
അകിയയുടെ ഫോട്ടോഗ്രാഫിക് ജേണി
text_fieldsപ്രകൃതിയെയും ചുറ്റുവട്ട കാഴ്ചകളെയും കാമറക്കണ്ണിലൂടെ ഒപ്പിയെടുത്ത് ശ്രദ്ധേയയായ കുഞ്ഞ് ഫോട്ടോഗ്രാഫറാണ് അകിയ കൊമാച്ചി. 'അകിയ കൊമാച്ചി ഫോട്ടോഗ്രാഫിക് ജേണി' എന്ന നിരവധി കാഴ്ചക്കാരുള്ള വ്ലോഗിെൻറ ഉടമയും. ഫോട്ടോഗ്രാഫർ അജീബ് കൊമാച്ചിയുടെയും ജസീനയുടെയും മകൾ. സഹോദരങ്ങളായ അഖിനും അഖിലും ഫോട്ടോഗ്രാഫർമാർ. ഫോട്ടോഗ്രഫി കുടുംബത്തിലെ ഇൗ ഇളമുറക്കാരി ഇതിനോടകം ക്ലിക്ക് ചെയ്ത ചിത്രങ്ങൾക്ക് കണക്കില്ല. ആറാം ക്ലാസിൽ പഠിക്കുമ്പോൾതന്നെ അവൾ തെൻറ ഫോട്ടോകൾ ഉൾപ്പെടുത്തി ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ പ്രദർശനം നടത്തി. ഇപ്പോൾ വ്ലോഗിങ് രംഗത്തും താരമാണ് അകിയ. ഫാറൂഖ് കോളജ് കരിങ്കല്ലായി വെനേറിനി സ്കൂളിൽ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. അകിയ പറയുന്നു...
ചെറുപ്പംതൊട്ടേ കാമറയോടാണ് കൂട്ടുകൂടിയത്. പപ്പയും സഹോദരങ്ങളും കാമറയിൽ ചിത്രങ്ങൾ പകർത്തുന്നത് കൗതുകത്തോടെ നോക്കിനിന്നിരുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാമറ ക്ലിക്ക് ചെയ്യാൻ പഠിക്കുന്നത്. പിന്നീട്, കൺമുന്നിൽ കാണുന്നതൊക്കെ ഫോേട്ടായാക്കും. ആദ്യ കോവിഡ് ലോക്ഡൗൺ സമയത്താണ് ചിത്രങ്ങൾ പകർത്താൻ സമയം ഏറെ കിട്ടിയത്.
ലോക്ഡൗണിലെ ഒാരോ ദിവസവും ആദ്യമൊക്കെ വിരസമായി തോന്നി. കൂടുതൽ സമയവും മൊെെബലിൽ ചെലവഴിച്ചു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതും മടുത്തു. സമയം വെറുതെ കളയാതെ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു തോന്നി. പ്രകൃതിയുടെ വർണങ്ങൾ ഒപ്പിയെടുക്കാൻ ഇതോടെ കാമറയെ കൂട്ടുപിടിച്ചു. ഫോട്ടോഗ്രഫിയിലെ ഗോൾഡൻ ഹവർ എന്നറിയപ്പെടുന്ന രാവിലെ ആറു മണിക്കും എട്ടിനും ഇടയിലുള്ള സമയം വീടിെൻറ മുറ്റത്തേക്കിറങ്ങും. വെറുതെ അങ്ങ് ക്ലിക്ക് ചെയ്യും. പേക്ഷ, രസമുള്ള ചില കാഴ്ചകൾ അതിലുണ്ടാവും.
പിന്നീടങ്ങോട്ട് കാമറയുമായി വലിയ ചങ്ങാത്തമായി. കാമറ കൂടെ ഉണ്ടെങ്കിൽപിന്നെ എന്നും ഹാപ്പി. വീടിന് അടുത്ത് ഒരു കാവ് ഉണ്ട്. ഇവിടെയെത്തുന്ന പലതരം കിളികളുടെ ചിത്രങ്ങൾ പകർത്തലായി പിന്നീട് ഹോബി. വീട്ടുമുറ്റത്തെ മരത്തിൽ ചെറിപ്പഴം തിന്നാനെത്തുന്ന കിളികളായിരുന്നു പ്രധാന 'മോഡലുകൾ'. ചിലപ്പോഴൊക്കെ അവ എനിക്ക് ഫോട്ടോയെടുക്കാനായി പോസ് ചെയ്യുന്നുണ്ടോയെന്ന് തോന്നാറുണ്ട്. വീട്ടിലെ പുതിയ അതിഥിയായി ഒരു കുരങ്ങനും ഇൗ സമയം എത്തി. മഹാവികൃതിക്കാരനായ അവന് വികൃതിക്കുട്ടൻ എന്നു പേരുമിട്ടു. അവൻ ആറു മാസത്തോളം ഇവിടെ ഉണ്ടായിരുന്നു.
കുഞ്ഞോളായിരുന്നു വീട്ടിലെ മറ്റൊരു കൂട്ടുകാരി. ഒരു കുഞ്ഞി തത്തമ്മ. ലോക്ഡൗണിൽ വീട്ടിൽ തനിച്ചായ എെൻറ കൂട്ടുകാർ അവരുടെ വിഷമങ്ങൾ എന്നോട് പറഞ്ഞിരുന്നു. ഇതൊക്കെ കേട്ടപ്പോഴാണ് ഒരിടത്തുതന്നെ ഒന്നും ചെയ്യാനാവാതെ അകപ്പെട്ടുപോവുന്നതിെൻറ ദുഃഖം എനിക്ക് മനസ്സിലായത്. ഇതോടെ കൂട് തുറന്ന് ഞാനെെൻറ കുഞ്ഞോളെ സ്വതന്ത്രയാക്കി. റെഡ് ബഗ് എന്ന ഒരു കുഞ്ഞുജീവിയെ ഇതിനിടയിൽ കണ്ടു. ഇതിനെ എല്ലാ ദിവസവും നിരീക്ഷിക്കാൻ തുടങ്ങുകയും വിഡിയോയും ഫോട്ടോയും പകർത്തുകയും ചെയ്തു. വീടിനു മുകളിൽ പപ്പയും മമ്മയും സഹോദരങ്ങളും ഞാനും ചേർന്ന് കൃഷിയും തുടങ്ങി. രാവിലെ കുറച്ച് സമയം ഇവിടെ ചെലവഴിക്കും.
യൂട്യൂബിൽ വ്ലോഗുകൾ ഇപ്പോൾ ചെയ്യുന്നുണ്ട്. 'അകിയ കൊമാച്ചി ഫോട്ടോഗ്രാഫിക് ജേണി' എന്ന വ്ലോഗ് ഒരുപാട് പേർ ഏറ്റെടുത്തതിൽ വലിയ സന്തോഷമുണ്ട്. ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട എെൻറ അറിവുകൾ വ്ലോഗിലൂടെ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാറുണ്ട്. ഇതെനിക്ക് വലിയ സന്തോഷം തരുന്ന കാര്യമാണ്. വായനയോടും യാത്രകളോടും എന്തെന്നില്ലാത്ത കൊതിയാണ്. ആർക്കിയോളജിസ്റ്റ് ആവണമെന്നാണ് ആഗ്രഹം. ജീവിതത്തിൽ എവിടെ എത്തിയാലും ഫോട്ടോഗ്രഫി മുറുകെ പിടിക്കും, അതെെൻറ ശ്വാസമാണ്.
തയാറാക്കിയത്: വിപിൻ വാസുദേവൻ