Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ക്വിറ്റ്​ ഇന്ത്യ; സ്വാതന്ത്ര്യസമര ചരിത്രത്തി​ന്റെ സമരകാഹളം
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightക്വിറ്റ്​ ഇന്ത്യ;...

ക്വിറ്റ്​ ഇന്ത്യ; സ്വാതന്ത്ര്യസമര ചരിത്രത്തി​ന്റെ സമരകാഹളം

text_fields
bookmark_border

ദേശീയ വികാരത്തി​െൻറ വിദ്യുദ് തരംഗങ്ങൾ പ്രകമ്പനം കൊള്ളിച്ച 1942 ആഗസ്​റ്റിലെ ദിനരാത്രങ്ങൾ ഓരോ ഇന്ത്യക്കാരനും ഹൃദയത്തിൽ സൂക്ഷിച്ചുവെക്കേണ്ടതാണ്. ഒന്നാം സ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്ന 1857ലെ വിപ്ലവത്തിനുശേഷമുണ്ടായ വൻ ജനമുന്നേറ്റമായിരുന്നു അത്. ആഗസ്​റ്റ്​ എട്ട്​, ഒമ്പത്​ ദിവസങ്ങൾ ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നു. 'ആഗസ്​റ്റ്​ ക്രാന്തി ദിനം' എന്നും ഇതറിയപ്പെടുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ത്രസിപ്പിക്കുന്ന അന്തിമ സമരകാഹളം മുഴക്കിയ ക്വിറ്റ് ഇന്ത്യ സമരവിശേഷങ്ങളിലൂടെ...

മലബാർ ഹില്ലിലുയർന്ന ആഹ്വാനം

1942 ആഗസ്​റ്റ്​ എട്ട്​. ബോംബെയിലെ മലബാർ ഹില്ലിൽ അഖിലേന്ത്യാ കോൺഗ്രസി​െൻറ സുപ്രധാന യോഗം. ജൂലൈ 14ന് വാർധയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി ഇന്ത്യക്ക് സമ്പൂർണ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുകയും അതിനു വേണ്ടി നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തതിന്റെ തുടർച്ചയായിരുന്നു ബോംബെ സമ്മേളനം. സ്​റ്റാഫോർഡ് ക്രിപ്സിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ക്വിറ്റ് ഇന്ത്യ സമരത്തിന് അരങ്ങൊരുങ്ങിയത്.

250 പ്രതിനിധികളും 8000ത്തിൽപരം സമര ഭടൻമാരും സ്വദേശ-വിദേശ പത്രപ്രതിനിധികളും ചേർന്ന നഗരിയിലായിരുന്നു ചരിത്ര സമ്മേളനം. അധ്യക്ഷപീഠത്തിൽ അബുൽ കലാം ആസാദ്. പ്രമേയം അവതാരകൻ ജവഹർലാൽ നെഹ്റു. പിന്താങ്ങാൻ സർദാർ വല്ലഭായ് പട്ടേൽ. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം ഉടനടി അവസാനിപ്പിക്കേണ്ടത് ജനാധിപത്യത്തിന്റെ വിജയത്തിന് അടിയന്തര ആവശ്യമാണെന്ന് പ്രമേയം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ബഹുജനസമരം ആരംഭിക്കാനും ധാരണയായി.



കൊടുങ്കാറ്റായി ഗാന്ധിയുടെ പ്രസംഗം

ക്വിറ്റ്​ ഇന്ത്യ പ്രമേയത്തിന് വിശദീകരണവുമായി ഗാന്ധിജി മൈക്കിനു മുന്നിൽ എത്തിയപ്പോൾ ജയാരവങ്ങളും കരഘോഷവും ഉച്ചസ്ഥായിയിലെത്തി. ബാപ്പുവി​െൻറ രാഷ്​ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രസംഗം. 140 മിനിറ്റ് നേരം ഒരു തുണ്ട് കടലാസി​െൻറ സഹായം പോലും ഇല്ലാതെ വാക്പ്രവാഹം. ''എനിക്ക് സ്വാതന്ത്ര്യം വേണം. ഉടനെ വേണം. അടുത്ത സൂര്യോദയത്തിന് മുമ്പ്​ ലഭിക്കുമെങ്കിൽ അത്രയും വേഗം...''

ശ്വാസമടക്കിപ്പിടിച്ചുനിൽക്കുന്ന ആയിരങ്ങളെ ആവേശത്തി​െൻറ മുൾമുനയിലെത്തിച്ച് ഗാന്ധിജി അവസാനിപ്പിച്ചതിങ്ങനെ:

''ഈ സമരം നമ്മുടെ അന്തിമ സമരമാവട്ടെ. ഒന്നുകിൽ വിജയം വരെ അല്ലെങ്കിൽ മരണം വരെ. അതിനായി നിങ്ങൾക്കൊരു ശക്തിമന്ത്രം നൽകുന്നു, ഡു ഓർ ഡൈ.''

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

കുറിക്കുകൊള്ളുന്ന മുദ്രാവാക്യങ്ങൾ ഏറെയുണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ. എന്നാൽ, 'ഡു ഓർ ഡൈ' എന്ന കൊച്ചു മുദ്രാവാക്യം ബ്രിട്ടീഷ് ആധിപത്യത്തി​െൻറ ചങ്ങലക്കെട്ട് പൊട്ടിച്ചെറിയാൻ വെമ്പൽകൊള്ളുന്ന ജനതക്ക്​ കിട്ടിയ തീപ്പൊരിയായിരുന്നു. സമ്മേളന നഗരിയായ ബോംബെയിലെ ഗോവാലി റ്റാങ്ക് മൈതാനത്ത് (പിന്നീട് ഇത് ആഗസ്​റ്റ്​ ക്രാന്തി മൈതാനം എന്നറിയപ്പെട്ടു) മുഴങ്ങിയ ഈ മുദ്രാവാക്യ തീപ്പൊരി മണിക്കൂറുകൾക്കകം ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിൽ പോലും പടർന്നു.

അറസ്​റ്റുകളുടെ ഘോഷയാത്ര

അന്നത്തെ വൈസ്രോയി ലിൻലിത്ഗോ പ്രഭു കഠിന സ്വരത്തിൽ ഭരണകൂടത്തിന് നിർദേശം നൽകി- 'അടിച്ചൊതുക്കുക.' ആഗസ്​റ്റ്​ ഒമ്പത് വെളുപ്പിന് നാലുമണി. പതിവുപോലെ ഉണർന്ന ശേഷം പ്രാർഥനക്ക് തയാറെടുക്കുന്ന ഗാന്ധിജിയെ തേടി പൊലീസെത്തി. അറസ്​റ്റ്​ ചെയ്തു. പിന്നാലെ കസ്തൂർബ ഗാന്ധിയെയും. ജവഹർലാൽ നെഹ്റു മുതലുള്ള ആയിരക്കണക്കിന് നേതാക്കളെ പൊലീസ് അറസ്​റ്റ്​ ചെയ്ത്​ കൊണ്ടുപോയി. നാട്ടിലാകെ ബ്രിട്ടീഷ് പട്ടാളം മദയാനകളെ പോലെ പാഞ്ഞുനടന്നു. നേതൃത്വം നഷ്​ടപ്പെട്ട സമരക്കാർ അവർ ശീലിച്ചുപോന്ന നിയമലംഘനം, സത്യഗ്രഹം, ജാഥ നയിക്കൽ, അറസ്​റ്റ്​ വരിക്കൽ എന്നീ സമരമുറകളിലാണ് തുടങ്ങിയത്.

എന്നാൽ, പതുക്കെ രംഗം ചൂടുപിടിച്ചു. ജനങ്ങൾ സ്വയം നേതൃത്വം ഏറ്റെടുത്തു, ഒരന്തിമ സമരത്തിന് തയാറായതുപോലെ. ഗതാഗതം സ്തംഭിപ്പിച്ചു, വാർത്ത വിനിമയ ശൃംഖല വിച്ഛേദിച്ചു, തീവണ്ടി പാളങ്ങൾ തകർക്കപ്പെട്ടു, റോഡുകൾ പലയിടങ്ങളിലും തടസ്സപ്പെടുത്തി. ഓഫിസുകളിലെ ബ്രിട്ടീഷ് പതാക യൂനിയൻ ജാക്ക് വലിച്ചുതാഴ്ത്തി കോൺഗ്രസ് പതാക ഉയർത്തി. ബ്രിട്ടീഷുകാരും വെറുതെയിരുന്നില്ല. അവർ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ തുടങ്ങി. റൈഫിളുകളും യന്ത്രത്തോക്കുകളും പീരങ്കികളും സ്വാതന്ത്ര്യ സമര ഭടന്മാരുടെ നെഞ്ചിലേക്ക് വാശിയോടെ വെടിയുതിർത്തു. ആയിരങ്ങൾ മരിച്ചുവീണു.

പട്​നയിൽ ബ്രിട്ടീഷുകാർ നടത്തിയ വെടിവെയ്​പ്പിൽ രക്​തസാക്ഷികളായ വിദ്യാർഥികളുടെ സ്​മാരകം


ഏഴു കുട്ടികൾ ചോര ചിന്തിയ പട്​ന നഗരം

രാജ്യത്തി​െൻറ പല ഭാഗങ്ങളിലും നിങ്ങളെ പോലുള്ള കുട്ടികളും ആവേശത്തോടെ സമരത്തിൽ പങ്കെടുത്തു. ആഗസ്​റ്റ്​ 10ന് പട്​ന നഗരത്തിൽ നടന്ന വെടിവെപ്പിൽ ഏഴ് ധീര വിദ്യാർഥികളാണ് നാടി​െൻറ സ്വാതന്ത്ര്യത്തിനായി പിടഞ്ഞുവീണത്. അന്ന് ആഗസ്​റ്റ്​ 10. ഒരു സംഘം വിദ്യാർഥികൾ ​ൈകയിൽ ദേശീയ പതാകയുമേന്തി പട്​ന സെക്ര​േട്ടറിയറ്റ് ലക്ഷ്യമാക്കി നീങ്ങി. സെക്ര​േട്ടറിയറ്റിനു മുകളിൽ പതാക നാട്ടുകയായിരുന്നു ലക്ഷ്യം. വിദ്യാർഥികളെ പിരിച്ചുവിടാൻ പൊലീസ് 14 റൗണ്ട് വെടിവെച്ചു. ഒമ്പതിലും പത്തിലും പഠിക്കുന്ന ഏഴു കുട്ടികൾ ചോരയിൽ കുളിച്ചുവീണ കാഴ്ച ഹൃദയഭേദകമായിരുന്നു. മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ആ ധീരർക്ക് രാജ്യം സമർപ്പിച്ച നിത്യസ്മാരകമാണ് പട്​നയിലെ 'രക്തസാക്ഷി സ്മാരകം.'

ലാത്തികൾക്കും തോക്കുകൾക്കും ഭ്രാന്തിളകിയ ദിവസങ്ങളായിരുന്നു അതൊക്കെ. ബോംബെ, സത്താറ, ബിഹാർ, ബംഗാൾ തുടങ്ങിയ കേന്ദ്രങ്ങളിലൊക്കെ സമരം കത്തിപ്പടർന്നു. ഇങ്ങ് തെക്കേ അറ്റത്തെ കേരളത്തിലും അതി​െൻറ അലയൊലികൾ മുഴങ്ങി.

യുദ്ധം വേണ്ട; സ്വാതന്ത്ര്യംതന്നെയമൃതം

ലോകമാകെ യുദ്ധവും വംശവെറിയും നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ലോക മഹായുദ്ധ കാലത്താണ് നമ്മുടെ രാജ്യം ഒരു ചേരിയിലും ചേരാതെ യുദ്ധവിരുദ്ധ സ്വാതന്ത്ര്യസമരം നടത്തിയത്. ജർമൻ നേതാവ് ഹിറ്റ്​ലർ പോളണ്ടിൽ ആദ്യവെടി പൊട്ടിച്ചത് മുതൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് വീണ് തകർന്ന് തരിപ്പണമായതു വരെയുള്ള ലോക ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നു രണ്ടാം ലോകമഹായുദ്ധം. സമ്മതം ചോദിക്കാതെയാണ് ഇന്ത്യയെ യുദ്ധത്തി​െൻറ ഭാഗമാക്കിയത്. എന്നാൽ, യുദ്ധത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും ജനലക്ഷങ്ങൾ നെഞ്ചുവിരിച്ച് പോരാടിയ ക്വിറ്റ് ഇന്ത്യ സമരം സ്വാതന്ത്ര്യ പൊൻപുലരിയിലേക്കുള്ള നമ്മുടെ യാത്രയിലെ സുവർണ അധ്യായമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independenceaugust 18august 9strugglequit india day
News Summary - 80th anniversary of quit india day august 8, 9
Next Story