Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Carrots
cancel
Homechevron_rightVelichamchevron_rightGeneral Storieschevron_rightകാരറ്റ് കഴിച്ചാൽ...

കാരറ്റ് കഴിച്ചാൽ നിങ്ങൾ ഓറഞ്ച് നിറത്തിലാകും!

text_fields
bookmark_border

ബീറ്റ്റൂട്ട് കൈയിൽ പിടിച്ചാൽ അതിന്റെ നിറം നമ്മുടെ കൈയിലാകും. ഞാവൽപ്പഴം തിന്നാൽ അതിന്റെ നിറം നാവിലും വരും. പക്ഷേ, കാരറ്റ് കഴിച്ചാൽ നമുക്ക് ഓറഞ്ച് നിറം വരും എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? കേട്ടിട്ടില്ലെങ്കിൽ അങ്ങനെ ഒന്നുണ്ട്. വളരെയധികം കാരറ്റ് കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ശരിക്കും ഓറഞ്ച് കലർന്ന മഞ്ഞ നിറത്തിലുള്ള ചർമം ഉണ്ടാകുമെന്നത് സത്യമാണെന്ന് യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിൽ നടത്തിയ ഒരു പഠനത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഗവേഷകർ.

നിങ്ങൾ ധാരാളം കാരറ്റ് അതല്ലെങ്കിൽ 'ബീറ്റാ കരോട്ടിൻ' സമ്പുഷ്ടമായ ഏതെങ്കിലും മറ്റു പച്ചക്കറികളോ അമിതമായി കഴിക്കുമ്പോൾ ഇതു സംഭവിക്കും എന്നാണ് പഠനം പറയുന്നത്. ഇതിനു കാരണം എന്താണെന്നും അവർ വ്യക്തമാക്കുന്നുണ്ട്. 'കരോട്ടിനീമിയ' എന്ന പ്രതിഭാസമാണ് ഈ മാജിക്കിനു പിന്നിൽ. അപ്പോൾ എന്താണ് കരോട്ടിനീമിയ എന്നറിയണ്ടേ?

രക്തത്തിലെ ബീറ്റാ കരോട്ടിൻ അളവ് വർധിക്കുമ്പോൾ ചർമത്തിലുണ്ടാകുന്ന ഓറഞ്ച് കലർന്ന മഞ്ഞ നിറത്തിലുള്ള പിഗ്മന്റേഷനുകൾ ഉണ്ടാകുന്ന ഒരു ക്ലിനിക്കൽ അവസ്ഥയാണ് ഇത്. ഇങ്ങനെ നിറം മാറ്റമുണ്ടാകുന്ന മിക്ക കേസുകളിലും കാരറ്റ്, മത്തൻ, മധുരക്കിഴങ്ങ്, സ്ക്വാഷ് തുടങ്ങിയ കരോട്ടിൻ അടങ്ങിയ ഭക്ഷണങ്ങളുടെ തുടർച്ചയായും അമിതവുമായുമുള്ള ഉപഭോഗവും ഗവേഷകർ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ഒന്നുകൂടിയാണ് കരോട്ടിനീമിയ. ഇത് വലിയ അസുഖമൊന്നുമല്ലെങ്കിലും ചില സമയത്ത് മഞ്ഞപ്പിത്തമാണെന്ന് തെറ്റിദ്ധരിപ്പിച്ചേക്കാം.

കൈപ്പത്തിയിലും കാലിന്റെ പാദങ്ങളിലുമുള്ള ചർമത്തിലാണ് ഈ അവസ്ഥയിലുള്ളവർക്ക് കൂടുതലായി നിറംമാറ്റം അനുഭവപ്പെടാറ്. കുട്ടികളിലാണ് ഇത് കൂടുതലായി കാണാറ് എന്നു പറഞ്ഞല്ലോ, മുതിർന്നവർ കാരറ്റ് ഒരുപാട് കഴിച്ചാലും അത്ര​ പെ​ട്ടെന്നൊന്നും ഈ അവസ്ഥ വരില്ലെന്നാണ് പറയുന്നത്. മുതിർന്നവരിൽ കരോട്ടിനീമിയ ഉണ്ടാവണമെങ്കിൽ ഒരാൾ ഒരു ദിവസം മൂന്ന് വലിയ കാരറ്റ് വീതമെങ്കിലും കഴിക്കണം എന്നാണ് പഠനങ്ങൾ പറയുന്നത്.

ബീറ്റാ കരോട്ടിൻ ശരീരത്തിൽ വിറ്റാമിൻ എ ആയി മാറുന്നു എന്നുള്ളതുകൊണ്ടാണ് കാരറ്റ് കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് പറയുന്നത്. അതേസമയം, ഈയൊരു അവസ്ഥയിലേക്ക് എത്തിയാൽ എന്തുചെയ്യാൻ കഴിയും എന്നതാണ് അടുത്ത ചോദ്യം. അതു വളരെ സിംപിളാണ്. കുറഞ്ഞ കരോട്ടിൻ ഭക്ഷണത്തിലേക്ക് മാറുക, അത്രമാത്രം. കാരറ്റും മധുരക്കിഴങ്ങും മത്തനുമെല്ലാം അൽപം കുറക്കുകതന്നെ. നിങ്ങളുടെ ചർമം സാധാരണ രീതിയിലേക്ക് മടങ്ങാൻ ചിലപ്പോൾ വീണ്ടും മാസങ്ങൾ എടുത്തെന്നും വരാം.

ഇനി ഇതെല്ലാം കേട്ട് കാരറ്റും മത്തനും മധുരക്കിഴങ്ങുമൊന്നും കഴിക്കാതിരിക്കരുത്. ആവശ്യമുള്ള അളവിൽ എല്ലാം കഴിക്കണം. എന്ത് അമിതമായാലും കുഴപ്പമാണെന്ന് നിങ്ങൾക്ക് അറിയാത്തതൊന്നും അല്ലല്ലോ. അതുകൊണ്ടാണല്ലോ 'അമിതമായാൽ അമൃതും വിഷം' എന്ന ചൊല്ലുതന്നെ ഉണ്ടായത്!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OrangeCarrot
News Summary - Eating Too Many Carrots Turn Your Skin Orange
Next Story