Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കൊഴിഞ്ഞ ഇലകളും തളിരിട്ട കിനാക്കളും
cancel
Homechevron_rightVelichamchevron_rightGK Cornerchevron_rightകൊഴിഞ്ഞ ഇലകളും...

കൊഴിഞ്ഞ ഇലകളും തളിരിട്ട കിനാക്കളും

text_fields
bookmark_border

ഖിയിൽ തുടങ്ങി, പ്രളയം, നിപ, ഉരുൾപൊട്ടലുകൾ, കോവിഡ് എന്നിവ സൃഷ്ടിച്ച ആഘാതങ്ങളിൽനിന്ന് കേരളം മെല്ലെ കരകയറാൻ തുടങ്ങിയ വർഷം. കേരളത്തെ പിടിച്ചു കുലുക്കിയൊന്നുമില്ലെങ്കിലും കൊച്ചു പ്രകമ്പനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞ രണ്ട് ആത്മകഥകൾ ഈ വർഷമിറങ്ങി. സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന എം. ശിവശങ്കറിന്റെ ആത്മകഥയാണ് ആദ്യം പൊട്ടിയ വെടി. അധികം വൈകിയില്ല, മറ്റൊരു പ്രതി സ്വപ്ന സുരേഷിന്റെ പേരിലും ആത്മകഥ വന്നു. അവയുടെ ഓളങ്ങൾ ആരെയും അങ്ങനെയങ്ങ് ഭയപ്പെടുത്തിയില്ലെങ്കിലും ബെസ്റ്റ് സെല്ലർ ഗണത്തിൽപ്പെട്ടു. ആത്മകഥയിൽ ശിവശങ്കർ കേരളത്തിലെ ജയിലുകളുടെ ദയനീയ സ്ഥിതിയെക്കുറിച്ച് പരിമിതമായെങ്കിലും തുറന്നെഴുതിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥൻ അത്രയും എഴുതിയിട്ടും, മറ്റ് കഥകൾ വായിക്കുന്ന തിരക്കിൽ, അതാരും കണ്ടമട്ടു കൂടി കാണിച്ചില്ല.

തിമിർത്തുകളിച്ച് ഗവർണർ

കേരള രാഷ്ട്രീയത്തെ ദേശീയ ശ്രദ്ധയിൽ നിലയുറപ്പിച്ചുനിർത്തുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശിതരൂർ തുടങ്ങിയവർ വഹിച്ച പങ്ക് ചെറുതല്ല. കേന്ദ്ര ഭരണകക്ഷിയുടെ എതിരാളികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര സാമന്തന്മാരായ ഗവർണർമാർ സംസ്ഥാന ഭരണകൂടത്തിന്റെ മെക്കിട്ടുകയറുന്നത് സ്ഥിരം കലാപരിപാടിയാണ്. തുടക്കത്തിൽ അത്രക്കങ്ങ് സീനിൽ വരാതെ നിന്ന ഗവർണർ ഇക്കൊല്ലമാണ് തിമിർത്തുകളിക്കാൻ തുടങ്ങിയത്. തുടക്കത്തിൽ, കളിയായി തോന്നിയെങ്കിലും ഇപ്പോൾ അടിക്ക് തിരച്ചടിയെന്നമട്ടിൽ നിൽക്കുകയാണ് ആരിഫ് മുഹമ്മദ്ഖാനും പിണറായി വിജയനും. സർക്കാറിന്റെ ഓർഡിനൻസുകളും ബില്ലുകളും പിടിച്ചുവെക്കുന്ന ഗവർണറെ നയപ്രഖ്യപനത്തിനു പോലും നിയമസഭയിൽ കയറ്റാതിരിക്കുന്നതിനുള്ള ഗവേഷണത്തിലാണ് സർക്കാറിപ്പോൾ.

തലപ്പൊക്കം കാട്ടി തരൂർ

സർ സി. ശങ്കരൻ നായർക്കുശേഷം കേരളത്തിൽനിന്നൊരു കോൺഗ്രസ് പ്രസിഡന്‍റ് എന്നായിരുന്നു ശശി തരൂരിലൂടെ സ്വപ്നം കണ്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതോടെ ദേശീയ തലത്തിൽ ശ്രദ്ധ നേടിയ തരൂർ ഇറങ്ങിക്കളിച്ച് സംസ്ഥാനത്തും സ്വാധീനമുറപ്പിച്ചു. കോൺഗ്രസ് പ്രസിഡന്‍റായില്ലെങ്കിലും അടുത്ത മുഖ്യമന്ത്രിയാവാൻ പറ്റുമോ എന്ന സ്വപ്നത്തിലാണ് തരൂരിപ്പോൾ. സമുദായനേതാക്കളെ വണങ്ങാനുള്ള കേരളയാത്രയിലാണ് അദ്ദേഹമിപ്പോൾ. തൃക്കാക്കര വിജയത്തോടെ, അടുത്ത മുഖ്യമന്ത്രിയാവാൻ ഒരുങ്ങിയിരുന്ന വി.ഡി. സതീശന്റെയും കെ.സി. വേണുഗോപാലിന്റെയും സ്വപ്നങ്ങൾ കൊഴിച്ചാണ് തരൂരിന്‍റെ പുറപ്പാട്. കഴിഞ്ഞ തവണ ആഗ്രഹിച്ചത് നടക്കാതെപോയ എൻ.എസ്.എസിന്റെ സുകുമാരൻ നായർ തരൂരിനെപ്പിടിച്ചെങ്കിലും ആഗ്രഹ സഫലീകരണത്തിനുള്ള ശ്രമത്തിലാണ്. നാക്കുപിഴകളിലൂടെ അബദ്ധങ്ങളിൽ ചാടിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അൽപം അടങ്ങിയിരിക്കുകയാണ്.

ഷംസീർ സഭാധ്യക്ഷൻ

ഭരണപക്ഷത്ത് സി.പി.ഐയിലാണ് ഒരു ‘സാർവദേശീയ വിഷയത്തിൽ ഉന്നതമായ സൈദ്ധാന്തിക ചർച്ച’ നടന്നത്. സെക്രട്ടറിയുടെ വയസ്സായിരുന്നു വിഷയം. കാനം രാജേന്ദ്രൻ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായതോടെ അതിന് പരിഹാരമായി.

നിയമസഭയിലെ രോഷാകുലനായ ചെറുപ്പക്കാരനായിരുന്ന എ.എം. ഷംസീർ സഭാധ്യക്ഷനാകുന്ന പരിവർത്തനവും കേരളം കണ്ടു. ഷംസീർ ഇപ്പോൾ നല്ല മര്യാദരാമനായി എന്ന സർട്ടിക്കറ്റ് സാക്ഷാൽ എ.കെ. ആന്‍റണി തന്നെ നൽകിയിരിക്കുകയാണ്. ആനന്ദലബ്ധിക്ക് ഇനിയെന്തു വേണം!

തുഷാർ തെലങ്കാന

ഇതിനിടെ, ഒരു മലയാളി അഖിലേന്ത്യ ‘കുപ്രസിദ്ധനായ’ രാഷ്ട്രീയ നേതാവായി ഉയർന്നുവരുന്നതും കാണാനായി. ബി.ഡി.ജെ.എസ് പ്രസിഡന്‍റും വെള്ളാപ്പള്ളി നടേശന്‍റെ മകനുമായ തുഷാർ വെള്ളാപ്പള്ളിയാണ് ആ ‘മഹാൻ’. തന്റെ സർക്കാറിനെ അട്ടിമറിക്കാൻ തുഷാർ പണം നൽകാൻ ശ്രമിച്ചുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ആരോപിച്ചിരിക്കുന്നത്. ഇതുവരെ ഇവിടെ ഗ്രാമപഞ്ചായത്ത് വാർഡിൽപോലും ബി.ഡി.ജെ.എസ് ജയിച്ചതായിട്ട് ആർക്കും അറിവില്ല. അതിന്‍റെ നേതാവാണ് മറ്റൊരു സംസ്ഥാനത്തെ സർക്കാറിനെ താഴെയിറക്കാനിറങ്ങി പുറപ്പെട്ടിരിക്കുന്നത്!

ടീച്ചറമ്മയും കോവിഡും

കോവിഡ് കാലത്ത് കേരളത്തിന്‍റെ പ്രവർത്തനം കണ്ട്, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറലിനെ മാറ്റി, കെ.കെ. ശൈലജയെ അവിടെ നിയമിക്കണം എന്നു വരെ ചിന്തിച്ച സാധാരണ മനുഷ്യരുണ്ട് നാട്ടിൽ. ടീച്ചർ മഗ്സസെ അവാർഡിന് വരെ പരിഗണിക്കപ്പെട്ടു. പക്ഷേ, അത് വാങ്ങേണ്ട എന്നായിരുന്നു പാർട്ടി തീരുമാനം. അങ്ങനെ, ടീച്ചർ ഒരേസമയം ഇരയും നിപ, കോവിഡ് വൈറസുകളെ ഔഷധങ്ങളെക്കാൾ വീര്യത്തോടെ എതിർത്ത് തോൽപിച്ച ഉണ്ണിയാർച്ചയായുമൊക്കെ പാടി പുകഴ്ത്തപ്പെടുകയായിരുന്നു അടുത്തിടെ വരെ. എന്നാൽ, കോവിഡിന്‍റെ മറവിൽ സാധനങ്ങൾ വാങ്ങിയതിലെ അഴിമതി ആരോപണം ലോകായുക്തയുടെ മുന്നിൽ എത്തിയിരിക്കുകയാണിപ്പോൾ.

കൂവിത്തെളിഞ്ഞ രഞ്ജിത്ത്

യു.എ.പി.എ എന്നു കേട്ടാൽ സി.പി.എമ്മിന് കലിയിളകും. പക്ഷേ, അത് കേരളത്തിന് പുറത്താകണമെന്ന് മാത്രം. ഇവിടെ, യു.എ.പി.എയും പൊലീസ് അതിക്രമങ്ങളും പിങ്ക് പൊലീസിന്റെ പരാക്രമങ്ങളുമൊക്കെ ഒറ്റപ്പെട്ട സദ്കർമങ്ങളാണ്. ആദ്യ പിണറായി സർക്കാറിന്റെ കാലത്താണ് അലൻ, താഹ എന്നിവരെ മാവോയിസ്റ്റ് ആണെന്ന പേരിൽ അറസ്റ്റ് ചെയ്തത്. ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും അവരെ വിടാൻ ഭാവമില്ല. എസ്.എഫ്.ഐക്കാർ അലനെതിരെ റാഗിങ് പരാതി കൊടുത്തെങ്കിലും പരാതി തള്ളിയിരിക്കുകയാണ്. പി.ബി അംഗത്തിന്‍റെ വകുപ്പ് യു.എ.പി.എ എടുക്കുമ്പോൾ എസ്.എഫ്.ഐ റാഗിങ് കേസ് എങ്കിലും കൊടുക്കണമല്ലോ? എസ്.എഫ്.ഐക്കാർക്ക് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ഈ ചിരട്ട ഉടയ്ക്കൽ എന്ന സാക്ഷ്യംപറച്ചിൽ നടത്തിയിരിക്കുന്നത്, വള്ളിനിക്കർ പ്രായത്തിൽ, അതും അടിയന്തരാവസ്ഥക്കാലത്ത്, എസ്.എഫ്.ഐ ആയിരുന്ന ബാലുശ്ശേരി രഞ്ജിത്താണ്. ചലച്ചിത്രോത്സവ വേദിയിലും പിന്നീട് അഭിമുഖത്തിലുമൊക്കെയായിട്ടാണ് ആ, ആവർത്തിക്കുന്ന ചരിത്രം അദ്ദേഹം കൂവിയും കുരച്ചുമൊക്കെ അറിയിച്ചത്. സാംസ്കാരിക മന്ത്രിയുടെ നടൻ ഇന്ദ്രൻസിനെക്കുറിച്ച സാംസ്കാരികാഭാസം പുറത്തുവന്നതും ഇക്കൊല്ലം തന്നെ.

കെ റെയിൽ മടക്കിവെച്ചോ?

കെ റെയിൽ വരുമെന്ന് പിണറായിയും ഇല്ലെന്ന് സർക്കാർ ഉത്തരവുകളും പറയുന്നതിനിടയിൽ ഉള്ളതെല്ലാം നഷ്ടപ്പെടുമെന്ന ആശങ്കയിലായിരുന്ന ജനങ്ങൾക്ക് അൽപം ആശ്വാസം. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളൊന്നും അംഗീകരിക്കപ്പെടാതെ, വിഴിഞ്ഞം സമരം അവസാനിച്ച ദുരന്തവും വർഷത്തിന്റെ അവസാന മാസം കേരളം കണ്ടു. രാഷ്ട്രീയ കേരളത്തിന്‍റെ സത്യസന്ധമായ ഒരു അനുഭാവവും അവർക്ക് ലഭിച്ചില്ല. സത്യത്തിൽ പാവം കുറെ മനുഷ്യരുടെ കണ്ണീരിന്‍റെ നനവുമായിട്ടാണ് കേരളം അടുത്ത വർഷത്തേക്ക് നടന്നുകയറുന്നത്. ഒരു ഘട്ടത്തിൽ, വർഗീയമായി ചിത്രീകരിക്കപ്പെട്ട സമരം, സമരനേതാവിന്‍റെ സമാന പരാമർശം കൊണ്ടുകൂടിയാണ് അവസാനിപ്പിക്കേണ്ടി വന്നതും.

രാഷ്ട്രീയ നാടകവേദികളുടെ അണിയറയിൽ, തിരക്കഥയും സംഭാഷണവും എഴുതുന്ന ചിലർ തിടം വെക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് വർഷാന്ത്യമെത്തുമ്പോൾ കനംവെക്കുന്ന കഥ. പിതാവും മക്കളും പാർട്ടിയും എന്ന നിലയിലാണ് കാര്യങ്ങളുടെയൊക്കെ പോക്കെന്നാണ് പല പാർട്ടികളുടെയും ഇരുമ്പുമറകൾക്കും, ജനാധിപത്യ മറകൾക്കും ആചാര മറകൾക്കും അപ്പുറത്തുനിന്നും കേൾക്കുന്ന പറച്ചിലുകൾ. ആ മക്കൾ കിനാവുകൾ തളിരിടുമോ കൊഴിഞ്ഞുപോകുമോ എന്നൊക്കെ കാലം കണക്കുകൂട്ടി പറയുമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Year EnderYear Ender 2022Kerala News
News Summary - Year Ender 2022 Kerala
Next Story