Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightകടല്‍ മണമറിഞ്ഞ്...

കടല്‍ മണമറിഞ്ഞ് പാമ്പന്‍പാലത്തിലൂടെ....

text_fields
bookmark_border
കടല്‍ മണമറിഞ്ഞ് പാമ്പന്‍പാലത്തിലൂടെ....
cancel
camera_alt????????????

ഏറെ പ്രശസ്തമായ പാമ്പന്‍ പാലം കാണണമെന്നത് കുറേയായുള്ള ആഗ്രഹമായിരുന്നു. രാഷ്ട്രപതിയായിരുന്ന എ.പി ജെ അബ്ദുല്‍ കലാമിൻെറ ജന്മദേശമാണ് രാമേശ്വരം. മരണ ശേഷം അദ്ദേഹത്തിൻെറ വീട് മ്യൂസിയമാക്കിയതും മറ്റും വായിച്ചറിഞ്ഞത് ഇക്കുറി യാത്ര രാമേശ്വരത്തേക്കു തന്നെയാകാമെന്നു തീരുമാനിക്കുകയായിരുന്നു. ട്രെയിന്‍ യാത്രയേ എനിക്കാവൂ എന്നതിനാല്‍ അതിനനുസരിച്ച റൂട്ടാണ് തയാറാക്കിയത്. കോഴിക്കോട്ട് നിന്ന് മധുര വഴിയാണ് രാമേശ്വരത്തേക്ക് എളുപ്പ മാര്‍ഗം. ഐ.ആര്‍.സി.ടി.സി സൈറ്റില്‍ നിന്ന് ട്രെയിന്‍ വിവരമെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തി. രാത്രിട്രെയിനിന് ഓണ്‍ലൈന്‍ വഴി ബുക്കു ചെയ്തു. പകല്‍ ട്രെയിനുകളിലെ യാത്രയും ഒരു കാഴ്ചയാണല്ലോ. കോഴിക്കോട്ടു നിന്ന് വൈകിട്ട് മൂന്നിനുള്ള ഇന്റര്‍ സിറ്റി സൂപ്പര്‍ ഫാസ്റ്റില്‍ ഏഴു മണിയോടെ കോയമ്പത്തൂരിലെത്തി. തുടര്‍ന്ന് മധുരയിലെത്താന്‍ ബുക്കു ചെയ്ത ട്രെയിന്‍ മൂന്നാം പ്ലാറ്റ്ഫോമില്‍ കിടക്കുന്നുണ്ട്. വീട്ടില്‍ നിന്നു കരുതിയ ഭക്ഷണം കഴിച്ച് ബെര്‍ത്തില്‍ കയറി കിടന്നു. പുലര്‍ച്ചെ രണ്ടോടെ മധുരയിലെത്തി. കൈയിലുള്ള ചാര്‍ട്ടു പ്രകാരം രമേശ്വരത്തേക്കുള്ള പാസഞ്ചര്‍ രാവിലെ 6.50നു തന്നെയെന്ന് ഉറപ്പു വരുത്തി ടിക്കറ്റെടുത്തു. അതുവരെ റെയില്‍വേയുടെ ഏ സി റിട്ടയറിങ് റൂമില്‍ രണ്ടു മണിക്കൂര്‍ വിശ്വമം. നിലത്തു ഷീറ്റു വിരിച്ച് നന്നായുറങ്ങുന്ന യാത്രക്കാരും ഇവിടെ ധാരാളം. മണിക്കൂറിന് 10 രൂപയാണ് ചാര്‍ജ്.  പ്രഭാതകര്‍മങ്ങള്‍ക്കു ശേഷം ഒരു കാലിച്ചായയുമടിച്ച് അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമിലെത്തി രാമേശ്വരം പാസഞ്ചറില്‍ കയറിയിരുന്നു. നാലു മണിക്കൂറോളം യാത്രയുണ്ട് രാമേശ്വരത്തേക്ക്. ട്രെയിനില്‍ അത്യാവശ്യം തിരക്കുണ്ടായിരുന്നു.  നാട്ടുകാര്‍ തന്നെയാണ് കൂടുതലും. മഞ്ഞു പുതച്ച മധുര ഗ്രാമങ്ങളില്‍ കൂടി അതിരാവിലെയുള്ള യാത്ര. കര്‍ഷകരും മറ്റു ജോലിക്കാരും ഒരോ സ്റ്റേഷനിലും കയറിയിറങ്ങുന്നു. പല വിധ കൃഷിയിങ്ങള്‍ക്കു നടുവിലൂടെയാണ് ട്രെയിന്‍ പോകുന്നത്. കുറെ ദൂരം ചെന്നപ്പോള്‍ പനകളുടെ തോട്ടമായി. കരിഞ്ഞുണങ്ങിയതും വീണു കിടക്കുന്നതുമായ പനകള്‍ ഏറെ. പനത്തണ്ടുകൊണ്ടാണ് മിക്ക വീടുകള്‍ക്കും വേലിയുണ്ടാക്കിയിരിക്കുന്നത്. ഗ്രാമീണരായ കച്ചവടക്കാരില്‍ നിന്ന് വാങ്ങിയ പുഴുങ്ങിയ കടലക്ക് നല്ല രുചി തോന്നി.


മണ്ഡപം സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ തന്നെ മല്‍സ്യഗന്ധം നന്നായെത്തുന്നു. മല്‍സ്യ ബന്ധനവും കൃഷിയുമാണ് ഇവിടത്തെ പ്രധാന വരുമാന മാര്‍ഗം. പെട്ടെന്ന് ട്രെയിന്‍ വേഗത കുറച്ചു. മനസിലും ചിത്രത്തിലും മാത്രം കണ്ട പാമ്പന്‍ പാലത്തിലേക്ക് ട്രെയിന്‍ കയറിയിരിക്കുന്നു. രണ്ടു ഭാഗത്തു നിന്നും ശക്തമായ കടല്‍കാറ്റ് ട്രെയിനിനകത്തേക്കും അടിച്ചു കയറുന്നുണ്ട്. യാത്രക്കാരില്‍ പലരും മൊബൈലുമായി ജനലിനരികില്‍ തിരക്കുകയാണ്. വാതിലിനരികില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ കടലില്‍ ശക്തമായ ഒഴുക്ക്. അവിടെ കൂടുതല്‍ സമയം നില്‍ക്കാന്‍ പേടി തോന്നി. വലതു ഭാഗത്ത് നല്ല ഉയരത്തില്‍ പണിത പുതിയ പാമ്പന്‍ പാലത്തിലൂടെ വാഹനങ്ങള്‍ ചീറിപായുന്നുണ്ട്. ശക്തമായ കാറ്റുള്ളതു കാരണമാവാം, ട്രെയിന്‍ ഒച്ചിഴയും വേഗത്തിലാണ് പോകുന്നത്. അതുകൊണ്ടു തന്നെ പാമ്പന്‍ റെയില്‍ ബ്രിഡ്ജ് കടക്കുന്നത് നല്ലൊരു അനുഭവമായി. കപ്പല്‍ ചാനല്‍ ഭാഗത്ത് പാലം പൊക്കാവുന്ന തരത്തിലാണുള്ളത്. റെയില്‍ പാലത്തിനു ഇടത്ത് തകര്‍ന്ന പുരാതന റെയില്‍ പാലത്തിൻെറ അവശിഷ്ടങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നു. ചെങ്കല്‍ പാറക്കുട്ടങ്ങള്‍ക്കു മുകളിലാണ് പുതിയ റെയില്‍ പാലം പണിതിരിക്കുന്നത്. മീന്‍മണം മൂക്കില്‍ അടിച്ചു കയറുന്നുണ്ട്. പാലം കഴിഞ്ഞയുടന്‍ പാമ്പന്‍ സ്റ്റേഷന്‍. നാട്ടുകാരായ യാത്രക്കാര്‍ ഏതാണ്ടെല്ലാം ഒഴിഞ്ഞിരിക്കുന്നു. ട്രെയിന്‍ വേഗത കൂട്ടി ഒടുവില്‍ രാമേശ്വരം സ്റ്റേഷന്‍. ഒരു വലിയ വീടിൻെറ പൂമുഖത്തേക്ക് ട്രെയിന്‍ വന്നു നിന്നതു പോലെ. ഇവിടെ ദക്ഷിണ റെയില്‍വേയുടെ ഒരു റൂട്ട് അവസാനിക്കുകയുമാണ്.


സ്റ്റേഷൻെറ മുറ്റത്തെത്തിയപ്പോഴേക്കും ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ യാത്രക്കാരുടെ പിറകെ കൂടുന്നു. ഒന്നു രണ്ടു കുതിര വണ്ടിക്കാരുമുണ്ട്. വളരെ ചെറിയ ഒരങ്ങാടിയാണ് മുന്നില്‍ കാണുന്നത്. നടന്നു പോയി ഒരു തട്ടുകടയില്‍ നിന്ന് ഇഡ്ഡലി കഴിച്ചു. ചായ ഇവിടെയില്ല. കൊണ്ടു വെച്ച കുടിവെള്ളത്തിന് ഉപ്പുരസമുള്ളതിനാല്‍ കൈയില്‍ കരുതിയ കുപ്പിവെള്ളം കുടിച്ചു. കടയുടെ മുന്നില്‍തന്നെ കുറച്ചുയരത്തില്‍ വലിയ ബോര്‍ഡില്‍ 'കലാം ഹൗസ്'ലേക്കും മറ്റുമുള്ള ദിശാ വിവരമുണ്ട്. എ പി ജെ അബ്ദുല്‍കലാമിൻെറ വസതിയിലേക്ക് അഞ്ചു മിനിറ്റ് നടക്കാനേയുള്ളൂ. ഒട്ടോക്കാരന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു പറഞ്ഞ ചാര്‍ജ് 40 രൂപയാണ്. ഇടുങ്ങിയ ഒരു ചെറിയ തെരുവിൻെറ അറ്റത്താണ് 'കലാം ഹൗസ്'. കലാമിൻെറ കുടുംബക്കാര്‍ ഇവിടെ തന്നെയാണ് താമസം. മ്യൂസിയം ഒരുക്കിയ മുകള്‍ നിലയിലേക്ക് കോണി കയറി.  ചെറുപ്പകാലം മുതല്‍ ഔദ്യോഗിക ജീവിതവും രാഷ്ട്രപതി കാലവും ഭാരതരത്ന മുതലുള്ള അംഗീകാരങ്ങളും ഭംഗിയായി ഒരുക്കിയിട്ടുണ്ട്. കുറച്ച് ചിത്രങ്ങള്‍ പകര്‍ത്താം എന്നു കരുതി മൊബൈല്‍ കൈയിലെടുത്തപ്പോഴേക്കും ഒരു ജീവനക്കാരനെത്തി ഫോട്ടോഗ്രഫി പാടില്ലെന്ന് അറിയിച്ചു. ഏതായാലും മ്യൂസിയം വിശദമായി നടന്നു കണ്ടു.

കലാം ഹൗസ്
 


കലാം എഴുതിയതും അദ്ദേഹത്തെപ്പറ്റി എഴുതിയതുമായ പുസ്തകങ്ങളും കലാമിന്റെ ലൈബ്രറി ശേഖരവുമെല്ലാം ചിട്ടയായി അടുക്കിയിരിക്കുന്നു. തൊട്ടു മുകള്‍ നിലയില്‍ സുവനീര്‍ വില്‍പന കടകളാണ്. കാഴ്ചകള്‍ക്കു ശേഷം താഴെയിറങ്ങി. തൊട്ടടുത്ത പള്ളിയില്‍ പോയി കലാമിൻെറ കബറിടത്തിൻെറ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. രാമേശ്വരം ടൗണില്‍ നിന്ന് നമ്പര്‍2 ബസില്‍ അഞ്ചു രൂപ ടിക്കറ്റില്‍ കബറിടത്തിലെത്തി. ഒന്നരയേക്കറോളം സ്ഥലത്ത് തിരുനല്‍വേലി ജില്ല ഭരണകൂടം നിര്‍മിക്കുന്ന  വന്‍ സ്മാരക നിര്‍മിതിക്കു പിറകിലായാണ് ഇപ്പോള്‍ കലാമിൻെറ കബറിടം. പച്ച വിരിപ്പില്‍ തയാറാക്കിയ താല്‍കാലിക ഷെഡിനു കീഴിലെ കബറിടത്തില്‍ പച്ചപ്പട്ട് വിരിച്ചിട്ടുണ്ട്. ഒരു തൂണില്‍ ദേശീയ പതാക പാറുന്നു.  സ്മാരകം പൂര്‍ത്തിയാകുമ്പോള്‍ കെട്ടിടത്തിനുള്ളില്‍ പ്രത്യേകമായുണ്ടാകുന്ന ഹാളില്‍ കബറിടം ചുറ്റും നിന്ന് ദര്‍ശിക്കാനാകുമെന്ന് നിര്‍മാണ സ്ഥലത്തുള്ള സൂപ്പര്‍വൈസര്‍ ശെല്‍വ കുമാര്‍ പറഞ്ഞു.

കെട്ടിടം പണി നടക്കുന്നു
 


ഇനി ശ്രീലങ്കയോട് എറ്റവുമടുത്തു കിടക്കുന്ന, ഏറെ ഐതിഹ്യങ്ങളുറങ്ങുന്ന ഇന്ത്യന്‍ ഭൂവിഭാഗമായ ധനുഷ്കോടിയിലേക്കാണ് യാത്ര. ഇതിനിടയില്‍ രാമേശ്വരം ക്ഷേത്രവും സന്ദര്‍ശിക്കണം. ബസില്‍ അഞ്ചു രൂപ ദുരത്തില്‍ 'തിട്ടകുടി' സ്റ്റോപ്പിലിറങ്ങി. 100 മീറ്റര്‍ അകലെ രാമേശ്വരം ക്ഷേത്രത്തിൻെറ ഗോപുരം കാണാം. ക്ഷേത്ര കവാടത്തിലെത്തി ടോക്കന്‍ എടുക്കുമ്പോഴാണറിയുന്നത് ഉച്ചക്ക് ഒരു മണി മുതല്‍ രണ്ടു മണി വരെ ലഞ്ച് ബ്രേക്കാണ്. ഇപ്പോള്‍ സമയം 12.53. പെട്ടെന്ന് ഉളളില്‍ കയറി നേരെകാണുന്നയറ്റം വരെ പോയി മടങ്ങി. നിരവധി ശില്‍പങ്ങളും കൊത്തുപണികളുമുള്ള ക്ഷേത്രം കുറേ സമയമെടുത്ത് തന്നെ കാണാനുണ്ട്.

രാമേശ്വരം ക്ഷേത്രം
 


ഉച്ച ഭക്ഷണ ശേഷം നമ്പര്‍3 ബസില്‍ ധനുഷ്കോടിക്കു തിരിച്ചു. രാമേശ്വരത്തു നിന്ന് 20 കിലോമീറ്ററാണ് ധനുഷ്കോടിക്ക്. ചെറിയ അങ്ങാടികള്‍ കടന്ന് വിജനമായി നീണ്ടു കിടക്കുന്ന റോഡിലെത്തിയപ്പോള്‍ കാഴ്ചയകലത്തില്‍ രണ്ടു വശത്തും കടലാണ്. വേലിയേറ്റത്തില്‍ പലഭാഗത്തും കടല്‍വെള്ളം കയറിക്കിടക്കുന്നതിനാല്‍ 200-300 മീറ്റര്‍ മാത്രമാണ് കരയുടെ വീതി. സാമാന്യം വേഗതയിലാണ് തമിഴ്നാട് സര്‍ക്കാര്‍ ബസ്. കുറേ ദൂരമെത്തിയപ്പോള്‍ റോഡിനു കുറുകെ കയര്‍ വലിച്ചു കെട്ടി പൊലീസ് കാവലിരിക്കുന്നു. ബസ് ഇവിടം വരെയേ പോകൂ  ധനുഷ്കോടി മുനമ്പിലേക്കുള്ള പുതിയ റോഡ് പണി പൂര്‍ത്തിയായിട്ടില്ലത്രേ.  

ജീപ്പ് യാത്രക്കിടയിലെ കാഴ്ച
 


ബസിറങ്ങിയതിന് പിന്‍ഭാഗത്ത് കടല്‍തീരത്തോട് ചേര്‍ന്ന് നിരവധി ചെറുവാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ഇതില്‍ ഒരാള്‍ക്ക് 150രൂപ നല്‍കിയാല്‍ ധനുഷ്കോടി കണ്ട് മടങ്ങാം. ഫോര്‍വീല്‍ ഡ്രൈവ് മഹിന്ദ്ര കാബില്‍ 14പേരെ ഒപ്പിച്ച് ഏജൻറ് ഞാനടങ്ങുന്ന സംഘത്തെ യാത്രയാക്കി. മുന്നിലെ ചളിക്കളം ആയാസപ്പെട്ട് കടന്ന് വണ്ടി മണല്‍ ചാലിലൂടെ ആടിയുലഞ്ഞ് നീങ്ങിത്തുടങ്ങി. മുന്നേ പോയ വണ്ടികളോരോന്നും നിരങ്ങി നീങ്ങിയുണ്ടായ ഒരടി-ഒന്നരയടിയുള്ള മണല്‍ ചാലിലൂടെ ഒരൊന്നന്നര യാത്രയാണിതെന്ന് തിരിച്ചറിയാന്‍ അധികം സമയം വേണ്ടി വന്നില്ല. വണ്ടി മറിഞ്ഞു എന്ന് തോന്നിക്കുന്ന ചില ഉലച്ചിലില്‍ യാത്രക്കാരികളുടെ ഒച്ചയിടല്‍ ഡ്രൈവര്‍ പരിഗണിക്കുന്നേയില്ല. വണ്ടിയുടെ എഞ്ചിന്‍ ബോക്സിനു മുകളിലാണ് എൻെറയിരിപ്പ്. അതുകൊണ്ട് ഫോട്ടോയും വീഡിയോയും പകര്‍ത്താം.


ഇടക്ക് കടല്‍ വെള്ളത്തില്‍ കൂടിയും ഡ്രൈവര്‍ വണ്ടി വിടുന്നുണ്ട്. അരമണിക്കൂറോളമുള്ള യാത്രക്കൊടുവില്‍ ധനുഷ്കോടിയിലെത്തി. പഴയ റെയില്‍വേ സ്റ്റേഷനും വാട്ടര്‍ടാങ്കിന്റെ തൂണുകളുമാണ് ആദ്യം കാണുന്നത്. മുക്കാല്‍ മണിക്കൂര്‍ കൊണ്ട് തിരിച്ചുപോകണമെന്നാണ് വണ്ടി ഡ്രൈവര്‍ പറഞ്ഞിരിക്കുന്നത്. കരകൗശല വസ്തുക്കളും പാനീയങ്ങളും വില്‍ക്കുന്ന ഷെഡുകള്‍ക്കിടയിലൂടെ ധനുഷ്കോടിയിലേക്ക് നിര്‍മിക്കുന്ന പുതിയ റോഡില്‍ കയറി 'ഉപേക്ഷിക്കപ്പെട്ട നഗര'ത്തിലെത്തി.

ധനുഷ്കോടി

 
സ്കൂളും പോസ്റ്റ്ഓഫീസും ആശുപത്രിയുമടക്കം ഒരു കാലത്ത് സജീവമായിരുന്ന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇന്നിവിടെ കാണുന്നത്. 1964ലെ ചുഴലിക്കാറ്റ് ധനുഷ്കോടിയെ നാമാവശേഷമാക്കിയത് ചരിത്രം. അരനൂറ്റാണ്ടിനിപ്പുറം ഇവിടം നേരില്‍ കാണുമ്പോള്‍ അന്നുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി ഊഹിക്കാനാകും  ഇവിടെ നിന്ന് വെറും 18 മൈല്‍ അകലെയുള്ള ശ്രീലങ്കയിലെ തലൈമന്നാറും ഈ ചുഴലിക്കാറ്റില്‍ തകര്‍ന്നിരുന്നു. ധനുഷ്കോടി മുനമ്പിലേക്ക് ഇവിടെ നിന്ന് ഇനിയും അഞ്ചര കിലോമീറ്റര്‍ പോകണമെന്ന് ബോര്‍ഡില്‍ കാണുന്നു. വാഹനങ്ങളൊന്നുമില്ല. നടക്കണം. ശ്രീലങ്കയിലേക്ക് നീളുന്ന, ഐതിഹ്യങ്ങളില്‍ പറയുന്ന  കല്ലുപാലം ഈ സമയത്ത് അവിടെ കാണാനാകില്ലെന്ന് പരിചയപ്പെട്ട മല്‍സ്യത്തൊഴിലാളി പറഞ്ഞു. ഡ്രൈവര്‍ പറഞ്ഞ മുക്കാര്‍ മണിക്കൂറിനകം പോയി വരാനാകാത്തതിനാല്‍ ആയാത്ര വേണ്ടെന്നു വെച്ചു.



വൈകുന്നേരമായതോടെ കാറ്റിന്റെ ശക്തി കൂടി വരുന്നുമുണ്ട്. തിരിച്ച് വണ്ടിയുടെ അടുത്തെത്തിയപ്പോള്‍ പണ്ടുണ്ടായിരുന്ന റെയില്‍വേ ഇരുമ്പു പാളങ്ങള്‍ മണ്ണിനടിയില്‍പുതഞ്ഞു കിടക്കുന്നത് ഡ്രൈവര്‍ കാണിച്ചു തന്നു. മണല്‍ ചാലിലൂടെ തിരിച്ചുള്ള യാത്ര വണ്ടിയിലുള്ളവരെല്ലാം കൂടുതല്‍ ആസ്വദിച്ചുവെന്ന് തോന്നി. എട്ടു മണിവരെ രാമേശ്വരത്തേക്ക് ബസുണ്ടെങ്കിലും ലാസ്റ്റ് ബസ് ചിലപ്പോള്‍ ഉണ്ടാവില്ലെന്ന് പ്രദേശവാസിയായ കച്ചവടക്കാരന്‍ പറഞ്ഞപ്പോള്‍ ആറരയുടെ ബസിനു തന്നെ മടങ്ങി. അന്ന് രാമേശ്വരത്ത് തങ്ങാനായിരുന്നു നേരത്തേ വിചാരിച്ചതെങ്കിലും കാര്യമായ കാഴ്ചകളെല്ലാം കണ്ടു കഴിഞ്ഞ സ്ഥിതിക്ക് രാത്രി 8.50ന്റെ കന്യാകുമാരി എക്സ്പ്രസില്‍ മധുരക്ക് മടങ്ങി. അര്‍ധരാത്രിയോടെ മധുരയില്‍ തിരിച്ചെത്തി പുറത്തുപോയി ഭക്ഷണം കഴിച്ചുവന്ന് റെയില്‍വേസ്റ്റേഷനിലെ എ സി റിട്ടയറിങ് റൂമില്‍ പണം കൊടുത്ത് രാവിലെ ആറു മണിവരെ സുഖമായുറങ്ങി.

മീനാക്ഷി അമ്മൻ കോവിൽ
 


ഒമ്പതു മണിക്കാണ് ഈറോഡിനുള്ള ട്രെയിന്‍. അവിടുന്നാണ് കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ ബുക്കു ചെയ്തിരിക്കുന്നത്.റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നടപ്പുദൂരം മാത്രമുള്ള മധുര ക്ഷേത്രം കാണാമെന്നു വെച്ചു. അദ്ഭുത കൊത്തു പണികളുടെയും ശില്‍പങ്ങളുടെയും അപൂര്‍വ സമുച്ചയമായ മീനാക്ഷിക്ഷേത്രം 30 വര്‍ഷം മുമ്പ് ഒരിക്കല്‍ സന്ദര്‍ശിച്ചതാണ്. അവിടേക്കുള്ള ഇടറോഡുകളില്‍ അഴുക്കുചാല്‍ പണി നടക്കുന്നു. എന്നാല്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡ് ടൈല്‍ പാകി വൃത്തിയാക്കിയിരിക്കുന്നു. പണ്ട് കുതിരച്ചാണകവും അഴുക്കുവെള്ളവും കൊണ്ട് വൃത്തിഹീനമായിരുന്നു ഗോപുരങ്ങള്‍ക്കു ചുറ്റുമുള്ള റോഡുകള്‍. ഇന്ന് യാചകരെയൊന്നും കാണാനില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. മുമ്പ് ഒരു നടതള്ളല്‍ കേന്ദ്രം കൂടിയായിരുന്നു ഇവിടം. ഉദിപ്പുസൂര്യന്റെ പൊന്‍പ്രഭയില്‍ തിളങ്ങി നില്‍ക്കുന്ന ഗോപുരങ്ങള്‍ ഒരു കാഴ്ച തന്നെയാണ്. പത്തിലേറെ നിലകളുള്ള ഒരോ ഗോപുരത്തിലും ഐതിഹ്യ കഥാപത്രങ്ങളുടെ ശില്‍പങ്ങള്‍. നേരത്തേ വന്നപ്പോള്‍ രണ്ടു രൂപ നല്‍കി ഗോപുരത്തിനു മുകളില്‍ കയറിയിരുന്നു. ഇപ്പോള്‍ ആരേയും ഗോപുരത്തില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്ന് കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരന്‍ പറഞ്ഞു. സന്ദര്‍ശകര്‍ക്ക് 20 രൂപയുടെ ടിക്കറ്റ് എടുക്കണം ക്ഷേത്രത്തിനകത്തേക്ക് കയറാന്‍. നിരവധി കൊത്തുപണികളും ശില്‍പങ്ങളുമുള്ള ക്ഷേത്രമകം മുഴുവന്‍ കാണാന്‍ മണിക്കൂറെടുക്കും. ഗോപുരങ്ങള്‍ക്കു ചുറ്റും നടന്ന് കണ്ട് ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തി. ഈറോഡ് ട്രെയില്‍ അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമിലുണ്ട്. അഞ്ചര മണിക്കൂറോളം നീളുന്ന മധുര-ഈറോഡ് യാത്രയിലെ ട്രെയിന്‍ കാഴ്ചകള്‍ക്കായി ഞാന്‍ ജനലിനരികെയുള്ള സീറ്റുതന്നെ പിടിച്ചു. കൃത്യസമയത്തു തന്നെ വണ്ടി നീങ്ങിത്തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam travelpamban bridge at rameswarammeenakshi temple
News Summary - train on the pamban bridge at rameswaram
Next Story