എവിടെയാകും ആ സർദാർ ?  മായാതെ ടാൻസാനിയയിലെ നോ​േമ്പാർമ

17:19 PM
22/05/2020

പ്രവാസത്തി​​െൻറ സ്വപ്ന ചിറകേറി, കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ ആദ്യമായി പറന്നിറങ്ങിയത് 2014 ലാണ്​. കഥകളിൽ കറുത്തു പോയ ആഫ്രിക്കയിലേക്ക്​ വിമാനം കയറു​േമ്പാൾ തന്നെ മനസ്സിൽ ആശങ്കകളേറെയുണ്ടായിരുന്നു. വന്നിറങ്ങിയ ശേഷം അവയോരോന്നായി ഈ രാജ്യം ഇല്ലാതാക്കി​െകാണ്ടിരുന്നു. 

പ്രവാസത്തി​​െൻറ ഒറ്റപ്പെടൽ എ​െന്നയും പിടിമുറുക്കി തുടങ്ങു​േമ്പാഴാണ്​ ടാൻസാനിയയി​െല മലയാളി കൂട്ടായ്മയിലെത്തുന്നത്​. കലാമണ്ഡലം എന്ന കൂട്ടായ്മ മലയാളികളെ ഒരു കുടക്കീഴിൽ ഒരുമിച്ച് കൊണ്ടു പോകുന്നതായിരുന്നു. പ്രവാസത്തി​ലെ ആദ്യ റമദാനിലും എ​​െൻറ ഒറ്റപ്പെടലുകളെ ഇല്ലാതാക്കാൻ സഹായിച്ചത്​ ഈ കൂട്ടായ്​മയിൽ നിന്ന്​ ലഭിച്ച സൗഹൃദങ്ങളായിരുന്നു. കുടുംബത്തോടൊപ്പമുള്ള നോമ്പ്​ കാല ഒാർമ ഒരു നഷ്​ടബോധം ഉള്ളിൽ തീർക്കുന്നതിനിടെയാണ്​ നല്ല സൗഹൃദങ്ങൾ എന്നെ തേടിയെത്തുന്നത്​. 

ആഫ്രിക്കയിൽ എത്തിയ ആദ്യ റമദാനിലെ നോമ്പ് തുറ പള്ളിയിൽ വെച്ചായിരുന്നു. പട്ടിണിയോട് മല്ലിട്ടു ജീവിക്കുന്ന ഒരു സമൂഹത്തെ അടുത്തറിയാൻ പറ്റിയ നിമിഷങ്ങൾ. ഈ സമൂഹത്തിലേക്ക് ഇറങ്ങി ചെന്നാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന തോന്നൽ മനസിൽ ഉടലെടുത്ത സമയമായിരുന്നു അത്​. 

കുന്നംകുളത്തുകാരൻ നൗഫലാണ്​ വെൽഫെയർ അസോസിയേഷൻ ഓഫ് ടാൻസാനിയ എന്നറിയപ്പെടുന്ന കൂട്ടായ്​മയിലേക്ക്​ എന്നെ എത്തിച്ചത്​. എല്ലാ ശനിയാഴ്ചകളിലും ഒത്തുചേരുകയും ഞായറാഴ്ചകളിൽ ഉൾഗ്രാമങ്ങളിലേക്ക്​ സ്​നേഹപ്പൊതികളുമായി യാത്ര ചെയ്യുകയും ചെയ്യുന്ന ഈ കൂട്ടായ്​മ ഒരു അദ്​ഭുതം തന്നെയായിരുന്നു. ഭക്ഷണമായും, ചികിത്സ സഹായമായും, വിദ്യാഭ്യാസ സഹായമായും, കുടിവെള്ള പദ്ധതികളായും ആഫ്രിക്കൻ ഗ്രാമങ്ങളുടെ ആത്മാവിലേക്ക് ഇറങ്ങിചെല്ലാനുള്ള ഇരുപതു പേരടങ്ങുന്ന സംഘത്തി​​െൻറ ശ്രമമായിരുന്നു അത്​. 

ഒരാഴ്ചയിലെ പ്രവർത്തന വിലയിരുത്തലകളും വരാനിരിക്കുന്ന പ്രവർത്തനങ്ങളുടെ ആസൂത്രണവും അൽപം സമകാലീന ചർച്ചകളും കുടുംബങ്ങളും കുട്ടികളുമായി ഒരു നല്ല സായാഹ്നം. വീട്ടിലെത്തിയ പോലെ ഒരു തോന്നൽ.. 

തുടർന്നുള്ള വർഷങ്ങളിലെ നോമ്പും പെരുന്നാളും ഈ കൂട്ടായ്​മ​​ക്കൊപ്പമായിരുന്നു. നോമ്പ് തുറക്കാൻ ഏതെങ്കിലും ഒരു വീട്ടിൽ എത്തിച്ചേരുക എന്നത് കൂട്ടായ്മയിലെ ഒരു അലിഖിത നിയമമായിരുന്നു. ഷാനിക്ക - രസ്മിന കുടുംബത്തി​​െൻറ കണ്ണൂർ വിഭവങ്ങളും, കുഞ്ഞിക്ക -അനീസ കുടുംബത്തി​​െൻറ കാസർകോട്​ വിഭവങ്ങളും അലിക്ക -നൈല ഫാമിലിയുടെ ഗുജറാത്തി വിഭവങ്ങളും നോമ്പ്​ കാലങ്ങളെ രുചിയോർമകളുമാക്കി. 

റമസാൻ കിറ്റുമായി ഗ്രാമപ്രദേശങ്ങളിലേക്ക്​ യാത്ര നടത്തുന്നത്​ ടാൻസാനിയയിലെ നോമ്പ്​ കാല ഒാർമയിൽ തെളിഞ്ഞ്​ നിൽക്കുന്നതാണ്​. ആഫ്രിക്കയിലെ പട്ടിണിയും ദാരിദ്ര്യവും നേർക്കാഴ്ചയായി കാണിച്ചു തന്ന യാത്രകളായിരുന്നു അതെല്ലാം. 40 കിലോമീറ്ററോളം ഉള്ളിലുള്ള ഗ്രാമത്തിലേക്ക്​ ട്രാവലർ വാനിലും വിതരണം ചെയ്യാനുള്ള കിറ്റുകൾ ഒരു ട്രക്കിലുമായ് ഞങ്ങൾ ഒരു യാത്ര നടത്തി. ചെറിയ മഴയും തകർന്ന ഗ്രാമീണ പാതകളും ഞങ്ങളുടെ ആ യാത്രയിൽ വെല്ലുവിളിയായിരുന്നു. എങ്കിലും ഒരു വിധം ഞങ്ങൾ ലക്ഷ്യ സ്ഥാനത്ത് എത്തി. കിറ്റുകൾ ആവശ്യക്കാർക്ക് വിതരണം നടത്തി. എല്ലാം കഴിഞ്ഞപ്പോഴേക്കും വൈകുന്നേരമായിരുന്നു. 

മഴ തൂങ്ങിനിൽക്കുന്ന അന്തരീക്ഷത്തിൽ, തിരിച്ചുള്ള യാത്ര ആശങ്കകളോടെയായിരുന്നു. പലതവണ ഞങ്ങളുടെ വാഹനങ്ങൾ ചെളിയിൽ കുടുങ്ങി. ഏകദേശം പകുതി പിന്നിട്ടപ്പോഴേക്കും മഴ കനത്തു. യാത്ര തുടരാനാവാത്ത വിധം വാഹനങ്ങൾ ചെളിയിൽ ആഴ്​ന്നു. വാഹനങ്ങൾ നന്നാക്കാനുള്ള ഏർപ്പാടുകൾ ചെയ്ത്​ നടന്നുപോരാൻ ഞങ്ങൾ തീരുമാനിച്ചു. നടന്നാൽ എത്തും എന്ന് ഒരു ഉറപ്പില്ലാഞ്ഞിട്ടും അങ്ങനെ ഒരു തീരുമാനം എടുത്തു. ഏകദേശം രണ്ട് കിലോമീറ്റർ മഴ കൊണ്ട് നനഞ്ഞു നടന്നു. 

അപ്രതീക്ഷിതമായി, ഒരു ഊടു വഴിയിലൂടെ ഞങ്ങളെ തേടി ഒരു കാരിയർ വാഹനം വന്നു. മുൻപിൽ ഡ്രൈവറുടേതടക്കം രണ്ടു നിര സീറ്റും പിന്നിൽ തുറന്ന കാരിയറും. സ്ത്രീകളെയും കുട്ടികളെയും മുൻ സീറ്റുകളിൽ ഉൾകൊള്ളിച്ചു. പിന്നിൽ പുരുഷൻമാർ കൈകോർത്തു നിന്ന് മഴ കൊണ്ടുള്ള ആ യാത്ര മറക്കാനാകാത്തതാണ്​. ഞങ്ങളുടെ പ്രയാസം ദൂരെ നിന്ന് നോക്കി കണ്ട, ആ പ്രദേശത്ത്​ കരാർ ജോലിക്ക് വന്ന ഒരു പഞ്ചാബ് സ്വദേശി ഏർപ്പാടാക്കിയതായിരുന്നു ആ വാഹനം എന്ന് ഡ്രൈവർ പറഞ്ഞാണ് ഞങ്ങൾ അറിഞ്ഞത്. ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, ഞങ്ങളുടെ ഒരു നന്ദി വാക്കിനു പോലും കാത്തു നിൽക്കാതെ ഞങ്ങളെ സഹായിച്ച ആ മനുഷ്യൻ ടാൻസാനിയയിലെ നനവുള്ള ഒാർമയാണ്​. ഒാരോ റമദാനിലും ഹൃദയത്തോട്​ ചേർത്ത്​ നിർത്തുന്ന ഒാർമ.

Loading...
COMMENTS