Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Taj Mahal
cancel
Homechevron_rightVelichamchevron_rightGeneral Storieschevron_rightകാലം കാത്തുവെച്ച...

കാലം കാത്തുവെച്ച അത്ഭുതങ്ങൾ

text_fields
bookmark_border

21ാം നൂറ്റാണ്ടിൽ ജീവിച്ചിരിക്കുന്ന നമുക്ക് പൗരാണിക ലോകത്തെ അത്ഭുതങ്ങൾ അമ്പരപ്പിക്കുന്നതായിരിക്കും. ഇന്നത്തെ കാലത്ത് ചിന്തിക്കാൻകൂടി കഴിയാത്തത്ര കഠിന പ്രയാണം ഓരോ അത്ഭുതങ്ങൾക്ക് പിറകിലുമുണ്ട്. വെളിച്ചത്തിന്റെ കൂട്ടുകാർക്ക് ഈ ​ലക്കത്തിൽ ചില ലോകാത്ഭുതങ്ങളെ പരിചയപ്പെടുത്തുകയാണ്.


ഗിസയിലെ പിരമിഡ് (Great Pyramid of Giza)

പൗരാണിക ലോകത്തെ ഏഴ് അത്ഭുതങ്ങളിൽ ഈജിപ്തിലെ പിരമിഡുകൾക്ക് പ്രമുഖ സ്ഥാനമാണുള്ളത്. ഫറോവ എന്നറിയപ്പെടുന്ന ഈജിപ്തിലെ രാജാക്കന്മാരുടെ ശവകുടീരങ്ങളാണ് പിരമിഡുകൾ. ഗിസയിലെ പിരമിഡുകളാണ് ഇവയിൽ ഏറ്റവും വലിയവ. 'കുഫു' എന്നറിയപ്പെടുന്ന ഈജിപ്തിലെ നാലാം രാജവംശത്തിലെ രാജാവിന്റെ ശവകുടീരമാണിത്. ഏകദേശം 20 വർഷം കൊണ്ടാണ് ഇവ നിർമിക്കപ്പെട്ടതെന്ന് കരുതുന്നു. മിനുസമേറിയ പുറംഭാഗത്തോടുകൂടിയ ഈ പിരമിഡുകൾ ചുടുകട്ടകളാൽ നിർമിക്കപ്പെട്ടതാണ്. ഇവയുടെ നിർമിതിയെപ്പറ്റി പരക്കെ അംഗീകരിക്കപ്പെട്ട സിദ്ധാന്തം, വളരെ ദൂരെയുള്ള സ്ഥലങ്ങളിൽനിന്ന് ഭീമാകാരമായ കല്ല് വലിച്ചുകൊണ്ടുവന്ന് ഉയർത്തി നിർമാണം പൂർത്തിയാക്കി എന്നാണ്.


ബാബിലോണിലെ തൂങ്ങുന്ന ഉദ്യാനം

പൗരാണിക ലോകത്തെ സപ്താത്ഭുതങ്ങളിലൊന്നായ തൂക്ക് ഉദ്യാനങ്ങൾ ഇറാഖിലുള്ള പൗരാണികനഗരമായ ബാബിലോണിയയിലാണ് സ്ഥിതിചെയ്യുന്നത്. ഭാര്യ അമൈറ്റിസിന്റെ വിരസതയകറ്റാൻവേണ്ടി ബാബിലോണിയൻ രാജാവായ നെബുചന്ദ്നെസർ-2 നിർമിച്ചതാണ് ഈ ഉദ്യാനം. പൗരാണിക ഗ്രീക്ക് റോമൻ എഴുത്തുകളിൽ ഈ ഉദ്യാനത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. പഴയകാല കണക്കുകളനുസരിച്ച് ഈ തൂക്ക് ഉദ്യാനത്തിന് ദിനംപ്രതി 8200 ഗാലൻ ജലം ആവശ്യമായിരുന്നു.


ഒളിമ്പിയയിലെ സിയൂസിന്റെ പ്രതിമ

യഥാർഥത്തിൽ സിയൂസിന്റെ പ്രതിമ അത്ഭുതം തന്നെയാണ്. ബി.സി 450ൽ ലയ്ബോൺ എന്ന ശിൽപിയാണ് കെട്ടിടത്തിന്റെ രൂപകൽപന നടത്തിയത്് ആധുനിക രീതിയിലുള്ള ഒരു നാലുകെട്ടിടത്തിന്റെ ഉയരം അതിനുണ്ട്. പ്രതിമയുടെ ശിരസ്സ് അതിന്റെ മുകൾത്തട്ടിൽ മുട്ടത്തക്ക രീതിയിലാണ് നിലവിലിരുന്നത്. രണ്ട് പ്രതിമയുടെ തല ആനക്കൊമ്പിനാൽ നിർമിച്ചിരിക്കുന്നു. ഗ്രീക്കുകാരുടെ പ്രധാനപ്പെട്ട ദൈവമായ സിയൂസിനോടുള്ള അവരുടെ ബഹുമാനത്തിന്റെ മകുടോദാഹരണമാണത്. ആയിരക്കണക്കിന് ഗ്രീക്കുകാർക്ക് സിയൂസിന്റെ പ്രതിമ പ്രചോദനവും ലക്ഷ്യവുമായി നിലകൊണ്ടു.


ആർടെമിസ് ദേവതയുടെ ക്ഷേത്രം (Temple of Artemis)

ആർടെമിസ് ദേവതയുടെ ആദ്യദേവാലയം ഏകദേശം 800 ബി.സിയിലാണ് നിർമിക്കപ്പെട്ടത്. എഫീസസ് നദിയുടെ സമീപത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്തിരുന്നത്. എഫീസസിലെ ആർടെമിസ് ദേവതക്ക് ഡയാന എന്നും പേരുണ്ട്. ഗ്രീസിൽ ആരാധിച്ചിരുന്ന ആർടെമിസ് ദേവതയുടെ വിഗ്രഹമല്ല എഫീസസിലേത്. ഗ്രീസിലെ ആർതിമിസ് നായാട്ടിന്റെ ദേവതയാണ്. എഫീസസ് ആർടെമിസ് ഫലഭൂയിഷ്ഠതയുടെ ദേവതയാണ്. 600 ബി.സി ആയപ്പോഴേക്കും എഫീസസ് നഗരം ഒരു പ്രധാന കച്ചവട തുറമുഖമാക്കുകയും ചെർസിഫ്രൺ എന്നുപേരുള്ള ഒരു ശിൽപി ഒരു പുതിയ വലിയ ദേവാലയം നിർമിക്കാനായി നിയോഗിക്കപ്പെടുകയും ചെയ്തു.


ഹാലികാർനസസ്സിലെ മുസോളിയം

ടർക്കിയിലുള്ള ഹാലികാർനസസ്സിലെ മുസോളിയം മുസോളസ് എന്ന പേർഷ്യൻ രാജാവിനുവേണ്ടി അദ്ദേഹത്തിന്റെ രാജ്ഞിയും സഹോദരിയും കൂടി പണികഴിപ്പിച്ച ശവകുടീരമാണ്. ബി.സി 358നും 350നും ഇടയിലാണ് ഇതിന്റെ നിർമാണം നടന്നിരുന്നത്. ഈ കെട്ടിടത്തിന് 148 അടി ഉയരമുണ്ടായിരുന്നു. നഗരത്തിനഭിമുഖമായി ഒരു കുന്നിൻപുറത്താണ് ഇത് നിർമിക്കപ്പെട്ടത്. അതിന്റെ മധ്യഭാഗത്തുള്ള ഉയർന്ന ഒരു പീഠത്തിലാണ് ശവകുടീരം നിർമിക്കപ്പെട്ടത്. ഇത് പിന്നീട് ഭൂകമ്പത്തിൽ തകർന്നു.


റോഡസിലെ കൊളോസസ്

ഗ്രീസ് ദ്വീപുകളിലൊന്നായ റോഡസിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഭീമാകാരമായ ഒരു പ്രതിമയാണ് ഇത്. ഇത് ലിൻഡസിലെ ചാറസ്സിനാൽ നിർമിക്കപ്പെട്ടതാണ്. പഴയകാല അത്ഭുതങ്ങളിലൊന്നായി ഇതിനെ കരുതുന്നു. സൈപ്രസിലെ ഭരണാധികാരിയായിരുന്ന ആന്റഗോണസ് മൊണോ​പോട്ടോളമസിന്റെ മേൽ റോഡസുകാർ നേടിയ വിജയത്തിന്റെ സ്മാരകമായാണ് ഇത് നിർമിക്കപ്പെട്ടത്.


അലക്സാൻഡ്രിയയിലെ ദീപസ്തംഭം

അലക്സാൻഡ്രിയയിലെ ദീപസ്തംഭം അലക്സാൻഡ്രിയയിലെ ഫറോസ് (Pharos) എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഈജിപ്തിലുള്ള ഫെറോസ് എന്ന ദ്വീപിൽ ബി.സി 280നും ബി.സി 247നും ഇടക്കാണ് നിർമിക്കപ്പെട്ടത്. രാത്രികാലത്ത് കപ്പൽസഞ്ചാരികൾക്ക് തുറമുഖത്തേക്കുള്ള വഴികാണിക്കുന്നതിന് വേണ്ടിയാണ് ഇത് നിർമിക്കപ്പെട്ടത്. പുരാതന കാലത്തെ അത്ഭുതങ്ങളിലൊന്നായി ഇതിനെ കരുതുന്നു.


പെട്ര

പെട്ര എന്ന വാക്കിന്റെ അർഥം 'കല്ല്' എന്നാണ്. ചരിത്രപരമായും പുരാവസ്തുപരമായും വിഖ്യാതമായ ജോർദാനിൽ കണ്ടുപിടിക്കപ്പെട്ട ഒരു പട്ടണമാണിത്. ഇത് ഹൊർ പർവതത്തിന്റെ അടിത്തട്ടിലുള്ള അറാബാ പർവതത്തിന് വടക്കുഭാഗത്തുള്ള വിശാലമായ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. 1985നുശേഷം ഇതിനെ യുനെസ്കോയുടെ പൈതൃകചിഹ്നമായി അംഗീകരിച്ചു.


കൊളോസിയം

റോമൻ സാമ്രാജ്യത്തിൽ നിർമിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ തിയറ്ററാണ് കൊളോസിയം. റോമൻ നഗരത്തിന്റെ മധ്യത്തായി സ്ഥിതിചെയ്യുന്ന ഇത് റോമൻ ശിൽപവിദ്യയുടെ മഹത്തായ സൃഷ്ടിയായി പരിഗണിക്കപ്പെട്ടുപോരുന്നു. എ.ഡി 72ൽ റോമൻ ചക്രവർത്തിയായിരുന്ന വെസ് പാസിയൽ ഇതിന്റെ നിർമാണം ആരംഭിക്കുകയും എ.ഡി 80ൽ ടൈറ്റസിന്റെ കാലത്ത് പൂർത്തിയാവുകയും ചെയ്തു. 50,000കാണികളെ ഉൾക്കൊള്ളാവനാവും ഇതിന്.


ചൈനയിലെ വൻമതിൽ

ചൈനയിലെ വൻമതിൽ തുടർച്ചയായ ഒന്നല്ല, മറിച്ച് മംഗോളിയൻ സമതലത്തിലെ കുന്നുകളുടെ ശൃംഗങ്ങളിലൂടെ രൂപപ്പെട്ടിട്ടുള്ള കുറേ മതിലകളുടെ കൂട്ടമാണ്. ആക്രമകാരികളുടെ ഭീഷണി ചെറുക്കുന്നതിന് ക്വിൻ രാജവംശത്തിന്റെ കാലത്താണ് ആദ്യഘട്ടം നിർമിക്കപ്പെട്ടത്. 1388-1644 കാലഘട്ടത്തിലെ മിങ് രാജവംശകാലത്താണ് ആധുനികരീതിയിലുള്ള ചുവരുകൾ നിർമിക്കപ്പെട്ടത്.


പിസയിലെ ചരിഞ്ഞ ഗോപുരം

ഇറ്റാലിയൻ നഗരമായ പിസയിലെ കത്തീഡ്രലിലുള്ള മണിഗോപുരമാണ് പിസയിലെ ചരിഞ്ഞ ഗോപുരം. പിസ കത്തീഡ്രൽ സ്ക്വയറിലെ മൂന്നാമത്തെ പഴക്കം ചെന്ന നിർമിതിയായ ഇത് കത്തീഡ്രലിന് പിന്നിലായാണ് സ്ഥിതിചെയ്യുന്നത്. അതിന് 296 പടികളുണ്ട്. മൂന്ന് ഘട്ടങ്ങളിലായി 177വർഷം കൊണ്ടാണ് ഗോപുരം നിർമിച്ചത്.


സ്റ്റോൺ ഹെഞ്ച്

ബ്രിട്ടന്റെ ദേശീയ മുദ്രയായി സ്റ്റോൺഹെഞ്ചിനെ കണക്കാക്കാം. എന്തിനാണിത് നിർമിക്കപ്പെട്ടതെന്ന കാര്യം അവ്യക്തമാണ്. എങ്കിലും പ്രാചീനകാലത്ത് ആരാധനക്കായി നിർമിക്കപ്പെട്ട ഒരു ക്ഷേത്രമാണിതെന്നാണ് കരുതപ്പെടുന്നത്. ചിലർ ഇതിന്റെ ജ്യോതിശാസ്ത്ര നിരീക്ഷണനിലയം എന്ന് വിശേഷിപ്പിക്കുമ്പോൾ മറ്റു ചിലർ പുരാതനകാലത്ത് ഉന്നതരുടെ ശവസംസ്കാരം നടത്തിയിരുന്ന ഇടമായി കരുതിപ്പോരുന്നു. നിയോലിത്തിക് കാലഘട്ടത്തിലോ ബ്രോൺസ് കാലഘട്ടത്തിലോ നിർമിക്കപ്പെട്ടതെന്ന് കരുതുന്ന സ്റ്റോൺ ഹെഞ്ചിൻ വൃത്താകൃതിയിൽ കുത്തിനിർത്തിയിരിക്കുന്ന കല്ലുകൾ കാണാം.


താജ്മഹൽ

ഇന്ത്യയിലെ ആഗ്രയിലുള്ള വെണ്ണക്കൽ സ്മാരകമാണ് താജ്മഹൽ. ഭാര്യയായ മുംതാസ് മഹലിന്റെ സ്മരണക്ക് മുഗൾ ചക്രവർത്തിയായ ഷാജഹാനാണ് ഇത് പണികഴിപ്പിച്ചത്. ഇതിൽ പേർഷ്യൻ, ടർക്കിഷ്, ഇന്ത്യൻ ശൈലികൾ സമന്വയിപ്പിച്ചിരിക്കുന്നു. 20,000 ജോലിക്കാർ ചേർന്നാണ് നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഈ മഹാസൗധം നിർമിക്കുന്നതിൽ 1000 ആനകളും പങ്കാളികളായി. താജ്മഹൽ പിന്നീട് യുനെസ്കോയുടെ ലോകപൈതൃക പദവി നേടി.


ക്രൈസ്റ്റ് ദ റെഡീമർ

ബ്രസീലിലെ റിയോഡി ജനീറോവിലുള്ള ക്രിസ്തുമത പ്രതിമയാണ് ക്രൈസ്റ്റ് ദ റെഡീമർ എന്ന പേരിൽ അറിയപ്പെടുന്നത്. ആർട്ട് ഡീക്കോ ശൈലിയിലുള്ള ഏറ്റവും വലിയ പ്രതിമയും ലോകത്തെ ക്രിസ്തു പ്രതിമകളിൽ വലുപ്പംകൊണ്ട് അഞ്ചാം സ്ഥാനത്തുള്ളതും ഇതാണ്. 130 അടിയാണ് ഇതിന്റെ ഉയരം. 700 മീറ്റർ ഉയരമുള്ള കൊർകോവോഡോ മലമുകളിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്.


ചിചെൻ ഇറ്റ്സ എൽ കാസ്റ്റിലോ

മായൻ കാലഘട്ടത്തിലെ ഒരു നഗരമാണിത്. മെക്സികോയിൽ സ്ഥിതിചെയ്യുന്നു. 79 അടി (24 മീറ്റർ) ഉയരത്തിലാണ് കാസ്റ്റില്ലോ. ടോൾടെക് ശൈലിയിലുള്ള സ്റ്റപ്ഡ് പിരമിഡ് രീതിയിലാണ് ഇതിന്റെ നിർമിതി. മായൻ ഗോത്രമായ ഇറ്റ്സയുടെ കീഴിൽ നിരവധി പ്രധാന സ്മാരകങ്ങളും ക്ഷേത്രങ്ങളും നിർമിക്കപ്പെട്ടിരുന്നു.


മാചു പിക്ചു

ഇൻകൻ സാമ്രാജ്യത്തിൽപ്പെട്ട ഒരു പ്രദേശമാണ്‌ മാച്ചു പിക്ചു. കൊളംബിയൻ കാലഘട്ടത്തിനു മുമ്പുണ്ടായിരുന്നതാണിതെന്ന് കരുതുന്നു. പെറുവിലെ കുസ്കോ നഗരത്തിൽനിന്ന് 80 കി.മീറ്റർ അകലെയുള്ള ഉറുബാംബ താഴ്വരയുടെ മുകളിൽ ഒരു പർവത ശിഖരത്തിലാണ് ഇത്. 2,430 മീ. ഉയരത്തിലാണ്‌ ഇൗ സ്ഥലം. 'ഇൻകകളുടെ നഷ്ടപ്പെട്ട നഗരം' എന്ന വിളിപ്പേരുമുണ്ട് മാചു പിക്ചുവിന്.


ഈഫൽ ടവർ

1889 മുതൽ 1931വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിത വസ്തു എന്ന ബഹുമതി പാരീസിലെ ഈഫൽ ടവറിനായിരുന്നു. 1889ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ചാണ്‌ ഈ ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ​1,024 അടിയായിരുന്നു ഈഫൽ ടവറിന്റെ ഉയരം. ഈയിടെ ടവറിനുമുകളിൽ ഒരു ആന്റിനകൂടി സ്ഥാപിച്ചതോടെ ഉയരം 1063 അടിയായി ഉയർന്നു. ലോകത്തിൽ ഏറ്റവും അധികം വിനോദസഞ്ചാരികൾ സന്ദർശനം നടത്തുന്ന സ്ഥലങ്ങളിലൊന്നാണ് ഈഫൽ ടവർ. അമ്പതോളം എൻജിനീയർമാർ ചേർന്നാണ്‌ ഗോപുരത്തിന്റെ രൂപരേഖ തയാറാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WondersWorld Wonders
News Summary - Wonders of the World
Next Story