
ടെലിസ്കോപ്പ് കണ്ടുപിടിച്ചത് ഗലീലിയോ അല്ല!
text_fieldsടെലിസ്കോപ്പ് എന്താണെന്ന് കൂട്ടുകാർക്ക് അറിയില്ലേ? വളരെ ദൂരെയുള്ള വസ്തുക്കളെ വലുതായി, അടുത്ത് കാണാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ടെലിസ്കോപ്പുകൾ. ദൂരദർശിനി എന്ന പേരിട്ടും നമ്മൾ അതിനെ വിളിക്കാറുണ്ട്. ശാസ്ത്രമേളകളിലും പ്ലാനറ്റേറിയങ്ങളിലുമെല്ലാം പോയവർ മിക്കവരും ടെലിസ്കോ പ്പ് കാണുകയും അതിലൂടെ നോക്കുകയും ചെയ്തിട്ടുണ്ടാവും. ദൂരദർശിനികൾ പിറവിയെടുത്തതിനു പിന്നിൽ വലിയൊരു കഥയുണ്ട്. പണ്ട് മനുഷ്യർക്ക് അവരുടെ കണ്ണുകൾ ഉപയോഗിച്ച് കാണുക എന്ന ഒരു മാർഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ദൂരെയുള്ള വസ്തുക്കളെ കാണാനുള്ള വിദ്യയൊന്നും അന്നുണ്ടായിരുന്നില്ല. ദൂരദർശിനിയുടെ കണ്ടുപിടിത്തമാണ് അതെല്ലാം മാറ്റിമറിച്ചത്. പിന്നീട് നമ്മുടെ കാഴ്ച ഗ്രഹങ്ങളും ഗാലക്സികളും കടന്ന് ദൂരെ എത്തുകയും ചെയ്തു. ഇതൊക്കെ പറയുമ്പോഴും ആരാണ് ടെലിസ്കോപ്പ് കണ്ടുപിടിച്ചത് എന്ന ഒരു ചോദ്യം കേട്ടാൽ ഗലീലിയോ ഗലീലി എന്ന ഒരു സംശയവും കൂടാതെ ഉത്തരം പറയുന്നവരാണ് നമ്മൾ. ശരിക്കും അത് സത്യമാണോ?
ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞൻ ഗലീലിയോ ഗലീലിയാണ് ടെലിസ്കോപ്പ് കണ്ടുപിടിച്ചത് എന്ന ധാരണയാണ് മിക്കവർക്കുമുള്ളത്. എന്നാൽ, വാനനിരീക്ഷണത്തിന് ടെലിസ്കോപ്പ് ആദ്യമായി ഉപയോഗിച്ച ആള് ഗലീലിയോ ആയിരുന്നില്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്. ടെലിസ്കോപ്പിനെ ജനകീയമാക്കിയത് ഗലീലിയോ ആണെന്നത് സത്യമാണുതാനും.
നെതര്‍ലൻഡ്സിൽ കണ്ണടവ്യാപാരം നടത്തിയിരുന്ന ഹാന്‍സ് ലിപ്പര്ഷെയും സക്കരിയാസ് ജന്‍സനും 1608ല്‍ ആദ്യമായി ടെലിസ്കോപ്പുണ്ടാക്കി എന്നാണ് ചരിത്രം. ഇവര്‍ തമ്മില്‍ പേറ്റൻറിന്റെ പേരിൽ ഒരു കേസുമുണ്ടായിരുന്നു കോടതിയിൽ. ലിപ്പർഷെക്ക് അനുകൂലമായിരുന്നു വിധി. ആര് ആദ്യം നിർമിച്ചു എന്നതല്ല, ജനോപകാരപ്രദമായ രീതിയില്‍ ആര് ആദ്യം ലഭ്യമാക്കി എന്നതാണ് പ്രധാനം എന്നതായിരുന്നു നിരീക്ഷണം. തന്റെ കടയിലേക്ക് ആളുകളെ ആകര്‍ഷിക്കാൻ ലിപ്പര്‍ഷെ ഒരു ടെലിസ്കോപ്പ് കടയുടെ മുന്നില്‍ സ്ഥാപിക്കുകയും ചെയ്തു. എല്ലാവരും അതിലൂടെ നേരെ നോക്കിയെങ്കിലും അത് ആരും മുകളിലേക്ക് തിരിച്ചുവെച്ച് നോക്കിയില്ല.
ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ തോമസ് ഹാരിയട്ട് ആണ് ടെലിസ്കോപ്പിലൂടെ ചന്ദ്രനെ നോക്കി ചിത്രം വരച്ചത്. ലിപ്പർഷെയുടെ ഉപകരണത്തെക്കുറിച്ച് കേട്ടറിഞ്ഞാണ് ഗലീലിയോ ഗലീലി ടെലിസ്കോപ്പുകളുണ്ടാക്കിയത്. അദ്ദേഹം അവ ഉപയോഗിച്ച് പുതിയ കാഴ്ചകളും നിരീക്ഷണങ്ങളും നടത്തി. ചന്ദ്രനിലെ കുണ്ടുകളും കുഴികളും അദ്ദേഹത്തിന്റെ ടെലിസ്കോപ്പിലൂടെ ജനങ്ങള്‍ കണ്ടു. ടെലിസ്കോപ് ഉപയോഗിച്ച് വന്‍ വിപ്ലവംതന്നെ സൃഷ്ടിച്ച വ്യക്തിയായതിനാല്‍ ടെലിസ്കോപ്പ് കണ്ടുപിടിച്ചത് ആരാണെന്ന ചോദ്യത്തിന് എല്ലാവരുടെയും നാവിലുള്ള ഉത്തരം ഗലീലിയോ എന്നായി.