Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Deep Sea Mysteries
cancel
Homechevron_rightVelichamchevron_rightGeneral Storieschevron_rightകടലിലെ നിഗൂഢ യാത്രകൾ

കടലിലെ നിഗൂഢ യാത്രകൾ

text_fields
bookmark_border

നിഗൂഢതകൾ എന്നും എല്ലാവർക്കും ഇഷ്ടമാണ്. ചുരുളഴിയാത്ത രഹസ്യങ്ങൾതേടി മനുഷ്യൻ സഞ്ചരിക്കാത്ത വഴികളില്ല. ആ സഞ്ചാരങ്ങളെല്ലാം പുസ്തകങ്ങളായും സിനിമകളായും കെട്ടുകഥകളായും നമുക്കു ചുറ്റും നിറഞ്ഞുനിൽക്കുന്നുണ്ട്. നിഗൂഢതകളുടെ കെട്ടഴിക്കാനുള്ള ഈ യാത്രകൾ ഇന്നും തുടരുകയാണ്. ചിലർ പുതിയ കണ്ടെത്തലുകൾക്കുവേണ്ടിയാണ് ഇങ്ങനെ യാത്ര ചെയ്യുന്നതെങ്കിൽ മറ്റു ചിലർക്ക് അത് സാഹസിക സഞ്ചാരങ്ങൾക്കുള്ള അവസരങ്ങൾ മാത്രം.

ഏറ്റവുമൊടുവിൽ ‘ടൈറ്റാനിക്’ കപ്പലിന്റെ അവശിഷ്ടങ്ങൾ തേടി ഒരു മുങ്ങിക്കപ്പൽ നടത്തിയ യാത്രയും പിന്നീടുണ്ടായ സംഭവങ്ങളും നമ്മൾ കണ്ടു. സമുദ്രം എന്നും മനുഷ്യനെ വിസ്മയിപ്പിച്ചിട്ടേയുള്ളൂ. അതിന്റെ അടിത്തട്ടിലുള്ള രഹസ്യങ്ങളുടെ വളരെ കുറച്ച് വിവരങ്ങൾ മാത്രമേ നമുക്ക് ഇതുവരെ കണ്ടത്താനായിട്ടുള്ളൂ. ഇത്തവണ വെളിച്ചം സമുദ്രത്തിൽ ഒളിച്ചുവെച്ചിരിക്കുന്ന ഈ നിഗൂഢതകൾക്കുപിറകെയാണ്...

രഹസ്യങ്ങൾ ഒളിപ്പിച്ച മരിയാന ട്രഞ്ച്

ഭൂമിയിലെ ഏറ്റവും കൂടുതൽ നിഗൂഢത നിറഞ്ഞ സ്ഥലം എന്നാണ് മരിയാന ട്രഞ്ച് അറിയപ്പെടുന്നത്. ഭൂമിയിൽ സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗമാണ് മരിയാന ട്രഞ്ച്. പസഫിക് സമു​ദ്രത്തിലാണ് ഇത്. ലോകത്തിന് ഇതുവരെ എഴുതിച്ചേർക്കാനാവാത്ത രഹസ്യങ്ങളുടെ കലവറയാണ് ഇവിടം. മരിയാന ദ്വീപിൽനിന്നും 200 കിലോമീറ്ററോളം മാറിയാണ് മരിയാന ട്രഞ്ച്.


ഏകദേശം 2540 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നതാണ് ഇത്. 69 കിലോമീറ്ററിലധികം വീതിയും മരിയാന ട്രഞ്ചിനുണ്ട്. ഇവിടുത്തെ രഹസ്യങ്ങൾ കണ്ടത്താൻ ഇറങ്ങിയ സമുദ്ര പര്യവേക്ഷകരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. നിരവധിപേർ പിന്തിരിഞ്ഞുപോന്നു. 1875ലാണ് മരിയാന ട്രഞ്ച് ക​ണ്ടെത്തിയത്. എന്നാൽ 1960വരെ ഇതിന്റെ രഹസ്യങ്ങൾതേടി യാത്രക്കുപോലും സാധ്യമായില്ല എന്നതാണ് സത്യം. ഇന്നും രഹസ്യങ്ങൾ പലതും ഒളിപ്പിച്ചുവച്ചിരിക്കുകയാണ് മരിയാനട്രഞ്ച്.

‘അറ്റ്ലാന്റിസ്’; കടലിനടിയിലെ നഗരം

1986ൽ ജപ്പാനിൽ കടലിനടിയിൽ ഒരു വലിയ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾതന്നെ കണ്ടെത്തി. പ്ലാറ്റോയുടെ പുരാണ നഗരമായ ‘അറ്റ്ലാന്റിസ്’. യോനാഗുനി എന്ന ദ്വീപിനരികിലായി ഒരു ജാപ്പനീസ് മുങ്ങൽ വിദഗ്ധനാണ് ഈ രഹസ്യങ്ങളുടെ കലവറ ക​ണ്ടെത്തിയത്.


ഒരു സംസ്കാരത്തിന്റെ തന്നെ കഥകൾ പറയാനുണ്ടായിരുന്നു അറ്റ്ലാന്റിസിന്. ഇന്നും സമുദ്ര പര്യവേക്ഷകർ പുതിയ കണ്ടെത്തലുകൾക്കായി ഇവിടേക്ക് യാത്രചെയ്തു​കൊണ്ടേയിരിക്കുന്നു. കടലിനടിയിൽ നഷ്ടപ്പെട്ട നാഗരികതകയുടെ കഥ പറയുകയാണ് അറ്റ്ലാന്റിസ്. ആകർഷകമായ ഒരു രൂപമാണ് ഈ നഗരത്തിനുള്ളത്. നിരവധി പടികളായി രൂപപ്പെട്ടിരിക്കുന്ന നഗരം ഇന്നും നിഗൂഢരഹസ്യങ്ങൾ പലതും ഒളിപ്പിച്ചുവെക്കുന്നു.

കടലിനടിയിലെ അപ്പോളോ 11

നീൽ ആംസ്​ട്രോങ്ങും കൂട്ടരും ചന്ദ്രനിലിറിങ്ങി തിരിച്ചുവന്നത് അപ്പോളോ 11 എന്ന പേടകത്തിലാണെന്ന് എല്ലാവർക്കുമറിയാം. ഈ പേടകം സുരക്ഷിതമായിത്തന്നെ തിരിച്ചിറങ്ങുകയും ചെയ്തു. എന്നാൽ, ഈ പേടകത്തെ വഹിച്ചുകൊണ്ടുപോയ സാറ്റേൺ 5 റോക്കറ്റിന്റെ എൻജിൻ ഇന്നും കടലിനടിയിലുണ്ട്.


അപ്പോളോ ദൗത്യം കഴിഞ്ഞ് 43 വർഷങ്ങൾക്കുശേഷമാണ് ഫ്ലോറിഡക്കടുത്ത് കടലിൽ ഏകദേശം 14000ത്തോളം അടി താഴ്ചയിൽ ഈ എൻജിൻ കണ്ടെത്തിയത്. ഇത് കണ്ടെത്തിയതാകട്ടെ ആമസോൺ സ്ഥാപകൻ ജെഫ് ബസോസും. ഒരു സമുദ്ര പര്യവേക്ഷകൻകൂടിയാണ് ഇദ്ദേഹം.

1968ൽ കാണാതായ അന്തർവാഹിനികൾ

നാല് അന്തർവാഹിനികൾ കാണാതാവുന്നു, അതും ഒരേ വർഷം! പലതും പല സ്ഥലങ്ങളിലാണെങ്കിലും ഈ കാണാതാകലിനു പിന്നിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന അന്വേഷണവും അന്ന് നടന്നിരുന്നു. വർഷം 1968. അമേരിക്കയുടെ ‘സ്കോർപ്പിയൺ’, സോവിയറ്റിന്റെ ‘കെ-129’, ​ഫ്രഞ്ച് അന്തർവാഹിനി ‘മിനർവ്’, ഇസ്രായേൽ നേവിയുടെ ‘ഐ.എൻ.എസ് ദകർ’ എന്നീ അന്തർവാഹിനികളാണ് സമു​ദ്രത്തിൽ അപ്രത്യക്ഷമായത്.


ഇതിൽ അവസാനത്തെ രണ്ടെണ്ണം നാലുദിവസത്തെ വ്യത്യാസത്തിലാണ് കാണാതായത്. ഇതിൽ മൂന്ന് അന്തർവാഹിനികൾ പിന്നീട് കണ്ടെത്തിയെങ്കിലും ‘മിനർവ്’ ഇപ്പോഴും നിഗൂഢതയിൽ തുടരുകയാണ്. ഇന്നും അതിന്റെ സഞ്ചാര പാതയിൽ സമുദ്ര പര്യവേഷകർ ഈ അന്തർവാഹിനിയെ തിരയാറുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്.

കടലിനടിയിലെ ടൈറ്റാനിക്

1912ൽ അന്ന് ലോകത്തെതന്നെ ഏറ്റവും വലിയ ആഢംബര കപ്പലായ ടൈറ്റാനിക് മഞ്ഞുമലയിലിടിച്ച് തകർന്ന് സമു​ദ്രത്തിലേക്ക് കൂപ്പുകുത്തിയ കഥ അറിയാത്തവരുണ്ടാകില്ല. സിനിമയായും കഥകളായും എന്നും ടൈറ്റാനിക് നമുക്കു ചുറ്റിലുമുണ്ട്. തകർന്ന് കടലിൽ മറഞ്ഞ ടൈറ്റാനിക്കിലെ നിധി തേടി സമുദ്ര പര്യ​വേഷകർ നടത്തിയ നിരവധി സാഹസിക യാത്രകളുടെ കഥയും നമുക്കറിയാം.


അറ്റ്ലാന്റിക് സമുദ്രത്തിൽ ഏകദേശം 12500 അടിയോളം താഴ്ചയിൽ ഇന്നും ടൈറ്റാനിക് ഉറങ്ങിക്കിടക്കുന്നുണ്ട്. ഇനിയും കണ്ടെത്താനാകാത്ത നിരവധി രഹസ്യങ്ങൾ ടൈറ്റാനിക്കിൽ ഉണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. പലരും കടലിനടിയിലെ ആ വലിയ കപ്പലിനെ കാണാൻ യാത്രചെയ്തിട്ടുണ്ട്. അപകടങ്ങൾ പലതുമുണ്ടായിട്ടും ടൈറ്റാനികിനോടുള്ള ഭ്രമം ഇനിയും സമുദ്ര സാഹസികർക്ക് തീർന്നിട്ടില്ല എന്നതാണ് യാഥാർഥ്യം.

നിഗൂഢതയുടെ ട്രയാംഗിൾ

കടലിലെ ഏറ്റവും വലിയ ചുരുളഴിയാത്ത രഹസ്യമായി ഇന്നും തുടരുകയാണ് ബർമുഡ ട്രയാംഗിൾ. ഒരുപക്ഷേ ക്രിസ്റ്റഫർ കൊളംബസ് ആയിരിക്കും ‘ബർമുഡ ട്രയാംഗിൾ’ എന്ന വാക്ക് ലോകത്തിനുമുന്നിൽ ചർച്ചയാക്കിയത്. ബർമുഡ ട്രയാംഗിൾ ഒരു സ്ഥലമല്ല, മറിച്ച് അറ്റ്ലാന്റിക് സമുദ്രത്തിൽ ഫോറിഡ തീരത്തിനും പ്യൂർടോ റികോക്കും ബർമുഡ ദ്വീപിനുമിടയിൽ അഞ്ച് ലക്ഷത്തിലധികം സ്​ക്വയർ മൈൽ വിസ്തൃതിയിലുള്ള ​പ്രദേശമാണത്. നിരവധി കപ്പലുകളും ബോട്ടുകളും വിമാനങ്ങളും മനുഷ്യരും ഇവിടെവച്ച് അപ്രത്യക്ഷരാവുകയും പിന്നീട് കണ്ടെത്താനാവാതെ വരുകയും ചെയ്തതായാണ് പറയപ്പെടുന്നത്.


1492ലാണ് ക്രിസ്റ്റഫർ കൊളംബസ് അറ്റ്ലാന്റിക് സമുദ്രത്തിനുകുറുകെ സഞ്ചരിക്കുന്നതിനിടെ ഈ സ്ഥലത്ത് ശാസ്ത്രത്തിന് അംഗീകരിക്കാൻപോലും പറ്റാത്ത വിസ്മയകരമായ കാഴ്ചകൾ കണ്ടുവെന്ന് രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. നിരവധി കാർഗോ ഷിപ്പുകളും യു.എസ് നേവി കപ്പലുകളും വിമാനവുമെല്ലാം ഇവിടെവെച്ച് കാണാതായിട്ടുണ്ട്. പിന്നീട് ഇവയെക്കുറിച്ച് ഒരുവിവരവും ആരും അറിഞ്ഞിട്ടുമില്ല. ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി സമുദ്ര സഞ്ചാരികളുടെ പേടിസ്വപ്നമാവുകയാണ് ബർമുഡ ട്രയാംഗിൾ.

അപ്രത്യക്ഷമായ ദ്വീപ്

ബെർമെജ, മെക്സികോക്കടുത്ത് സ്ഥിതിചെയ്തിരുന്ന, 80 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള ദ്വീപാണിത്. എന്നാൽ ഈ ദ്വീപ് ഒരുദിവസം അപ്രത്യക്ഷമായി! കേൾക്കുമ്പോൾ അമ്പരപ്പുതോന്നും. സംഗതി സത്യമാണ്. 1500കൾ മുതൽ മാപ്പിൽ കൃത്യമായി രേഖപ്പെടുത്തിവെച്ച ദ്വീപായിരുന്നു ബെർമെജ. ‘ചുവപ്പ്’ എന്ന അർഥം വരുന്ന സ്പാനിഷ് വാക്കായ ‘ബെർമെജോ’ എന്ന വാക്കിൽനിന്നാണ് ഈ ദ്വീപിന് ആ പേരുവന്നത്. 1539ലാണ് ഈ ദ്വീപ് ഭൂപടത്തിൽ ചേർക്കുന്നത്. പിന്നെയും വർഷങ്ങളോളം ഈ ദ്വീപ് ഭൂപടത്തിൽ തുടർന്നു.


നിയമപ്രകാരം മെക്സിക്കോയുടെ അധീനതയിലായിരുന്നു ഈ ദ്വീപെങ്കിലും അമേരിക്കയുടെ സ്വാധീനം ഈ മേഖലയിൽ ഉണ്ടായിരുന്നതായി പലയിടങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വർഷങ്ങൾക്കുശേഷം 1990ൽ ഈ ദ്വീപിനെ കണ്ടെത്താനായി മെക്സിക്കൻ ഗവൺമെന്റ് പര്യവേഷക സംഘത്തെ അയച്ചങ്കിലും അങ്ങനെയൊരു ദ്വീപ് കണ്ടെത്താനായില്ല. 2009ൽ വീണ്ടും ഒരു സംഘം ദ്വീപ് കണ്ടത്താൻ ശ്രമിച്ചപ്പോഴും ഫലം അതുതന്നെയായിരുന്നു. നൂറ്റാണ്ടുകളോളം കടലിലുണ്ടായിരുന്ന ഈ ദ്വീപ് എങ്ങനെ അപ്രത്യക്ഷമായി എന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്.

അറ്റ്ലാന്റിക്കിലെ നിഗൂഢ ദ്വാരങ്ങൾ

വർഷങ്ങൾക്കുമുമ്പ് സമുദ്ര ഗവേഷകർ പഠനത്തിന്റെ ഭാഗമായി അറ്റ്ലാന്റിക് കടലിന്റെ അടിത്തട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. അതിനിടക്കാണ് കടലിന്റെ അടിത്തട്ടിൽ നിരവധി ദ്വാരങ്ങൾ അവരുടെ ശ്രദ്ധയിൽപെടുന്നത്. നിരനിരയായി തുല്യ അകലങ്ങളിലായിരുന്നു ഈ ദ്വാരങ്ങൾ. ഒറ്റ നോട്ടത്തിൽ മനുഷ്യനിർമിതമാണ് ഇതെന്ന് തോന്നുമെന്നായിരുന്നു ഗവേഷകരുടെ അഭിപ്രായം.


എന്നാൽ ആ സ്ഥലം അധികം പര്യവേക്ഷകർ എത്താത്ത ഇടംകൂടിയായിരുന്നു. മാത്രമല്ല 2,540 അടി താഴ്ചയിൽ ഇത്തരത്തിൽ ഒരു മനുഷ്യ നിർമ്മിത കുഴികൾ കാണാനുള്ള സാധ്യതയില്ലെന്നും അവർ കുറിച്ചു. പക്ഷേ എന്താണ് അവയെന്നത് ഇന്നും നിഗൂഢമായിത്തന്നെ അ​വശേഷിക്കുകയാണ്. മുമ്പും അറ്റ്ലാന്റികിൽ ഇത്തരത്തിലുള്ള ചില ദ്വാരങ്ങൾ പര്യവേഷകരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. അതു പക്ഷേ 2,082 മീറ്റർ ആഴത്തിലായിരുന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeatitanOceanTitanic
News Summary - Deep Sea Mysteries
Next Story