Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
The Worlds Strangest Sports
cancel
Homechevron_rightVelichamchevron_rightGeneral Storieschevron_rightവിചിത്രം ഈ മത്സരങ്ങൾ

വിചിത്രം ഈ മത്സരങ്ങൾ

text_fields
bookmark_border

ഫുട്ബാളും ക്രിക്കറ്റും ടെന്നിസും ബാഡ്മിന്റണും അത്ലറ്റിക്സും മാത്രമാണ് സ്‍പോർട്സെന്ന് കരുതിയോ...? ലോകത്ത് പലയിടങ്ങളിലായി വിചിത്രവും വ്യത്യസ്തങ്ങളുമായ കായിക വിനോദങ്ങളുണ്ട്. പലതും ഒളിമ്പിക്സ് കമ്മിറ്റിയും മറ്റും മത്സരയിനങ്ങളായി അംഗീകരിച്ചിട്ടില്ലെങ്കിലും ഇപ്പോഴും ആവേശത്തോടെ അവ വിവിധയിടങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്. അത്തരത്തിലുള്ള ചില വിചിത്ര കായിക വിനോദങ്ങൾ പരിചയപ്പെട്ടാലോ...

ചെസ് ​ബോക്സിങ് (Chess Boxing)

ചെസ്, ​ബോക്സിങ് എന്നീ രണ്ട് വ്യത്യസ്ത വിനോദങ്ങളുടെ സമന്വയമാണ് ചെസ് ​ബോക്സിങ്. ഒരു ഹൈബ്രിഡ് കായിക വിനോദമായിട്ടാണിതിനെ കണക്കാക്കുന്നത്. രണ്ട് മത്സരാർഥികളും രണ്ട് കായിക ഇനങ്ങളും മാറി മാറി ഒന്നിടവിട്ട റൗണ്ടുകൾ കളിക്കുന്നു. ചെക്ക്മേറ്റിലൂടെയോ അല്ലെങ്കിൽ നോക്കൗട്ടിലൂടെയോ ഒരാൾ വിജയിക്കുന്നതുവരെ മത്സരം തുടരും. രണ്ടു മത്സരങ്ങളും ബോക്സിങ് റിങ്ങിലാണ് സംഘടിപ്പിക്കുക. യു.കെ, ഇന്ത്യ, ഫിൻലൻഡ്, റഷ്യ എന്നീ രാജ്യങ്ങളിലാണ് ഈ മത്സരം നടക്കാറുള്ളത്.

ബോസാബാൾ - (Bossaball)

രണ്ട് ടീമുകൾ തമ്മിലുള്ള ഒരു ബാൾ ഗെയിമാണ് ബോസാബാൾ. വോളിബാൾ, ഫുട്ബാൾ, ജിംനാസ്റ്റിക്സ് എന്നിവയുടെ ഘടകങ്ങൾ സംഗീതത്തോടൊപ്പം സംയോജിപ്പിച്ചിരിക്കുകയാണിവിടെ. ശരീരത്തിന്റെ ഏത് ഭാഗവും ഉപയോഗിച്ച് പന്ത് തട്ടി വലയ്ക്ക് അപ്പുറത്തേക്ക് എത്തിക്കാൻ ഈ മത്സരം അനുവദിക്കും. മത്സരാർഥികൾക്ക് എത്ര ഉയരത്തിലേക്ക് ചാടിയും പന്ത് തട്ടാനായി നിലത്ത് വായു നിറച്ച ട്രാംപൊളിൻസ് വിരിച്ചിട്ടുണ്ടാകും. സ്‍പെയിനാണ് ബോസാബാളിന്റെ ജന്മനാട്.

കാൽവിരൽ ഗുസ്തി (toe wrestling)

പഞ്ചഗുസ്തിയെക്കുറിച്ച് എല്ലാവർക്കുമറിയാം. എന്നാൽ, ബ്രിട്ടനിൽ നടക്കുന്ന കാൽവിരലുകൾ ഉപയോഗിച്ചുള്ള ടോ റസ്‍ലിങ്ങിനെ കുറിച്ചോ...? രണ്ടുപേരാണ് ടോ ഗുസ്തിയിലും മാറ്റുരക്കുന്നത്. തറയിൽ മുഖാമുഖമായി ഇരുന്ന് കാലിലെ തള്ളവിരലുകൾ പരസ്പരം ലോക്ക് ചെയ്യും. ഗുസ്തി തുടങ്ങുമ്പോൾ ഫ്രീയായി കിടക്കുന്ന രണ്ടാമത്തെ കാൽ തറയിൽ തട്ടാതെ ഉയർത്തിപ്പിടിക്കണം. കാൽപാദത്തിന്റെ രൂപത്തിൽ സജ്ജീകരിച്ചിരിക്കുന്ന 'ടോ'ഡിയത്തിലാണ് മത്സരം നടക്കുക. പഞ്ചഗുസ്തി പോലെ ഒരു വശത്തേക്ക് ശക്തമായി എതിരാളിയുടെ കാൽ എത്തിക്കുന്നതോടെ വിജയിക്കാം. ഇംഗ്ലണ്ടിലാണ് ഈ വിചിത്രമായ മത്സരം നടക്കുന്നത്.

ഷിൻ കിക്കിങ് - (Shin Kicking)

രണ്ട് മത്സരാർഥികളാണ് ഈ വിചിത്രമായ കായിക ഇനത്തിൽ പരസ്പരം ഏറ്റുമുട്ടുന്നത്. എതിരാളിയെ നിലത്ത് വീഴ്ത്തുന്നതിനായി പരസ്പരം ചവിട്ടാൻ ശ്രമിച്ചുകൊണ്ടിരിക്കും. എതിരാളിയുടെ തോളിൽ പിടിച്ച് മുട്ടിനു താഴെയുള്ള 'ഷിൻ ബോണി'ൽ മാത്രമായിരിക്കും ചവിട്ടുക. പരിക്കേൽക്കാതിരിക്കാനായി പാന്റ്സിലും സോക്സിലും ഉണങ്ങിയ പുല്ല് നിറച്ചാണ് പരസ്പരം പോരടിക്കുന്നത്. ഒരു ഇംഗ്ലീഷ് ആയോധന കലയായി വിശേഷിപ്പിക്കപ്പെടുന്ന ഷിൻ കിക്കിങ്, പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിൽ നിന്നാണ് ഉത്ഭവിച്ചത്.

വൈഫ് കാരിയിങ് - (Wife Carrying)

അതെ, ഒരു വനിതാ ടീമംഗത്തെ തോളിലേറ്റി പുരുഷന്മാർ മത്സരിക്കുന്ന കായിക വിനോദമാണ് വൈഫ് കാരിയിങ്. സ്ത്രീയെ വഹിച്ചുകൊണ്ട് ദുർഘടമായ പാതയിലൂടെ ഏറ്റവും വേഗത്തിൽ ഫിനിഷിങ് ലൈൻ തൊടുന്ന പുരുഷൻ മത്സരത്തിൽ വിജയിയാകും. ഫിൻലൻഡാണ് ഈ വിചിത്ര കായിക വിനോദത്തിന്റെ ഉത്ഭവസ്ഥാനം.

ഒട്ടക ഗുസ്തി - (Camel Wrestling)

ഒട്ടകങ്ങളെ ഉപയോഗിച്ച് തുർക്കിയിൽ നടത്തുന്ന ഒരു കായിക വിനോദമാണിത്. ആൺ ഒട്ടകങ്ങൾ ആക്രമണകാരികളാകുകയും പരസ്പരം പോരടിക്കാനും തുടങ്ങുമ്പോഴാണ് മത്സരം. തുളു എന്നറിയപ്പെടുന്ന ഹൈബ്രിഡ് ഒട്ടകങ്ങളാണ് ഇതിൽ ഗുസ്തിപിടിക്കുക. തുർക്കിയിലെ എജിയൻ മേഖലയിലാണ് ഒട്ടകഗുസ്തി പൊതുവെ നടക്കാറുള്ളത്. എന്നാൽ, മിഡിൽ ഈസ്റ്റിലെയും ദക്ഷിണേഷ്യയിലെയും മറ്റു ഭാഗങ്ങളിലും കാമൽ റസ്‍ലിങ് നടക്കാറുണ്ട്.

കൈറ്റ് ട്യൂബിങ് - (Kite Tubing)

ലോകത്തിലെ ഏറ്റവും അപകടകരമായ കായിക വിനോദങ്ങളിലൊന്ന്. ബോട്ടിന്റെ പിന്നിൽ കെട്ടിയ വായുനിറച്ച് വീർപ്പിച്ച പരന്ന ട്യൂബിൽ നിന്നുകൊണ്ട് യാത്ര ചെയ്യലാണ് മത്സരം. ബോട്ട് മണിക്കൂറിൽ 50 - 60 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നതോടെ ട്യൂബ് പട്ടംപോലെ പത്തടിയോളം ഉയർന്നുപൊങ്ങും. മത്സരാർഥിക്ക് നിൽക്കാനായി ട്യൂബിൽ പരിമിതമായ സൗകര്യങ്ങളുണ്ടാകും. കൈറ്റ് ട്യൂബിങ്ങിനിടെ മരണവും പരിക്കേൽക്കലുകളുമുണ്ടായിട്ടുണ്ട്.

ബല്ലാത്തൊരു ഇസ്​തിരിയിടൽ (Extreme ironing)

അലക്കിച്ചുളിഞ്ഞ വസ്ത്രം ഇസ്തിരിയിടൽ ചെറിയൊരു സാഹസമാണെങ്കിലും ഒരു കായിക വിനോദമല്ലെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, 'എക്സ്ട്രീം അയേണിങ്' എന്നൊരു കായിക വിനോദമുണ്ട്. അപകടകരമായ വിദൂരസ്ഥലങ്ങളിലേക്ക് ഇസ്തിരിയിടാനുള്ള വസ്ത്രങ്ങളും ബോർഡും ഇസ്തിരിപ്പെട്ടിയുമെടുത്ത് പോകുന്ന വിചിത്രമായ ആചാരം. അതിഗംഭീരമായ ഔട്ട്ഡോർ ആക്ടിവിറ്റിയുടെ ആവേശവും ഇസ്തിരിയിട്ട് മിനുക്കിയ ഷർട്ടിന്റെ സംതൃപ്തിയും സമന്വയിപ്പിക്കുന്ന ഏറ്റവും പുതിയ അപകട കായിക വിനോദമാണ് Extreme ironing എന്നാണ് ഇതിന് പിന്നിലുള്ളവർ പറയുന്നത്. മലയുടെ മുകളിലും കടലിൽ സ്കൈ ബോർഡിലൂടെ സഞ്ചരിക്കുമ്പോഴും വെള്ളത്തിനടിയിലും തിരക്കേറിയ പട്ടണങ്ങളുടെ നടുക്കുവെച്ചും പാരച്യൂട്ടിങ്ങിനിടയിലുമെല്ലാം ഈ കായിക വിനോദം ചെയ്തുവരുന്നു. ബ്രിട്ടനാണ് ഇതിന്റെയും ഉത്ഭവസ്ഥാനം.

മൗണ്ടൻ യൂനിസൈക്ലിങ് (Mountain Unicycling)

തീർത്തും ദുർഘടമായ പാതകളിൽ സംഘടിപ്പിക്കാറുള്ള സാഹസിക സൈക്ലിങ് മത്സരങ്ങൾ നാം ടി.വിയിലും മറ്റും കണ്ടിട്ടുണ്ട്. എന്നാൽ, സർക്കസുകളിൽ കോമാളികൾ ഓടിച്ചുവരുന്ന ഒരു ടയർ മാത്രമുള്ള യൂണിസൈക്കിളിൽ അത്തരം സാഹസം കാണിക്കുന്ന കായിക വിനോദമാണിത്. മലയിടുക്കുകളിലൂടെയും മറ്റുമാണ് ഈ സൈക്കിളിലുള്ള സഞ്ചാരം. ഇതിൽ മാറ്റുരക്കുന്നതിന് ചെറിയ ധൈര്യമൊന്നും പോരാ.

മനുഷ്യനും കുതിരയും (Man vs. Horse)

വിവിധയിടങ്ങളിൽ വർഷാവർഷം നടക്കാറുള്ള ഓട്ടമത്സരമാണ് മാൻ വേഴ്സസ് ഹോഴ്സ് മാരത്തൺ. ഫിനിഷിങ് ലൈനിലെത്താൻ 35 കി.മീറ്റർ ഓടണം. റോഡും മൺപാതയും പർവതപ്രദേശങ്ങളും ഇടകലർന്നുള്ള ട്രാക്കിലൂടെ മനുഷ്യ ഓട്ടക്കാരും കുതിരയും മത്സരിച്ചോടും. കുതിരയെ നിയന്ത്രിക്കാൻ കുതിരപ്പുറത്ത് ആളുണ്ടായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SportsChess BoxingBossaballtoe wrestlingShin Kicking
News Summary - The Worlds Strangest Sports
Next Story