Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അയ്യോ ഈ കൊതു​...
cancel
Homechevron_rightVelichamchevron_rightGeneral Storieschevron_rightഅയ്യോ ഈ കൊതു​...

അയ്യോ ഈ കൊതു​...

text_fields
bookmark_border

ലോകത്തെ ഏറ്റവും അപകടം പിടിച്ച ‘ഭീകര ജീവി’യായാണ് ശാസ്ത്രലോകം കൊതുകുകളെ കാണുന്നത്. കൊതുകുകൾ പരത്തുന്ന ഗുരുതര അസുഖങ്ങൾ കാരണം എത്രയോപേരാണ് ഓ​രോ മിനിറ്റിലും മരിക്കുന്നത്. മലമ്പനിയാണ് ഈ കണക്കിൽ മുൻപന്തിയിൽ. ലോകത്ത് 10 ലക്ഷത്തോളംപേർ മലമ്പനി ബാധിച്ച് ഒരുവർഷം മരണമടയുന്നു എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

കൊതുകിനായി ഒരു ദിനം

ആഗസ്റ്റ് 20നാണ് അന്താരാഷ്ട്ര കൊതുക് ദിനം. പെൺ കൊതുകുകൾ മനുഷ്യർക്കിടയിൽ മലേറിയ പരത്തുന്നുവെന്ന് കണ്ടെത്തിയ ബ്രിട്ടീഷ് ഡോക്ടർ സർ റൊണാൾഡ് റോസിന്റെ സ്മരണക്കായാണ് ഈ ദിനാചരണം. ആ ക​ണ്ടെത്തലിനു പിന്നിലും കുറേ കഥകളുണ്ട്.പ്ലാസ്മോഡിയം എന്ന പ്രോട്ടോസോവ വിഭാഗത്തിൽപെടുന്ന സൂക്ഷ്മ ജീവികൾ ഉണ്ടാക്കുന്ന, അനഫലസ് വിഭാഗത്തിൽപെട്ട കൊതുകുകൾ പരത്തുന്ന മാരക രോഗമാണ് മലമ്പനി അഥവാ മലേറിയ. പണ്ട് ഇന്ത്യയിൽ ലക്ഷക്കണക്കിനാളുകൾ മലമ്പനി മൂലം മരിച്ചിരുന്നു. രണ്ട് ഇറ്റാലിയൻ വാക്കുകൾ ചേർന്നാണ് മലേറിയ എന്ന വാക്കുണ്ടായത്, മാൽ (Mal), ആറിയ (aria) എന്നീ വാക്കുകൾ. മാൽ എന്നതിന്റെ അർഥം ‘മലിനം’ എന്നും ആറിയ എന്നാൽ ‘വായു’ എന്നുമാണർഥം. 1717ൽ ഇറ്റാലിയൻ ശാസ്ത്രജ്ഞനായ ലാൻസിസിയാണ് ഈ പേരിട്ടത്. മലമ്പനിയുടെ കാരണമോ അത് പരക്കുന്നത് എങ്ങനെയാണേന്നോ ഒന്നും അക്കാലത്ത് അറിയില്ലായിരുന്നു. ഫ്രഞ്ച് ഡോക്ടറായിരുന്ന അൽഫോൺസ് ലാവരൻ ഒരിക്കൽ തന്റെയൊരു കണ്ടെത്തൽ പ്രസിദ്ധീകരിച്ചു. അതിങ്ങനെയായിരുന്നു. ‘മലമ്പനി ബാധിച്ച ഒരു രോഗിയുടെ രക്തം മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചപ്പോൾ ചില നിറമുള്ള വസ്തുക്കൾ കാണാനിടയായി. പരിശോധിച്ച മിക്ക രോഗികളിലും ഇതുണ്ടായിരുന്നു’. ഓസിലാറിയ മലേറിയേ എന്നാണ് അദ്ദേഹം അതിനെ വിളിച്ചത്. പിൽക്കാലത്ത് അത് പ്ലാസ്മോഡിയം ഫാൽസിപ്പരം എന്നറിയപ്പെട്ടു.

മലേറിയ പരത്തുന്നത് കൊതുകുകളാണെന്ന സംശയം അന്നുതന്നെയുണ്ടായിരുന്നു. എന്നാൽ അതിൽ ഗവേഷണങ്ങൾ നടന്നില്ല. പിന്നീട് 1877ൽ പാട്രിക്ക് മാൻസൺ എന്ന സ്കോട്ടിഷ് ഡോക്ടർ ചൈനയിൽവെച്ച് കൊതുകുകളിൽനിന്ന് മന്ത് രോഗമുണ്ടാക്കുന്ന വിരകളെ കണ്ടെത്തി. അതൊരു വലിയ കണ്ടെത്തലായിരുന്നു. ഒരു രോഗവും കൊതുകും തമ്മിലെ ബന്ധം തെളിയിക്കുന്ന ആദ്യ കണ്ടെത്തൽ. അങ്ങനെയാണ് കൊതുകും മലമ്പനിയും തമ്മിലുള്ള പഠനം നടക്കുന്നത്. ഇംഗ്ലണ്ടിൽ മലമ്പനി അപൂർവമായിരുന്നതിനാൽ പക്ഷേ ഈ പഠനം അധികം മുന്നോട്ടുപോയില്ല.

ഡോക്ടർ റൊണാൾഡ് റോസ്

1857ൽ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലായിരുന്നു റൊണാൾഡ് റോസിന്റെ ജനനം. ഇംഗ്ലണ്ടിൽനിന്ന് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ റോസ് അക്കാലത്ത് ഇന്ത്യയിൽ പടർന്നുപിടിച്ചിരുന്ന മലമ്പനിയെക്കുറിച്ച് അന്വേഷണം തുടങ്ങി. മലമ്പനി രോഗികളുടെ രക്തത്തിലെ പരാദങ്ങളെക്കുറിച്ചായിരുന്നു ആദ്യ അന്വേഷണം. 1894ൽ അത് റോസ് സ്ഥിരീകരിച്ചു. റോസ് പാട്രിക്ക് മാൻസനെ സന്ദർശിക്കുകയും കൂടുതൽ പഠനങ്ങൾ നടത്തുകയും ചെയ്തു. 1895ൽ തിരികെ ഇന്ത്യയിലെത്തിയ റോസ് തന്റെ കൊതുകുപരീക്ഷണങ്ങൾ തുടർന്നു. രണ്ടുവർഷത്തോളം വിവിധതരം കൊതുകുകളിൽ പഠനം നടത്തി. മൂന്നുതരം കൊതുകുകളെയാണ് പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചത്, ക്യൂലക്സ്, ഈഡിസ്, അനഫലസ്. നിരവധി പരീക്ഷണ നിരീക്ഷണങ്ങൾക്കുശേഷം ആഗസ്റ്റ് 20നാണ് റോസ് തന്റെ വിഖ്യാത കണ്ടുപിടിത്തം നടത്തുന്നത്.

ചിലരെ കൂടുതൽ കടിക്കുമോ?

സംഭവം സത്യമാണ്. ഏകദേശം 20 ശതമാനം ആളുകൾക്ക് മറ്റുള്ളവരേക്കാൾ കൊതുകിന്റെ കടി കൂടുതൽ കിട്ടുന്നുണ്ടെന്നാണ് പഠനം പറയുന്നത്. ‘O’ രക്ത ഗ്രൂപ്പുകാരെ കൊതുകുകൾക്ക് കൂടുതൽ ഇഷ്ടമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചില ജനിതക ഘടകങ്ങൾമൂലവും കൊതുക് കൂടുതലായി കടിച്ചേക്കാം. ശരീരത്തിന് താപനില കൂടുതലുള്ളവരെയും അഴുക്ക് ശരീരത്തിലുള്ളവരെയും വിയർക്കുന്നവരെയുമെല്ലാം കൊതുകുകൾക്ക് വേഗം കണ്ടെത്താൻ സാധിക്കും.

മൂളുന്നതെങ്ങനെ​?

മൂന്നു ജോഡി കാലുകളും ഒരു ജോഡി ചിറകുകളുമാണ് കൊതുകുകൾക്കുള്ളത്. ആൺ കൊതുകുകൾ സെക്കൻഡിൽ 450 മുതൽ 600 പ്രാവശ്യം ചിറകടിക്കുന്നുണ്ടെന്നാണ് കണക്ക്. ആ ചിറകടിയാണ് മൂളലായി നമ്മുടെ ചെവികളിലെത്തുന്നത്. ചിലയിനം കൊതുകുകൾക്ക് വളരെ വേഗത്തിൽ പറക്കാൻ കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട്. സന്ധ്യ സമയത്തും പുലർകാലത്തും കൊതുകുകൾ ഇരതേടിയും കൂടുതലിറങ്ങുകയും ചെയ്യും.

ക്യൂലക്‌സ്

വലിപ്പം കൂടിയ കൊതുകുകളാണ് ക്യൂലക്സ് കൊതുകുകൾ. ചിലയിനം മസ്തിഷ്ക ജ്വരം പരത്താൻ ഇവക്ക് സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അശുദ്ധജലത്തിലാണ് ഇവ മുട്ടയിട്ട് പെരുകുക.

അനോഫലസ്

അനോഫലസ് കൊതുകുകൾക്ക് ചിറകുകളില്‍ പുള്ളികളുണ്ടാവും. ചെറിയ ശരീരമാണ് ഇവക്ക്. മലേറിയക്ക് കാരണമാകുന്ന ഏകകോശ ജീവികളായ പ്ലാസ്‌മോഡിയങ്ങളെ വഹിക്കുന്നത് ഇവയാണ്.

ഈഡിസ്

ഈഡിസ് കൊതുകുകൾക്ക് വെള്ളവരകളുണ്ടാകും. ഇവ എപ്പോൾ വേണമെങ്കിലും ചുറ്റും കാണാം. ശുദ്ധജലത്തിലാണ് മുട്ടയിട്ട് പെരുകുന്നത്. ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയുമെല്ലാം പരത്തുന്നത് ഈ കൊതുകുകളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MosquitoWorld Mosquito Day
News Summary - Reasons for Celebrating World Mosquito Day
Next Story