Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Gandhiji
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightഗാന്ധിജിയുടെ 153 -ാം...

ഗാന്ധിജിയുടെ 153 -ാം ജന്മവാർഷികം -ഗാന്ധിയെ അറിയാം

text_fields
bookmark_border

"ഭാരതത്തിൽ അധികം പേരും ദാരിദ്ര്യരൂപത്തിൽ കിടന്നുഴലുന്നവരാണ്. അതിന്റെ പരിഹാരാർഥം എല്ലാവരും പതിവായി അരമണിക്കൂർ വീതമെങ്കിലും നൂൽ നൂൽക്കണം. വസ്ത്രങ്ങൾ അവനവൻ തന്നെയുണ്ടാക്കണം. തീണ്ടലും മദ്യപാനവും ഉപേക്ഷിക്കാത്ത കാലത്തോളം നാം കഷ്ടത അനുഭവിക്കേണ്ടി വരും. അതിനാൽ എല്ലാവരും തൽക്ഷണം തന്നെ ഈ രണ്ട് പാപകൃത്യങ്ങളെയും കൈവെടിയണം" -മഹാത്മാ ഗാന്ധിയുടെ കേരള സന്ദർശന വേളയിൽ ആലപ്പുഴയിലെ ഹരിപ്പാട് എന്ന പ്രദേശത്ത് നടത്തിയ പ്രസംഗത്തിന്റെ സംഗ്രഹമാണിത്. 1927 ഒക്ടോബർ പന്ത്രണ്ടിനായിരുന്നു ഗാന്ധിസന്ദർശനം. ഇന്ത്യയെ സ്വാ​ത​​ന്ത്ര്യത്തിലേക്ക് നയിച്ചത് ഗാന്ധിയായിരുന്നു. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് അടിത്തറ പാകിയതും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ വളർച്ചക്ക് മണ്ണൊരുക്കിയതും ഗാന്ധി തന്നെ. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ രണ്ട് അഹിംസ ദിനമായി ആചരിച്ചുവരുന്നു. അദ്ദേഹത്തിന്റെ ചര്യകളും സന്ദേശങ്ങളും ഈ പുതിയകാലത്ത് നമുക്ക് കരുത്താകണം. അദ്ദേഹത്തിന്റെ 153 -ാം ജന്മവാർഷികം ആചരിക്കുന്ന ഈസമയം അതിനുള്ള തുടക്കമാവട്ടെ.

ഗാന്ധിജി കണ്ട സ്വപ്നം

പട്ടിണിപ്പാവങ്ങൾക്കുപോലും ഇത് എന്റെ നാടാണ് എന്ന ബോധം ജനിപ്പിക്കുന്ന, ആ നാട് പടുത്തുയർത്തുന്നതിൽ അവർക്ക് പ്രധാന പങ്ക് നല്കുന്ന ഒരിന്ത്യക്കുവേണ്ടിയായിരിക്കും ഞാൻ പ്രവർത്തിക്കുക. ഉയർന്നവരും താഴ്ന്നവരുമില്ലാത്ത ഒരിന്ത്യ. എല്ലാ സമുദായങ്ങളും തികഞ്ഞ രമ്യതയോടെ വർത്തിക്കുന്ന ഒരിന്ത്യ. ആ ഇന്ത്യയിൽ അയിത്താചരണത്തിന് സ്ഥാനമുണ്ടാവുകയില്ല. സ്ത്രീകൾക്ക് പുരുഷനോടൊപ്പം തുല്യ അവസരമുണ്ടായിരിക്കും. ഇതാണ് എന്റെ സ്വപനത്തിലെ ഇന്ത്യ -ഗാന്ധിജിയുടെ വാക്കുകൾ ഇങ്ങനെ.


ഗാന്ധിയുടെ ഖാദി

ഗാന്ധിജി നിർദേശിച്ച പ്രധാന നിർമാണ പരിപാടികളിലെ ഒരു ഇനമാണ് ഖാദി. 1981 ലാണ് ഗാന്ധിജി ഖാദി പ്രസ്ഥാനം ആരംഭിക്കുന്നത്. ഇന്ത്യയിലെ ദരിദ്രജനകോടികൾക്ക് ആശ്വാസം പകരുന്ന ഉപകരണമായിട്ടാണ് ഗാന്ധിജി ഖാദിയെ കണ്ടത്. പരുത്തികൊണ്ടോ പട്ടു കൊണ്ടോ കമ്പിളികൊണ്ടോ കൈകൊണ്ട് ചർക്കപോലുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് നൂൽനൂറ്റതും കൈത്തറി ഉപയോഗിച്ച് ഇന്ത്യയിൽ നെയ്തെടുക്കുന്നതുമായ തുണിത്തരങ്ങളെയാണ് ഖാദി അഥവാ ഖദർ എന്നു വിളിക്കുന്നത്. ഇന്ത്യൻ കാലാവസ്ഥക്ക് അനുയോജ്യമായ ഖാദി വേനൽക്കാലത്ത് ധരിക്കുന്നവർക്ക് തണുപ്പുനൽകുകയും ശൈത്യകാലത്ത് ചൂട് നിലനിർത്തുകയും ചെയ്യുന്നു.


കെറ്റിൽ സംഭവം

മഹാത്മാ ഗാന്ധി വിദ്യാർഥിയായിരിക്കെ, സ്‌കൂളുകളുടെ ഇൻസ്പെക്ടറായിരുന്ന മി. ഗിൽഡ് ഒരിക്കൽ ഗാന്ധിജി പഠിക്കുന്ന സ്കൂൾ സന്ദർശിക്കുകയുണ്ടായി. അഞ്ചു വാക്കുകളുള്ള ഒരു കേട്ടെഴുത്തു പരീക്ഷ അദ്ദേഹം നടത്തി. നാലു വാക്കുകൾ ഗാന്ധി തെറ്റില്ലാതെ എഴുതിയെങ്കിലും അഞ്ചാമത്തെ വാക്കായ കെറ്റിൽ തെറ്റായാണ് എഴുതിയത്. ഇത് ശ്രദ്ധയിൽപെട്ട അധ്യാപകൻ കൂട്ടുകാരന്റേതു നോക്കി എഴുതാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചു. ഗാന്ധിജി അതിനു തയാറായില്ല. ഇൻസ്‌പെക്ടർ പോയശേഷം ആ അധ്യാപകൻ ഗാന്ധിജിയെ നന്നായി ശകാരിച്ചു. എന്നാൽ, അധ്യാപകന്റെ ശകാരത്തിനുപോലും ഗാന്ധിജിയുടെ നിലപാടിൽ മാറ്റമുണ്ടാക്കാൻ ആയില്ല. തനിക്ക് ഒരിക്കലും കോപ്പിയടി എന്ന കല അഭ്യസിക്കാൻ കഴിയില്ലെന്ന് ഗാന്ധിജി ആത്മകഥയിൽ പറയുന്നുണ്ട്.


ലണ്ടൻ വെജിറ്റേറിയൻ സൊസൈറ്റി

തന്റെ ആഹാരരീതികളിൽ മാറ്റം വരുത്തുന്നതിനും സസ്യാഹാരമാണ് മനുഷ്യന് ഏറ്റവും അനുയോജ്യമെന്ന തീരുമാനം ഉറപ്പിക്കുന്നതിനും ഗാന്ധിജിയെ ഏറെ സ്വാധീനിച്ച പുസ്തകമായിരുന്നു ഹെൻറി സാൾട്ട് എഴുതിയ പ്ലീ ഫോർ വെജിറ്റേറിയനിസം. 1890 കാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ നടന്ന സസ്യാഹാര സംഘടനയുടെ യോഗത്തിൽ ഗാന്ധിജി പങ്കെടുത്തു. അതേ വർഷം തന്നെ സസ്യാഹാര സംഘടനയുടെ ഭരണസമിതിയിലേക്ക് ഗാന്ധിജിയെ തെരഞ്ഞെടുക്കുകയും ചെയ്തു.

ഗാന്ധി കേരളത്തിൽ

1920 ആഗസ്റ്റ് 18 നായിരുന്നു ഗാന്ധിജിയുടെ ആദ്യ കേരളസന്ദർശനം. ഖിലാഫത്ത് പ്രസ്ഥാനവും നിസ്സഹകരണവും സംയോജിപ്പിച്ച് ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടം കരുത്തുറ്റതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള യാത്രയുടെ ഭാഗമായാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്. ഗാന്ധിയെ കാണുന്നതിനും അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിക്കുന്നതിനും ആയിരങ്ങളാണ് കോഴിക്കോട്ടു വെച്ച് നടത്തിയ പൊതുയോഗത്തിലേക്ക് ഒഴുകിയെത്തിയത്. ആദ്യ സന്ദർശനത്തിൽ 20 മണിക്കൂറാണ് അദ്ദേഹം മലബാറിൽ ചെലവഴിച്ചത്. ആ സന്ദർശനത്തിനുശേഷം നാലുതവണ കൂടി അദ്ദേഹം കേരളത്തിലെത്തുകയുണ്ടായി.1925 മാർച്ച് (8-19), 1927 (ഒക്ടോബർ 9-15, 25), 1934 (ജനുവരി 10-22), 1937 (ജനുവരി 12-21) എന്നീ വർഷങ്ങളിലായിരുന്നു അത്.


ഭാഷയെ സ്നേഹിച്ച ഗാന്ധി

നമ്മുടെ പഠനമാധ്യമം മാതൃഭാഷയിലാകണമെന്ന ആശയം പ്രകടിപ്പിച്ച വ്യക്തിയാണ് ഗാന്ധി. സ്വന്തം ഭാഷയെക്കുറിച്ചോർത്തു ലജ്ജിക്കുന്ന ഒരു ഭാരതീയനുമുണ്ടാകരുതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. സ്വന്തം ഭാഷയോടൊപ്പം ആശയവിനിമയത്തിനായി മറ്റൊരു സംസ്ഥാനാന്തര ഭാഷ കൂടി പഠിക്കാൻ നിർദേശിച്ച അദ്ദേഹം ഇംഗ്ലീഷ് വിരോധം ഒരിക്കലും വെച്ചുപുലർത്തിയിരുന്നില്ല. എന്നാൽ, മാതൃഭാഷയെ അവഗണിച്ചുകൊണ്ടുള്ള ഇംഗ്ലീഷ് പ്രേമത്തെ അദ്ദേഹം വിമർശിക്കുകയുണ്ടായി.

പത്രപ്രവർത്തകനായ ഗാന്ധി

മൺമറഞ്ഞ മഹാരഥന്മാരായ പത്രപ്രവർത്തകരുടെ നിരയിൽ ഗാന്ധിജിക്കും സ്ഥാനമുണ്ട്. ദക്ഷിണാഫ്രിക്കയിലായിരുന്ന കാലം മുതൽക്കുതന്നെ അദ്ദേഹത്തിന് പത്രപ്രവർത്തനവുമായി ബന്ധമുണ്ടായിരുന്നു. ഇന്ത്യൻ ഒപീനിയൻ, നവജീവൻ, യങ് ഇന്ത്യ, ഹരിജൻ എന്നിവയായിരുന്നു ഗാന്ധിജിയുടെ പത്രികകൾ. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പ്രകടിപ്പിക്കാനും ഭരണകൂടത്തിന്റെ വംശീയ അസഹിഷ്ണുത, ദക്ഷിണാഫ്രിക്കയിൽ വർധിച്ചുവന്നിരുന്ന വർണവിവേചനം എന്നിവക്ക് മറുപടിയായാണ് ഇന്ത്യൻ ഒപീനിയൻ ആരംഭിച്ചത്. തന്റെ പത്രങ്ങൾ സത്യം മാത്രമേ പ്രചരിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്താൻ പരസ്യങ്ങൾ ഒന്നും തന്നെ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നില്ല. ഉപഭോക്താക്കളിൽ നിന്നുള്ള വരുമാനം മാത്രമായിരുന്നു ഗാന്ധിജിയുടെ പത്രങ്ങൾക്കുണ്ടായിരുന്നത്. ഇന്ത്യൻ ഒപീനിയന്റെ പ്രാധാന്യം അതിന്റെ വലുപ്പത്തിലല്ല, ഉള്ളടക്കത്തിലായിരുന്നു.


ഹരിജൻ സേവക് സംഘ്

1932ൽ ഗാന്ധിജി യർവാദാ ജയിലിൽ നിരാഹാരമിരുന്ന സമയത്തുണ്ടാക്കിയ സംഘടനയാണിത്. ഡൽഹിയായിരുന്നു ഇതിന്റെ ആസ്ഥാനം. ഹരിജനങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനത്തിനും സാമൂഹിക പുരോഗതിക്കും വേണ്ടി രൂപംകൊണ്ട സംഘടനയായിരുന്നു ഇത്.

ഗാന്ധിജിയുടെ സ്വത്ത്

ലളിത ജീവിതത്തിന്റെ ആൾരൂപമായിരുന്നു ഗാന്ധിജി. വളരെ അത്യാവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ മാത്രമായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്. പ്രാർഥനാ ഗ്രന്ഥം, ആഹാരം കഴിക്കാനുള്ള പാത്രം, ഘടികാരം, കോളാമ്പി, മെതിയടി, കത്രിക ഇവ മാത്രമായിരുന്നു ഗാന്ധിജിയുടെ ആകെയുള്ള സമ്പാദ്യം.


എന്നെ കൊന്നോളൂ ആരുമറിയില്ല

ബിഹാറിലെ ചമ്പാരനിൽ നീലം കർഷകർക്ക് വേണ്ടി ഗാന്ധിജി സമരം നടത്തുന്ന സമയം. വെള്ളക്കാരായ തോട്ടം ഉടമകൾ ഗാന്ധിജിക്കെതിരായി നില കൊണ്ടു. ഇതേ സമയം നീലം കർഷകർ ഗാന്ധിജിയുടെ വീടിനു കാവൽ നിന്നു. ഒരു തോട്ടം ഉടമ തന്നെ കൊല്ലാൻ തീരുമാനിച്ച വിവരം ഗാന്ധിജി അറിഞ്ഞിരുന്നു. ഒരു രാത്രി കർഷകർ അറിയാതെ ഗാന്ധിജി ആ തോട്ടം ഉടമയുടെ വീട്ടിലെത്തി. വാതിൽ തുറന്ന തോട്ടം ഉടമയോട് ഇങ്ങനെ പറഞ്ഞു. 'നിങ്ങൾ കൊല്ലാൻ ആഗ്രഹിക്കുന്ന ആൾ ഞാനാണ്, ഇവിടെ ഞാൻ വന്നത് ആരുമറിഞ്ഞിട്ടില്ല, നിങ്ങൾ എന്നെ കൊന്നോളൂ' ലജ്ജ കൊണ്ട് തല താഴ്ത്തിയ തോട്ടം ഉടമ ഗാന്ധിജിയോട് മാപ്പുപറഞ്ഞു.

നടന്ന് നടന്ന്

അൽപം ആഹാരം കഴിച്ചും അധിക ദൂരം നടന്നുമാണ് ഗാന്ധിജി ആരോഗ്യം നിലനിർത്തിയതെന്ന് അദ്ദേഹത്തിന്റെ 150ാം ജന്മവാർഷികാഘോഷ വേളയിൽ പുറത്തിറക്കിയ ഗാന്ധി ആൻഡ് ഹെൽത്ത് അറ്റ് 150 എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 1913 നും 1938 നും ഇടയിൽ ആകെ 79,000 കിലോമീറ്റർ ഗാന്ധിജി നടന്നിട്ടുണ്ടെന്ന് പുസ്തകം പറയുന്നു. ലണ്ടൻ ജീവിതത്തിനിടയിൽ അത്താഴം കഴിഞ്ഞാൽ നടക്കുന്നതുൾപ്പെടെ ദിവസവും 12.6 കിലോമീറ്റർ നടക്കുന്നത് പതിവാക്കിയിരുന്നെന്നും പുസ്തകത്തിലുണ്ട്.


തുണിയലക്കിയ ഗാന്ധിജി

എന്തു ജോലിചെയ്യാനും ഗാന്ധിജിക്ക് മടിയില്ലായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ആശ്രമജീവിതത്തിന് അതിഥികൾ വരുമ്പോൾ മുഖ്യ പാചകക്കാരൻ ഗാന്ധിജി ആയിരുന്നു. ഒരിക്കൽ തന്റെ രാഷ്ട്രീയ ഗുരുവായ ഗോപാലകൃഷ്ണ ഗോഖലെ ദക്ഷിണാഫ്രിക്ക സന്ദർശിച്ച വേളയിൽ അദ്ദേഹത്തിന്റെ മുഷിഞ്ഞ വസ്ത്രങ്ങളെല്ലാം അലക്കി തേച്ചു നൽകിയത് ഗാന്ധിജി ആയിരുന്നു. എല്ലാ തൊഴിലും സേവന മനോഭാവത്തോടെ ചെയ്യാൻ നാം തയാറാകുമ്പോഴാണ് ഈശ്വരസേവ ആകുന്നതെന്ന് ഗാന്ധിജി വിശ്വസിച്ചു.

പുസ്തകങ്ങളിലൂടെ ഗാന്ധിയെ അറിയാം

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ -മഹാത്മാഗാന്ധി

എന്റെ ഹൃദയത്തിലെ ഗാന്ധി - നിത്യചൈതന്യയതി

മഹാത്മാവിന്റെ മാർഗം - സുകുമാർ അഴീക്കോട്

മഹാത്മാഗാന്ധി - കെ.പി. കേശവമേനോൻ

ഗാന്ധിജി: നവോത്ഥാന ദാർശനികൻ - ഡോ. കെ.എസ്. രാധാകൃഷ്ണൻ

മഹാത്മാഗാന്ധി കമ്പ്യൂട്ടർ യുഗത്തിൽ - പ്രഫ. എൻ. രാധാകൃഷ്ണൻ

ഗാന്ധിജി ചില അനുഭവകഥകൾ - ജി. രവീന്ദ്ര വർമ

ഗാന്ധിജിയുടെ ജീവിതകഥ - പയ്യന്നൂർ കുഞ്ഞിരാമൻ

ഗാന്ധിജിയും പരിസ്ഥിതിയും - ഡോ. ആർ. പ്രസന്നകുമാർ

മഹാത്മാവിന്റെ കർമപഥങ്ങൾ - ഡോ. ആർസു

Show Full Article
TAGS:Gandhi Jayanti
News Summary - Gandhi Jayanti 2 October
Next Story