Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അസ്വസ്ഥ സാമൂഹികാന്തരീക്ഷം, അതിജീവനത്തിന്റെ നുറുങ്ങുവെട്ടം
cancel
Homechevron_rightVelichamchevron_rightGK Cornerchevron_rightഅസ്വസ്ഥ...

അസ്വസ്ഥ സാമൂഹികാന്തരീക്ഷം, അതിജീവനത്തിന്റെ നുറുങ്ങുവെട്ടം

text_fields
bookmark_border

കോവിഡിന്‍റെയും മാന്ദ്യത്തിന്‍റെയും ചതുപ്പിലൂടെ തുഴഞ്ഞ് 2023ൽ. ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്‍റെയാകെ ഗതി അതാണ്. കോവിഡ് പേടിയിൽ മുഖം പാതി മൂടി നടന്ന രണ്ടു വർഷങ്ങൾ പിന്തള്ളി ജീവിതവും ജീവനോപാധിയും തിരിച്ചു പിടിച്ചു തുടങ്ങാൻ 2022നു കഴിഞ്ഞെങ്കിലും, വീണ്ടും ആശങ്കയോടെ മാസ്ക് എടുത്തണിഞ്ഞാണ് പുതുവർഷത്തിലേക്കുള്ള യാത്ര. വൈറസിനെ അവഗണിച്ചും മുന്നോട്ടു നീങ്ങാനുറച്ച ജനങ്ങൾക്കു മുന്നിൽ സാമ്പത്തികമാന്ദ്യം ജീവിതം തന്നെ മുരടിപ്പിക്കുകയാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിവയുടെ അകമ്പടിയോടെ സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദീഭവിച്ച കാലം. അതിനൊരു മാറ്റമുണ്ടാകുമോ എന്ന ആകാംക്ഷയോടെയാണ് എല്ലാവരും പുതുവർഷത്തിലേക്ക് ഉറ്റു നോക്കുന്നത്.

ആരോഗ്യ-സാമ്പത്തിക മേഖലകൾക്കൊപ്പം, അസ്വസ്ഥത ബാധിച്ച സാമൂഹിക അന്തരീക്ഷവും പേറിയാണ് ഇന്ത്യയുടെ നടത്തം. സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം ആഘോഷിച്ച് മുന്നോട്ടു നടക്കുന്നത് മങ്ങലേറ്റ ഭരണഘടന സങ്കൽപങ്ങളുമായാണെന്ന് ജനാധിപത്യ, മതേതര ബോധമുള്ള ബഹുഭൂരിപക്ഷം ചിന്തിക്കുന്നു. ബഹുസ്വരതയുടെ സൗന്ദര്യം, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന അഭിമാനം, അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ വിശാലത എന്നിവയെല്ലാം പിന്തള്ളുകയാണ് വിഭാഗീയ ചിന്താഗതികൾ. നമ്മൾ എന്നു ചിന്തിച്ചവരെ നിങ്ങളും അവരുമായി ഭരണരാഷ്ട്രീയം വേർതിരിച്ചു നിർത്തുന്ന കാഴ്ച. അതിനിടയിൽ എല്ലാവരെയും ഉൾക്കൊള്ളുന്നതിൽ നിന്ന് സാമൂഹിക അന്തരീക്ഷം കൂടുതൽ മാറിപ്പോയി.

പുറന്തള്ളൽ, അവമതിക്കൽ, ഒറ്റപ്പെടുത്തൽ, നിരീക്ഷണം, ചോദ്യം ചെയ്യൽ എന്നിങ്ങനെയെല്ലാമായി ന്യൂനപക്ഷങ്ങൾക്കിടയിൽ അന്യതാബോധം സൃഷ്ടിച്ചെടുക്കുന്ന രാഷ്ട്രീയ അജണ്ടകൾ വ്യാപകം. പള്ളിയിൽ ശിവലിംഗം തിരയുന്ന കാലം. ഹിജാബ് അശ്ലീലമായി ചിത്രീകരിക്കുന്ന കാലം. അഭിലാഷങ്ങൾ ഇടിച്ചു നിരത്തുന്ന ഭരണാധികാരിയെ ബുൾഡോസർ ബാബയായി ആരാധിക്കുന്ന കാലം. ഏക സിവിൽകോഡിന് വേണ്ടിയുള്ള മുറവിളികൾ ശക്തമാക്കുന്ന കാലം. ജനാധിപത്യത്തിന്‍റെ ഉത്സവഛായ കൈവിട്ട് തെരഞ്ഞെടുപ്പുകൾ വിഭജന രാഷ്ട്രീയത്തിന്‍റെ നേർക്കാഴ്ചകളായി. യു.പിയിലും ഗുജറാത്തിലുമൊക്കെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രമേയവും മറ്റൊന്നല്ല.

മറുവശത്ത്, സ്വതന്ത്രമായി പ്രവർത്തിക്കേണ്ട അന്വേഷണ ഏജൻസികളെ രാഷ്ട്രീയ പ്രതിയോഗികളെ ചുരുട്ടിക്കെട്ടാനുള്ള ആയുധമാക്കി മാറ്റുന്നു. സോണിയ ഗാന്ധി മുതൽ പ്രമുഖ പ്രതിപക്ഷ നേതാക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെയും മറ്റും ഇരകളായി മാറുന്നു. ഭരണനിർവാഹകരുടെ കടന്നു കയറ്റത്തിനിടയിൽ ജനാധിപത്യത്തിന്‍റെ മറ്റു മൂന്നു തൂണുകളായ പാർലമെന്‍റും കോടതിയും മാധ്യമങ്ങളും കൂടുതൽ ദുർബലം. പ്രതിപക്ഷവും അവർക്കിടയിലെ ഐക്യവും നേർത്തു വരുന്നു. പുതുവർഷത്തിൽ പുതിയ പാർലമെന്‍റ് മന്ദിരം തുറക്കുമെങ്കിലും ‘ജനാധിപത്യത്തിന്‍റെ ശ്രീകോവിലി’ലും പുറത്തും പ്രതിപക്ഷ ബഹുമാനത്തിന് കടുത്ത മൂല്യശോഷണം. രാജ്യത്തിന്‍റെ പ്രഥമ പൗരിയാകാൻ ദ്രൗപദി മുർമുവിന് അവസരം നൽകിയതാണ് ഇതിനെല്ലാമിടയിലെ സുവർണരേഖ. വ്യക്തമായ രാഷ്ട്രീയ കാരണങ്ങൾ അതിനുണ്ടെങ്കിലും, പട്ടികവർഗ വിഭാഗത്തിൽ നിന്നൊരാൾക്ക് രാഷ്ട്രപതി ഭവന്‍റെ നാഥയാകാൻ കഴിയുന്നത് സ്വതന്ത്ര ഇന്ത്യയിൽ ആദ്യം. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന്‍റെ അമരം പിടിക്കാൻ ആകസ്മികമായെങ്കിലും മല്ലികാർജുൻ ഖാർഗെക്ക് അവസരം കിട്ടിയതിലും പിന്നാക്ക വിഭാഗങ്ങളെ അംഗീകരിക്കുന്നതിന്‍റെ അംശമുണ്ട്.

ഇങ്ങനെയെല്ലാം മുന്നോട്ടു നീങ്ങുന്ന ഇന്ത്യൻ സാഹചര്യങ്ങൾക്കിടയിൽ 2024ലെ തെരഞ്ഞെടുപ്പിന്‍റെ കേളികൊട്ട് ഉയരുന്ന പുതുവർഷമാണ് കടന്നുവരുന്നത്. വർധിച്ച ആത്മവിശ്വാസത്തോടെയുള്ള ബി.ജെ.പിയുടെ തേരോട്ടം ഒരു വശത്ത്. വീര്യം വീണ്ടെടുക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തെ കാഴ്ചകളായി ശക്തി വർധിപ്പിക്കുന്ന ആം ആദ്മി പാർട്ടിയും ചേരി മാറിയ ജനതാദൾ-യു വും ചെറുത്തു നിൽക്കുന്ന സമാജ്‍വാദി പാർട്ടിയുമൊക്കെ മറുവശത്ത്. രണ്ടു ചേരിയുടെയും സാധ്യതകളിലേക്കും ഇന്ത്യയുടെ ഭാവിയിലേക്കും വെളിച്ചം വീശുന്ന വർഷമായിട്ടു കൂടി കടന്നു വരുകയാണ്, 2023.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indiayear ender 2022
News Summary - india at 2022
Next Story