
രണ്ടാഴ്ചക്കിടെ ഭരിച്ചത് അഞ്ചു പ്രസിഡന്റുമാർ!
text_fieldsപ്രസിഡന്റ് തെരഞ്ഞെടുപ്പും പ്രധാനമന്ത്രി തെരഞ്ഞെടുപ്പുമൊന്നും നമ്മൾ കേൾക്കാത്ത വിഷയങ്ങളല്ല. ഓരോ രാജ്യത്തും ഓരോ രീതിയിലാണ് തെരഞ്ഞെടുപ്പ് നടക്കാറ്. ഇങ്ങനെ തെരെഞ്ഞടുക്കപ്പെടുന്ന നേതാവിനും ഭരണകൂടത്തിനും ഒരു നിശ്ചിത കാലാവധി ഉണ്ടാകും. അസ്വാഭാവികമായി ഒന്നും സംഭവിച്ചില്ലെങ്കിൽ അവർ ആ കാലാവധി തികക്കും. ഇനി പറയുന്നത് രണ്ടാഴ്ചക്കിടെ അഞ്ചു പ്രസിഡന്റുമാർ ഒരു രാജ്യം ഭരിച്ച കഥയാണ്. നാലും അഞ്ചും വർഷമൊക്കെയാണല്ലോ പ്രസിഡന്റ് കാലാവധി. പക്ഷേ, അർജന്റീനയിൽ 14 ദിവസത്തിനിടെ അഞ്ചു പ്രസിഡന്റുമാർ സ്ഥാനമേറ്റു.
രണ്ടാഴ്‌ചക്കുള്ളിൽ അർജന്റീനക്ക് എങ്ങനെ അഞ്ചു പ്രസിഡന്റുമാരുണ്ടായി? ചോദ്യം സ്വാഭാവികം. 2001ലാണ് സംഭവം. അർജന്റീനയുടെ സമ്പദ്‌വ്യവസ്ഥ തകർന്നടിഞ്ഞ വർഷമായിരുന്നു. രാഷ്ട്രീയ സാഹചര്യം വെല്ലുവിളി നേരിട്ട സമയം. അതിന് ഒരു കാരണവുമുണ്ടായിരുന്നു. അർജന്റീനയുടെ കറൻസിയായ 'പെസോ'യെ യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഡോളറുമായി താരതമ്യംചെയ്ത് സാമ്പത്തിക ഇടപാടുകൾ നടത്താൻ അന്നത്തെ ഭരണകൂടം ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ, അർജന്റീനയുടെ പ്രധാന വ്യാപാരപങ്കാളികളായിരുന്ന ബ്രസീലിന്റെ നിസ്സഹകരണവും കറൻസിയുടെ മൂല്യത്തിലുണ്ടായ വൻ ഇടിവും കനത്ത സാമ്പത്തിക പ്രതിസന്ധിതന്നെ രാജ്യത്ത് സൃഷ്ടിച്ചു. സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ നടപ്പാക്കിയ പദ്ധതികൾ രാജ്യത്തിന്റെ കടം കുത്തനെ കൂട്ടി. ൈവകാതെതന്നെ അർജന്റീനയുടെ ബാങ്കിങ് സംവിധാനവും തകർന്നു. സാമ്പത്തിക അസ്ഥിരതയുടെ കാലഘട്ടമായിരുന്നു അത്, പ്രധാനമായും ഡിസംബർ മാസം. അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും മോശം സമയം എന്നുതന്നെ ആ ദിവസങ്ങളെ വിശേഷിപ്പിക്കാം.
അങ്ങനെ പ്രതിസന്ധിയിൽപെട്ട് അർജന്റീന വീർപ്പുമുട്ടുന്നതിനിടെ 1999 മുതൽ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന റാഡിക്കൽ സിവിക് യൂനിയൻ രാഷ്ട്രീയ പാർട്ടിയുടെ ഫെർണാണ്ടോ ഡി ലാ റുവക്ക് 2001 ഡിസംബർ 20ന് രാജിവെക്കേണ്ടിവന്നു. അതിനുശേഷം അക്കാലത്ത് ഗവൺമെന്റിന്റെ നിയന്ത്രണം കൈയാളിയിരുന്ന പെറോണിസ്റ്റുകൾ റാമോൺ പ്യൂർട്ടയെ പ്രസിഡന്റാക്കി. പക്ഷേ, ഇവർക്കിടയിലെ ഭിന്നതമൂലം രണ്ടു ദിവസം മാത്രമേ പ്യൂർട്ടക്ക് ഭരണത്തിലിരിക്കാനായുള്ളൂ. തുടർന്ന് അഡോൾഫോ റോഡ്രിഗസ് സാ പ്രസിഡന്റ് സ്ഥാനത്തെത്തി. എന്നാൽ, എട്ടു ദിവസം മാത്രമാണ് റോഡ്രിഗസിന് പ്രസിഡന്റ് പദത്തിൽ തുടരാൻ കഴിഞ്ഞത്. അതിനിടെ അർജന്റീനയിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെടുകയും പ്രസിഡന്റിന് രാജിവെക്കേണ്ടിയും വന്നു. എഡ്വേർഡോ കാമനോ ആണ് പിന്നീട് പ്രസിഡന്റ് പദത്തിലെത്തിയത്. എന്നാൽ, മൂന്നു ദിവസം മാത്രമായിരുന്നു ആയുസ്സ്. മൂന്നു ദിവസത്തിനുശേഷം കാമനോയെ മാറ്റി എഡ്വാർഡോ ദുഹാൽഡെയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. പിന്നീട് ഒരു വർഷം അദ്ദേഹം തുടർന്നു. അർജന്റീനയെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ ഈ അഞ്ചു പ്രസിഡന്റുമാർക്കും കഴിഞ്ഞില്ല എന്നതാണ് യാഥാർഥ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
