സൈക്കിളിൽ എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക്... 14 ദിവസത്തെ കഠിന യാത്ര, അതിജീവനത്തിന്റെ കരുത്തായി യുവതി
text_fieldsന്യൂഡൽഹി: പ്രതികൂല കാലാവസ്ഥയും അതികഠിനമായ ഭൂപ്രകൃതിയെയും അതിജീവിച്ച് എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് സൈക്കിൾ ചവിട്ടിക്കയറി ഉത്തർപ്രദേശ് സ്വദേശിയായ യുവതി. ഉത്തർപ്രദേശ് ഗൊരഖ്പൂരിൽനിന്നുള്ള ദിവ്യ സിങ്ങാണ് 14 ദിവസത്തെ കഠിന യാത്ര പൂർത്തിയാക്കി നേട്ടം കൈവരിച്ചത്. കാഠ്മണ്ഡുവിൽനിന്നാണ് ദിവ്യ സിങ് എവറസ്റ്റ് ബേസ് ക്യാമ്പ് വരെ സൈക്കിൾ ചവിട്ടിയത്. തണുത്ത കാറ്റിനെയും പ്രതികൂലമായ കാലാവസ്ഥയെയും അതിജീവിച്ച് കുറഞ്ഞുവരുന്ന ഓക്സിജൻ അളവിനെയും വകവെക്കാതെ ദുർഘട പാതകളെ മറികടന്നായിരുന്നു ദിവ്യയുടെ യാത്ര.
കുത്തനെയുള്ള കയറ്റങ്ങളുള്ള ദുർഘടമായ പാതകളിലൂടെ ദിവസവും 10 മുതൽ 12 മണിക്കൂറുകൾ വരെ ദിവ്യ സൈക്കിൾ ചവിട്ടി. സൈക്കിൾ ചവിട്ടി കടന്നുപോകാൻ സാധിക്കാത്ത വഴികളിൽ, സൈക്കിൾ തോളിലെടുത്ത് നടന്നു. ഉയരം കൂടുംതോറും ശ്വസിക്കാൻ പോലും ബുദ്ധിമുട്ടിയെന്നും ക്ഷീണവും തണുപ്പും ശരീരത്തെ സാരമായി ബാധിച്ചുവെന്നും ദിവ്യ പറയുന്നു. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാനായിരുന്നു തീരുമാനമെന്നും ഒരിക്കലും പിന്നോട്ട് നടക്കില്ലെന്ന് ഉറപ്പിച്ചിരുന്നതായും ദിവ്യ പറയുന്നു.
സൈക്കിളിൽ ദിവ്യ സിങ് ബേസ് ക്യാമ്പിൽ എത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇന്ത്യൻ പതാക ഉയർത്തി സൈക്കിളുമായി ബേസ് ക്യാമ്പിൽ നിൽക്കുന്നത് വിഡിയോയിൽ കാണാം. ‘ദിവ്യ സിങ്, സൈക്കിളിൽ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ ആദ്യ ഇന്ത്യൻ വനിതയായി മാറിയിരിക്കുന്നു. അഭിനന്ദനങ്ങൾ. ഉത്തർപ്രദേശിലെ ഗോരഖ്പൂരിന് ഇത് അഭിമാനകരമായ നിമിഷം’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

