Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightചരിത്രം അലിഞ്ഞു ചേർന്ന...

ചരിത്രം അലിഞ്ഞു ചേർന്ന രാജഭൂവിൽ

text_fields
bookmark_border
ചരിത്രം അലിഞ്ഞു ചേർന്ന രാജഭൂവിൽ
cancel

വിസ്തീർണത്താൽ രാജ്യത്തിലെ ഒന്നാമനും ജനസംഖ്യയാൽ ഏഴാമനും ആയ രാജസ്ഥാൻ, രാജപുത്രന്മാരുടെ ചരിത്രംകൊണ്ടും വ്യത്യസ്തമായ ഭൂപ്രകൃതികൊണ്ടും പ്രശസ്തമാണ്. രാജസ്ഥാനിലെ മൂന്നു പ്രധാനപ്പെട്ട ‘ജ’ നഗരങ്ങളായ ജയ്‌പൂർ, ജോധ്പുർ, ജയ്‌സാൽമീർ പിന്നെ തടാകങ്ങളുടെ സ്വന്തം ഉദയ്‌പുർ എന്നിവയാണ് ഈ യാത്രയിൽ ഞങ്ങൾക്കായി ഒരുങ്ങി നിന്നത്. ആ മണ്ണിൽ ഏഴു ദിനങ്ങൾ കണ്ട കാഴ്ചകൾ, പണ്ട് പഠിച്ച ചരിത്ര പുസ്​തകങ്ങളുടെ ഒരു ഓർമപ്പെടുത്തൽ കൂടി ആയിരുന്നു.

ജയ്‌പൂർ, രാജനഗരത്തിൻെറ ആസ്​ഥാനം
രാജസ്ഥാന്റെ തലസ്ഥാനമായ ജയ്‌പൂർ, അവിടെത്തെ ഏറ്റവും വലിയ നഗരമാണ്. 1727 ൽ രാജ്പുത് മഹാരാജാവായ ജയ് സിംങ്ങിൻെറ കാലഘട്ടത്തിൽ വിദ്യാധാർ ഭട്ടാചാര്യയെന്ന ശിൽപിയാണ് ഈ നഗരം രൂപകൽപന ചെയ്തത്. മഹാരാജ ജയ്സിങ് നിർമിച്ച നഗരം ജയ്‌പൂർ ആയിമാറി. ഇപ്പോൾ ജയ്‌പൂരെന്ന ‘പിങ്ക് സിറ്റി ഓഫ് ഇന്ത്യ’ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഈ നഗരത്തെ എന്തുകൊണ്ട് പിങ്ക് സിറ്റിയെന്ന് വിളിക്കുന്നുവെന്ന്, അവിടെയുള്ള കെട്ടിടങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മനസ്സിലാകും. 1876ൽ, വെയിൽസ്‌ രാജകുമാരനായ ആൽബർട്ട് ജയ്‌പൂർ സന്ദർശിച്ചപ്പോൾ, മഹാരാജ റാം സിങ്​ അദ്ദേഹത്തെ സ്വാഗതം ചെയ്തത് എല്ലാ കെട്ടിടങ്ങൾക്കും വരവേൽപിൻെറ നിറമായ പിങ്ക് നിറം നൽകിയായിരുന്നു. പക്ഷേ, സന്ദർശനം കഴിഞ്ഞ് 143 വർഷങ്ങൾക്കിപ്പുറവും ഈ നിറം നിലനിൽക്കാൻ കാരണങ്ങളിൽ ഒന്ന് രാജാവിന്റെ പ്രിയ പത്നിക്ക്‌ ഈ നിറത്തോടുള്ള പ്രിയമാണ്​. ജയ്‌പൂർ ഓൾഡ് സിറ്റിക്ക്​ അകത്തുള്ള കെട്ടിടങ്ങൾക്കു പിങ്ക് നിറം നൽകണമെന്നത്​ പ്രാദേശിക നിയമമായി മാറിയത് ഇതു കൊണ്ടാണത്രേ. ഇതേ ആൽബർട്ട് രാജകുമാരന്റെ പേരിലാണ് ജയ്‌പൂർ നഗരത്തിന്റെ ഹൃദയഭാഗത്തിൽ നിലകൊള്ളുന്ന പ്രശസ്തമായ ആൽബർട്ട് മ്യൂസിയം. വളരെ കുറച്ചു മ്യൂസിയങ്ങൾ മാത്രമേ രാത്രി പ്രവർത്തിക്കാറുള്ളു. വർണ വെളിച്ചത്തിൽ മുങ്ങി പത്തുമണി വരെ തുറന്നിരിക്കുന്ന ഈ മ്യൂസിയത്തിന്റെ പ്രധാന ആകർഷണം ഈജിപ്ഷ്യൻ മമ്മിയാണ്.

സിറ്റി പാലസ്, ഹവാ മഹൽ, ജന്തർ മന്തർ എന്നീ പ്രധാന ആകർഷണങ്ങളും ജയ്സിങ്​ മഹാരാജാവിന്റെ സംഭാവനകളാണ്. വിസ്മയിപ്പിക്കുന്ന മനോഹാരിതയുള്ള സിറ്റി പാലസിൽ മൂന്നു പ്രധാന കവാടങ്ങളുണ്ട്. ട്രിപ്പോളിയ ഗെയ്റ്റ്, വീരേന്ദ്ര പോൾ, ഉദയ് പോൾ. ഇത് കൂടാതെ നടുമുറ്റത്തിൽ വിവിധ ഋതുക്കളെ ചിത്രീകരിക്കുന്ന നാലു കുഞ്ഞു കവാടങ്ങൾ കൂടിയുണ്ട്. ശരത് കാലത്തെ ചിത്രീകരിക്കുന്ന മോർ ഗേറ്റ്, വേനൽ കാലത്തിൻെറ പ്രതീകമായ ലോട്ടസ് ഗേറ്റ്, വസന്തകാലത്തെ പ്രതിനിധീകാരിക്കുന്ന ലാഹാരിയാ ഗേറ്റ്, മഞ്ഞു കാലത്തിന്​ റോസ് ഗേറ്റ്. ഈ കവാടങ്ങളുടെ ചിത്രപ്പണി നോക്കിയിരുന്നാൽ സമയം പോകുന്നതറിയില്ല. നിലവിൽ ഈ കൊട്ടാരത്തെ രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഒന്ന് ഇപ്പോഴത്തെ രാജകുടുംബത്തിനു താമസിക്കാനും, ബാക്കിയുള്ളവ പൊതുജങ്ങൾക്കു കാണാനും. രാജകുടുംബം ഉപയോഗിച്ച വിവിധ വസ്ത്രങ്ങൾ, ആഭരണങ്ങൾ, തേരുകൾ, ആയുധങ്ങൾ എന്നു വേണ്ട ലോകത്തെ ഏറ്റവും വലിയ വെള്ളിപ്പാത്രം എന്ന ഗിന്നസ് റെക്കോർഡ് നേടിയ പാത്രം വരെ സന്ദർശകർക്കായി പ്രദര്ശിപ്പിച്ചിട്ടുണ്ട്.

രാജപുത് ശൈലിയും, മുഗൾ ശൈലിയും ഒന്നിച്ചു ചേർത്ത് കൃഷ്ണ കിരീടത്തിന്റെ മാതൃകയിൽ മഹാരാജ സവായ് പ്രതാപ് സിങ്​ 1799 ൽ
നിർമിച്ച അഞ്ചു നിലകളുള്ള ഹവാ മഹൽ വാസ്തുകലയുടെ ഉദാത്ത മാതൃകയാണ്​. പൊതുവിടങ്ങളിൽ സ്ത്രീകൾക്കു വരാൻ അനുവാദമില്ലാത്ത സമ്പ്രദായം നിലനിന്ന കാലത്ത് രാജ്പുത് സ്ത്രീകൾക്കു നഗരത്തിലെ ആഘോഷങ്ങൾ കാണാനായി നിർമിച്ച ഈ കൊട്ടാരത്തിൽ 953 ജനലുകളുണ്ട്. തേനീച്ച കൂടിനോട് സാമ്യം തോന്നുന്ന ഈ കൊട്ടാരം വർണ്ണശഭളമായ ചില്ലുകൾ കൊണ്ട് അലംകൃതമാണ്. ഹവാ മഹലിന്റെ ഏറ്റവും മുകളിൽ നിന്നും ജയ്‌പൂർ നഗരം മുഴുവനായി കാണാം.

ജയ്‌പ്പൂരിൽ നിന്നും 11 കിലോ മീറ്റർ മാറിയാണ് യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള അമേർ പാലസ് അഥവാ ആംബർ പാലസ്. 1592 ൽ നിർമിച്ച ഈ കൊട്ടാരത്തിലാണ് സിറ്റി പാലസ് ഉണ്ടാക്കുന്നതുവരെ രാജകുടുംബം താമസിച്ചിരുന്നത്. സൂരജ് പോൾ എന്ന കവാടത്തിലൂടെ കയറി വിജയ ആഘോഷങ്ങൾ നടത്താറുള്ള ജലേബ് ചൗക്ക് എന്ന നടുമുറ്റത്തെത്തും. ഇവിടെ ഇപ്പോഴും രാജപ്രതീതി നിലനിർത്താൻ വാദ്യോപകരണങ്ങൾ വായിക്കുന്നുണ്ട്. ആംബർ പാലസിലെ ഏറ്റവും മനോഹരമായ ഭാഗം ശീഷ് മഹൽ അഥവാ കണ്ണാടിയുടെ കൊട്ടാരമാണ്. വിവിധ നിറങ്ങളിലുള്ള കുഞ്ഞു ചില്ലുകൾ കൊണ്ട് അലങ്കരിച്ച ഈ മുറിയിൽ മെഴുകുതിരി കത്തിച്ചു വെച്ചാൽ ആയിരം നക്ഷത്രങ്ങൾ ഒരുമിച്ചു ഉദിച്ചപോലെയുണ്ടാവുമത്രെ.

ജയ്‌പൂർ നഗരിയിലെ മൂന്നു മലകളിൽ, ചീൽ ക ടീൽ എന്ന മലയിൽ നിർമിച്ചിരിക്കുന്ന ജൈഗർ കോട്ട എഞ്ചിനീയറിങ്​ അത്ഭുതം തന്നെയാണ്. വളരെ മനോഹരമായി നിർമിച്ചിരിക്കുന്ന ഈ കോട്ടയിൽ ആയുധശേഖരങ്ങൾ വെക്കുകയല്ലാതെ, ഒരു രാജാവും താമസിച്ചിട്ടില്ലത്രെ. ശത്രുക്കളിൽ നിന്നും ആക്രമണം വന്നാൽ ആംബർ കൊട്ടാരത്തിൽ നിന്നും ജൈഗർ കോട്ടയിലേക്ക് തുരങ്കം വഴി രക്ഷപെടാൻ മാർഗമുണ്ട്. ഇപ്പോഴും ഈ വഴിയിലൂടെ നമുക്ക് നടന്നു കോട്ടയിലെത്താം. കോട്ടയിലെ പ്രധാന ആകർഷണം 50 ടൺ ഭാരമുള്ള, നാല് വശവും വെടി ഉതിർക്കാവുന്ന പീരങ്കിയാണ്. ഇത് ഒരു തവണ മാത്രമേ ഉപയോഗിച്ചിട്ടുള്ളുവെന്നും അന്ന് പീരങ്കിയുണ്ട വീണ സ്ഥലത്ത് വലിയ ഒരു കുളമുണ്ടായെന്നും അതിലിപ്പോഴും വെള്ളമുണ്ടെന്നുമാണ്​ നാട്ടുകാർ പറഞ്ഞ കഥ.

കയറി കാണാൻ സാധിക്കില്ലെങ്കിലും കാണേണ്ട ഒരു കാഴ്ച തന്നെയാണ് ജൽ മഹൽ. സാഗർ തടാകത്തിന്റെ ഉള്ളിൽ നിൽക്കുന്ന ഈ കൊട്ടാരം മാധോ സിങ്​ മഹാരാജാവ് അദ്ദേഹത്തിന്റെ താറാവുകളുടെ വേട്ടക്കിടയിൽ വിശ്രമിക്കാൻ ഉണ്ടാക്കിയതാണുപോലും. ഈ കൊട്ടാരത്തിനടുത്തൂടെ ബോട്ട് യാത്രകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്. ഫോട്ടോകൾ പകർത്താനും കച്ചവടക്കാരിൽ നിന്നും ചെരുപ്പുകളും ആഭരണങ്ങളും വിലപേശി വാങ്ങാനും നല്ല സ്ഥലമാണ് ജൽ മഹൽ സമീപത്തുള്ള തെരുവ്.

ഗ്രഹനിലകൾ അറിയാൻ 18ാം നൂറ്റാണ്ടിൽ നിർമിച്ച ജ്യോതിശാസ്ത്രഉപകരണങ്ങളുള്ള ജന്തർ മന്തർ, വെള്ള മാർബിൾ കല്ലിൽ കൊത്തിയുണ്ടാക്കിയ ബിർള മന്ദിർ, അതിനോട് ചേർന്ന് ഓറഞ്ച് നിറമുള്ള വലിയ വിഗ്രഹമുള്ള ഗണേശ അമ്പലവും ജയ്‌പൂരിലെ മനോഹര ദൃശ്യങ്ങൾ തന്നെ.

ജയ്‌പ്പൂരിൽ വന്നാൽ ചെരുപ്പ് വാങ്ങാതെ മടങ്ങുക അസാധ്യം. കടുകെണ്ണ വെച്ച് തുടയ്ക്കുമ്പോൾ നിറം കനത്തു വരുന്ന, പല നിറങ്ങളിൽ, വ്യത്യസ്തതയുള്ള തരാതരം ചെരുപ്പുകൾ കുറഞ്ഞ വിലയിൽ ഇവിടെ ലഭ്യമാണ്. പിന്നെ നാട്ടിൽ വലിയ വില പറയുന്ന കമ്മലിന്റെയും മാലയുടേയും തുച്ഛമായ വില കേട്ട് അന്ധാളിച്ചു പോയി എന്നുതന്നെ പറയണം. മുളക് ബജ്ജികൊണ്ടുള്ള ചാട്ടും, മോതിച്ചോർ ലഡുവും നാവിൽ ഇപ്പോളും വെള്ളം നിറയ്ക്കുന്നുണ്ട്.

വൈകുന്നേരങ്ങളിൽ തെരുവ് വിളക്കുകളും വർണ വെളിച്ചങ്ങളും കൊണ്ട്​ അലങ്കരിച്ച ജയ്‌പൂർ ഓൾഡ് സിറ്റി തെരുവുകളിലൂടെയുള്ള നടത്തം ജയ്‌പ്പൂരിന്റെ പ്രതാപകാലത്തെ ഓർമിപ്പിക്കുമെങ്കിലും, കിടപ്പാടങ്ങൾ ഇല്ലാത്തത്കൊണ്ട് നല്ല തണുപ്പിൽ പാതയോരങ്ങളിൽ കിടന്നുറങ്ങുന്നവരുടെ എണ്ണമറ്റവരുടെ കാഴ്​ച കണ്ണു നനയ്​ക്കും. ഒരുവശത്തു രാജകൊട്ടാരങ്ങളുടെ പ്രൗഢിയും മറുവശത്തു വൃത്തിഹീനതയുടെയും കഷ്ടപ്പാടുകളുടെയും ദൈന്യതയും ഈ നഗരം നിങ്ങൾക്കു കാണിച്ചു തരും.

(കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ -കില, എറണാകുളം ജില്ല കോഓഡിനേറ്റർ ആണ് ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jaipurrajasthan travelogueJaisalmir
News Summary - A travel through the cities of kings - Rajasthan Travelogue
Next Story