Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightVelichamchevron_rightDay to Rememberchevron_rightഇമ്മിണി വല്യ സുൽത്താൻ...

ഇമ്മിണി വല്യ സുൽത്താൻ - വൈക്കം മുഹമ്മദ്‌ ബഷീർ

text_fields
bookmark_border
ഇമ്മിണി വല്യ സുൽത്താൻ - വൈക്കം മുഹമ്മദ്‌ ബഷീർ
cancel

ച്ചിരിപ്പിടിയോളം ബുദ്ധിവെച്ച് ആലോചിച്ചു നോക്കുമ്പോൾ അത്ഭുതകരവും സുന്ദരവും ഗംഭീരവുമായ മഹാസംഭവമാകുന്നു ജീവിതം. വൈക്കം മുഹമ്മദ്‌ ബഷീർ -കഥകൾ പറഞ്ഞ്, കഥകൾ പറഞ്ഞ് വായനക്കാരുടെ മനസ്സിൽ ഇന്നും പ്രിയമുള്ള എഴുത്തുകാരൻ. സാധാരണക്കാരുടെ ജീവിതത്തിലെ സംഭവങ്ങളെ അസാധാരണമാക്കി അവതരിപ്പിച്ച ബഷീർ എഴുതിത്തുടങ്ങിയപ്പോൾ മലയാള സാഹിത്യത്തിന് എന്തൊരു വെളിച്ചം. പ്രത്യേകിച്ച് അർഥങ്ങളില്ലാത്ത വാക്കുകൾപോലും അദ്ദേഹത്തിന്റെ രചനയിലൂടെ കടന്നുവന്നപ്പോൾ അവക്ക് വലിയ അർഥങ്ങളുണ്ടായി.

ജീവിതരേഖ

1908 ജനനം

1942 അറസ്റ്റും ജയിൽവാസവും

1943 ആദ്യ കൃതി, പ്രേമലേഖനം

1944 ബാല്യകാലസഖി

1947 ശബ്ദങ്ങൾ

1951 ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്

1953 ആനവാരിയും പൊൻകുരിശും

1954 ജീവിതനിഴൽപ്പാടുകൾ

1958 ഫാബിയുമായുള്ള വിവാഹം

1959 പാത്തുമ്മായുടെ ആട്

1965 മതിലുകൾ

1970 കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്

1975 ചിരിക്കുന്ന മരപ്പാവ

1981 കേരള സാഹിത്യ അക്കാദമി ഫെലോഷിപ്

1982 പത്മശ്രീ

1987 ഡി.ലിറ്റ് ബിരുദം

1994 ജൂലൈ 5 മരണം

മാതാവേ കുറച്ചു ശുദ്ധജലം തന്നാലും

മലയാളത്തിൽ സ്വന്തമായൊരു സാഹിത്യശാഖയുള്ള വ്യക്തിയാണ് ബഷീറെന്ന് പറയാം. മലയാളം അറിയാവുന്ന ആർക്കും വഴങ്ങുന്നതാണ് ബഷീർ സാഹിത്യം. ബഷീറിയനിസം എന്ന പേരിലും ഈ എഴുത്തുകളെ വിശേഷിപ്പിക്കും. ഹാസ്യത്തിലൊളിപ്പിച്ചതായിരുന്നു അദ്ദേഹത്തിന്റെ ചുട്ടുപൊള്ളുന്ന ഓരോ വാക്കുകളും. ഹാസ്യംകൊണ്ടുതന്നെ ജീവിതാനുഭവങ്ങളെഴുതി വായനക്കാരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിൽ അതുവരെ ആരും പറയാതിരുന്നവരുടെ കഥകൾ ബഷീർ പറഞ്ഞുതുടങ്ങി. മനുഷ്യരുടെ കഥകളായിരുന്നു അവയെല്ലാം. ജയിൽപ്പുള്ളികളും ഭിക്ഷക്കാരും പട്ടിണിക്കാരുമെല്ലാം നിറഞ്ഞതായിരുന്നു ബഷീറിന്റെ ലോകം. സമൂഹത്തിനു നേരെയുള്ള വിമർശനങ്ങളും ഹാസ്യത്തിൽപൊതിഞ്ഞ് അദ്ദേഹം അവതരിപ്പിച്ചു. ഇന്നേവരെ ആരും കേട്ടിട്ടില്ലാത്ത വാക്കുകളും അദ്ദേഹം രചനക്കായി ഉപയോഗിച്ചു. ഇന്നും വായിച്ചുതുടങ്ങുന്നവർ ആദ്യം തിരഞ്ഞെടുക്കുന്ന കൃതികളാണ് ബഷീറിന്റേത്.

പാത്തുമ്മായുടെ ആട് എന്ന കൃതിയിൽ ബഷീറിന് ഉമ്മയിൽനിന്ന് അടി​ കിട്ടിയ കാര്യം പറയുന്നുണ്ട്. ‘മാതാവേ കുറച്ചു ശുദ്ധജലം തന്നാലും’ എന്നു പറഞ്ഞതിനാണ് ഉമ്മയുടെ തവി​കൊണ്ടുള്ള അടി. കൃത്രിമമായ ഭാഷക്കുകൂടിയാണ് ഇവിടെ അടികിട്ടുന്നത്. സാധാരണക്കാരന്റെ ഭാഷയെ ​പൊതുഭാഷയായി അവതരിപ്പിക്കുകയായിരുന്നു ബഷീർ എന്നും.

ചിത്രീകരണം: നൗഷാദ് വെള്ളലശ്ശേരി

തങ്കം

ബഷീറിന്റെ ആദ്യ കഥയുടെ പേരാണ് തങ്കം. സ്പോർട്സ് കമ്പനി ഉണ്ടാക്കുന്ന ഉപകരണങ്ങൾ സൈക്കിളിൽ കൊണ്ടുപോയി വിൽക്കുന്ന ജോലി ബഷീർ ചെയ്തിട്ടുണ്ട്. അതിനിടയിൽ അപകടത്തെത്തുടർന്ന് ജോലി ചെയ്യാൻ വയ്യാതായതോടെ ജയകേസരി മാസികയുടെ ഓഫിസിൽ ജോലി അന്വേഷിച്ച് അദ്ദേഹം ചെന്നെത്തി. കഥയെഴുതാമോ എന്നാണ് അദ്ദേഹത്തോട് പത്രാധിപർ ചോദിച്ചത്. കഥക്കുള്ള ആശയം തേടുമ്പോൾ പൈപ്പിൽ നിന്നു വെള്ളമെടുത്ത് പോവുന്ന കറുത്ത ഒരു പെൺകുട്ടിയെ ബഷീർ കണ്ടു. അവളെ കഥാപാത്രമാക്കി ബഷീർ എഴുതിയ ആദ്യ കഥയാണ് ‘എന്റെ തങ്കം’. പുസ്തകമാക്കിയപ്പോൾ ഈ കഥയുടെ പേര് തങ്കം എന്ന് ചുരുക്കി.

തങ്കവും പ്രഭയും

ആദ്യ കഥയായ ‘എന്റെ തങ്ക’വും അതിലെ നായികയെയും ബഷീറിന് ഏറെ ഇഷ്ടമായിരുന്നു. അതിനാൽ തന്റെ തൂലികാനാമമായി തങ്കം എന്ന പേര് അദ്ദേഹം തിരഞ്ഞെടുത്തു. ആ പേരിൽ നിരവധി രാഷ്ട്രീയ ലേഖനങ്ങൾ അദ്ദേഹം എഴുതി.

സ്വാതന്ത്ര്യസമരകാലത്ത് ബഷീർ ഒരു സംഘടനയുണ്ടാക്കിയിരുന്നു. അതിന്റെ മുഖപത്രമായ ‘ഉജ്ജീവനം’ വാരികയിൽ പ്രഭ എന്ന തൂലികാനാമത്തിൽ അദ്ദേഹം ലേഖനങ്ങൾ എഴുതി. തീപ്പൊരി ലേഖനങ്ങളായിരുന്നു അവയെല്ലാം. വാരിക പിന്നീട് കണ്ടുകെട്ടി.

ലോകസഞ്ചാരി

സ്കൂൾ വിദ്യാഭ്യാസ കാലത്ത് ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്കു പോയ ബഷീർ 1930ൽ കോഴിക്കോട് സബ്ജയിലിൽ തടവിലായി. അതിനുശേഷം ഹിന്ദു സന്യാസിയായും സൂഫി സന്യാസിയായും അദ്ദേഹം തന്റെ ജീവിതം കഴിച്ചുകൂട്ടി. അതിനുശേഷം ആഫ്രിക്കയിലേക്കും അറേബ്യയിലേക്കും അദ്ദേഹം സഞ്ചരിച്ചു. ഇതിനിടയിൽ ജാലവിദ്യക്കാരൻ, കാവൽക്കാരൻ, പത്രവിൽപനക്കാരൻ, ഗുമസ്തൻ, പത്രാധിപർ, പാചകക്കാരൻ തുടങ്ങിയ ജോലികൾ അദ്ദേഹം ചെയ്തു. ഏകദേശം ഒമ്പതുവർഷത്തോളം നീണ്ട യാത്രയായിരുന്നു അദ്ദേഹത്തിന്റേത്. വിവിധ മനുഷ്യരെ അടുത്തറിയുകയും ഭാഷകൾ പഠിക്കുകയും മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളും തിരിച്ചറിയുകയും ചെയ്തു അദ്ദേഹം. ബഷീറിന്റെ ജീവിതംതന്നെയായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യം. ലോകസഞ്ചാരം നടത്തിയ ചുരുക്കം ചില മലയാളം എഴുത്തുകാരിൽ ഒരാളായിരുന്നു അദ്ദേഹം.

കൂടെക്കൂട്ടിയ കഠാര

ബഷീറിന്റെ കൈകളിൽ തൂലികയെന്ന പോലെ സ്ഥാനംപിടിച്ച മറ്റൊന്നാണ് കഠാര. ഒരു സുഹൃത്തുമായി നടത്തിയ പന്തയത്തെത്തുടർന്നാണ് കഠാര ബഷീറിന്റെ കൈകളിൽ എത്തുന്നത്. പിന്നീട് ഏറെക്കാലം ഒരവയവംപോലെ അദ്ദേഹമത് കൊണ്ടുനടന്നു. പിന്നീടൊരിക്കൽ അദ്ദേഹം തന്റെ ആത്മസുഹൃത്തായ പുനലൂർ രാജന് ഈ കഠാര സമ്മാനിച്ചു.

സഹജീവികളുടെ സ്നേഹിതൻ

മനുഷ്യനോടു മാത്രമല്ല, പ്രകൃതിയിലെ സർവജീവജാലങ്ങളോടും ബഷീറിന് സ്നേഹമായിരുന്നു. നോമ്പുകാലത്ത് നോമ്പ് മുറിക്കുന്ന സമയത്ത് വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങൾ ഒരു പത്രത്തിലെടുത്ത് പറമ്പിൽ കൊണ്ടുപോയി വെക്കും. പറമ്പിലെ കാക്കക്കും കുറുക്കനും കീരിക്കുമൊക്കെ ശാപ്പിടാനാണത്. ചായ കുടിച്ചാൽ ഗ്ലാസ് എപ്പോഴും കമിഴ്ത്തി വെക്കും. ബാക്കിയുള്ള ചായയിൽ ഉറുമ്പ് വീണ് ചാവാതിരിക്കാനാണത്. ബഷീറിന്റെ പത്നി ഫാബി ബഷീറിന്റെ വാക്കുകളാണിവ.

സുൽത്താനായപ്പോൾ

ബേപ്പൂർ സുൽത്താൻ എന്ന വിശേഷണം ബഷീറിനു മാത്രം അവകാശപ്പെട്ടതാണ്. ബഷീറിന്റെ വിവാഹശേഷം അദ്ദേഹം ബേപ്പൂരിൽ രണ്ടേക്കർ സ്ഥലം വാങ്ങി വീടുവെച്ചു. അങ്ങനെ കുടുംബസമേതം വൈലാലിൽ വീട്ടിൽ താമസമായി. ആ രണ്ടേക്കർ സ്ഥലത്ത് താനൊരു സുൽത്താനായി വാഴുന്നു എന്ന് അദ്ദേഹം ഒരു കത്തിൽ എഴുതി. ആ പേര് ബഷീറിന് അങ്ങനെ സ്വന്തമാവുകയും ചെയ്തു.

നിരോധിക്കപ്പെട്ട ‘പ്രേമലേഖനം’

ജാതിവ്യവസ്ഥയെയും സ്ത്രീധന സമ്പ്രദായത്തെയും വിമർശിക്കുന്ന ചെറുനോവലാണ് 1943ൽ പ്രസിദ്ധീകരിച്ച ‘പ്രേമലേഖനം’. ജോലിയില്ലാതെ വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന സാറാമ്മയും അവളുടെ വീട്ടിലെ വാടകക്കാരനായ കേശവൻ നായരുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങൾ. പ്രസിദ്ധീകരിച്ച കാലത്ത് നിരോധനവും ആക്ഷേപങ്ങളും ഏറ്റുവാങ്ങിയ നോവലായിരുന്നു ഇത്. 1948 മാർച്ച്‌ 24ന് പട്ടം താണുപിള്ള തിരുവിതാംകൂർ പ്രധാനമന്ത്രിയായിരുന്നപ്പോൾ പ്രേമലേഖനത്തിന്റെ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ബഷീർ നിവേദനമയച്ചിരുന്നു. എന്നാൽ, ഒക്ടോബർ 16ന് താണുപിള്ള രാജിവെക്കുകയും പറവൂർ ടി. കെ. നാരായണപിള്ള അധികാരമേൽക്കുകയും ചെയ്തു. പിന്നീട് 1948 നവംബർ 26നാണ് പ്രേമലേഖനത്തിന്റെ നിരോധനം എടുത്തു മാറ്റിയത്.

പെണ്ണുങ്ങളുടെ ബുദ്ധി

ബഷീറിന്റെ പ്രസിദ്ധമായ നോവലാണ് പാത്തുമ്മായുടെ ആട്. പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും അദ്ദേഹം ഇതിനു നിർദേശിച്ചിരുന്നു. ആടിനെ പ്രധാന കഥാപാത്രമാക്കി തന്നെയും തനിക്കു ചുറ്റുമുള്ളവരെയും ഉൾപ്പെടുത്തി എഴുതിയ കൃതിയാണിത്. ദേശസഞ്ചാരം കഴിഞ്ഞ് ക്ഷീണിതനായ ബഷീർ ആരോഗ്യം വീണ്ടെടുക്കാൻ വീട്ടിൽ മടങ്ങിയെത്തിയ സമയത്തെ അനുഭവങ്ങളാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്.

ബഷീറിന്റെ നാരായണി

ജയിലിലെ മതിലിനപ്പുറത്തുനിന്നുമുയരുന്ന ശബ്ദത്തിലൂടെ മാത്രം നമുക്കും ബഷീറിനും പരിചിതയായ വ്യക്തിയാണ് മതിലുകൾ എന്ന ആത്മകഥാപരമായ നോവലിലെ നാരായണി എന്ന കഥാപാത്രം. 1965ൽ പുറത്തിറങ്ങിയ ഈ നോവലിൽ രാഷ്ട്രീയത്തടവുകാരനായി ജയിലിൽ എത്തുന്ന ബഷീർ തന്നെയാണ് പ്രധാന കഥാപാത്രം. മതിലിനപ്പുറത്തെ പെൺജയിലിലെ നാരായണിയുമായി ബഷീർ ചങ്ങാത്തത്തിലാവുകയും പരസ്പരം ചെടികളും ആഹാരവസ്തുക്കളും കൈമാറുകയും ചെയ്യുന്നു. പരസ്പരം കാണുന്നതിനു മുമ്പ് ബഷീറിനെ ജയിൽമോചിതനാക്കിക്കൊണ്ടുള്ള ഉത്തരവ് വരുന്നു. ശബ്ദമിടറിക്കൊണ്ട് വൈ ഷുഡ് ഐ ബി ഫ്രീ... ഹു വാണ്ട്സ് ഫ്രീഡം... എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്.

അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ മതിലുകൾ സിനിമയായി പുറത്തിറങ്ങി. മമ്മൂട്ടിയാണ് വൈക്കം മുഹമ്മദ് ബഷീറായി അഭിനയിച്ചത്. മതിലുകളുടെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയപുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചു. സ്ത്രീ കഥാപാത്രങ്ങൾ അഭിനയിച്ചിട്ടില്ലാത്ത ചിത്രത്തിൽ കെ.പി.എ.സി ലളിതയുടെ ശബ്ദം മാത്രമാണുള്ളത്.

ബാല്യകാലസഖി

1944ൽ പ്രസിദ്ധീകരിച്ച ഈ കൃതി മജീദ്, സുഹ്‌റ എന്നിവരുടെ കഥയാണ്. 1936ൽ ദേശസഞ്ചാര കാലത്ത് ബഷീർ ഇംഗ്ലീഷിൽ എഴുതിത്തുടങ്ങിയ നോവലാണിത്. മുഴുമിപ്പിക്കാൻ കഴിയാതിരുന്ന നോവൽ പിന്നീടദ്ദേഹം മലയാളത്തിലാക്കുകയായിരുന്നു.1967ലും 2014ലും ബാല്യകാലസഖി സിനിമയായി പുറത്തുവന്നു.

നീലവെളിച്ചം

ബഷീറിന്റെ ചെറുകഥയാണ് നീലവെളിച്ചം. നീലവെളിച്ചത്തിന്റെ കഥ വികസിപ്പിച്ച് ബഷീർ എഴുതിയ തിരക്കഥയെ ആശ്രയിച്ചിറങ്ങിയ ചലച്ചിത്രമാണ് ഭാർഗവീനിലയം. മലയാളത്തിൽ അവതരിപ്പിച്ച ആദ്യ പ്രേതകഥയായിരുന്നു ഭാർഗവീനിലയം. 2023ൽ നീലവെളിച്ചം എന്ന പേരിൽ ചിത്രം വീണ്ടും പുറത്തിറങ്ങി.

കഥാബീജം

ബഷീറിന്റെ ഒരേയൊരു നാടകമാണ് കഥാബീജം. 1943ൽ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പതിനാറാം വാർഷികദിനത്തിൽ ഈ നാടകം എറണാകുളത്ത് അവതരിപ്പിച്ചിരുന്നു. 1944ൽ ഇത് പുസ്തകരൂപത്തിലാക്കുകയും ചെയ്തു.

ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്

ഒരിക്കൽ കുഞ്ഞുപാത്തുമ്മയുടെ ഉമ്മ അവളോട് പറഞ്ഞു. നിന്റുപ്പുപ്പാക്കേ ഒരാനേണ്ടാർന്ന്! ബല്യ ഒരു കൊമ്പനാന. അന്നുമുതൽ കുഞ്ഞുപാത്തുമ്മ പറയാൻ തുടങ്ങി. ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്. 1951ൽ പ്രസിദ്ധീകരിച്ച ഈ നോവലിൽ കുഞ്ഞുപാത്തുമ്മയും നിസാർ അഹമ്മദും തമ്മിലുള്ള പ്രണയവും, ഹാസ്യത്തിൽ പൊതിഞ്ഞ സാമൂഹികവിമർശനവുമാണ് പ്രധാന വിഷയം.

ആനവാരിയും എട്ടുകാലിയും

രസകരമായ പേരുകൾ, കൗതുകം നിറഞ്ഞ പ്രവൃത്തികൾ- ആരെയും ആകർഷിക്കുന്ന ബഷീർ കഥാപാത്രങ്ങളുടെ പ്രത്യേകതകൾ ഇവയൊക്കെയാണ്. എട്ടുകാലി മമ്മൂഞ്ഞ്, മണ്ടൻ മുത്തപ്പാ, ആനവാരി രാമനായർ, പൊൻകുരിശു തോമ എന്നൊക്കെയാണ് അവരുടെ പേരുകൾ.

ബഷീറിന്റെ എടിയേ

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യയായ ഫാബി ബഷീർ എന്ന ഫാത്തിമ ബീവിയുടെ ആത്മകഥയാണ് ‘ബഷീറിന്റെ എടിയേ’. ബഷീറുമായുള്ള 36 വർഷത്തെ ദാമ്പത്യജീവിതത്തിന്റെ ഓർമകളാണ് പുസ്തകത്തിൽ. ബഷീറിന്റെ വ്യക്തിജീവിതത്തിലെ അനുഭവങ്ങളും രഹസ്യങ്ങളും ഈ പുസ്തകത്തിലൂടെ ഫാബി തുറന്നുപറയുന്നു. 1957 ഡിസംബർ 18നായിരുന്നു ബഷീറുമായുള്ള വിവാഹം. 2015 ജൂലൈ 15ന് 78-ാം ജന്മദിനത്തിൽ അവർ നിര്യാതയായി.

ഗഡാഗഡിയൻ വിശേഷങ്ങൾ

-ഡുങ്കുടു, ചപ്ലാച്ചി, കുൾട്ടാപ്പൻ, ഗഡാഗഡിയൻ, പളുങ്കൂസ് തുടങ്ങിയവ ബഷീറിന്റേതു മാത്രമായ പദപ്രയോഗങ്ങളാണ്

-വൈക്കം തലയോലപ്പറമ്പിലെ ഓരോലപ്പുരയിൽ നെല്ല് പുഴുങ്ങിക്കൊണ്ടിരിക്കെയാണ് ഉമ്മ തന്നെ പ്രസവിച്ചതെന്ന് ബഷീർ പറയുന്നുണ്ട്

-സംഗീതം ഏറെ ഇഷ്ടപ്പെട്ടിരുന്ന ബഷീർ, പങ്കജ് മല്ലിക്, സൈഗാൾ തുടങ്ങിയ ഗായകരുടെ പാട്ടുകളോട് ഏറെ പ്രിയമുള്ള വ്യക്തിയായിരുന്നു

-എറണാകുളത്ത് ജീവിക്കുന്ന കാലത്ത് ബഷീഴ്സ് ബുക്ക്സ്റ്റാൾ എന്ന പുസ്തക്കട അദ്ദേഹം നടത്തിയിരുന്നു.

ഉമ്മാ, ഞാൻ ​ഗാന്ധിയെ തൊട്ട്

സ്കൂൾ പഠനകാലത്ത് കേരളത്തിലെത്തിയ ഗാന്ധിജിയെക്കാണാൻ വീട്ടിൽനിന്ന് ഒളിച്ചോടിയത് ബഷീറിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. 1930ൽ കോഴിക്കോടുവെച്ച് ഉപ്പുസത്യഗ്രഹത്തിൽ പ​ങ്കെടുത്തതിന്റെ പേരിൽ ജയിലിലാകുകയും ചെയ്തു ​അദ്ദേഹം. ഇവ പിന്നീട് തന്റെ ഓർമക്കുറിപ്പുകൾ എന്ന കഥാസമാഹാരത്തിലെ ‘അമ്മ’ എന്ന കഥയിൽ പരാമർശിക്കുന്നുണ്ട്.

​‘മനസ്സിനെയും ശരീരത്തെയും വീർപ്പുമുട്ടിക്കുന്ന ഉന്നതപ്രാകാരങ്ങളോടു കൂടിയ ഒരു ഭയങ്കര കാരാഗാരമാണ് ഇന്ത്യ’ -ഗാന്ധിജി പറഞ്ഞതാണ്. എന്നാണെന്നു നിശ്ചയമില്ല. ഗാന്ധിജി കാരണം തല്ലും ഇടിയും കൊണ്ടത് എനിക്കു നല്ല ഓർമയുണ്ട്. അടിച്ചത് ഒരു ബ്രാഹ്മണൻ, പേര്, വെങ്കിടേശ്വരയ്യർ. വൈക്കം ഇംഗ്ലീഷ് ഹൈസ്കൂൾ ഹെഡ്മാസ്റ്റരായിരുന്നു. ചൂരലുകൊണ്ടു ശക്തിയോടെ ഏഴെണ്ണം. അതു വൈക്കം സത്യാഗ്രഹകാലത്താണ്. എല്ലാ അധഃകൃത ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം അനു​വദിക്കണം. സത്യഗ്രഹികളുടെ കണ്ണുകളിൽ സവർണ്ണഹിന്ദുക്കൾ പച്ചച്ചുണ്ണാമ്പു കുത്തിനിറക്കുന്നു. മർദിക്കുന്നു. ഇതിനൊക്കെ ഒരു അറുതിവരുത്തണം. വരുന്നു ഗാന്ധിജി! ഓർമ്മയുള്ളവരുണ്ടോ​?

വൈക്കം ബോട്ടുജട്ടിയിലും കായലോരത്തും വലിയ തിരക്ക്. എങ്ങും ബഹളം. മറ്റു വിദ്യാർത്ഥികളൊന്നിച്ചു ഞാനും തിക്കിത്തിരക്കി ജനക്കൂട്ടത്തിന്റെ മുമ്പിലെത്തി. ബോട്ടിൽ ഗാന്ധിജിയെ ദൂരെവച്ചേ കണ്ടു. ജട്ടിയിൽ ബോട്ടടുത്തു. ആയിരമായിരം കണ്ഠങ്ങളിൽനിന്നു ശബ്ദം ഉയർന്നു. ഇന്ത്യയിലെ എല്ലാ അനീതികളോടുമുള്ള സമരപ്രഖ്യാപനംപോലെ. ഉഗ്രമായ ഒരു വെല്ലുവിളിപോലെ: ആയിരമായിരം കണ്ഠങ്ങളിൽനിന്നു കടലിരമ്പം മാതിരി: ‘‘മഹാത്മാ... ഗാന്ധി.... കീ..... ജേ!’’

ആ അർദ്ധനഗ്നനായ ഫക്കീർ രണ്ടു പല്ലു പോയ മോണ കാണിച്ചു ചിരിച്ചുകൊണ്ടു തൊഴുകൈയോടെ കരയ്ക്കിറങ്ങി. വല്ലാത്ത ആരവം. തുറന്ന കാറിൽ അദ്ദേഹം മെല്ലെ കയറിയിരുന്നു. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന്റെ ഇടയിലൂടെ കാർ, സത്യാഗ്രഹാശ്രമത്തിലേക്കു പതുക്കെ നീങ്ങി. വിദ്യാർത്ഥികളിൽ പലരും കാറിന്റെ സൈഡിൽ തൂങ്ങിനിന്നു; അക്കൂട്ടത്തിൽ ഞാനും. ആ ബഹളത്തിനിടയ്ക്ക് എനിക്കൊരാഗ്രഹം! ലോകവന്ദ്യനായ ആ മഹാത്മാവിനെ ഒന്നു തൊടണം! ഒന്നു തൊട്ടില്ലെങ്കിൽ ഞാൻ മരിച്ചുവീണു പോകുമെന്നെനിക്കു തോന്നി. ലക്ഷോപലക്ഷം ജനങ്ങളുടെ നടുക്ക്. ആരെങ്കിലും കണ്ടാലോ? എനിക്കു ഭയവും പരിഭ്രമവും ഉണ്ടായി. എല്ലാം മറന്നു ഞാൻ ഗാന്ധിജിയുടെ വലതുതോളിൽ പതുക്കെ ഒന്നു തൊട്ടു! വീഴാൻ പോയതിനാൽ കൈത്തണ്ടിൽ പിടിച്ചു. മസിലിനു ബലമില്ല. പിളുപിളിപ്പ്! ഗാന്ധിജി എന്നെ നോക്കി മന്ദഹസിച്ചു.

അന്നു സന്ധ്യയ്ക്കു വീട്ടിൽ ചെന്ന് അമ്മയോട് അഭിമാനത്തോടെ ഞാൻ പറഞ്ഞു: ‘ഉമ്മാ, ഞാൻ ഗാന്ധിയെ തൊട്ട്.’

ഗാന്ധിജി എന്തു സാധനമാണെന്നറിയാത്ത എന്റെ മാതാവു പേടിച്ച് അമ്പരന്നുപോയി. ‘ഹോ.. എന്റെ മകനേ!...’ അമ്മ തുറന്ന വായയോടെ എന്നെ നോക്കി.

(ഓർമക്കുറിപ്പുകൾ കഥാസമാഹാരത്തിലെ ‘അമ്മ’ എന്ന കഥയിൽനിന്ന്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vaikom Muhammad BasheerBasheer Dinam
News Summary - July 5 Vaikom Muhammad Basheer day
Next Story