യാത്രയുടെ ഓർമച്ചിത്രങ്ങളുമായി ‘യാത്രയാത്രികം’
text_fieldsതൃശൂർ: കോവിഡ് കാലത്തെ അടച്ചിരിപ്പിൽനിന്ന് യാത്രകളുടെ വിശാല ലോകത്തേക്ക് ചിറകുവിരിച്ച ഒരു പറ്റം സഞ്ചാരികൾ തങ്ങളുടെ അനുഭവങ്ങൾ ചിത്രങ്ങളായി പങ്കുവെക്കുകയാണ്. ‘യാത്ര’ എന്ന ഫേസ്ബുക്ക്, വാട്സാപ്പ് കൂട്ടായ്മയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘യാത്രയാത്രികം’ ത്രിദിന ഫോട്ടോ പ്രദർശനം കേരള ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. കാഴ്ചകൾ കണ്ടും അറിവുകൾ നേടിയുമുള്ള യാത്രകളുടെ മുന്നൂറോളം നേർക്കാഴ്ചകളാണ് പ്രദർശനത്തിൽ ഇടംപിടിച്ചിരിക്കുന്നത്.
എഴുത്തുകാരിയും ചലച്ചിത്രതാരവുമായ ജോളി ചിറയത്ത് വെള്ളിയാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു. പ്രഫ. കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു. യാത്ര കോഓഡിനേറ്റർ രാജൻ തലോർ ആമുഖപ്രഭാഷണം നടത്തി. യാത്രകളിലൂടെ പകർത്തിയ ചിത്രങ്ങൾ പങ്കുവെക്കുന്നതിലൂടെ കൂടുതൽ ആളുകളിലേക്ക് യാത്ര ചെയ്യാനുള്ള പ്രചോദനം എത്തിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ പറയുന്നു. പ്രദർശനത്തോടനുബന്ധിച്ച് യാത്രിക സംഗമം, കലാവിരുന്ന്, സമ്മാനദാനം, അവാർഡ് ദാനം, അനുമോദന യോഗങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഒറ്റപ്പെടലിൽനിന്ന് കൂട്ടായ്മയിലേക്ക്
കോവിഡ് മഹാമാരി ലോകത്തെ വീടുകളിലേക്ക് ഒതുക്കിയ കാലത്താണ് ഇത്തരമൊരു കൂട്ടായ്മയുടെ പിറവി. അടച്ചിരിപ്പിന്റെ മടുപ്പിൽ നിന്ന് പുറത്തുകടന്ന് ലോകം കൂടുതൽ കാണാനും അനുഭവിക്കാനും ആഗ്രഹിച്ച ഒരു കൂട്ടം സമാനമനസ്കരുടെ ചിന്തയാണ് ‘യാത്ര’ എന്ന ആശയത്തിലേക്ക് നയിച്ചതെന്ന് കോഓഡിനേറ്റർ രാജൻ തലോർ പറയുന്നു.
2022 ഒക്ടോബറിൽ ‘മഹാത്മാവിന്റെ നാട്ടിലേക്ക്’ പേരിൽ ഗുജറാത്തിലേക്ക് നടത്തിയ 10 ദിവസത്തെ യാത്രയായിരുന്നു തുടക്കം. 80 പേരുമായി ആരംഭിച്ച ആ യാത്ര ഇന്ന് രണ്ടായിരത്തിലധികം പേരടങ്ങുന്ന വലിയൊരു സൗഹൃദവലയമായി മാറിയിരിക്കുന്നു. ഇതുവരെ 37 യാത്രകൾ പൂർത്തിയാക്കിയ ഈ കൂട്ടായ്മയിലെ എല്ലാ യാത്രകളിലും രാജൻ തലോർ പങ്കാളിയായിരുന്നു.
യാത്രയെന്നാൽ കുടുംബം, അറിവ്
‘ഇതൊരു സാധാരണ യാത്രാ ഗ്രൂപ്പല്ല, മറിച്ച് ഒരു വലിയ കുടുംബമാണ്. ഓരോ യാത്ര പോകുമ്പോഴും സ്വന്തം കുടുംബത്തോടൊപ്പം പോകുന്ന അനുഭവമാണ്’-സംഘത്തോടൊപ്പം 23 യാത്രകളിൽ പങ്കെടുത്ത വാടാനപ്പള്ളി സ്വദേശിനി ബിന്ദു വലിപ്പറമ്പിൽ പറയുന്നു. ഒറ്റപ്പെട്ടുപോയവർക്ക് ഏറ്റവും വലിയ സന്തോഷം നൽകുന്ന ഇടമാണിത്. ഓരോ യാത്രയും പുതിയ അനുഭവങ്ങളും പാഠപുസ്തകങ്ങൾക്കപ്പുറമുള്ള അറിവുകളുമാണ് സമ്മാനിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഇത്തവണത്തെ ലിറ്റററി ഫോറം അവാർഡ് ലഭിച്ച ജോളി ചിറയത്തിനെ ആദരിച്ചു. മുൻ മേയർ കെ.രാധാകൃഷ്ണൻ, കെ. വിജയവരാഘവൻ, ലില്ലിതോമസ്, ബാലകൃഷ്ണൻ അഞ്ചത്ത്, കെ. സുധീർ കുമാർ എന്നിവർ സംസാരിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന പ്രദർശനം യാത്രയെ സ്നേഹിക്കുന്ന ഏതൊരാൾക്കും പുതിയൊരനുഭവമാകും. ചിത്രങ്ങളിലൂടെ ആ നാടിന്റെ സംസ്കാരവും പ്രകൃതിയും തൊട്ടറിയാനും അടുത്ത യാത്രയ്ക്ക് പ്രചോദനം നേടാനും 'യാത്രയാത്രികം' അവസരമൊരുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

