നോർമണ്ടിയിലെ അമേരിക്കൻ ഖബറുകൾ

റീനി മമ്പലം
18:25 PM
03/06/2019
നോർമണ്ടി തീരത്തെ അമേരിക്കൻ സൈനികരുടെ സെമിത്തേരിയിൽ മുട്ടുകുത്തി നിന്ന്​ പ്രാർഥിക്കുമ്പോൾ അവൾ വിതുമ്പുന്നുണ്ടായിരുന്നു
ച്ചഭക്ഷണം കഴിഞ്ഞ് തിരികെ ബസിൽ കയറുമ്പോൾ ഞങ്ങളുടെ ടൂർ ഗൈഡ് കുറെ റോസപ്പൂക്കളുമായി ബസ്സിലിരിക്കുന്നു.

“ആരാണാ ഭാഗ്യവതി...?” ഞാൻ  അയാളെ കളിയാക്കി.
“നിങ്ങൾ  അറിയാതെ എനിക്കൊന്നും ഇവിടെ ചെയ്യുവാൻ സധിക്കില്ലല്ലോ..!” അദ്ദേഹം തിരിച്ചടിച്ചു.

ഞങ്ങൾ ഒരു ഗ്രൂപ്പിൻറെ കൂടെ 13 ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന്​ വന്നിരിക്കയാണ്. പാരിസ്, മൊണേയുടെ പൂന്തോട്ടമുള്ള ഗിവ​​െൻറി, ഷാമ്പൈൻ റീജിയൺ തുടങ്ങിയ സ്ഥലങ്ങൾ കണ്ടശേഷം ഫ്രാൻസിന്റെ വടക്കൻ തീരത്തുള്ള നോർമണ്ടിയിൽ എത്തിയിരിക്കുന്നു. ഇത്തവണ മകളും കൂടെയുണ്ട്. ടൂർ ഗ്രൂപ്പിലെ മിക്കവരും റിട്ടയർ ചെയ്ത പ്രായമുള്ളവരാണ്. അവരുടെ കമ്പ്യുട്ടറിന്റെയും ക്യാമറയുടെയും പ്രശ്നങ്ങൾ പരിഹരിച്ച് അവരുടെ സുഹൃത്തായി, ആർമാദിച്ച് നടക്കുകയാണ് അവൾ.

നോർമണ്ടിയിലെ രണ്ടാം ലോക മഹായുദ്ധ സ്​മാരകം
 

രണ്ടാം ലോകമഹായുദ്ധത്തിൽ  മരണമടഞ്ഞ അമേരിക്കൻ ഭടന്മാരെ അടക്കിയിരിക്കുന്ന  സെമിത്തേരി ഇവിടെ ഉണ്ട്. സെമിത്തേരിയും യുദ്ധം നടന്ന ബീച്ചും അന്നത്തെ സന്ദർശനത്തിന്റെ ഭാഗങ്ങളാണ്. സെമിത്തേരിക്കടുത്ത് നിർത്തിയ ബസിൽ നിന്നിറങ്ങുമ്പോൾ  ഗൈഡ് ഏല്ലാവർക്കും ഓരോ റോസപ്പൂവ് കൊടുത്തിട്ട് അത് ഏതെങ്കിലും അമേരിക്കൻ ഭടനെ മറവുചെയ്തയിടത്ത് വെക്കുവാൻ ആവശ്യപ്പെട്ടു. ഓരോ ഭടന്റെയും ശരീരം മറവു ചെയ്തയിടത്ത് ഓരോ കുരിശ് നാട്ടിയിരിക്കുന്നു. കൂരിശിൽ  ഭടന്റെ പേരും അയാൾ അമേരിക്കയിൽ ഏതു സ്റ്റേറ്റിൽ നിന്നാണെന്നും ലിഖിതപ്പെടുത്തിയിരിക്കുന്നു.
 
തലേദിവസം ഡിന്നറിനുശേഷം രണ്ടാം ലോക മഹായുദ്ധത്തിൽ നോർമണ്ടിയിൽ സംഭവിച്ചതെന്താണെന്ന പ്രഭാഷണം കേട്ടത് ഓർത്തെടുക്കുവാൻ ശ്രമിച്ചു. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചത് 1939 സെപ്തംബർ ഒന്നിന്​ ജർമനി പോളണ്ടിനെ ആക്രമിച്ചതോടെയാണ്. ഇംഗ്ലണ്ടും ഫ്രാൻസും പോളണ്ടിന്റെ സഹായത്തിനെത്തിയെങ്കിലും ഇറ്റലിയും റഷ്യയുമായും കരാറിലൊപ്പുവച്ചിരുന്നതിന്റെ ബലത്തിൽ 1940 ആയപ്പോഴെക്കും ഫ്രാൻസ് ഉൾപ്പെടെയുള്ള മിക്ക പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളെയും ജർമനി കീഴടക്കി. താമസിയാതെ ഇറ്റലിയും ജർമനിയും മെഡിറ്ററേനിയനും കിഴക്കൻ ആഫ്രിക്കയിലുമുള്ള എതിരാളികളുടെ കോളനി രാജ്യങ്ങളെ കീഴടക്കുവാൻ തുടങ്ങിയതോടെ യുദ്ധം മറ്റു ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു.

 
 

ലോകത്തെ ഈ യുദ്ധത്തിലേക്ക് നയിച്ചതിന്റെ മുഖ്യ കാരണക്കാരനായ ജപ്പാൻ 1937ൽ തങ്ങളുടെ അധിനിവേശ മോഹം ചൈനയെ ആക്രമിച്ച് നടപ്പാക്കി തുടങ്ങിയിരുന്നു. ജർമനി ഇറ്റലി സഖ്യത്തിൽ ജപ്പാൻ ചേർന്നതോടേ അച്ചുതണ്ട് ശക്തി എന്നറിയപ്പെട്ട ഈ സഖ്യം ലോകത്തെ ഒരു പ്രബല ശക്തിയായിത്തീർന്നു. ചൈനക്കു പുറമെ ഏഷ്യ പസിഫിക് രാജ്യങ്ങളെ ആക്രമിച്ച് കീഴ്പെടുത്തിത്തുടങ്ങിയ ജപ്പാൻ അമേരിക്കക്കു നേരെയും തിരിഞ്ഞു. ഹവായ് ദ്വീപസമൂഹത്തിലെ പേൾഹാർബർ അമേരിക്കൻ സൈനികനാവികത്താവളം ആക്രമിക്കുകയും പിന്നാലെ അമേരിക്കയുടെയും ബ്രിട്ടന്റെയും ഒട്ടുമിക്ക കോളനികളിലും ജപ്പാൻ അധിനിവേശം നടത്തുകയും ചെയ്തു. ജപ്പാനു നേരെ യുദ്ധം പ്രഖ്യാപിച്ച അമേരിക്ക ബ്രിട്ടൻ, ഫ്രാൻസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങളോട് ചേർന്ന് സഖ്യകക്ഷി രൂപീകരിച്ചു.
 
അടുത്ത കുറച്ച് വർഷങ്ങൾകൊണ്ട് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും വ്യാപിച്ച ഈ രണ്ടു ചേരികൾ തമ്മിലുള്ള യുദ്ധത്തിന്റെ ഒരു പ്രധാന വഴിത്തിരിവ്, 1944 ജൂൺ ആറിന്​ സഖ്യ കക്ഷി ഫ്രാൻസ് വഴി നടത്തിയ നോർമണ്ടി ആക്രമണമായിരുന്നു. സഖ്യകക്ഷി ഐസൻഹോവറെ ‘കമ്മാൻഡർ ഓഫ് ഓപ്പറേഷ്യൻസ്’ ആക്കി ഇംഗ്ലീഷ് ചാനൽ കടന്ന് ഫ്രാൻസിനെ എതിർക്കുവാൻ  തീരുമാനിച്ചു.  ഏതൊരു യുദ്ധത്തിന്റെയും അദ്യ ദിവസത്തിനെ ’ഡീ ഡേ‘ എന്നു വിളിക്കും. എങ്കിലും ‘ഡീ ഡേ‘ എന്ന് കേൾക്കുമ്പോൾ ‘നോർമണ്ടി’ ആക്രമണമാണ് മനസ്സിൽ വരിക.  ഈ വർഷമാണ് ‘ഡി ഡേ’യുടെ 75ആം വാർഷികം.  1944 ജൂൺ ആറാം തീയതിയാണു  ’ഡീ ഡേ‘.  ആദ്യത്തെ തീരുമാനം  അനുസരിച്ച് ജൂൺ അഞ്ചിന്​ ഡീ ഡേയായിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ നിമിത്തം പിറ്റേ ദിവസത്തേക്ക് മാറ്റിവെക്കേണ്ടി വന്നു.

അമേരിക്കൻ സൈനികരുടെ സെമിത്തേരി
 

ജൂൺ ആറാം തിയിതി 6.30ന് പാരച്ചൂട്ടേർസ് നോർമണ്ടി റീജിയണിലുള്ള 50 മൈൽ നീണ്ടുകിടക്കുന്ന അഞ്ച്  ബീച്ചുകൾ ആക്രമിച്ചു. അമേരിക്കൻ സൈനീകർക്ക് ജർമൻ സൈനികരുമായി നല്ലൊരു  പോരാട്ടം ’ഓമഹാ‘  ബീച്ചിൽ വേണ്ടിവന്നു.  ഫ്രാൻസിന്റെ മറ്റൊരു സ്ഥലത്ത് സൈനിക നീക്കങ്ങൾ നടത്തി അവിടെയാണ്  ആക്രമണം തുടങ്ങുന്നതെന്ന് ഹിറ്റ്ലറെ തെറ്റിദ്ധരിപ്പിച്ച്  അവസാനം ഹിറ്റ്ലർ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്താണ് യുദ്ധം ആരംഭിച്ചത്.  വ്യോമ, നാവിക ടീമും ആക്രമണത്തിൽ പങ്കെടുത്തു. ഇംഗ്ലീഷ് ചാനൽ കടന്ന് കരയിലൂടെയും പാരച്ചൂട്ട്, ഗ്ലൈഡർ വഴി ആകാശത്തിലൂടെയും എത്തി ആക്രമിച്ചു.  സൈനികർക്ക് പുറമെ ശക്തമായ ആകാശ ആക്രമണവും ബോംബിങ്ങും വഴി സഖ്യകക്ഷി ജർമൻ സൈനികരെ തുരത്തി. ആദ്യ ദിവസം തന്നെ 2000 അമേരിക്കൻ സൈനികർ  മരിച്ചു. 4000 സഖ്യകക്ഷികളാണ് ആദ്യദിവസം തന്നെ മരണമടഞ്ഞത്. 1,56000 പേരാണ്​ യുദ്ധത്തിൽ ഏർപ്പെട്ടത്. ബീച്ച് തുറസ്സായി കിടക്കുന്ന മൂലം അവിടെ പാരച്യൂട്ടിൽ ഇറങ്ങിയ അമേരിക്കൻ സൈനികർക്കു നേരെ  നിറയൊഴിക്കുവാൻ ജർമൻ പട്ടാളക്കാർക്ക് എളുപ്പമായിരുന്നു.  ജൂണിൽ തുടങ്ങിയ യുദ്ധം ആഗസ്റ്റ് വരെ നീണ്ടുനിന്നു. അടുത്ത വസന്തത്തിൽ ഫ്രാൻസ് സ്വതന്ത്രമായി, അതിന്ഏതാനും ആഴ്ചകൾക്ക് മുൻപ് ഹിറ്റ്ലർ സ്വന്തം ജീവൻ ഒടുക്കി.

ഞങ്ങൾ സെമിത്തേരി ചുറ്റിനടന്ന് കണ്ടു. മരണമടഞ്ഞ സൈനികരിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. ഹൈസ്കൂൾ കഴിഞ്ഞയുടൻ റിക്രൂട്ട് ചെയ്ത് പട്ടാളത്തിൽ  ചേർന്നതാണ്. ചില കുരിശുകൾ അജ്ഞാതരായ അമേരിക്കൻ സൈനികരുടേതാണ്.  ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന റോസപ്പൂക്കൾ ഞങ്ങളുടെ സ്റ്റേറ്റായ കണക്റ്റിക്കട്ടിൽ നിന്നുള്ള അജ്ഞാതനായ ഒരു സൈനികന്റെ കുരിശിനു മുൻപിൽ സമർപ്പിച്ച് ഒരു നിമിഷം മൗനം പാലിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ എന്റെ മോൾ കണക്റ്റിക്കട്ടിൽ നിന്നുള്ള മറ്റൊരു സൈനികന്റെ കുരിശിനു മുമ്പിൽ റോസപ്പൂവ് വെക്കുകയാണ്.  അയാളും അജ്ഞാതൻ തന്നെ. അവളുടെ കണ്ണുകളിൽ നനവ്. അവൾ  വിതുമ്പുന്നുണ്ടായിരുന്നു.

 
 


 
ജേക്കബിന്റെ കൂടെ ജോലിചെയ്യുന്ന ഒരാളുടെ ബന്ധുവിനെ നോർമണ്ടിയിയിൽ അടക്കിയിട്ടുണ്ടെന്നും അതു കാണണമെന്നും ആവശ്യപ്പെട്ടിരുന്നു. പറഞ്ഞ പേരും സ്റ്റേറ്റും വച്ച് നോക്കിയിട്ട് കാണാഞ്ഞതിനാൽ സഹായം തേടി സെമിത്തേരിയുടെ ഓഫീസിൽ ചെന്നു. വ്യോമസേനയിൽ ഉണ്ടായിരുന്നവരെ അവിടെത്തന്നെ മറ്റൊരു സെമിത്തേരിയിലാണ്​ മറവുചെയ്തിരിക്കുന്നതെന്ന് പറഞ്ഞു. അവിടം വരെ വീണ്ടും പോകുവാൻ സമയം ഇല്ലെന്നറിഞ്ഞുകൊണ്ടുതന്നെ ജേക്കബ് സെമിത്തേരിയെ ലക്ഷ്യമാക്കി നടന്നു. വ്യോമസേനയിൽ ഉണ്ടായിരുന്നവരെ മറവുചെയ്തിരിക്കുന്ന സ്ഥലം കണ്ടുപിടിച്ചു. അവരുടെ പേരുകൾ അടുത്തുള്ള ഭിത്തിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.  പേരിന്റെ സ്പെല്ലിങ്ങിനോട്  മാച്ച് ചെയ്യുന്ന പേരു കണ്ടുപിടിച്ചു. അ സൈനികനും പറഞ്ഞ സ്റ്റേറ്റിൽ നിന്ന് തന്നെ.

രണ്ടാം ലോക മഹാ യുദ്ധത്തിൻറെ ഓർമകൾ ഇരമ്പുന്ന നോർമണ്ടിയിലെ കടൽത്തീരം
 

ജേക്കബ് പേരിന്റെ പടം എടുത്തു. അവർക്ക് പടം എങ്കിലും കാണാമല്ലോ!
ബസിന്റെ ഡ്രൈവർ ജേക്കബിനുവേണ്ടി കാത്തിരിക്കയായിരുന്നു ബസ്​ വിടാൻ. അയാൾ മാത്രമല്ല ബസിൽ ഉണ്ടായിരുന്നവരെല്ലാം പുറത്തേക്ക് നോക്കിയിരുന്നു.
ജേക്കബ് ഓടിക്കിതച്ച് ബസിൽക്കയറി. ബസ്  വിട്ടു. ഞാൻ ക്യാമറ എടുത്ത് പടം കണ്ടു.

നോർമണ്ടി എന്ന ബീച്ച് ആയിരുന്നു ടൂറിന്റെ അടുത്ത ലക്ഷ്യം.  യുദ്ധകാലത്ത് ബോംബുകൾ വീണുപൊട്ടി ഉണ്ടായ കുഴികൾ അതുപോലെതന്നെ വിട്ടിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ മോണിമെന്റ്സ് ബീച്ചിൽ ഉണ്ട്.  അവിടെ ജർമൻ സൈന്യം ഒളിച്ചിരുന്ന് സഖ്യകക്ഷികളുടെ നേർക്ക് നിറയൊഴിച്ച ബങ്കറുകൾ ഇപ്പോഴും  കാണാം. കുട്ടികൾ ഓടിക്കളിക്കുന്നു. കുട്ടികളുടെ  സാന്നിധ്യം സംഭവങ്ങളെ ലാഘവമാക്കിയോ എന്നുസംശയം. ഒരുനിമിഷത്തേക്ക് കണ്ണുകൾ അടച്ചു.1,50000ൽ പരം സൈനീകരെയും കടലിൽ 5000ൽ പരം യുദ്ധക്കപ്പലുകളും ഞാൻ കണ്ടുവോ?

reenimambalam@gmail.com

 

 

 

 

Loading...
COMMENTS