല്ലസ്​ലിയുടെ നേതൃത്വത്തില്‍ പഴശ്ശിക്കോട്ടയുടെ വാതില്‍ തകര്‍ത്ത് കമ്പനിപ്പട്ടാളം അകത്തുകടന്നു. എന്നാൽ, രാജാവും സൈന്യവും കോട്ടക്കകത്തെ രഹസ്യ അറയിലൂടെ വയനാട്ടിലേക്ക് പലായനം ചെയ്തു. എന്നാൽ, അതൊരു പേടിച്ചോട്ടമായിരുന്നില്ല, മറിച്ച്​, ഇംഗ്ലീഷുകാരെ തുരത്താനായി പുതിയ യുദ്ധത്തിനുള്ള കളമൊരുക്കുകയായിരുന്നു അദ്ദേഹം. വയനാട് പുല്‍പള്ളിയില്‍ കുറുമര്‍, കുറിച്യര്‍, മുസ്​ലിംകള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് പഴശ്ശിരാജാവ് ത​ൻെറ സൈന്യം വിപുലീകരിച്ചു.

ഉണ്ണിമൂസ, തലയ്ക്കല്‍ ചന്തു എന്നിവരുടെ നേതൃത്വത്തില്‍ ആയോധനകലകളും ഒളിപ്പോര്‍ വിദ്യകളും സ്വായത്തമാക്കി. ഇവര്‍ക്കുപുറമെ കണ്ണവത്ത് ശങ്കരന്‍ നമ്പ്യാര്‍, എടച്ചേന കുങ്കന്‍, കൈതേരി അമ്പു, കൈതേരി അമ്മു, കാര്‍വേരിയള്ളി കണ്ണന്‍, ഇട്ടിക്കോമ്പറ്റ കേളപ്പന്‍, യോഗിമല മച്ചാന്‍ എന്നിവരായിരുന്നു സൈന്യത്തിലെ പ്രധാനികള്‍. കേണല്‍ ആര്‍തര്‍ വെല്ലസ്​ലിയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ പഴശ്ശിരാജയെ പിടികൂടാന്‍ കേണല്‍ ഡോവ്, മേജര്‍ കാമറൂണ്‍ തുടങ്ങി നിരവധി പ്രഗത്ഭരെ കമ്പനിപ്പട്ടാളം നിയോഗിച്ചെങ്കിലും ഒളിപ്പോരാളികളുടെ ആക്രമണത്തില്‍ ഇവര്‍ പരാജയപ്പെടുകയായിരുന്നു.

പഴശ്ശിയെ പൂട്ടാനെത്തിയ ബാബർ

നീണ്ട ഒമ്പത്​ വര്‍ഷമാണ്​ കമ്പനിപ്പട്ടാളം പഴശ്ശിരാജാവിന്​ മുന്നിൽ പരാജയമറിഞ്ഞത്​. ഒടുവിൽ തലശ്ശേരി സബ് കലക്ടറായി ചുമതലയേറ്റ തോമസ് ഹാർവേ ബാബര്‍ കളത്തിലിറങ്ങി. ബാബർ കമ്പനി സൈന്യത്തി​െൻറ നേതൃത്വവും ഏറ്റെടുത്തു. പഴശ്ശിയെ പിടിക്കാനായി നാട്ടുകാരില്‍നിന്ന് തിരഞ്ഞെടുത്ത 1600 പേര്‍ അടങ്ങിയ അര്‍ധസൈനിക വിഭാഗത്തെയും ബാബർ നിയോഗിച്ചു. കൂടെ ഒരു ഉത്തരവുമിറക്കി. പഴശ്ശിരാജ, ബന്ധുക്കളും സഹായികളുമായ വീരവര്‍മ രാജ, രവിവര്‍മരാജ, പ്രധാന പടയാളികള്‍ എന്നിവരെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് 8333 പഗോഡ വാഗ്ദാനം ചെയ്തുകൊണ്ടുള്ളതായിരുന്നു ഉത്തരവ്. പക്ഷേ, രാജാവിനെ ഒറ്റിക്കൊടുക്കാന്‍ പ്രജകള്‍ തയാറായില്ല.

ബാബര്‍ ഒളിത്താവളം മനസ്സിലാക്കിയതോടെ പഴശ്ശിരാജയും ഏതാനും പേരും പുല്‍പള്ളിയില്‍ മാവിലാത്തോട്ടി​ൻെറ മറുകരയിലേക്ക് താൽക്കാലികമായി പാലം നിർമിച്ച് പലായനം ചെയ്തു. അക്കരെ കടന്നയുടന്‍ സംഘം പാലം തകര്‍ത്തു. 1805 നവംബര്‍ 29ന് ബാബറും സംഘവും മാവിലാത്തോട്ടി​ൻെറ കരയിലെത്തി പാലം നിർമിച്ച് അടുത്തദിവസം തോടി​ൻെറ മറുകരയിലെത്തി. ഇവര്‍ മാവിലാത്തോടി​ൻെറ മറുകരയിലെത്തിയപ്പോള്‍ കണ്ടത് പഴശ്ശിയുടെ ചേതനയറ്റ ശരീരമായിരുന്നുവെന്നാണ്​​ പറയപ്പെടുന്നത്​.

രാജാവി​െൻറ രാജ്യസ്‌നേഹം മനസ്സിലാക്കിയ ബാബര്‍ രാജോചിത ബഹുമതികളോടെ ഭൗതിക ശരീരം മാനന്തവാടിയില്‍ സംസ്‌കരിച്ചു. രാജാവി​െൻറ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണ കഠാര ക്യാപ്റ്റന്‍ ക്ലഫാമിന്​ കൈമാറുകയും സ്വർണമാല ക്ലഫാമി​ൻെറ പത്‌നിക്ക് നല്‍കുകയും ചെയ്തു.

പഴശ്ശിരാജാവിനോടുള്ള ബ്രിട്ടീഷുകാരുടെ ഒടുങ്ങാത്ത പക കാരണം പഴശ്ശിയിലുള്ള കൊട്ടാരം ഇടിച്ചുനിരപ്പാക്കി കമ്പനിപ്പട്ടാളം മട്ടന്നൂര്‍- തലശ്ശേരി റോഡ് പണിതു. കോട്ട തകര്‍ത്ത് റോഡ് നിർമിച്ചതോടെ, കൊട്ടാരത്തിനകത്തുണ്ടായിരുന്ന കിണര്‍ റോഡിന് ഇടതുഭാഗത്തും കുളം റോഡിന് വലതുഭാഗത്തുമായി. കിണറില്‍നിന്ന് 1973ല്‍ പീരങ്കി, നാണയങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവ ലഭിച്ചിരുന്നു. ഏതാനും വര്‍ഷം മുമ്പ് ഈ കിണര്‍ മൂടി. കുളത്തില്‍ മട്ടന്നൂര്‍ നഗരസഭ മ്യൂസിയം സ്ഥാപിച്ച് സംരക്ഷിച്ചുവരുന്നു. മാനന്തവാടിയില്‍ ഭൗതിക ശരീരം സംസ്‌കരിച്ച സ്ഥലം സംസ്​ഥാന പുരാവസ്തുവകുപ്പ് ഏറ്റെടുത്ത്​ സംരക്ഷിക്കുന്നുണ്ട്.

പഴശ്ശിയുടെ മരണം

രാജാവ്​ എങ്ങനെ മരിച്ചുവെന്നതിൽ രണ്ട്​ തരത്തിലുള്ള ചരിത്രവ്യാഖ്യാനങ്ങളുണ്ട്​​​. ഒന്ന് ഇംഗ്ലീഷുകാർക്ക്​​ കീഴ്​പ്പെടേണ്ടിവരുമെന്ന്​ വന്നതോടെ​ അദ്ദേഹം ത​ൻെറ ഇടതു കൈവിരലിലെ മോതിരത്തില്‍നിന്ന് വൈരക്കല്ല് പൊട്ടിച്ചുവിഴുങ്ങി മരണം വരിച്ചെന്നും മറ്റൊന്ന് ഒറ്റുകാരുടെ ചതിയിൽപെട്ട്​​ കമ്പനിപ്പട്ടാളത്തി​ൻെറ വെടിയേറ്റ് വീരമൃത്യു വരിച്ചെന്നുമാണത്​.


പഴശ്ശിരാജാ സ്മൃതിമന്ദിരം

പഴശ്ശി രാജാവി​െൻറ സ്മരണാർഥം കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്തുള്ള​ പഴശ്ശിയിൽ സ്ഥാപിച്ച പഴശ്ശി സ്മൃതിമന്ദിരം, മട്ടന്നൂർ നഗരസഭ 2014 നവംബർ 30ന്​ പഴശ്ശി രാജാവി​െൻറ ചരമദിനത്തിൽ നാടിന് സമർപ്പിച്ചു. കേരളസിംഹത്തി​െൻറ ജീവചരിത്രം അടങ്ങിയ ലേഖനങ്ങളും ഛായാചിത്രവുമൊക്കെയാണ്​ സ്​മൃതിമന്ദിരത്തിനുള്ളിലുള്ളത്​.

അതേസമയം, പഴശ്ശിയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത് വയനാട്​ ജില്ലയിലെ മാനന്തവാടിയിലാണ്​. 1980ല്‍ സംസ്ഥാന പുരാവസ്തുവകുപ്പ് പഴശ്ശികുടീരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിരുന്നു.

പഴശ്ശിരാജ മ്യൂസിയം

കോഴിക്കോട് ജില്ലയിലെ ഈസ്​റ്റ്​ ഹില്ലിലാണ് പഴശ്ശിരാജ മ്യൂസിയം നിലകൊള്ളുന്നത്. 1812ലാണ് മ്യൂസിയം നിലകൊള്ളുന്ന കെട്ടിടം (ഈസ്​റ്റ്​ ഹില്‍ ബംഗ്ലാവ്) പണിതത്. ബ്രിട്ടീഷ് ഇന്ത്യയിലെ മലബാര്‍ ജില്ല കലക്ടറുടെ ഔദ്യോഗിക വസതിയായിരുന്നു ഇത്. 1976വരെ ഈസ്​റ്റ്​ ഹില്‍ ബംഗ്ലാവ് ജില്ല കലക്ടറുടെ ഔദ്യോഗിക വസതിയായി തുടര്‍ന്നു. 1976ലാണ് ഇത് പുരാവസ്തു മ്യൂസിയമാക്കി മാറ്റിയത്. 1980ല്‍ കേരളവര്‍മ പഴശ്ശിരാജയുടെ സ്മരണയില്‍ പേര്​ പഴശ്ശിരാജ മ്യൂസിയം എന്നാക്കിമാറ്റുകയും ചെയ്​തു.

കേരളീയ വാസ്തുശില്‍പ ശൈലിയിലുള്ള പഴശ്ശിരാജ മ്യൂസിയത്തിൽ ശിലയിലും മരത്തിലുമുള്ള ശില്‍പങ്ങള്‍, ആയുധങ്ങള്‍, കളിപ്പാട്ടങ്ങള്‍, പഴയകാലത്തെ പാത്രങ്ങള്‍, നാണയങ്ങള്‍, നന്നങ്ങാടികള്‍, കുടക്കല്ലുകള്‍, വിഗ്രഹങ്ങള്‍ തുടങ്ങിയവയുണ്ട്​. മ്യൂസിയത്തിനകത്തുള്ള ഭൂഗര്‍ഭ അറയില്‍ ബ്രിട്ടീഷ് ഭരണകാലത്തെ തടവറയുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pazhassi rajaKerala Varma
News Summary - kerala varma pazhassi raja
Next Story