Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Keralam
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightകേരളപ്പിറവിയുമായി...

കേരളപ്പിറവിയുമായി നവംബർ

text_fields
bookmark_border

നവംബർ

1 കേരളപ്പിറവി

12 പക്ഷിനിരീക്ഷണ ദിനം

14 ശിശുദിനം, ലോക പ്രമേഹ ദിനം

19 വാഗൺ കൂട്ടക്കൊല

21 ലോക ടെലിവിഷൻ ദിനം

26 ഭരണഘടന ദിനം

നവംബർ 1 കേരളപ്പിറവി

സഹ്യന്റെ മടിത്തട്ടിൽ തലതാഴ്ത്തി ഉറങ്ങുന്ന കേരളം. പടിഞ്ഞാറ് പരന്നൊഴുകുന്ന അറബിക്കടൽ. കിഴക്ക് പശ്ചിമഘട്ടം. വടക്കുകിഴക്ക് കർണാടകം, തെക്കുകിഴക്ക് തമിഴ്നാട്. വടക്ക് കാസർകോട് മുതൽ തെക്ക് തിരുവനന്തപുരം വരെ നിരവധി സംസ്കാരങ്ങളാൽ സമ്പന്നമായ നാട്. കേരളത്തിെൻറ 14 ജില്ലകൾക്കുമുണ്ട് ഒാരോ കഥ പറയാൻ. മലയാളം മാത്രമല്ല, തമിഴ് കൊങ്കണി, തുളു തുടങ്ങിയ ഒട്ടുമിക്ക ഭാഷകളുടെയും സംസ്കാര സമ്പന്നത കേരളത്തിെൻറ അതിർത്തി ജില്ലകളെ തൊട്ടുപോകും. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങളായി ഭിന്നിച്ചുകിടന്നിരുന്ന കേരളം ഭാഷ അടിസ്ഥാനത്തിൽ 1956 നവംബർ ഒന്നിനാണ് രൂപം കൊണ്ടത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളം വേറിട്ടുനിൽക്കുന്നതിെൻറ പ്രധാനകാരണം ഇവിടത്തെ ജലസമൃദ്ധിയാണ്. നദികളും തടാകങ്ങളും കുളങ്ങളും കായലുകളും കാർഷിക രംഗത്തിനും ഉണർവേകുന്നു. സുഗന്ധവ്യജ്ഞനങ്ങളും കുരുമുളകും കേരളത്തിെൻറ പേര് കടൽ കടത്തി. ഉത്സവങ്ങൾ, ആഘോഷങ്ങൾ, കൃഷി, സാംസ്കാരിക പരിപാടികൾ, ജൈവസമൃദ്ധി എല്ലാം കേരളത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്നു.

കേരം തിങ്ങും കേരളനാട്. കേരവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞുനിൽക്കുന്ന സ്ഥലം എന്ന അർഥം വരുന്ന വാക്കാണ് കേരളം എന്നാണ് പൊതുവെ ഉയർന്നുവരുന്ന അഭിപ്രായം. കേരം എന്ന പദവും സ്ഥലം എന്ന അർഥം വരുന്ന അളം എന്ന പദവും ചേർന്നാണ് കേരളം ഉണ്ടായതെന്നും പറയുന്നു. ദൈവത്തിെൻറ സ്വന്തം നാട് എന്നാണ് കേരളം അറിയപ്പെടുന്നത്. നദികളും വനങ്ങളും ഭൂപ്രകൃതിയും കാലാവസ്ഥയും തുടങ്ങിയവയാൽ സമൃദ്ധമായാതിനാലാണ് അത്.

പ്രകൃതിഭംഗി മാത്രമല്ല കേരളത്തെ വേറിട്ടുനിർത്തുന്നതിെൻറ പ്രധാന കാരണം. കലാ കായിക സാംസ്കാരിക മേഖലകളിലും കേരളം നിറഞ്ഞുനിൽകുന്നു. കഥകളിയും ഒാട്ടൻ തുള്ളലും കേരളത്തിെൻറ അടയാളങ്ങളായി എന്നും ഉയർത്തികാട്ടുന്നു. കഥകളിക്കും കൂടിയാട്ടത്തിനും യുനെസ്കോ അംഗീകാരവും ലഭിച്ചു. വള്ളംകളിയും കളരിപ്പയറ്റും കേരളത്തിനുമാത്രം സ്വന്തം.

സഹ്യാദ്രി, സഹ്യപർവതം എന്നിങ്ങനെ അറിയപ്പെടുന്ന പശ്ചിമഘട്ടം ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറെ അതിരിലൂടെ അറബിക്കടലിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവത നിരയാണ്. ഗോവ, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി 1,60,000 ചതുരശ്ര കിലോമീറ്റർ നീണ്ടുകിടക്കുന്നു പശ്ചിമഘട്ടം. ഇടതൂർന്ന നിത്യഹരിത വനങ്ങൾകൊണ്ട് പശ്ചിമഘട്ടം ആവരണം ചെയപ്പെട്ടിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി പശ്ചിമഘട്ടത്തിലാണ്. ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട മഴക്കാടുകളിലൊന്നായ സൈലൻറ് വാലി, ഇരവികുളം ദേശീയോദ്യാനം, പെരിയാർ കടുവ സംരക്ഷണ കേന്ദ്രം എന്നിവയും പശ്ചിമഘട്ടത്തിൽ നിലകൊള്ളുന്നു. ഗിരിനിരകളാലും അമൂല്യമായ വനനിബിഡതയാലും സസ്യജന്തുമൃഗാദികളാലും സമ്പന്നമാണ് പശ്ചിമഘട്ടം. ഈ അമൂല്യ കലവറയുടെ പരിസ്ഥിതിപ്രാധാന്യം കണക്കിലെടുത്ത് പശ്ചിമഘട്ടത്തെ 2012 ജൂൺ ഒന്നിന് ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പശ്ചിമഘട്ടത്തിെൻറ നല്ലൊരു ഭാഗവും അതിർത്തി പങ്കിടുന്ന കേരളം പ്രകൃതിസമ്പത്തിനാൽ അനുഗൃഹീതമാണ്. പൈതൃക പട്ടികയിലുൾപ്പെടുത്തിയിരിക്കുന്ന 39 കേന്ദ്രങ്ങളിൽ 19 കേന്ദ്രങ്ങൾ കേരളത്തിലുള്ളതാണ്.

കേരളത്തെ പ്രാചീനകാലം മുതൽ അടയാളപ്പെടുത്തിയത് തുറമുഖ നഗരങ്ങളുടെ പേരിലായിരുന്നു. കൊച്ചിയും ആലപ്പുഴയും ബേപ്പൂരുമെല്ലാം കച്ചവട നഗരമാകുകയും പിന്നീട് ചരിത്രതിെൻറ ഭാഗമായി മാറുകയും ചെയ്തു. 580 കിലോമീറ്ററാണ് കേരളത്തിലെ കടൽത്തീരത്തിെൻറ ദൈർഘ്യം. വയനാട്, ഇടുക്കി, പാലക്കാട്, കോട്ടയം, പത്തനംതിട്ട എന്നിവയാണ് കടൽത്തീരമില്ലാത്ത ജില്ലകൾ. കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് ബീച്ചാണ് കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്. പ്രശസ്തമായ കോവളവും ഏറ്റവും ആഴം കൂടിയ തുറമുഖവുമായ വിഴിഞ്ഞവും കേരളത്തിലാണ്.

മലനാട് -കിഴക്കേ അതിർത്തിയിൽ കിടക്കുന്ന സഹ്യപർവതനിരയാണ് മലനാട്. ഇവിടം പർവതവനനിരകളാൽ നിബിഡമാണ്.

സമതലം -പടിഞ്ഞാറ് കടൽത്തീരത്തോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് സമതലം. മണൽനിറഞ്ഞ പ്രദേശമാണിത്. നാളികേരം സമൃദ്ധമായി വളരുന്ന ഈ ഭാഗത്ത് വലിയതോതിൽ നെൽകൃഷിയുമുണ്ട്.

ഇടനാട് -സമതലത്തിനും മലനാടിനും ഇടക്കുള്ളതാണ് ഇടനാട്. മണ്ണിൽ ചെങ്കല്ലിെൻറ കലർപ്പാണ് ഈ മേഖലയിലുള്ളത്. മരച്ചീനി, സുഗന്ധദ്രവ്യങ്ങൾ, കശുവണ്ടി, തേയില–ഏലത്തോട്ടങ്ങൾ, കുരുമുളക്, റബർ, ഇഞ്ചി മുതലായവ വലിയതോതിൽ വിളയുന്നു.

മണ്ണിനങ്ങൾ -ലാറ്ററൈറ്റ്, ചെമ്മണ്ണ്, തീരദേശ അലൂവിയൽ മണ്ണ്, നദികളിലെ അലൂവിയൽ മണ്ണ്, കറുത്ത മണ്ണ്, വനമണ്ണ് എന്നിവയാണ് കേരളത്തിൽ കാണപ്പെടുന്ന മണ്ണിനങ്ങൾ. കേരളഭൂമിയുടെ 70 ശതമാനത്തോളം ഭാഗത്തും ലാറ്ററൈറ്റ് മണ്ണാണുള്ളത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ ഭാഗത്താണ് കറുത്തമണ്ണ് കാണപ്പെടുന്നത്.

പ്രധാന പർവതങ്ങൾ -അഗസ്ത്യകൂടം, ശബരിമല, ആനമല, ഏലമല, പീരുമേട്, നെല്ലിയാമ്പതി, മഹേന്ദ്രഗിരി, മലയാറ്റൂർ, പോത്തുണ്ടി, മച്ചാട്, പറവട്ടാനി, ബ്രഹ്മഗിരി, കോടശ്ശേരി, പാലപ്പിള്ളി, തെന്മല, അതിരപ്പിള്ളി. ഇന്ത്യയിൽ ഹിമാലയത്തിന് തെക്ക് ഏറ്റവും ഉയർന്നുകിടക്കുന്ന ഭാഗം ആനമുടിയാണ്. ഇടുക്കി ജില്ലയിലെ ഹൈറേഞ്ചിലുള്ള ആനമുടിക്ക് 8841 അടി പൊക്കമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയാണ് ആനമുടി. സഹ്യപർവതത്തിലെ ഏറ്റവും തെക്കേയറ്റത്തെ കൊടുമുടിയായ അഗസ്ത്യകൂടത്തിന് 6132 അടിയാണുള്ളത്. പ്രകൃതിസമ്പത്തിെൻറ അമൂല്യ കലവറയാണിവിടം. ബ്രഹ്മഗിരി (5276 അടി –വയനാട്), ശബരിഗിരി (3790 അടി), മലയാറ്റൂർ മല (1500 അടി) എന്നിവയാണ് മറ്റു പ്രധാന ഉയർന്ന മലനിരകൾ.

നദികൾ -നദികളുടെ കാര്യത്തിൽ സമ്പന്നമാണ് കേരളം. 44 നദികളാണ് കേരളത്തിലുള്ളത്. അതിൽ 41ഉം പടിഞ്ഞാറോട്ടൊഴുകുന്നു. കിഴക്കോട്ടൊഴുകുന്ന മൂന്നെണ്ണമായ പാമ്പാർ, ഭവാനി, കബനി എന്നിവ പ്രധാന നദിയായ കാവേരിയുടെ പോഷകനദികളാണ്. ഈ 44 നദികളിൽ ഏറ്റവും വലുതും ജലസമൃദ്ധിയുള്ളതും നീളംകൂടിയതുമായ നദി പെരിയാറാണ്. ഭാരതപ്പുഴ, പമ്പ, ചാലിയാർ എന്നിവയാണ് വലുപ്പത്തിെൻറ സ്ഥാനത്ത് അടുത്തുനിൽക്കുന്ന നദികൾ. കേരളത്തിെൻറ ഏറ്റവും വടക്കേയറ്റത്തുള്ള നദി മഞ്ചേശ്വരം പുഴയാണ്. ഏറ്റവും തെക്കേയറ്റത്തുള്ള നദി നെയ്യാറാണ്. ഏറ്റവും വലിയ ജലസേചന പദ്ധതി കല്ലട ജലസേചന പദ്ധതിയാണ്. പാലക്കാട് ജില്ലയിലെ മലമ്പുഴ അണക്കെട്ടാണ് കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്. മലമ്പുഴ, കല്ലട, കാഞ്ഞിരംപാറ, പെരിയാർ, പീച്ചി, നെയ്യാർ, വാളയാർ എന്നിവയാണ് കേരളത്തിലെ മറ്റു പ്രധാന ജലസേചന പദ്ധതികൾ.

കേരളത്തിലെ ഏറ്റവും വലിയ നദിയാണ് പെരിയാർ. സഹ്യപർവതനിരയിലെ ശിവഗിരി മലയിൽനിന്ന് ഉദ്ഭവിക്കുന്ന ഇതിെൻറ നീളം 244 കിലോമീറ്ററാണ്. ഇടുക്കി ഡാം ഈ നദിയിലാണ് സ്ഥിതിചെയ്യുന്നത്.

കേരളത്തിലെ ഏറ്റവും ചെറിയ നദിയാണ് മഞ്ചേശ്വരം പുഴ. 16 കിലോമീറ്റർ മാത്രമാണ് ഇതിെൻറ നീളം. കേരളത്തിെൻറ ഏറ്റവും വടക്കേയറ്റത്തെ നദികൂടിയാണിത്. കേരളത്തിെൻറ ഏറ്റവും തെക്കേയറ്റത്തെ നദി നെയ്യാറാണ്.

സമൃദ്ധമായ നദികളെ കൂടാതെ സമുദ്രതീരത്തിന് സമാന്തരമായി കിടക്കുന്ന കായലുകളാലും തോടുകളാലും സമ്പന്നമാണ് കേരളം. പുഴകളും അരുവികളും ഈ ജലാശയങ്ങളെ നിറക്കുന്നു. കേരളത്തിെൻറ ദക്ഷിണോത്തര ഭാഗങ്ങൾക്കിടയിലുള്ള ഗതാഗതത്തിന് പ്രധാനമായും ഇവയെ ആശ്രയിക്കുന്നു. വേമ്പനാട്, അഷ്ടമുടി, കഠിനംകുളം, വേളി, അഞ്ചുതെങ്ങ്, ഇടവ, നടയറ, പറവൂർ, കായംകുളം, കൊടുങ്ങല്ലൂർ, ശാസ്താംകോട്ട, കുമ്പള, കൽനാട്, കവ്വായി, ബേക്കൽ മുതലായവയാണ് കേരളത്തിലെ പ്രധാന കായലുകൾ. ആലപ്പുഴ തൊട്ട് കൊച്ചി വരെ 52 മൈൽ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന വേമ്പനാട്ടുകായലാണ് കേരളത്തിലെ കായലുകളിൽ ഏറ്റവും വലുത്. അഷ്ടമുടിക്കായലും കായംകുളം കായലുമാണ് വലുപ്പത്തിെൻറ സ്ഥാനങ്ങളിൽ മറ്റു പ്രധാന കായലുകൾ.

പൂക്കോട്, വെള്ളായണി, ശാസ്താംകോട്ട കായൽ, മനക്കൊടി കായൽ, മൂരിയാട് തടാകം, കാട്ടകാമ്പാൽ തടാകം, ഏനാമാക്കൽ തടാകം എന്നിവയാണ് കേരളത്തിലെ പ്രധാന ശുദ്ധജല തടാകങ്ങൾ. ഏറ്റവും വലിയ ശുദ്ധജല തടാകമാണ് കൊല്ലം ജില്ലയിലെ ശാസ്താംകോട്ട കായൽ. 1.44 ചതുരശ്ര മൈൽ വിസ്തൃതിയാണ് ഈ ശുദ്ധജല തടാകത്തിനുള്ളത്. കായലുകൾ ചില ഭാഗങ്ങളിൽ അഴികൾ മുഖേന സമുദ്രവുമായി സന്ധിക്കുന്നു. നീണ്ടകര, കൊച്ചി, ചേറ്റുവ, കൊടുങ്ങല്ലൂർ, വളപട്ടണം (അഴീക്കൽ) എന്നിവയാണ് കേരളത്തിലെ അഴികൾ.

12,730.07 ഹെക്ടറാണ് കേരളത്തിലെ തണ്ണീർത്തടങ്ങളുടെ ആകെ വിസ്തൃതി. പ്രകൃതിസമ്പത്തിെൻറ അമൂല്യ കലവറയാണിവിടം. കോഴിക്കോട്ടെ കടലുണ്ടി, വേമ്പനാട്, കോൾ, അഷ്ടമുടി, കോട്ടൂളി, ശാസ്താംകോട്ട മുതലായവ ദേശീയ തണ്ണീർത്തട പദ്ധതിപ്രകാരം തെരഞ്ഞെടുക്കപ്പെട്ട തണ്ണീർത്തടങ്ങളാണ്.

വർഷംചെല്ലുംതോറും ഭീകരമാംവിധത്തിൽ വനവിസ്തൃതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള കണക്കനുസരിച്ച് കേരള ഭൂഭാഗത്തിെൻറ ഏതാണ്ട് 28.9 ശതമാനം വനമാണ്. ദിവസങ്ങൾ ചെല്ലുംതോറും കുറഞ്ഞുവരുന്നുവെന്നതിനാൽ കൃത്യമായി ക്ലിപ്തപ്പെടുത്തുക സാധ്യമല്ല. കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ളത് ഇടുക്കി ജില്ലയിലാണ്. കേരളത്തിൽ വനമില്ലാത്ത ഏക ജില്ല ആലപ്പുഴയാണ്. 16 വന്യജീവിസങ്കേതങ്ങളും അഞ്ച് ദേശീയോദ്യാനങ്ങളുമുണ്ട്.

പ്രശസ്തമായ പക്ഷിപാതാളം സ്ഥിതിചെയ്യുന്നത് വയനാട്ടിലെ ബ്രഹ്മഗിരി മലനിരയിലാണ്. കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണകേന്ദ്രമായ തട്ടേക്കാട് പക്ഷി സംരക്ഷകേന്ദ്രം എറണാകുളം ജില്ലയിലാണ്. ജില്ലയിലെത്തന്നെ മറ്റൊരു പ്രധാന പക്ഷിസങ്കേതമാണ് മംഗളവനം. ഒരു നഗരത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു എന്നൊരു പ്രത്യേകതയും ഇതിനുണ്ട്. കൊച്ചിയുടെ ശ്വാസകോശം എന്നാണ് മംഗളവനത്തെ വിളിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴിയിലും പക്ഷിസംരക്ഷണ കേന്ദ്രമുണ്ട്. പാലക്കാട് ജില്ലയിലെ ആലത്തൂർ, തൃശൂരിലെ തലപ്പിള്ളി എന്നീ താലൂക്കുകളിലായി സ്ഥിതിചെയ്യുന്ന ചൂളന്നൂർ മയിൽസങ്കേതം മയിലുകളുടെ സംരക്ഷണത്തിനുള്ളതാണ്.

ലാറ്ററൈറ്റ്, ചെമ്മണ്ണ്, തീരദേശ അലൂവിയൽ മണ്ണ്, നദികളിലെ അലൂവിയൽ മണ്ണ്, കറുത്ത മണ്ണ്, വനമണ്ണ് എന്നിവയാണ് കേരളത്തിൽ കാണപ്പെടുന്ന മണ്ണിനങ്ങൾ. കേരളഭൂമിയുടെ 70 ശതമാനത്തോളം ഭാഗത്തും ലാറ്ററൈറ്റ് മണ്ണാണുള്ളത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ ഭാഗത്താണ് കറുത്തമണ്ണ് കാണപ്പെടുന്നത്.

12 പക്ഷിനിരീക്ഷണദിനം

ഇന്ത്യയുടെ പക്ഷിമനുഷ്യൻ എന്നറിയപ്പെടുന്ന ഡോ. സാലിം അലി 1896 നവംബർ 12ന്​ മുംബൈയിൽ ജനിച്ചു. വളരെ ചെറുപ്പത്തി​േല മാതാപിതാക്കൾ നഷ്​ടപ്പെട്ടു. ഒരിക്കൽ ത​െൻറ അമ്മാവൻ സമ്മാനിച്ച തോക്കുകൊണ്ട്​ വെടിവെച്ചു വീഴ്​ത്തിയ കുരുവിയുടെ കഴുത്തിലെ മഞ്ഞ അടയാളം ശ്രദ്ധിക്കാനിടയായ സാലിം അമ്മാവനോട്​ കുരുവിയെപ്പറ്റി അന്വേഷിച്ചു. അദ്ദേഹം സാലിമിനെ മുംബൈയിലെ നാച്ചുറൽ ഹിസ്​റ്ററി സൊസൈറ്റിയിലെ ശാസ്​ത്രജ്​ഞന്മാരുടെ അടുത്തു കൊണ്ടുപോയി. അവർ കുരുവിയെക്കുറിച്ച്​ വിശദമായി പറഞ്ഞു കൊടുത്തു. കൂടാതെ ആ സ്​ഥാപനത്തിൽ സ്​റ്റഫ്​ ചെയ്​തുസൂക്ഷിക്കുന്ന പക്ഷികളെ കാട്ടിക്കൊടുക്കുകയും ചെയ്​തു. ഇൗ സംഭവമാണ്​ സാലിമിൽ പക്ഷികളെക്കുറിച്ച്​ താൽപര്യം തോന്നാനിടയാക്കിയത്​. പിന്നീട്​ അദ്ദേഹം ബർമയിലേക്കു പോയി. ബർമയിലെ വനങ്ങളും അവിടത്തെ പ്രകൃതി മനോഹാരിതയും പക്ഷികളെ കുറിച്ച്​ പഠിക്കാൻ സാലിം അലിക്ക്​ അവസരമൊരുക്കി. ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം മുംബൈയിലെ മ്യൂസിയത്തിൽ ഗൈഡായി. അന്നുവരെ നിലനിന്നിരുന്ന പക്ഷി നിരീക്ഷണ ശാസ്​ത്ര ഗ്രന്ഥങ്ങളിൽനിന്ന്​ വ്യത്യസ്​തമായി ചിത്ര​ങ്ങളോടു​ കൂടിയ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചു. The Book of Indian Birds അദ്ദേഹത്തി​െൻറ പ്രധാന കൃതിയാണ്​. ഗവേഷണപ്രബന്ധങ്ങളും ലേഖനങ്ങളും കൂടാതെ പത്തൊൻപതോളം പുസ്​തകങ്ങൾ എഴുതി. Hand Book of the Birds of India and Pakistan ഇൗ രംഗത്തെ ആധികാരിക ഗ്രന്ഥമായി കരുതപ്പെടുന്നു. 1985ൽ പുറത്തിറങ്ങിയ ഒരു കുരുവിയുടെ പതനം (A fall of Sparrow) ആണ്​ അദ്ദേഹത്തി​െൻറ ആത്മകഥ. രാജ്യാന്തര പ്രകൃതി സംരക്ഷണ യൂനിയ​െൻറ ഗോൾഡ്​ ആർക്ക്​ അവാർഡ്​, ബ്രിട്ടീഷ്​ ഒാർണിത്തോളജി യൂനിയ​െൻറ സ്വർണമെഡൽ, മൂന്ന്​ ഡോക്​ടറേറ്റുകൾ, യു.എസ്​.എ ഇൻറർനാഷനൽ കൺസർവേഷൻ അവാർഡ്​, കൂടാതെ ഇന്ത്യൻ ഗവൺമെൻറി​െൻറ പത്മഭൂഷൺ, പത്മവിഭൂഷൺ അവാർഡ്​ തുടങ്ങിയവ ലഭിച്ചു. സാലിം അലിയുടെ ജന്മദിനമാണ്​ ദേശീയ പക്ഷിദിനമായി ആചരിക്കുന്നത്​.

1985ൽ രാജ്യസഭയിലേക്ക്​ നാമനിർദേശം ചെയ്യപ്പെട്ടു. 1996ൽ അദ്ദേഹത്തി​െൻറ സ്​മരണാർഥം തപാൽ സ്​റ്റാമ്പ്​ പുറത്തിറക്കി. പാകിസ്​താൻ, ബംഗ്ലാദേശ്​, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും സാലിം അലി പഠനം നടത്തി. കേരളത്തിലെ മറയൂർ, ചാലക്കുടി, പറമ്പിക്കുളം തുടങ്ങിയ സ്​ഥലങ്ങളിൽ താമസിച്ച്​ പഠനം നടത്തി. The Birds of Kerala എന്ന ഗ്രന്ഥം രചിച്ചു. 1987 ജൂലൈ 27ന്​ അന്തരിച്ചു.

കേരളത്തിലെ ഏക പക്ഷി സ​േങ്കതമാണ്​ എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത്​ ത​േട്ടക്കാടുള്ള സാലിം അലി പക്ഷിസ​േങ്കതം. ഇന്ത്യയിലെ പക്ഷി നിരീക്ഷകരുടെ അമരക്കാരനായ ഡോ. സാലിം അലിയുടെ സ്​മരണാർഥം 1983 ലാണ്​ ഇൗ പക്ഷി സ​േങ്കതം സ്​ഥാപിതമായത്​.

പാലക്കാട്​ ജില്ലയിലെ മയിലാട്ടുംപാറ എന്നറിയപ്പെട്ടിരുന്ന ചൂളന്നൂരിൽ 485 ഹെക്​ടർ വിസ്​തൃതിയിൽ പരന്നുകിടക്കുന്ന മയിൽ സ​േങ്കതമാണ്​ ചൂളന്നൂർ മയിൽ സ​േങ്കതം.

കേരളത്തിൽ 518 ഇനം പക്ഷികളെ ഇതുവരെയായി കണ്ടെത്തിയിട്ടുണ്ട്​. ഇതിൽ 200ൽ അധികം ഇനങ്ങൾ ദേശാടകരും ബാക്കി സ്​ഥിരവാസികളോ പ്രാദേശിക ദേശാടനം നടത്തുന്ന പക്ഷികളോ ആണ്​. വംശനാശ ഭീഷണി നേരിടുന്ന മലമുഴക്കി വേഴാമ്പലാണ്​ സംസ്​ഥാന പക്ഷി. പശ്ചിമ ഘട്ടത്തിൽ മാത്രം കാണപ്പെടുന്ന 16 തനതു പക്ഷികൾ കേരളത്തിലുണ്ട്​. കോഴി വേഴാമ്പൽ, നീലത്തത്ത, കാട്ടൂഞ്ഞാലി, ആൽക്കിളി, ചെറുതേൻ കിളി, നീലഗിരി, പാറ്റപിടിയൻ, കരിഞ്ചെമ്പൻ പാറ്റപിടിയൻ, ചാരത്തലയൻ ബുൾബുൾ, പതുങ്ങൽ ചിലപ്പൻ, നീലഗിരി ചിലപ്പൻ എന്നിവയാണ്​ സഹ്യാദ്രിയിലെ തനതു പക്ഷികൾ.

ഇന്ത്യയിലെ പ്രശസ്​തനായ പക്ഷി നിരീക്ഷകനായിരുന്നു ഇന്ദുചൂഡൻ എന്ന തൂലികനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്​ഠൻ (1923 -1992). കേരളത്തിലെ പരിസ്​ഥിതി സംരക്ഷണത്തി​െൻറ അമരക്കാരനായിരുന്നു അദ്ദേഹം. 1949ൽ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കൺ സ​േങ്കതം കണ്ടെത്തി. കിഴക്കെ ഗോദാവരി ജില്ലയിലുള്ള തടെപ്പള്ളി ഗുഡത്തിന്​ 13 മൈൽ അകലെയുള്ള ആരഡു എന്ന സ്​ഥലത്തായിരുന്നു ഇത്​. 1949ൽ അദ്ദേഹം ഇൗ കണ്ടുപിടിത്തം പ്രസിദ്ധപ്പെടുത്തി. പ്രകൃതി സംരക്ഷണ സമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. 1979 ൽ അദ്ദേഹം സൈലൻറ്​ വാലി പ്രക്ഷോഭം നയിച്ചു.

Kerala Natural History എന്ന സംഘടനയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. WWF (worldwide fund for nature) എന്ന ലോകപ്രശസ്​ത പരിസ്​ഥിതി സംഘടനയുടെ ഇന്ത്യൻ ഘടകത്തി​െൻറ വിശിഷ്​ടാംഗമായിരുന്നു അദ്ദേഹം. 69ാം വയസ്സുവരെ അദ്ദേഹം ത​െൻറ ജീവിതം പക്ഷികള​ുടെ പഠനത്തിനായി ഉഴിഞ്ഞുവെച്ചു.

‘കേരളത്തിലെ പക്ഷികൾ’ എന്ന അദ്ദേഹത്തി​െൻറ പ്രധാനപ്പെട്ട പുസ്​തകം മലയാള സാഹിത്യത്തിലെ ഒരു ഉത്തമ കൃതിയായികരുതപ്പെടുന്നു. പക്ഷികളുടെ സ്വപ്​നതീരം എന്ന്​ വിശേഷിപ്പിക്കപ്പെട്ടിരുന്ന ദൈവത്തി​െൻറ സ്വന്തം നാട്ടിൽ ഇന്ന്​ പക്ഷികളുടെ നിലനിൽപുതന്നെ അനിശ്ചിതത്വത്തിലാണ്​. കേരളത്തിലെ കാനനങ്ങളും തണ്ണീർത്തടങ്ങളും നാൾക്കുനാൾ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കയാണ്​. മഴക്കാടുകളിലെ വന്മരങ്ങൾ വൻതോതിൽ വെട്ടിമാറ്റപ്പെടുന്നത്​ വന്മരങ്ങളിൽ കൂടുതീർക്കുന്ന വംശനാശ ഭീഷണി നേരിടുന്ന സംസ്​ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പൽ, പാണ്ടൻ വേഴാമ്പൽ, കാക്ക മരക്കൊത്തി, കാട്ടു പനങ്കാക്ക, കരിമ്പരുന്ത്​, കാട്ടുമൂങ്ങ എന്നീ പക്ഷികളുടെ ഭാവി ഇരുളിലാഴ്​ത്തുന്നു. പുൽമേടുകൾ നശിപ്പിച്ച്​ യൂക്കാലിപ്​റ്റസ്​​, മാഞ്ചിയം, അക്കേഷ്യ, സിൽവർ ഒാക്ക്​ എന്നിവ നട്ടുപിടിപ്പിക്കുന്നത്​ പുൽമേടുകളെ മാത്രം ആശ്രയിച്ചു കഴിയുന്ന വരമ്പൻ, പാടും കുരുവികൾ, പുല്ലുപ്പൻ, വിറയൻ പുള്ള്​ കാടകൾ എന്നിവക്ക്​ ഭീഷണി ഉയർത്തുന്നു.

വർഷംതോറും സ്വാർഥലാഭത്തിനായി പടർത്തുന്ന കാട്ടു തീ പുൽമേടുകളെയും ഇലപൊഴിയും വനങ്ങളെയും ചോലക്കാടുകളെയും ഉന്മൂലനംചെയ്യുന്നു. വേനൽക്കാലങ്ങളിൽ പുൽക്കൂട്ടത്തിലും മണൽത്തിട്ടകളിലും കൂടു തീർക്കുന്ന ചുറ്റീന്തൽ കിളി, നീലക്കിളി, പാറ്റ പിടിയൻ, താലിക്കുരുവി, കാട്ടു കത്രിക എന്നിവക്ക്​ കാട്ടുതീ വൻ നാശം ചെയ്യുന്നു. വരും തലമുറ​െയ നിലനിർത്തുവാനാകാതെ ഇൗ പക്ഷികൾ കാലയനികക്കുള്ളിൽ എ​ന്നന്നേക്കുമായി മാഞ്ഞുപോകുന്നു.

തണ്ണീർത്തടങ്ങളുടെ ശോഷണവും കേരളത്തിലെ കിളിമൊഴികൾക്ക്​ ചരമഗീതം പാടുന്നു. ചതുപ്പുകളും കുളങ്ങളും നികത്തി കെട്ടിടങ്ങൾ പണിയു​േമ്പാൾ ഇൗ വിശേഷ ആവാസവ്യവസ്​ഥയെ പ്രതിനിധാനംചെയ്യുന്ന കുളക്കോഴി, പൊന്മാൻ, നീലമാറൻ കുളക്കോഴി, തവിടൻ നെല്ലിക്കോഴി, തീപ്പൊരി കണ്ണൻ, കാളിക്കട, താമരക്കോഴി എന്നീ പക്ഷികളുടെ അന്ത്യത്തിനിടയാക്കുന്നു.

14 ശിശുദിനം

നാളെയുടെ പൂമൊട്ടുകളാണ്​ കുഞ്ഞുങ്ങൾ. പഠിച്ചും കളിച്ചും അവർ സന്തോഷത്തോടെ വളരണം. വളർച്ചയുടെ ഓരോ പടവുകളി​ലേക്കും കുഞ്ഞുങ്ങളെ കൈപിടിച്ചുയർ​േത്തണ്ട ഉത്തരവാദിത്തവും നമുക്കുണ്ട്​. നല്ല കുഞ്ഞുങ്ങളിലായിരിക്കും നല്ല നാ​ളെയുടെ ഭാവി. എന്നാൽ, കുഞ്ഞുങ്ങൾക്ക്​ പലപ്പോഴും വേണ്ടത്ര പരിഗണന ലഭിക്കാറുണ്ടോ​? അവരുടെ അവകാശങ്ങൾ ചർച്ചയാകാറുണ്ടോ? വേദന മാത്രം സമ്മാനിച്ച്​ ഐലൻ കുർദിയെപ്പോലെ എത്രയോ കുഞ്ഞുങ്ങൾ നമുക്ക്​ മുന്നിലൂടെ കടന്നുപോയി. ഭാവി ഇന്ത്യയെ കെട്ടിപ്പടുക്കേണ്ട കുഞ്ഞുങ്ങളെ ചേർത്തുപിടിക്കേണ്ട, അവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കെല്ലാമുണ്ട്​. കുഞ്ഞുങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക, പരിചരണം, വിദ്യാഭ്യാസം തുടങ്ങിയവയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആചരിച്ചുവരുന്ന ഒരു ദിനമാണ്​ ശിശുദിനം.

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസം, പരിചരണം നൽകുന്നതിനുവേണ്ടിയും ആചരിച്ചുവരുന്ന ദിവസമാണ്​ ശിശുദിനം. ഇന്ത്യയിൽ നവംബർ 14നാണ്​ ശിശുദിനം ആഘോഷിക്കുക. ആഗോളതലത്തിൽ നവംബർ 20നും. കുട്ടികളെ ഏറെ സ്​നേഹിക്കുകയും അവർക്കുവേണ്ടി സമയം കണ്ടെത്തുകയും ചെയ്​ത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ്​ ജവഹർലാൽ നെഹ്​റുവി​െൻറ ജന്മദിനമാണ്​ ഇന്ത്യയിൽ ശിശുദിനമായി ആഘോഷിക്കുന്നത്​. ഇന്നത്തെ കുട്ടികളാണ്​ നാളത്തെ പൗരന്മാരെന്ന്​ വിശ്വസിച്ചിരുന്ന വ്യക്തിയാണ്​ അദ്ദേഹം.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാണ്​ ജവഹർലാൽ നെഹ്​റു. ആധുനിക ഇന്ത്യയുടെ ശിൽപി എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. കുട്ടികളെ ഏറെ ഇഷ്​ടപ്പെട്ടിരുന്ന ​അദ്ദേഹത്തി​െൻറ വേഷം തൊപ്പിയും നീണ്ട ജുബ്ബയുമായിരുന്നു. ജുബ്ബയിൽ ഒരു റോസാപ്പൂവും ഉണ്ടാകും. കുട്ടി​കളെ ഏറെ സ്​​േനഹിച്ചിരുന്ന അദ്ദേഹത്തെ അതിലും സ്​നേഹത്തോടെ കുട്ടികൾ ‘ചാച്ചാജി’ എന്നുവിളിച്ചു. 1889 നവംബർ 14ന്​ അലഹബാദിലെ കശ്​മീരി പണ്ഡിറ്റ്​ കുടുംബത്തിൽ മോത്തിലാൽ നെഹ്​റുവി​െൻറയും സ്വരൂപ്​ റാണി തുസ്സുവി​െൻറയും മകനായാണ്​ നെഹ്​റുവി​െൻറ ജനനം. ലണ്ടനിലെ കേംബ്രിജ്​ സര്‍വകലാശാലയില്‍നിന്ന്​ ബിരുദം കരസ്ഥമാക്കിയ നെഹ്​റു ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാവ്, രാഷ്​​ട്രീയ തത്ത്വചിന്തകന്‍, ഗ്രന്ഥകര്‍ത്താവ്, ചരിത്രകാരന്‍ എന്നിങ്ങനെ വ്യത്യസ്​ത തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. രാജ്യവ്യാപകമായി പ്രാഥമിക വിദ്യാഭ്യാസം നടപ്പാക്കുകയും ഇന്ത്യന്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ ഇൻസ്​റ്റിറ്റ്യൂട്ട്‌ ഓഫ് മാനേജ്മെൻറ്​, ഓള്‍ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുകയും ചെയ്തു. നെഹ്​റുവി​െൻറ വിദ്യാഭ്യാസ നയങ്ങള്‍ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിന് കാരണമായി. അതിനാൽതന്നെ രാഷ്​ട്രം കെട്ടിപ്പടുക്കുന്നതിനുള്ള അദ്ദേഹത്തി​െൻറ സംഭാവനയുടെ ആദരസൂചകമായും കുട്ടികളുമായി അദ്ദേഹത്തിനുള്ള ആത്മബദ്ധത്തെ മുന്‍നിര്‍ത്തിയും നെഹ്റുവി​െൻറ ജന്മദിനം രാജ്യത്ത് ശിശുദിനമായി ആചരിച്ചുപോരുന്നു. 1964 മേയ് 27ന് അദ്ദേഹം അന്തരിച്ചു.

ഇന്ത്യയില്‍ കുട്ടികള്‍ എത്രമാത്രം സുരക്ഷിതരാ​െണന്ന്​ നിങ്ങൾക്കറിയാമോ? നാഷനൽ ക്രൈം റെ​േക്കാഡ്​സ്​ ബ്യൂറോയുടെ (എൻ.സി.ആര്‍.ബി) കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കുട്ടികൾക്കെതിരായി പ്രതിദിനം 388ഓളം കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്നു. ഈ വർഷം ചൈല്‍ഡ് റിലീഫ് ആന്‍ഡ് യു (സി.ആർ.വൈ) പുറത്തിറക്കിയ രേഖകള്‍പ്രകാരം കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 20 ശതമാനം വർധിച്ചതായും പറയുന്നു. സി.ആർ.വൈ പ്രകാരം ഇന്ത്യയിലെ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 500 ശതമാനത്തിലധികം വർധിച്ചു. ഉത്തര്‍പ്രദേശ്, മഹാരാഷ്​ട്ര, മധ്യപ്രദേശ്, ഡൽഹി, പശ്ചിമ ബംഗാള്‍ എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ കൂടുതലും. ശാരീരികവും വൈകാരികവുമായ ദുരുപയോഗം, അവഗണന, കുട്ടികളുടെ അശ്ലീലസാഹിത്യം, പ്രായപൂര്‍ത്തിയാകാത്തവരുടെ ലൈംഗികകടത്ത് എന്നിങ്ങനെ നീളുന്നു കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍. ഇന്ത്യയില്‍ ദിവസവും 109 കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു എന്ന് 2018ലെ എൻ.സി.ആർ.ബി രേഖകള്‍ പറയുന്നു. കുട്ടികളുമായി ബന്ധപ്പെട്ട 90 ശതമാനം ലൈംഗിക ദുരുപയോഗവും പരാതിപ്പെടാതെ പോവുന്നുവെന്നതാണ്​ ​ഞെട്ടിക്കുന്ന മറ്റൊരു സത്യം.

18 വയസ്സിനു താഴെയുള്ള എല്ലാവർക്കും നമ്മുടെ രാജ്യത്തെ നിയന്ത്രിക്കുന്ന നിയമങ്ങളും അവ അംഗീകരിച്ചുകൊണ്ട് അന്താരാഷ്​ട്ര നിയമ ഉപകരണങ്ങളും ഉറപ്പുനല്‍കുന്ന മാനദണ്ഡങ്ങള്‍ക്കും അവകാശങ്ങള്‍ക്കും അര്‍ഹതയുണ്ട്. എല്ലാ കുട്ടികള്‍ക്കും പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുള്ള ചില അവകാശങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു.

1. 6-14 വയസ്സുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം

2. 14 വയസ്സുവരെ ഏതെങ്കിലും അപകടകരമായ ജോലിയില്‍നിന്ന് സംരക്ഷിക്കാനുള്ള അവകാശം

3. കുട്ടികളുടെ പ്രായത്തിനോ ശക്തിക്കോ അനുയോജ്യമല്ലാത്ത തൊഴിലുകളില്‍ പ്രവേശിക്കാന്‍ സാമ്പത്തിക ആവശ്യകത മൂലം ദുരുപയോഗം ചെയ്യപ്പെടുന്നതില്‍നിന്നും സംരക്ഷിക്കപ്പെടുന്നതിനുള്ള അവകാശം

4. ആരോഗ്യകരമായ രീതിയിലും സ്വാതന്ത്ര്യത്തി​െൻറയും അന്തസ്സി​െൻറയും സാഹചര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള തുല്യ അവസരങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമുള്ള അവകാശം, ചൂഷണത്തിനെതിരെയും ധാർമികവും ഭൗതികവുമായ ഉപേക്ഷിക്കലിനെതിരെ ബാലകരുടെയും യുവാക്കളുടെയും സംരക്ഷണം ഉറപ്പുനല്‍കുന്നു

5. സമത്വത്തിനുള്ള അവകാശം

6. വിവേചനത്തിനെതിരായ അവകാശം

7. വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശവും നിയമത്തി​െൻറ ശരിയായ പ്രക്രിയയും

8. കടത്തപ്പെടുന്നതില്‍നിന്നും ബോണ്ട്​ തൊഴിലാളികളിലേക്ക് നിര്‍ബന്ധിക്കപ്പെടുന്നതില്‍നിന്നും സംരക്ഷിക്കാനുള്ള അവകാശം

കുട്ടികളുടെ അവകാശങ്ങളെപ്പറ്റി ബോധവാന്മാരാണെങ്കിലും അവരെ ഒരു അവകാശമുള്ള നാളത്തെ പൗരനായി അംഗീകരിക്കാൻ നമ്മൾ തയാറാകുന്നില്ലെന്നതാണ്​ വാസ്​തവം. പഠിക്കാനുള്ള അവകാശത്തിനുപുറമെ എന്തു പഠിക്കണം എന്നു തിരഞ്ഞെടുക്കാനും കുട്ടികൾക്ക്​ സ്വാതന്ത്ര്യം നൽകണം. കളിച്ചും ചിരിച്ചും കൂട്ടുകൂടിയും വികൃതികാട്ടിയും വേണം കുഞ്ഞുങ്ങൾ വളരാൻ. നല്ല ഭക്ഷണം കഴിച്ച്​ ആരോഗ്യത്തോടെ, ചൂഷണത്തിന്​ ഇരയാകാതെ വളരണം. മാതാപിതാക്കൾക്കും നാടിനും രാജ്യത്തിനും നാളെ കരുത്താകേണ്ടവരാണ്​ കുഞ്ഞുങ്ങൾ. കുഞ്ഞുമനസ്സുകൾ നോവാതെ നോക്കേണ്ട ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുക്കണം. അവർക്കൊപ്പം നിൽക്കാം.

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ 1058 എന്ന ചൈൽഡ്​ ഹെൽപ്​ലൈൻ​ നമ്പറിൽ വിളിച്ച്​ അറിയിക്കാം. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക്​ സംരക്ഷണവും പരിചരണവും ഉറപ്പുവരുത്താൻ 24 മണിക്കൂറും ഈ നമ്പറിൽ സൗജന്യം സേവനം ലഭ്യമാകും. കുട്ടികൾക്കു​ മാത്രമല്ല, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽപെട്ടാൽ മുതിർന്നവർക്കും പരാതിപ്പെടാം. പരാതി ലഭിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ സ്​ഥലത്തെത്തി കുട്ടിയെ ഏറ്റെടുക്കുകയും സമീപത്തെ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകുകയും ചെയ്യും.

14 ലോക പ്രമേഹദിനം

പുറമെ കാര്യമായ ലക്ഷണങ്ങളൊന്നും കാണാനില്ലെങ്കിലും ഏറെ അപകടകാരിയായ രോഗമാണ് പ്രമേഹം. കണ്ണുകൾ, വൃക്കകൾ, നാഡീവ്യൂഹം, ഹൃദയം എന്നിവയൊക്കെ തകരാറിലാക്കിയേക്കാവുന്ന പ്രമേഹത്തെ കരുതിയിരിക്കുകതന്നെ വേണം.

പാൻക്രിയാസ് ഗ്രന്ഥിക്കകത്തെ ബീറ്റാ കോശം ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണി​െൻറ പ്രവർത്തനംമൂലമാണ് രക്തത്തിലെ ഗ്ലൂക്കോസി​െൻറ അളവ് നിലനിർത്തുന്നത്. 100 മി.ലി രക്തത്തിൽ 70-110 മി. ഗ്രാം എന്നതാണ് രക്തത്തിലെ ഗ്ലൂക്കോസി​െൻറ സാധാരണ അളവ്. ബീറ്റാ കോശത്തിന് കേടുപാടുണ്ടാകുന്നതുമൂലം ഇൻസുലിൻ ഉൽപാദനം തകരാറിലാവും.

ഇൻസുലി​െൻറ കുറവുമൂലം രക്തത്തിൽ ഗ്ലൂക്കോസി​െൻറ അളവ് കൂടും. ഈ ഗ്ലൂക്കോസ് മൂത്രം വഴി പുറന്തള്ളുന്ന രോഗാവസ്ഥയാണ് ഡയബറ്റിസ് മെലിറ്റസ് (പ്രമേഹം ). വർധിച്ച വിശപ്പും ദാഹവും, കൂടക്കൂടെ മൂത്രമൊഴിക്കാനുള്ള പ്രവണത എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രക്തപരിശോധനയിലൂടെയോ ബെനഡിക്ട് ലായനി ഉപയോഗിച്ചോ രക്തത്തിലെ ഗ്ലൂക്കോസി​െൻറ അളവ് എത്രമാത്രമെന്ന് കണ്ടെത്താം.

നാം കഴിക്കുന്ന അന്നജം വിഘടിച്ചു ഗ്ലൂക്കോസായി മാറുകയും രക്തത്തിൽ കലരുകയും ചെയ്യുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകോശങ്ങൾക്ക് ഉപയോഗിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോൺ കൂടിയേ തീരൂ.

ഭക്ഷണം കഴിച്ച് എട്ടു മണിക്കൂർ കഴിഞ്ഞ് നടത്തുന്ന പരിശോധനയാണ് ഫാസ്​റ്റിങ് ഷുഗർ. ഗ്ലൂക്കോസ് കരളിൽ സംഭരിച്ചിരിക്കുന്നത് ഗ്ലൈക്കൊജൻ എന്ന രൂപത്തിലാണ്. എട്ടു മണിക്കൂർ ശരീരത്തിന് ഭക്ഷണം ലഭിക്കാതെ വരുമ്പോൾ കോശങ്ങൾക്ക് ഊർജം നൽകുവാൻ വേണ്ടി കരളിൽ ശേഖരിച്ചിരിക്കുന്ന ഗ്ലൈക്കൊജൻ തിരിച്ച് ഗ്ലൂക്കോസ് ആയി രക്തത്തിൽ കലരുന്നു.

പ്രമേഹം ഇല്ലെങ്കിൽ 70-110 മി.ഗ്രാം എന്ന തോതിൽ നിലനിർത്താൻ ഇൻസുലിൻ സഹായിക്കും . 100 നും 120 നും ഇടയിലാണെങ്കിൽ പ്രീഡയബറ്റിസ് അഥവാ പ്രമേഹത്തിനു മുമ്പുള്ള അവസ്ഥയാണ്. എന്നാൽ, ഇൻസുലി​െൻറ പ്രവർത്തനം ശരിയായി നടക്കാത്തവരിൽ ഗ്ലൂക്കോസി​െൻറ അളവ് 120 ൽ കൂടുതലായിരിക്കും. രണ്ടു ദിവസം രക്തം പരിശോധിക്കുമ്പോൾ ഗ്ലൂക്കോസ് 126 മി.ലി ഗ്രാമിൽ കൂടുതലാണെങ്കിൽ ഇവർക്ക് പ്രമേഹ രോഗബാധയുണ്ടെന്നും ഉറപ്പിക്കാം.

19 വാഗൺ കൂട്ടക്കൊല

ഇന്ത്യ ചരിത്രത്തിൽ തന്നെ ബ്രിട്ടീഷ് അധികാരികൾ നടപ്പാക്കിയ ഏറ്റവും നിഷ്ഠുരമായ കൂട്ടക്കൊലകളിൽ ഒന്നാണ് 1921 നവംബർ 19ന് തിരൂരിൽ നടന്ന വാഗൺ കൂട്ടക്കൊല (Wagon Massacre). ‘വാഗൺ ട്രാജഡി’ (വാഗൺ ദുരന്തം) എന്ന പേരിട്ട് കൊളോണിയൽ അധികാരികൾ നിസ്സാരവത്​കരിച്ച കൂട്ടക്കൊലയിൽ 70 പേരാണ് രക്തസാക്ഷികളായത്. 1921ലെ ഐതിഹാസികമായ മലബാർ മുന്നേറ്റത്തിന് മൂന്നുമാസം തികയുമ്പോഴാണ് ഏറ്റവും ദുഃഖകരവും രോഷമുണർത്തുന്നതുമായ ആ സംഭവം നടന്നത്.

മലബാറിലെ ജനമുന്നേറ്റത്തിൽ പിടിയിലായവരെ പാർപ്പിക്കാൻ തിരൂർ സബ്ജയിലിലും മലബാറിലെ മറ്റു ജയിലുകളിലും സ്ഥലമില്ലാത്തതുകാരണം 100 അംഗങ്ങൾ വീതം സംഘങ്ങളായി ബെല്ലാരിയിലേക്ക് ട്രെയിനിൽ അയക്കാൻ ഭരണകൂടം തീരുമാനിച്ചിരുന്നു. അങ്ങനെ നിരവധി തവണ തടവുകാരെ ചരക്കുവാഗണിൽ കൊണ്ടുപോയി. മദ്രാസ്- ദക്ഷിണ മറാത്ത റെയിൽവേയുടെ എൽ.വി. 1711 എന്ന ചരക്കു വാഗണാണ് തടവുകാരെ കൊണ്ടുപോകാൻ നവംബർ 19ന് ഉപയോഗിച്ചത്. സർജൻറ് ആൻഡ്രൂസിനായിരുന്നു തടവുകാരെ അയക്കാനുള്ള ചുമതല.

കോഴിക്കോട്ടുനിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന 77ാം നമ്പർ ട്രെയിൻ നവംബർ 19ന് സന്ധ്യക്ക് 7.15ന് തിരൂരിൽ എത്തി. അതിൽ വാഗൺ ഘടിപ്പിച്ചു. 100 പേരെ ഈ വാഗണിൽ കുത്തിനിറച്ചു. അതിൽ 97 പേർ മുസ്‌ലിംകളും മൂന്നുപേർ ഹിന്ദുക്കളുമായിരുന്നു. മൂന്ന്​ അറകളുള്ള വാഗണിന്റെ ചുമർ മരപ്പലകകൾ കൊണ്ടു തീർത്തതാണ്. മുകൾവശം ഇരുമ്പും. ചരക്കുകൾ കയറ്റുന്നതിനാൽ വാഗണിന് വായുസഞ്ചാരമില്ലാത്ത ഷട്ടറാണുണ്ടായിരുന്നത്്. വാഗണിന് തൊട്ടുമുന്നിൽ ബ്രേക്ക് വാനിൽ ഗാർഡ് ഉണ്ടായിരുന്നു. ബ്രേക്ക് വാനിന്റെ മുന്നിൽ മൂന്നാം ക്ലാസ് കമ്പാർട്ട്‌മെൻറ്. അതിൽ ഹെഡ്‌കോൺസ്​റ്റബിളും അഞ്ചു കോൺസ്​റ്റബിൾമാരും യാത്ര ചെയ്തു.

ട്രെയിൻ 8.40ന് ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴേ തടവുകാർ അവശരായിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർ തടവുകാരെ പരിഗണിച്ചില്ല. അവരുടെ അലമുറകളും രോദനവും ആരും ശ്രദ്ധിച്ചതുമില്ല. രാത്രി 12.30ന് ട്രെയിൻ പോത്തന്നൂരിൽ എത്തി. അപ്പോഴാണ് ട്രെയിനിലെ പൊലീസുകാർ മരണം അറിഞ്ഞത്. അപ്പോഴേക്കും 56 പേർ മരിച്ചിരുന്നു. ഈ 56 മൃതദേഹങ്ങൾ അതേ വാഗണിൽ കിടത്തി തിരൂരിലേക്ക് അയച്ചു. സർജൻറ് ആൻഡ്രൂസിനായിരുന്നു അതിന്റെയും മേൽനോട്ടം. ബാക്കി തടവുകാരെ ഡോ. കോണറുടെ നേതൃത്വത്തിൽ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. പുലർച്ചെ 4.30ന് ശേഷിക്കുന്ന 44 പേരുമായി ട്രെയിൻ കോയമ്പത്തൂരിലേക്ക് പോയി. കോയമ്പത്തൂർ എത്തിയപ്പോഴേക്കും ഇതിൽ ആറുപേർ മരിച്ചു. 13 പേരെ കോയമ്പത്തൂർ സിവിൽ ഹോസ്പിറ്റലിലും 25 പേരെ സെൻട്രൽ ജയിൽ ആശുപത്രിലേക്കും കൊണ്ടുപോയി. സിവിൽ ആശുപത്രിയിൽ കൊണ്ടുപോകാൻ ഉദ്ദേശിച്ച 13 പേരിൽ രണ്ടുപേർ അന്നും നാലുപേർ അടുത്ത ദിവസവും മരിച്ചു. നവംബർ 26ന് രണ്ടുപേർ കൂടി മരിച്ചു. മൊത്തം 70 മരണം.

തിരൂരിൽ തിരിച്ചെത്തിച്ച മൃതദേഹങ്ങളിൽ 52 എണ്ണം നാട്ടുകാർ ഏറ്റുവാങ്ങി. 44 മൃതദേഹങ്ങൾ കോരങ്ങോത്ത് പള്ളിയിലും നാലെണ്ണം ജുമുഅത്ത് പള്ളിയിലും അടക്കി. ഹിന്ദുക്കളുടെ മൃതദേഹം മൂത്തൂർ കുന്നിലെ ഒരു കുഴിയിൽ അടക്കം ചെയ്തു.

പത്രങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ‘ട്രെയിൻ സംഭവം’ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, തങ്ങൾക്കുനേരെയുയർന്ന ആരോപണത്തിന്റെ ആഘാതം കുറക്കാനാണ് ബ്രിട്ടീഷുകാർ ആദ്യം മുതലേ ശ്രമിച്ചത്. 1921 നവംബർ 22ന് വൈകീട്ട് 3.15ന് കൂടിയ ബ്രിട്ടീഷ് കാബിനറ്റ് ‘വാഗൺ സംഭവം’ ചർച്ച ചെയ്തു. അടച്ചിട്ട ലഗേജ്‌വാനിൽ കൂടുതൽ പേരെ കയറ്റിയതുകൊണ്ടുണ്ടായ സംഭവം പ്രധാനമന്ത്രി താൻ അധ്യക്ഷനായ കാബിനറ്റ് യോഗത്തിൽ എല്ലാവരെയും അറിയിച്ചു. ‘’പ്രിൻസ് ഓഫ് വെയിൽസിന്റെ ഇന്ത്യ സന്ദർശനം വിജയമാണ് എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ സംഭവം നടന്നത് നിർഭാഗ്യകരമായിപ്പോയി’’ എന്നായിരുന്നു യോഗത്തിന്റെ വിലയിരുത്തൽ.

വാഗൺ കൂട്ടക്കൊലയിൽനിന്ന് രക്ഷപ്പെട്ട കൊന്നോല അഹ്​മദ് ഹാജി ട്രെയിനിൽ വെളിച്ചം വന്നപ്പോൾ കണ്ട കാഴ്ചയെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ്: -’മത്തി വറ്റിച്ചപോലെ’. വാഗണിൽ എങ്ങനെയോ ഇളകിപ്പോയ ആണിയുടെ ദ്വാരത്തിൽ മാറി മാറി മൂക്കു​െവച്ചാണ് അഹ്​മദ് ഹാജിയും ജ്യേഷ്ഠൻ യൂസുഫും ജീവൻ നിലനിർത്തിയത്. എന്നാൽ, അവസാനഘട്ടത്തിൽ അവർ ബോധംകെട്ടുവീണു. പുലാമന്തോൾ പാലം പൊളിച്ചുവെന്നതാണ് കൊന്നോല അഹ്​മദ് ഹാജിക്ക് മേൽ ചുമത്തിയ കുറ്റം.

മലബാർ കാര്യങ്ങൾക്കുള്ള സ്‌പെഷൽ കമീഷണർ എ.ആർ. നാപ്പിനെ (A.R.Knapp) ‘വാഗൺ ദുരന്തം’ അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തി. മങ്കട കൃഷ്ണവർമ രാജ, കല്ലടി മൊയ്തൂട്ടി സാഹിബ്, മഞ്ചേരി രാമയ്യർ എന്നിവർ കമ്മിറ്റിയിലംഗങ്ങൾ. പ്രഹസനമായിരുന്നു അന്വേഷണം. നാപ്പിന്റെ അധ്യക്ഷതയിൽ പൊതു അന്വേഷണത്തിന്റെ പ്രഥമ സിറ്റിങ് നവംബർ 29ന് നടന്നു. 1921 ഒക്‌ടോബർ 24 മുതൽ 1922 മാർച്ച് 31 വരെ മലബാർ കാര്യങ്ങൾക്കുള്ള സ്‌പെഷൽ കമീഷണറായിരുന്നു നാപ്പ്. 1891 ൽ സിസിവൽ സർവിസിൽ ചേർന്ന സർ ആർതർ റോലാൻഡ് നാപ്പ് (1870-1954) മലബാറിൽ അസി. കലക്ടറായി പ്രവർത്തിച്ചിരുന്നു. പിന്നീട് റവന്യൂ ബോർഡിൽ അണ്ടർ സെക്രട്ടറിയായും പ്രവർത്തിച്ചു. 1921 ൽ മദ്രാസ് ലെജിസ്‌ലേറ്റിവ് കൗൺസിൽ അംഗമായി. 1926 വരെ ആ പദവിയിൽ തുടർന്നു. നാപ്പ് കമ്മിറ്റി റിപ്പോർട്ട് ബിട്ടീഷ് ഭരണകൂടത്തെ രക്ഷിക്കുന്ന വിധത്തിലായിരുന്നു.

എ.ആർ. നാപ്പ് അധ്യക്ഷനായ അന്വേഷണ കമ്മിറ്റി വാഗൺ കൂട്ടക്കൊലയെപ്പറ്റി ഏകകണ്ഠമായി നൽകിയ റിപ്പോർട്ട് ഉദ്യോഗസ്ഥരെയും സർക്കാറിനെയും ന്യായീകരിച്ചു.

റിപ്പോർട്ടിലെ പരാമർശങ്ങൾ ഇങ്ങനെയാണ്: ‘’32 വ്യത്യസ്ത യാത്രകളിലായി 2,500 തടവുകാരെ കടത്താൻ ഇതേ പോലുള്ള രണ്ടു ബോഗികൾ ഉപയോഗിച്ചിട്ടുണ്ട്. അപ്പോഴൊന്നും അപായം സംഭവിച്ചില്ല. വായുപ്രവാഹത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ടായിരുന്നു. ദുരന്തം സംഭവിച്ച ട്രെയിനിന്റെ ജനലുകൾ തുണികൊണ്ട് മൂടിയിരുന്നു. പെയിൻറും ശ്വാസതടസ്സമുണ്ടാക്കി. കൊണ്ടുപോയ യാത്രക്കാർക്ക് മതിയായ വായുപ്രവാഹം ലഭിച്ചില്ല. നേരത്തേ ആളുകളെ കൊണ്ടുപോകാൻ ഉപയോഗിച്ച മൂന്നെണ്ണം പൂർണമായി അടക്കാത്ത വായുപ്രവാഹമുള്ള വാഗണുകളായിരുന്നു. അവ ഉപയോഗിക്കുന്നതിൽ തെറ്റില്ല. തടവുകാരോട് മനുഷ്യത്വരാഹിത്യത്തിന്റെ പ്രശ്‌നവുമില്ല. എന്നല്ല, അടിയന്തര സാഹചര്യങ്ങളിൽ അവയുടെ ഉപയോഗം ന്യായീകരിക്കാവുന്നതാണ്. പക്ഷേ, ഉപയോഗത്തിന് മുമ്പ് ഓരോ വാഗണും വായുപ്രവാഹമുണ്ടോയെന്ന് പ്രത്യേകം നേരത്തേ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടിയിരുന്നു. ദുരന്തത്തിന്റെ പ്രധാന ഉത്തരവാദി റെയിൽവേ കമ്പനിയും അതിന്റെ പ്രാദേശിക പ്രതിനിധിയായ ട്രാഫിക് ഇൻസ്‌പെക്ടറുമാണെന്ന് സമിതി മനസ്സിലാക്കുന്നു. അനുവദിച്ച വാഗൺ ഇതിന് പര്യാപ്തമല്ലെന്നു മനസ്സിലാക്കുന്നതിൽ അവർക്ക് വീഴ്ച പറ്റി. തങ്ങൾക്കു മുകളിലെ ഉദ്യോഗസ്ഥർ സ്ഥാപിക്കുകയും തുടരുകയും ചെയ്ത ഇത്തരം വാനുകൾ ഉപയോഗിച്ച മറ്റു പ്രാദേശിക കോഓഡിനേറ്റിങ് ഉദ്യോഗസ്ഥരായ സബ് മജിസ്‌ട്രേറ്റ്, പൊലീസ് സർജൻറ് എന്നിവരുടെ പ്രവൃത്തി ന്യായീകരിക്കാവുന്നതാണെന്നും അവരുടെ ഭാഗത്ത് അലംഭാവം ഉണ്ടായില്ലെന്നും സമിതി കണക്കാക്കുന്നു.’’

റിപ്പോർട്ടിൽ റെയിൽവേയും പൊലീസും കുറ്റക്കാരായിരുന്നില്ല. വാഗൺ നിർമിച്ച കമ്പനിക്കാരും അതേൽപിച്ചുകൊടുത്ത ട്രാഫിക് ഇൻസ്‌പെക്​ടറുമായിരുന്നു കുറ്റക്കാർ. സർജൻറ് ആൻഡ്രൂസ് വാൻ ഉപയോഗിച്ചതിൽ കുറ്റക്കാരനല്ല എന്ന സമിതിയുടെ കണ്ടെത്തൽ സർക്കാർ തള്ളി. ആൻഡ്രൂസിനും ഒരു ഹെഡ്‌കോൺസ്​റ്റബിളിനും നേരെ കേസെടുത്തു. പക്ഷേ, കോടതി ഇവരെ വെറുതെ വിട്ടു. മരിച്ചവരുടെ കുടുംബത്തിനും 300 രൂപ വീതം നൽകി.

21 ലോക ടെലിവിഷൻ ദിനം

വാങ്കഡെ സ്​റ്റേഡിയത്തിലെ സചിൻ ടെണ്ടുൽകറി​െൻറ വിടവാങ്ങൽ പ്രസംഗം കണ്ട്​ കണ്ണ്​ നിറച്ചതും, ​െഎ.എസ്​.എല്ലിൽ സി.കെ. വിനീതി​െൻറ ഗോളടി കണ്ട്​ ആരവം മുഴക്കിയതും, ആനിമൽ പ്ലാനറ്റിലെ കടുവ മാൻ കുഞ്ഞിനെ പിടിക്കുന്നത്​ കണ്ട്​ നമ്മൾ പേടിച്ചതുമെല്ലാം വീട്ടിലെ സ്വീകരണ മുറിയിൽ ഇരുന്നുകൊണ്ടായിരുന്നു അല്ലേ...?

കൂട്ടുകാരെ ലോകടെലിവിഷൻ ദിനമാണ്​ നവംബർ 21ന്​. സ്​മാർട്​ ഫോണും ​െഎപാടും ​ലാപ്​ടോപും കാഴ്​ചയുടെ ലോകം കവർന്നെടുക്കുന്നതിന്​ മുമ്പ്​​ കാണാകാഴ്​ചകൾ കാട്ടി നമ്മെ കൊതിപ്പിച്ച ടെലിവിഷൻ, ദൃശ്യമാധ്യമം എന്ന നിലക്ക്​ നമ്മിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. നമ്മുടെ ചുറ്റുവട്ടത്തിൽ തുടങ്ങി രാജ്യവും വൻകരയും കടന്നുള്ള വാർത്തകളും വിശേഷങ്ങളും കൺമുമ്പിൽ അപ്പപ്പോൾ എത്തിക്കാൻ പാകത്തിൽ വളർന്ന ഇൗ സാ​േങ്കതിക വിദ്യയുടെ കണ്ടുപിടുത്തം കഴിഞ്ഞ നൂറ്റാണ്ടി​െൻറ തുടക്കത്തിലായിരുന്നു. കൃഷിക്കാരനും ​കച്ചവടക്കാരനും അധ്യാപകനും വിദ്യാർഥിക്കും ഡോക്​ടർമാർക്കും രോഗികൾക്കുമെന്നുവേണ്ട ലോകത്തിലെ നാനാ വിധ ജനങ്ങൾക്കും ആവശ്യമുള്ള പരിപാടികൾ ഇന്ന്​ ടെലിവിഷനിൽ സുലഭം. ​ൈകയിൽ റിമോർട്ട്​ ഉണ്ടെങ്കിൽ കാഴ്​ചയുടെ ലോകം നിങ്ങൾക്ക്​ സ്വന്തം. ശാസ്​ത്രത്തോടൊപ്പം ടെലിവിഷനും വളർന്നതോടെ ബ്ലാക്​ ആൻഡ്​ വൈറ്റ്​ കളറായി, പിന്നീട്​ എൽ.സി.ഡിയും എൽ.ഇ.ഡിയും വിപണി കീഴടക്കി. ദേ ഇപ്പോൾ 3ഡി യ​ും 4കെയുമാണ്​ താരങ്ങൾ.

1996 ഡിസംബർ 17ന്​ ​െഎക്യ രാഷ്​ട്രസഭയുടെ ജനറൽ അസംബ്ലിയിലാണ്​ നവ​ംബർ 21 ലോക ടെലിവിഷൻ ദിനമായി ആചരിക്കാനുള്ള പ്രഖ്യാപനമുണ്ടായത്​. ​െഎക്യരാഷ്​ട്ര സഭയിൽ ആദ്യമായി ടെലിവിഷൻ ഫോറം നടത്തിയതി​െൻറ ഒാർമക്കായാണ്​ ഇൗ ദിനാചരണം. ​െടലിവിഷൻ ദിനാചരണാർഥം അംഗരാജ്യങ്ങളെ ക്ഷണിച്ച ​െഎക്യരാഷ്​ട്ര സഭ, ലോക സമാധാനത്തിനും സുരക്ഷക്കും സാമൂഹിക സാസ്​കാരിക വികസനത്തിനും ഉൗന്നൽ നൽകുന്ന വിധത്തിലുള്ള ടെലിവിഷൻ പരിപാടികളുടെ ആഗോളതലത്തിലുള്ള കൈമാറ്റം പ്രോത്സാഹിപ്പിക്കാൻ അംഗരാജ്യങ്ങ​േളാട്​ ആഹ്വാനം ചെയ്​തു.

​ടെലിവിഷൻ പുതിയ സമൂഹ​ത്തെ നിർമിച്ചുകൊണ്ടിരിക്കുകയാണ്​. ലോകം ഒരു ആഗോള ഗ്രാമമായി മാറിക്കൊണ്ടിരിക്കുന്നു, അതിലൂടെ ലോകത്തിലെ ഒാരോ മുക്കിലും മൂലയിലുമുള്ള ഏത്​ വിവരവും നിമിഷങ്ങൾക്കുള്ളിൽ കൺമുന്നിലെത്തുന്നു. അരികുവത്​കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലോക സമൂഹത്തെ തുറന്നുകാട്ടാനും വികസനം എന്നത്​ സ്വപ്​നം മാത്രമായ, ഒരിറ്റ്​ ശുദ്ധജലത്തിനുവേണ്ടി കേഴുന്ന ജനതക്ക്​ ആശ്വാസമാകാനും, അങ്ങനെയും ഒരു സമൂഹം ലോകത്ത്​ ജീവിച്ചിരിക്കുന്നുണ്ടെന്ന്​ ഒാർമപ്പെടുത്തി അവരെ ജീവിതത്തിലേക്ക്​ കൈപിടിച്ചുയർത്താനും മാധ്യമങ്ങൾ വഹിക്കുന്ന പങ്ക്​ ചെറുതല്ല. യഥാർഥത്തിൽ മറ്റൊരു സമൂഹത്തെ നിർമിച്ചെടുക്കുകയാണ്​ മാധ്യമങ്ങൾ. ടെലിവിഷൻ അതി​െൻറ പ്രധാന ഉപകരണമായി മാറുകയും ചെയ്യുന്നു.

ടെലിവിഷൻ കായിക മേഖല​ക്ക്​ നൽകിയ സംഭാവനകൾ അളവറ്റതാണ്​. ടെലിവിഷനില്ലായിരുന്നെങ്കിൽ പല കായിക ഇനങ്ങളും അറിയപ്പെടാതെ പോയേനെ. ഇന്ന്​ നാം ആരാധനയോടെ കാണുന്ന കായിക താരങ്ങൾക്ക്​ അവരുടെ പ്രകടനം കാണിക്കാൻ ഇടമില്ലാതാവുമായിരുന്നു. സചിനെ കാണാൻ മുംബൈ വരെ പോകേണ്ടി വരുന്ന അവസ്​ഥ ചിന്തിച്ച്​ നോക്കൂ.

ഒരു ചാനൽ ആയിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും, അ​േപ്പാൾ ഇന്ന്​ നിലവിലുള്ള ആയിരക്കണക്കിന്​ ചാനലുക​​ൾ എത്ര തൊഴിലവസരങ്ങ​ൾ സൃഷ്​ടിക്കുമെന്ന്​ ചിന്തിച്ചിട്ടുണ്ടോ. ലക്ഷക്കണക്കിന്​ വരുമത്​. കൂടാതെ ചാനലുകളുടെ പരസ്യ വരുമാനവും പരസ്യങ്ങൾ വഴി കമ്പനികൾക്കുണ്ടാവുന്ന നേട്ടവുമൊ​ക്കെ കൂട്ടി നോക്കിയാൽ. ടെലിവിഷൻ ഒരു രാജ്യത്തി​െൻറ സാമ്പത്തിക മേഖലയെ കൂടി സ്വാധീനിക്കുന്നു എന്നും പറയാം.

ഉൽപാദകർക്ക്​ അവരുടെ ഉൽപന്നങ്ങൾ പരിചയപ്പെടുത്താൻ ഏറ്റവും നല്ല മാധ്യമമായി ടെലിവിഷൻ മാറിയത്​ അതി​െൻറ വലിയ രീതിയിലുള്ള ജനപ്രീതിക്ക്​ ശേഷമായിരുന്നു. ഉപഭോക്​താക്ക​ൾ പുതിയ ഉൽപ​ന്നങ്ങളെ കുറിച്ചറിയാൻ ടെലിവിഷ​നെ ആ​ശ്രയിക്കുന്നു. ഇത്​ കച്ചവടക്കാർക്ക്​ ഗുണമായി.

പ്രകൃതി ദുരന്തങ്ങളുണ്ടാകു​േമ്പാ​ഴും യുദ്ധ സാധ്യതകൾ നിലനിൽക്കു​േമ്പാഴും, ​മാരക രോഗങ്ങ​ൾ പടരു​േമ്പാഴുമൊക്കെ ജനങ്ങളെ അറിയിക്കാനും ബോധവാൻമാരാക്കാനും രാജ്യങ്ങൾ ആശ്രയിക്കുന്ന മാർഗം ടെലിവിഷൻ ആണ്​. ഇറാഖ്​ യുദ്ധത്തി​െൻറ ദൃശ്യങ്ങൾ ലൈവായി നമുക്ക്​ മുമ്പിലെത്തിയപ്പോൾ യുദ്ധത്തി​െൻറ തീവ്രതയെക്കുറിച്ച്​ നാം കൂടുതൽ ബോധവാൻമാരായി.

ടെലിവിഷ​െൻറ കണ്ടുപിടുത്തത്തിന്​ പിന്നിൽ ഒന്നോ രണ്ടോ പേർ മാത്രമായിരുന്നില്ല. മറിച്ച്​ 19ആം നൂറ്റാണ്ടിലെയും 20ആം നൂറ്റാണ്ടിലെയും പ്രഗൽഭരായ ശാസ്​ത്രജ്ഞരുടെ കഠിനാധ്വാനത്തി​െൻറ ഫലമായിരുന്നു നാം ഇന്ന്​ കാണുന്ന ടെലിവിഷൻ. 1926 ജനുവരി 26ന് ഇംഗ്ലണ്ടിലുള്ള ജോൺ ലൂജി ബേഡും അമേരിക്കയിലെ ചാൾസ്​ ഫ്രാൻസിസ്​ ജെൻകിൻസും ചേർന്നാണ്​​ ആദ്യത്തെ മെക്കാനിക്കൽ ടെലിവിഷൻ നിർമിച്ചത്. 1927 സെപ്​റ്റംബർ ഏഴിന്​​ സാൻഫ്രാൻസിസ്​കോയിലാണ്​ ഇന്ന്​ നാം കാണുന്ന ടെലിവിഷ​െൻറ പരീക്ഷണം വിജയം കണ്ടത്​​. 21 കാരനായ ഫിലോ ടൈലർ ഫാൻസ്​വർത്താണ് ഇലക്​ട്രോണിക്​​ ടെലിവിഷൻ നിർമിച്ചത്​. ഇതിലെ പ്രധാന കൗതുകം 14 വയസ്സുമുതൽ ഫാൻസ്​വർത്തി​െൻറ വീട്ടിൽ വൈദ്യുതി കണക്ഷനില്ലായിരുന്നു. ചലിക്കുന്ന ചിത്രങ്ങളെ റേഡിയോ തരംഗങ്ങളിലേക്ക് പകർത്തി ഒരു സ്ക്രീനിൽ ഒരു ചിത്രമായി രൂപാന്തരപ്പെടുത്താനുള്ള സംവിധാനമാണ്​ ഫാൻസ്​വർത്ത്​ ​കണ്ടെത്തിയത്​. ഇലക്ട്രോണുകളുടെ ഒരു ബീം ഉപയോഗിച്ച് ചിത്രങ്ങൾ സ്കാൻ ചെയ്യുന്ന രീതിയാണ്​ ഫാർൻസ്വോർത്തി​െൻറ ടെലിവിഷനിൽ ഫലത്തിൽ ഇൗ കണ്ടുപിടുത്തം ആധുനിക ടെലിവിഷന്റെ പൂർവികനായി. ആദ്യത്തെ കളർ ടെലിവിഷൻ 1965 ലാണ്​ നിലവിൽ വന്നത്​. അമേരിക്കകാരനായ പീറ്റർ കാൾ ഗോൾഡ്​മാർകാണ്​ ബ്ലാക്ക്​ ആൻഡ്​ വൈറ്റ്​ ടിവിയെ വിസ്​മൃതിയിലാക്കിയ കളർ ​ടിവിയുടെ പിതാവ്​.

ടെലിവിഷനിൽ കാണിച്ച ആദ്യത്തെ ദൃശ്യം ’ഒരു വര’ആയിരുന്നു. അതിന്​ ശേഷം കാണിച്ചതാക​െട്ട ഡോളർ ചിഹ്നവും. കണ്ടുപിടുത്തത്തിന്​ പണം മുടക്കിയ ആൾ ചോദിച്ചത്രെ ‘നമുക്കെന്നാണ്​ ​ ഇതിൽ കുറച്ച്​ ഡോളർ കാണാൻ സാധിക്കുക’ എന്ന്​. ഉടൻതന്നെ ഫാൻസ്​വർത്ത് കാമറ ഡോളറിലേക്ക്​ ലക്ഷ്യംവെച്ചു, ടിവിയിൽ ഡോളർ ദൃശ്യമായി.

ഇന്ന്​ നാം എളുപ്പം കൈകാര്യം ചെയുന്ന റിമോട്ട്​ കൺട്രോൾ 1948ലാണ്​ കണ്ടെത്തിയത്​. ടെലി സൂം എന്ന്​ പേരുണ്ടായിരുന്ന ആദ്യ റിമോട്ടി​െൻറ ഉപയോഗം ടെലിവിഷനിലെ ദൃശ്യങ്ങൾ കൂടുതൽ അടുത്ത്​ കാണാൻ വേണ്ടി സൂം ചെയ്യൽ മാത്രം ആയിരുന്നു. 1955 ൽ സെനിത്താണ്​ ഇന്ന്​ നാം ഉപയോഗിക്കുന്ന വയർലെസ്​ റിമോർട്ട്​ നിർമിച്ചത്. ​

1959 സെപ്​റ്റംബർ 15ന്​ ഡൽഹിയിലാണ്​ ഇന്ത്യയിലെ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത്​. അറിവി​െൻറയും വിനോദത്തി​െൻറയും അതിവിശാലമായ ​ലോകം ഇന്ത്യക്കാർക്കു മുന്നിൽ അന്ന്​ തുറന്നിട്ടത്​ ദൂരദർശനായിരുന്നു. ഡൽഹി ആകാശവാണി ഭവനിലെ താൽകാലിക സ്​റ്റുഡിയോയിൽനിന്ന്​ വെറും 25 കിലോമീറ്റർ മാത്രം അർധവ്യാസത്തിലായിരുന്നു ആദ്യ സംപ്രേഷണം. 1965ലാണ്​ ദൂരദർശൻ രാജ്യം മുഴുവൻ ലഭ്യമാകുന്ന വിധത്തിൽ ദിവസേനയുള്ള സംപ്രേഷണത്തിന്​ തുടക്കമിട്ടത്​. 1976 സെപ്​റ്റബർ 15ന്​ ആകാശവാണിയിൽനിന്നും വേർപെട്ട്​ സ്വതന്ത്രമായി. 1972 ൽ മുംബൈ, അമൃത്​സർ എന്നിവിടങ്ങളിലും 75ൽ മറ്റ്​ ഏഴ്​ നഗരങ്ങളിലേക്കും സംപ്രേഷണം വ്യാപിപ്പിച്ചു. 1982ൽ ബ്ലാക്ക്​ ആൻഡ്​ വൈറ്റിൽനിന്നും കളറായി. സ്വാതന്ത്ര്യദിന പരേഡാണ്​ ആദ്യമായി കളറായി കാണിച്ച പരിപാടി. ഏഷ്യൻ ഗെയിംസും കളറായിരുന്നു.

1985ലാണ്​ ദൂരദർ​ശൻ മുഴുവൻ സമയ സംപ്രേഷണത്തിന്​ തുടക്കമിട്ടത്​. 1986ൽ വാണിജ്യാടിസ്​ഥാനത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. 1993 ജനുവരി 26ന്​ മെട്രോ ചാനലുകളും 1995 മാർച്ച്​ 14ന്​ രാജ്യാന്തര ചാനലായ ‘ഡിഡി ഇന്ത്യയും’ 1999 മാർച്ച്​ 18 ന്​ ‘ഡിഡി സ്​പോർട്​സും’ പ്രവർത്തനമാരംഭിച്ചു. 2002 നവംബർ മൂന്നിന്​ മുഴുവൻ സമയ വാർത്താ ചാനലായ ‘ഡിഡി ന്യൂസും’ അതേ വർഷം തന്നെ വിജ്ഞാന ചാനലായ ‘ഡിഡി ഭാരതിയും’ നിലവിൽ വന്നു.

യുനെസ്​കോ നൽകിയ 180 ഫിലിപ്​സ്​ ടിവിയിലായിരുന്നു ദൂരദർശ​െൻറ ആദ്യ പരീക്ഷണ സംപ്രേഷണം. പ്രമിതാ പുരിയായിരുന്നു ഇന്ത്യയിലെ ആദ്യ ടിവി അവതാരിക. ഉസ്​താദ്​ ബിസ്​മില്ലാ ഖാ​െൻറ ഷെഹനായ്​ വാദനത്തോടെ ആയിരുന്നു തുടക്കം. 1967 ജനുവരി 26നാണ്​ ആരംഭിച്ച​ കൃഷിദർശനാണ്​ ആദ്യ പരിപാടി. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ എപിസോഡുകൾ പിന്നിട്ട പരിപാടിയും കൃഷിദർശനാണ്​.

പണ്ട്​ ടെലിവിഷനിൽ ദൃശ്യം മങ്ങു​േമ്പാൾ ക്ലിയറാക്കാൻ ആൻറിന പിടിച്ച്​ തിരിക്കേണ്ടി വരുന്ന അവസ്​ഥയുണ്ടായിരുന്നു. ടെലിവിഷൻ സിഗ്​നലുകൾ ആഗിരണം ചെയ്യാൻ പറ്റാതെ ആൻറിനകൾ പണി നിർത്തു​േമ്പാൾ നമ്മൾ വീടി​െൻറ മുകളിൽ സ്​ഥാപിച്ച ആൻറിനയിൽ പണി ​എടുക്കണം. ഇതിനൊരവസാനം കൊണ്ടുവന്ന സംവിധാനമാണ് ഡി.ടി.എച്ച്​ അഥവാ ‘ഡയറക്​ട്​ ടു ഹോം​’. വീടുകളിൽ നേരിട്ട്​ ലഭിക്കുന്ന സാറ്റലൈറ്റ്​ സംവിധാനമാണിത്​. 2003 ഒക്​ടോബർ രണ്ടിന്​ ഡിഷ്​ ടിവിയാണ്​ തുടക്കമിട്ടത്​. 2004ൽ ഡി.ഡി ഡയറക്​ട്​ പ്ലസ്​ എന്ന പേരിൽ ഡൽഹിയിൽ ദൂരദർശനും ആരംഭിച്ചു. ഇൗ സേവനം മെച്ചമുള്ളതാക്കാൻ ഇൻസാറ്റ്​ 4 ഉപഗ്രഹമാണ്​ ഉപയോഗിക്കുന്നത്​. 2004 മുതൽ ഡിജിറ്റൽ രീതിയിലാണ്​ ദൂരദർശൻ പ്രവർത്തിക്കുന്നത്​.

1985 ജനുവരി ഒന്നിനാണ് ദൂരദർശൻ കേരളത്തിൽ​ ഒൗദ്യോഗികമായി തുടങ്ങുന്നത്​. തിരുവനന്തപുരത്തെ ടാഗോർ ഹാളിൽ വച്ച്​ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ ആയിരുന്നു ഉദ്​ഘാടനം നിർവഹിച്ചത്​. ഡി.ഡി 4 എന്ന പേരിലാണ്​ സംപ്രേഷണം തുടങ്ങിയത്​. 2000 ത്തിൽ അത്​ ‘ഡിഡി മലയാളം’ എന്നായി മാറി. ദൂരദർശൻ ഇന്ത്യയിൽ അവതരിച്ചത്​ 1959ൽ ആയിരു​ന്നെങ്കിലും, ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്​ഥാനത്തിലേക്കെത്താൻ 26 വർഷമെടുത്തു. പ്രശസ്​ത എഴുത്തുകാരൻ ജി. ശങ്കരപിള്ള എഴുതിയ കുട്ടികളുടെ നാടകമായ ഒരുകൂട്ടം ഉറുമ്പുകൾ ആയിരുന്നു ആദ്യമായി സംപ്രേഷണം ചെയ്​ത ടെലിവിഷൻ പരിപാടി. വെഞ്ഞാറമൂടുള്ള രംഗപ്രഭാദ്​ ചിൽഡ്രൻസ്​ തിയേറ്റർ അവതരിപ്പിച്ച നാടകം നിർമിച്ചത്​ പ്രശസ്​ത ടെലിവിഷൻ നിർമാതാവും സംവിധായകനുമായ എ. അൻവർ ആയിരുന്നു. 1985 ജനുവരി രണ്ട്​ വൈകുന്നേരം 6:30ന്​ ആയിരുന്നു 15 മിനിറ്റ്​ ദൈർഘ്യമുള്ള നാടകം സംപ്രേഷണം ചെയ്​തത്​. ആദ്യത്തെ തത്സമയ വാർത്താ വായനയും ഇൗ ദിവസം തന്നെയായിരുന്നു, ഏഴുമണിക്ക്​. ടി ചാമിയാർ നിർമിച്ച വാർത്ത അവതരിപ്പിച്ചത്​ ജി.ആർ. കണ്ണൻ ആയിരുന്നു. തുടക്കത്തിൽ ​6:30 മുതൽ 7:10 വരെ ദിവസവും 70 മിനിറ്റ്​ നേരം മാത്രം ആയിരുന്നു സംപ്രേഷണം.

26 ഭരണഘടന ദിനം

രാജ്യത്തിന്റെ അടിത്തറയാണ് ഭരണഘടന. ഭരണഘടനയെ നമുക്ക് എങ്ങനെ നിർവചിക്കാം? രാജ്യത്തെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും കടമകളെക്കുറിച്ചും പൗരനെ ബോധ്യപ്പെടുത്തുന്നതാണ് ഭരണഘടന. 1949 നവംബർ 26ന് ഭരണഘടന നിർമാണ സമിതി ഭരണഘടനക്ക് അംഗീകാരം നൽകിയ ദിവസത്തിന്റെ ഓർമയിൽ എല്ലാ വർഷവും നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു. സംവിധാൻ ദിവസ്, ദേശീയദിനം, ഭരണഘടന തുടങ്ങിയ പേരുകളിലൊക്കെ ഈ ദിനം അറിയപ്പെടുന്നു.

ഏതൊരു രാജ്യത്തിന്റെയും പ്രത്യേകിച്ച്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ നെടുന്തൂൺ എന്നു വിശേഷിപ്പിക്കപ്പെടുന്നത് ഭരണഘടനയാണ്. ഇന്ത്യയിലാദ്യമായി ഭരണഘടന എന്ന ആശയം മുന്നോട്ടുവെച്ചത് 1934ൽ എം.എൻ. റോയിയാണ്. 1940ൽ ആഗസ്റ്റ് ഓഫർ എന്നറിയപ്പെടുന്ന ഉറപ്പുകളിലൂടെ ഇന്ത്യക്കായി ഒരു ഭരണഘടന എന്ന ആവശ്യം ബ്രിട്ടീഷുകാർ അംഗീകരിച്ചു. ഇന്ത്യക്ക് അധികാരം കൈമാറുന്നതിനായി രൂപവത്കരിച്ച കാബിനറ്റ് മിഷൻ 1946 ജൂലൈയിൽ ഭരണഘടന നിർമാണ സഭ രൂപവത്കരിച്ചതോടെയാണ് ഭരണഘടനയെന്ന സ്വപ്നം യാഥാർഥ്യത്തോടടുത്തത്. ഡോ. രാജേന്ദ്രപ്രസാദായിരുന്നു അധ്യക്ഷൻ.

1947 ആഗസ്റ്റ് 29ന് ഭരണഘടന നിർമാണ സഭ, കരട് നിർമാണ കമ്മിറ്റി രൂപവത്കരിച്ചു. ഡോ. ബി.ആർ. അംബേദ്കർ ആയിരുന്നു അധ്യക്ഷൻ. അദ്ദേഹമാണ് ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയെന്ന് അറിയപ്പെടുന്നത്. 1948 ഫെബ്രുവരിയിൽ ഭരണഘടന നിർമാണസഭ, കരട് നിർമാണ കമ്മിറ്റി രൂപവത്കരിച്ചു. ​ഡോ. ബി.ആർ. അംബേദ്കറായിരുന്നു അധ്യക്ഷൻ. അദ്ദേഹമാണ് ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയെന്ന് അറിയപ്പെടുന്നത്.

1948 ഫെബ്രുവരിയിൽ ഭരണഘടന നിർമാണസഭ അധ്യക്ഷനുമുന്നിൽ ഭരണഘടന സമർപ്പിക്കുകയും മാർച്ചിൽ ജനങ്ങളുടെ അഭിപ്രായത്തിനായി പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. അഭിപ്രായം രേഖപ്പെടുത്താൻ എട്ടുമാസത്തെ സമയമാണ് അനുവദിച്ചത്. 1949 നവംബർ 26ന് ഭരണഘടന നിർമാണസഭ അംഗീകരിച്ചു. 1950 ജനുവരി 26ന് ഭരണഘടന നിലവിൽവന്നു.

ഭരണഘടനയിലെ ആശയങ്ങൾ മിക്കതും വിവിധ രാജ്യങ്ങളിൽനിന്നും സംവിധാനങ്ങളിൽനിന്നും കടംകൊണ്ടതാണ്. അതിനാലാണ് ഇന്ത്യൻ ഭരണഘടന കടംകൊണ്ട ഭരണഘടന (Borrowed Constitution) എന്നറിയപ്പെടുന്നത്. എന്നാൽ, ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിനോടാണ്. ഇതിൽനിന്നാണ് ഗവർണർ പദവി, ഫെഡറൽ ഘടന, പബ്ലിക് സർവിസ് കമീഷൻ തുടങ്ങിയവയെല്ലാം ഭരണഘടന സ്വീകരിച്ചിട്ടുള്ളത്.

മറ്റു രാജ്യങ്ങളിൽനിന്നും സ്വീകരിച്ച ആശയങ്ങൾ: ബ്രിട്ടൻ: ജനാധിപത്യം, സ്പീക്കർ, പാർലമെന്ററി, നിയമവാഴ്ച, റിട്ടുകൾ, തെരഞ്ഞെടുപ്പ് സംവിധാനം, ദ്വിമണ്ഡല സഭ.

റഷ്യ: മൗലിക കടമകൾ, പഞ്ചവത്സര പദ്ധതി

കാനഡ: യൂനിയൻ സ്റ്റേറ്റ് ലിസ്റ്റുകൾ

ജർമനി: അടിയന്തരാവസ്ഥ

യു.എസ്.എ: ആമുഖം, മൗലികാവകാശങ്ങൾ, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, ജുഡീഷ്യൽ റിവ്യൂ, ഇംപീച്ച്മെന്റ്, ലിഖിത ഭരണഘടന, വൈസ് പ്രസിഡന്റ്.

ഭരണഘടനയുടെ ആത്മാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നത് ആമുഖമാണ്. ആമുഖത്തിന്റെ ശിൽപി ജവഹർലാൽ നെഹ്റുവും. 1946 ഡിസംബർ 13ാം തീയതി ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയമാണ് (Objective Resolution) പിന്നീട് ആമുഖമായി മാറിയത്. സർദാർ വല്ലഭഭായ് പട്ടേലാണ് മൗലികാവകാശങ്ങളുടെ ശിൽപി എന്നറിയപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala piraviNovember
News Summary - November Important Days
Next Story