പ്രകൃതിയുടെ വരദാനമായി ദേവികുളങ്ങര
text_fieldsപുതുപ്പള്ളി കുന്നത്ത് വീട്ടിൽ ഒരുക്കിയ കണ്ടൽവനം
കായംകുളം: കായൽപരപ്പിന്റെ സൗന്ദര്യവും പുഴയുടെ സമൃദ്ധിയും നെൽപ്പാടങ്ങളുടെ മനോഹാരിതയുമായി ദേവികുളങ്ങര ഗ്രാമം. രാജഭരണകാലം മുതൽ ഓണാട്ടുകരയുടെ വികസന വഴിയിൽ കായംകുളം കായലോരത്തെ ഈ ഗ്രാമത്തിന് നിർണായക സ്ഥാനമുണ്ട്. കായൽ പാതയിലൂടെ സഞ്ചരിച്ച കെട്ടുവള്ളങ്ങളും മറ്റും വിസ്മൃതിയിലായതോടെ കായലും നാടും അവഗണിക്കപ്പെടുകയായിരുന്നു.
ആയിരംതെങ്ങിന് സമീപം ടി.എം ചിറ, മഞ്ഞാടിച്ചിറ, കുമ്പോലിച്ചിറ എന്നറിയപ്പെടുന്ന ടി.എം തുരുത്ത് ഗ്രാമഭംഗിക്ക് മാറ്റ് കൂട്ടുന്ന ഘടകമാണ്. സമുദ്രനിരപ്പിൽനിന്ന് ഒന്നുമുതൽ നാല് മീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശത്തിന് പുരയിടം, നെൽപ്പാടം, കായൽ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഭൂപ്രകൃതിയാണുള്ളത്. പാടേശഖരങ്ങൾ വ്യാപകമായി നികത്തപ്പെട്ടത് നീർച്ചാലുകൾ തടയപ്പെടാനും അതുവഴി ഭൂമിശാസ്ത്രപരമായ സന്തുലിതാവസ്ഥക്ക് കോട്ടംതട്ടാനും കാരണമായി. കായൽ പ്രദേശങ്ങളിൽ വ്യാപക കൈയേറ്റവുമുണ്ട്. വൈവിധ്യമാർന്ന കണ്ടൽ വനങ്ങളാണ് മറ്റൊരു പ്രത്യേകത. നാശോന്മുഖമാകുന്ന കണ്ടലുകളുടെ സംരക്ഷണത്തിനും നാടിന്റെ പാരിസ്ഥിതിക ഘടന തിരികെപ്പിടിക്കാനും മികച്ച ഇടപെടലുകൾ പഞ്ചായത്ത് നടത്തുന്നുണ്ട്. സ്വകാര്യ മേഖലയിലും മാതൃക സംരംഭങ്ങൾ വരുന്നുവെന്നത് ആശാവഹമാണ്. നിലവിൽ 15 ഓളം ഏക്കർ സ്ഥലത്താണ് കണ്ടലുകളുള്ളത്. പുതുപ്പള്ളി കുന്നത്ത് വീട്ടിൽ എം.ആർ. അനിൽകുമാർ ഒരുക്കിയ 'തണ്ണീർവനം' മാതൃക പദ്ധതിയായി ശ്രദ്ധനേടുകയാണ്.
വീട് നിൽക്കുന്ന അഞ്ചര ഏക്കറിൽ ഫാം ടൂറിസത്തിന്റെ ഭാഗമായാണ് പദ്ധതി സ്ഥാപിച്ചത്. ചതുപ്പിനെ വിളനിലമാക്കാനുള്ള എളുപ്പവഴിയെന്ന നിലയിലാണ് കണ്ടലുകൾ നടാൻ, ഈ റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ തീരുമാനിച്ചത്.
ആറു ചെറുകുളങ്ങളുടെ ചുറ്റും വീട്ടുവളപ്പിന്റെ അതിർത്തിയിലുമായി കുറ്റി, മര, വള്ളി, സ്വർണ, എഴുത്താണി തുടങ്ങിയവയാണ് വെച്ചുപിടിപ്പിച്ചത്. ഔഷധ-അലങ്കാര സസ്യങ്ങളും തെങ്ങുകളും ഇതിനൊപ്പം ധാരളമായി നട്ടുവളർത്തി. പഠന സംഘങ്ങളുടെ ഇഷ്ടപ്രദേശമായി ചുരുങ്ങിയ നാളുകൾക്കുള്ളിൽ തണ്ണീർവനം ഇടംപിടിച്ചു. പ്രകൃതിയെ തിരികെപ്പിടിക്കുകയെന്ന ലക്ഷ്യമാണ് ഇതിലൂടെ നേടിയെടുത്തതെന്നാണ് അനിൽകുമാർ പറയുന്നത്.
തണ്ണീർവനം പദ്ധതി പഞ്ചായത്തിലുടനീളം വ്യാപിപ്പിക്കുന്നതിന് ഇടപെടൽ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥനും പറഞ്ഞു. കണ്ടലുകളുടെ വ്യാപനം മത്സ്യസമ്പത്തിന്റെ വർധനക്കും കാരണമാകും. കൂടാതെ ജൈവവേലികളിലൂടെ നാടിന്റെ പ്രകൃതിയെ തിരികെപ്പിടിക്കാം. കുളങ്ങൾക്ക് ചുറ്റും ഇവ നടുന്നതിനൊപ്പം തീര സംരക്ഷണത്തിനായി പ്രയോജനപ്പെടുത്തുകയെന്നതാണ് ലക്ഷ്യം.