Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
how to overcome exam fear
cancel
Homechevron_rightVelichamchevron_rightParentingchevron_rightരക്ഷിതാക്കളേ......

രക്ഷിതാക്കളേ... പരീക്ഷാപേടി വേണ്ട

text_fields
bookmark_border

ക്കളുടെ പാഠ്യ-പാഠ്യേതര വിഷ‍യങ്ങളിൽ മുമ്പത്തേക്കാളേറെ ആശങ്കയിലാണ് ഇന്ന് മാതാപിതാക്കൾ. മയക്കുമരുന്ന്, ലഹരി പ്രലോഭനങ്ങളും ചതിക്കുഴികൾ നിറഞ്ഞ സൈബറിടങ്ങളും അടക്കം ഭീഷണി സൃഷ്ടിക്കുന്ന ചുറ്റുപാടിൽ മക്കൾ വളരുമ്പോൾ എല്ലാ മാതാപിതാക്കളുടെയും ചങ്കിടിപ്പേറും. കൂടാതെ, എപ്പോഴും പരീക്ഷകൾ നിറഞ്ഞ അക്കാദമിക കാലയളവ് കുട്ടികളിൽ സൃഷ്ടിക്കുന്ന സമ്മർദം വേറെയും. സ്വന്തം മക്കളുടെ പഠനകാലത്ത് മാതാപിതാക്കൾ ഏറ്റവും ടെൻഷനടിക്കുന്നത് പരീക്ഷ അടുക്കുമ്പോഴായിരിക്കും. വർഷത്തിൽ മൂന്ന് പരീക്ഷ എന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ പലതരം അസസ്‌മെന്റുകളും പരീക്ഷകളുമാണ് ഒരു അക്കാദമിക വർഷം കുട്ടികൾ നേരിടുന്നത്. കുട്ടികളിൽ ഇതുണ്ടാക്കുന്ന സമ്മർദം വളരെ വലുതുമാണ്.

എന്നാൽ, കുട്ടികളെക്കാളും ആധിയാണ് പരീക്ഷ സമയങ്ങളിൽ മാതാപിതാക്കളുടേത്. പലരും ജോലിയിൽനിന്ന് അവധിയെടുത്ത് വരെ വീട്ടിൽ മക്കൾ പഠിക്കുന്നുണ്ടോ എന്നും നോക്കിയിരിക്കും. എന്നാൽ, ഇതു പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കാറ്. രക്ഷിതാക്കളുടെ ടെൻഷൻ കാണുന്നതോടെ കുട്ടികൾക്ക് സമ്മർദമുണ്ടാകും. പിന്നെ പേടിയോടെയാകും പഠനം.

ഫുൾ മാർക്ക് കിട്ടിയില്ലെങ്കിൽ, അല്ലെങ്കിൽ തോറ്റാൽ എന്തുചെയ്യും എന്ന ടെൻഷനിലാകും മക്കൾ. അതിനാൽ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് മക്കളുടെ പരീക്ഷ കാലം. കുട്ടികൾ നന്നായി പഠിക്കുകയും പരീക്ഷയിൽ നന്നായി പങ്കെടുക്കുകയും ചെയ്യുന്നതിൽ രക്ഷിതാക്കൾക്കും പങ്കുണ്ട്. പഠിക്കാൻ മികച്ച അന്തരീക്ഷവും ടെൻഷനില്ലാതെ പഠിക്കാനുള്ള പിന്തുണയും അവർക്ക് നൽകേണ്ടതുണ്ട്. മാത്രമല്ല, സുഹൃത്തായും വീട്ടിലെ അധ്യാപകനായും കൂടെ നിൽക്കുകയും വേണം.

പരീക്ഷാ 'ചൂട്' വേണ്ട

  • പരീക്ഷ അടുത്താൽ കുട്ടികളുടെ മേൽ അനാവശ്യ സമ്മർദം ചെലുത്തി ബുദ്ധിമുട്ടിക്കാതിരിക്കുക.
  • ഉത്കണ്ഠാകുലരായി അവർക്ക് ചുറ്റും നടക്കാതിരിക്കുക. അനാവശ്യ ഗൗരവം കാണിക്കരുത്. നന്നായി പഠിക്കുന്നുണ്ടോ എന്ന് ഇടക്കിടെ ചോദിക്കരുത്.
  • കുട്ടികളെക്കുറിച്ചാലോചിച്ച് ഉത്കണ്ഠയുണ്ടെങ്കിൽ അതവരുടെ മുന്നിൽ പ്രകടിപ്പിക്കരുത്. ടീച്ചർമാരുമായോ സ്‌കൂൾ കൗൺസിലർമാരുമായോ സംസാരിക്കുക.
  • മക്കൾക്ക് അമിത ടെൻഷനും മറ്റു പ്രശ്‌നങ്ങളും വരുമ്പോൾ കുറ്റപ്പെടുത്തരുത്. ഇത്തരം സാഹചര്യങ്ങളുണ്ടായാൽ അവരെ സഹായിക്കുന്ന തീരുമാനമെടുക്കുക.
  • ഉത്കണ്ഠ, അസ്വസ്ഥത, ടെൻഷൻ, ഉറക്കമില്ലായ്മ, ഭക്ഷണത്തോട് വിരക്തി, ഒറ്റക്കിരിക്കൽ, ക്ഷീണം, വയറുവേദന, തലവേദന തുടങ്ങിയ, കുട്ടികളിലുണ്ടാകുന്ന, പരീക്ഷാകാലത്തെ മാറ്റം ശ്രദ്ധിക്കുകയും പരിഹാരം കാണുകയും ചെയ്യുക.

വീടാണ് ആദ്യ കളരി

  • പഠിക്കാൻ കുട്ടികൾക്കുവേണ്ട അന്തരീക്ഷമൊരുക്കിക്കൊടുക്കുക.
  • പഠന ഷെഡ്യൂൾ ഉണ്ടാക്കാൻ സഹായിക്കുക. നേരത്തെതന്നെ അത് തയാറാക്കുക. എന്നാൽ, അവസാന നിമിഷ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.
  • പരീക്ഷയുടെ കാര്യം പറഞ്ഞ് കുട്ടികളിൽ അധിക സമ്മർദം ചെലുത്താതിരിക്കാൻ വീട്ടിലെ എല്ലാവരും ശ്രദ്ധിക്കണം.
  • അതിഥികളുടെ വരവ്, സൽക്കാരങ്ങൾ, വീടിന്റെ അറ്റകുറ്റപ്പണി തുടങ്ങിയവ പരമാവധി മാറ്റിവെക്കുക.
  • ഈ സമയത്ത് ഭക്ഷണം ഒഴിവാക്കുന്നില്ലെന്നും ആവശ്യമായ ഊർജം ലഭിക്കുന്നവ അവർ കഴിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.
  • പരീക്ഷയോടനുബന്ധിച്ചുള്ള ദിവസങ്ങളിൾ വളരെ ലളിതമായ ഭക്ഷണങ്ങൾ കൊടുക്കുക.
  • മാതാപിതാക്കൾ ഒരിക്കലും കുട്ടികളുടെ മുന്നിൽ വഴക്കിടരുത്. നിങ്ങളുടെ മനസ്സിലെ ദേഷ്യം തീർക്കാൻ കുഞ്ഞുങ്ങളെ ശിക്ഷിക്കുകയും ചെയ്യരുത്.
  • മക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാതാപിതാക്കൾ ഒരുമിച്ച്​ തീരുമാനമെടുക്കുക.
  • കുട്ടികളുടെ മുന്നിൽവെച്ച്​ പുകവലി, മദ്യപാനം, നുണ പറയൽ, അശ്ലീല വാക്കുകൾ പാടില്ല.

പ്രോത്സാഹനം നല്ല മരുന്ന്

  • ഉപദേശിച്ച് മടുപ്പിക്കാതെ കുട്ടികൾക്ക് ധൈര്യം നൽകുക, പ്രോത്സാഹിപ്പിക്കുക.
  • മക്കളുടെ ആത്മവിശ്വാസവും ധൈര്യവും ചോർന്നുപോകാൻ ഇടവരുത്തരുത്.
  • മറ്റു കുട്ടികളുമായി മക്കളെ താരതമ്യം ചെയ്യാതിരിക്കുക. പകരം, അവരുടെ കഴിവുകൾ എടുത്തുപറഞ്ഞ് 'നിനക്കും സാധിക്കും' എന്ന് മനസ്സിൽ ഉറപ്പിച്ചുനൽകുക.
  • പഠിക്കാൻ ബുദ്ധിമുട്ടോ മറ്റു പ്രശ്നങ്ങളോ പറയുമ്പോൾ അവഗണിക്കരുത്.
  • നിങ്ങളുടെ വൈകാരികമായ പിന്തുണയുണ്ടെന്ന് അവർക്ക് മനസ്സിലാകണം.
  • പ്രോത്സാഹിപ്പിക്കുന്നതിന് പകരം, 'നീ എന്തായാലും പരീക്ഷയിൽ ജയിക്കില്ല, പഠിക്കാൻ കഴിവില്ല' എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തലുകൾ അരുത്.

കുട്ടികളുടെ കൂട്ടുകാരാവുക

  • പരീക്ഷാകാലത്തു മാത്രമല്ല, എപ്പോഴും കുട്ടികളുടെ നല്ല കൂട്ടുകാരായിരിക്കണം.
  • ചെറുപ്രായം മുതലേ മക്കളുമായി നല്ല ബന്ധം പുലർത്തുക.
  • നിങ്ങളുടെ എല്ലാ പിന്തുണയും അവർക്ക് നൽകണം. അവരുടെ മനസ്സിലുള്ളത് ഷെയർ ചെയ്യാൻ എപ്പോഴും അടുത്തുണ്ടായിരിക്കുക.
  • എന്തു​ പ്രശ്​നങ്ങളും നിങ്ങളോട് ധൈര്യത്തോടെ തുറന്നുപറയാമെന്ന് അവർക്ക് മനസ്സിലാകണം.
  • അവരുടെ പ്രശ്നങ്ങൾക്ക്, അത് ചെറിയ പ്രശ്നങ്ങളായാൽപോലും പറയുന്നത് ക്ഷമയോടെ കേൾക്കുക.
  • മക്കളുടെ കൂട്ടുകാർ ആരൊക്കെ, അവർ സ്വഭാവദൂഷ്യമുള്ളവരാണോ എന്നെല്ലാം മനസ്സിലാക്കുക. ആവശ്യമെങ്കിൽ അവരെ തിരുത്തുക.
  • കൂട്ടുകാരുടെ മാതാപിതാക്കളുമായും ബന്ധം പുലർത്തുക. മക്കളുടെ കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്യുക.
  • തെറ്റുകളിൽ കഠിനമായി ശിക്ഷിച്ച്​ തിരുത്തുന്നതിനുപകരം ചെയ്​ത തെറ്റ്​ എന്താണെന്ന്​ അവർക്ക് മനസ്സിലാക്കിക്കൊടുക്കുക.
  • മക്കൾ എവിടെ പോകുന്നു​െവന്നും എന്തൊക്കെ ചെയ്യുന്നുവെന്നും ആരോടെല്ലാം ബന്ധപ്പെടുന്നുവെന്നും മനസ്സിലാക്കണം.
  • ചെ​റു​പ്രായ​ത്തിലേ ഉത്തരവാദിത്തങ്ങൾ നൽകി നിർവഹിക്കാൻ പരി​ശീലിപ്പിക്കണം. ചെടികളുടെ പരിപാലനം തുടങ്ങി വീട്ടിലെ ചെറിയ ജോലികൾ നൽകിക്കൊണ്ട് തുടങ്ങാം. കാലക്രമേണ ഗൗരവമുള്ള ഉത്തരവാദിത്തങ്ങൾ ഏൽപിക്കണം.
  • അ​മി​ത വാ​ത്സ​ല്യം അരുത്. ഇതും അപകടത്തിനിടയാക്കും. ഇത് സ്വഭാവദൂഷ്യത്തിനും തെറ്റുകൾ ചെയ്യാൻ ​മടിയില്ലാത്തവരായി മാറാനും കാരണമാകും.
  • വില കൂടിയ വസ്​തുക്കൾ മാത്രം വാങ്ങി ശീലിപ്പിച്ചാൽ മക്കൾക്ക് പണത്തി​െൻറ മൂല്യം മനസ്സിലാകില്ല.

ഉല്ലാസം നിഷേധിക്കരുത്

  • പഠനത്തിന്റെ ഇടനേരങ്ങളിൽ കുട്ടികളെ പുറത്തുകൊണ്ടുപോവുക. ഉത്കണ്ഠ അകറ്റി റിലാക്‌സ് ആവാൻ അവർക്ക് സാധിക്കും.
  • ചെറിയ തോതിലുള്ള വ്യായാമത്തിൽ അവരെയും കൂട്ടുക. നടത്തം, സൈക്ലിങ്, നീന്തൽ, ഡാൻസിങ് എന്നിവ നല്ലത്.
  • പലവിധ നിയന്ത്രണങ്ങളിൽ അവരെ വീർപ്പുമുട്ടിക്കരുത്. സ്വ​ത​ന്ത്ര​രാ​യി വ​ള​ർത്തുക. എന്നാൽ, അവരുടെ സ്വാതന്ത്ര്യങ്ങളുടെ മുകളിൽ എപ്പോഴും ഒരു കണ്ണു വേണം.
  • സോഷ്യൽ മീഡിയ ഉപയോഗം പരമാവധി കുറക്കുക. പഠനത്തിനിടെ വിശ്രമിക്കുമ്പോൾ സോഷ്യൽ മീഡിയ പരതിയാൽ സമയം നഷ്ടമാകുന്നത് മറക്കും.
  • ദിവസത്തിന്റെ ഭൂരിഭാഗം സമയം സ്‌ക്രീനിന് മുന്നിൽ കുട്ടികൾ ചെലവഴിക്കുന്നുണ്ട്. ഗെയിമിങ് ആപ്പുകളും പരീക്ഷാസമയത്ത് നിയന്ത്രിക്കാം.
  • ഉറക്കത്തിന് തൊട്ടുമുമ്പുള്ള സമയം അവർക്കിഷ്ടമുള്ളതു ചെയ്യാൻ വിടുക. എന്നാൽ മൊബൈലിൽ അധികനേരം ചെലവഴിക്കാൻ സമ്മതിക്കരുത്. പിന്നീട് പഠനത്തിനായി ഇരിക്കുമ്പോൾ ക്ഷീണം തോന്നിയേക്കാം.
  • പഠനത്തിനും മറ്റു ആക്ടിവിറ്റികൾക്കും ശേഷം ശരിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ഏറ്റവും കുറഞ്ഞത് എട്ടു മണിക്കൂർ നിർബന്ധമായും ഉറങ്ങിയിരിക്കണം.

ഗുരുവും നിങ്ങൾതന്നെ

  • പഠനജീവിതത്തിന്റെ ഭാഗമാണ് പരീക്ഷകളെന്ന് കുട്ടികളോട് പറ‍യണം. നന്നായി പഠിക്കുക, തയാറെടുപ്പോടെ പരീക്ഷ എഴുതുക. ഫലത്തെക്കുറിച്ച് ഓർത്ത് ടെൻഷനടിക്കേണ്ടെന്നും പറഞ്ഞുകൊടുക്കുക.
  • പഠിക്കാനായി സഹായങ്ങൾ ചെയ്തുകൊടുക്കുക. ടെൻഷൻ സാധാരണയാണെന്നും അത് പോസിറ്റിവായി ഉപയോഗിക്കുന്നതിലാണ് കാര്യമെന്നും പറഞ്ഞുകൊടുക്കുക.
  • സമ്മർദം അനുഭവിക്കുന്ന കുട്ടികൾക്ക് ആരോടെങ്കിലും സംസാരിക്കാൻ അവസരമുണ്ടായാൽ അത് ഏറെ സഹായകരമാകും. ടീച്ചർമാർ, സ്‌കൂൾ കൗൺസിലർ തുടങ്ങിയവരുമായി പ്രശ്നം പങ്കുവെക്കുക.
  • പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയാൽ വിലകൂടിയ സമ്മാനങ്ങൾ നൽകാമെന്ന വാഗ്ദാനം നടത്തരുത്.
  • പരീക്ഷയിൽ വിജയിക്കുമ്പോൾ അഭിനന്ദിക്കാൻ മറക്കരുത്. മാർക്ക് കുറഞ്ഞതിന്റെ പേരിൽ ​ശിക്ഷയും അരുത്.
  • കുട്ടികളിൽ ഒരിക്കലും അമിത പ്രതീക്ഷ അരുത്. മാർക്ക്​ കുറഞ്ഞാൽ നമ്മുടെ കുടുംബത്തിന്​ നാണക്കേടാണെന്ന രീതിയിൽ സംസാരിക്കരുത്​.
  • പരാജയം ഒന്നിന്റെയും അവസാനമല്ലെന്ന് പറഞ്ഞുകൊടുക്കുക. പരാജയങ്ങളെ അംഗീകരിക്കാനും മുന്നോട്ടുപോകാനും പഠിപ്പിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCExam
News Summary - how to overcome exam fear
Next Story