Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Magnet
cancel
Homechevron_rightVelichamchevron_rightGeneral Storieschevron_rightകാന്തം പോലെ ഒട്ടും

കാന്തം പോലെ ഒട്ടും

text_fields
bookmark_border

ഗ്രീക്ക് ഇതിഹാസ പ്രകാരം മഗ്‌നീഷ്യ എന്ന പ്രദേശത്ത് മാഗ്നസ് എന്ന ആട്ടിടയൻ ജീവിച്ചിരുന്നു. ഒരിക്കൽ മാഗ്നസ് തന്റെ ആടുകളെ മേയ്ക്കുന്നതിനിടയിൽ താൻ ഊന്നി നടക്കാൻ ഉപയോഗിച്ചിരുന്ന ഇരുമ്പ് കവചമുള്ള വടി ഒരു പാറയിൽ ഒട്ടിനിന്നു. അത്ഭുതപ്പെട്ടുപോയ മാഗ്നസ് ഇക്കാര്യം നാട്ടുകാരെയെല്ലാം അറിയിച്ചു. ഭൂതങ്ങളാണ് ആ പാറക്കുള്ളിലെന്നും അവരാണ് വടിയെ പാറയിലേക്ക് അടുപ്പിച്ചതെന്നുമാണ് നാട്ടുകാർ അഭിപ്രായപ്പെട്ടത്. ഇരുമ്പിനെ ആകർഷിക്കുന്ന ഇത്തരം പാറകളെ അവർ മാഗ്നറ്റയിറ്റ് എന്ന് വിളിക്കാൻ തുടങ്ങി. ഭൂമിയിൽ കാണപ്പെടുന്ന പ്രകൃതിദത്തങ്ങളായ കാന്തങ്ങളെക്കുറിച്ചുള്ളൊരു കഥയാണിത്. നമ്മുടെ ദൈനംദിന ജീവിതത്തിൽ കാന്തശക്തിയെ വളരെയേറെ പ്രയോജനപ്പെടുത്തുന്നുണ്ട്. വാർത്താവിനിമയം, വൈദ്യുതോൽപാദനം, ഗതാഗതം, വ്യവസായം തുടങ്ങിയ മേഖലകളിലെല്ലാം കാന്തത്തിന്റെ സ്വാധീനം വളരെ വലുതാണ്. കൂടാതെ വൈദ്യുത കാന്തങ്ങൾ പ്രയോജനപ്പെടുത്തുന്ന കോളിങ് ബെല്ലും മറ്റനേകം വൈദ്യുതോപകരണങ്ങളും നാം നിത്യജീവിതത്തിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. കാന്തത്തെക്കുറിച്ച് കൂടുതൽ അറിയാം.

കാന്തവും കാന്തികതയും

ഒരു വസ്തുവിനെ ആകർഷിക്കാനും വികർഷിക്കാനുമുള്ള മറ്റൊരു വസ്തുവിന്റെ കഴിവാണ് കാന്തികത. കാന്തികതയുള്ള ഇരുമ്പു വസ്തുക്കളോ ലോഹസങ്കരങ്ങളോ ആണ് കാന്തങ്ങൾ. കാന്തങ്ങളെ സ്വാഭാവിക കാന്തം, കൃത്രിമ കാന്തം എന്നിങ്ങനെ രണ്ടായി തരംതിരിക്കുന്നു.

സ്വാഭാവിക കാന്തങ്ങൾ

സ്വഭാവികമായിത്തന്നെ കാന്തശക്തിയുള്ള വസ്തുക്കളെയാണ് സ്വാഭാവിക കാന്തങ്ങൾ എന്ന് വിളിക്കുന്നത്. അയൺ ഓക്സൈഡ് ആയ മാഗ്നറ്റയ്റ്റ് ഒരു സ്വാഭാവിക കാന്തമാണ്. കാന്തക്കല്ല് എന്നുകൂടി അറിയപ്പെടുന്ന ഇവക്ക് ഇരുമ്പിന്റെ തരികളെ ആകർഷിക്കാനാകും.

കൃത്രിമ കാന്തങ്ങൾ

കാന്തത്താൽ ആകർഷിക്കപ്പെടുന്ന ഒരു വസ്തുവിനെ ഒരേ കാന്തത്തിന്റെ ഒരേ ധ്രുവംകൊണ്ട് പല തവണ ഉരസിയാൽ ആ വസ്തുവിനെ കാന്ത സ്വഭാവമുള്ള ഒന്നാക്കി മാറ്റാൻ കഴിയും. ഇങ്ങനെ കാന്തസ്വഭാവം ഉണ്ടാക്കിയെടുത്തിട്ടുള്ളവയാണ് കൃത്രിമ കാന്തങ്ങൾ.

വൈദ്യുത കാന്തങ്ങൾ

ഇരുമ്പിൽ ചുറ്റിയ കവചിത ചെമ്പു കമ്പിയിലൂടെ വൈദ്യുതി കടത്തിവിട്ട് വൈദ്യുത കാന്തങ്ങൾ നിർമിക്കാം വൈദ്യുതി പ്രവഹിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന കാന്തികമണ്ഡലത്തിന്റെ പ്രേരണയാലാണ് ഇവ കാന്തം പോലെ പ്രവർത്തിക്കുന്നത്. വൈദ്യുതി നിശ്ചലമാവുമ്പോൾ ഇവയുടെ കാന്തശക്തി നഷ്ടപ്പെടും.

കാന്തികമണ്ഡലം

ഒരു കാന്തത്തിനു ചുറ്റും കാന്തശക്തി അനുഭവപ്പെടുന്ന മേഖലയെ കാന്തികമണ്ഡലം എന്ന് വിളിക്കുന്നു. കാന്തത്തിന്റെ ധ്രുവത്തിനോട് അടുത്ത ഭാഗങ്ങളിൽ കാന്തിക ശക്തി കൂടുതലായിരിക്കും. ധ്രുവത്തിൽനിന്ന് അകലും തോറും കാന്തശക്തിയുടെ തോത് കുറയും.

കാന്തിക ധ്രുവങ്ങൾ

ഒരു മാഗ്നറ്റെടുത്ത് ഇരുമ്പുപൊടിയിൽ തിരുമ്മി എടുത്തു നോക്കൂ. അവയുടെ രണ്ടറ്റങ്ങളിലും ഇരുമ്പുപൊടി പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. ഒരു കാന്തത്തിന്റെ കാന്തിക ഗുണം കേന്ദ്രീകരിച്ചിരിക്കുന്നത് അതിന്റെ രണ്ടഗ്രങ്ങളിലുമാണെന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാം. കാന്തികഗുണം കേന്ദ്രീകരിച്ചിരിക്കുന്ന ഈ ഭാഗത്തെ കാന്തികധ്രുവങ്ങൾ എന്ന് വിളിക്കുന്നു.

അൽനിക്കോ

കൃത്രിമ കാന്തങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരമാണ് അൽനിക്കോ. ഇരുമ്പ്, അലുമിനിയം, നിക്കൽ, കൊബാൾട്ട് എന്നിവയാണ് ഇതിലടങ്ങിയിരിക്കുന്നത്. കാന്തികസ്വഭാവം പ്രകടിപ്പിക്കുന്നു എന്നതാണ് ഈ ലോഹസങ്കരത്തിന്റെ പ്രത്യേകത. കാന്തിക സ്വഭാവം നഷ്ടപ്പെടുന്നത് തടയാനുള്ള കഴിവായ കൊയേഴ്സിവിറ്റി അൽനിക്കോക്ക് കൂടുതലാണ്.

വില്യം ഗിൽബർട്ട്

ഭൂമി ഒരു വലിയ കാന്തത്തെപ്പോലെ പ്രവർത്തിക്കുന്നു എന്ന് ആദ്യമായി മനസ്സിലാക്കിയ ശാസ്ത്രജ്ഞനാണ് വില്യം ഗിൽബർട്ട്. ഭൂമിക്ക് തെക്കും വടക്കും ധ്രുവങ്ങളുണ്ടെന്ന് കണ്ടെത്തിയതും ഇദ്ദേഹമാണ്.

മൈക്കൽ ഫാരഡെ

വൈദ്യുതിയുടെ പിതാവായ ഇദ്ദേഹം കാന്തികമണ്ഡലവും വൈദ്യുതിയും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കാന്തികമണ്ഡലത്തിൽ ഒരു കമ്പി വെച്ച് അതിലുടെ വൈദ്യുതി പ്രവഹിപ്പിച്ചാൽ കമ്പി ചലിക്കുമെന്ന് അദ്ദേഹം തെളിയിച്ചു. കാന്തവും കമ്പിച്ചുരുളും ഉപയോഗിച്ച് വൈദ്യുതി നിർമിക്കാമെന്ന ഫാരഡെയുടെ കണ്ടെത്തലാണ് ഡൈനാമോയുടെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്.

ആകർഷണം

ഇരുമ്പ്, കൊബാൾട്ട്, നിക്കൽ തുടങ്ങിയ വസ്തുക്കളെ കാന്തം ആകർഷിക്കുന്നു. സ്വതന്ത്രമായി നിൽക്കുന്ന കാന്തം എല്ലായ്പോഴും വടക്ക് -തെക്ക് ദിശയിൽ ക്രമീകരിച്ചു നിൽക്കപ്പെടും. വടക്ക് ദിക്കിൽ നിൽക്കുന്ന ഭാഗത്തെ ഉത്തരധ്രുവമെന്നും തെക്ക് ദിക്കിൽ നിൽക്കുന്ന ഭാഗത്തെ ദക്ഷിണ ധ്രുവമെന്നും വിളിക്കുന്നു. ഒരു കാന്തത്തിന്റെ ഉത്തരധ്രുവവും മറ്റൊരു കാന്തത്തിന്റെ ദക്ഷിണ ധ്രുവവും അടുത്തടുത്ത് വന്നാൽ അവ പരസ്പരം ആകർഷിക്കുന്നു.

കാന്തവും എം.ആർ.ഐ സ്കാനിങ്ങും

അതിശക്തമായ കാന്തിക വലയം സൃഷ്ടിച്ചെടുത്താണ് എം.ആർ.ഐ (മാഗ്‌നറ്റിക് റെസോണൻസ് ഇമേജിങ്) സ്കാനിങ് നടത്തുന്നത്. പ്രതിബിംബങ്ങൾ സൃഷ്ടിക്കുക വഴിയാണ് ഇതിൽ പരിശോധന സാധ്യമാവുക. അതിശക്തമായ ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങൾ പുറപ്പെടുവിക്കുന്നതിനാലാണ് എം.ആർ.ഐ സ്കാൻ മെഷീൻ ഓണായിരിക്കുമ്പോൾ അതിനു സമീപം പോകരുതെന്ന് നിർദേശിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Magnet
News Summary - What Is Magnet and how it works
Next Story