Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
postal
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightഒരു കത്തുണ്ടേ...

ഒരു കത്തുണ്ടേ...

text_fields
bookmark_border

സ്നേഹവും പരിഭവവും ദുഃഖങ്ങളുമൊക്കെ എഴുതി നിറച്ച നീല ഇൻലൻഡിൽനിന്നും ഞൊടിയിടയിൽ ഏത് വിശേഷവും കൈമാറാനും അത് കാണേണ്ടവർ കണ്ടെന്ന് ഉറപ്പാക്കാവുന്ന നീല ടിക്കുകളിലേക്ക് കാലം മാറി. കാത്തിരിപ്പിനൊടുവിലോ, അപ്രതീക്ഷിതമായോ കൈയിൽ കിട്ടുന്ന കത്തുകൾ പൊട്ടിക്കുമ്പോഴുണ്ടാകുന്ന നെഞ്ചിടിപ്പിന്റെ മധുരം ഒരൽപം മുതിർന്നവരോട് ചോദിച്ചാൽ പറഞ്ഞുതരും. സർക്കാർ ജോലികളുടെ അപ്പോയിൻമെന്റ് ഓഡറോ മറ്റ് ഔദ്യോഗിക അറിയിപ്പുകളോ നൽകൽ മാത്രമായി പോസ്റ്റലിന്റെ കഥയും ചുരുങ്ങി. ഒരു തലമുറകളുടെ മെസഞ്ചറായിരുന്നു തപാൽ. ലോകത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖല. ആ തപാലിനുമുണ്ട് കലണ്ടറിൽ ഒരിടം. ഒക്ടോബർ 9. അന്നാണ് ലോക തപാൽ ദിനം. ഒക്ടോബർ 10 ദേശീയ തപാൽ ദിനമായും ആചരിക്കുന്നു.

എന്തുകൊണ്ട് ഒക്ടോബർ 9

ഒക്ടോബർ 9 ലോക തപാൽ ദിനമായി തിരഞ്ഞെടുക്കാൻ കാരണമുണ്ട്. 1874 ഒക്ടോബർ 9നാണ് അന്താരാഷ്ട്ര പോസ്റ്റൽ യൂനിയൻ നിലവിൽ വന്നത്. 1969ൽ ജപ്പാൻ തലസ്ഥാനമായ ടോക്യോയിൽ നടന്ന യു.പി.യു കോൺഗ്രസിൽ വെച്ചായിരുന്നു ഈ ദിവസം തിരഞ്ഞെടുത്തതും ദിനാചരണം പ്രഖ്യപിച്ചതും. 1969ലാണ് ആദ്യമായി ലോക പോസ്റ്റൽ ദിനം ആചരിച്ചത്. ലോക പോസ്റ്റൽ ദിനാഘോഷത്തിന്റെ കരടുപ്രതി ആദ്യമായി സമർപ്പിച്ചത് ഒരു ഇന്ത്യക്കാരനാണ്. ആനന്ദ് മോഹൻ നരൂല. ദിനാചരണമെന്ന ആശയം മുന്നോട്ടുവെച്ചതും അതിനായി ശക്തമായി വാദിച്ചതും അദ്ദേഹമായിരുന്നു. ആ നിർദേശം അംഗീകരിച്ചത് മുതൽ എല്ലാ വർഷവും ലോക പോസ്റ്റൽ ദിനം ആചരിക്കുന്നു. തപാൽ വകുപ്പിന്റെ സേവനത്തെ സ്മരിക്കാനായി 150ലധികം രാജ്യങ്ങൾ എല്ലാ വർഷവും തപാൽ ദിനം ആചരിക്കുന്നു. കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഗോള പോസ്റ്റൽ യൂനിയൻ 1874ൽ രൂപവത്കരിച്ചത്. 1984 ൽ യൂനിവേഴ്സൽ പോസ്റ്റൽ യൂനിയൻ ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയായി.

ഠപ്പാലിൽ നിന്നും തപാലിലേക്ക്

മറാഠി ഭാഷയിലെ ഠപ്പാൽ എന്ന പദത്തിൽ നിന്നാണ് തപാൽ എന്ന പേരുവന്നത്. സൂക്ഷിക്കുക എന്നർഥം വരുന്ന പൊസിറ്റസ് എന്ന ലാറ്റിൻ പദത്തിൽനിന്ന് പോസ്റ്റ് എന്ന ഇംഗ്ലീഷ് വാക്കുമുണ്ടായി.

വിശ്വാസത്തിനായി ഒരുമിച്ച്

‘ഒരുമിച്ച് വിശ്വാസത്തിനായി: സുരക്ഷിതവും ബന്ധിതവുമായ ഭാവിക്കായി സഹകരിക്കുക’ എന്നതാണ് 2023ലെ ലോക തപാൽ ദിനത്തിന്റെ മുദ്രാവാക്യം.

അഞ്ച് ദശലക്ഷത്തിലധികം തപാൽ ജീവനക്കാർക്ക് സന്ദേശങ്ങൾ, സമ്മാനങ്ങൾ, ചരക്കുകൾ, പണം, മരുന്നുകൾ തുടങ്ങി അവശ്യവും വ്യക്തിഗതവുമായ വിവിധ ഇനങ്ങൾ കൈമാറി തപാലിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. നൂറ്റാണ്ടുകൾ കൊണ്ട് വികസിപ്പിച്ച വിപുലമായ ഭൗതിക ശൃംഖലയെ സംരക്ഷിക്കുക എന്നതാണ് തപാൽ ദിനത്തിന്റെ പ്രാധാന്യം.

1947-ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ തപാൽ ഓഫിസുകളുടെ എണ്ണം 23,344 ആയിരുന്നു, ഇവ പ്രാഥമികമായി നഗരപ്രദേശങ്ങളിലായിരുന്നു. 2016ൽ ഇത് 1,55,015 ആയി വർധിച്ചു, ഇതിൽ 90 ശതമാനം ഗ്രാമപ്രദേശങ്ങളിലാണ്. കാലം മാറിയപ്പോൾ പോസ്റ്റ്‌ ഓഫിസുകൾ പല സേവനങ്ങളുടെ കേന്ദ്രമായി. കത്തുകൾ അപൂർവമെങ്കിലും പോസ്റ്റ് ഓഫിസുകൾ ഇന്നും സജീവമാണ്.

മനുഷ്യരുടെ വ്യക്തിഗതവും വ്യാപാര-വാണിജ്യപരവുമായ ആശയവിനിമയത്തിന്റെ പ്രധാന ഘടകമാണ് തപാൽ സർവിസ്. ഇന്ത്യയിൽ ഒരാഴ്ച നീണ്ട പരിപാടികൾ ഈ ദിവസത്തിൽ സംഘടിപ്പിക്കാറുണ്ട്. ഒക്ടോബർ 9നാണ് പരിപാടികൾ ആരംഭിക്കുക.

തപാൽ സേവനങ്ങൾക്ക് ജനജീവിതത്തിലുള്ള പങ്കിനെകുറിച്ചും, ആഗോള പുരോഗതിക്ക് നൽകുന്ന സംഭാവനകളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് ലോക തപാൽ ദിനം ആചരിക്കുന്നത്.

പല രാജ്യങ്ങളിലും, പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും പുതിയ സ്റ്റാമ്പുകളും തീയതി റദ്ദാക്കൽ അടയാളങ്ങളും നൽകുകയും ചെയ്യുന്നു. തപാൽ ഓഫിസുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും ലോക തപാൽ ദിന പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും, കോൺഫറൻസുകൾ, സെമിനാറുകൾ, വർക്​േഷാപ്പുകൾ, സാംസ്കാരിക, കായിക, മറ്റ് വിനോദ പ്രവർത്തനങ്ങൾ എന്നിവയും ഈ ദിവസങ്ങളിലെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. പല തപാൽ ഭരണകൂടങ്ങളും ടീ-ഷർട്ടുകളും ബാഡ്ജുകളും പോലുള്ള പ്രത്യേക സുവനീറുകളും ഈ ദിവസങ്ങളിൽ നൽകുന്നു.

അഞ്ചൽ സമ്പ്രദായം

ഔദ്യോഗിക പോസ്റ്റൽ സർവിസ് രൂപവത്കരിക്കുന്നതിന് മുമ്പ് തിരുവിതാംകൂർ - കൊച്ചി നാട്ടുരാജ്യങ്ങളിൽ നിലനിന്നിരുന്ന പഴയകാല തപാൽ സമ്പ്രദായമാണ് അഞ്ചൽ സമ്പ്രദായം. സന്ദേശവാഹകർ, ദൈവദൂതൻ എന്നെല്ലാം അർഥമുള്ള ‘ആഞ്ചേലസ്’ എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് അഞ്ചൽ എന്ന വാക്കിന്റെ ഉത്ഭവം.

കത്തുകൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിച്ചിരുന്നവരാണ് ‘അഞ്ചൽക്കാരൻ അഥവാ അഞ്ചലോട്ടക്കാരൻ’. കൊല്ലവർഷം 1024 വരെ അഞ്ചൽ സർവിസ് സർക്കാർ ആവശ്യത്തിന് മാത്രമെ തരപ്പെടുത്തിയിരുന്നുള്ളൂ. 1951ൽ ഇന്ത്യൻ കമ്പിതപാൽ വകുപ്പുകൾ ലഭിക്കുന്നത് വരെ അഞ്ചൽ സമ്പ്രദായം നിലനിന്നു.

കേരളത്തിലെ ആദ്യത്തെ പോസ്റ്റ്‌ വുമൺ

ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് ആലപ്പുഴ നഗരത്തിൽ സൈക്കിളിൽ യാത്ര ചെയ്ത് തപാൽ ഉരുപ്പടികൾ വിതരണം ചെയ്തിരുന്ന കേരളത്തിലെ ആദ്യത്തെ പോസ്റ്റ്‌ വുമൺ ആണ് ആനന്ദവല്ലി. ഒരു സ്ത്രീ കത്തുകളും കൊറിയറുകളും എത്തിക്കുന്നത് 1960 കളിൽ ഒരു അപൂർവ കാഴ്ചയായിരുന്നു. അക്കാലത്ത് 97.50 രൂപയായിരുന്നു ആദ്യ ശമ്പളം. ആലപ്പുഴയിലെ വിവിധ പോസ്റ്റുകളിൽ ക്ലർക്ക് ആയും പോസ്റ്റ്‌ മാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തത്തംപള്ളി പോസ്റ്റ്‌ ഓഫിസിൽ പോസ്റ്റ്‌ വുമണായാണ് നിയമനം ലഭിച്ചത്. തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിനായി അച്ഛൻ സമ്മാനിച്ച റാലി സൈക്കിളിലായിരുന്നു തപാൽ ഉരുപ്പടികൾ വിതരണം ചെയ്തിരുന്നത്. 1991ൽ മുഹമ്മ പോസ്റ്റ്‌ ഓഫിസിൽനിന്നാണ് വിരമിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Post Daypostal dayNational Postal Day
News Summary - World National postal day
Next Story