Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Jawaharlal Nehru
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightകുട്ടികളുടെ ദിനം

കുട്ടികളുടെ ദിനം

text_fields
bookmark_border

കുട്ടികൾ ഏറെ ഇഷ്ടപ്പെട്ട, കുട്ടികളെ ഏറെ ഇഷ്ടപ്പെട്ട ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ, കുട്ടികളുടെ സ്വന്തം ‘ചാച്ചാജി’യുടെ ജന്മദിനമാണ് നവംബർ 14ന് നാം ശിശുദിനമായി ആചരിക്കുന്നത്. കുട്ടികൾക്ക് വേണ്ടി ഒരുദിനം. കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും ഊന്നൽ നൽകാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം. രാജ്യത്തെ കുട്ടികൾക്ക് അവരുടെ ജീവിതം മതിവരുവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങൾ ഒരുക്കുകയാണ്​ ശിശുദിനാഘോഷങ്ങളുടെ ലക്ഷ്യം.

ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍ എന്ന് ഉറച്ചുവിശ്വാസിച്ച നെഹ്റു കുട്ടികളെ സ്നേഹിച്ചും ലാളിച്ചും കുട്ടികൾക്കുവേണ്ടി പദ്ധതികൾ തയാറാക്കിയും അവരെ ഭാവിയുടെ വാഗ്​ദാനങ്ങളാക്കി മാറ്റിയെടുക്കാനുതകുന്ന പ്രവർത്തനങ്ങൾക്ക്​ ചുക്കാൻപിടിച്ചു. കുട്ടികളോട്​ സംവദിക്കാനും അവരോടൊപ്പം കളിക്കാനും ഏറെ ഇഷ്ടപ്പെട്ടിരുന്ന ഭരണാധികാരിയായിരുന്നു ജവഹർലാൽ നെഹ്റു. കുട്ടികളെയെന്നപോലെ പനിനീർ പൂക്കളേയും പക്ഷിമൃഗാദികളേയും നെഹ്റു ഏറെ ഇഷ്ടപ്പെട്ടിരുന്നു.

ജനനം, ജീവിതം

അലഹബാദിലെ സമ്പന്ന കശ്മീരി പണ്ഡിറ്റ് കുടുംബത്തിലാണ് നെഹ്രുവിന്റെ ജനനം. പിതാവ് മോത്തിലാൽ നെഹ്​റു. മാതാവ് സ്വരൂപ് റാണി തുസ്സു. മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിൽ നെഹ്​റുവി​െൻറ പിതാവ് വളരെയേറെ​ ശ്രദ്ധിച്ചിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ജവഹർലാൽ നെഹ്റു ഇംഗ്ലണ്ടിലെ ഹാരോ സ്കൂൾ, കാംബ്രിജ് -ട്രിനിറ്റി കോളജ് എന്നിവിടങ്ങളിൽനിന്ന് സർവകലാശാല വിദ്യാഭ്യാസം നേടി. ട്രിനിറ്റി കോളജിൽനിന്ന്​ അദ്ദേഹം ജീവശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. തുടർന്ന് ലണ്ടനിലെ ഇന്നർ ടെംപിളിൽനിന്ന്​ നിയമപഠനം പൂർത്തിയാക്കുകയും1912ൽ ബാരിസ്റ്റർ പരീക്ഷ വിജയകരമായി പൂർത്തിയാക്കുകയും ചെയ്​തു. പഠനകാലത്ത്​ നെഹ്റു യൂറോപ്പിലെ വിവിധ പ്രദേശങ്ങളിലൂടെ​ യാത്രചെയ്യുകയും അവരുടെ സംസ്​കാരത്തെ അടുത്തറിയുകയും ചെയ്തു. 1916ൽ മാതാപിതാക്കളുടെ താൽപര്യപ്രകാരം കമലയെ വിവാഹം കഴിച്ചു. രണ്ടു വർഷത്തിന്​ ശേഷം അവർക്ക്​ ഒരു മകൾ പിറന്നു. അവളെ അവർ ഇന്ദിരയെന്നു വിളിച്ചു. ഇന്ത്യയുടെ ഉരുക്കുവനിത എന്നറിയപ്പെടുന്ന, രാജ്യത്തി​െൻറ ഒരേയൊരു വനിത പ്രധാനമന്ത്രിയായി മാറി ഇന്ദിര ഗാന്ധി.

നെഹ്റുവും സ്വാതന്ത്ര്യസമരവും

ഇന്ത്യയിലെ ബ്രിട്ടീഷ്​ ആധിപത്യത്തിനെതിരെ ഇന്ത്യൻ നാഷനൽ കോൺഗ്രസി​െൻറ നേതൃത്വത്തിൽ നെഹ്റു സ്വാതന്ത്ര്യസമര പോരാട്ടത്തിലേക്കിറങ്ങി. പിതാവ്​ മോത്തിലാൽ നെഹ്​റു ഇന്ത്യൻ നാഷനൽ ​േകാൺഗ്രസി​ന്റെ പ്രസിഡൻറായി സേവനമനുഷ്​ഠിച്ചിരുന്നപ്പോഴാണ് നെഹ്റു ദേശീയ പ്രസ്​ഥാനത്തിനൊപ്പം ചേർന്ന്​ സ്വാതന്ത്ര്യസമരത്തിലേക്ക്​ കടന്നത്. 1930കളിൽ അദ്ദേഹം സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. ഇതിനിടെ ജയിൽവാസവും അനുഷ്​ഠിച്ചു. 1928ൽ സമരഭൂമിയിൽനിന്ന് മസൂറിയിൽ താമസിക്കുന്ന മകൾ ഇന്ദിരക്ക് നെഹ്റു എഴുതിയ കത്തുകൾ പിന്നീട് ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു. കേവലം സുഖാന്വേഷണങ്ങളായിരുന്നില്ല ഈ കത്തുകളുടെ ഉള്ളടക്കം. ഭൂമിയുടെ ഉത്ഭവവും ലോകത്തിന്റെ പരിണാമവും ആര്യൻമാരുടെ കുടിയേറ്റവും രാമായണവും മഹാഭാരതവും തുടങ്ങി ഈ ലോകത്തെക്കുറിച്ച് അറിയേണ്ട വിവരങ്ങളെല്ലാം കത്തുകളിലൂടെ നെഹ്റു പകർന്നുനൽകി.

നവഭാരത ശിൽപിയായ ചാച്ചാജി

ചാച്ചാജിയെ നവഭാരത ശിൽപി എന്ന്​ വിശേഷിപ്പിക്കാറുണ്ട്​. ബ്രിട്ടീഷുകാരുടെ കൈകളിൽനിന്ന്​ ജീവച്ഛവമെന്നപോലെ കിട്ടിയ ഇന്ത്യക്ക് സ്വന്തം നിലനിൽപിനുള്ള ശക്തി ആർജിച്ചെടുക്കാൻ സാധിച്ചത് പ്രധാനമായും നെഹ്​റുവി​​ന്റെ വീക്ഷണങ്ങളാലാണെന്നതാണ്​ അതിനു കാരണം. സംഘടനാസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, ജാതി, മതം, വർണം എന്നീ വേർതിരിവില്ലാതെ നിയമം സമത്വപൂർണമായി നടപ്പിലാക്കുക, കർഷകതാൽപര്യങ്ങൾ സംരക്ഷിക്കുക, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ എന്നീ ദുരാചാരങ്ങൾ ഉന്മൂലനംചെയ്യുക, വ്യവസായങ്ങൾ ദേശസാത്കരിക്കുക, മതനിരപേക്ഷ ഇന്ത്യ സാക്ഷാത്​കരിക്കുക എന്നതൊക്കെയായിരുന്നു നെഹ്രുവി​െൻറ ദർശനത്തിലുള്ള ഭാവി ഇന്ത്യ. ഇതിനായി ‘അടിസ്ഥാന അവകാശങ്ങളും സാമ്പത്തിക നയങ്ങളും’ എന്ന പേരിലുള്ള ഒരു പ്രമേയം നെഹ്രു അവതരിപ്പിക്കുകയും ചെയ്​തു.

1947 ആഗസ്​റ്റ്​ 15ന്​ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റ നെഹ്​റു 1964വരെ ഇന്ത്യയെ നയിച്ചു. ദേശീയ ആസൂത്രണ കമീഷൻ രൂപവത്കരിക്കുകയും 1951ൽ ആദ്യത്തെ പഞ്ചവത്സര പദ്ധതിക്ക്​ രൂപംനൽകുകയും ചെയ്തു. കുട്ടികളിൽ പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നൽകുന്ന പരിപാടിക്ക് അദ്ദേഹത്തി​െൻറ ഭരണകാലത്താണ് തുടക്കമിട്ടത്. ഗ്രാമങ്ങൾതോറും ആയിരക്കണക്കിന് വിദ്യാലയങ്ങൾ നിർമിക്കുകയും പ്രാഥമികവിദ്യാഭ്യാസം പൂർണമായും സൗജന്യമാക്കുകയും ചെയ്​തതിലൂടെ വിദ്യാഭ്യാസമേഖലയിൽ അദ്ദേഹം വിപ്ലവകരമായ ചുവടുവെപ്പുകൾ നടത്തി. 1955ൽ രാജ്യം ജവഹർലാൽ നെഹ്റുവിനെ ഭാരത് രത്ന പുരസ്കാരം നൽകി ആദരിച്ചു. 1964 മേയ് 27ന്​​ കുട്ടികളുടെ പ്രിയ ചാച്ചാജി ഈ ലോകത്തോട് വിടപറഞ്ഞു.

അന്തർദേശീയ ശിശുദിനം

ഇന്ന്​ ഏകദേശം 117 രാജ്യങ്ങൾ പല ദിനങ്ങളിലായി ശിശുദിനം ആഘോഷിച്ചു വരുന്നുണ്ട്​. നവംബർ 20നാണ് അന്തർദേശീയ ശിശുദിനം ആചരിക്കുന്നത്.

ജനീവയിലെ അന്തർദേശീയ ശിശുക്ഷേമ സംഘടനയുടെ (International Union for Child Welfare) മേൽനോട്ടത്തിൽ 1953 ഒക്ടോബറിലാണ് ലോകത്താകമാനം ശിശുദിനാഘോഷത്തിന് തുടക്കമിട്ടത്. അന്തർദേശീയ ശിശുദിനം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് കേന്ദ്ര വിദേശകാര്യമന്ത്രിയായിരുന്ന മലയാളിയായ വി.കെ. കൃഷ്ണമേനോനായിരുന്നു.

ശിശുദിനം വിവിധ രാജ്യങ്ങളിൽ

ജപ്പാൻ – മേയ് 5

തുർക്കിയ – ഏപ്രിൽ 23

നൈജീരിയ – മേയ് 27

വെനസ്വേല – ജൂലൈയിലെ മൂന്നാം ഞായറാഴ്ച

പരാഗ്വെ –ആഗസ്റ്റ് 16

ചൈന – ജൂൺ 1

അർജൻറീന – ആഗസ്റ്റിലെ രണ്ടാം ഞായറാഴ്ച

ശ്രീലങ്ക – ഒക്ടോബർ 1

ബ്രസീൽ – ഒക്ടോബർ 12

തായ്വാൻ – ഏപ്രിൽ 4

തായ്ലൻഡ് – ജനുവരിയിലെ രണ്ടാം ശനിയാഴ്ച

പ്രധാന കൃതികൾ

ഇന്ത്യയെ കണ്ടെത്തൽ (The discovery of India)

ലോക ചരിത്രാവലോകം (Glimpses of World history)

ഒരച്ഛൻ മകൾക്കയച്ച കത്തുകൾ (Letters from a Father to his Daughter)

ഒരുകൂട്ടം പഴയ കത്തുകൾ (A bunch of old letters)

ഇന്ത്യയിൽ 18 മാസങ്ങൾ (Eighteen months in India)

ഇന്ത്യയും ലോകവും (India and world)

ഇന്ത്യയുടെ ഐക്യം (The unity of India)

അടിസ്ഥാന സമീപനം (Basic Approach)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jawaharlal NehruChildrens Day
News Summary - Childrens Day 2023
Next Story