Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഉച്ചി പിളളയാര്‍ ക്ഷേത്രത്തില്‍
cancel
Homechevron_rightTravelchevron_rightExplorechevron_rightഉച്ചി പിളളയാര്‍...

ഉച്ചി പിളളയാര്‍ ക്ഷേത്രത്തില്‍

text_fields
bookmark_border

വേളാങ്കണ്ണിയില്‍ നിന്നും തിരികെ വരുമ്പോള്‍ തിരുച്ചിറപ്പളളിയില്‍ (തിരുച്ചി) എത്തി. പിളളയാര്‍ കോവിലില്‍ പോകാന്‍ തീരുമാനിച്ചു. ഗൂഗിള്‍ മാപ്പില്‍ കാണുന്ന വഴിയിലൂടെ ഇപ്പോള്‍ യാത്ര അനുവദിക്കുന്നില്ല. കാരണം ആ ഭാഗത്തുകൂടിയുളള റോഡിലെ ഗതാഗതം എന്തോ കാരണത്താല്‍ മുടങ്ങിയിരിക്കുകയാണ്.

മാപ്പില്‍ കാണുന്ന വഴിയിലൂടെ യാത്ര തുടരാന്‍ ശ്രമിക്കുമ്പോള്‍ അവിടെ നിന്ന വ്യക്തി പറഞ്ഞു: ഇങ്കെ പോകമാട്ടെ, അന്ത വളി പോങ്കോ, എന്ന്. കെ എല്‍ 21 എല്‍ 2142 എന്ന വാഹനം കേരളത്തില്‍ നിന്ന് വന്നതാണെന്ന് തിരിച്ചറിയാന്‍ അയാള്‍ക്ക് കഴിഞ്ഞുവത്രേ.


വഴി തിരിഞ്ഞ് കുറച്ച് മുന്നോട്ട് ചെന്നപ്പോള്‍ കൂടെയുളള മകള്‍ ചോദിച്ചു. ഇതാണോ അച്ഛാ വഴി എന്ന്. വാഹനം തിരിക്കാന്‍ പോലും ഇടമില്ലാതെ കഷ്ടപ്പെട്ട് സൈഡ് കൊടുത്തു മുന്നോട്ട് നീങ്ങികൊണ്ടിരുന്നപ്പോഴുളള അവളുടെ ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടില്ല. അടുത്ത ജങ്ഷനെത്തി.

ഉച്ചി പിള്ളയാര്‍ ക്ഷേത്രം വലത്തേക്ക് എന്ന ബോര്‍ഡ് കണ്ടപ്പോഴാണ് സമാധാനമായത്. ഇത്രയും ഇടുങ്ങിയ റോഡിലൂടെ വാഹനം ഓടിച്ചിട്ടില്ല എന്ന് പറഞ്ഞായിരിക്കും ഓരോരുത്തരും ഉച്ചി പിളളയാര്‍ ക്ഷേത്രത്തിന് താഴെ എത്തുക. ചാല കമ്പോളത്തിനകത്തെ റോഡിന് ഇതിലും വീതിയുണ്ട്.

അമ്പലത്തിലെ ആന


പിളളയാര്‍ കോവിലിന് മുന്നിലെത്തിയപ്പോള്‍ ഇത്രയും ചെറിയ കോവിലില്‍ വരാനാണോ ഇങ്ങനെ ബുദ്ധിമുട്ടിയത് എന്ന ചിന്തയായി. ഇടുങ്ങിയ റോഡില്‍ നിന്നുകൊണ്ട് അമ്പലത്തിനകത്തേക്ക് നോക്കി നില്‍ക്കുമ്പോഴുണ്ട് അതാ വരുന്നു ഒരാന! കാറിന് നേരേ വരുന്നു. സൈഡിലേക്ക് മാറാന്‍ വഴിയില്ല. എന്ത് ചെയ്യണമെന്നറിയാതെ നോക്കിയിരുന്നപ്പോഴുണ്ട് ആന അമ്പലത്തിലേക്ക് കയറി പോകുന്നു. അത് അമ്പലത്തിലെ ആനയാണത്രേ. ഈ ആന ഒടുവില്‍ എന്റെ ഇളയമകളുടെ തലയില്‍ തുമ്പിക്കൈ വച്ചു. ഇത് ഒരു അനുഗ്രഹമായിട്ടാണ് കരുതപ്പെടുന്നത്.

ആന നെറുകില്‍ തുമ്പിക്കൈ വെക്കുന്നു


തമിഴ്നാട്ടിലെ തിരുച്ചിറപ്പളളി പട്ടണത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് റോക്ക് ഫോര്‍ട്ട് ടെമ്പിള്‍ എന്നറിയപ്പെടുന്ന ഉച്ചിയില്‍ പിളളയാര്‍ ക്ഷേത്രം. പിളളയാര്‍ എന്നത് ഗണേശഭഗവാന്റെ പേരാണ്. 83 മീറ്റര്‍ ഉയരമുളള ഈ മലയുടെ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പല്ലവന്‍മാരാണത്രേ ഈ ക്ഷേത്രനിര്‍മാണം ആരംഭിച്ചത്. തുടര്‍ന്ന് മധുരയിലെ നായ്ക്കന്‍മാരാണ് ക്ഷേത്രത്തിന്റെ പണി അവസാനിപ്പിച്ചത്.
മലയുടെ ഉച്ചിയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാലാണ് ക്ഷേത്രത്തിന് ഉച്ചിയില്‍ എന്ന് പേര് ലഭിച്ചത്. ഇനി ക്ഷേത്രത്തിനകത്തേക്ക് കടക്കാം. മലയുടെ അടിവാരത്തുളള സ്ഥലത്താണ് നാം എത്തിച്ചേരുന്നത്. അവിടെ നിന്നും പടികള്‍ കയറി വേണം മുകളിലെത്താന്‍. ശിലാശില്‍പകലയ്ക്ക് ഏറ്റവും നല്ല ഉദാഹരണമാണ് ഈ ക്ഷേത്രം. പടികള്‍ കയറി മുകളിലേക്ക് പോകുമ്പോള്‍ ചില ചെറിയ ക്ഷേത്രങ്ങള്‍ കാണാം.


പാറ തുരന്ന് നിര്‍മിച്ചുട്ടുളളവയാണ് അവയില്‍ പലതും. പാറയുടെ ഒരു ഘട്ടത്തിലെത്തുന്നതുവരെ പാറയ്ക്കകത്തുകൂടിയുളള യാത്രയായതിനാല്‍ ചൂട് അറിയാതെ പോകാം. എന്നാല്‍ പാറയുടെ മുകളിലെത്തിയാല്‍ ഏറ്റവും മുകളിലുളള കോവിലില്‍ എത്താന്‍ തുറസ്സായ മല കയറണം. വളരെ ചരിവുളള പടികള്‍ കയറി വേണം അവിടെ എത്താന്‍. പ്രായമായ അമ്മമാര്‍ യാത്ര അവിടെ മരത്തണലില്‍ അവസാനിപ്പിക്കുകയാണ് പതിവ്. എന്റെ അമ്മയും അവിടെ ആല്‍ മരത്തണലില്‍ ഇരുന്നു. ഏകദേശം 65 മീറ്റര്‍ ഉയരമാണ് അവിടെ വരെ. ആ പാറയുടെ മുകളിലുളള ആല്‍മരത്തിന് പാറയില്‍ നിന്നാണോ ഭക്ഷണം ലഭിക്കുക എന്ന് ചിന്തിച്ചുപോയി. ഈ ആല്‍ മരത്തണലില്‍ ഇരുന്ന് തിരുച്ചി പട്ടണം മുഴുവനും വ്യക്തമായി കാണാം. റോഡുകള്‍, ക്ഷേത്രങ്ങള്‍, ജനങ്ങള്‍, കാവേരി - കൊളളി ഡാം നദികള്‍, ഭൂപ്രകൃതി എന്നിങ്ങനെ എല്ലാം. ദൂരെയായി ശ്രീ രംഗനാഥക്ഷേത്രവും കാണാം. ആകെ ഒരു ആത്മീയ പ്രപഞ്ച ചാരുത. കാണേണ്ട കാഴ്ച തന്നെ.


11 മണിയോടെയാണ് ഞങ്ങള്‍ മലകയറാന്‍ തുടങ്ങിയത്. ഇടക്കുളള അമ്പലങ്ങളില്‍ കയറിയപ്പോള്‍ പ്രസാദം കിട്ടി. അതും കഴിച്ച് വെളളവും കുടിച്ചാണ് മുകളിലെത്തിയത്. ഇനി തുറസ്സായ പാറയിലൂടെയുളള പടികയറ്റം. പാറ പൊളളാന്‍ തുടങ്ങിയിട്ടേയുളളൂ. എങ്കിലും കാലിന് അസ്വസ്ഥതയുണ്ടായി. ഞാനും കുടുംബവും മുകളിലേക്ക് നടന്നു. അവിടെ പിളളയാര്‍ കോവിലില്‍ എത്തുമ്പോള്‍ നല്ല തണുപ്പ് അനുഭവപ്പെട്ടു. കല്‍ത്തറയിലെ തണുപ്പ് കാലുകള്‍ക്ക് കുളിര്‍ പകര്‍ന്നു. എന്തൊരാശ്വാസം!

ക്ഷേത്രത്തിന് മുകളില്‍ നിന്നുള്ള കാഴ്ച


കുറച്ച് നേരം അവിടെ ചിലവഴിച്ച് തിരികെ ഇറങ്ങുമ്പോള്‍ ചുറ്റുമുളള കാഴ്ചകള്‍ നയനാന്ദകരം. തിരുച്ചി പട്ടണവും പ്രദേശങ്ങളും വ്യക്തമായി കാണാം. തിരിച്ചിറങ്ങുന്ന എല്ലാവരും ഒരു പ്രതിജ്ഞ എടുക്കും എന്നതില്‍ സംശയമില്ല. ഇനി ഒരിക്കല്‍ കൂടിയെങ്കിലും ഇവിടെ വരും എന്നായിരിക്കും അ്രത്. അത്ര അനുഭവസമ്പത്ത് പ്രധാനം ചെയ്യുന്ന ഒരു തീര്‍ത്ഥാടനകേന്ദ്രമാണിത്.
ഇനി ക്ഷേത്രത്തിന്റെ ഐതിഹ്യത്തിലേക്ക് കടക്കാം. ലങ്കേശന്‍ രാവണന്റെ ഇളയ അനുജനാണല്ലോ വിഭീഷണന്‍. ഹനുമാന്റെയും സുഗ്രീവന്റെയും സഹായത്തോടെ രാവണന്‍ തട്ടിക്കൊണ്ടു പോയ സീതയെ രാമന്‍ രക്ഷിക്കുന്നു. എന്നാല്‍ സത്യസന്ധനും മര്യാദക്കാരനുമായ വിഭീഷണന്‍ ഈ യുദ്ധത്തില്‍ രാമന്റെ പക്ഷത്തായിരുന്നു. യുദ്ധത്തില്‍ വിജയിച്ച രാമന്‍ പ്രത്യുപകാരമായി വിഭീഷണന് വിഷ്ണുവിന്റെ അവതാരമായ രംഗനാഥന്റെ വിഗ്രഹം സമ്മാനമായി നല്‍കി. എന്നാല്‍ ഈ വിഗ്രഹം എവിടെയെങ്കിലും താഴത്ത് വച്ചാല്‍ അത് അവിടെ ഉറച്ചുപോകും എന്ന് രാമന്‍ വിഭീഷണനെ ഓര്‍മിപ്പിച്ചു.


രാമന്‍ വിഭീഷണന് ഈ പ്രതിമ നല്‍കിയത് ദേവന്മാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇവര്‍ വിഘ്നേശ്വരനായ വിനായകനെ ധ്യാനിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. വിഭീഷണന്‍ തിരികെ പോകുന്ന വഴിയില്‍ തിരുച്ചിയിലെത്തി. അവിടെ കാവേരിയില്‍ കുളിക്കാന്‍ തീരുമാനിച്ച വിഭീഷണന് ആകെ പ്രതിസന്ധിയായി. വിഗ്രഹം താഴത്ത് വയ്ക്കാന്‍ പാടില്ലല്ലോ. വിഭീഷണന്‍ ചുറ്റും നോക്കി. അതാ ഒരു ആട്ടിടയബാലന്‍. ആ ബാലനെ വിഗ്രഹം ഏല്‍പ്പിച്ചു.

യഥാര്‍ഥത്തില്‍ ആ ബാലന്‍ വേഷപ്രച്ഛന്നനായ വിനായകനായിരുന്നു. വിഭീഷണന്‍ കുളിക്കാനായി വെളളത്തില്‍ മുങ്ങിയ ഉടന്‍ തന്നെ വിഗ്രഹമെടുത്ത് മണലില്‍ വച്ചു. അങ്ങനെ ആ വിഗ്രഹം മണലില്‍ ഉറച്ചു. കുളികഴിഞ്ഞ് നോക്കുമ്പോള്‍ വിഗ്രഹം മണ്ണില്‍ ഉറച്ചിരിക്കുന്നത് കണ്ട് വിഭീഷണന്‍ ദേഷ്യത്തോടെ ബാലനെ ഓടിച്ചു. കാവേരി നദീത്തീരത്തു കൂടി ഓടിയ ബാലന്‍ അടുത്തുളള മലയിലേക്ക് ഓടി കയറി. മലയുടെ മുകളിലെത്തിയ വിഭീഷണന്‍ ബാലന്റെ ഉച്ചിയില്‍ അടിച്ചു. ഇപ്പോഴും ഉച്ചിയില്‍ പിളളയാര്‍ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ഈ മുറിവ് ദൃശ്യമാണ്. ഈ ബാലന്‍ വിനായകനാണെന്ന് തിരിച്ചറിഞ്ഞ വിഭീഷണന്‍ അദ്ദേഹത്തോട് ക്ഷമ ചോദിച്ചു. ക്ഷമ നല്‍കിയ വിനായകന്‍ വിഗ്രഹം ശ്രീരംഗത്ത് ഇരിക്കട്ടെ എന്ന് പറഞ്ഞ് വിഭീഷണനെ തിരിച്ച് ലങ്കയിലേക്ക് വിട്ടു.


275 അടി ഉയരമുളള ഈ മലമുകളില്‍ നിന്നാല്‍ തിരുച്ചി പട്ടണം മുഴുവനും ദൃശ്യമാകും. ഇത്തരത്തിലുളള കാഴ്ചകള്‍ അപൂര്‍വങ്ങളാണ്. മലയടിവാരത്ത് നിന്നും 417 തൂക്കായ പടികള്‍ കയറി വേണം മലമുകളില്‍ എത്താന്‍. ഇവിടെയുളള മനോഹരമായ 1000 കല്‍മണ്ഡപത്തില്‍ വച്ചാണ് വിവാഹങ്ങള്‍ നടത്തുന്നത്. ആറാം നൂറ്റാണ്ടില്‍ മഹേന്ദ്ര പല്ലവന്റെകാലത്താണ് ഈ ക്ഷേത്ര നിര്‍മാണം നടന്നത്.
പ്രായമായവര്‍ക്കും ഈ കോവിലിന് മുകള്‍ വരെ നടന്ന് എത്താവുന്നതേയുളളൂ. ഇടയ്ക്ക് വിശ്രമിച്ച് പോകുന്നതിനുളള സൗകര്യങ്ങള്‍ വഴിയിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam traveltamilnadu templesuchi pillayar temple#travel#trichy
Next Story