പട്ടായയിൽ പോയാൽ പലതുണ്ട്​ കാര്യം

  • തായ്​ലൻഡിന്‍െറ സൗന്ദര്യങ്ങളിലേക്ക്​

ലൈംഗിക ടൂറിസത്തിന്‍െറ അതിപ്രസരമാണ്​, പട്ടായക്ക്​ മോശം ഇമേജ്​ ചാർത്തിക്കൊടുത്തത്​

പെട്ടെന്ന്​ തീരുമാനിച്ച യാത്രാ ലക്ഷ്യമായിരുന്നു തായ്​ലൻഡ്​​​. നേരത്തെ രാജസ്​ഥാനിൽ പോവാനാണ്​ തീരുമാനിച്ചത്​. സംഘത്തിലെ ഒരാൾക്കുണ്ടായ അസൗകര്യത്തെ തുടർന്ന്​, ദിവസം ചുരുക്കാൻ പെട്ടെന്ന്​ തെരഞ്ഞെടുത്ത സ്​ഥലമാണ്​ തായ്​ലൻഡ്​​. അതിനാൽ​ അധികം തയാറെടുപ്പുകളൊന്നും നടത്താനായില്ല. പരമാവധി സ്​ഥലങ്ങൾ കാണണമെന്നുള്ളതിനാൽ ട്രാവൽ പാക്കേജുകൾ വേണ്ടെന്നു വെച്ചിരുന്നു. കണ്ണൂരിൽ നിന്ന്​ ചെന്നൈ വഴി ഇൻഡിഗോ വിമാനത്തിലാണ്​​ തലസ്​ഥാനമായ ബാ​ങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിൽ ഇറങ്ങിയത്​. ഇന്തോനേഷ്യയെ പോലെ ഭാരതീയ സംസ്​കാരവുമായി ബന്ധമുള്ള സ്​ഥലപ്പേരുകൾ ഏറെയുണ്ട്​ തായ്​ലൻഡിൽ. പാലാഴിമഥനം അടക്കം ഹിന്ദു പുരാണത്തിൽ നിന്നുള്ള മനോഹര ശിൽപങ്ങൾ വിമാനത്താവളത്തിൽ കണ്ടു​.

യാത്ര ചെയ്യുന്നതുൾപ്പെടെ ഏഴ്​ ദിവസമാണ്​ കൈയിലുണ്ടായിരുന്നത്​. ബാങ്കോക്കിന്​ പുറമേ പട്ടായയും ഫുക്കറ്റുമായിരുന്നു ലക്ഷ്യം.  ഫുക്കറ്റിലേക്ക്​ ബാങ്കോക്കിൽ നിന്ന്​ വീണ്ടും ഒന്നര മണിക്കൂർ പറക്കണം. ഒരു വിമാനയാത്ര കൂടി താങ്ങാനാവാത്തതിനാൽ അത്​ ഉപേക്ഷിച്ചു. തായ്​ലൻഡിലെ ഏറ്റവും മനോഹരമായ ദ്വീപുകളും ബീച്ചുകളും ഫുക്കറ്റിലാണെന്നതിനാൽ സ​ങ്കടത്തോടെയായിരുന്നു ആ തീരുമാനം.

ബാങ്കോക്ക്​ സുവർണ ഭൂമി വിമാനത്താവളത്തിലെ പാലാഴി മഥനം ശിൽപം
 


 ഇന്ത്യക്കാരാണ്​ തായ്​ലൻഡിലെത്തുന്നതിൽ നല്ലൊരു ശതമാനവും​. വിനോദസഞ്ചാരം നന്നായി പ്രോൽസാഹിപ്പിക്കുന്ന രാജ്യമായ തായ്​ലൻഡ്​ ​ ഇന്ത്യക്കാർക്ക്​ ഒാൺ അറൈവൽ വിസയാണ് നൽകുന്നത്​​. അതിന്​ പണമൊന്നും ഇൗടാക്കുന്നുമില്ല. പക്ഷേ, വിസ നടപടികൾ പൂർത്തിയാക്കാൻ വിമാനത്താവളത്തിലെ തിരക്ക്​ വലിയ കടമ്പ തന്നെയാണ്​. യാത്രക്കാരുടെ തിരക്ക്​ നിയന്ത്രിക്കാൻ വലിയ സംവിധാനമൊന്നുമില്ല. രണ്ട്​ മണിക്കൂറോളം വരി നിന്ന ശേഷമാണ്​ നടപടികൾ പൂർത്തിയായത്​​. ദീർഘയാത്രക്ക്​ പുറമേ വിസ കിട്ടാനുള്ള കൂട്ടപ്പൊരിച്ചിൽ കൂടിയായപ്പോൾ നന്നേ തളർന്നിരുന്നു. പട്ടായയിലേക്ക്​ കാഴ്​ചകൾ കണ്ട്​ ബസിൽ പോയാൽ മതിയെന്ന പദ്ധതിയൊക്കെ മാറ്റേണ്ടി വന്നു. ഒന്നാമത്​, നേരം വെളുക്കാൻ മൂന്നു മണിക്കൂർ ബാക്കിയുണ്ട്​. നമ്മുടെ നാട്ടിലേക്കാൾ ഒന്നര മണിക്കൂർ മുമ്പോട്ടാണ്​​ തായ്​ലൻഡ്​ സമയം. രാവിലെ ഏഴ്​ മണിക്ക്​ മാത്രമേ ബസ്​ സർവീസ്​ തുടങ്ങുകയുള്ളൂ. അതിനാൽ ആവുംവിധം വിലപേശി ടാക്​സി വിളിച്ചു. ബാത്​ ആണ്​ തായ്​ലൻഡ്​ കറൻസി. ഒരു ബാത്തിന്​ ഏകദേശം നമ്മുടെ 2.20 രൂപയുടെ മൂല്യമുണ്ട്​. ഇന്ത്യൻ കറൻസിയിൽ കണക്കുകൂട്ടുമ്പോൾ തുടക്കത്തിൽ ചെലവുകൾ അൽപം കൂടുതലായി തോന്നും.

ചാഒാ പറായ നദിയിൽ നിന്നുള്ള ബാങ്കോക്ക്​ നഗരത്തി​ന്‍െറ കാഴ്​ച
 

തായ്​ലൻഡിലേക്ക്​ യാത്ര​ പോകുന്നുവെന്ന്​ പറയുമ്പോൾ, ‘സദാചാര ബോധമുള്ള’ സാദാ മലയാളികൾ ഒന്ന്​ നെറ്റി ചുളിക്കാറുണ്ട്​. എന്നിട്ട്​ ഒരു ആക്കിയ ചിരിയോടെ ചോദിക്കും ‘പട്ടായയിലേക്കായിരിക്കും...?’ എന്ന്​. ചുരുക്കിപറഞ്ഞാൽ ഒരു തരം ‘സദാചാര ആക്രമണത്തിന്​’ വിധേയമാകുന്ന നഗരമാണ്​ പട്ടായ. ലൈംഗിക ടൂറിസത്തി​ന്‍െറ അതിപ്രസരമാണ്​, പട്ടായക്ക്​ ഇങ്ങനെയൊരു പട്ടം​ ചാർത്തിക്കൊടുത്തത്​. ‘അമർ, അക്​ബർ, ആൻറണി’ എന്ന മലയാളം സിനിമയിലൂടെ അറിയാത്ത മലയാളികൾ കൂടി പട്ടായയെക്കുറിച്ച്​ അറിഞ്ഞത്​ ഇങ്ങനെയാണ്​. ഇൗ ചീത്തപ്പേര്​ മാറ്റിയെടുക്കാൻ തായ്​ സർക്കാർ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നാണ്​ ചില വാർത്താ പോർട്ടലുകളിൽ കണ്ടത്​​. തിരുവിതാംകൂർ ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ പ്രയാർ ഗോപാലകൃഷ്​ണൻ പോലും ശബരിമല കോടതി വിധി വന്നപ്പോൾ പറഞ്ഞത്​ ‘ശബരിമലയെ തായ്​ലൻഡ്​ ആക്കരുത്​’ എന്നായിരുന്നു.

പട്ടായയിലെ വാക്കിങ്​ സ്​ട്രീറ്റ്​
എന്നാൽ, പട്ടായയെക്കുറിച്ച്​ ആളുകൾ നെറ്റി ചുളിക്കുന്നത്​ വെറുതെയല്ലെന്ന്​ ഒരു രാത്രി കൊണ്ടു തന്നെ ബോധ്യമായി. ‘വാക്കിങ്​ സ്​ട്രീറ്റ്​’ എന്ന തെരുവാണ്​ പട്ടായയുടെ ആത്​മാവ്​. പേര്​ പോലെ ഇവിടെ രാത്രിയിൽ വാഹനങ്ങളില്ല. തലങ്ങും വിലങ്ങും നടക്കുന്നവർ മാത്രം. പകൽ ഉറങ്ങുകയും രാത്രി മുഴുവൻ ഉണർന്നിരിക്കുകയും ചെയ്യുന്ന വാക്കിങ്​ സ്​ട്രീറ്റിൽ​ ശരിക്കും ആഘോഷം ഉന്മാദമായി മാറുന്നു. ഭക്ഷണ ശാലകളും ഉഴിച്ചിൽ കേന്ദ്രങ്ങളും മുതൽ രതിശാലകൾ ​വരെ നിരന്നുകിടക്കുന്ന തെരുവിൽ രാത്രി ആൾക്കൂട്ടമൊഴിഞ്ഞ നേരമില്ല.

പട്ടായ ഫ്ലോട്ടിങ്​ മാർക്കറ്റിലെ ഭക്ഷണ സ്​റ്റാളുകൾ
 

ഡിസ്​കോ ബാറുകളിൽ നിന്ന്​ ഉയരുന്ന കാതടപ്പിക്കുന്ന സംഗീതവും കണ്ണഞ്ചിപ്പിക്കുന്ന അലങ്കാര വെളിച്ചവും. നിരത്തുകളിൽ ശരീരം കൊണ്ട്​ കസർത്ത്​ കാണിക്കുന്ന തെരുവ്​ നൃത്ത സംഘങ്ങൾ. ഒാരോ കച്ചവട കേന്ദ്രങ്ങളിലേക്കും ആളുകളെ ആകർഷിക്കാൻ ആൺ പെൺ ഭേദമില്ലാതെ അധ്വാനിക്കുന്നവർ. ഒളിവും മറയുമില്ലാതെ തന്നെ ശരീരത്തിന്​ വില പറഞ്ഞുറപ്പിക്കുന്ന നിശാസുന്ദരികൾ. തായ്​ ജനതയെ സംബന്ധിച്ച്​ ആഭിജാത്യം ഒട്ടും കുറവില്ലാത്ത തൊഴിലാണ്​ വേശ്യാവൃത്തിയെന്നാണ്​ മനസ്സിലായത്​.

മനോഹര ദ്വീപുകൾ, കടൽതീരങ്ങൾ
എന്നാൽ, പുറത്ത്​ പ്രചരിക്കുന്നത്​ പോലെ ലൈംഗികത മാത്രമല്ല തായ്​ലൻഡ്​​ ടൂറിസത്തി​ന്‍െറ ന​െട്ടല്ല്​. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട്​ എന്തൊക്കെ ചെയ്യാൻ കഴിയുമോ അതെല്ലാം ഇൗ രാജ്യം ചെയ്യുന്നുണ്ട്​. അതുകൊണ്ടു തന്നെ ഇപ്പോൾ കുടുംബങ്ങളുടെ പ്രിയ യാത്രാലക്ഷ്യമായി തായ്​ലൻഡ ​ മാറുന്നുണ്ട്​​. മലയാളികൾ പോലും കുടുംബസമേതം പോവാൻ തുടങ്ങിയിട്ടുണ്ട്​. മനോഹരമായ ദ്വീപുകളും കടൽത്തീരങ്ങളും ഫുക്കറ്റിൽ മാത്രമല്ല, പട്ടായയിലുമുണ്ട്​. ‘കോറൽ ​െഎലൻഡ്​’ എന്ന പവിഴ ദ്വീപ്​ അവയിലൊന്നാണ്​. പട്ടായ തീരത്ത്​ നിന്ന്​ ഏകദേശം മുക്കൽ മണി​ക്കൂറോളം സ്​പീഡ്​ ബോട്ടിൽ യാത്ര ചെയ്​താണ്​ ദ്വീപിൽ എത്തുന്നത്​. ദ്വീപിൽ എത്തുന്നതിന്​ മുമ്പ്​ തന്നെ പലവിധ സാഹസിക ഇനങ്ങളും യാത്രക്കാർക്കായി ഒരുക്കുന്നുണ്ട്​. കടലിൽ ഒരുക്കിയ വലിയ പ്ലാറ്റ്​ഫോമിൽ നിന്നുള്ള പാരാസെയ്​ലിങ്​ അത്തരമൊന്നാണ്​. സ്​പീഡ്​ ബോട്ട്​ നിയന്ത്രിക്കുന്ന കൂറ്റൻ ബലൂൺ നമ്മളെ ഒന്ന്​ കടലിൽ മുക്കിയെടുത്ത ശേഷം ആകാശത്തേക്ക്​ ഉയരും.

കോറൽ ഐലൻറ്​ ബീച്ചിലെ പാരസൈലിങ്​
 

കടലും അതിന്​ സമാന്തരമായി കിടക്കുന്ന പട്ടായ നഗരവും പറന്നു കാണാം. മുത്തും പവിഴവുമൊക്കെ അടുത്തുകണ്ട്​​ കടലിനടിയിൽ നടക്കാനുള്ള അണ്ടർ സീ വാക്കിങുണ്ട്​. വാട്ടർ സ്​കൂട്ടർ, ബനാന ബോട്ട്​ തുടങ്ങിവയിൽ കയറി കടലിൽ അർമാദിക്കാനും അവസരമുണ്ട്​. പച്ചപ്പ്​ നിറഞ്ഞ വലിയ കുന്നുകൾക്ക്​ താഴെ പഞ്ചാര മണൽ നീണ്ടു പരന്നു കിടക്കുന്ന മനോഹരമായ കടൽത്തീരമാണ്​ കോറൽ ഐലൻഡ്​.  സ്​ഫടികം പോലെ നീലനിറത്തിൽ കടൽവെള്ളം കണ്ടാൽ ആരും ഒന്നു ഇറങ്ങിക്കുളിച്ചുപോകും.

ബാങ്കോക്ക്​ സഫാരി മൃഗശാലയിൽ നിന്നുള്ള ദൃശ്യങ്ങൾ
 

രണ്ടാം ദിവസം പട്ടായയിലെ പ്രശസ്​തമായ ആനകളുടെ വില്ലേജിലേക്കായിരുന്നു യാത്ര. ആനപ്പുറത്തേറിയുള്ള ട്രക്കിങ്​ ആണ്​ ഇവിടെ പ്രധാന ആകർഷണം. ഒരു മണിക്കൂ​റോളം നീളുന്ന യാത്രക്കിടെ ആന, സഞ്ചാരികളെയും വഹിച്ച്​ കാടും പുഴയും താണ്ടും. ആനപ്പുറത്ത്​ രണ്ടുപേർക്ക്​ കയറാം. ആളുകളെ കയറ്റി​ ആനകൾ നിരനിരയായി കാട്​ കടക്കുന്ന കാഴ്​ച മനോഹരമാണ്​. ആനകൾക്ക്​ പുറമേ കടുവകളുടെയും മുതലകളുടെയും പാർക്കും ഇവിടെയുണ്ട്​. അഞ്ഞൂറ്​ ഏക്കറിൽ പരന്നുകിടക്കുന്ന നോങ്​ നൂച്ച്​ ട്രോപ്പിക്കൽ ഗാർഡനും പട്ടായയുടെ ആകർഷണങ്ങളാണ്​.

തട്ടുകടകളിൽ പാറ്റ, പുഴു, മുതല...
ചില ഗൂഗിൾ പരസ്യങ്ങളിൽ തായ്​ലൻഡ്​ എന്ന പേരിൽ കാണുന്ന മനോഹരമായ ചിത്രമാണ്​ ​വെള്ളത്തിൽ നിരന്നുകിടക്കുന്ന തോണികളിൽ പഴവും പച്ചക്കറികളും നിരത്തി വിൽക്കുന്ന ഫ്ലോട്ടിങ്​ മാർക്കറ്റി​േൻറത്​. ഇൗ ചിത്രം പ​ക്ഷേ, ഇന്തോനേഷ്യയിലേതാണ്​. ഇൗ ദൃശ്യം മനസ്സിൽ വെച്ചാണ്​ പിറ്റേന്ന്​ രാവിലെ പട്ടായ ഫ്ലോട്ടിങ്​ മാർക്കറ്റിലേക്ക്​ പോയത്​. ചിത്രത്തിൽ ഉള്ളത്ര പോര എന്നാണ്​ കണ്ടപ്പോൾ തോന്നിയത്​. ഇതിനേക്കാൾ മനോഹരമായത്​​ ബാങ്കോക്കിലെ ഡാംനോൺ സഡു​ഒാക്​ ​​ഫ്ലോട്ടിങ്​ മാർക്കറ്റ്​ ആണെന്ന്​ പിന്നീടറിഞ്ഞു. എത്തിയത്​ രാവിലെ ആയതിനാൽ മാർക്കറ്റ്​ ഉണർന്നുവരുന്നേ ഉണ്ടായിരുന്നുള്ളൂ. തായ്​ലൻഡിൻറെ ഭക്ഷ്യ രീതികൾ അടുത്ത്​ കാണാനായത്​ ഇവിടെയാണ്​. ​പാറ്റയും തേളും പുഴുവും എല്ലാം ഫ്രൈ ആക്കി വെച്ചിട്ടുണ്ട്​. മുതലയുടെ എല്ലുകൾ പുഴുങ്ങിയെടുത്തതാണെന്ന്​ തോന്നുന്നു, പ്രത്യേകം വിൽപനക്ക്​ വെച്ചിട്ടുണ്ട്​. തായ്​ലൻഡിനെക്കുറിച്ച്​ പലരും ​പറയാറുള്ള പോലെ പാമ്പി​ൻറെ ഇറച്ചി മാത്രം കാണാനായില്ല.

​പാറ്റയും തേളും പുഴുവും ഫ്രൈ ആക്കിയതും മുതലയുടെ എല്ലുകൾ പുഴുങ്ങിയതും തായ്​ലൻഡിലെ വഴിയോര കടകളിൽ വിൽപനക്ക്​ വെച്ചിട്ടുണ്ട്​
 

തേളിനും പുഴുവിനും 60 ബാത്തും മുതലയെല്ലിന്​ 100 ബാത്തുമാണ്​ വില. ​പന്നിയിറച്ചി കൊണ്ടുള്ള വിഭവങ്ങളും എമ്പാടുമുണ്ട്​. ഫ്ലോട്ടിങ്​ മാർക്കറ്റിൽ മാത്രമല്ല, പല സ്​ഥലങ്ങളിലും തെരുവ്​ പെട്ടിക്കടകളിൽ ഇൗ ​ഇനങ്ങളുണ്ട്​. ഇറച്ചി പൊരിച്ചെടുക്കുന്നതി​​​​െൻറ രൂക്ഷ ഗന്ധം നമുക്ക്​ ​അത്ര സുഖിക്കില്ലെന്ന്​ മാത്രം. റസ്​റ്ററൻഡുകളിൽ തായ്​ ഭക്ഷണങ്ങളിൽ പ്രാമുഖ്യം മൽസ്യത്തിനാണ്​. വലിയ അ​ക്വേറിയങ്ങളിൽ വളർത്തുന്ന ഭീമൻ കൊഞ്ചുകളും ഞണ്ടുകളുമൊക്കെ അപ്പപ്പോൾ പിടിച്ച്​ തീൻമേശയിൽ എത്തിക്കും.

ഭീമൻ കൊഞ്ചുകളും ഞണ്ടുകളുമൊക്കെ അപ്പപ്പോൾ പിടിച്ച്​ തീൻമേശയിൽ എത്തിക്കും
 

പകുതി വേവിച്ച്​ തരുന്ന മൽസ്യ വിഭവങ്ങളും നമ്മുടെ രുചി സംസ്​കാരത്തിനും നാവിനും അത്ര പിടിച്ചെന്ന്​ വരില്ല. റൈസ്​ ഇനങ്ങൾ മാത്രമാണ്​ ഇവയോടൊപ്പം ലഭിക്കുക. റൊട്ടിയും മറ്റും കിട്ടണമെങ്കിൽ ഇന്ത്യൻ ​റസ്​റ്ററൻഡുകൾ തന്നെ ശരണം. പാതയോരങ്ങളിൽ എമ്പാടും വാങ്ങാൻ കിട്ടുന്ന പഴങ്ങൾ ഏറെ രുചികരമാണ്​. മാങ്ങ തന്നെയാണ്​ ഇവയിൽ രാജാവ്​. എല്ലാം നല്ല രുചിയുള്ള വലിയ ഇനങ്ങൾ. പഴം ഏതായും വൃത്തിയിൽ ചെത്തിനുറുക്കി ഉപ്പും മുളകും പുരട്ടിത്തരും. ഇളനീരിനും നല്ല രുചി.

ബാങ്കോക്ക്​ മഹാനഗരം
അടുത്ത രണ്ട്​ ദിവസം ബാങ്കോക്കിലായിരുന്നു. മഹാനഗരം തന്നെയാണത്​. യൂറോപ്യൻ, അറബ്​, ഇന്ത്യൻ സഞ്ചാരികൾ ഏറെയുണ്ട്. ടാക്​സി കാറുകളും ‘ടുക്​ ടുക്’​ എന്ന പേരിൽ ഒാ​ട്ടോറിക്ഷകളുമാണ്​ ഇവിടെ കാര്യമായ പൊതുഗതാഗത സംവിധാനം. നമ്മുടെ ഒാട്ടോയുമായി രൂപസാദൃശ്യമുണ്ടെങ്കിലും ഇത്​ പറപറക്കുന്നത്​ കണ്ടാലറിയാം എൻജിൻ അത്യാധുനികനാണെന്ന്​. പട്ടായയിൽ ടുക്​ ടുക്​ എന്ന പേരിൽ ആളെ കയറ്റിപോവുന്നത്,​ ഗൾഫിലും മറ്റും ചരക്ക്​ കയറ്റുന്ന ചെറുപിക്കപ്പുകൾക്ക്​ മേൽക്കൂരയടിച്ചാണ്​.​ ബൈക്ക്​ ടാക്​സികൾ രണ്ടിടത്തും വ്യാപകമായുണ്ട്​.​

ബാങ്കോക്ക്​ നഗരത്തി​ന്‍െറ ദൂരക്കാഴ്​ച
 

ബാങ്കോക്കിൽ സ്​കൈ ട്രെയിൻ എന്ന പേരിൽ മെട്രോയും കുറഞ്ഞ തോതിൽ ബസുകളുമുണ്ട്​ ഗതാഗതത്തിന്​. കുറഞ്ഞ വിലക്ക്​ സാധനങ്ങൾ വാങ്ങാൻ പ്രത്യേകം വിപണികളുണ്ട്​. ഇവയിൽ അധികവും പട്ടായയിൽ നിന്ന്​ വ്യത്യസ്​തമായി രാത്രി നേരത്തെ തന്നെ അടക്കും. രാത്രി പത്ത്​ മണിക്ക്​ ശേഷം തുറക്കുന്ന ചൈനീസ്​ വിപണിയുമുണ്ട്​.

ചാഒാ പറായ നദിയിലെ ചേരികൾ
ബാങ്കോക്കിൽ നിന്ന്​ പ്രധാനമായി സഞ്ചാരികളെ കൊണ്ടുപോകുന്നത്​ സഫാരി വേൾഡ്​ എന്ന വിനോദ കേന്ദ്രത്തിലേക്കാണ്​. പക്ഷികളും മൃഗങ്ങളും മനുഷ്യര​ും ചേർന്ന്​ ദിവസം മുഴുവൻ വൈവിധ്യമാർന്ന വിനോദ പ്രദർശനമാണ്​ ഇവിടെ ഒരുക്കുന്നത്​. ഇതിൽ ഏറ്റവും ആകർഷകമാണ്​ ഡോൾഫിനുകളുടെ അഭ്യാസപ്രകടനങ്ങൾ. ഇതിനടുത്തു തന്നെ സിംഹങ്ങളും കടുവകളുമൊക്കെ വിഹരിക്കുന്ന മൃഗശാലയുമുണ്ട്​. ‘വാട്ട്​ അരുൺ രച്ചാവരാരം’ എന്ന പ്രശസ്​തമായ ബുദ്ധക്ഷേത്രം കാണാൻ ചാഒാ പറായ നദിയിലൂടെയുള്ള ബോട്ട്​ ​യാത്രയായിരുന്നു പിറ്റേന്ന്​. മനോഹരമായ ചുവർചിത്രങ്ങളും ശിൽപങ്ങളും നിറഞ്ഞ ഗോപുരങ്ങൾ അടങ്ങിയ വലിയ ക്ഷേത്രമാണിത്​. സൂര്യ ദേവന്‍െറ മറ്റൊരു പേരായ അരുണ തന്നെയാണ്​ ഇൗ ക്ഷേത്രത്തി​​ന്‍െറ പേരിലുമുള്ളത്​​. ക്ഷേത്രത്തിലെ കാഴ്​ചകൾ പോലെ തന്നെ ആകർഷകമാണ്​​ നദിയിലൂടെ സഞ്ചരിക്കുമ്പോഴുള്ള ബാങ്കോക്ക്​ നഗരത്തി​​ന്‍െറ ദൃശ്യങ്ങൾ.

ചാഒാ പറായ നദിക്കരികിലെ മുസ്​ലിം പള്ളി
 

ആകാശചുംബികളായ കെട്ടിടങ്ങൾ മാത്രമല്ല, പുഴയിലേക്കിറങ്ങിയ ചേരികളും വ്യാപകമായുണ്ട്​. പുഴയിൽ കാൽ നാട്ടിയാണ്​ ചെറുകുടിലുകൾ അധികവും നിർമിച്ചിരിക്കുന്നത്​. മലമ്പാമ്പുകളെ പോലെ തോന്നിക്കുന്ന വലിയ പാമ്പുകൾ പുഴയിൽ നീന്തിപോവുന്നത്​ കാണാം. തായ്​ നാവിക സേന കേന്ദ്രം നദീതീരത്താണ്​. വലിയ നക്ഷത്ര ഹോട്ട​ലുകളോട്​ അനുബന്ധിച്ച്​ സഞ്ചാരികളെ കാത്ത്​ ആഡംബര നൗകകളും ക്രൂയിസ് കപ്പലുകളും അങ്ങിങ്ങ്​ നങ്കൂരമിട്ടിട്ടുണ്ട്​. ബുദ്ധ മൊണാസ്​ട്രികൾക്ക്​ പുറമെ മുസ്​ലിം-കൃസ്​ത്യൻ ആരാധനാലയങ്ങളും ഇൗ യത്രയിൽ കാണാനായി.

സയാം രാഷ്​ട്രീയം
തായ്​ലൻഡിലെ ചില ഇംഗ്ലീഷ്​ പത്രങ്ങളൊക്കെ ഹോട്ടലിൽ കണ്ടിരുന്നുവെങ്കിലും വാർത്തകളിലൊന്നും രാഷ്​ട്രീയം അധികം പരാമർശിച്ചു കണ്ടിട്ടില്ല. മിക്കവാറും സാമ്പത്തിക വാർത്തകളാണ്​. പൊതുവേ ശാന്തമായ രാഷ്​ട്രീയ കാലാവസ്​ഥയാണ്​ തോന്നിയത്​. സയാം എന്ന പേരിൽ മുമ്പ്​ അറിയപ്പെട്ടിരുന്ന രാജ്യത്ത്​ രാജകുടുംബവും ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന പ്രധാനമന്ത്രിയും ചേർന്നുള്ളതാണ്​ ഗവൺമ​​​െൻറ്​. സൈന്യത്തിനും നല്ല ശക്​തിയുണ്ട്​. അഞ്ച്​ ശതമാനമാണ്​ തായ്​ലൻഡിലെ മുസ്​ലിം ജനസംഖ്യ. 94 ശതമാനവും ബുദ്ധമതത്തിലെ തേരവാധാ വിഭാഗമാണ്​. സർക്കാരിന്​ ന്യൂനപക്ഷങ്ങളോടും മറ്റും അനുഭാവ പൂർണമായ സമീപനമാണെന്നാണ്​ മനസിലാക്കാനായത്​. എങ്കിലും ചിലയിടത്ത്​ പ്രശ്​നങ്ങൾ പുകയുന്നുണ്ട്​. 2006ൽ അഴിമതി ആരോപണത്തെ തുടർന്ന്​ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി തസ്​കിൻ ഷിനാവത്രയുടെ കാലത്ത്​ ചില പ്രവിശ്യകളിൽ മുസ്​ലിം ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട്​ വലിയ അസ്വാരസ്യങ്ങൾ നിലവിലുണ്ടായിരുന്നു​. പ്രധാനമന്ത്രി സ്​ഥാനത്തേക്ക്​ മൽസരിക്കാൻ തായ്​ രാജകുമാരി മഹാവജിറ ലോങ്കോൺ തയാറായതും നമ്മു​ടെ നാട്ടിലേതടക്കം മാധ്യമങ്ങളിൽ ഏറെ നാൾ വാർത്തയായതും ഞങ്ങളുടെ സന്ദർശന സമയത്താണ്​.

കറൻസിക്ക്​ മൂല്യം കൂടുതലാണെങ്കിലും കാഴ്​ചകളുടെ പുറംമോടിയുണ്ടെങ്കിലും ദാരിദ്ര്യത്തി​ന്‍െറ അടയാളങ്ങളും ബാ​ങ്കോക്കിൽ കാണാനുണ്ട്​.​ ചാഒാ പറായ നദിയിലൂടെയുള്ള യാത്രയിൽ കണ്ട ചേരികൾ തന്നെ ഇതി​​ന്‍െറ അടയാളമാണ്​​. അതിനേക്കാൾ വലിയ ചേരികൾ രാജ്യത്തി​ന്‍െറ പലഭാഗത്തും വേറെയും ഉണ്ട്​. രാത്രി വൈകിയും നിറയെ തൊഴിലാളികളെയും കയറ്റി പോകുന്ന ​വലിയ ട്രക്കുകളും കണ്ടു ബാങ്കോക്ക്​ നഗരത്തിൽ. ബാങ്കോക്കിലാവട്ടെ പട്ടായയിലാവട്ടെ ഏറെ അമ്പരപ്പിച്ച കാര്യം, പൊലീസുകാരുടെയോ മറ്റു സുരക്ഷ ​സേനകളു​ടെയോ നാമമാത്ര സാന്നിധ്യമായിരുന്നു.

ട്രാവൽ ടിപ്​സ്​

പാക്കേജ് എടുക്കാതെ പോകാം

തായ്​ലൻഡ്​ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ട്രാവൽ പാക്കേജ് ഇല്ലാതെ തന്നെ യാത്ര ചെയ്യാം.
തായ്​ലൻഡിലെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഇന്ത്യക്കാർക്ക് വിസ ഒാൺ അറൈവലായി ലഭിക്കും. നേരത്തെ ഇതിന് 2000 തായ് ബാത്ത് ഇൗടാക്കിയിരുന്നു. ഇപ്പോൾ സൗജന്യമാണ്. 2019 ഏപ്രിൽ 30 വരെയാണ് സൗജന്യം. വിമാനത്താവളത്തിൽ വരി നിന്ന് വിയർക്കാതെ, 200 ബാത്ത് നൽകി ഫാസ്റ്റ് ട്രാക്ക് കൗണ്ടർ വഴിയും വിസ ലഭിക്കും.
 

1. വിസ ഒാൺ അറൈവൽ ഫോം പൂരിപ്പിച്ച് ഫോേട്ടാ പതിച്ചത്. ഫോം വിമാനത്താവളത്തിൽ നിന്ന് ലഭിക്കും.

2. വെള്ള ബാക് ഗ്രൗണ്ടിലുള്ള 4x6 സൈസ് ഫോേട്ടായാണ് വേണ്ടത്. ഫോമിൽ പതിക്കുന്നതിന് പുറമെ ഒന്നുകൂടി കൈയിൽ കരുതണം.

3. വിമാനത്താവളത്തിൽ നിന്ന് ലഭിക്കുന്ന അറൈവൽ ആൻറ് ഡിപ്പാർച്ചർ കാർഡ് പൂരിപ്പിച്ച് നൽകണം.

ഡിപ്പാർച്ചർ കാർഡ് തിരികെ തരും. മടക്കയാത്രക്ക് വിമാനത്താവളത്തിൽ എത്തുന്നത് വരെ സൂക്ഷിക്കണം.

4. തിരികെപോകാനുള്ള വിമാന ടിക്കറ്റ്, ഹോട്ടൽ ബുക്ക് ചെയ്തതി​െൻറ വൗച്ചർ, ആറ് മാസം വരെ കാലാവധിയുള്ള പാസ്പോർട്ട് എന്നിവയാണ്​

വിസ ലഭിക്കാൻ വേണ്ടത്.

ഒരാൾക്ക് 10,000 തായ്​ ബാത്തിന് തുല്യമായ പണം കൈയിൽ വേണമെന്ന നിബന്ധന കൂടിയുണ്ട്. ഇതു പക്ഷേ, എല്ലായ്പോഴും പരിശോധിക്കണമെന്നില്ല.

5. യാത്രയുടെ ഏകദേശ ചെലവ് കണക്കാക്കി ഇന്ത്യൻ രൂപ നാട്ടിൽ നിന്ന് തന്നെ തായ് ബാത്തിലേക്ക് മാറ്റി കൊണ്ടുപോകുന്നതാണ് നല്ലത്. വിമാനത്താവളത്തിൽ രൂപക്ക് എക്സ്ചേഞ്ച് മൂല്യം താരതമ്യേന കുറവാണ്. ഇൻറർനാഷണൽ കാർഡുകൾ ഉണ്ടെങ്കിൽ എ.ടി.എമ്മിൽ നിന്ന് പണമെടുക്കാം. പക്ഷേ, നല്ല തുക കമീഷൻ പിടിക്കും.

6. ഹോട്ടൽ നേരത്തെ ബുക് ചെയ്യുന്നതാവും ലാഭം. make my trip പോലുള്ള വെബ്സൈറ്റുകൾ വഴി ബുക് ചെയ്യുേമ്പാൾ വലിയ തുക ഇല്ലാതെ നല്ല ഹോട്ടലുകൾ ലഭിക്കും. നേരിട്ട് പോയി മുറിയെടുക്കുേമ്പാൾ കൂടുതൽ പണം കൊടുക്കേണ്ടി വരും. തിരക്ക് കൂടുന്നതനുസരിച്ച് ഹോട്ടൽ ചാർജും കൂടും.

7. ഇംഗ്ലീഷ് പരിജ്ഞാനം കുറവാണെങ്കിലും ഇന്ത്യക്കാരുമായി ആശയവിനിമയത്തിന് തായ്​ലൻഡുകാർ മിടുക്കരാണ്. ഡെസ്റ്റിനേഷൻ കണ്ടെത്തുന്നതിന് അവരുടെ സഹായം തേടാം. ഹോട്ടലുകളിൽ തന്നെ വിനോദ സഞ്ചാരത്തിനുള്ള സ്ഥലങ്ങൾ പരിചയപ്പെടുത്തുന്ന കൗണ്ടറുകളുണ്ട്. മിക്ക കൗണ്ടറുകളിലും ഇന്ത്യക്കാരുണ്ടാവും. ചിലയിടത്ത് മലയാളികളുമുണ്ട്. ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന മലയാളികളും തായ്​ലൻഡലിലുണ്ട്.

8. കൊച്ചി വിമാനത്താവളത്തിൽ നിന്ന് എയർ ഏഷ്യ വിമാനമാണ് ബാങ്കോക്കിലേക്ക് നേരിട്ട് സർവീസ് നടത്തുന്നത്. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നെല്ലാം കണക്ഷൻ  ഫ്ലൈറ്റുകളുണ്ട്.

9. ഏഴ് ദിവസത്തെ  യാത്രക്ക് 35,000 രൂപ മുതൽ 45,000 വരെ ചിലവ് വരും.

 

 

Loading...
COMMENTS