അധികമാരും അറിയാതെ ചില്ലിത്തോട് വെള്ളച്ചാട്ടം
text_fieldsചില്ലിത്തോട് വെള്ളച്ചാട്ടം
അടിമാലി: വെളളച്ചാട്ടങ്ങളുടെ നാടായ ഇടുക്കിയില്‍ അധികമാരും അറിയാത്ത വെളളച്ചാട്ടമാണ് അടിമാലി പഞ്ചായത്തിലെ ഇരുമ്പുപാലത്തിന് സമീപത്തെ ചില്ലിത്തോട് വെളളച്ചാട്ടം. കൊച്ചി-ധനുഷ്കോടി ദേശീയപാതക്കരികിലെ ചീയപ്പാറ,വാളറ വെളളച്ചാട്ടങ്ങള്‍ കണ്ട് ഇരുമ്പുപാലം ടൗണില്‍ എത്തണം. ഇവിടെ നിന്ന് പടിക്കപ്പ് റോഡിലൂടെ അരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചില്ലിത്തോട് വെളളച്ചാട്ടത്തിലെത്താം. ദേവിയാര്‍ പുഴയിലേക്ക് ഒഴുകിയെത്തുന്ന ഈ വെളളച്ചാട്ടം ചീയപ്പാറ വെളളച്ചാട്ടത്തോളം ഭംഗിയുളളതാണ്. 200 അടിയിലേറെ ഉയരത്തില്‍ നിന്ന് പതിക്കുന്ന ഈ വെളളച്ചാട്ടം അതിമനോഹരമാണ്. എന്നാല്‍ അടുത്ത് നിന്ന് കാണാന്‍ പറ്റില്ല. .ദേവിയാര്‍ പുഴക്ക് കുറുകെ പാലം നിര്‍മ്മിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്താല്‍ ജില്ലയിലെ മികച്ച വെളളച്ചാട്ടങ്ങളുടെ ഗണത്തിലേക്ക് ഇതിനെയും മാറ്റാം.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഉത്തരവാദിത്വ ടൂറിസം പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ എറ്റവും മുന്തിയ പരിഗണന നല്‍കിയത് ചില്ലിത്തോട് വെളളച്ചാട്ടത്തിനായിരുന്നു. ഡി.ടി.പി.സിയുമായി ചേര്‍ന്ന് പദ്ധതിയും തയാറാക്കിയിരുന്നു. പടിക്കപ്പ് പെരുമഞ്ഞച്ചാല് വനത്തില്‍ നിന്ന് ഉൽഭവിച്ചൊഴുകുന്ന തോടിന്റെ ഭാഗമാണ് ഈ വെളളച്ചാട്ടം. വര്‍ഷത്തില്‍ എട്ട് മാസമാണ് നീരൊഴുക്കുള്ളത്. പുതിയ പദ്ധതികള്‍ നടപ്പാക്കി വെളളച്ചാട്ടത്തിന് മുകള്‍ ഭാഗത്ത് തടയണ നിർമിച്ചാല്‍ 12 മാസവും ഈ വെളളച്ചാട്ടം നിലനിര്‍ത്താം. വെളളച്ചാട്ടത്തിന് നേരെ എതിര് ദിശയിലൂടെയുളള പാതയിലൂടെ ഒന്നരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുടിപ്പാറച്ചാല്‍ വ്യൂ പോയിന്റിറിലുമെത്താം. ഇവിടെ മൊട്ടക്കുന്നുകളും കാടും വിദൂര കാഴ്ചകളും അതിമനോഹരമാണ്.