സെമിത്തേരിയിലെ ആ സന്ധ്യയിൽ

  • ബംഗാൾ ഡയറീസ്

ഫാത്തി സലിം
11:43 AM
23/01/2018
കൊൽക്കത്ത ഭവാനിപുർ സെമിത്തേരി - ഒരു സായന്തന കാഴ്ച

ഇരുണ്ടു തുടങ്ങിയ ഒരു കൊൽക്കത്ത സന്ധ്യ. ആലിപ്പൂരിൽ നിന്ന് ടൗണിലേക്ക്  പോകുന്ന വഴിയിൽ ഡി.എൽ ഖാൻ റോഡിൻെറ ഇടതു വശത്തു കൺകോണിൽ ഒരു മിന്നായം പോലെ ഭവാനിപ്പൂർ സെമിത്തേരി. ചിലപ്പോൾ ട്രാഫിക് ബ്ലോക്കിൽ അറിയാതെ സെമിത്തേരിയിലേക്ക് പതിയുന്ന നോട്ടം. അപ്പോഴൊക്കെയും ഇഷ്ടമില്ലാത്തതെന്തോ കണ്ടെന്ന മട്ടിൽ ഞാനെന്റെ നോട്ടം പറിച്ചു നടാറുണ്ട്. ചിലപ്പോൾ അതെന്നെ അജ്ഞാതനായ ശത്രുവിനെ ഓർമിപ്പിക്കുന്നത് കൊണ്ടാവാം. എന്നെങ്കിലും കീഴ്പ്പെടണം എന്നെനിക്കുറപ്പുള്ള അജ്ഞാതൻ. ഉദ്ദേശ്യം, ശക്തി, ലക്‌ഷ്യം  എന്നിവയെ കുറിച് സൂചന പോലും നൽകാതെ.. 
 

സെമിത്തേരി കവാടം
 


ബന്ധുമിത്രാദികളുടെ മരണവിവരമറിയുമ്പോൾ അടുപ്പത്തിന്റെ അളവുകോൽ അനുസരിച്ചുമനസ്സിന്റെ വിങ്ങലുകളിൽ ഏറ്റക്കുറച്ചിലുണ്ടാവാം. ചിലപ്പോൾ ഒരു തരം മരവിപ്പ്. മരണം പലപ്പോഴും കഴിഞ്ഞു പോയ വേർപാടുകൾ എന്നതിനേക്കാൾ ആസന്നമാകുന്ന നിർജീവാവസ്ഥയെയാണ് ഓർമിപ്പിക്കുന്നത്. സുനിശ്ചിതമായ ഒന്ന് എന്നത് കൊണ്ട് തന്നെ പരിധിയിൽ കൂടുതൽ ചിന്തിക്കാൻ ഭയമാണ്.പിന്നെ കൂരമ്പുകളെന്ന പോലെ തൊടുത്തു വിടുന്ന ചോദ്യാവലികൾ!
എല്ലാരേയും ഉപേക്ഷിച്ച ഞാനങ്ങനെ പോകുമോ.. ഞാനില്ലെങ്കിൽ ഇവിടെ.. ഇവർ ..എങ്ങനെ.. ? അങ്ങനെ അങ്ങനെ വെള്ളത്തിലെ വര പോലെ പ്രാധാന്യമുള്ളവ.
 


ഇത്തവണ ഗേറ്റിനപ്പുറത് നിന്ന് ആരോ കൈ വീശി വിളിക്കുന്ന പോലെ; നേർത്തൊരു ചിരിയോടെ! ഒന്ന്  അകത്തേക്കു പോയി നോക്കാമെന്ന് മനസ് പറഞ്ഞു.
രജിസ്റ്ററിൽ പേരും വിവരങ്ങളും നൽകുമ്പോൾ, എന്തോ വീണ്ടും ഒരു വല്ലായ്മ. തുരുമ്പിച്ച ഗേറ്റും ഇരുവശത്തായി സ്ഥാപിച്ച വെള്ളയും ചെങ്കൽ നിറമുള്ള തൂണുകളും കടന്ന് അകത്തേക്ക്.. 1864 മുതൽ ഈ സെമിത്തേരി ഉപയോഗത്തിലുണ്ടെന്ന് അവിടെ ആലേഖനം ചെയ്ത് വച്ചിരിക്കുന്നു. അകത്തേക്ക് ടാറിട്ട വീതി കുറഞ്ഞ റോഡ്.- കൊൽക്കത്തയിലെ മഴ പോലെ ചില സ്ഥലങ്ങളിൽ പിണങ്ങിയും ചിലയിടങ്ങളിൽ മര്യാദക്കാരിയുമായി മുന്നോട്ടേക്ക് വഴി കാണിച്ചു നീണ്ട് കിടക്കുന്നു. റോഡിനിരുവശത്തുമായി നിരവധി കല്ലറകൾ. കല്ലറകൾക്ക് മുകളിലെ വിവരണം കണ്ടാലും തോന്നും ആ ഒരു വ്യത്യാസം. ചില കല്ലറയുടെ മുകളിൽ ഉണങ്ങിയ  പൂവിന്നിതളുകൾ ..ചിലതൊക്കെ ഇലകളാൽ മൂടപ്പെട്ട്... 


സെമിത്തേരിയുടെ അങ്ങേ അറ്റത്തു   രണ്ടാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ട  സൈനികരെ അടക്കം ചെയ്ത ഇടമുണ്ട്. അവർ ചെയ്ത സേവനത്തിനുള്ള അംഗീകാരം  എന്ന പോലെ മറ്റുള്ളവരിൽ നിന്ന് വിഭജിച്ച് പ്രത്യേകമായി തരംതിരിച്ചിരിക്കുന്നു. കോമ്മൺവെൽത്ത്  വാർ ഗ്രേവ്സ് കമ്മീഷൻ ആണ് അവിടം പരിപാലിക്കുന്നതത്രെ. അതിൻെറയൊരു ഗുണവും അവിടെകാണാനുണ്ട് .. മനോഹരമായ പുൽത്തകിടി.. ഒരു നിമിഷത്തേക്ക് മറ്റെവിടെയോ ആണെന്ന തോന്നി! കല്ലറകൾക്ക് മുകളിലെ പേരുകളിലൂടെ കണ്ണോടിച്ചു. പഞ്ചാബ് റെജിമെന്റിലെ ഗൂർഖ റൈഫിൾസിലെ ജെ.എഡ്‌വേഡ്‌, ഇന്ത്യൻ സേനയിലെ ഹിന്ദുവായ സെല്ലപ്പൻ, നൈജീരിയൻ റെജിമെന്റിലെ ഓഖോ കൊറോഫോ അടുത്ത ഇടങ്ങളിലായി ശാന്തസുന്ദരമായ നിദ്രയിൽ! സെല്ലപ്പന്റെ കല്ലറക്ക് മുകളിൽ ഭഗവതി നമ എന്നും എഡ്‌വാർഡിന്റെ മുകളിൽ കുരിശും കൊറോഫോയ്ക് അറബിയിലും ആലേഖനങ്ങൾ. എഴുത്തുകുത്തുകൾ നിറച്ചത് കാരണം തീർച്ചയായും ആത്മാക്കൾ നിർവൃതിയടഞ്ഞിരിക്കാം.

സെമിത്തേരിയിലെ പുൽത്തകിടി
 


 തിരികെ നടന്നപ്പോൾ സിവിലിയന്മാർക്കുള്ള ഇടം കണ്ടു. എന്നെ മാടിവിളിച്ച ആ കയ്യുടെ ഉടമയെ കണ്ടില്ലേലും രണ്ട കയ്യുറകൾ കണ്ടെത്താനായി. ഇന്ത്യൻ ബോക്സിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്ന പി.എൽ റോയ് അന്ത്യവിശ്രമയിടം. അദ്ദേഹത്തിന്റെ സ്മരണാർഥമായി കല്ലറക്ക് മുകളിൽ രണ്ടു രക്തവർണ നിറമുള്ള ബോക്സിങ് ഗ്ലോവ്സ്.സുരക്ഷക്കായുള്ളതല്ല ബോക്സിർ ഗ്ലോവ്സ്.എതിരാളികളെ ഇടിച്ചു തറപറ്റിക്കാൻ. അതിലും നല്ലൊരു സമ്മാനം അദ്ദേഹത്തിന് നല്കാനില്ല എന്നായിരിക്കാം! മരിച്ചു കഴിഞ്ഞാൽ നമ്മുക്ക് ചുറ്റും നടക്കുന്നതൊക്കെ അറിയാൻ കഴിയുമെന്നും പക്ഷെ പ്രതികരിക്കാൻ കഴില്ലെന്നുമാണ് മരണത്തെ കുറിച്ച് കേട്ട കാര്യങ്ങളിൽ എന്നെ ഏറ്റവും ഭയപെടുത്തിയത്. വേണ്ട ..എനിക്കങ്ങനെ അറിയണ്ട. അറിഞ്ഞിട്ടും പ്രതികരിക്കാത്തവർ മരിച്ചവർ ആണെന്ന ഒരു ഓർമപ്പെടുത്തലും ഇല്ലേ അതിൽ ?

ഇന്ത്യൻ ബോക്സിങ്ങിൻെറ പിതാവ് എ പി.എൽ റോയിയുടെ അന്ത്യവിശ്രമയിടം.
 


അങ്ങനെ നോക്കുമ്പോൾ ഈ ഭൂമിയിൽ നമുക്കു ചുറ്റുമുള്ള സഹജീവികളുടെ  പ്രയാസങ്ങളിൽ ആകുലതകളിൽ നമ്മൾ വേദനിക്കാതിരിക്കുമ്പോൾ, നമ്മളൊക്കെ മരണപെട്ടവരാണ്!
     സെമിത്തേരിയുടെ മറ്റൊരു ഭാഗത്തായി അതിൻെറ നോക്കി നടത്തിപ്പുകാരായ  ചിലകുടുംബങ്ങൾ സാധാരണജീവിതം നയിക്കുന്നു. പട്ടിണിയും കഷ്ടപ്പാടും സ്വന്തമാക്കിയവർ. കുടിലുകളിൽ ഭക്ഷണമുണ്ടാക്കിയും കുളിച്ചും നനച്ചും ഉണ്ടും ഉറങ്ങിയും കുറച്ചുപേര്.. വൃദ്ധർ മുതൽ പൈതങ്ങൾ വരെ ഉണ്ട്.. യാതൊരു വിധ ഭയാശങ്കകളും എനിക്കാ മുഖങ്ങളിൽ കാണാൻ കഴിഞ്ഞില്ല. അല്ലെങ്കിലും എന്തിന് ഭയം. മരണത്തേക്കാൾ വലിയ സത്യമായിരിക്കാം വിശപ്പ് ..  അതു വരെ നിശ്ശബ്ദതയിലാണ്ടിരുന്ന അവിടെ കലപിലകൾ.  
 


എന്തൊക്കെയോ തർക്കങ്ങൾ;  രണ്ടു കുടിലുകളിൽ സ്ത്രീകൾ തമ്മിൽ കുട്ടികളെ ചൊല്ലി.  എന്താണെന്നറിയാനുള്ള ആകാംക്ഷ കാരണം അങ്ങോട്ടേക് നടന്നു. അവരെ തന്നെ നോക്കി നിന്നത് കൊണ്ടാവാം ബഹളം ഒന്ന് അടങ്ങി.  പതിയെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. പക്ഷെ, ചുണ്ട് കോട്ടിയുള്ള പരിഹാസച്ചിരിയെ പറ്റിയുള്ളൂ.
എന്നെ ക്ഷണിച്ചു അകത്തേക് വരുത്തിയ ആ അജ്ഞാതന്റെ  അതേ ചിരി .....!
ഭവാനിപൂർ സെമിത്തേരിയിൽ എത്താൻ: 
കൊൽക്കത്തയിൽ നിന്ന് അലിപൂർ വഴിയാണ് പോകേണ്ടത്. ടാക്സിയിലോ ബസ്സിലോ പോകാവുന്നതാണ്.  ഭവാനിപൂരിൽ എത്തിയാൽ ഡി.എൽ ഖാൻ റോഡിൽ അലിപൂർ പ്രസിഡൻസി ജയിലിനടുത്ത് നിന്ന് അഞ്ചു മിനിട്ട് നടക്കാവുന്ന ദൂരത്താണ് സെമിത്തേരി.

ഫാത്തി സലീമിൻെറ ഇ മെയിൽ: safrasindo@gmail.com         

Loading...
COMMENTS