
അസ്ഥികൂടങ്ങൾ നിറഞ്ഞ രൂപ്കുണ്ഡ് തടാകം
text_fieldsനീലഗ്രഹമായ ഭൂമിയുടെ ഏറിയ ഭാഗവും ജലത്താൽ ആവരണം ചെയ്യപ്പെട്ടുകിടക്കുകയാണ്. ജലത്തെ മാറ്റിനിർത്തിയുള്ള ഒരു ലോകത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ പറ്റില്ല. സമുദ്രങ്ങളും കായലുകളും നദികളും തടാകങ്ങളുമെല്ലാം ഭൂമിയെ എന്നും മനോഹരിയാക്കി നിർത്തുന്നുണ്ട്. തടാകങ്ങൾക്ക് അതിൽ ഏറെ പ്രാധാന്യമുണ്ട്. നാലു പാടും കരയാൽ ചുറ്റപ്പെട്ട വലിയ വ്യാപ്തിയുള്ള ഇവ ജൈവസമ്പത്തിന്റെ കലവറയാണ്. വിവിധ വലുപ്പത്തിലും രൂപത്തിലുമുള്ള നിരവധി തടാകങ്ങളുണ്ട് ഇന്ത്യയിൽ. അവയിൽ ഏറെ നിഗൂഢമായ തടാകമാണ് ഹിമാലയത്തിലെ രൂപ്കുണ്ഡ്.
ഉത്തരാഖണ്ഡിലെ ഗഡ്വാളിലാണ് രൂപ്കുണ്ഡ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 5029 മീറ്റർ ഉയരത്തിലെ മലമടക്കുകളിലാണ് ഇതിന്റെ സ്ഥാനം. ഈ തടാകം നിറയെ ചിതറിക്കിടക്കുന്ന മനുഷ്യാസ്ഥികൂടങ്ങൾ ഏവരെയും ഭീതിപ്പെടുത്തും. അഞ്ഞൂറിലേറെപ്പേരുടെ അസ്ഥികൂടങ്ങൾ ഈ തടാകത്തിലുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തിബത്തൻ പ്രദേശങ്ങളിൽ യുദ്ധത്തിനു പോയ കശ്മീരി പട്ടാളക്കാർ തിരിച്ചുവരുമ്പോൾ വഴിതെറ്റി അപകടത്തിൽ പെട്ടുവെന്നും അവരുടെ അസ്ഥികൂടങ്ങളാണ് ഇതെന്നും കഥയുണ്ട്. അതല്ല, കനൂജിലെ രാജാവും പരിവാരങ്ങളും നന്ദാദേവി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിൽ ഹിമക്കാറ്റിൽപെട്ടു മരിക്കുകയും അവരുടെ അസ്ഥികൂടങ്ങളാണ് അതെന്ന മറ്റൊരു കഥയുമുണ്ട്. എന്നാൽ, ഈ കഥകളെയെല്ലാം കാറ്റിൽപറത്തി ഗവേഷകർ ശാസ്ത്രീയമായ സ്ഥിരീകരണങ്ങളുമായി രംഗത്തെത്തി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നവരുടെ അസ്ഥികൂടങ്ങളാണ് അവയെന്നാണ് അവയുടെ ഡി.എൻ.എ, കാർബൺ ഡേറ്റിങ് വ്യക്തമാക്കുന്നത്. വർഷങ്ങൾക്കുമുമ്പ് ഗ്രീസ്, ക്രീറ്റ് തുടങ്ങിയ ഇടങ്ങളിൽ നിന്നും വിവിധ സഞ്ചാരികൾ എത്തിയിരുന്നതായി ഗവേഷകർ സൂചിപ്പിക്കുന്നു. എന്നാൽ ആ മനുഷ്യർ എന്തിന്, എപ്പോൾ, എങ്ങനെ അവിടെയെത്തി, ഏതു സാഹചര്യത്തിലാണ് അവർ മരണപ്പെട്ടത് തുടങ്ങിയ പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഹിമപാതം, ഹിമക്കാറ്റ്, പാറകളുടെ വീഴ്ച തുടങ്ങിയ പ്രകൃതിദുരന്തങ്ങളാകാം അവരുടെ മരണത്തിനു കാരണമെന്ന് ഗവേഷകർ അനുമാനിക്കുന്നു.
1942ൽ തടാകത്തിന്റെ സമീപപ്രദേശത്തെ നന്ദാദേവി വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായിരുന്ന എച്ച്.കെ. മാധ്വാൾ ആണ് തടാകത്തിലെ അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. തടാകത്തിലെ മഞ്ഞ് ഭാഗികമായി ഉരുകുമ്പോൾ മാത്രമാണ് അവ ദൃശ്യമാകുക. മൺസൂണിന് മുന്പുള്ള മേയ് മാസത്തിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച ഉള്ളതിനാൽ മേയ് മാസം യാത്രക്കനുയോജ്യമല്ല. മൺസൂണിന് ശേഷമുള്ള സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലാണ് അവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.
https://indiahikes.com , https://www.adventurenation.com തുടങ്ങിയ ഗ്രൂപ്പുകളിൽ ഒറ്റക്കും ഗ്രൂപ്പായും ബുക്ക് ചെയ്ത് നിങ്ങൾക്ക് അവിടേക്ക് യാത്രപോവാൻ കഴിയും.