Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
varayattumotta
cancel
Homechevron_rightTravelchevron_rightNaturechevron_rightവരയാടുകള്‍ മേയുന്ന...

വരയാടുകള്‍ മേയുന്ന വരയാട്ടുമൊട്ട​

text_fields
bookmark_border

കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ്ങിന്​ പോയ കഥയാണിത്‌. 10 - 14 കിലോമീറ്റര്‍ കാടിന്​ നടുവിലൂടെയും കുത്തനെയുള്ള മലകളിലൂടെയും മനോഹരമായ താഴ്വാരങ്ങളിലൂടെയും വരയാടുകള്‍ മേയുന്ന ഇടങ്ങളിലൂടെയും നടത്തിയ യാത്ര. ചെങ്കുത്തായ മലകളിലേക്ക് മലയടിവാരങ്ങളിലൂടെ കയറിപ്പോകുക എന്നത്​ മലകയറുന്ന ഏതൊരാളി​െൻറയും ഇഷ്​ടങ്ങളിലൊന്നാണ്. അതുകൊണ്ട്​ തന്നെ മല കയറാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും തന്നെ പാഴാക്കാറുമില്ല.

പക്ഷെ ഈ യാത്രയെ കൊതിപ്പിച്ചത് അത് മാത്രമല്ല, വരയാടുകളെ കാണാന്‍ കഴിയും എന്നുള്ളതായിരുന്നു. വരയാടുകളെക്കുറിച്ച്‌ കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക ഇരവികുളമാണ്. മൂന്നാറിലല്ലാതെ വരയാടുകള്‍ മേയുന്ന കേരളത്തിലെ മറ്റൊരിടമാണ് വരയാട്ടുമൊട്ട അഥവാ വരയാട്ടുമുടി.


പൊന്‍‌മുടിയില്‍നിന്നും മങ്കയത്ത​ുനിന്നും വരയാട്ടുമൊട്ട ട്രെക്കിങ്​ പോകാം. പക്ഷെ, ഇപ്പോള്‍ മങ്കയത്തുനിന്ന് മാത്രമാണ് കയറ്റിവിടുന്നത്. എറണാകുളത്തുനിന്ന് ഞങ്ങള്‍ മൂന്നുപേര്‍ വെള്ളിയാഴ്ച രാത്രി ബസ്‌ കയറി തിരുവനന്തപുരം തമ്പാനൂര്‍ ബസ്‌സ്​റ്റാന്‍ഡില്‍ എത്തുമ്പോള്‍ നേരം പുലര്‍ന്നിട്ടുണ്ടായിരുന്നില്ല. അവിടെ നിന്നാണ് പൊന്മുടിക്ക്​ ബസ്‌ കയറേണ്ടത്. ട്രെക്കിങ്ങിനുള്ള ബാക്കിയുള്ളവരില്‍ മിക്കവരും അവിടെയെത്തിയിരുന്നു.

തമ്പാനൂര്‍ സ്​റ്റാന്‍ഡില്‍നിന്നും പ്രഭാത കൃത്യങ്ങള്‍ പൂര്‍ത്തിയാക്കി ആദ്യത്തെ ബസില്‍ തന്നെ പലോടിലേക്ക്​ തിരിച്ചു. ബസി​​െൻറ സൈഡ് സീറ്റിലിരുന്ന്​ യാത്ര ചെയ്യുമ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല, ജീവിതത്തിലെ മറക്കാനാവാത്തതും കഠിനവുമായ ഒരു യാത്രയായിരിക്കും ഇന്ന്​ നടത്താനുള്ളതെന്ന്. ബസ്‌ പാലോട് എത്തുമ്പോൾ സമയം പുലര്‍ച്ചെ 5.50.


അവിടെനിന്ന് മങ്കയത്ത്​ ഇറങ്ങുമ്പോള്‍ സമയം 6.30 കഴിഞ്ഞിട്ടുണ്ട്​. ബാക്കിയുള്ളവരും ഗൈഡുമാരും അധികം വൈകാതെയെത്തി. അതിനുള്ളില്‍ ഞങ്ങൾ ചെറുതായി പ്രഭാതഭക്ഷണം കഴിച്ചു. ട്രെക്കിങ്​ ചാര്‍ജ് അടച്ച് രണ്ട്​ ഗൈഡുമാരെയും കൂട്ടി പാക്ക്​ ചെയ്ത ഉച്ചഭക്ഷണവും വെള്ളവും എടുത്ത് മല കയറുമ്പോള്‍ സൂര്യന്‍ നല്ല പോലെ പ്രകാശം പരത്തിതുടങ്ങിയിരുന്നു.

ആനയിറങ്ങുന്ന വഴികൾ

ആദ്യത്തെ രണ്ട്​ കിലോമീറ്റൻ ഇടതൂര്‍ന്ന കാടാണ്. ആനയിറങ്ങുന്ന വഴിയാണെന്ന് ഗൈഡ് പറഞ്ഞെങ്കിലും ആരുമത് കാര്യമാക്കിയില്ല. കുറച്ച്​ ദൂരത്തിനുള്ളില്‍ തന്നെ സംശയം മാറിക്കിട്ടി. വഴിയില്‍ പലയിടത്തും ആനപ്പിണ്ടങ്ങള്‍ കണ്ടതോടെ അതിശയോക്തിയല്ല, സത്യമാണെന്ന് ഉറപ്പിച്ചു. അതുകൊണ്ട്​ തന്നെ പിന്നീടുള്ള യാത്രയില്‍ ശ്രദ്ധ ഒരൽപ്പം കൂടുതലുണ്ടായിരുന്നു. മോട്ടംമുട് ഊര് എന്നാണ് ഈ കാട്​ ഭാഗത്തിന് പറയുന്നത്. വനത്തിനുള്ളില്‍ ചെറിയ അമ്പലമുണ്ട്. കുറച്ചു സമയം അവിടെ വിശ്രമിച്ചശേഷം കയറ്റം തുടങ്ങി.


സാഹസികതയുടെ തുടക്കം ഇവിടം മുതലാണ്‌. ചെങ്കുത്തായ മലകളാണ് മുമ്പില്‍. അട്ടിയിട്ടതുപോലെ ഒന്നിന്​ പിറകെ ഒന്നായി മലകള്‍ കിടക്കുന്നു. മരക്കാലുകളുടെ തണല്‍പോലും ഇല്ലാത്ത മൊട്ടക്കുന്നുകള്‍. ആദ്യത്തെ മല കയറിയാല്‍ ഒരു വ്യൂ പോയിൻറുണ്ട്​. അവിടെനിന്ന് ഫോട്ടോ എടുത്തും വെള്ളം കുടിച്ചും മുന്നോട്ടുനീങ്ങി. കൈയിലെ ചെറിയ സ്നാക്സുകള്‍ കൊറിച്ച് നടക്കുകയാണ് എല്ലാവരും.

ആകാശത്തെ ചുംബിച്ച് നിൽക്കുന്ന ചെറുതും വലുതുമായ നിരവധി മലകള്‍. അവയുടെ വശങ്ങളിലൂടെയും ചിലപ്പോള്‍ കുത്തനെയും കയറുക എന്നത് ഒരേസമയം സന്തോഷം നൽകുന്നതും എന്നാല്‍ അപകടം നിറഞ്ഞതുമാണ്​. ഒന്നിന്​ പിറകെ ഒന്നായി എല്ലാവരും മുകളിലേക്ക്​ കയറുന്നു. തലക്ക്​ മീതെ സൂര്യന്‍ ഉയര്‍ന്നുകത്തുന്നു. ഇടക്ക്​ കുന്നില്‍ ചെരിവുകളെ തഴുകി വരുന്ന കറ്റൊരാശ്വാസമാണ്.


13 മലനിരകളുടെ സംഗമഭൂമി

പശ്ചിമഘട്ടത്തി​െൻറ ഭാഗമായ വരയാട്ടുമുടി തിരുവനന്തപുരം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. നെടുമങ്ങാട് താലൂക്കിലെ പൊന്മുടി മലനിരകളുടെ ഭാഗമാണിത്​. കല്ലാര്‍ താഴ്വര മുതല്‍ പൊന്മുടി മലനിരകള്‍ വരെയുള്ള, ജൈവ വൈവിധ്യമുള്ള ഈ ഭാഗങ്ങളിൽ നീലഗിരി താര്‍ എന്നറിയപ്പെടുന്ന വരയാടുകളെ കാണാം. വലുതും ചെറുതുമായ 13 മലനിരകളുടെ കൂട്ടമാണ്‌ വരയാട്ടുമുടി. മീശപ്പുലിമലയും അഗസ്ത്യാര്‍കൂടവും കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ്​ പാതയും ഇതുതന്നെ.

വരയാടുകള്‍ ഉള്ളതിനാലും മുകള്‍ ഭാഗത്ത് മരങ്ങള്‍ ഇല്ലാത്ത മലകള്‍ ആയതിനാലുമാണ് വരയട്ടുമൊട്ട അഥവാ വരയാട്ടുമുടി എന്നു വിളിക്കുന്നത്. ഗൈഡ് ചേട്ടന്‍ പറഞ്ഞത് സിംഹം ഒഴിച്ച്​ കടുവയും കരടിയുമുള്‍പ്പടെ എല്ലാ മൃഗങ്ങളും ഇവിടെയുണ്ടെന്നാണ്​. മഴക്കാലങ്ങളില്‍ ട്രെക്കിങ്​ അനുവദനീയമല്ല. കഠിനമായ ട്രെക്കിങ്​ ആയതിനാലും മൃഗങ്ങളുടെ സാമിപ്യം ഉള്ളതിനാലും വരയാട്ടുമൊട്ട കയറാന്‍ അധികമാരും മുതിരാറില്ല. എന്നാൽ, സാഹസികത ഇഷ്​്​ടപ്പെടുന്നവര്‍ തീര്‍ച്ചയായും പോകേണ്ട ട്രെക്കിങ്​ തന്നെയാണ് വരയാട്ടുമുടി.


ഒന്നിന്​ പിറകെ ഒന്നായി കിടക്കുന്ന മല കയറുന്നതിനിടയില്‍ ഗൈഡ്​ ചേട്ട​െൻറ ഉപദേശമെത്തി, 'ഇനി ശബ്​ദം ഉണ്ടാക്കാതെ നടന്നാല്‍ വരയാടുകളെ കാണാം'. ശബ്​ദം കേട്ടാല്‍ അവയുടെ പൊടിപോലും കാണാന്‍ പറ്റില്ലത്രേ. സൂര്യനിങ്ങനെ കത്തി ജ്വലിക്കുകയാണ്. ഇടക്ക്​ താഴേക്ക് വരുന്ന ചെറിയ കാറ്റ് തഴുകിപ്പോകുന്നു. സൂക്ഷിച്ചാണ് നടത്തം. കാലൊന്ന്​ തെറ്റിയാല്‍ പിന്നെ പറയേണ്ട കാര്യമില്ല. പലപ്പോഴും പാറകളില്‍നിന്ന്​ താഴേക്ക് ഇറങ്ങാനുള്ള ബുദ്ധിമുട്ടായിരുന്നു പ്രശ്നം.

പരസ്പരം സഹായിച്ചല്ലാതെ മുന്നോട്ടുപോകാനാകില്ല. ഗൈഡ് ചേട്ടന്‍ പരിചയ സമ്പന്നനാണ്. ഇടക്ക്​ എപ്പോഴോ വയറു കത്തി വിശപ്പി​െൻറ വിളി അസഹനീയമായപ്പോൾ തൊട്ടടുത്ത മലയില്‍ ഒന്ന് രണ്ടു മരങ്ങള്‍ നിന്നിടത്ത്​ ആഹാരം കഴിക്കാന്‍ ഗൈഡ്​ അനുവദിച്ചു. ഈ സമയത്തിനുള്ളില്‍ പലരുടെയും വെള്ളത്തി​െൻറ അളവ് കുറഞ്ഞിരുന്നു. മരത്തണലിലിരുന്ന് കഴിച്ച ആഹാരത്തിന്​ എന്നത്തേക്കാള്‍ രുചിയുണ്ടായിരുന്നു.


കാത്തിരുന്ന കാഴ്​ച കൺമുന്നിൽ

ആഹാരം കഴിച്ച ഉൗര്‍ജത്തില്‍ മുന്നോട്ടുള്ള കയറ്റത്തിന് ഉത്സാഹം കൂടി. ഒരു വലിയ മല കയറാന്‍ തുടങ്ങുമ്പോള്‍ ഗൈഡ് ചേട്ടന്‍ കൈ ചൂണ്ടിയ തൊട്ടപ്പുറത്തെ വലിയ മലയുടെ അറ്റത്ത് ഞങ്ങള്‍ തേടി നടന്നയാള്‍ നിൽക്കുന്നു. ഒരു വരയാട്, ഒരെണ്ണം മാത്രം. നിമിഷ നേരംകൊണ്ട് വ്യക്തമല്ലാത്ത ഒരു ക്ലിക്ക്. അതിനിടയില്‍ ദര്‍ശനം അവസാനിപ്പിച്ച്​ അതുമാറി. ആ മലയില്‍ എത്തുമ്പോഴേക്ക് അവയുടെ പൊടിപോലും ഉണ്ടാകില്ലെന്നുറപ്പാണ്. പക്ഷെ, യാത്ര വെറുതെയായില്ല. ഈ മൊട്ടക്കുന്നുകള്‍ വരയാടുകള്‍ മേയുന്ന ഇടമാണെന്ന്​ ഉറപ്പായി.

ഇവിടെനിന്നുള്ള കാഴ്ചകള്‍ മനോഹരമാണ്. തലയുയര്‍ത്തി നിൽക്കുന്ന അഗസ്ത്യാര്‍കൂടത്തിലെ മലനിരകള്‍. ദൂരെ പേപ്പാറ അണക്കെട്ടി​െൻറ വിദൂരദൃശ്യം. ചുറ്റും പേരറിയാത്ത നിരവധി മലകള്‍. അവയെ തഴുകി എത്തുന്ന കാറ്റ്. മലകളുടെ വശങ്ങളില്‍ നിറയെ കാട്ടുപനകള്‍ കൂട്ടത്തോടെ നില്‍ക്കുന്നു. ഏകദേശം ഉയരത്തിലെത്തിയിട്ടുണ്ട്. വലിയ ഒരു മല കൂടി താണ്ടാനുണ്ട്.


അതിലേക്ക് കയറുന്നത് അതിസാഹസികത ആയതിനാൽ കുറച്ചുപേര്‍ താഴെ നിന്നു. ഇതുവരെ വന്നിട്ട് ഇതുംകൂടി കീഴടക്കിയില്ലെങ്കില്‍ അതിനൊരു ത്രില്ലില്ല എന്നതുകൊണ്ട് വലിഞ്ഞുപിടിച്ച് വരയാട്ടിന്‍ മൊട്ടയുടെ ഏറ്റവും ഉയര്‍ന്നയിടത്തെത്തി. സമയം രണ്ട്​ മണി കഴിഞ്ഞു. ഇപ്പോഴെങ്കിലും ഇറങ്ങിയില്ലെങ്കില്‍ വലിയ പണിയാകുമെന്ന്​ ഗൈഡ് ചേട്ട​െൻറ താക്കീത്​. മൃഗങ്ങള്‍ ഉള്ളതിനാൽ ഇരുട്ടുവീണാല്‍ അപകടമാണ്.


കയറിയ സന്തോഷം ഫോട്ടോകളിലാക്കി ഇറങ്ങാന്‍ തുടങ്ങി. കയറ്റം എത്ര എളുപ്പമായിരുന്നു എന്ന്​ ആരെകൊണ്ടും പറയിക്കുന്ന ഇറക്കങ്ങള്‍. കയറിയ വഴി അല്ല തിരിച്ചിറങ്ങുന്നതെന്ന്​ ഗൈഡ് പറഞ്ഞു. നട്ടുച്ചക്ക്​ സൂര്യന്‍ കരിച്ചുകൊണ്ട് കത്തുകയാണ്. വലിയ ഇറക്കം ഒരു താഴ്വരയിലേക്കാണ്. പക്ഷെ, നടന്നിറങ്ങാന്‍ പറ്റാത്തത്ര കുത്തനെയുള്ള ഇറക്കം.


ഇരുന്നു നിരങ്ങിനീങ്ങുക മാത്രമാണ് മുന്നി​ലെ വഴി. ഒന്നിനു പിറകെ ഒന്നായി നിരങ്ങി ഇറങ്ങുകയാണ് എല്ലാവരും. ആദ്യം താഴെ എത്തുന്നവര്‍ക്ക് കുറച്ചുനേരം ഇരിക്കാമെങ്കിലും കൂടെയുള്ളവര്‍ വരാതെ മുന്നോട്ട് പോകാന്‍ പറ്റില്ല. താഴേക്ക് വരുന്നവര്‍ പകുതിയും നിരങ്ങിയും ഇരുന്നും പലപ്പോഴും ഉരുണ്ടുവീണുമാണ് എത്തുന്നത്. അവിടെ ഇരുന്നുകൊണ്ട് മുകളിലേക്ക്​ നോക്കുമ്പോള്‍ തലപൊക്കി നിൽക്കുകയാണ്‌ വരയാട്ടുമോട്ട.


നടക്കില്ല എന്ന്​ വിചാരിച്ച ഒന്നാണ് പൂര്‍ത്തിയായിരിക്കുന്നത്. മല കയറുന്നവരുടെ സന്തോഷം എന്നു പറയുന്നത് ഇതാണ്. കീഴ്ക്കാംതൂക്കായി കിടക്കുന്ന മലകളിലൂടെ കയറി ഇറങ്ങുക, ആകാശത്തെ ചുംബിച്ച് നില്‍കുന്ന മലമുകളില്‍ എത്തിച്ചേരുക, ഓരോ കയറ്റവും ഇറക്കവും പുതിയ അനുഭവങ്ങള്‍ തന്നുകൊണ്ടിരിക്കും... ഇതെല്ലാമാണ്​​ മല കയറുന്നവരുടെ സന്തോഷങ്ങള്‍.


കാടിന്​ പുറത്തേക്ക് എത്താൻ ഇനിയും നടക്കണം. രാവിലെ കയറിയ പോലെ കയറ്റങ്ങളല്ല ഇനിയുള്ളത്. പക്ഷെ കാട് തന്നെ. കുറെ ദൂരത്തിനുശേഷം കാടതിരുകള്‍ കണ്ടുതുടങ്ങി, പിന്നീട് നാട്ടുവഴികളിലെത്തി. അപ്പോഴേക്കും ഇരുട്ട് വീണിരുന്നു. അവസാനം കല്ലാറില്‍ എത്തുമ്പോള്‍ ഏകദേശം 21 കിലോമീറ്ററുള്ള ആ വലിയ യാത്രക്ക്​ പരിസമാപ്​തിയായി.


കല്ലാറിലെ കാട്ടുചോലയില്‍ ഇറങ്ങി കുളി പാസാക്കിയപ്പോള്‍ യാത്രയുടെ ക്ഷീണമെല്ലാം പമ്പ കടന്നു. തിരികെ റോഡില്‍ കയറി ആദ്യം വന്ന ബസിൽ തന്നെ തമ്പാനൂരിലേക്കും അവിടെനിന്ന്​ രാത്രി വണ്ടിക്ക്​ എറണാകുളത്തേക്കും യാത്രയായി.

വരയാട്ടുമുടി യാത്രക്ക്​ പോകാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി അനുമതി എടുക്കണം. ഇതിനായി താഴെയുള്ള വെബ്‌സൈറ്റ് ഉപയോഗിക്കാം. https://www.keralatourism.org/ecotourism/trekking-programs/ponmudi-treks/31



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelvarayattumottanilagiri thar
News Summary - travel to varayattumotta
Next Story